ദൈവിക കല്‍പ്പനകളിലെ മാനുഷിക ജീവിതം
മനുഷ്യരെ അല്ലാഹു നിലനിര്‍ത്തുന്നത് രണ്ടാല്‍ ഒരവസ്ഥയിലാണ്. ഒന്നാം അവസ്ഥയില്‍ ജീവിക്കുന്നവരോട് മതം ആവശ്യപ്പെടുന്നത് ജീവിതസന്ധാരണ മേഖലകളില്‍ ഇടപെടാനാണ്. രണ്ടാം അവസ്ഥയിലുള്ളവരോട് ഇതില്‍ നിന്നെല്ലാം മുക്തമായി കഴിയാനാണ് മതം ആവശ്യപ്പെടുന്നത്. ഈ രണ്ട് അവസ്ഥകളിലൂടെ കടന്നുപോകുന്നവര്‍ പാലിക്കുന്നത് സമുന്നതമായ ദൈവീക ശാസനകളെയാണ്. കുടുംബ സന്താനങ്ങളുടെ ഉത്തരവാദിത്വമുള്ളവര്, അനുവദനീയമായ ജോലികള്‍ ചെയ്ത് കുടുംബ രക്ഷാകര്‍തൃത്വം ഭംഗിയായി നിര്‍വഹിക്കുക. ഇതാണ് അസ്ബാബില്‍ നിന്നെ നിലനിര്‍ത്തിയെന്ന് ഇബ്നു അത്വാഅ് പറഞ്ഞതിന്റെ സാരം. ഈ അവസ്ഥയിലായിരിക്കെ, അവരുടെ മുമ്പില്‍ പരന്നു കിടക്കുന്ന തൊഴില്‍ മേഖലകളില്‍ നിന്നെല്ലാം പിന്തിരിഞ്ഞ്, ആരാധനകളിലായി കഴിയുന്നുവെന്ന് പറയുന്നുണ്ടെങ്കില്‍ അവര്‍ നിന്ദ്യവും, പരോക്ഷവുമായ ദേഹേച്ഛയെ പിന്തുടരുന്നവരാണ്.
ഇനി നമുക്ക് രണ്ടാം അവസ്ഥയെ പറ്റി വായിക്കാം. അല്ലാഹു നിന്നെ തജ്രീദില് നിര്‍ത്തിയിരിക്കെ, അസ്ബാബിനെ ആഗ്രഹിക്കുന്നത് സമുന്നതമായ ഇച്ഛാശക്തിയില്‍ നിന്നുള്ള പതനമാണ്. ഇതാണ് രണ്ടാം ഉപദേശത്തിന്റെ രണ്ടാം ശകലം. ചില വ്യക്തികളെ അല്ലാഹു ജീവിത സന്ധാരണ മേഖലകളില്‍ നിന്നെല്ലാം മുക്തരായി ജീവിക്കേണ്ടവരാക്കിയിരിക്കുന്നു. ഇത് ശരീഅത്തിന് അനുസരിച്ച് ജീവിക്കുന്ന ഒരവസ്ഥയാണോ? അതോ അവര്‍ തൊഴില്‍ മേഖലകളില്‍ നിന്ന് അകന്നു നില്ക്കുന്ന ഒരു സാധാരണ അവസ്ഥയോ? എന്ന് നമുക്ക് അന്വേഷിക്കാം. കുടുംബത്തിന്റെയോ, ഭാര്യ- സന്താനങ്ങളുടെയോ, മറ്റു ബാധ്യതകളോ ഇല്ലാത്തവനാണ് സൈദ് എന്ന് കരുതാം. ജീവിതസന്ധാരണത്തിന് പര്യാപ്തമായതെല്ലാം അവന്റെ ഉടമസ്ഥതയിലുണ്ട്. രണ്ടു ജോലിക്കാര്‍ സൈദിന്റെ വിഷയത്തില്‍ പരസ്പരം തര്‍ക്കിക്കുകയാണ്.
ഒന്നാമന് പറയുന്നതിങ്ങനെ, ജീവിതസന്ധാരണത്തിന് അനുപേക്ഷണീയമായതെല്ലാം നിങ്ങള്‍ക്ക് ഉണ്ടല്ലോ, പിന്നെ എന്തുകൊണ്ട് ഇതില്‍ തൃപ്തനാകുന്നില്ല?. ഭൗതികമായി ജീവിക്കാന്‍ ആവശ്യമായതിനേക്കാള്‍ കൂടുതല്‍ സമ്പാദിക്കാന്‍ വിനിയോഗിക്കുന്ന സമയം എന്ത് കൊണ്ട് മതകീയ പഠനങ്ങള്‍ക്കും, വൈജ്ഞാനിക പുരോഗതിക്കും, മത പ്രചാരണത്തിന് വേണ്ടിയുള്ള സേവനത്തിനും, മറ്റു ആരാധന കര്‍മ്മങ്ങള്‍ക്കുമായി വിനിയോഗിച്ചൂ കൂടാ?.
രണ്ടാമന് പറയുന്നു; കൂടുതല്‍ സമ്പാദിക്കാനുള്ള ശ്രമങ്ങള്‍ക്കായി നീ സടകുടഞ്ഞെഴുന്നേറ്റ്, ലാഭകരമായ കച്ചവടത്തിലും, തൊഴില്‍ മാര്‍ഗ്ഗത്തിലും വ്യാപൃതനാവുക. ആഡംബര ജീവിതത്തിനായുളള ധനസമ്പാദനത്തിന്റെ പുതിയ മേച്ചില്പുറങ്ങള് അന്വേഷിച്ചു കൊണ്ടിരിക്കുക. കാരണം, ആരോഗ്യമുണ്ടായിരിക്കെ ജോലി ചെയ്യാതെ വെറുതെ ഇരിക്കുന്നവനെ അല്ലാഹു വെറുത്തതാണ്. അത്തരക്കാര്‍ പള്ളിയില്‍ വന്നിരിക്കുമ്പോള്‍ ഉമര്‍ (റ) അവരെ ഓടിക്കുമായിരുന്നു.ഇതില്‍ ഏത് പ്രേരണയാണ് ഇത്തരക്കാര്‍ സ്വീകരിക്കേണ്ടതെന്ന ചോദ്യത്തിനുത്തരമാണ് രണ്ടാം ശകലത്തിലെ ഉപദേശത്തില്‍ ഇബ്നു അത്വാഅ് (റ) പറയുന്നത്. ‘തജ്രീദില് നിന്നെ അല്ലാഹു നിര്‍ത്തിയിരിക്കെ തൊഴില്‍ മാര്‍ഗ്ഗത്തെ ആഗ്രഹിക്കുന്നത് സമുന്നതമായ ഇച്ഛാശക്തിയില്‍ നിന്നുള്ള പതനമാണ്’.
