ഫാത്വിമ അൽ ഫിഹ്‌രി: വൈജ്ഞാനിക ലോകത്തെ മൊറോക്കൻ വനിത

ഫാത്തിമ ബിന്‍ത് മുഹമ്മദ് അല്‍ ഫിഹ്‌രിയ്യ എ.ഡി 800കളുടെ തുടക്കത്തില്‍ ടുണീഷ്യയില്‍ ജനിച്ചു. ഫാത്തിമ അല്‍ ഫിഹ്‌രി എന്ന പേരിലാണ് അവർ അറിയപ്പെടുന്നത്.
സ്വന്തം ചിലവില്‍ എ.ഡി 859ല്‍ ‘അല്‍ ഖറവിയ്യീന്‍’ പള്ളി, ലൈബ്രറി, യൂണിവേഴ്‌സിറ്റി എന്നിവ ഫെസ് പട്ടണത്തില്‍ സ്ഥാപിച്ചാണ് അവർ അല്‍ ഫിഹ്‌രി എന്ന ബഹുമതി നേടുന്നത്. അല്‍ ഖൈറവാന്‍ എന്ന തന്റെ ജന്മനാടിലേക്ക് ചേര്‍ത്താണ് ഈ വിസ്മയകരമായ സര്‍വ്വകലാശാലക്ക് പേര് വെച്ചത്. ചരിത്രത്തില്‍, വിശേഷിച്ച് ഒമ്പതാം നൂറ്റാണ്ടിലെ സമുദായങ്ങളുടെ ജീവിതത്തെയും അന്ന് സമൂഹത്തില്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന സ്ഥാനത്തെയും വളരെയധികം സ്വാധീനിക്കുകയും വിശ്രുതി നേടുകയും ചെയ്ത അല്‍ ഖറവിയ്യീനാണ് ബിരുദം നല്‍കുന്ന ലോകത്തിലെ പ്രഥമ സര്‍വ്വകലാശാലയായി രൂപം കൊണ്ടത്.
സര്‍വ്വകലാശാലയില്‍ മതത്തെയും പ്രായത്തെയും അതിരുകളാക്കാതെ എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചു നല്‍കിയത് ഒരു വടക്കേ ആഫ്രിക്കന്‍ മുസ്‌ലിം വനിത വിദ്യാഭ്യാസ സമ്പ്രദായത്തെപ്പറ്റി പുലര്‍ത്തിയ നൂതനമായ കാഴ്ചപ്പാടുകള്‍ക്കും സമൂഹത്തോട് പ്രകടിപ്പിച്ച അസാമാന്യ പ്രതിബദ്ധതക്കുമുള്ള മികച്ച തെളിവാണ്. ഏറ്റവും പഴക്കം ചെന്നതും ഇന്നും യശസ്സോടെ പ്രവര്‍ത്തിക്കുന്നതുമായ അല്‍ ഖറവിയ്യീന്‍ യൂണിവേഴ്‌സിറ്റി ലോകത്ത് ഏറ്റവും അംഗീകാരമുള്ളതും മതിപ്പ് തോന്നിപ്പിക്കുന്നതുമായ ബൊളോഗ്ന യൂണിവേഴ്‌സിറ്റി(1088), ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി(1096), സലമാന്‍ക യൂണിവേഴ്‌സിറ്റി(1243) ഹാര്‍വാഡ് യൂണിവേഴ്‌സിറ്റി (1636) എന്നിവയുടെ സംസ്ഥാപനത്തിന് പ്രചോദനമായി. ഇന്ന് ഉന്നത വിദ്യാഭ്യാസത്തില്‍ നിലകൊള്ളുന്ന നിയമാവലികളും ചിന്താരീതികളും അല്‍ ഖറവിയ്യീന്‍ യൂണിവേഴ്‌സിറ്റി മുന്നേ പുലര്‍ത്തിപ്പോന്ന ചില ആചാരക്രമങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. എന്തിനധികം, ഇപ്പോള്‍ യൂണിവേഴ്‌സിറ്റികളില്‍ കണ്ടുവരുന്ന ബിരുദധാന ചടങ്ങുകളുടെ വേദികളില്‍ അണിയിക്കപ്പെടുന്ന സ്ഥാന വസ്ത്രങ്ങളുടെയും അനുബന്ധ ചടങ്ങുകളുടെയും പിതൃത്വം പോലും അല്‍ ഖറവിയ്യീന്‍ യൂണിവേഴ്‌സിറ്റിക്ക് അവകാശപ്പെട്ടതാണ്.