നിന്ദ്യതയിലേക്കുള്ള നെട്ടോട്ടങ്ങള്‍

ഹികം സീരീസ്- 08

(നിനക്ക് വേണ്ടി അല്ലാഹു ഏറ്റെടുത്ത കാര്യത്തില്‍ നീ കഠിനാധ്വനിക്കുന്നതും, നിന്നോട് ആവശ്യപ്പെട്ട കാര്യത്തില്‍ നീ വീഴ്ച്ച വരുത്തുന്നതും നിനക്ക് ഉള്‍ക്കാഴ്ച്ച നഷ്ടപ്പെട്ടു എന്നതിന്റെ അടയാളമാണ്.)

അല്ലാഹു തന്റെ അടിമകളോട് നടത്തിയ വാഗ്ദത്തം പാലിച്ചിരിക്കുന്നു എന്നതിന് ഗതകാല ചരിത്രം സാക്ഷ്യം വഹിക്കുന്നുണ്ട്. ചരിത്രമെങ്ങാനും സാക്ഷ്യം വഹിച്ചില്ലായിരുന്നുവെങ്കില്‍, പ്രതീക്ഷയര്‍പ്പിച്ചു നില്‍ക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ വാഗ്ദത്തം ഒരു സംശയവും, ആശങ്കാജനകവുമായിരുന്നു. ഈ കാലത്ത് ജീവിക്കുന്ന വിശ്വാസികള്‍ക്ക് സ്രഷ്ടാവും പരിപാലകനുമായവന്റെ വാഗ്ദത്തത്തിലുള്ള വിശ്വാസ ദുര്‍ബലത മാനിച്ചാണ് ഇങ്ങനെ പറയുന്നത്. എന്നാല്‍ മുസ്‌ലിം ജനതയുടെ ചരിത്രം, അല്ലാഹു ഏറ്റെടുത്ത കാര്യം പൂര്‍ത്തീകരിച്ചുവെന്നതിന്റെ വ്യക്തമായ പ്രകടനമാണ്.

ഇസ്‌ലാമിന്റെ ആവിര്‍ഭാവ കാലത്ത് സത്യമതത്തിന്റെ സംബോധിതര്‍ മരുഭൂമിയിലെ അറേബ്യന്‍ ജനതയായിരുന്നല്ലോ? അവര്‍ അല്ലാഹുവിന്റെ ആജ്ഞകളെ ശിരസ്സാവഹിച്ചപ്പോള്‍, അല്ലാഹു തന്റെ വാഗ്ദത്തം അവരുടെ മേല്‍ പൂര്‍ത്തീകരിച്ചു നല്‍കി. അല്ലാഹുവിന്റെ ദൈവികതയിലും ഏകത്വത്തിലും ദൃഢമായി വിശ്വാസമര്‍പ്പിച്ചു. അവന്റെ വിധിയെയും വാഗ്ദത്തത്തെയും ഏറ്റു പിടിച്ചു. മനുഷ്യര്‍ക്ക് നല്‍കിയ സ്വതന്ത്ര ഇച്ഛാശക്തി വിനിയോഗിച്ച് അവര്‍ക്ക് മേല്‍ ചുമതലപ്പെടുത്തിയ ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ അവര്‍ അക്ഷീണം പ്രയത്‌നിച്ചു. അങ്ങനെ അല്ലാഹു ഏറ്റെടുത്ത വാഗ്ദത്തം നിറവേറ്റി. അല്ലാഹു പറയുന്നു: ‘തീര്‍ച്ചയായും നാം ആ അക്രമികളെ നശിപ്പിക്കുകയും, അവര്‍ക്കു ശേഷം നിങ്ങളെ നാം നാട്ടില്‍ അധിവസിപ്പിക്കുകയും ചെയ്യുന്നതാണ്. എന്റെ സ്ഥാനത്തെ പറ്റി ഭയപ്പെടുകയും, എന്റെ താക്കീതിനെ ഭയപ്പെടുകയും ചെയ്തവര്‍ക്കുള്ളതാണ് ആ അനുഗ്രഹം’.

അങ്ങനെ അവരുടെ മാര്‍ഗത്തില്‍ നിന്ന് ഗ്രീക്ക്, റോം, പേര്‍ഷ്യ, തുടങ്ങിയ സാമ്രാജ്യ ശക്തികളുടെ അധികാര താണ്ഡവത്തെ തുടച്ചു മാറ്റി. മാത്രമല്ല, ഈ സകല പ്രദേശങ്ങളും ഉള്‍ക്കൊള്ളുന്ന വലിയ രാഷ്ട്രത്തിന്റെ അധികാരവും, ഭരണവുമെല്ലാം മരുഭൂമിയിലെ ഈ അറേബ്യരുടെ കീഴിലായി. അല്ലാഹുവോടുള്ള ബാധ്യത അറേബ്യന്‍ ജനത നിറവേറ്റിയപ്പോള്‍, അല്ലാഹു നല്‍കിയ വാഗ്ദത്തം പൂര്‍ണമായും സാധ്യമാക്കിയെന്ന് ഈ ചരിത്രപരമായ മുന്നേറ്റത്തില്‍ ചിന്തിക്കുന്നവര്‍ക്ക് വളരെ അത്ഭുതമായി ബോധ്യപ്പെടുന്നതാണ്.

അറബികളുടെ വാഗ്ദത്ത നിര്‍വഹണവും, അതേ തുടര്‍ന്നുണ്ടായ ഫലത്തെയും പ്രകടമാക്കുന്ന വാക്കാണ് ഉമര്‍(റ) അബൂ ഉബൈദയോട് പറഞ്ഞത്. ഉമര്‍(റ) പന്ത്രണ്ടില്‍ കുറയാത്ത കഷ്ണങ്ങള്‍ തുന്നിച്ചേര്‍ത്ത തന്റെ പ്രസിദ്ധമായ വസ്ത്രം ധരിച്ച് സിറിയയിലെ ഒരു ഉയര്‍ന്ന പ്രദേശത്ത് എത്തിയ സന്ദര്‍ഭത്തിലാണ് ആ വാക്ക് പറഞ്ഞത്. ഈ വസ്ത്ര ധാരണം ആക്ഷേപത്തിന് വഴിവെക്കുമെന്ന് രഹസ്യമായി അബൂ ഉബൈദ ഉമര്‍(റ)വിന്റെ ചെവിയില്‍ പറഞ്ഞപ്പോള്‍ ഉമര്‍(റ) പ്രതികരിച്ചതിങ്ങനെയാണ്; ‘ഇസ്‌ലാം മുഖേന അല്ലാഹു പ്രതാപം നല്‍കിയ വിഭാഗമാണ് നമ്മള്‍. ഏത് കാര്യം കൊണ്ടാണോ അല്ലാഹു നമ്മെ പ്രതാപത്തിലാക്കിയത്, അതിനെയല്ലാതെ തേടിയാല്‍ അല്ലാഹു നമ്മെ നിന്ദ്യരാക്കും.