ഈ വാചകത്തിന്റെ അര്‍ത്ഥം ഇങ്ങനെ വായിക്കാം. ജീവിതമാര്‍ഗ്ഗത്തിനുള്ള നിന്റെ സമ്പത്തിനെ ആശ്രയിച്ച് അലസതയോടെ കഴിയാനാണോ നീ ഉദ്ദേശിക്കുന്നത്? അതില്‍ നിന്ന് വേണ്ടുവോളം തിന്നുകയും കുടിക്കുകയും ആസ്വദിക്കുകയും, അതില്‍ അഭിരമിച്ച് മരണം വരെ കഴിയാമെന്നാണോ? എങ്കില്‍ തീര്‍ച്ചയായും നിന്റെ ജീവിതമെന്നത് മൃഗങ്ങളുടെ ജീവിതത്തിന് സമാനമാണ്. തൊഴില്‍ മാര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും മറ്റു ഉത്തരവാദിത്വങ്ങളില്‍ നിന്നും അല്ലാഹു നിന്നെ മുക്തനാക്കിയതിനാല്, മത വിജ്ഞാന മേഖലയിലേക്ക് പ്രവേശിക്കുകയും ശരീഅത്തിന്റെ വിധികള്‍ പഠിച്ച് ദീനി സേവനത്തില്‍ നിലകൊണ്ട് ജീവിക്കാന്‍ തീരുമാനിക്കുക എന്നതാണ് നിനക്ക് ഏറ്റവും അനുയോജ്യമായ മാര്‍ഗ്ഗം.
അതിനാല്‍ ഭൗതികമായ ഉത്തരവാദിത്വങ്ങളില്‍ നിന്നും, ജീവിതസന്ധാരണത്തിനുള്ളവയെ കരുതിവെക്കുന്നതില്‍ നിന്നെല്ലാം മുക്തമായിരിക്കെ, മതപഠനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് സമുന്നതമായ ഇച്ഛാക്തിയുള്ളവര്ക്ക് ഏറ്റവും അനുയോജ്യമായ കാര്യം. നിന്റെ സ്ഥാനം തജ്രീദാണ്. ഈ അവസ്ഥയിലുള്ളവര്‍ക്ക് ഉപജീവനമാര്‍ഗ്ഗത്തില്‍ പ്രവേശിക്കേണ്ടതില്ല. മറിച്ച് നിന്റെ അവസ്ഥയോട് യോജിച്ച സത്പ്രവര്‍ത്തനത്തില്‍ സജീവമാകുക. അഥവാ, ദീനി സേവനത്തിലും മതാധ്യാപനത്തിലും വ്യാപൃതനാവുക- അല്ലെങ്കില്‍ പ്രപഞ്ച പരിത്യാഗികളുടെ മാര്‍ഗ്ഗത്തില്‍ പ്രവേശിക്കുക. ഇതാണ് അവര്‍ സഞ്ചരിക്കേണ്ട പാത.
ദൈവീക – പ്രവാചക വചനങ്ങള്‍ നിരത്തി ഇവര്‍ (തജ്രീദിന്റെ വക്താക്കള്‍) പറയുന്നത് ‘ജോലി ചെയ്യുന്നതും ആരാധനയാണ്’ എന്നാണെങ്കില്‍ ഒരു കാര്യം വ്യക്തമാണ്. ഇവര്‍ക്ക് ഈയൊരു ചിന്താഗതിക്ക് വഴിയൊരുക്കിയത് പിശാചാണ്. മാത്രമല്ല, ഇബ്നു അത്വാഅ് പറഞ്ഞതു പോലെ ഇത് സമുന്നതമായ ഇച്ഛാ ശക്തിയില്‍ നിന്നുള്ള പതനമാണ്.
ഈ മനോഗതി ദൈവികമായിരുന്നുവെങ്കില്, ഇസ്ലാമിക വിജ്ഞാനങ്ങള്‍ സ്വായത്തമാക്കാന്‍ വര്‍ഷം തോറും നമ്മുടെ നാട്ടിലേക്ക് വരുന്ന യുവാക്കളെ വിഡ്ഡികളെന്ന് വിളിക്കേണ്ടി വരും. അവര്‍ കുടുംബത്തിന്റെയോ മറ്റു ഉത്തരവാദിത്വങ്ങളോ ഇല്ലാത്ത അവസ്ഥയില്‍, ഈ പ്രദേശത്തെ വൈജ്ഞാനിക മികവും ബറകത്തും മറ്റും കേട്ട് അത് കരസ്ഥമാക്കാന്‍ വന്നവരാണ്. അവരെ നാം ആദരവോടെ കാണേണ്ടതുണ്ട്. മതപഠനത്തിനായി സ്വദേശം വെടിഞ്ഞ് വന്നവര്‍ക്ക് അല്ലാഹുവിങ്കല്‍ വലിയ സ്ഥാനമുണ്ട്.
എന്നാല്‍ ഇവര്‍ക്ക് പകരം കുടുംബം/ സമൂഹം/ രാഷ്ട്രം തുടങ്ങിയവയുടെ ഉത്തരവാദിത്വമോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള സാമൂഹിക ബാധ്യതകളുള്ളവരോ അവയെല്ലാം ഉപേക്ഷിച്ച് മത വൈജ്ഞാനിക/ പ്രപഞ്ചത്യാഗികളുടെ മാര്‍ഗ്ഗത്തില്‍ പ്രവേശിച്ചാലോ?. തീര്‍ച്ചയായും അവന് അല്ലാഹു സംവിധാനിച്ച സന്തുലിതവാസ്ഥയ്ക്കും, ഇസ്ലാം ആവശ്യപ്പെടുന്ന നിയമ വ്യവസ്ഥകള്‍ക്കും വിപരീതം പ്രവര്‍ത്തിച്ചവനായി പരിണമിക്കുന്നു. അഥവാ, അല്ലാഹു തന്നെ നിലനിര്‍ത്തിയ സ്ഥാനത്തിന് വിരുദ്ധം പ്രവര്‍ത്തിച്ചവനാണ്. ഇവിടെ നാം മനസ്സിലാക്കേണ്ട കാര്യം, മതനിയമം മനുഷ്യനോട് ആവശ്യപ്പെടുന്നത് അസ്ബാബില്‍ നിന്ന് മുക്തനായി തജര്റുദിലാകാനാണോ? അതോ അസ്ബാബുകളില് ഇടപെടാനാണോ? ഇത് ഓരോ മനുഷ്യരുടെയും അവസ്ഥ മാനിച്ച് ശറഅ് വളരെ കൃത്യമായി അളന്നു തിട്ടപ്പെടുത്തിയതാണ്.
