ഹയ്യു ബ്നു യഖ്ളാൻ: ദൈവാസ്ഥിത്വത്തിന്റെ കഥപറച്ചിൽ

ഓരോ നോവലുകളെയും വ്യത്യസ്തമാക്കുന്നത് അതിലെ കഥാപാത്രങ്ങളും ആശയ വൈവിധ്യങ്ങളുമാണ്. അറബി സാഹിത്യത്തിലെ ആദ്യ നോവലും, പരിശുദ്ധ ഖുർആൻ, ആയിരത്തൊന്ന് രാവുകൾ എന്നിവ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ട ഇബ്നു ത്വുഫൈലിൻറെ ഹയ്യു ബ്നു യഖ്ളാൻ എന്ന നോവൽ ആശയ സമ്പുഷ്ടത കൊണ്ടും വിവരണ ശൈലിയാലും അറബി സാഹിത്യത്തിൽ ഏറെ ശ്രദ്ധേയമായ ഒരു രചനയാണ്. തത്ത്വശാസ്ത്രത്തിലും സാഹിത്യത്തിലും ഒരുപോലെ പ്രാഗലൽഭ്യമുള്ള അബുൽ ബാസിർ എന്ന അബൂബക്കർ ബ്നു തുഫൈൽ വളരെ ശാസ്ത്രീയമായി പല ചിന്തകളെയും തന്റെ രചനയിൽ ചേർത്തുവെക്കുന്നുണ്ട്. ഹിജ്റ പന്ത്രണ്ടാം നൂറ്റാണ്ടിൽ മുറാബിതുകളുടെ (al Moravids) ഭരണകാലത്ത് ജീവിച്ച ഇദ്ദേഹം തത്ത്വശാസ്ത്രവും അടിസ്ഥാനശാസ്ത്രവും ഗണിതശാസ്ത്രവും ചെറു പ്രായത്തിൽ തന്ന കരസ്ഥമാക്കി. പല വിഷയങ്ങളിലും രചനകൾ നടത്തിയിരുന്നെങ്കിലും അതിൽ നിന്നും ഒരു നോവലും മൂന്ന് കവിതകളും മാത്രമാണ് ഇന്ന് ശേഷിക്കുന്നത്.

ഹയ്യു ബ്നു യഖ്ളാൻ

അറബി സാഹിത്യത്തിലെ ആദ്യ നോവലായിട്ടാണ് ഹയ്യു ബ്നു യഖ്ളാൻ അറിയപ്പെടുന്നത്. ഹയ്യു ബ്നു യഖ്ളാൻ എന്ന പേരു തന്നെ നോവലിനെ വ്യത്യസ്തമാക്കുന്നു. അറബി ഭാഷയിൽ “ജീവനുള്ളവൻ” (ഹയ്യു), “സദാസമയം ഉണർന്നിരിക്കുന്നവൻ” (യഖ്ളാൻ) എന്നർത്ഥം വരുന്ന ഇതിൻറെ മുഴുവൻ പേര് “ഹയ്യു ബ്നു യഖ്ളാൻ ഫീ കശ്ഫില് അസ്രാരില് ഫലാഇയ്യ” എന്നാണ്.
റൂഹിൻറെ സഞ്ചാരവും അതിനാവശ്യമായ ഓരോ വഴികളും ഇബ്നു ത്വുഫൈലി ഇതിലൂടെ വിവരിക്കുന്നുണ്ട്. ഒരു നോവൽ എന്നതിലുപരി ദൈവത്തിൻറെ (അല്ലാഹു) ഉണ്മയെയാണ് ഇബ്നു ത്വുഫൈൽ വ്യക്തമാക്കുന്നത്. സത്യാന്വേഷികൾ എന്ന് സ്വയം വാദിക്കുന്ന ചില യാഥാസ്ഥിതികരുടെ ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടത്. മനുഷ്യൻറെ സൃഷ്ടിപ്പും വളർച്ചയും ഉയർച്ചയും തുടങ്ങിയ ഒരു മനുഷ്യനെ കുറിച്ച് അറിയേണ്ടതെല്ലാം ഇതിൽ വിഷയീകരിക്കുന്നുണ്ട്. ഇബ്നുസീനയുടെ രിസാലത്ത് ത്വെെർ, സലമാൻ വ അബ്സൽ, ഹയ്യ് ബിൻ യഖ്ളാൻ എന്നീ മൂന്ന് ഗ്രന്ഥങ്ങളുടെ സ്വാധീനം ഇബ്നു ത്വുഫൈലിന്റ്റെ രചനകളിൽ വലിയൊരളവിൽ തന്നെ ദർശിക്കാൻ കഴിയും.

