തെറ്റിലകപ്പെടുമ്പോൾ പ്രതീക്ഷ കുറയുന്നുവെന്നത്, കർമ്മങ്ങളെ ആസ്പദിക്കുന്നതിന്റെ അടയാളമാണ്

മനുഷ്യജീവിതത്തിന്റെ അർത്ഥത്തെയും അടിമയും ഉടമയും തമ്മിലുള്ള ബന്ധത്തെയും അടിമ ജീവിതത്തിൽ സ്വീകരിക്കേണ്ട സമീപനരീതികളെയും വിശകലനം ചെയ്യുന്ന അധ്യാത്മിക ഗ്രന്ഥമാണ് ഇബ്നു അത്വാഇല്ലാഹി അസ്സിക്കന്ദരിയുടെ അൽഹികം. സൂഫി ഗ്രന്ഥങ്ങളിൽ സവിശേഷ സ്ഥാനമർഹിക്കുന്ന ഈ കൃതിക്ക് അനേകം വ്യാഖ്യാനങ്ങളുണ്ട്. ശൈഖ്‌ ഡോ. സഈദ് റമദാൻ ബൂത്വിയുടെ വ്യാഖ്യാനത്തിന്റെ ആശയ സംഗ്രഹം ആരംഭിക്കുന്നു
സ്രഷ്ടാവിനെ അറിയലാണ് മനുഷ്യ ജീവിതത്തിൻ്റെ ആത്യന്തിക ലക്ഷ്യം. അതു സാധ്യമാക്കാൻ അനിവാര്യമായി അറിഞ്ഞിരികേണ്ട യാഥാർത്ഥ്യങ്ങളെ പരാമർശിക്കുന്നതും, അദ്ധ്യാത്മിക ലോകത്തിൻ്റെ പറുദീസയിലേക്ക് പ്രയാണം നടത്തുന്നതുമായ സാര സമ്പൂർണമായ തത്വോപദേശമാണ് ഹിക്മത്. പഥികൻ്റെ ശിൽപ്പശാലയും, ആത്മജ്ഞാനിയുടെ പറുദീസയുമായ ഹിക്മതുകളുടെ സമാഹാരം അൽ ഹികം ആദ്യ ഉപദേശം ഇവിടെ വായിക്കാം.(വിവർത്തകൻ )

അല്ലാഹുവിന്റെ തൃപ്തി, അവൻ നൽകുന്ന പ്രതിഫലം എന്നിവയിൽ നാം ആത്യന്തികമായി ആശ്രയിക്കേണ്ടത് സ്രഷ്ടാവിന്റെ കരുണ, ഔദാര്യം, കൃപ തുടങ്ങിയവയിലാണ്. പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ട നിസ്കാരം, നോമ്പ്, തുടങ്ങിയവ പോലെ നീ നിർവ്വഹിച്ച സത്കർമ്മങ്ങളെ പ്രതിഫലത്തിനും ദൈവീക പ്രീതിക്കും വേണ്ടി ആശ്രയിക്കരുത്. ഇതാണ് ഇബ്നു അത്വാഅ്‌ (റ) നമ്മോട് പറയുന്നത്.

നമുക്ക് ഇതിന്റെ പ്രമാണികതയിലേക്ക് കടക്കാം. ഇമാം ബുഖാരിയും, മറ്റു ഹദീസ് പണ്ഡിതന്മാരും നിവേദനം ചെയ്ത ഹദീസ് ഇപ്രകാരം വായിക്കാം. തിരുമേനി പറഞ്ഞു, ഒരാളും സ്വന്തം പ്രവർത്തനങ്ങൾ കൊണ്ട് സ്വർഗ്ഗസ്ഥനാവുകയില്ല. സ്വഹാബികൾ ചോദിച്ചു, നബിയേ, അങ്ങ് പ്രവേശിക്കുകയില്ലേ? ഇല്ല. എന്നോടും കരുണ കാണിച്ചാൽ മാത്രമേ ഞാനും സ്വർഗ്ഗത്തിൽ പ്രവേശിക്കുകയുള്ളു. ആകയാൽ കർമ്മങ്ങൾ, സ്വർഗ്ഗപ്രവേശനത്തിനുള്ള ഒരു സമ്പാദ്യമോ, വിലയോ അല്ല.

അടിമ അല്ലാഹുവിന്റെ ഔദാര്യത്തിൽ അവലംബിക്കാതെ, തന്റെ പ്രവർത്തനത്തിലാണ് ആശ്രയിക്കുന്നതെങ്കിൽ, അവൻ തിന്മകളിൽ അകപ്പെടുന്നത് സ്രഷ്ടാവിൻ്റെ വിട്ടുവീഴ്ച്ചയിലുള്ള പ്രതീക്ഷ കുറയുന്നുവെന്നതിന് പ്രകടമായ തെളിവാണ്. തെളിച്ചു പറഞ്ഞാൽ നീ അല്ലാഹുവിന്റെ ഔദാര്യത്തിലോ, അനുഗ്രഹത്തിലോ അവലംബിക്കാതെ, കർമ്മങ്ങളെ അവലംബിക്കുന്നുവെങ്കിൽ സത് പ്രവർത്തനങ്ങൾ കുറയുന്ന സന്ദർഭത്തിലും, തിന്മകൾ അതിരുകടക്കുന്ന അവസ്ഥയിലും സ്രഷ്ടാവിലുള്ള പ്രതീക്ഷ അസ്തമിക്കുന്നതാണ്. താൻ ആശ്രയിക്കുന്നത് കർമ്മങ്ങളെയാണോ, അതോ സ്രഷ്ടാവിന്റെ ഔദാര്യത്തെയാണോ എന്ന് അളന്നു തിട്ടപ്പെടുത്തുന്ന ഒരു മാപിനി കൂടിയാണിത്. ഇതാണ് ഇബ്നു അത്വാഅ്‌(റ) വിന്റെ ആദ്യത്തെ തത്വോപദേശത്തിന്റെ രത്നചുരുക്കം.