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള അല്‍ ഖറവിയ്യീന്‍ ലൈബ്രറിയില്‍, എ.ഡി. ഒമ്പതാം നൂറ്റാണ്ടില്‍ കൂഫീ ലിപിയില്‍ എഴുതപ്പെട്ട പരിശുദ്ധ ഖുര്‍ആന്റെ ഒരു കോപ്പിയും വിവിധ വിഷയങ്ങളിലായി രചിക്കപ്പെട്ട ആയിരക്കണക്കിന് കൈയ്യെഴുത്തു പ്രതികളുമുണ്ട്. പന്ത്രണ്ടാം സുവിശേഷത്തിന്റെ അറബി ഭാഷയിലുള്ള ഒരു കോപ്പിയും ഈ ലൈബ്രറിയിലുണ്ടത്രെ.
അല്‍ ഖറവിയ്യീന്‍ യൂണിവേഴ്‌സിറ്റിയുടെ സ്ഥാപനം തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ വിദ്യാഭ്യാസ ലോകത്തെ അത്യധികം സ്വാധീനിക്കുകയും ഒപ്പം അസംഖ്യം വിശ്വ പ്രഗത്ഭ വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കുകയും ചെയ്തു. ധാരാളം പ്രമുഖ മുസ്‌ലിം പണ്ഡിതര്‍ക്ക് പുറമെ ജൂത-ക്രൈസ്തവ പണ്ഡിതരെയും യൂണിവേഴ്‌സിറ്റി ആകര്‍ഷിച്ചു. അന്തലൂസിയയിലെ നയതന്ത്രജ്ഞനും ഭൂഗോള ശാസ്ത്രജ്ഞനുമായ ഹസ്സന്‍ അല്‍ വസ്സന്‍ (ലിയോ ആഫ്രിക്കാനസ്), ജൂത തത്ത്വചിന്തകനായ മോസ്സസ് ബെന്‍ മൈമൂന്‍ (മൈമോനിഡെസ്), ഇസ്‌ലാമിക തത്ത്വചിന്തകനായ ഇബ്‌നു റുഷ്ദ്(അവിറോസ്), ചരിത്രകാരനും ചിന്തകനുമായ ഇബ്‌നു ഖല്‍ദൂന്‍, സൂഫി കവിയും തത്ത്വചിന്തകനുമായ ഇബ്‌നു ഹസ്മ് എന്നീ ലോക പ്രശസ്തര്‍ ഈ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിട്ടുണ്ട്. വൈദ്യശാസ്ത്ര പണ്ഡിതന്‍ ഇബ്‌നു ബെജ, വ്യാകരണ പണ്ഡിതന്‍ ഇബ്‌നു ബെന്‍ അജ്‌റും, ഡച്ച് ഓറിയന്റലിസ്റ്റും ഗണിതശാസ്ത്രജ്ഞനുമായ ജേക്കബ് വാന്‍ ഗൂള്‍, സൂഫികളില്‍ പ്രധാനിയായ മുഹമ്മദ് അല്‍ ജസൂലി, ഗെര്‍ ബെര്‍ട്ട് ഓഫ് ഒറില്ലാക് (എ.ഡി 999 മുതല്‍ 1003 വരെ പോപ്പായി അവരോധിക്കപ്പെടുകയും ഇന്നു വരെ നമ്മള്‍ ഉപയോഗിച്ച് പോരുന്ന അറബിക് ന്യൂമെറല്‍സിനെ പരിചയപ്പെടുത്തുകയും ചെയ്ത വ്യക്തി) തുടങ്ങിയവരും അല്‍ ഖറവിയ്യീന്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചവരാണെന്ന് വിശ്വസിക്കപ്പെടുന്നു.