ശറഅ് തെര്യപ്പെടുത്തിയ അവസ്ഥയെ പിന്തുടരുന്നതിനു പകരം തങ്ങളുടെ ഇഷ്ടാനുസരണം പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇബ്നു അത്വാഅ് വിവരിച്ച പരോക്ഷമായ ശരീരേച്ഛയെ പിന്തുടരുന്നവരോ, ഉന്നതമായ ഇച്ഛാശക്തിയില്‍ നിന്ന് പതനം സംഭവിച്ചവരോ ആയി മാറുന്നു. ഈ കര്‍ശനമായ ശരീഅത്ത് നിയമത്തെക്കുറിച്ചും അത് കൈകാര്യം ചെയ്യാനുള്ള വഴികളെക്കുറിച്ചും നിങ്ങളെ ബോധവാന്മാരാക്കുന്ന നിരവധി ഉദാഹരണങ്ങളുണ്ട്.നമുക്ക് അത് വായിക്കാം.
ഒന്നാമത്തെ ഉദാഹരണം വിശുദ്ധ ഭവനത്തിലേക്ക് ഹജ്ജിനു വേണ്ടി പുറപ്പെട്ട ഒരു സംഘത്തിന്റേതാണ്. അവരില്‍ ചിലര്‍ എല്ലാ ബാധ്യതകളില്‍ നിന്നും, നിയന്ത്രണങ്ങളില്‍ നിന്നുമെല്ലാം മുക്തമായി പൂര്‍ണമായി ഒഴിഞ്ഞു നില്‍ക്കുന്നവരാണ്. തീര്‍ത്ഥാടനത്തില്‍ കൂടുതല്‍ ആരാധന കര്‍മ്മങ്ങളും, മറ്റു സത്കര്‍മ്മങ്ങളും നിര്‍വഹിക്കാന്‍ പ്രാപ്തമായ അവസ്ഥയാണ് അവരുടേത്. എന്നാല്‍ മറ്റുചിലര്‍ ഹാജിമാരുടെ ആരോഗ്യ പരിരക്ഷണം ഉത്തരവാദിത്വമുള്ള ഡോക്ടമാരും, സുഗമമായ ഹജ്ജ് നിര്‍വ്വഹണത്തിന് അനിവാര്യമായ പ്രവൃത്തികള്‍ ചെയ്യാന്‍ ഉത്തരവാദിത്വമുള്ള പ്രവര്‍ത്തകരുമാണ്.
ഹാജിമാര്‍ക്ക് അനിവാര്യമായ കാര്യങ്ങള്‍ ചെയ്യാനും, സുരക്ഷിതത്വം ഉറപ്പുവരുത്താനുമുള്ള ഉത്തരവാദിത്വമാണ് മറ്റു ചില പ്രവര്‍ത്തകരുടേത്.ഇവിടെ രണ്ട് വിഭാഗമാണ് ഹജ്ജ് സംഘത്തിലുളളത്. ‘സകലതില്‍ നിന്നും മുക്തരായി ഹജ്ജ് മാത്രം ലക്ഷ്യവെക്കുന്ന ഹാജിമാരാണ് ഒന്നാം വിഭാഗം. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ ഉത്തരവാദിത്വമുള്ളവരും, ഡോക്ടര്‍മാരുമാണ് സംഘത്തിലെ രണ്ടാം വിഭാഗം.
ഇവിടെ ഒന്നാം വിഭാഗക്കാര്‍ ഇബ്നു അത്വാഅ് തജ്രീദ് എന്ന് വിളിച്ചവരാണ്. ഇവരോടുള്ള മതകീയ ശാസന ധാരാളം ആരാധനാ കര്‍മ്മങ്ങളും, ദിക്റുകളും, സുന്നത്ത് കര്‍മ്മങ്ങളും നിര്‍വ്വഹിക്കാനാണ്. ഇബ്നു അത്വാഅ് അസ്ബാബില്‍ നിലകൊള്ളുന്നവര്‍ എന്ന് പരിചയപ്പെടുത്തിയ വിഭാഗത്തിലാണ് രണ്ടാം വിഭാഗക്കാര്‍.അപ്പോള്‍ ഇവരോട് മതം ആവശ്യപ്പെടുന്നത് ഇവരെ ഉത്തരവാദിത്വപ്പെടുത്തിയ കാര്യങ്ങള്‍ ഭംഗിയായി നിര്‍വഹിക്കുക എന്നതാണ്. തന്നെ ചുമലപ്പെടുത്തിയ ആരോഗ്യ പ്രവര്‍ത്തനം ഭംഗിയായി നിര്‍വ്വഹിക്കുകയാണ് ഡോക്ടര്‍ ചെയ്യേണ്ടത്. അഥവാ, തീര്‍ത്ഥാടക സംഘത്തിന്റെ ശാരീരിക സന്തുലിതാവസ്ഥ കാത്തു സൂക്ഷിക്കാന്‍ ആവശ്യമായവ ചെയ്യുക, പ്രാഥമിക ചികിത്സ നല്‍കുക.മറ്റു അനിവാര്യ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ എല്പ്പിക്കപ്പെട്ടവര് അത് ചെയ്യുക.
ഈ തീര്‍ത്ഥാടക സംഘത്തില്‍ രണ്ടാം വിഭാഗക്കാര്‍ തങ്ങളെ ചുമതലപ്പെടുത്തിയ കാര്യങ്ങള്‍ വിസ്മരിച്ച്, മുഴു സമയവും വിശുദ്ധ ഗേഹത്തിന്റെ പരിസരത്ത് പ്രാര്‍ത്ഥന, നിസ്കാരം, ദിക്റുകള്‍, ഖുര്‍ആന്‍ പരായണം, ത്വവാഫ് എന്നീ കര്മ്മങ്ങളിലായി വിനിയോഗിച്ചു. ഒപ്പം, അല്ലാഹു അവനെ ചുമതലപ്പെടുത്തിയതിനെ തിരസ്ക്കരിക്കുകയും ചെയ്തു. ഹാജിമാരുടെ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കേണ്ടവന്‍/ അവരില്‍ രോഗികളെ ശുശ്രൂഷിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യേണ്ടവന്‍, തന്റെ സ്ഥാനത്തെ മറന്നുള്ള പ്രവൃത്തിയിലൂടെ മതകീയ മാനങ്ങളെ നിസ്സാരപ്പെടുത്തുകയാണ് ചെയ്യുന്നത്.
വിശുദ്ധ ഹജ്ജ് കര്മ്മത്തിന് യാത്ര തിരിച്ച എത്ര ജനങ്ങളാണ് ഗൗരവമായ ഈ മതകീയമാനത്തെ കളിയായി കാണുന്നത്!. ഇസ്ലാമിന്റെ മേല്‍വിലാസത്തിലായി അവര്‍ മാനുഷിക മൂല്യത്തെയും, മാനവിക തത്വങ്ങളെയും അവഗണിക്കുകയാണ്.