ഈ ഹിക്മത്ത് വിശ്വാസം, സ്വഭാവ സംസ്കരണം, തിരുമേനിയുടെ വാചകങ്ങളിൽ പരാമർശിതമായ ആധ്യാത്മിക സരണി തുടങ്ങിയ മേഖലകളിലെ ആഴമേറിയതും, സുപ്രധാനവുമായ വിഷയങ്ങളെ ഉൾവഹിക്കുന്നുണ്ട്. അവയെല്ലാം ഈ വിശദീകരണത്തിൽ അവസരോചിതമായി വിവരിക്കുന്നതാണ്.
പ്രാഥമികമായി ഇബ്നു അത്വാഅ്‌(റ)വിന്റെ തത്വോപദേശങ്ങളെ മൂന്ന് ഇനങ്ങളായി ഗ്രഹിക്കാവുന്നതാണ്. ഒന്ന്, തൗഹീദുമായി ബന്ധപ്പെട്ടവ. രണ്ട്, സ്വഭാവവുമായി ബന്ധപ്പെട്ടവ. മൂന്ന്, സ്വഭാവ സംസ്കരണവും, ആധ്യാത്മികവുമായി ബന്ധപ്പെട്ടവ.
ആദ്യത്തെ ഹിക്മത്തിനെ മുൻനിർത്തി, നമുക്ക് വിശ്വാസവുമായി ബന്ധപ്പെട്ട സൂക്ഷ്മമായ അർത്ഥ തലങ്ങളിലേക്കും, ഇഴകീറിയുള്ള വിശകലനങ്ങളിലേക്കും പ്രവേശിക്കാം.

ജൗഹറത്തു തൗഹീദിന്റെ രചയിതാവ് പറയുന്നു.
“നാം പ്രതിഫലാർഹരായാൽ അത് അവന്റെ അപാരമായ ഔദാര്യം കൊണ്ടാണ്.നാം ശിക്ഷയ്ക്ക് പാത്രിഭൂതരായാൽ, അതവന്റെ നിതീ പാലനത്തിന്റെ ഭാഗം മാത്രമാണ്”.

എല്ലാ വിശ്വാസികളും മുൻഗാമികളായ വിശ്രുതർ അനുവർത്തിച്ചുപോന്ന ഈ വിശ്വാസത്തിലധിഷ്ഠിതമായിരിക്കണം.