സൗജന്യ വിദ്യാഭ്യാസവും പാഠ്യപദ്ധതിയുടെ ഗുണനിലവാരവും വിവിധ പരിശീലന കോഴ്‌സുകളുമാണ് അല്‍ ഖറവിയ്യീന്‍ യൂണിവേഴ്‌സിറ്റിയെ ബുദ്ധിജീവികളുടെയും പണ്ഡിതന്മാരുടെയും തത്ത്വചിന്തകന്മാരുടെയും ലക്ഷ്യസ്ഥാനമാക്കിയത്. ഭാഷ, സാഹിത്യം, തത്ത്വശാസ്ത്രം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, ഇസ്‌ലാമിക നിയമം, ഇസ്‌ലാമിക കര്‍മ്മശാസ്ത്രം എന്നീ വിജ്ഞാന ശാഖകളിലെ ശാസ്ത്രീയവും യുക്തിഭദ്രവുമായ വാദപ്രതിവാദങ്ങളിലും അല്‍ ഖറവിയ്യീന്‍ യൂണിവേഴ്‌സിറ്റിയുടെ സംഭാവനകളും പരിപോഷണവും വിപുലമായിരുന്നു. വിശേഷിച്ച്, മാലികീ ചിന്താധാരയിലെ കര്‍മ്മശാസ്ത്രത്തില്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ഒരു ചരിത്ര പ്രധാന സംവാദത്തിന് പുറമെ, ഒരുപാട് രാഷ്ട്രീയ ചര്‍ച്ചകളിലും അല്‍ ഖറവിയ്യീന്‍ യൂണിവേഴ്‌സിറ്റിയിലെ പണ്ഡിതന്മാര്‍ മുന്‍നിരയില്‍ നിന്നു. മധ്യകാല യൂറോപ്പ്യന്‍ സമൂഹങ്ങള്‍ അന്ധകാരത്തില്‍ അകപ്പെട്ട കാലത്ത് അര്‍പ്പണമനോഭാവവും ദിര്‍ഘ ദൃഷ്ടിയുമുള്ള ഒമ്പതാം നൂറ്റാണ്ടിലെ ഒരു മുസ്‌ലിം വനിത, ബൗദ്ധിക പുരോഗതിക്കും ജ്ഞാനസമ്പാദത്തിനും വേണ്ടി ഒരു അപൂര്‍വ്വ ഇടം രൂപപ്പെടുത്തിയത് കാലത്തെ തന്നെ വെല്ലുവിളിച്ചു കൊണ്ടായിരുന്നു. യൂണിവേഴ്‌സിറ്റി ചരിത്രത്തിലുണ്ടാക്കിയ അതി ബൃഹത്തായ സ്വാധീനത്തിന് ധിഷണാശാലികളുടെ മാതാവായ ഫാത്തിമ അല്‍ ഫിഹ്രിക്ക് ലോകം മുഴുവന്‍ നന്ദി രേഖപ്പെടുത്തേണ്ടിയിരിക്കുന്നു.

