മെശാഹിറുന്നിസാ: ഇസ്‌ലാമിക ലോകത്തെ വിഖ്യാത വനിതകൾ
യു എസിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായാണ് പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മാർച്ച് എട്ട് ഇൻറർനാഷണൽ വിമൻസ് ഡേയായി പ്രഖ്യാപിക്കുന്നത്. ഇൻറർനാഷണൽ വർക്കിംഗ് വിമൻസ് ഡേയായി അംഗീകരിച്ചിരുന്ന ഈ ദിവസത്തെ 1967 ൽ സോവിയറ്റ് റഷ്യയുടെ സഹായത്തോടുകൂടി ഫെമിനിസ്റ്റ് പ്രസ്ഥാനം കൈക്കൊള്ളുകയും 1975 ൽ ഐക്യരാഷ്ട്രസഭയുടെ സ്വീകാര്യതയോട് കൂടി മാർച്ച് 8 വിമൻസ് ഡേയായി പ്രസ്താവിക്കുകയുമുണ്ടായി.
വനിതാ പ്രസ്ഥാനങ്ങളുടെ ചരിത്രം, രാഷ്ട്രീയം മുതൽ കല വരെയുള്ള എല്ലാ മേഖലകളിലും പ്രകടമായി. അതിനാൽ ഇടയ്ക്കിടെ ഇസ്‌ലാം- സ്ത്രീ ചർച്ചകളും കടന്നു വന്നു. കലാ സാംസ്കാരിക മേഖലകളിൽ പലവുരു പഠനവിഷയമായ പ്രമേയങ്ങളിൽ ഒന്നാണിത്. ഇസ്‌ലാമിക ചരിത്രത്തിലെ പ്രത്യേകിച്ച് ഒട്ടോമൻ യുഗത്തിലെ വിഖ്യാത വനിതകളെ പറ്റിയുള്ള നോവലുകൾ, സിനിമകൾ, പരമ്പരകൾ തുർക്കിയിൽ ശ്രദ്ധേയമായി ഉയർന്നു വരികയുണ്ടായി. പ്രവാചകരുടെ അനുചരരിൽ അത്യന്തം ആദരിക്കപ്പെടുന്ന ഒരുപാട് വനിതാ മാതൃകകളുണ്ടെന്നു കാണാം.
പ്രവാചകരെ ജീവിതകാലത്ത് തന്നെ കാണുകയും അനുകരിക്കുകയും മുസ്‌ലിമായി കൊണ്ട് നബിയുടെ പാതയിൽ തുടരുകയും ചെയ്തവരെയാണല്ലോ സ്വഹാബികൾ അഥവാ അനുയായികൾ എന്നു വിളിക്കുന്നത്.
ചില അറബ് സിനിമകൾ ഈ സ്ത്രീകളുടെ ജീവിതങ്ങളിലേക്കും ചരിത്രങ്ങളിലേക്കുമെല്ലാം വെളിച്ചം വീശുന്നുണ്ട്.
ഒട്ടോമൻ സാഹിത്യരചനകൾ പരിശോധിച്ചാൽ ‘മെശാഹിറുന്നിസാ (Meşahirun-nisa)’ എന്ന ജീവചരിത്ര പഠനം വേറിട്ട് നിൽക്കുന്ന ഒന്നായി മനസ്സിലാക്കാം. പ്രശസ്ത വനിതകൾ എന്നർത്ഥം വരുന്ന മെശാഹിറുന്നിസാ എന്ന കൃതിയിൽ ഇസ്‌ലാമിക പണ്ഡിതന്മാർ അപഗ്രഥിച്ച വനിതകളുടെ ജീവചരിത്രങ്ങളാണ് ഉള്ളത്. ഈ സുപ്രധാന രചനയെയും ഒട്ടോമൻ സാഹിത്യ രചനയിലെ പ്രശസ്ത വനിതകളേയും അവലോകനം ചെയ്യാൻ ആണ് ഈ ലേഖനം ശ്രമിക്കുന്നത്.