രണ്ടാമത്തെ ഉദാഹരണം ഇങ്ങനെ വായിക്കാം; ഒരു യുവാവിനോട് പിതാവ് പറയുന്നു; മകനേ, നിനക്ക് ആവശ്യമായ എല്ലാ ചിലവുകളും ഞാന്‍ വഹിക്കുന്നതാണ്. ഉപജീവനത്തിനായി നീ തൊഴില്‍ മേഖലയില്‍ പ്രവേശിക്കേണ്ടതില്ല. പകരം നീ വിശുദ്ധ ഖുര്‍ആനിലും, ഇസ്ലാമിക വൈജ്ഞാനിക മേഖലയിലും അവഗാഹം നേടുക.ഇതോടെ അവനെ അല്ലാഹു തജ്രീദിന്റെ അവസ്ഥയില്‍ നിലനിര്‍ത്തുകയാണ്. ആകയാല്‍ ഇവനോടുള്ള മതകീയ ശാസന ദീനി വിജ്ഞാനത്തിലും, ഖുര്‍ആന്‍ പഠനത്തിലുമായി സദാസമയം വിനിയോഗിക്കുക എന്നതാണ്. ഉപജീവനം സാധ്യമാകാന്‍ ജോലികളില്‍ വ്യാപൃതമാകാന്‍ ശറഅ് ആവശ്യപ്പെടുന്നു. തൊഴിലില്ലായ്മയെ ആശ്രയിക്കുന്നതിനെ മതം വിരോധിക്കുകയാണ് ചെയ്തത് എന്ന് ഇവര്‍ പറയാന്‍ പാടില്ല.
കാരണം യുവാവിന്റെ ചിലവ് പിതാവ് സ്പോണ്സര് ചെയ്തതാണ്. പിതാവോ, മറ്റുള്ളവരോ നിന്റെ ചിലവ് സ്പോണ്സര് ചെയ്യാത്തപ്പോഴാണ് ജോലി അന്വേഷിച്ച് അങ്ങാടിയിലേക്ക് ഇറങ്ങേണ്ടത്. ഇതാണ് മതം ആവശ്യപ്പെടുന്നത്. ഇവനെ പോലുള്ളവര്‍ തൊഴില്‍ മേഖലകളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നത്, തൊഴിലില്ലായ്മ ആഗ്രഹിച്ചു കൊണ്ടല്ല. മറിച്ച് തൊഴില്‍ രംഗത്തെ അധ്വാനത്തെ ദീനി പഠനത്തിലായി വിനിയോഗിച്ച് കൊണ്ടുമാണ്. തിരുമേനി പറഞ്ഞു: ഒരാള്‍ക്ക് അല്ലാഹു നന്മ ഉദ്ദേശിച്ചാല്‍ അവന് മത വിഷയത്തില്‍ പരിജ്ഞാനം നല്‍കുന്നതായിരിക്കും. ഇത് എന്റെ പഠനത്തിന്റെ ആദ്യകാലത്തോട് എനിക്ക് ബാധകമായിരുന്നു. എന്റെ വന്ദ്യ പിതാവ് ഉപജീവന മാര്‍ഗ്ഗത്തില്‍ നിന്നും, മറ്റു സമ്പാദന മാര്‍ഗ്ഗത്തില്‍ നിന്നെല്ലാം എന്നെ മാറ്റി നിര്‍ത്തി. എനിക്ക് ആവശ്യമായ എല്ലാ ചിലവുകളും വാപ്പ സ്വന്തത്തില്‍ വഹിച്ചു. എനിക്ക് പതിനഞ്ച് വയസ്സ് പ്രായം കഴിഞ്ഞ സന്ദര്‍ഭത്തില്‍ ഉപ്പ എന്നോട് പറഞ്ഞു. മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ജോലി മുഖേന അല്ലാഹുവിലേക്ക് അടുക്കാന്‍ പറ്റുമെങ്കില്‍ നിന്നെ ഞാന്‍ ഒരു തൂപ്പുകാരനാക്കിയേനെ, അല്ലാഹുവിലേക്ക് എത്തിച്ചേരാനുള്ള മാര്‍ഗ്ഗം മതവിജ്ഞാന മേഖലയിലാണെന്ന് എനിക്ക് ബോധ്യമുള്ളതിനാല്‍, വിജ്ഞാന മേഖലയില്‍ പ്രവേശിക്കുക. എന്റെ പിതാവിന്റെ തീരുമാനത്തിലും പ്രതിബദ്ധതയിലുമായി എന്നെ അല്ലാഹു തജ്രീദിന്റെ അവസ്ഥയില്‍ നിലനിര്‍ത്തി.ഇത് അംഗീകരിച്ച് ജീവിക്കാനാണ് എന്നോടുള്ള മതകീയ ഉത്തരവ്.
ആ കാലത്ത് ഒരുപാട് കുട്ടുകാര്‍ എന്നോട് അവരുടെ കൂടെ അധ്വാനത്തിന്റെ മാര്‍ഗ്ഗത്തിലും, തൊഴില്‍ മേഖലയിലുമായി ധനം സ്വരൂപിക്കാന്‍ എന്നെ ക്ഷണിച്ചു. എന്റെ പിതാവ് എന്നെ വഴിനടത്തിയ സമീപനത്തിന്റെ തുടര്‍ച്ച എന്നെ സമൂഹത്തെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുമെന്നും എന്നെ ഭിക്ഷാടനത്തിന്റെ പാതയിലേക്ക് നയിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്കി.എന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റി, എന്നെ പിതാവ് പ്രവേശിപ്പിച്ച മാര്‍ഗ്ഗത്തില്‍ ഞാന്‍ ക്ഷമയോടെ മുന്നോട്ട് പോയി. എന്റെ കൂട്ടുകാരുടെ പ്രലോഭനങ്ങളെയും, മുന്നറിപ്പുകളെയും ഞാന്‍ തിരസ്കരിച്ചു. ഞാന്‍ ചെയ്യുന്നത് മതകീയ വിധികളോട് യോജിച്ചാണോ വിയോജിച്ചാണോ എന്ന് എനിക്കറിയില്ലായിരുന്നു. എന്നെ പിതാവ് വഴിനടത്തിയ പാതയിലായി, പിതാവിന്റെ കല്‍പ്പനയെ അനുസരിച്ചുവെന്നത് എനിക്കുറപ്പാണ്. ഇതു തന്നെയാണ് അല്ലാഹുവിന്റെ കല്‍പ്പനയും.