ഫെസ് നഗരം
വ്യക്തിമുദ്ര പതിപ്പിച്ച ഖൈറുവാനീ വനിത
ഖൈറവാനിലെ (ഇന്നത്തെ ടുണീഷ്യയിലെ ഖൈറൂന്‍) മുഹമ്മദ് അല്‍ ഫിഹ്‌രി എന്ന സമ്പന്ന കച്ചവടക്കാരന്റെ രണ്ട് മക്കളില്‍ ഒരാളാണ് ഫാത്തിമ അല്‍ ഫിഹ്‌രി. ഏഴാം നൂറ്റാണ്ടില്‍ തന്നെ പ്രസിദ്ധമായ അതിന്റെ ശില്‍പകലാചാരുത ഇന്നും അത്യാകര്‍ഷകമായി തലയുയര്‍ത്തി നില്‍ക്കുന്നതിനാല്‍ യുനെസ്‌കോ വേള്‍ഡ് ഹെരിറ്റേജ് സൈറ്റില്‍ ഖൈറവാന്‍ സിറ്റി ഇടം നേടി. 670ല്‍ ഉമയ്യദ് രാജവംശം സ്ഥാപിച്ച ഖൈറവാന്‍ എന്ന പട്ടണം ഇസ്‌ലാമിക ജ്ഞാനത്തിലും സംസ്‌കാര സമ്പന്നതയിലും പരിഷ്‌കാരത്തിലും ഉന്നതയിലായിരുന്നു. ആത്മീയതയുടെയും അറിവിന്റെയും ഈ ഭൗമിക പറുദീസ ധാരാളം പണ്ഡിതന്മാരുടെ ശ്രദ്ധ പിടിച്ചുപറ്റി. വടക്കു പടിഞ്ഞാറന്‍ ആഫ്രിക്കയിലെ അല്‍ ഗര്‍ബ് കീഴടക്കാന്‍ ശ്രമിച്ചിരുന്ന കാലത്ത് ഈ പട്ടണം ഒരു മിലിട്ടറി പോസ്റ്റായി നിലകൊണ്ടു. എട്ടാം നൂറ്റാണ്ടിലും ഒമ്പതാം നൂറ്റാണ്ടിലും അബ്ബാസി ഭരണകൂടത്തിന്റെ അധീനതയിലായിരുന്ന ഖൈറവാന്‍ ഭരിച്ചത് അഗ്ലാബിഡ് രാജവംശമാണ്. അവര്‍ സിസിലി പിടിച്ചെടുക്കുകയും ഇഫ്രിക്കിയ്യയെ യുദ്ധരാഹിത്യ പ്രദേശമാക്കുകയും ചെയ്തു. ഗ്ലോബ് അഗ്ലാബിഡ് കൊട്ടാരങ്ങളും അത്യധികം പ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു. താരതമ്യേന വിദ്യഭ്യാസ മേഖലയില്‍ പുറകിലായിരുന്ന ഫെസില്‍ വൈജ്ഞാനിക പറുദീസ പണിയാന്‍ വേണ്ടി ജനിച്ചു വളര്‍ന്ന മണ്ണും വിണ്ണും ഉപേക്ഷിച്ച് അല്‍ ഫിഹ്‌രി കുടുംബം ഫെസിലേക്ക് യാത്ര തിരിച്ചു.