ഈ വാക്കുകളെ സസൂക്ഷ്മം വായിക്കേണ്ടതുണ്ട്. ഇത് ഈ സമൂഹത്തിന്റെ വിജയ കാരണത്തം അടയാളപ്പെടുത്തുന്നു. ഈ വാക്യത്തിന് എത്രമേല്‍ സൗന്ദര്യമാണ്. തിളക്കമാര്‍ന്ന വാക്കുകള്‍ക്കും, അലങ്കാരമണിഞ്ഞ അര്‍ത്ഥങ്ങള്‍ക്കും പുറമെ ഈ വാക്യത്തിന്റെ ഓരോ അക്ഷരങ്ങളും സര്‍വ്വാധിപനായ അല്ലാഹുവോടുള്ള വിശ്വസ്തതയുടെ സ്തുതിഗീതം ആലാപനം ചെയ്യുന്നുണ്ട്. തന്റെ ശരീരം ആഢംബരത്തിന്റെയും, പ്രൗഢിയുടെയും വസ്ത്രങ്ങള്‍ കൊണ്ട് അണിയിച്ചൊരുക്കിയാണ് ഉമര്‍(റ) ശാമിലെ രാജാക്കന്മാരെ സന്ദര്‍ശിച്ചതെങ്കിലോ? അറബികളുടെ വിജയത്തിലേക്കുള്ള ജൈത്രയാത്രക്കു പിന്നില്‍ അവരുടെ ആഡംബരവും, പ്രൗഢിയുമാണെന്നാണ് സ്ഥാപിക്കപ്പെടുമായിരുന്നു (ഇവിടെ അറബികളെ പ്രതിനിധീകരിക്കുന്ന വ്യക്തി മാത്രമാണ് ഖലീഫ ഉമര്‍(റ)). ഇത് യഥാര്‍ത്ഥ കാരണത്തെ മറച്ചുവെക്കലാണ്. മാത്രമല്ല, അവരെ നിന്ദ്യതയില്‍ നിന്ന് പ്രതാപത്തിലേക്കും, ദാരിദ്ര്യത്തില്‍ നിന്ന് സമ്പന്നതയിലേക്കും, ദുര്‍ബലതയില്‍ നിന്ന് പ്രബലതയിലേക്കും മാറ്റി പാര്‍പ്പിച്ച ദൈവീകാനുഗ്രഹത്തെ വിസ്മരിക്കുന്നതുമായിരിക്കും. എന്നാല്‍ ഉമര്‍(റ)വിന്റെ വസ്ത്ര ധാരണ രീതി പ്രകടമാക്കുന്ന കാര്യം മാത്രമെ സിറിയയിലെ രാജാക്കന്മാര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു. ആ അവസ്ഥയില്‍ കാണുന്നവര്‍, അറബികളുടെ പ്രതാപത്തിനും, ഉന്നമനത്തിനും പിന്നിലെ ദൈവീക ശക്തിയെ മനസ്സിലാക്കാന്‍ നിര്‍ബന്ധിതരായി തീരുന്നു. ഇത് ഈ കാര്യം ഉറക്കെ പ്രഖ്യാപിക്കുന്നതാണ്. ഖലീഫ ഉമര്‍(റ) തന്റെ തുന്നിച്ചേര്‍ത്ത വസ്ത്രവുമായി സിറിയയിലെ മേലധികാരികളിലേക്കും ചക്രവര്‍ത്തിമാരിലേക്കും മുന്നിട്ടിറങ്ങുമ്പോള്‍ സമുന്നതമായ രണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ വിളങ്ങി നില്‍ക്കുന്നുണ്ട്. ഒന്ന്്; വിജയത്തിന്റെ ലളിതമായ ഘടകങ്ങളെയാണ് അറബികള്‍ ആശ്രയിക്കുന്നത്. അവര്‍ ഭൗതികപരമായ കാര്യകാരണങ്ങളില്‍ നിന്ന് മുക്തമാണ്. രണ്ട്; അവരെ ഉയര്‍ത്തിയതും, അവരുടെ ഓര്‍മ്മ നിലനിര്‍ത്തിയതും, (ദുര്‍ബലതയിലും, ദാരിദ്ര്യത്തിലുമായവരെ) സമ്പന്നവും, സുശക്തവുമായ പദവികള്‍ കൊണ്ട് ശക്തിപ്പെടുത്തിയതല്ലൊം അല്ലാഹുവിന്റെ കഴിവാണ്.

ആ തലമുറയുടെ പിന്മുറക്കാരായ നമ്മുടെ അവസ്ഥയോ?. അല്ലാഹു നമ്മെ ഉത്തരവാദിത്തപ്പെടുത്തിയത് നിര്‍വ്വഹിക്കുന്നില്ല. അവന്‍ ഏറ്റെടുത്ത കാര്യത്തില്‍ വിശ്വാസ്യതയില്ല. ചരിത്രം വിളിച്ചോതുന്ന യാഥാര്‍ത്ഥ്യത്തില്‍ പാഠമുള്‍ക്കൊള്ളുകയും ചെയ്യുന്നില്ല. പകരം, ഇച്ഛാനുസരണം നേര്‍ദിശയില്‍ നിന്ന് വ്യതിചലിക്കുന്നു. അല്ലാഹു വിശുദ്ധീകരിച്ച കവാടങ്ങളില്‍ നിന്ന് തെന്നിമാറി നിന്ദ്യമായ പ്രവേശികയിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്നു. അഹങ്കാരത്തോടെയുള്ള നമ്മുടെ പരിശ്രമ നെട്ടോട്ടം തികഞ്ഞ നാശത്തിലേക്കാണ് നയിക്കുന്നത്. ദരിദ്രമായ/ ദാരിദ്ര്യത്തിലേക്ക് പ്രേരിതമായ ഈ പരിശ്രമങ്ങളില്‍ നിന്ന് സര്‍വ്വാധിപന്‍ നമുക്ക് വഴി കാണിച്ചു തന്ന മാര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കാനോ, അല്ലാഹു നമ്മെ ഉത്തരവാദിത്തപ്പെടുത്തിയ ബാധ്യതകള്‍ നിര്‍വ്വഹിക്കുന്നതിലേക്ക് മടങ്ങാനോ തയ്യറാകുന്നില്ല!