എന്റെ പിതാവിന്റെ കല്‍പ്പനയോട് പ്രതികരിക്കുന്നതിനു പുറമേ, ദൈവത്തിന്റെ നിയമത്തോടും ആജ്ഞയോടും പ്രതികരിക്കുന്നതിലും ഞാന്‍ സ്ഥിരത പുലര്‍ത്തിയിരുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. എന്റെ പിതാവിന്റെ കല്പ്പനകള്ക്ക് ഉത്തരം നല്കി എന്നത് ശറഇയ്യായ കല്പ്പനയ്ക്കും ഉത്തരം നല്കി എന്നത് കൂടെയാണ്. എന്നെ വൈജ്ഞാനിക മേഖലയിലേക്ക് വഴിനടത്തിയ പിതാവ് ഇന്ന് സന്തോഷവാനാണ്. എനിക്ക് വേണ്ടി അദ്ദേഹം തിരഞ്ഞെടുത്ത പാതയില്‍ തൃപ്തനുമാണ്. ചില കൂട്ടുകാര്‍ എന്നെക്കുറിച്ച് മുന്നറിയിപ്പ് നല്കിയ ഒരു ആശയവും ഞാന്‍ ഗൗനിച്ചില്ലെന്നതില് സംശയമില്ല, അവര്‍ മുന്നറിയിപ്പ് നല്കിയ കാര്യത്തിന്റെ വിപരീതദിശയിലാണ് ഞാന്‍ ഇന്ന് എത്തിച്ചേര്‍ന്നത്. ഞാന്‍ വിചാരിക്കാത്ത വിധത്തിലുള്ള ഒട്ടനവധി ദൈവീകാനുഗ്രഹങ്ങള്‍ എനിക്ക് ലഭിച്ചു. എണ്ണമറ്റ അനുഗ്രഹങ്ങള്‍ എനിക്കു നല്കി.
മൂന്നാമത്തെ ഉദാഹരണം, കടയിലോ അങ്ങാടിയിലോ ഉപജീവന മാര്‍ഗ്ഗത്തില്‍ പ്രവേശിക്കേണ്ട അവസ്ഥയാണ് ഒരു വ്യക്തിക്ക് അല്ലാഹു നല്‍കിയത്. തൊഴില്‍ കഴിഞ്ഞാല്‍ അവന് മടങ്ങുന്നത് തന്നെ അല്ലാഹു ചുമതലപ്പെടുത്തിയ കുടുംബത്തിലേക്കാണ്. എല്ലാ ദിവസവും രാവിലെ ഒമ്പത് മണി മുതല്‍ ഏഴ് മണിവരെ ജോലി ചെയ്താല്‍ തനിക്കും തന്റെ കുടുംബത്തിനും ചിലവിന് ആവശ്യമായതത്രയും ലഭിക്കും. ഈ മനുഷ്യനോടുള്ള മതകീയ കല്‍പ്പന ഇതാണ്. രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം ഏഴു മണി വരെ അസ്ബാബുമായി ബന്ധപ്പെടേണ്ട അവസ്ഥയിലാണ്. ഇതുമായി ബന്ധപ്പെടുക എന്നത് അദ്ദേഹത്തിന് നിര്‍ബന്ധമായ കാര്യമാണ്. എന്നാല്‍ അതിന് മുമ്പുള്ള അവസ്ഥ രാവിലെ മുതല്‍ തലേദിനത്തെ വൈകുന്നേരം വരെയുള്ള സമയത്തില്‍ നിന്നെ അല്ലാഹു നില നിര്‍ത്തിയത് തജ്രീദിലാണ്. അപ്പോള്‍ നീ നിന്റെ ദൈനംദിന ജോലിയുടെ രണ്ടു ഭാഗങ്ങളില്‍ തജ്രീദ് ആവശ്യപ്പെടുന്ന ആരാധന കര്‍മ്മങ്ങളില്‍ മുഴുകേണ്ടത് നിര്‍ബന്ധമാണ്. അതിനാല്‍ ഈ സമയം ഇസ്ലാമിക പഠനത്തിനും, അതിന്റെ വികാസത്തിനും, ആരാധന കര്‍മ്മങ്ങള്‍ക്കുമായി വിനിയോഗിക്കുക. അസ്ബാബില്‍ കഴിയേണ്ട സമയവും, തജ്രീദില് കഴിയേണ്ട സമയവും കൃത്യമായി ശറഅ് വ്യക്തമാക്കിയിട്ടുണ്ട്. ഈ സമയം കൃത്യമായി മനസ്സിലാക്കി, അതാതു സമയങ്ങളില്‍ ഈ രണ്ടു അവസ്ഥകളെയും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണം. ഒരു അവസ്ഥയെ പരിഗണിക്കാന്‍ വേണ്ടി മറ്റേ അവസ്ഥയെ അവഗണിക്കല്‍ അരുതാത്തതാണ്.
ഞാന്‍ കഴിഞ്ഞ കാലത്തെ പറ്റി ഓര്‍ക്കുകയാണ്.ഒരുപാട് ജനങ്ങള്‍ ഈ നാട്ടില്‍ വ്യാപാര രംഗത്ത് സജീവമായിരുന്നു. അതോടൊപ്പം ഇബ്നു അത്വാഅ് (റ) പറഞ്ഞ ഈ ഉപദേശത്തെ സ്വീകരിച്ചവരുമായിരുന്നു. ഇത് കേവലമൊരു ഉപദേശം മാത്രമല്ല,ഒരു മതശാസന കൂടെയാണ്. ആദ്യകാലത്തെ പ്രശസ്ത വ്യപാരിയാണല്ലോ ബാഷ.അദ്ദേഹത്തിന്റെ കാലത്തെ സ്തുത്യര്‍ഹമായ നഗരത്തെ ഞാന്‍ ഒരു ഉദാഹരണമായി വെക്കുന്നു. ആ കാലത്ത് അങ്ങാടികള്‍ രാവിലെ പത്ത് മണിക്ക് മുമ്പ് തുറന്നു പ്രവര്‍ത്തിച്ചിരുന്നില്ല. മഗ്രിബ് ബാങ്ക് വിളിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വരെയാണ് വ്യാപാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. പകല്‍ സമയത്ത് അങ്ങാടികള്‍ തിരക്കു പിടിച്ച കച്ചവടങ്ങള്‍ കൊണ്ട് സജീവമായിരിക്കും. മഗ്രിബിന്റെ സമയം അടുത്താല്‍ പട്ടണങ്ങളൊക്കെയും ആളൊഴിഞ്ഞു തുടങ്ങും. കടകളും, വ്യാപാര ചന്തകളും അടച്ചു തുടങ്ങും. അങ്ങനെ അസ്തമയ സമയത്തോടെ ചലനമറ്റു കിടക്കുന്ന പട്ടണങ്ങള്‍ക്ക് വിജനതയുടെ പ്രതീതി കൈവരും.