സത്യത്തില്‍ ഫാത്തിമ അല്‍ ഫിഹ്‌രിയെപ്പറ്റി കൂടുതലൊന്നും അറിവുകൾ ലഭ്യമല്ല. അവര്‍ ഇദ്‌രീസ് എന്ന മുസ്‌ലിം രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന ഫെസിലെ പ്രഥമ പൗരര്‍ക്കിടയില്‍ ഖറവിയ്യ (ഖൈറവാനില്‍ നിന്ന് വന്നവര്‍) സമുദായത്തില്‍ പെട്ടവരായിരുന്നു. ഒമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഫാത്തിമയും അവരുടെ കുടുംബവും ഖൈറുവാനില്‍ നിന്ന് ഫെസിലേക്ക് കുടിയേറിപ്പാര്‍ത്തു. അന്ന് തികഞ്ഞ ഭക്തിയുള്ള വിശ്വാസിയും സര്‍വ്വരാലും ആദരിക്കപ്പെട്ടിരുന്ന ഭരണാധികാരിയുമായ ഇദ്രീസ് രണ്ടാമന്റെ കീഴിലായിരുന്നു ഫെസ് പട്ടണം. ഫെസ് അക്കാലത്ത് മഗ്‌രിബിലെ ശ്രദ്ധാകേന്ദ്രവും സന്തോഷവും സൗഭാഗ്യവും നിറഞ്ഞുനിന്ന പട്ടണവുമായിരുന്നു.ലോകത്തെ ഏറ്റവും പ്രതാപമുള്ള മുസ്‌ലിം പട്ടണങ്ങളില്‍ ഒന്നായി മാറിയതിനെ തുടര്‍ന്ന്, പരമ്പരാഗതവും സാര്‍വ്വ ലൗകികവുമായ ദൈവ ഭക്തിയുടെയും സംസ്‌കാര സമ്പന്നതയുടെയും സമ്പന്ന സമ്മിശ്രതയില്‍ ഫെസ് പ്രശംസിക്കപ്പെട്ടു. ഫെസ് നദിയുടെ ഇടതുവശത്തെ തീരത്തുള്ള ഈ പട്ടണത്തിലാണ് ഫാത്തിമയുടെ കുടുംബം താമസിച്ചിരുന്നത്. ഒടുവില്‍, ഫെസില്‍ നിന്ന് തന്നെ ഫാത്തിമ വിവാഹം കഴിച്ചു.
അല്‍ ഖറവിയ്യീന്‍: ഫെസ് പട്ടണത്തിന്റെ ഹൃദയം
ഇന്ന് ലോകത്തെ അത്യന്തം മോഹിപ്പിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി ഫെസ് മാറിയിരിക്കുന്നു. വിശേഷിച്ച്, ‘ഫെസ് അല്‍ ബാലി ‘എന്ന ഫെസിന്റെ പഴയ പട്ടണം അത്യാകര്‍ഷകമാണ്. പഴയ പട്ടണത്തിലുള്ള, ലാബ്‌റിന്തിനോട് സാദൃശ്യപ്പെടുത്താവുന്ന ക്രിസ് ക്രോസായി കിടക്കുന്ന അനേകം ഇടുങ്ങിയ തെരുവീഥികള്‍ വിസ്മയമാണ്. വര്‍ണ്ണാഭവും മനോഹരവുമായി ഡിസൈന്‍ ചെയ്ത ഗേറ്റുകളും പ്രശസ്തമായ ‘ബ്ലൂ ഗേറ്റ്’ ഉള്‍പ്പെടെയുള്ള 14 കോട്ടക്കവാടങ്ങളും തെരുവുകളിലൂടെയുള്ള പ്രാചീന ഗതാഗത സജ്ജീകരണങ്ങളും പ്രാദേശിക ശില്‍പ ചാതുര്യവും ആരെയും വശീകരിക്കുന്നതാണ്. അല്‍ ഖറവിയ്യീന്‍ ഇന്നും ഫെസിന്റെ ഹൃദയമിടിപ്പാണ്.