ഞാന്‍ ഈ പറയുന്നതില്‍ ചിലര്‍ സംശയം ഉന്നയിക്കാനും, വിമര്‍ശിക്കാനും ഇടയുണ്ട്. അഥവാ, രണ്ടാം ഹിക്മത്തിന്റെ വിവരണത്തില്‍ നാം വിശദമായി പറഞ്ഞതാണ്. ഒരു വിശ്വാസി കാരണങ്ങളുടെ ലോകത്ത് സംവദിക്കേണ്ടവനാണ്. ജോലി ചെയ്യാതെ ഇരിക്കാന്‍ പാടില്ല. കാര്യകാരണവുമായി ഇടപഴകാതെ, അല്ലാഹുവില്‍ നിന്ന് കാര്യങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നത് അല്ലാഹുവോട് കാണിക്കുന്ന മര്യദാക്കേടാണെന്ന് നിങ്ങള്‍ വ്യക്തമായി പറഞ്ഞതല്ലേ. അതു കൊണ്ട് നമുക്ക് വേണ്ടി അല്ലാഹു എറ്റെടുത്തതില്‍ പരിശ്രമം അനിവാര്യം തന്നെയാണ്. അതിനായി നമുക്ക് മുമ്പില്‍ അല്ലാഹു സംവിധാനിച്ച കാര്യകാരണവുമായി ബന്ധപ്പെടുന്നതിന് മുഖേന ഭൗതിക വിഭവങ്ങള്‍ സ്വായത്തമാക്കാനും, നന്മകള്‍ കൈവരിക്കാനും പരിശ്രമം നടത്തേണ്ടതാണ് (എന്ന വിമര്‍ശനം ഞാന്‍ പറഞ്ഞതിന് എതിരായി ഉന്നയിക്കപ്പെടാന്‍ സാധ്യതയുണ്ട്).

അടിമകള്‍ക്കായി അല്ലാഹു എറ്റെടുത്ത കാര്യങ്ങള്‍ കരസ്ഥമാക്കാന്‍ വേണ്ടി നിന്ദ്യമായ പരിശ്രമങ്ങളില്‍ നിന്ന് മുക്തമാവുക എന്നതാണ് ഉപര്യുക്ത ചോദ്യത്തിന്റെ ഉത്തരം. വ്യത്യസ്തങ്ങളായ നിര്‍ബന്ധിത ബാധ്യതകള്‍ നടപ്പിലാക്കാതെ മുഴുസമയവും ഭൗതിക വിഭവങ്ങള്‍ക്കു വേണ്ടി വിനിയോഗിക്കുന്നു എന്നതാണ് ഇത്തരക്കാരുടെ അടയാളം. പള്ളിയില്‍ ജമാഅത്ത് നിര്‍വഹിക്കാനായി വാങ്ക് വിളിക്കുമ്പോള്‍, വിളിക്കുന്നവനെയും ജമാഅത്തിനെയും അവഗണിച്ച് അവരുടെ കച്ചവടത്തിലോ, കൃഷിയിലോ, മറ്റു നിര്‍മ്മാണ പ്രവര്‍ത്തനത്തിലോ വ്യവഹരിക്കുന്നു. അങ്ങനെ നിസ്‌കാരത്തിന്റെ സമയം അവസാനിക്കാറാകും. അതിനാല്‍ ഈ നീച വൃത്തിയില്‍ നിന്ന് മുക്തി നേടാന്‍ ആഗ്രഹിക്കുന്നവര്‍ നിസ്‌കാരം നിര്‍വഹിക്കാനായി ചെറിയ സമയം മാത്രം വിനിയോഗിച്ചാല്‍ മതി. ഇത് അവന്‍ ഓര്‍ക്കുകയും, സമയം നഷ്ടപ്പെടുന്നതിന് മുമ്പ് തന്നെ നടപ്പിലാക്കാന്‍ ഉള്‍േ്രപരണയുണ്ടാവുകയും വേണം. നിങ്ങള്‍ അല്ലാഹുവിന്റെ കല്‍പ്പനകള്‍ പിന്തുടരുക. അതിനായി സന്താനങ്ങളെ നിങ്ങള്‍ മതചിട്ടയിലായി വളര്‍ത്തുക, ഇസ്‌ലാമിക ജ്ഞാനത്തിന്റെ തണല്‍ വിരിച്ച്, ഹൃദയത്തില്‍ അല്ലാഹുവോടുള്ള സ്‌നേഹവും, ആദരവും നട്ടുവളര്‍ത്തണം, ദൈവീക കല്‍പ്പനകളില്‍ നിന്ന് വ്യതിചലിക്കാതിരിക്കാന്‍ അവരുടെ പെരുമാറ്റ ചട്ടങ്ങള്‍ നിരീക്ഷിക്കുകയും വേണം. അല്ലാഹു നിരോധിച്ച കാര്യങ്ങള്‍ കൊണ്ട് അവര്‍ക്ക് ചിറക് വിരിക്കരുത്. ഇനി എതെങ്കിലും വിധത്തിലുള്ള ഭൗതിക വ്യവഹാരത്തിനു വേണ്ടി തന്റെ ഉത്തരവാദിത്തങ്ങള്‍ മറന്നു കൊണ്ടോ അല്ലെങ്കില്‍ ഇതിനു പര്യാപ്തമായ സമയം വിനിയോഗിക്കാനോ കഴിയാതെ തന്റെ കുടുംബ- സന്താനങ്ങളെ സമൂഹത്തില്‍ കണ്ടുവരുന്ന സാമൂഹിക അധ:പതനത്തിലേക്ക് വഴിനയിക്കുന്ന പ്രലോഭനങ്ങളിലേക്കും, വൈകാരിക മനോഭാവങ്ങളിലേക്കും വലിച്ചിഴക്കരുത്. നിന്നോട് അല്ലാഹു ആവശ്യപ്പെടുന്നത് അവര്‍ക്ക് ഇസ്ലാമിനെ കുറിച്ച് പഠിപ്പിക്കാനും, മതകാര്യങ്ങളില്‍ പരിജ്ഞാനം നേടാനും, അര്‍ത്ഥം ചിന്തിച്ചും, ആശയം ഉള്‍ക്കൊണ്ടും നേര്‍ക്കുനേര്‍ ഖുര്‍ആന്‍ പരായണം ചെയ്യാനുമുള്ള പരിജ്ഞാനം നല്‍കുക എന്നാണ്. അതിനാല്‍ ഖുര്‍ആന്‍ പാരായണം ചെയ്യാനും, മതവിജ്ഞാനം സമ്പാദിക്കാനും സമയം കണ്ടെത്താന്‍ സാധിക്കാത്ത അവസ്ഥയില്‍ നിന്ന് മാറണം. ഭൗതികതയ്ക്കു വേണ്ടിയുള്ള ജീവസന്ധാരണം അല്ലാഹു മനുഷ്യനെ ഉത്തരവാദിത്തപ്പെടുത്തിയതാണ്. അതില്‍ വേണ്ട വിധം ഉപയോഗപ്പെടുത്തി മനുഷ്യനെ സൃഷ്ടിച്ചതിനു കാരണമായ കൃത്യബോധവും ഭംഗിയായി നിര്‍വഹിക്കുക എന്നത് വളരെ ഗൗരവത്തില്‍ തന്നെയായിരിക്കണം.