പട്ടണത്തിന്റെ ചാലകശക്തികളായ കച്ചവടക്കാരും,ധനികരും, തൊഴിലാളികളുമെല്ലാം വിദ്യാര്‍ത്ഥികളായി മാറുന്നു. അവര്‍ അസ്തമയാനന്തരം മതജ്ഞാനം കരസ്ഥമാക്കാന്‍ പള്ളികളിലേക്കും, പണ്ഡിതന്മാരുടെ വീട്ടിലേക്കും നീങ്ങിത്തുടങ്ങും. വ്യാപാരത്തിന്റെ എല്ലാ ചിന്തകളില്‍ നിന്നും അകലം പാലിച്ചു കൊണ്ടാണ് അവര്‍ ഗുരുമുഖത്തേക്ക് നീങ്ങുന്നത്. ഫിഖ്ഹ് (കര്‍മ്മശാസ്ത്രം), അഖീദ (വിശ്വാസ ശാസ്ത്രം, തഫ്സീര്‍ ( ഖുര്‍ആന്‍ വ്യഖ്യാന ശാസ്ത്രം) തുടങ്ങിയ വിഷയങ്ങളുടെ ഗ്രന്ഥങ്ങള്‍ കൈയ്യില്‍ കരുതിയാണ് എല്ലാവരും പണ്ഡിതന്മാരുടെ സമീപത്തേക്ക് ചെല്ലുന്നത്. ഇസ്ലാമിക വൈജ്ഞാനിക മേഖലയുടെ ആഴത്തിലിറങ്ങാന്‍ വേണ്ടി അത്യധികം പ്രാധാന്യപൂര്‍വ്വമാണ് ജ്ഞാനലോകത്തേക്ക് അവര്‍ മുന്നിട്ടിറങ്ങിയിരുന്നത്.
പ്രഭാതമായാല് വീണ്ടും അവര്‍ വൈജ്ഞാനിക മേഖലയിലേക്ക് തന്നെ നീങ്ങിയിരുന്നു. അക്കാലത്തെ പ്രഗത്ഭ പണ്ഡിതന്മാരുടെ വ്യത്യസ്തമായ പഠന ക്ലാസ്സുകളുടെ പരമ്പരയില്‍ അവര്‍ സന്നിഹിതരായിരുന്നു. അത് കഴിഞ്ഞ് വീണ്ടും വീട്ടിലേക്ക് മടങ്ങി തന്റെ കുടുംബക്കാരോടൊത്ത് പ്രാതലും ചെറിയ വിശ്രമവും കഴിഞ്ഞ് ഏകദേശം പത്തു മണിയാകുമ്പോള്‍ എല്ലാവരും വ്യാപാരത്തിനായി പട്ടണങ്ങളിലേക്ക് നീങ്ങും. ഇതായിരുന്നു അവരുടെ പതിവ്. ഈ കച്ചവടക്കാരുടെ ദിനരാത്രികള്‍ അസ്ബാബും, തജ്രിബയും ഇഴകിച്ചേര്‍ന്നതാണ്. അവരെല്ലാവരും ഈ ഓരോ അവസ്ഥയുടെയും വിഹിതങ്ങള്‍ കൃത്യമായി മാനിച്ച് അതാതു സമയങ്ങളെ പരിഗണിച്ചിരുന്നു. ഒരു അവസ്ഥയെ പരിഗണിക്കാന്‍ മറ്റൊരു അവസ്ഥയെ അവര്‍ അവഗണിച്ചിട്ടില്ല.
ഞാന്‍ വിവരിച്ച ഈ രൂപം, ഇന്നത്തെ കച്ചവടക്കാരെയും, തൊഴിലാളികളെയും സംബന്ധിച്ചെടുത്തോളം നടക്കാത്ത ഒരു പ്രക്രിയയായി മാന്യ വായനക്കാര്‍ക്ക് അനുഭവപ്പെട്ടേക്കാം.അതെ, ഇത് പ്രയോഗിക തലത്തില്‍ നടക്കാത്ത കാര്യം തന്നെയാണ്. കാരണം, ഇവര്‍ക്ക് ശേഷമുള്ളവര്‍ ഭൗതികതയുടെ ചെളിക്കുണ്ടില്‍ അകപ്പെട്ടു കഴിഞ്ഞിരുന്നു. അവര്‍ ധന സമ്പാദനത്തിനായ് വ്യാപാര മേഖലയില്‍ മുഴു സമയവും മുഴുകിക്കഴിഞ്ഞു. പൂര്‍ണ്ണമായും സ്ഥിരമായി കാരണങ്ങളുടെ ലോകത്തിനായി വിനിയോഗിച്ചു. വ്യാപാരത്തിനും പണത്തിനും പിന്നിലെ അവരുടെ സ്ഥിരമായ മുന്നേറ്റം, അവരുടെ രാത്രികളും സായാഹ്നങ്ങളും വ്യാപാര പ്രശ്നങ്ങളെക്കുറിച്ചും അവയുടെ അപാകതകളെക്കുറിച്ചും അവയെ മറികടക്കാനുള്ള വഴികളെക്കുറിച്ചുമുള്ള ചര്‍ച്ചകളും ഗൂഢലോചനകളുമായി വഴിമാറി. ഇതിനിടയില്‍ വല്ല ഒഴിവും അവര്‍ക്ക് കിട്ടിയാല്‍ പാര്‍ട്ടികള്‍, വിരുന്നുകള്‍, സായാഹ്ന പാര്‍ട്ടികള്‍, മറ്റു ഭൗതികമായ ചര്‍ച്ചകള്‍ എന്നിവയ്ക്കായി വിനിയോഗിച്ചു. നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവരുടെ മുന്‍ഗാമികള്‍ സഞ്ചരിച്ച പാതയിലേക്ക് വഴി നടത്താന്‍ അല്ലാഹു തൗഫീഖ് കൊണ്ട് സഹായിക്കുന്നവനാണ്. ജീവിതത്തിന്റെ രണ്ട് അവസ്ഥകളെയും മാനിച്ചു കൊണ്ട് പ്രവര്‍ത്തിച്ചവരായിരുന്നു മുന്‍ഗാമികള്‍.ഈ നാട്ടിലെ വൃദ്ധന്മാരുടെ ഹൃദയങ്ങളില്‍ ഇന്നും ആ മധുരിക്കുന്ന ഓര്‍മ്മകളുണ്ട്. സുഗന്ധ പൂരിതമായ സ്മരണകള്‍ എന്റെ പ്രായംചെന്ന സഹോദരങ്ങളുടെ മനങ്ങളില്‍ ഇന്നും പുതുതായി തന്നെ നിലനില്‍പ്പുണ്ട്.
നാലാമത്തെ ഉദാഹരണം, പഠനത്തിനായി അമേരിക്കയിലേക്ക് പോയ ഒരു വ്യക്തിയിലൂടെ സഞ്ചരിക്കാം. പഠനം പൂര്‍ത്തിയായപ്പോള്‍ ധനസമ്പാദനത്തിലും, ആഡംബര ജീവിതത്തോടും അതിയായി താത്പര്യമുള്ള ഇദ്ദേഹം ഭാര്യ- സന്താനങ്ങളോടൊത്ത് അവിടെ സ്ഥിര താമസമാക്കി. വലിയ സാമ്പത്തിക വരുമാനമുള്ള ജോലികളുടെ പ്രലോഭനങ്ങള്‍ക്ക് ഉത്തരം നല്കിയ അവന് സുഖസുന്ദരമായി ജീവിതം തുടര്‍ന്നു. വര്‍ഷങ്ങള്‍ പിന്നിട്ടു. അവിടെ അവന്റെ മുമ്പിലെ എല്ലാ സാഹചര്യങ്ങളോടും കൃത്യമായി പ്രതികരിക്കുന്നു.അവന് ശരീഅത്ത് അനുസരിച്ച് അസ്ബാബുകളുടെ ലോകത്താണോ, അതോ തജ്രീദിന്റെ ലോകത്താണോ നിലകൊള്ളുന്നത്. അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും അഭിമുഖീകരിക്കുന്ന സാഹചര്യമാണ് ഈ ചോദ്യത്തിന് ഉത്തരം നല്‍കുന്നത്. അത് എന്താണെന്ന് നമുക്ക് നോക്കാം.
അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും മക്കളും വളരുന്ന സാഹചര്യം ചിന്തിക്കുകയാണെങ്കില്‍ ഒരു കാര്യം വ്യക്തമാണ്. അവന്റെ മക്കള്‍ വളര്‍ച്ച പ്രാപിക്കുന്നത് ഒരമേരിക്കന്‍ സംസ്കാരത്തിലാണ്. ഒരുപക്ഷേ, മാതാപിതാക്കള്‍ അവരുടെ പ്രതിജ്ഞാബദ്ധമായ ഇസ്ലാമിക ഭൂതകാലത്തോട് കടപ്പെട്ട് കഴിയുന്നവരായിരിക്കാം. എന്നാല്‍ കുട്ടികള്‍ ഒരു പ്രതിബദ്ധതയുമില്ലാത്ത അമേരിക്കന്‍ പ്രവാഹത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നുവെന്നത് വളരെ വ്യക്തമാണ്. എന്റെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ഞാന്‍ ശ്രദ്ധിക്കുകയും,അവിടെയുള്ള നിരവധി ഇസ്ലാമിക കുടുംബങ്ങളുമായി ബന്ധപ്പെടുകയും ചെയ്തപ്പോഴും വ്യക്തമായ കാര്യമാണിത്.
അതിനാല്‍ ഈ മനുഷ്യനോട് ശറഅ് പറയുന്നത് ഇതാണ്.നിങ്ങള്‍ ഇവിടെ ഇടപെടുന്ന ജീവിത സന്ധാരണ മാര്‍ഗ്ഗം ദൈവത്തിന്റെ മാര്‍ഗ്ഗ നിര്‍ദേശങ്ങളും, വിധിവിലക്കുകളും അംഗീകരികരിച്ചു കൊണ്ടല്ല. മുക്തനായി നില്‍ക്കേണ്ട അവസ്ഥയില്‍ നിന്നും നിങ്ങള്‍ മാറിനില്ക്കുന്നവനുമാണ്. ശരീഅത്തിന് അനുസൃതമായ ജീവസന്ധാരണ മാര്‍ഗ്ഗം നീ സഞ്ചരിച്ച പതയിലല്ല. അത് നിന്റെ സ്വദേശമാണ്. അതിനായി ആ ദേശം നിന്നെ കാത്തിരിക്കുന്നു. ഇതിന്റെ ഏറ്റവും വലിയ തെളിവ് നിങ്ങളുടെ മക്കളാണ്. തെളിച്ചു പറഞ്ഞാല്‍, നിങ്ങള്‍ സഞ്ചരിച്ച പാതയില്‍ നിന്നും പ്രതിപത്തി പുലര്‍ത്തിയതില്‍ നിന്നും അവര്‍ സാവകാശം മാറി സഞ്ചരിക്കുകയും, അതിവേഗം ഇസ്ലാമികേതര ആശയങ്ങളിലേക്കും ജീവിതത്തിലേക്കും നീങ്ങുകയും ചെയ്യുന്നു. അമേരിക്കന്‍ ജീവിത രീതികളെ അനുഗമിക്കുകയും, അമേരിക്കന്‍ തത്ത്വചിന്തകളെ ആവാഹിക്കുകയും ചെയ്യുന്നവരാണ് നിങ്ങളുടെ കുട്ടികള്‍. അവരുടെ ഹൃദയത്തില്‍ ഈമാനികമായ തുടിപ്പുണ്ടെങ്കില്‍, ഇബ്നു അത്വാഅ് (റ)വിന്റെ ഈ ഉപദേശം കാത് കൂര്‍പ്പിച്ച് കേള്‍ക്കുകയും, ഹൃദയാവരിക്കുകയും ചെയ്യേണ്ടതുണ്ട്.
ഈ ഉപദേശത്തിന്റെ നിവര്‍ത്തിക്കായി അവന്റെ മുമ്പിലുള്ള മാര്‍ഗ്ഗം സ്വദേശത്തേക്ക് മടങ്ങലാണ്. നീ പഠനത്തിനായി പുറപ്പെടുന്നതിന് മുമ്പ് ഇസ്ലാമിക പരിതസ്ഥിതിയില്‍ ജീവിച്ച നിന്റെ സ്വദേശത്ത് തിരിച്ച വന്ന് ജീവിത സന്ധാരണ മേഖലയില്‍ പ്രവേശിച്ച് ജീവിതം കൃത്യപ്പെടുത്തുക. ഇവിടുത്തെ സമൃദ്ധിയോ ആഢംബരങ്ങളോ എന്റെ നാട്ടിലെ തൊഴിലുകള്ക്കുണ്ടാവില്ല എന്നാണോ പറയുന്നത്. നിശ്ചയം അല്ലാഹു ദീന് സംരക്ഷിക്കാന്‍ വേണ്ടി ഉപജീവന മാര്‍ഗ്ഗം ത്യജിക്കാന്‍ ആവശ്യപ്പെടുന്നു. ഉപജീവനം മാര്‍ഗ്ഗം സംരക്ഷിക്കാന്‍ മതത്തെ ത്യജിക്കാന്‍ ആവശ്യപ്പെടുന്നില്ല. സാമ്പത്തികവും ലൗകികവുമായ അഭിവൃദ്ധിയില്‍ കഴിയുന്ന നിങ്ങള്‍ അവന്റെ കല്‍പ്പനകള്‍ പാലിക്കാനും അവന്റെ നിയമം അനുസരിക്കാനും തീരുമാനിച്ചതിനാല്‍ നിങ്ങള്‍ ദാരിദ്ര്യത്തിലായി പര്യവസാനിക്കുന്നതില് നിന്ന് പരിരക്ഷിക്കുന്ന ഔദാര്യവാനാണ് അല്ലാഹു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വല്ലവനും സ്വദേശം വെടിഞ്ഞ് പോകുന്ന പക്ഷം ഭൂമിയില്‍ ധാരാളം അഭയസ്ഥാനങ്ങളും ജീവിത വിശാലതയും അവന് കണ്ടെത്തുന്നതാണ് (4-100). ഈ വിശുദ്ധ വചനം വായിക്കുക. ദൈവീക മാര്‍ഗ്ഗത്തില്‍ വല്ല പ്രയാസവും അനുഭവിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് പിന്നീട് അല്ലാഹു സന്തോഷവും സമാധാനവും തൃപ്തികരമായ ജീവിതവും സമ്മാനിക്കുന്നതാണ്.