പ്രത്യക്ഷാർത്ഥത്തിൽ ബോധ്യമാവുന്നത്, പരലോക പ്രതിഫലമെന്നത് നാം നിർവഹിച്ച സത്പ്രവർത്തനത്തിന്റെ ഫലമാണെന്ന് ചിലർ പറയുന്നുണ്ടെങ്കിലും, സ്രഷ്ടാവും അടിമയും തമ്മിലുള്ള ബന്ധത്തെ പറ്റിയുള്ള ഗൗരവമായ ചിന്താ-മനനങ്ങൾ ബോധ്യപ്പെടുത്തുന്നത് ഇത് ശരിയല്ലെന്നാണ്‌. ഞാൻ ചെയ്ത പ്രവർത്തനമാണ് എന്നെ പ്രതിഫലത്തിന് അർഹനാക്കിയത്/ എന്നെ സ്വർഗ്ഗസ്ഥനാക്കിയത് തുടങ്ങിയ വിശ്വാസ സങ്കൽപ്പങ്ങൾ പ്രകാശിപ്പിക്കുന്ന ആശയം സമീകരിക്കപ്പെടുന്നത് മനുഷ്യർക്കിടയിലെ കച്ചവടത്തോടാണ്. അല്ലാഹു സ്വർഗ്ഗത്തിന് ഒരു മൂല്യം നിർണ്ണയിച്ചിട്ടുണ്ട്. ദിർഹം- ദീനാറോ മറ്റു പണത്തുട്ടുകളോ ഈ മൂല്യത്തെ പ്രതിനിധീകരിക്കുകയോ പകരമാവുകയോ ചെയ്യുന്നില്ല. ആരാധനകൾ നിർവഹിക്കുക, കൽപ്പനകൾ അനുസരിക്കുക, നിന്ദ്യമായത് ഒഴിവാക്കുക എന്നിവയാണ് ഈ മൂല്യത്തിന് പകരമാകുന്ന സമ്പാദ്യം. അതിനാൽ ആരാധനകൾ നിർവഹിക്കുകയും, നിഷിദ്ധമായവ കൈയൊഴിക്കുകയും ചെയ്താൽ സ്വർഗ്ഗത്തിന്റെ മൂല്യമുള്ള വില തയ്യാറാവുകയാണ്. അതു നൽകി അവൻ സ്വർഗ്ഗത്തെ ഉടമപ്പെടുത്തുന്നു. വാങ്ങിയ കച്ചവട വസ്തുവിൻ്റെ അവകാശിയായി തീരുന്നതുപോലെ. ഞാൻ ചെയ്ത സുകർമ്മങ്ങൾ മുഖേന എനിക്ക് പ്രതിഫലം ലഭിക്കുന്നുവെന്ന് പറയുമ്പോൾ ഇത് മാത്രമാണ് ഉണ്ടാകുന്ന അർത്ഥം. എന്നാൽ വസ്തുത ഇപ്രകാരമാണോ? അഥവാ, സ്രഷ്ടാവ് നിന്നോട് കൽപ്പിച്ച കാര്യങ്ങൾ നിർവ്വഹിച്ചത് കൊണ്ടാണോ പറുദീസയുടെ അവകാശിയും, ഉടമസ്ഥരുമായി മാറുന്നത്. അതും വിയർത്തൊലിക്കുന്ന നിന്റെ കഠിനധ്വാനം കൊണ്ടുമാണെന്നോ? ഭൂ ഉടമയിൽ നിന്ന് അയാൾ കച്ചവടത്തിന് ആവശ്യപ്പെട്ട മൂല്യം നൽകി നിർണ്ണിത സ്ഥലത്തിന്റെ ഉടമസ്ഥനാവുന്നതിനു സമാനമാണോ? നീ ഗൗരവമായി ചിന്തിച്ചാൽ ഇതിനിടയിൽ വലിയ അന്തരം ബോധ്യപ്പെടും. വിൽപ്പനക്കാരൻ ആവശ്യപ്പെട്ട തുക നൽകി ഞാൻ കൈവശപ്പെടുത്തിയ തോട്ടത്തിൽ, എൻ്റെ ഉടമാവകാശം ഞാൻ സ്ഥാപിക്കുന്നത് വിൽപ്പന നടത്തിയവന് എന്റെ മേൽ യാതൊരു വിധത്തിലുള്ള ഒരു ഔദാര്യ നിർവ്വഹണവും ഇല്ലാത്ത വിധത്തിലാണ്. അതും നിയമാനുസൃതമായ എല്ലാ നിബന്ധനകളും പാലിച്ചാണ് ഞാൻ ഉടമപ്പെടുത്തിയത്. ആ വിൽപ്പന നടത്തിയവനോട് എന്റെ ഭൂമിയിൽ നിന്ന് ഇറങ്ങിപ്പോകാൻ പറയാനുള്ള അവകാശവും, അധികാരവും എനിക്കുണ്ട്. അവൻ ആവശ്യപ്പെട്ട തുക, ഒരു ന്യൂനതയുമില്ലാതെയാണ് ഞാൻ നൽകിയത്. ഇതാണ് മനുഷ്യനും, മനുഷ്യനും തമ്മിലുള്ള ബന്ധം. ഇതിനോട് തത്തുല്യമാണോ പ്രപഞ്ച സ്രഷ്ടാവും അടിമയും തമ്മിലുള്ള ബന്ധം.

നിർബന്ധ കാര്യങ്ങൾ നിർവഹിക്കാനും, നിഷിദ്ധ കാര്യങ്ങൾ കൈയൊഴിക്കാനും സാധിച്ചത് അല്ലാഹു നിനക്ക് കനിഞ്ഞു നൽകിയ തൗഫീഖ് (സുകർമ്മങ്ങൾ നിർവഹിക്കാനുള്ള കഴിവ് സൃഷ്ടിച്ചു നൽകുന്നതിനെയാണ്- തൗഫീഖെന്ന സംജ്ഞയിൽ അർത്ഥമാക്കുന്നത് ) മാത്രമാണ്. ആരാണ് നിസ്കാരം നിർവഹിക്കാൻ നിനക്ക് കഴിവ് നൽകിയത്? വ്രതാനുഷ്ഠാനത്തിന് നിനക്ക് കഴിവ് നൽകിയതോ? സത്യവിശ്വാസം നെഞ്ചേറ്റാനുള്ള ഹൃദയവിശാലത നൽകിയതോ? ഇതെല്ലാം പരമാധികാരിയായ അല്ലാഹുവല്ലേ.