മുസ്‌ലിമിനു വേണ്ടി അല്ലാഹു ഏറ്റെടുത്ത കാര്യത്തിലുള്ള അധ്വാനവും, അല്ലാഹു അവനെ എല്‍പ്പിച്ച ഉത്തരവാദിത്വം തിരസ്‌ക്കരിക്കുകയും ചെയ്യുന്നതിനെ പറ്റി ഇബ്‌നു അത്വാഅ്(റ) പറഞ്ഞതിന്റെ ലക്ഷ്യം ഇതാണ്. അഥവാ, സൃഷ്ടിക്കപ്പെട്ടതിന്റെ കാരണവുമായുള്ള നിന്റെ കൃത്യബോധം, നിനക്ക് വേണ്ടി അല്ലാഹു എറ്റെടുത്തതിനോട് യോജിച്ചു കൊണ്ടായിരിക്കണം.

സ്വന്തത്തോടും, കുടുംബ സന്താനങ്ങളോടുമായി താന്‍ നിര്‍വഹിക്കേണ്ട ബാധ്യതകള്‍ പാലിക്കാന്‍ തയ്യാറായവന്‍ മതകീയ വിജ്ഞാനങ്ങള്‍ കരസ്ഥമാക്കണം. വിശ്വാസ ശാസ്ത്രത്തില്‍ അത്യന്താപേക്ഷിതമായ കാര്യങ്ങളും പ്രമാണങ്ങളും പഠിച്ചിരിക്കുകയും വേണം. ശരിയായ രീതിയില്‍ ഖുര്‍ആന്‍ പാരായണം ചെയ്യാനും, അര്‍ത്ഥങ്ങള്‍ ഗ്രഹിക്കാനുമായി ഖുര്‍ആന്‍ വ്യഖ്യാനങ്ങളും തന്റെ പഠനത്തിന്റെ ഭാഗമായിരിക്കണം. കുടുംബത്തെയും, സന്താനങ്ങളെയും അല്ലാഹു കല്‍പ്പിച്ച പ്രകാരം ഇസ്ലാമിക സംസ്‌കാരത്തിലായി വളര്‍ത്തണം. പിന്നീട് നീ ഭൗതിക വിഭവങ്ങള്‍ കരസ്ഥമാക്കാന്‍ നിന്നെ അല്ലാഹു നിലനിര്‍ത്തിയ അവസ്ഥയ്ക്ക് അനുഗുണമായി ജീവിത സന്ധാരണ മേഖലയില്‍ സംവദിക്കേണ്ടതാണ്. മതകീയ നിയമത്തിനു അനുസൃതമായ രീതിയില്‍ നീ ഇടപഴകുന്ന ജോലിയില്‍, അഥവാ, നിനക്ക് അല്ലാഹു സജ്ജീകരിച്ചു തന്ന ജീവിത സന്ധാരണത്തില്‍ നീ ഉത്സാഹഭരിതനായിരിക്കുക. അങ്ങനെ വരുമ്പോള്‍ പ്രത്യക്ഷത്തില്‍ നിന്റെ ഊര്‍ജ്ജവും, അധ്വാനവും ഭൗതികതയ്ക്കു വേണ്ടിയുള്ളതാണെങ്കില്‍ പോലും വസ്തുതാപരമായി അത് ദൈവീക ഉത്തരവുകള്‍ പാലിക്കുന്നതിലുള്ള ഉത്സാഹമാണ്. വിശിഷ്യാ, ഈ ലക്ഷ്യത്തോടെ ജീവസന്ധാരണ വൃത്തികളില്‍ ഏര്‍പ്പെടുന്നത് ദൈവീക കല്‍പ്പന നിറവേറ്റുന്നതിന്റെ ഭാഗം കൂടിയാണ്. ഈ ആശയത്തെ വിവരിക്കുന്ന സൂക്തം വായിക്കാം; ‘നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ വിധേയമാക്കിത്തന്നവന്‍ അവനാകുന്നു. അതിനാല്‍ അതിന്റെ ചുമലുകളിലൂടെ നിങ്ങള്‍ നടക്കുകയും, അവന്‍ സംവിധാനിച്ച വിഭവങ്ങളില്‍ നിന്ന് ഭക്ഷിക്കുകയും ചെയ്തുകൊള്ളുക. അവനിലേക്ക് തന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍പ്പ്’ (7:15). ഞാന്‍ ഇവിടെ വ്യക്തമാക്കിയ മാനത്തിലുള്ള/ വിവരിച്ച ഉദ്ദേശത്തിലുള്ള ഉത്സാഹമാണെങ്കില്‍ അത് അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പരിശ്രമങ്ങളില്‍ ഒന്നായി പരിണമിക്കുന്നതാണ്.

കഅ്ബ് ബ്‌നു ഉജ്‌റത്ത്(റ)വില്‍ നിന്ന് ഇമാം ത്വബ്‌റാനി തന്റെ മുഅ്ജമില്‍ കബീര്‍, മുഅ്ജിമുസഖീര്‍ എന്നിവയില്‍ ഉദ്ധരിച്ച ഹദീസ് വായിക്കാം. നബി(സ)യും ഒരു കൂട്ടം സ്വഹാബികളും ഒരു വഴിക്ക് പുറപ്പെട്ടപ്പോള്‍ അതിരാവിലെ ജോലിക്ക് പോകുന്ന ഒരു വ്യക്തിയെ കണ്ടു. അയാളിലെ ഉന്മേഷവും, ആരോഗ്യവും സ്വഹാബികളെ അത്ഭുപ്പെടുത്തി. കൂട്ടത്തില്‍ ഒരു സ്വഹാബി പറഞ്ഞു; ഇവന് വല്ലാത്ത നാശം തന്നെ, ഈ ഉന്മേഷവും, ആരോഗ്യവുമെല്ലാം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വിനിയോഗിച്ചിരുന്നുവെങ്കില്‍? തിരുനബി(സ) പറഞ്ഞു; തന്റെ പിഞ്ചുമക്കള്‍ക്ക് വേണ്ടി അധ്വാനത്തിലായി കഴിയുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലാണ്. വൃദ്ധരായ മാതാപിതാക്കള്‍ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവനും അല്ലാഹുവിന്റെ മാര്‍ഗത്തിലാണ്. സ്വന്തം ആത്മാഭിമാനം സംരക്ഷിക്കാനോ ( യാചനയില്‍ നിന്ന് മുക്തനാകനോ) കുടുംബത്തെ പരിരക്ഷിക്കാനോ വേണ്ടി ജോലിക്ക് പുറപ്പെടുന്നതും, അധ്വാനത്തില്‍ ഏര്‍പ്പെടുന്നതും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലാണ്. ജോലിയിലേക്ക് മുന്നിട്ടിറങ്ങുന്നത് പൊങ്ങച്ചം നടിക്കാനോ, കൂടുതല്‍ സമ്പാദിക്കാനോ എങ്കില്‍ അവന്‍ പിശാചിന്റെ മാര്‍ഗത്തിലാണ്.