ആദ്യകാലത്തെ കഠിനാധ്വാനത്തിന്റെയും പ്രയത്‌നത്തിന്റെയും ഫലമായി അല്‍ ഫിഹ്‌രി കുടുംബം ധനസമൃദ്ധി കൊണ്ട് അനുഗ്രഹീതരായി. തുടര്‍ന്ന് മഹതിയുടെ പിതാവായ മുഹമ്മദ് ബിന്‍ അബ്ദുല്ല വന്‍ ബിസ്സിനസ് സാമ്രാജ്യത്തിന്റെ അധിപനായി. ചെറിയ ഇടവേളകളിലായി മഹതിയുടെ ഭര്‍ത്താവും പിതാവും സഹോദരനും മരണമടഞ്ഞപ്പോള്‍ ഫാത്തിമയും അവരുടെ ഏക സഹോദരി മറിയമും വലിയ സാമ്പത്തിക ഭദ്രത കൈവരിച്ചു. അവരുടെ ജീവിതത്തിന്റെ അവസാനനാളുകളില്‍ അവര്‍ പ്രസിദ്ധിയാര്‍ജിച്ചു. ഉന്നത വിദ്യാഭ്യാസം നേടുന്നതിലും സമൂഹത്തിന്റെ ഉയര്‍ച്ചക്ക് വേണ്ടി അവരുടെ അസംഖ്യം സമ്പത്ത് ചിലവഴിക്കുന്നതിലും മറിയം- ഫാത്തിമ സഹോദരിമാര്‍ മത്സരിച്ചു മുന്നേറി. ഇസ്‌ലാമിക സ്‌പെയ്‌നില്‍ നിന്നുള്ള അഭയാര്‍ത്ഥികളെയും ഫെസിലെ വര്‍ദ്ധിച്ചുവരുന്ന മുസ്‌ലിം ജനസംഖ്യയേയും ഉള്‍ക്കൊള്ളാന്‍ മാത്രം ഫെസിലെ പള്ളികള്‍ വിശാലമല്ലെന്ന തിരിച്ചറിവിനെ തുടര്‍ന്ന് മറിയം എ.ഡി. 859ല്‍ മനോഹരമായ അന്തലൂസിയന്‍ മസ്ജിദ് നിര്‍മ്മിച്ചു.
മറുവശത്ത് ഫാത്തിമ തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്നതിന്റെ ഭാഗമായി, ബിരുദം നല്‍കുന്ന ലോകത്തെ ആദ്യത്തേതും ഇപ്പോഴും നിലകൊള്ളുന്ന യൂണിവേഴ്‌സിറ്റി എന്ന് ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ച അല്‍ ഖറവിയ്യീന്‍ യൂണിവേഴ്‌സിറ്റിയുടെയും അനുബന്ധ മസ്ജിദിന്റെയും നിര്‍മാണത്തില്‍ മുഴുകി. നിര്‍മ്മാണ മേഖലയില്‍ അല്‍പം പോലും പരിജ്ഞാനം ഇല്ലാതിരിക്കെ തന്നെ അവരുടെ അര്‍പ്പണ മനോഭാവവും ആത്മാര്‍ത്ഥതയും കാരണത്താല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് നേതൃത്വം വഹിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നതായി ആധികാരിക ചരിത്രത്തിൽ കാണാം. പള്ളിയുടെയും യൂണിവേഴ്‌സിറ്റിയുടെയും നിര്‍മാണാരംഭം മുതല്‍ പണി പൂര്‍ത്തിയായത് വരെയുള്ള മുഴുവന്‍ ദിവസങ്ങളിലും നോമ്പനുഷ്ഠിക്കലും പ്രാര്‍ത്ഥനയില്‍ മുഴുകലും അവരുടെ പതിവായിരുന്നു. വിജയകരമായ ഇത്തരമൊരു നിര്‍മിതിക്കാവശ്യമായ ദൃഢനിശ്ചയവും ക്ഷമയും അര്‍പ്പണ മനോഭാവവും അവര്‍ പ്രകടിപ്പിച്ചു. ഉത്തരാഫ്രിക്കയിലെ വലിയ പള്ളികളിലൊന്നായ അല്‍ ഖറവിയ്യീന്‍ മസ്ജിദാണ് ഇസ്‌ലാമിക ലോകത്തെ നൂതന പഠനങ്ങളുടെ ഉത്തുംഗതയിലുള്ള യൂണിവേഴ്‌സിറ്റിക്ക് തുടക്കം കുറിച്ചത്. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സമകാലികര്‍ക്കിടയില്‍ വിശ്രുതനായ മുസ്‌ലിം ചിന്തകന്‍ അബുല്‍ അബ്ബാസ്, ഖാളി മുഹമ്മദ് അല്‍ ഫാസി, സൂഫി പണ്ഡിതനായ ഇബ്‌നു അറബി, സോഷ്യോളജിയുടെ പിതാവും പ്രശസ്ത ചരിത്രകാരനുമായ ഇബ്‌നു ഖല്‍ദൂന്‍, ഭൂഗോള ശാസ്ത്രജ്ഞനായ മുഹമ്മദ് അല്‍ ഇദ്രീസും, ജ്യോതിശാസ്ത്രജ്ഞനായ നൂറുദ്ദീന്‍ അല്‍ ബിറ്റ്‌റുജി ( Alpetragius) എന്നിവരുടെ പേരിലും അല്‍ ഖറവിയ്യീന്‍ യൂണിവേഴ്‌സിറ്റി പ്രശസ്തിയാര്‍ജിച്ചു.