ഈ രണ്ടു രൂപത്തിനിടയിൽ (വില കൊടുത്ത് വസ്തു ഉടമപ്പെടുത്തുന്നതും, സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതും) വലിയ അന്തരമുണ്ട്. നിനക്ക് ഈമാനിനെ പ്രിയം വെക്കാനും, കുഫ്‌റ്, തിന്മ, തെമ്മാടിത്തം തുടങ്ങിയവയെ വെറുക്കാനുമുള്ള മാനസികാവസ്ഥ നൽകിയവൻ ആരാണ്? അല്ലാഹുവിന്റെ ഭവനത്തിൽ പ്രവേശിച്ച് ജമാഅത്ത് നിസ്കാരത്തിൽ പങ്കാളിയാകാനും, ശേഷം ദൈവിക സാമീപ്യത്തിനായുള്ള സത്കർമ്മങ്ങളിലേക്ക് കാത് കൂർപ്പിക്കാനുള്ള ഹൃദയ വിശാലതയും, കഴിവും നൽകിയത് ആരാണ്? അത് സർവ്വാധിപനായ അല്ലാഹുവാണ്. സത്കർമ്മങ്ങൾ തന്റെ ഉടമസ്ഥതയിലുള്ള ഒരു സമ്പാദ്യമാണ്. അത് നൽകി അല്ലാഹുവിൽ നിന്ന് സ്വർഗ്ഗം ഉടമപ്പെടുത്താം. വില നൽകി തോട്ടം ഉടമപ്പെടുത്തുന്നത് പോലെ എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്. ഇങ്ങനെ സാമ്യപ്പെടുത്തുന്നത് വ്യർത്ഥമാണ്.

അതിനാൽ അല്ലാഹുവിന്റെ സ്വർഗ്ഗത്തിനോ, പ്രതിഫലത്തിനോ അർഹനാണെന്ന് വിശ്വസിക്കാൻ പാടില്ല. നിങ്ങളോട് ആവശ്യപ്പെട്ടത് നിങ്ങൾ നിർവഹിച്ചു, നിർബന്ധമാക്കിയത് അനുഷ്ഠിക്കുകയും, നിഷിദ്ധമായവയിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു എന്നൊക്കെയാണെങ്കിൽ പോലും താൻ സ്വർഗ്ഗത്തിന് അർഹനാണെന്ന വിശ്വാസം അരുതാത്തതാണ്. ഇനി നിങ്ങൾ ഇപ്രകാരം വിശ്വസിക്കുന്നുണ്ടെങ്കിൽ, ആ വിശ്വാസം ശിർക്കിന്റെ ഇനങ്ങളിലെ ഗൗരവമേറിയ തലമാണ്.