ദൈവം (അള്ളാഹു) ഏകനാണെന്നും വുജൂദും (ഉണ്മ) വാജിബുൽ വുജൂദും (നിർബന്ധ ഉണ്മ) ഫാഇലും മഫ്ഊലും ഇല്ലത്തും (കാരണം) മഅ്ലൂലും (കാര്യം) ഇവകൾ തമ്മിലുള്ള പരസ്പര ബന്ധവും തത്ത്വികമായ ചില ചോദ്യങ്ങളിലൂടെ ചിന്തിക്കാനും അതിലേക്കാഴ്ന്നിറങ്ങാനും ലോകത്തെയും ശരീരത്തെയും തിരിച്ചറിഞ്ഞ് കണ്ടെത്തുക എന്ന വലിയൊരു ഉത്തരവാദിത്തമാണ് ഹയ്യു ബ്നു യഖ്ളാനിലൂടെ ഇബ്നു ത്വുഫൈൽ നിർവഹിക്കുന്നത്.

ഘടനയും ഉള്ളടക്കവും

ഹയ്യു ബ്നു യഖ്ളാൻ എന്ന ഒരു കഥാപാത്രത്തിൻറെ ജനനം മുതൽ അദ്ദേഹം കടന്നു പോകുന്ന ജീവിതത്തിലെ ഓരോ ഘട്ടങ്ങളുമാണ് ഇബ്നു ത്വുഫൈൽ കഥയുടെ ഉള്ളടക്കമായി അവതരിപ്പിക്കുന്നത്. “ഹയ്യ്” എന്ന കഥാപാത്രത്തിന്റെ ജനനത്തിൽ തന്നെ അഭിപ്രായ ഭിന്നതയുണ്ടെന്നാണ് പുസ്തകത്തിന്റെ തുടക്കം. ഒന്നാമതായി വർഷങ്ങൾക്കു മുമ്പ് ഒരു ദ്വീപിൽ മാതാപിതാക്കളൊന്നുമില്ലാതെ ഒരുതരത്തിലുമുള്ള മനുഷ്യ ഇണചേരലുകൾ ഇല്ലാതെ ഒരു മൺകട്ട യിൽ നിന്നും മനുഷ്യരൂപം പ്രാപിച്ചു ജീവൻ വരുന്നു. അങ്ങനെ ഹയ്യായി മാറുന്നു.

രണ്ടാമത്തെ കഥ പ്രവാചകൻ മൂസാ നബിയുടെ (സ) ചരിത്രവുമായി സാമ്യത പുലർത്തുന്നുണ്ട്. കഥ ഇങ്ങനെയാണ്; ഒരു പ്രദേശത്ത് അതിക്രൂരനായ ഒരു ഭരണാധികാരി ഉണ്ടായിരുന്നു. അയാൾക്ക് അതിസുന്ദരിയായ ഒരു സഹോദരിയും ഉണ്ടായിരുന്നു. രാജാവിന് തന്റെ സഹോദരിക്ക് അനുയോജ്യമായ ഒരു ഭർത്താവിനെ ലഭിക്കുന്നുമില്ല. പക്ഷേ ഇതിനിടെ ഈ സഹോദരി “യഖ്ളാൻ” എന്ന ഒരാളുമായി അതിയായ പ്രണയവും തുടങ്ങി. അങ്ങനെ രാജാവ് ഒരിക്കൽ യുദ്ധ സന്നാഹവുമായി പുറപ്പെട്ടു കഴിഞ്ഞു. തിരിച്ചു വന്നില്ല എന്ന് കണ്ടപ്പോൾ ഇവർ രണ്ടുപേരും രഹസ്യമായി വിവാഹം കഴിച്ചു. താമസിയാതെ പ്രസവിക്കുകയും കുഞ്ഞിന് ഹയ്യ് എന്ന് പേരിടുകയും ചെയ്തു. പക്ഷേ മാസങ്ങൾക്ക് ശേഷം രാജാവ് യുദ്ധത്തിൽ ജയിച്ചു തിരിച്ചു വരുമെന്ന് അറിഞ്ഞപ്പോൾ തൻറെ കുഞ്ഞിനെ ഒരു പെട്ടിയിൽ ആക്കുകയും കടലിൽ ഒഴുക്കുകയും ചെയ്തു. അങ്ങനെ ഒരു ദ്വീപിൽ എത്തിപ്പെടുകയും ചെയ്തു. ഇവിടെ നിന്നാണ് ഹയ്യിൻറെ ജീവിതം തുടങ്ങുന്നത്. ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോഴും ഹയ്യിന് ഓരോ ദൃഷ്ടാന്തങ്ങളിൽ നിന്നും ദൈവത്തിൻറെ ഉണ്മ അവൻ മനസ്സിലാക്കുന്നു. ഓരോ കാര്യങ്ങളും സംഭവിക്കണമെങ്കിൽ അതിനു പിന്നിൽ ഏതോ ഒരു ശക്തിയുണ്ടെന്നും എല്ലാം ഇത്ര കൃത്യമായി വളരെ സുന്ദരമായി സൃഷ്ടിക്കണമെങ്കിൽ ഒരാൾക്കേ കഴിയൂവെന്നും അതിലേറെ വന്നാൽ അവർക്കിടയിലും വന്നത് വരുകയും ന്യൂനതകൾ സംഭവിക്കുമെന്നും അവൻ തിരിച്ചറിയുന്നു.