ഇസ്‌ലാമിൽ ആരാധന എന്നത്, ജീവിതത്തില്‍ അനിവാര്യമായി നിര്‍വഹിക്കേണ്ട നിസ്‌കാരം, നോമ്പ്, ഹജ്ജ് തുടങ്ങിയ കര്‍മ്മങ്ങള്‍, ഇതേ തുടര്‍ന്നുള്ള സുന്നത്ത് നിസ്‌കാരങ്ങള്‍ പ്രാര്‍ത്ഥനകള്‍, ദിക്റുകള്‍ എന്നിവയില്‍ മാത്രം പരിമിതമല്ല. അല്ലാഹുവിലേക്കുള്ള സാമീപ്യം സാധ്യമാക്കുന്ന എല്ലാ പ്രവൃത്തികളും ആരാധനയുടെ പരിധിയില്‍ ഉള്‍പ്പെടുന്നതാണ്. ഉദ്ദേശം ദൈവീക സാമീപ്യമാണെങ്കില്‍ എല്ലാവിധ കച്ചവടങ്ങളും, വ്യത്യസ്തങ്ങളായ കാര്‍ഷിക വൃത്തികളും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും, തുടങ്ങി മറ്റുള്ള തൊഴിലുകളെല്ലാം തന്നെ ആരാധനയായി പരിണമിക്കുന്നതാണ്.

എങ്കിലും ഗൗരവമായി അറിയേണ്ട ഒരു കാര്യം, ഇവയുടെ ആത്യന്തിക ലക്ഷ്യം സ്രഷ്ടാവിനോടുള്ള ഗാഢബന്ധമായിരിക്കണം. ഈ അവസ്ഥ പ്രാപിക്കാന്‍ താന്‍ ഏര്‍പ്പെടുന്ന പ്രവര്‍ത്തനം തികച്ചും മതപരമായി അനുവദനീയമായിരിക്കണം. അതുപോലെ നിര്‍ബന്ധമായും നിര്‍വഹിക്കേണ്ട വൈയക്തിക ബാധ്യതകള്‍ കോര്‍ത്തിണക്കി കൊണ്ടായിരിക്കണം തൊഴിലുകള്‍ ചെയ്യേണ്ടത്. ഇസ്‌ലാമിന്റെ സ്തംഭങ്ങളായി നിലകൊള്ളുന്ന ആരാധന കൃത്യങ്ങളും, ജീവിത ആചാരങ്ങളും കൃത്യമായി പാലിക്കണം.

ഈ പ്രാഥമിക അടിത്തറയില്‍ വേരുറപ്പിക്കുന്നതാണ് ഇസ്ലാമെന്ന് പ്രാമാണിക സ്രോതസ്സുകളായ വിശുദ്ധ ഖുര്‍ആനും, ഹദീസും വ്യക്തമാക്കുന്നു. ഓരോ കാര്യത്തിനും അവയുടെ ഇസ്‌ലാമിക മത നിയമങ്ങള്‍ അറിയല്‍ അത്യന്താപേക്ഷികമാണ്. ഈ അടിസ്ഥാനം പാലിക്കാതെ എങ്ങനെയാണ് കച്ചവടം, നിര്‍മ്മാണ പ്രവര്‍ത്തനം, മറ്റു അടിസ്ഥാന തൊഴിലുകള്‍ എന്നിവയുടെ പിന്നാമ്പുറങ്ങളില്‍ ദൈവീക സാമീപ്യം സാധ്യമാക്കുന്ന യത്‌നമാകുന്നത്? തൊഴില്‍ ഏര്‍പ്പാടുകളില്‍ കഠിനാധ്വാനം ചെയ്യുന്നവര്‍ നിസ്‌കാരം, മറ്റു ആരാധന കര്‍മ്മങ്ങള്‍ എന്നിവയില്‍ അശ്രദ്ധരാകുന്നുവെങ്കില്‍/ കര്‍മ്മശാസ്ത്രം- വിശ്വാസ ശാസ്ത്രം എന്നിവയില്‍ അനിവാര്യമായി അറിഞ്ഞിരിക്കേണ്ടവയെ തിരസ്‌ക്കരിക്കുന്നുവെങ്കില്‍, എങ്ങനെയാണ് ആരാധനയുടെ വ്യത്യസ്ത വര്‍ണങ്ങളില്‍ ഒരു വര്‍ണമായി തൊഴിലുകള്‍ പരിവര്‍ത്തിക്കുക?

ഭൗതിക തൊഴിലുകളുടെയും, ഉന്മേഷത്തിന്റെയും ലക്ഷ്യം ദൈവീക അടുപ്പം സമ്പാദിക്കലാണ് എന്ന അവബോധം നശിച്ച മനുഷ്യരുടെ ചിത്രമാണിത്. ഈ ലക്ഷ്യം സത്യസന്ധമായി ഒരാളില്‍ കുടികൊള്ളുന്നുണ്ടെങ്കില്‍ സംഘടിത നിസ്‌കാരത്തിലും, ജുമുഅ നിസ്‌കാരങ്ങളിലും വളരെ നേരത്തെ തന്നെ അവന്റെ സാന്നിധ്യം ഉറപ്പുവരുത്തും. അതുപോലെ അറിവിന്റെ സദസ്സുകളിലും, ദിക്‌റിന്റെ മജ്‌ലിസുകളിലും അവന്‍ സജീവമായി പങ്കെടുക്കുകയും ചെയ്യും.

ഇന്ന് ഭൗതിക വിഭവങ്ങള്‍ക്കായി ഒട്ടുമിക്ക ആളുകള്‍ നടത്തുന്ന ഉന്മേഷവും, പ്രയത്‌നവുമെല്ലാം തിരുമേനി അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലാണെന്ന് വിശേഷിപ്പിച്ചവരില്‍ നിന്ന് ബഹുദൂരത്താണ്. അവര്‍ ദൈവീക കല്‍പ്പനകള്‍ അനുസരിച്ച് നിര്‍വഹിക്കേണ്ട ഉത്തരവാദിത്തങ്ങളില്‍ നിന്ന് അശ്രദ്ധരായി/ അശ്രദ്ധ നടിച്ചവരായി മുന്നേറുകയാണ്. തന്നെ സൃഷ്ടിക്കപ്പെട്ടതിന്റെ കാരണത്തെ പോലും അവര്‍ മറന്നു പോകുന്നു. സമ്പന്നതയുടെ ഉയര്‍ച്ച സാധ്യമാക്കാന്‍ ചിന്തയെ മാത്സര്യ ബുദ്ധിയോടെ പ്രയോഗിക്കുന്നു. വ്യത്യസ്തമായ ആനന്ദങ്ങള്‍ക്കായി കിണഞ്ഞു ശ്രമിക്കുന്നു. ഇതാണ് പലരിലും നിനക്ക് കാണാന്‍ സാധിക്കുന്നത്. അവര്‍ മതവിധികളെ പറ്റി അജ്ഞരാണ്. അവരിലേക്ക് സര്‍വ്വാധിപനായ അല്ലാഹുവില്‍ നിന്ന് അവതീര്‍ണമായ വിശുദ്ധ ഖുര്‍ആനിക വാക്യങ്ങള്‍ നാവിന് അപരിചിതവും, ആശയങ്ങള്‍ ചിന്തയില്‍ അന്യമായതുമാണ്. അതെ, അവരെ കുറിച്ച് ഇബ്‌നു അതാഅ് (റ) പറഞ്ഞത് എത്ര ശരിയാണ്. ‘നിനക്കു വേണ്ടി അല്ലാഹു ഏറ്റെടുത്ത കാര്യത്തിലെ നിന്റെ കഠിനാധ്വനവും, നിന്നോട് ആവശ്യപ്പെട്ട കാര്യത്തില്‍ നീ ന്യൂനത വരുത്തുന്നതും, ഉള്‍ക്കാഴ്ച്ചായില്ലാത്തതിന്റെ അടയാളമാണ്.