നിങ്ങൾ നിർവ്വഹിച്ച നിസ്കാരം, മറ്റു കർമ്മങ്ങളെല്ലാം നിന്റെ തന്നെ പ്രവർത്തനത്തിന്റെ ഫലമെന്നാണ് ഈ വിശ്വാസത്തിന്റെ സാരം. സ്രഷ്ടാവിന്റെ കൽപ്പനകൾ അനുസരിച്ചത് തന്റെ സ്വത്വത്തിൽ നിന്നുണ്ടായ ചലന നിശ്ചലനങ്ങൾ കൊണ്ടാണ്. തന്റെ സ്വത്വത്തിൽ നിന്നു മാത്രമാണ് ഈ കൃത്യങ്ങൾ ഉണ്ടാകുന്നത്. അതിനുള്ള കഴിവും, ഉത്ഭവവും, ഉണ്മയുമെല്ലാം തന്റേതായ അസ്തിത്വത്തിൽ നിന്നുമാണ്‌. ഇതിൽ പ്രപഞ്ച നാഥന് യാതൊരു പങ്കുമില്ലെന്നാണ് ഈ മനോഭാവം അർത്ഥമാക്കുന്നത്. താൻ ചെയ്ത അനുസരണ കൃത്യങ്ങളെല്ലാം ഒരുമിച്ചു കൂട്ടി നാഥനു മുമ്പിൽ അവതരിപ്പിച്ച് നീ ഇപ്രകാരം പറയുന്നതു പോലെയുണ്ട്. നീ ഉദ്ദേശിച്ചത് പ്രകാരം ഞാൻ നിന്റെ കൽപ്പനകൾ, എന്റേതായ കഴിവും, ഊർജവും ഉപയോഗിച്ച് ഞാൻ അനുസരിച്ചു. അതിനാൽ എനിക്ക് വാഗ്ദാനം ചെയ്ത സ്വർഗ്ഗം നൽകുക. ഇതാണ് ഈ വിശ്വാസം വെച്ചു പുലർത്തുന്നവന്റെ അന്തരംഗം മന്ത്രിക്കുന്നത്.
കൂടാതെ സത്പ്രവർത്തനമെന്നത് ഒരു കച്ചവടമെന്ന (കൊടുക്കൽ വാങ്ങൽ) പോലെയായി തീരുന്നു. എന്റെ ഉടമസ്ഥതയിൽ നിന്ന് ഞാൻ നിനക്ക് മൂല്യം നൽകി, അതിന്റെ പ്രതിഫലം ഞാൻ നിന്നോട് ആവശ്യപ്പെടുന്നു. അടിമയും, സ്രഷ്ടാവും തമ്മിലുള്ള ബന്ധം ഇപ്രകാരമാണോ? അങ്ങനെയെങ്കിൽ എങ്ങനെയാണ് നിന്റെ സ്വത്വത്തെ സ്രഷ്ടാവിന്റെ മുമ്പിൽ പൂർണ ദാസനായി സമർപ്പിക്കുന്നത്? തിരുമേനി തന്റെ അനുചരന്മാർക്ക് അധ്യാപനം നടത്തിയ ലാ ഹൗല വല ഖുവ്വത്ത ഇല്ലാ ബില്ലാഹ്- എന്ന വിശുദ്ധ വചനവുമായി നിന്റെ ജീവിതത്തിൽ എന്ത് അർത്ഥമാണുള്ളത്. സൃഷ്ടികളുടെ സകല പ്രവൃത്തി – പ്രവർത്തനങ്ങളുടെയും സ്രഷ്ടാവ് അല്ലാഹുവാണെന്ന- വിശ്വാസത്തിൻ്റെ അടിസ്ഥാനപരമായ/ സംശയാതീതമായ പരമ ബോധ്യത്തിനിടയിലും നിന്റെ വിശ്വാസത്തിനിടയിലും എന്ത് ചേർച്ചയാണുള്ളത്! അടിമകളായ നമ്മുടെ പ്രവർത്തനങ്ങളുടെ കർത്താവ് ആരാണ്? എല്ലാം അല്ലാഹു മാത്രമാണ്. ഇതാണ് സ്വലഫു സ്വാലിഹുകൾ വിവരിച്ച വിശ്വാസത്തിന്റെ യഥാർത്ഥ രൂപം. ഇവരാണ് സുന്നികൾ, യഥാർത്ഥ വിശ്വാസം ഉൾകൊണ്ട മുൻഗാമികളെ പ്രതിനിധീകരിക്കുന്ന ആശാഈറ, മാതൂരിദിയക്കാരും വിസ്തരിക്കുന്നതും ഇതു തന്നെയാണ്. ( സൃഷ്ടികളുടെ പ്രവർത്തനം സൃഷ്ടിക്കുന്നത് സൃഷ്ടികളാണെന്ന് അവകാശവാദം ചില വികലവാദികൾക്കുണ്ട്.) അതിനാൽ ഒരു വ്യക്തി തന്റെ വാക്കുകൾ കൊണ്ട് അല്ലാഹുവിനെ സ്തുതിച്ചാൽ, തനിക്ക് സ്തുതിക്കാൻ വേണ്ടി നാവു ചലിപ്പിച്ച സർവ്വാധിപന് നന്ദി പ്രകടിപ്പിക്കൽ അത്യന്താപേക്ഷിതമാണ്. പാതിരാ സമയത്ത് അവനിലേക്ക് മുന്നിട്ട് നമസ്കാരം നിർവഹിക്കാൻ നിനക്ക് സാധിക്കുന്നുണ്ടെങ്കിൽ, അതിന് തൗഫീഖ് (സുകർമ്മങ്ങൾ ചെയ്യാനുള്ള കഴിവ് സൃഷ്ടിച്ചു) നൽകിയ അല്ലാഹുവിന് നന്ദി രേഖപ്പെടുത്തണം. അവൻ നിന്നോട് സ്നേഹവും, കൃപയും, ഔദാര്യവും കാണിച്ചില്ലെങ്കിൽ നീ അശ്രദ്ധതയുടെ ഗർത്തത്തിൽ ആഴ്ന്നിറങ്ങിയേനെ. മാത്രമല്ല, ഇത്തരം സത്കർമ്മങ്ങൾ നിർവഹിക്കാൻ നിനക്ക് സാധിക്കുമായിരുന്നില്ല. ഇവിടെ ഒരു ചരിത്രം വായിക്കേണ്ടതുണ്ട്. ഒരു സ്വാലിഹായ മനുഷ്യന്റേതാണ് ആ കഥ. അദ്ദേഹം ഒരു കുടുംബത്തിൻ്റെ സേവകനാണ്. കുടുംബ നാഥൻ ഒരു ദിവസം പാതിരാ സമയത്ത് എഴുന്നേറ്റപ്പോൾ കാണുന്നത് വീടിന്റെ ഒരു കോണിൽ നിസ്കരിക്കുന്ന തന്റെ സേവകനെയാണ്. സുജൂദിൽ കിടന്ന് ഇപ്രകാരം പ്രാർത്ഥിക്കുകയായിരുന്നു ഈ ശ്രേഷ്ഠൻ. നിനക്ക് എന്നോടുള്ള സ്നേഹം മുൻനിർത്തി ഞാൻ നിന്നോട് ചോദിക്കുകയാണ്, നാഥാ, എനിക്ക് നീ സന്തോഷം പ്രധാനം ചെയ്യണം, ആരോഗ്യം നൽകണം എന്ന് തുടങ്ങുന്ന പ്രാർത്ഥനയായിരുന്നു അത്. ആശ്ചര്യപ്പെടുത്തുന്ന പ്രാർത്ഥന ശ്രവിച്ച വീട്ടുടമ അവന്റെ നിസ്കാരം പൂർത്തിയാക്കുന്നവരെ കാത്തിരുന്നു. നിസ്കാരം പൂർത്തിയായ ഉടനെ സേവകനോട് ചോദിച്ചു. അല്ലാഹു നിന്നെ ഇഷ്ടപ്പെടുന്നുവെന്നതിന്റെ പ്രകടമായ തെളിവെന്താണ്? ഉടനെ അയാൾ മറുപടി നൽകി: പ്രിയ സയ്യിദീ, അല്ലാഹുവിന് എന്നോട് സ്‌നേഹമില്ലായിരുന്നുവെങ്കിൽ, ഈ സമയത്ത് എനിക്ക് എഴുന്നേൽക്കാനോ, ആരാധന നിർവ്വഹിക്കാനോ, എന്തിനേറെ അവനോട് ഈ വാചകങ്ങൾ കൊണ്ട് മുനാജാത്ത് നടത്താനോ സാധിക്കില്ലായിരുന്നു.
നാം ഒരോരുത്തരും ഹൃദയാവരിക്കേണ്ട തൗഹീദിന്റെ അടിസ്ഥാന പാഠമാണിത്. അവന്റെ തൗഫീഖ് കൊണ്ട് നീ നിർവ്വഹിച്ച നിസ്കാരം എങ്ങനെയാണ് ഒരമൂല്യമായ സമ്പാദ്യമായി മാറുന്നത്? ഇതാണ് വിശ്രുതരായ വിശ്വാസ ശാസ്ത്ര പണ്ഡിതരും, വിശിഷ്യാ ജൗഹറത്തു തൗഹീദെന്ന കൃതിയുടെ രചയിതാവും ഈ വാചകം കൊണ്ട് അർത്ഥമാക്കിയത്. “നിനക്ക് പ്രതിഫലം ലഭിച്ചാൽ അത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. നീ ശിക്ഷക്ക് അർഹനായത് അവൻ്റെ നീതിപാലനത്തിൻ്റെ ഭാഗമാണ്.”