ഞാന്‍ ഒരു സംഭവം ഓര്‍ക്കുന്നു. ദിമശ്ഖിലെ അല്‍ സന്ജാകര് (Alnsjkdar Mosque) പള്ളിയില്‍ വെച്ച് ഇബ്നു അത്വാഅ് (റ)വിന്റെ ഹികം ദര്സില് വഞ്ചിതനായ വ്യക്തിയുണ്ട്. അദ്ദേഹം യുവാവാണ്. അവന് തജ്രിബയിലായിരുന്നു.സാഹചര്യങ്ങള്‍ അദ്ദേഹത്തിന്റെ അവസ്ഥയെ അട്ടിമറിച്ചു. കഠിനമായ സാഹചര്യത്തിലൂടെ സഞ്ചരിക്കുന്ന യുവാവിന് ഒരുപാട് പണത്തിന്റെ ആവശ്യമുണ്ടായിത്തീര്ന്നു. അദ്ദേഹത്തിന് ആവശ്യമായ പണം ലഭിക്കുന്ന അനുവദനീയമായ ജോലികളുണ്ടായിരുന്നില്ല. ഉള്ള ജോലികള്‍ മതത്തില്‍ നിഷിദ്ധമാക്കപ്പെട്ടവയാണ്.അവന് ഈ ജോലിയില്‍ പ്രവേശിച്ചു.ഒരുവേള എന്നോട് അവന് ചോദിച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ ഇങ്ങനെയുള്ള ജോലി ചെയ്യുന്നതിന്റെ മതകീയ മാനം എന്താണ്?.അവന് കടിച്ചിറക്കുന്ന പ്രയാസകരമായ സാഹചര്യത്തെ ഓര്‍ത്തും, അല്ലാഹുവിന്റെ വിധികളെ വളരെ സൂക്ഷ്മതയോടെ നിര്‍വ്വഹിക്കേണ്ടതിന്റെ അനിവാര്യതയെ ഓര്‍ത്തും, ഞാന്‍ നിശ്ചലനായി. അവന്റെ ആത്മാര്‍ത്ഥമായ ഈ ഇടപെടല്‍ എനിക്ക് ഇങ്ങനെ പറയാന്‍ ധൈര്യം പകര്‍ന്നു.’നിങ്ങള്‍ എന്നോട് കൂടിയാലോചിച്ചിരിക്കുന്നു. നിങ്ങളുടെ ഉപദേശകന് വിശ്വാസ യോഗ്യനാണ്. നിങ്ങളുടെ വിലയേറിയ വിശ്വാസത്തെ വിശ്വാസവഞ്ചനയുടെ അടിസ്ഥാനത്തില്‍ നിങ്ങളെ ഒറ്റിക്കൊടുക്കുന്നത് അനുവദനീയമല്ല, അത് നിങ്ങള്‍ക്ക് വിലപ്പെട്ടതാണെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഈ പ്രവൃത്തി നിയമവിരുദ്ധമാണ്’.അങ്ങനെയത് അവന് സ്വീകരിച്ചു.ക്ഷമയോടെ അവന് ജീവിതം മുന്നോട്ട് നയിച്ചു.
മറ്റൊരു ദിവസം അവന് മറ്റൊരു ജോലിയെ പറ്റി ചോദിച്ചു.അതേക്കുറിച്ച് മനസ്സിലാക്കിയ ഞാന്‍ മുമ്പ് ആവര്‍ത്തിച്ച അതേ മറുപടി നല്കി. ക്ഷമയോടെ അവന് തന്റെ നിലവിലെ അവസ്ഥ തുടര്‍ന്നു.ഇങ്ങനെ ക്ഷമ കൈവരിച്ച ഇദ്ദേഹത്തിന് സംഭവിച്ചത് എന്താണ്?. നല്ല സമ്പാദ്യമുള്ള ഒരു ഉപജീവനമാര്‍ഗ്ഗം അവന്റെ മുമ്പില്‍ അല്ലാഹു തുറന്നുവെച്ചു.അതവന്റെ വിചാര ലോകങ്ങള്ക്കുമപ്പുറത്തായിരുന്നു.പിന്നീട് അവന് മദീനയിലേക്ക് താമസം മാറ്റി. വിവാഹം കഴിച്ചു. ദൈവം അദ്ദേഹത്തിന് മക്കളെ നല്കി, ശേഷം വീണ്ടും അദ്ദേഹം തന്റെ ജന്മനാടായ ഡമാസ്കസിലേക്ക് മടങ്ങി.ഒരു വിശാലമായ വീട് വാങ്ങി. നിയമാനുസൃതമായ ജോലികളിലൂടെയാണ് ഇതെല്ലാം ഇവന് സ്വായത്തമാക്കിയത്.അവന് പരീക്ഷണത്തിന് വിധേയമായ കാലത്ത് തജ്രീദിലായി ക്ഷമയോടെ ജീവിച്ചു. അവന് ശരീഅത്ത് നിയമത്തിനനുസൃതമായി കാരണങ്ങളുടെ ലോകത്തേക്ക് നീങ്ങിയപ്പോള്‍ അല്ലാഹു അവനെ ആദരിച്ചു.
നമ്മുടെ പെരുമാറ്റച്ചട്ടങ്ങള്‍ ഈ മതകീയ നിയമത്തിന് അനുസൃതമായിരിക്കുമെന്ന് നമുക്ക് അല്ലാഹുവോട് പ്രതിജ്ഞയെടുക്കാം.ഈ നിയമം ഇബ്നു അത്വാഅ് (റ) വ്യക്തമായി നമുക്ക് വിവരിച്ച് തന്നിട്ടുണ്ട്. നമുക്കത് വായിക്കാം. അല്ലാഹു നിന്നെ അസ്ബാബില്‍ നിലനിര്‍ത്തിയിരിക്കെ, തജ്രീദിനെ ആഗ്രഹിക്കുന്നത് പരോക്ഷമായ ദേഹേച്ഛയാണ്. അല്ലാഹു നിന്നെ തജ്രീദില് നിലനിര്‍ത്തിയിരിക്കെ, അസ്ബാബിനെ ആഗ്രഹിക്കുന്നത് സമുന്നതമായ ഇച്ഛാശക്തിയില്‍ നിന്നുള്ള പതനമാണ്.

വിവർത്തനം: സ്വഫ്വാൻ ബി. എം
Lecturer at the Faculty of Sharia at the University of Damascus in 1960. He went to Al Azhar University for a doctorate in Shariah and received his doctorate (PhD) in 1965.