ഇതിനോട് ചേര്‍ത്തി ഒരു കാര്യം കൂടി പറയാം. ഒരുപാട് പ്രമാണിമാര്‍ അവരുടെ വിവാഹ ആഘോഷ/ മറ്റു ചടങ്ങുകളിലേക്ക് എന്നെ ക്ഷണിക്കാറുണ്ട്. ‘ഞാന്‍ നിങ്ങളുടെ ക്ഷണത്തിന് ഉത്തരം നല്‍കാന്‍ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കും. നിങ്ങള്‍ എന്റെ ക്ഷണത്തിനും ഉത്തരം നല്‍കണം. നിങ്ങളുടെ ക്ഷണങ്ങളില്‍ ഒരു ലൗകിക ലക്ഷ്യമുണ്ടന്നെ അറിവോടെ തന്നെ ഞാന്‍ നിങ്ങളെ എന്റെ ക്ലാസുകളിലേക്ക് ക്ഷണിക്കുന്നു. എന്റെ ക്ഷണം അല്ലാഹുവിന്റെ പേരിലുള്ളതാണ്. അത് ഈ ഭൗതിക ലോകത്തിന്റെ അഴുക്കില്‍ നിന്നും, മാത്സര്യത്തില്‍ നിന്നും ദൈവീക സ്മരണയുടെ പരമാന്തത്തിലേക്കും, ഉല്ലാസത്തിലേക്കുമുളളതാണ്’. ക്ഷണിക്കാന്‍ വന്നവരോട് ഇങ്ങനെ പറഞ്ഞതിനു ശേഷം, അവയില്‍ എനിക്ക് പങ്കെടുക്കാന്‍ സാധ്യമായതില്‍ ഞാന്‍ പങ്കെടുക്കാറുണ്ട്.

അവര്‍ എന്റെ ക്ഷണം സ്വീകരിക്കുമെന്ന ശുഭ പ്രതീക്ഷയോടെ കാത്തിരിക്കും. അങ്ങനെ നമ്മുടെ ഹികമിന്റെ ദര്‍സിലോ, മറ്റു പഠന ക്ലാസിലോ വന്നിരിക്കുന്ന ആയിരങ്ങളില്‍ അവര്‍ ഉണ്ടോ എന്ന് ഞാന്‍ സസൂക്ഷ്മം ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ അല്ലാഹുവിലേക്ക് മുന്നിട്ടിറങ്ങിയ യുവാക്കള്‍, സാധാരണ വരുമാനമുള്ളവര്‍ എന്നിവരെ മാത്രമാണ് ഞാന്‍ കണ്ടത്. ആ ധനാഢ്യരായ പ്രമാണിമാരില്‍ ഒരാളെയും ഞാന്‍ എന്റെ സദസ്സില്‍ കണ്ടിട്ടില്ല. അവരുടെ ആഢംബര സദസ്സുകളിലേക്ക് വിവിധങ്ങളായ രീതിയില്‍ ക്ഷണിക്കാന്‍ അവര്‍ നിപുണന്മാരാണ്. ഇനി ഞാന്‍ അവരുടെ പരിപാടിയില്‍ സംബന്ധിച്ചിട്ടില്ലെങ്കിലോ? അവര്‍ ശക്തമായ രീതിയില്‍ വിമര്‍ശിക്കുകയും ചെയ്യുന്നു. മാത്രമല്ല, മഹത്തായ ദൈവീക ഉത്തരവുകള്‍, പ്രത്യേകിച്ചും സൃഷ്ടിപ്പുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ബാധ്യതകള്‍ പാലിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളാണ് ഈ സദസ്സുകള്‍ എന്ന് അവര്‍ അറിയാതെ പോകുന്നു.

ഈ തത്വോപദേശം മതനിയമാനുസൃതം ഗ്രഹിക്കാന്‍ വേണ്ടി വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ച കാര്യം ഉദ്ധരിക്കാം; ‘ചില ഭവനങ്ങളിലത്രെ അവ ഉയര്‍ത്തപ്പെടാനും അവയില്‍ തന്റെ നാം സ്മരിക്കപ്പെടാനും അല്ലാഹു ഉത്തരവ് നല്‍കിയിരിക്കുന്നു. അവയില്‍ രാവിലെയും സന്ധ്യാസമയങ്ങളിലും ചില ആളുകള്‍ അവന്റെ മഹത്വം പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അല്ലാഹുവെ സ്മരിക്കുന്നതില്‍ നിന്നും, നിസ്‌കാരം മുറപോലെ നിര്‍വ്വഹിക്കുന്നതില്‍ നിന്നും, സകാത്ത് നല്‍കുന്നതില്‍ നിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധ തിരിച്ചുവിടുകയില്ല. ഹൃദയങ്ങളും കണ്ണുകളും ഇളകി മറിയുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെട്ടുകൊണ്ടിരിക്കുന്നു.’ (24:36-37)