ഉപര്യുക്ത ആശയത്തിനെതിരായി ആശങ്കകൾ ഉയർത്തുന്ന ചില ചോദ്യങ്ങൾ താഴെ കൊടുക്കുന്നു. നിങ്ങൾ ചെയ്ത കർമ്മങ്ങൾ കൊണ്ട് സ്വർഗ്ഗത്തിൽ പ്രവേശിക്കുക (സുറത്തുന്നഹ്‌ൽ/32) ഇതിനു സമാനമായ ഒരുപാട് ദൈവീക വചനങ്ങൾ കാണാമല്ലോ?. അല്ലാഹുവിനോടുള്ള സ്നേഹാധിക്യത്തിനും ദൈവീക അടിമത്വത്തിൻ്റെ ആനന്ദ ലോകത്തേക്ക് ആഴ്ന്നിറങ്ങാനും പ്രചോദനം നൽകുന്ന ഒരു മറുപടിയാണ് ഞാൻ ഇവിടെ ചേർക്കുന്നത്.
അല്ലാഹുവിന്റെ സർവ്വാധിപത്യത്തെ ഉയർത്തുന്ന ഒരു വാചകമാണിത്. അല്ലാതെ രണ്ടു ഇടപാടുകാർക്കിടയിലെ ബന്ധത്തെ പ്രകാശിപ്പിക്കുന്ന വാക്യമല്ല. നിനക്ക് അല്ലാഹു സത്കർമ്മത്തിന് തൗഫീഖ് നൽകട്ടെ, സത് വൃത്തികൾക്കായുള്ള ദിവ്യാനുഗ്രഹവും പ്രധാനം ചെയ്യട്ടെ, പ്രാർത്ഥനയുടെ കവാടത്തിനു മുമ്പിൽ വിനയാന്വിതനായിരിക്കാൻ അല്ലാഹു കഴിവും നൽകട്ടെ. നീ ഇങ്ങനെ പറയുക; എനിക്കായി ഒന്നും തന്നെ ഇല്ല, എല്ലാ കഴിവും നിന്റേതാണ്. എൻ്റെ അസ്തിത്വം തന്നെ നിൻ്റെ ആധിപത്യത്തിലാണ്.
എന്തു ചെയ്യണമെന്നതും നിന്റെ അധികാരം മാത്രമാണ്. അതിനാൽ നീ എന്നെ സന്മാർഗ്ഗത്തിലേക്ക് നയിക്കണം. എൻ്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകണം, സത് പ്രവൃത്തികൾക്കായി ഹൃദയ വിശാലതയും, തൗഫീഖും നൽകണം. ഇങ്ങനെ ജീവിതം ക്രമീകരിച്ചവനോട് പ്രതിഫലനാൾ അല്ലാഹു പറയും. നീ ചെയ്ത പ്രവൃത്തി കാരണമായി സ്വർഗ്ഗത്തിൽ പ്രവേശിക്കുക, ഇതാണ് ഈ പറഞ്ഞ ഖുർആനിക വാക്യത്തിന്റെ സാരം. അല്ലാതെ, സ്വർഗ്ഗ പ്രവേശനം വിൽക്കുന്നവൻ,