ജീവിതത്തിലെ 49 വയസ്സു കഴിഞ്ഞപ്പോൾ മറ്റുള്ളവരിൽ നിന്നും അറിവ് സാമ്പാദിക്കണമെന്ന ആഗ്രഹം വന്നു. അങ്ങനെയാണ് അബ്സൽ, സൽമാൻ എന്നീ രണ്ട് യുവാക്കളെ കണ്ടുമുട്ടുന്നത്. അവരിൽ നിന്നും മനുഷ്യകുലത്തെ പരിചയപ്പെടുകയും സംസാരഭാഷയും പഠിച്ചു. അവിടെ നിന്നാണ് അവൻ അല്ലാഹു എന്ന ഏക ദൈവത്തെ യഥാർത്ഥത്തിൽ തിരിച്ചറിഞ്ഞത്. അങ്ങനെ മതപരമായ വിശ്വാസങ്ങളെക്കുറിച്ചും ജനങ്ങളുടെ ജീവിതശൈലികളെ കുറിച്ചും അവരിൽ നിന്നും മനസ്സിലാക്കിയെടുക്കുന്നു.
അവരെ സന്മാർഗത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ദ്വീപ് വിടുകയും പക്ഷേ, ആരും തന്നെ അവൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് പോലും ഇല്ല എന്നതുകൊണ്ട് ജനങ്ങളെ അമാനുഷികത കൊണ്ടും അത്ഭുതങ്ങൾ കൊണ്ടും മാത്രമേ നയിക്കാനാവൂ എന്ന് മനസ്സിലാക്കി സ്വയം വഴി പറഞ്ഞ രീതിയിൽ തന്നെ തിരിച്ചു പോവുകയും അല്ലാഹുവിന്റെ ഇബാദത്തിലായി അബ്സൽ, സൽമാൻ എന്നിവർക്കൊപ്പം ജീവിച്ചു മരണപ്പെടുകയും ചെയ്തു. ഇവിടെ ഹയ്യു ബ്നു യഖ്ളാൻ എന്ന നോവൽ അവസാനിക്കുകയും ചെയ്യുന്നു.

ഇബ്നു ത്വുഫൈലും അറേബ്യൻ ചിന്താ ശാസ്ത്രവും

അറേബ്യൻ തത്ത്വശാസ്ത്രത്തിലും ചിന്താ ശാസ്ത്രത്തിലും ഇബ്നു ത്വുഫൈലിൻറെ സ്വാധീനം ചെറുതൊന്നുമല്ല. അറേബ്യൻ തത്ത്വശാസ്ത്രജ്ഞരായ ഇബ്നു റുശ്ദ്, ഇബ്നു സീന എന്നിവരോട് ഇബ്നു ത്വുഫൈലിന്റെ സ്വാധീനം മതവും ഫിലോസഫിയും തമ്മിൽ ബന്ധപ്പെടുത്തുമ്പോൾ സാമ്യതകൾ വളരെ വ്യക്തമാണ്.
മാത്രമല്ല ഇബ്നുൽ അറബി, ഇബ്നു സബ്ഈൻ, സുഹ്‌റവർദ്ദി, നൂറുദ്ദിൻ അൽ-ജാമി, അലാഉദ്ദീൻ ബ്നു നാഫിസ് എന്നീ പണ്ഡിതന്മാരുടെ ചിന്തകളും ആൽബേർട്ട് മാഖിനസ്, തോമസ് ആഖ്വിനസ്, റൂസോ, വോൾട്ടെയർ, എന്നീ ചിന്തകരുടെ സ്വാധീനവും ഇബ്നു ത്വുഫൈലി ന്റെ രചനകളിലും ഹയ്യു ബ്നു യഖ്ളാനിലും കാണപ്പെട്ടിട്ടുണ്ട്.