ജനങ്ങളില്‍ നിന്ന് പ്രത്യേക വിഭാഗത്തെപ്പറ്റി അല്ലാഹു പറഞ്ഞത് ഇങ്ങനെയാണ്. കച്ചവടമോ, ക്രയവിക്രയമോ അവരെ പിന്തിരിപ്പിക്കുന്നില്ല. അതായത്, അല്ലാഹു ഉത്തരവാദിത്തപ്പെടുത്തിയ ബാധ്യതകള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് അവരുടെ കച്ചവടങ്ങളോ, ഭൗതിക വ്യവഹാരങ്ങളോ, അങ്ങാടികളിലെ തിരക്കുകളോ പിന്തിരിപ്പിക്കുന്നില്ല. ഇതിനര്‍ത്ഥം അവരുടെ കഴിവിന്റെ പരമാവധി ഓരോ ബാധ്യതകള്‍ക്കും അതിന്റെതായ മഹത്വം കല്‍പ്പിക്കുകയും, സമയനിഷ്ഠ പാലിക്കുകയും ചെയ്യുന്നവരാണ്. ഇതില്‍ യാതൊരു വിധ വിട്ടുവീഴ്ച്ചക്കോ, ന്യൂനതയ്‌ക്കോ ഇടയാക്കില്ല. അങ്ങനെ അവര്‍ ഈ ബാധ്യതകള്‍ ഒരു അംഗഭംഗവും കൂടാതെ പൂര്‍ത്തീകരിച്ചതിനു ശേഷമാണ് ഭൗതിക കാര്യങ്ങളിലേക്കും കച്ചവട തിരക്കുകളിലേക്കും നീങ്ങുന്നത്. തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ ദൈവത്തോടുള്ള തങ്ങളുടെ കടമയാണ് അവര്‍ നിര്‍വഹിക്കുന്നത്. ഇതെല്ലാം വിശുദ്ധ ഖുര്‍ആനിലെ ‘അവരെ പിന്തിരിപ്പിക്കുന്നില്ല’ എന്ന വാക്യത്തില്‍ നിന്ന് ഗ്രഹിക്കാവുന്നതാണ്. ഇതിനു പകരം ‘അവര്‍ കച്ചവടങ്ങളിലും, ക്രയവിക്രയങ്ങളിലും സംവദിക്കുന്നവരല്ല’ എന്ന് പറച്ചിലിലും, പ്രയോഗത്തിലും, അല്ലാഹു പറഞ്ഞ പ്രയോഗത്തിലും എത്രമാത്രം വ്യത്യാസമുണ്ട്. ഖുര്‍ആനിക വാക്യം സാഹിത്യ സമ്പുഷ്ടവും, ആശയ ഗാംഭീര്യവും ഉള്ളതാണ്. ഇവരുടെ ഭൗതികമായ ബാധ്യതകള്‍ മതപരമായ ഉത്തരവാദിത്തങ്ങള്‍ക്ക് വൃത്താന്തം ചെയ്യുകയാണ്. ഇതോടെ പലരെയും അല്ലാഹുവില്‍ നിന്ന് വ്യതിചലിപ്പിച്ച ഭൗതികത ഇവരെ സംബന്ധിച്ചിടത്തോളം അല്ലാഹുവോടുള്ള ബന്ധത്തെ ദൃഢീകരിക്കുന്നതായി മാറുകയാണ്.

ഈ വിശുദ്ധ വാക്യം വ്യക്തമാക്കുന്ന ദൈവീക യുക്തിയെ ഇബ്‌നു അത്വാഅ്(റ) തന്റെ ഹിക്മയില്‍ കൃത്യമായി വിശദീകരിക്കുന്നുണ്ട്. അവ വ്യക്തികള്‍ക്കും, സമൂഹത്തെ പ്രതിനിധീകരിക്കുന്ന രാഷ്ട്രത്തലവന്മാര്‍ക്കും, മേലധികാരികള്‍ക്കും ബാധകമാണ്. ഈ രണ്ട് വിഭാഗവും(വ്യക്തി, സമൂഹം) വ്യത്യസ്തങ്ങളായ ഭൗതിക പ്രവര്‍ത്തനങ്ങളുമായി വ്യവഹരിക്കേണ്ടത്, അല്ലാഹു അടിമകള്‍ക്ക് മേല്‍ നിശ്ചയപ്പെടുത്തിയ ഉത്തരവാദിത്തങ്ങളുമായി ഇടവില്ലാത്ത ജാഗ്രത പുലര്‍ത്തിക്കൊണ്ടാണ്. അല്ലാഹുവോടുള്ള കര്‍ത്തവ്യം ഭംഗിയായി നിര്‍വഹിക്കാന്‍ ശക്തമായി പരിശ്രമിക്കുന്നവരുടെ കാര്യത്തിലാണ് അല്ലാഹു ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. ഇവ്വിധം ജീവിതം ക്രമീകരിച്ച വ്യക്തികളില്‍ അല്ലാഹു ഏറ്റെടുത്തത് പ്രയോഗികമാക്കുന്നത് പോലെയാണ് സമൂഹത്തിലും പ്രയോഗികമാക്കുന്നത്. പ്രസ്തുത വാഗ്ദത്തം പാലിക്കുന്നതിലുള്ള മികച്ച പ്രകടനമാണ് സമുദായത്തിന്റെ ചരിത്രം.

വിശ്വാസ സമൂഹത്തിന്റെ ആദ്യകാല നേതാക്കന്മാര്‍, ഭരണാധിപന്മാര്‍ എന്നിവരുടെ ചരിത്രം നാം ശ്രദ്ധയോടെ വായിക്കേണ്ടതുണ്ട്. അല്ലാഹു അവര്‍ക്ക് മുമ്പിലുള്ള ഭൗതികതയുടെ എല്ലാ കവാടങ്ങളും തുറന്നു കൊടുത്തു. എല്ലാ നാഗരികതകളും അവര്‍ക്ക് കീഴൊതുങ്ങി. സര്‍വ്വാധിപന്‍ അവര്‍ക്കെതിരെയുള്ള ദുര്‍ബല ശക്തികളെ ഛിന്നഭിന്നമാക്കുകയും, ദാരിദ്ര്യത്തില്‍ നിന്ന് സമൃദ്ധമായ ഘടകങ്ങള്‍ കൊണ്ട് സമ്പന്നമാക്കുകയും ചെയ്തു. അങ്ങനെ അവര്‍ ഒരുമയുടെ ഉത്തമ മാതൃകയായി പരിവര്‍ത്തിച്ചു. അല്ലാഹു ചുമതലപ്പെടുത്തിയ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിര്‍വഹിക്കുകയും, സത്യ മതത്തിനു വേണ്ടി സ്വത്വ സമര്‍പ്പണം നടത്തുകയും ചെയ്തപ്പോഴാണ് ഇതെല്ലാം സാധ്യമായത്. അവര്‍ക്ക് മേല്‍ അല്ലാഹു നടത്തിയ വാഗ്ദത്തത്തില്‍ ദൃഢവിശ്വാസം അര്‍പ്പിക്കുകയും, അതിലായി നിലകൊള്ളുകയും ചെയ്തപ്പോള്‍ അവരില്‍ വിശുദ്ധ വാക്യം സാക്ഷാത്കാരമായത് കാണാം. ആ വിശുദ്ധ വാക്യം നമുക്ക് വായിക്കാം. ‘തീര്‍ച്ചയായും നാം ആ അക്രമികളെ നശിപ്പിക്കുകയും, അവര്‍ക്കു ശേഷം നിങ്ങളെ നാം നാട്ടില്‍ അധിവസിപ്പിക്കുകയും ചെയ്യുന്നതാണ്. എന്റെ സ്ഥാനത്തെ പറ്റി ഭയപ്പെടുകയും, എന്റെ താക്കീതിനെ ഭയപ്പെടുകയും ചെയ്തവര്‍ക്കുള്ളതാണ് ആ അനുഗ്രഹം(14:13-14) .