വാങ്ങുന്നവൻ കൂടിച്ചേർന്നുള്ള ഇടപാടാണെന്ന അർത്ഥത്തിലല്ല. പ്രവർത്തനങ്ങൾ സ്വർഗ്ഗ പ്രവേശനത്തിൻ്റെ കാരണമാക്കി എന്നത് അവൻ്റെ അപാരമായ ഔദാര്യവും കൃപയുമാണ്. ഈ വാദഗതി നിരർത്ഥകമെന്ന വസ്തുത ഉൾക്കൊള്ളാതെ ജീവിതം മുന്നോട്ട് നയിച്ച്, അവസാനം പരലോകത്ത് എത്തിക്കഴിഞ്ഞാൽ നീ അല്ലാഹുവോട് എന്തായിരിക്കും പറയുക? നാഥാ, ഞാൻ സ്വർഗ്ഗവകാശിയാണ്. നീ എന്നോട് ആവശ്യപ്പെട്ടതെല്ലാം ഞാൻ നിർവഹിച്ചു. തദവസരത്തിൽ അല്ലാഹു നിന്നെ സൂക്ഷ്‌മമായ വിചാരണക്ക് വിധേയമാക്കിയാൽ എന്തായിരിക്കും നിന്റേതായ സത് വൃത്തികളുള്ളത്. ഉള്ളതെല്ലാം അവന്റെ ആധിപത്യത്തിൻ്റെ മുമ്പിൽ തന്റെ ദാസ്യതയും, ആശ്രയവും മാത്രമാണ്.

മകനെ മാന്യമായി പെരുമാറാനും, നല്ലതു ചെയ്യാനും പ്രോത്സാഹിപ്പിക്കുന്ന, തന്റെ കൂടെ എപ്പോഴും കൊണ്ടു നടക്കുന്ന ഒരു പിതാവിന്റെ ഉപമ ഞാൻ ഇവിടെ ചേർക്കുകയാണ്. ഇത് പരാമർശിത ആശയത്തെ സുവ്യക്തമാക്കുന്നുണ്ട്. ഒരു പാവപ്പെട്ട മനുഷ്യനെ ചൂണ്ടിക്കാട്ടി പിതാവ് മകനോട് പറയുന്നു. മോനേ, നീ ഈ പാവപ്പെട്ട മനുഷ്യന് ഒരു സംഖ്യ നൽകി സഹായിച്ചാൽ ഞാൻ നിനക്കൊരു സമ്മാനം നൽകി ആദരിക്കും. രഹസ്യമായി മകന്റെ പോക്കറ്റിൽ പണം നിക്ഷേപിച്ചായിരുന്നു പിതാവ് മകനോട് ഈയൊരു പ്രവർത്തനം ആവശ്യപ്പെട്ടത്. പിതാവ് വാഗ്ദാനം ചെയ്ത പ്രശംസനീയമായ ആ സമ്മാനത്തെ പറ്റി ചിന്തിക്കുന്നു. ഉപ്പ പോക്കറ്റിൽ നിക്ഷേപിച്ച സംഖ്യയെടുത്ത് മകൻ ആ ദരിദ്രനു നൽകുന്നു. ഇതോടെ പിതാവ് സന്തോഷത്തോടെ, അവന്റെ ദാനധർമ്മ മനോഭാവത്തിന് ആദരവ് പ്രകടിപ്പിക്കുകയും, പ്രശംസിക്കുകയും ചെയ്തു കൊണ്ട് പറയുന്നു. നീ ചെയ്തത് മാനുഷികമായ സത്കർമ്മമാണ്. അതിന് നീ വലിയ പ്രതിഫലത്തിന് അർഹനാകുമെന്നതിൽ സംശയിക്കേണ്ടതില്ല.

സ്വഭാവ സംസ്കരണം സാധ്യമാകുന്നതിന്, പിതാവ് സ്വീകരിച്ച തന്ത്രപരമായ ഒരു സമീപന രീതിയാണിത്. തന്റെ കീശയിലുണ്ടായിരുന്ന പണം, തന്റേതല്ലെന്നും, അത് പിതാവിന്റേതാണെന്നും അവൻ പിന്നീടാണ് അറിയുന്നത്. പ്രതിഫലത്തിന്റെ പേരിൽ പിതാവിൽ നിന്ന് ലഭിച്ച ബഹുമതിയും, അംഗീകാരവും, അവന്റെ സത്പ്രവർത്തനത്തെ പ്രശംസിച്ചായിരുന്നു. അവന് നൽകിയ സമ്മാനങ്ങൾ കൂടുതൽ സത് പ്രവർത്തനങ്ങൾക്ക് പ്രേരണ നൽകുന്നതുമാണ്. ഈയൊരു അർതോകർമ്മമാണ് നിങ്ങൾ ചെയ്ത പ്രവർത്തനം കാരണമായി സ്വർഗ്ഗത്തിൽ പ്രവേശിക്കൂ, എന്ന ഖുർആനിക വചനത്തിന്റേത്.

ഒരുപാട് പ്രമാണങ്ങളിൽ പരാമർശിക്കപ്പെട്ട ഒരു കഥയുണ്ട്. പ്രതിഫല നാളിൽ ഒരു വ്യക്തി സ്രഷ്ടാവിനോട് പറയുന്നു. റബ്ബേ, നിന്റെ നീതി കൊണ്ട് എന്നെ വിചാരണ ചെയ്ത് എനിക്ക് അർഹമായ പ്രതിഫലം നൽകുക. എൻ്റെ ലൗകിക ജീവിതത്തിൽ ഒരു വേള പോലും ഞാൻ നിന്നോട് അനുസരണക്കേട് കാണിച്ചിട്ടില്ല. അതോടെ അല്ലാഹു, അവന്റെ ഇരു കണ്ണുകൾക്ക് നൽകിയ കാഴ്ചയെന്ന അനുഗ്രഹത്തെ ഓർമ്മിപ്പിക്കുന്നതോടൊപ്പം നീ ഈ അനുഗ്രഹത്തിന് നന്ദി അർപ്പിച്ചോയെന്ന് ചോദിക്കുന്നു. നാം ചെയ്ത സത്കർമ്മങ്ങളും