തുടക്കത്തില്‍ വിശുദ്ധ ഖുര്‍ആനിലും ഇസ്‌ലാമിക കര്‍മ്മശാസ്ത്രത്തിലും ഊന്നല്‍ നല്‍കിയ യൂണിവേഴ്‌സിറ്റി തുടര്‍ന്ന് വിവിധ വിജ്ഞാന ശാഖകളായ ഗണിതശാസ്ത്രം,അറബി ഭാഷാശാസ്ത്രം, വൈദ്യശാസ്ത്രം, ജ്യോതിശാസ്ത്രം, രസതന്ത്രം, ചരിത്രം, ഭൂമിശാസ്ത്രം തുടങ്ങിയവയിലേക്ക് കൂടി വ്യാപിക്കുകയുണ്ടായി. കോഴ്‌സുകളൊന്നും തന്നെ മുസ്‌ലിംകള്‍ക്ക് മാത്രം പരിമിതപ്പെടുത്തിയിരുന്നില്ല, മറിച്ച്, ജൂത ക്രൈസ്തവ സഹോദര സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി അതിന്റെ കവാടം മലര്‍ക്കെ തുറന്നിരുന്നു. ഈ സ്ഥാപനത്തിന്റെ മുഴുവന്‍ ചിലവും ഫാത്തിമ വഹിച്ചതിനാല്‍ തികച്ചും സൗജന്യമായ അവിടുത്തെ വിദ്യാഭ്യാസം വിദ്യാസ്നേഹികളെ ആകര്‍ഷിച്ചു. പ്രശസ്ത ഗ്രന്ഥകാരനും സഞ്ചാരിയുമായ ലിയോ ആഫ്രിക്കാനസ്, ജൂത പുരോഹിതനും തത്വശാസ്ത്രജ്ഞനുമായ മൈമോനിഡെസ്, പോപ്പ് സില്‍വെസ്റ്റര്‍ രണ്ടാമന്‍ എന്നിവരൊക്കെ അല്‍ ഖറവിയ്യീനിലെ ബിരുദധാരികളാണ്. വൈജ്ഞാനിക മേഖലയില്‍ ഇന്നും പ്രശോഭിതമായി തലയുയര്‍ത്തി നില്‍ക്കുന്ന അല്‍ ഖറവിയ്യീന്‍ യൂണിവേഴ്‌സിറ്റി അതിന്റെ സ്ഥാപകയായ മഹതി അല്‍ ഫിഹ്‌രിയുടെ മഹാമനസ്‌കതയുടെയും പ്രതിഭാത്വത്തിന്റെയും ജീവിച്ചിരിക്കുന്ന തെളിവാണ്.
വിവർത്തനം : റാനിയ ഹാദിയ അൽ ഫിഹ്‌രി

Reverred moroccan historian and the Secretary General of the Council of the Moroccan Community living abroad Abroad (CCME). He has authored several books related to the question of Islam, which shows that Islam is a vector of living together.