ഒന്നാം തലമുറയുടെ പാത അനുഗമിച്ചാണ് പിന്‍ഗാമികള്‍ ജീവിതം നയിച്ചത്. മുന്‍ഗാമികളുടെ ജീവിത മാര്‍ഗം സ്വീകരിച്ച്, തങ്ങളുടെ ബാധ്യതകള്‍ കൃത്യമായി പാലിച്ചു പോന്നു. നൂറുദ്ദീന്‍ അശ്ശഹീദ്, സ്വലാഹുദ്ദീനുല്‍ അയ്യൂബി, ഉസ്മാനിയ്യ ഭരണത്തിന്റെ സ്ഥാപകനായ ഉസ്മാന്‍(അര്‍ത്വുഖറല്‍), കോണ്‍സ്റ്റാന്റിനോപ്പിള്‍ ജേതാവ് എന്ന് പാശ്ചാത്യര്‍ വിശേഷിപ്പിക്കുന്ന മുഹമ്മദിനില്‍ ഫാതിഹ്, യൂറോപ്യന്‍ രാജ്യങ്ങളുടെ ഹൃദയഭാഗത്ത് ഉമവിയ്യ ഭരണം സ്ഥാപിച്ച അബ്ദുറഹ്‌മാന്‍ തുടങ്ങിയവര്‍ അവരില്‍ പ്രധാനികളാണ്.

എന്നാല്‍ ഇവര്‍ക്ക് ശേഷവും, ഇവര്‍ക്ക് മധ്യത്തിലുമായി വന്നവരോ? ഭൗതികതയുടെ ആനന്ദത്തിലും, സുഖലോലുപതയുടെ ലഹരിയിലും അവര്‍ അത്യാസക്തരായി. അങ്ങനെ അവര്‍ സ്രഷ്ടാവിനോടുള്ള കര്‍ത്തവ്യം മറന്നു പോയി. സമൃദ്ധിയില്‍ ആഴ്ന്നിറങ്ങാനും, കുടൂതല്‍ സമ്പാദിക്കാനുമുള്ള മാധ്യമമായി മതത്തെ ചിത്രീകരിച്ചു. ആഢംബര കൊട്ടാരങ്ങള്‍ പണിതു. വ്യത്യസ്തമായ ആനന്ദങ്ങളില്‍ അവര്‍ ചുറ്റി സഞ്ചരിച്ചു. ആനന്ദങ്ങളിലേക്കും ആഗ്രഹങ്ങളിലേക്കുമുള്ള വാതിലുകളുടെ താക്കോലുകള്‍ അവരുടെ ശക്തിയുടെയും വിജയത്തിന്റെയും വാതിലുകളുടെ താക്കോലുകള്‍ക്ക് തുല്യമാണെന്ന വ്യാമോഹികളായിരുന്നു. എന്നാല്‍ എന്തായിരുന്നു അവരുടെ പര്യവസാനം?

അല്ലാഹു പറഞ്ഞതു പോലെ അവരുടെ പര്യവസാനം നാശത്തില്‍ കലാശിച്ചു. ഖജനാവുകളില്‍ സമ്പത്തുകളുടെ കൂമ്പാരങ്ങള്‍ നിറച്ചുവെച്ചിട്ടും അല്ലാഹു അവരെ ദരിദ്രരാക്കി. സാങ്കേതിക കഴിവുകള്‍ കൊണ്ട് സുശക്തരായിരുന്ന, പ്രൗഢിയുടെ പ്രതാപ രശ്മികള്‍ കൊണ്ട് അലങ്കരിച്ച കൊട്ടാരങ്ങളും, പദവികളും ഉണ്ടായിരിക്കെ തന്നെ അല്ലാഹു അവരെ നിന്ദ്യരാക്കി. അവരെ തമ്മില്‍ ഭിന്നിപ്പിക്കുന്നതില്‍ നിന്ന് പരിരക്ഷിക്കുന്ന ഐക്യത്തിന്റെ രൂപ രേഖയില്‍ നിന്ന് അടര്‍ത്തിമാറ്റി അല്ലാഹു ഛിന്നഭിന്നമാക്കി. സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും അരങ്ങില്‍ നിന്ന് അവരെ നാടുകടത്തി. എല്ലാ അവസരങ്ങളെയും പിഴക്കാതെ ശ്രദ്ധയോടെ പ്രയോഗിക്കുന്ന ബന്ധവൈരികളെയും അവര്‍ക്ക് സ്വാധീനപ്പെടുത്തി. അല്ലാഹു ഏല്‍പ്പിച്ച പവിത്രമായ ദൈവീക വാഗ്ദത്തിലല്ല നിലനിന്നിരുന്നത്. അവരുടെ സ്വപ്നങ്ങളും, ആഗ്രഹങ്ങളും കണ്ടെത്തിയത് അവരുടെതായ ചില മാനങ്ങള്‍ കൊണ്ട് മാത്രമായിരുന്നു. ഇനി അറേബ്യന്‍, ഇസ്ലാമിക ലോകത്തെ പറ്റി ചിന്തിക്കുന്നവര്‍ക്ക് ഞാന്‍ പറയുന്നതിലെ കൃത്യത ബോധ്യപ്പെടും.

ഈ സമുദായ നേതാക്കന്മാരുടെ ഉള്‍ക്കാഴ്ച്ചയുടെ തേയ്മാനമാണ് എല്ലാ വിപത്തുകളും ഉള്‍വഹിക്കുന്നത്. അശുഭമായ ഒരു പരിസ്ഥിതിയിലേക്ക് നയിച്ചതും ഉള്‍ക്കാഴ്ച്ച ഇല്ലായ്മ തന്നെയാണ്. അഥവാ, അവരുടെ പ്രതാപത്തിന്റെ സ്രോതസ്സായ ഇസ്ലാമിനെ മറക്കുകയും, തിരസ്‌ക്കരിക്കുകയും ചെയ്തു. അല്ലാഹു അവരെ സമുന്നതരാക്കിയ കാര്യത്തെ തിരസ്‌ക്കരിച്ച്, അതിനു ബദലായി ഉന്നതിയുടെ ഉച്ചിയിലേറാന്‍ മറ്റൊരു കാര്യത്തെ ശക്തമായി അന്വേഷണം നടത്തിയെങ്കിലും അവര്‍ യാതൊന്നും തന്നെ കണ്ടെത്തിയില്ല. അവരുടെ നെട്ടോട്ടം നിന്ദ്യതയില്‍ വട്ടം ചുറ്റി. വിശുദ്ധ ഖുര്‍ആനിന്റെ വെളിച്ചത്തിലാണ് ഇബ്‌നു അത്വാഅ്(റ) ഈ ഹിക്മത്ത് വിവരിച്ചത്. അത് എല്ലാപ്പോഴും പ്രസക്തമാണ്. നിനക്ക് വേണ്ടി അല്ലാഹു ഏറ്റെടുത്ത കാര്യത്തില്‍ നീ കഠിനാധ്വനിക്കുന്നതും, നിന്നോട് ആവശ്യപ്പെട്ട കാര്യത്തില്‍ നീ വീഴ്ച്ച വരുത്തുന്നതും നിനക്ക് ഉള്‍ക്കാഴ്ച്ച നഷ്ടപ്പെട്ടു എന്നതിന്റെ അടയാളമാണ്.

(തുടരും)

 

 

 

 

വിവര്‍ത്തനം: ബി എം സ്വഫ്‌വാന്‍  ഹാദി