ആരാധനകളുമെല്ലാം ഒരു തട്ടിലും ദൈവീകാനുഗ്രഹങ്ങൾ മറ്റൊരു തട്ടിലുമായി തൂക്കം അളന്നാൽ ഭാരം കൂടി നിൽക്കുന്നത് അവന്റെ അനുഗ്രഹത്തിനാണ്.
ലൗകിക ജീവിതത്തിൽ നാം അനുഭവിച്ച അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ചിന്തിച്ചു നോക്കൂ. ഒരു നിമിഷം നമുക്ക് ലഭിച്ച അനുഗ്രഹത്തിന് ആയുസ് കാലം മുഴുവൻ നിർവ്വഹിച്ച ആരാധനകൾ പകരമാവുകയില്ല. നീ അല്ലാഹുവിന്റെ അടിമയാണ്. അവന്റെ കഴിവും, അനുഗ്രഹവും, ഔദാര്യവുമെല്ലാം കൊണ്ടാണ് നിനക്ക് സുകൃതങ്ങൾ നിർവ്വഹിക്കാൻ സാധിച്ചത്. എൻ്റെ വന്ദ്യ പിതാവ് നടത്തുന്ന ചില ദുആകളിലെ ചില വാക്കുകൾ ഞാൻ ഇവിടെ ഓർക്കുകകയാണ്. യാ റബ്ബീ, ഞാൻ നിനക്ക് ശുക്റ് ചെയ്യുന്നു. എന്നാൽ എൻ്റെ ശുക്റ് നിനക്കായിരിക്കണമെന്ന് എനിക്ക് ബോധ്യം നൽകിയത് നീയാണ്. അപ്പോൾ എൻ്റെ ശുക്റ് പ്രകടനം മറ്റൊരു നന്ദി പ്രകടനത്തിന് – അഥവാ, ഈ നന്ദി പ്രകടനത്തിന് ബോധനം നൽകിയതിനുള്ള നന്ദി പ്രകാശനത്തിന് നിർബന്ധിതനാകുന്നു. അപ്പോൾ ഇത് തസൽസുലായി മാറുന്നു (ഒന്നിൻ്റെ ഉണ്മക്ക്, മറ്റൊന്നിന്റെ ഉണ്മ നിർബന്ധമാക്കുന്ന കാര്യം). നീയാണ് സകലതും സൃഷ്ടിക്കുന്നവനും, സദാ സമയം എന്നോട് അലിവ് കാണിക്കുന്നവനും.

നിങ്ങൾ ചെയ്ത പ്രവർത്തനത്തിന്റെ ഫലമായി സ്വർഗ്ഗത്തിൽ പ്രവേശിക്കുക എന്ന ദൈവീക വചനം അല്ലാഹുവിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതാണ്. സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നത് അല്ലാഹുവിന്റെ ഔദാര്യം കൊണ്ടു മാത്രമാണ് എന്ന ബോധ്യമുള്ളവരായിരിക്കണം നാം. നിന്നോട് കൽപ്പിക്കപ്പെട്ട കാര്യം നിർവഹിക്കുമ്പോൾ, ഒരു പ്രതിഫലത്തിന്നും അർഹനല്ല ഞാൻ, എന്റെ പ്രവൃത്തി കേവലം ഔദാര്യത്തെ പ്രതീക്ഷിച്ചുള്ള ഒരു അഭ്യർത്ഥനയാണെന്ന് മനസ്സിൽ ആവാഹിക്കണം. അവന്റെ അനുഗ്രഹത്തിലും, വിട്ടു വീഴ്ചയിലുമുള്ള പ്രതീക്ഷ മാത്രമാണ് നിന്നിൽ ഉണ്ടാകേണ്ടത്. ചില സ്വാലിഹുകൾ ഒരു മഹാനെ അദ്ദേഹത്തിന്റെ മരണശേഷം സ്വപ്നം കണ്ടു. അവർ അദ്ദേഹത്തോട് ചോദിച്ചു. അല്ലാഹു നിങ്ങളോട് എന്തു ചെയ്തു? അദ്ദേഹം പറഞ്ഞു: എന്നോട് അല്ലാഹു ചോദിച്ചു, നീ എന്താണ് കൊണ്ടുവന്നത്? ഞാൻ പറഞ്ഞു. യാ റബ്ബീ, ഞാൻ നിന്റെ അടിമയാണ്. അടിമ ഒന്നും ഉടമപ്പെടുത്തി ഉടമയുടെ മുമ്പിൽ ഹാജരാവില്ല. ഞാൻ നിന്നിലേക്ക് വന്നത് നിന്റെ വിട്ടുവീഴ്ച്ചയിലും, ഔദാര്യത്തിലും പ്രതീക്ഷ അർപ്പിച്ചു കൊണ്ടാണ്.

(തുടരും)

വിവർത്തനം: സ്വഫ്‌വാൻ ബി എം