പാശ്ചാത്യ ക്ലാസിക് നോവലുകളിലെ സ്വാധീനം

ഹയ്യു ബ്നു യഖ്ളാന്റെ ശേഷം ഇംഗ്ലീഷ് നോവലുകളിൽ ഇതേ ആശയത്തിലും കഥയിലുമായി ഒരുപാട് രചനകൾ നടന്നിട്ടുണ്ട്. അതിലൊന്നാണ് ഇന്ത്യൻ വംശജനായ ഇംഗ്ലീഷ് എഴുത്തുകാരൻ ‘റുഡ്യാര്‍ഡ് കിപ്ലിങിന്റെ ജംഗിൾ ബുക്ക്’, കാട്ടിൽ ജനിച്ചുവളർന്ന ഒരു പെൺകുട്ടിയുടെ കഥ വിവരിക്കുന്ന ജംഗിൾ ബുക്സ് പിന്നീട് സിനിമയായും ബാലകഥകളായും രൂപാന്തരപ്പെട്ടിട്ടുണ്ട്.
അതുപോലെ ‘ഡാനിയല്‍ ഡിഫോയുടെ റോബിൻസൺ ക്രൂസോ’ യിലും ഈ കഥയിലെ സ്വാധീനം കാണാം. കപ്പൽ തകർന്ന് ആരുമില്ലാത്ത ഒരു ദ്വീപിൽ അകപ്പെട്ട ക്രൂസോയുടെ കഥയാണ് ഡാനിയല്‍ ഡിഫോ വിവരിക്കുന്നത്. ഇതും പിന്നീട് സിനിമയായി പ്രേക്ഷകർക്കു മുമ്പിൽ എത്തിയിട്ടുണ്ട്.
ഇതേ ആശയത്തിൽ നിന്നും ഉടലെടുത്ത മറ്റൊരു നോവലാണ് ‘ലൈഫ് ഓഫ് പൈ’. കപ്പൽ തകർന്ന ഒരു കടുവയും കടലിൽ കഴിയുന്ന ഒരു യുവാവിന്റ്റെ കഥയാണ് ലൈഫ് ഓഫ് പൈയിലൂടെ വ്യക്തമാക്കുന്നത്. പിന്നീട് ഇത് സിനിമയാവുകയും ചെയ്തു. ജംഗിൾ ബുക്ക്സിനോട് ഏറെ സാദൃശ്യപെടുന്ന മറ്റൊരു നോവലാണ് ‘ടാർസൻ’. ഇതും സിനിമയായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്.

ഇവക്കു പുറമേ ഹയ്യു ബ്നു യഖ്ളാൻ അനവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. എഡ്വാർഡ് പോക്കോക്കിന്റെ ലാറ്റിൻ ഭാഷയിലേക്കുള്ള വിവർത്തനമാണ് ആദ്യമായി പൂർത്തീകരിക്കപ്പെട്ടത്. ജോർജ് കീറ്റ്സിന്റെ ഇംഗ്ലീഷ് വിവർത്തനമാണ് മറ്റൊന്ന്. ഇംഗ്ലീഷ് ഭാഷയിലേക്ക് ആദ്യമായി വിവർത്തനം ചെയ്യുന്നതും കീറ്റ്സ് തന്നെയാണ്. മാത്രമല്ല ഇംഗ്ലീഷ് എഴുത്തുകാരനായ സൈമൺ ഓക്ക്ലി, ജാപ്പനീസ് എഴുത്തുകാരൻ എബ്രഹാം ലെസ്സിംഗ്‌സ് എന്നിവരും ഹയ്യു ബ്നു യഖ്ളാൻ വിവർത്തനം ചെയ്തിട്ടുണ്ട്. പിന്നീട് 1726 ലും 1783 ലുമായി ജാപ്പനീസ് ഭാഷയില് രണ്ട് വിവർത്തനം പ്രസിദ്ധീകരിക്കപ്പെട്ടു. അതിൽ 1726 ൽ എഡ്വാർഡ് പൊകോക്കിന്റെ ലാറ്റിൻ വിവർത്തനത്തിൽ നിന്നും 1783 ൽ അറബിയിൽ നിന്നുമാണ് വിവർത്തനം ചെയ്യപ്പെട്ടത്. മാത്രമല്ല ഹോളണ്ട്, റഷ്യൻ, സ്പാനിഷ്, ഫ്രഞ്ച് എന്നീ ഭാഷകളിലേക്കും ഹയ്യു ബ്നു യഖ്ളാൻ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.