സ്ത്രീകൾ മുഖ്യ കഥാപാത്രങ്ങളാകുന്ന ആദ്യ രചനകൾ
ഇസ്‌ലാമിക ചരിത്ര രചനയിൽ, ഒരേ വിജ്ഞാനശാഖ കൈകാര്യം ചെയ്ത് ഒരേ തൊഴിൽ ചെയ്ത് ഒരേ പ്രദേശത്തോ ഒരേ യുഗത്തിലോ ജീവിക്കുന്നവരുടെ ജീവചരിത്രങ്ങളെ കുറിച്ചുള്ള ഗ്രന്ഥങ്ങളാണ് ‘ത്വബഖാത്ത്’ എന്ന ഗണത്തിൽ വരുന്നവ. ഈ ഗ്രന്ഥങ്ങൾ തുടർച്ചയായ തലമുറകളുടെ കാല ക്രമമനുസരിച്ച് പ്രസക്തമായ ജീവചരിത്രങ്ങൾ പരിചയപ്പെടുത്തുന്നു. അവ പതിനായിരക്കണിന്, പ്രത്യേകിച്ച് പണ്ഡിതകൾ, കലാകാരികൾ, കവയത്രികൾ എന്നിവരുടെ ജീവചരിത്രങ്ങൾ എടുത്തുകാട്ടുന്നവയായിരിക്കും. ഈ ഗ്രന്ഥത്തിലൂടെയാണ് നമ്മൾ വിഖ്യാത വനിതകളെ ആദ്യമായി വായിക്കുന്നത്.
ഇസ്‌ലാമിക ലോകത്തിന് സവിശേഷമായ ഈ രചനകൾ, ആദ്യ മുസ്‌ലിംകളെപ്പറ്റി എഴുതാൻ തുടങ്ങിയപ്പോൾ ഒന്നാം നൂറ്റാണ്ടിലെ ഇസ്‌ലാമിന്റെ വളർച്ചയോടൊപ്പം തന്നെ ഇതും വികാസം പ്രാപിച്ചു. ആഴത്തിൽ വേരോടിയ ഈ രചനാ പാരമ്പര്യത്തിൽ പക്ഷേ സ്ത്രീകൾക്ക് മാത്രമായി പ്രത്യേകം എഴുതപ്പെട്ട പുസ്തകങ്ങൾ ഒന്നും കാണപ്പെടുന്നില്ല. സെക്സിസ്റ്റ് കാഴ്ച്ചപ്പാടിൽ നിന്നാണ് ഇങ്ങനെയൊരു സാഹചര്യം ഉണ്ടായതെന്ന് വിമർശിക്കപ്പെടുന്നുണ്ടെങ്കിലും, സംഭവം അങ്ങനെയല്ല. ഇസ്‌ലാമിലെ സുന്നീ ചിന്താധാരയിൽ പ്രവാചകൻറെ അനുചരർ യാതൊരു വ്യത്യാസങ്ങളും കൂടാതെ ഉത്തമരായാണ് ഗണിക്കപ്പെടുന്നത്. ഇതാണ് വേർതിരിച്ചു എഴുതാത്തതിന് ഒരു കാരണം.
മാത്രമല്ല, ചില പുസ്തകങ്ങളിൽ സ്ത്രീകളുടെ ജീവചരിത്രങ്ങൾ ഒരു പ്രത്യേക വാള്യമായും മറ്റു ചിലതിൽ സ്ത്രീകളെപ്പറ്റിയുള്ള വിവരങ്ങൾ ഒരു പ്രത്യേക വിഭാഗമായും ശേഖരിച്ചതായും കാണാം.
ഒരു ബഹുമുഖ പണ്ഡിതൻ
പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് എത്തിയപ്പോഴേക്കും ടെക്സ്റ്റ് ടൈപ്പുകൾ വ്യത്യാസപ്പെടാൻ തുടങ്ങി. ഹാജെ മെഹ്മദ് സിഹ് നി എഫന്ദി അദ്ദേഹത്തിൻറെ “മെശാഹിറുന്നിസാ” എന്ന ടർക്കിഷ് പുസ്തകത്തിൽ സ്ത്രീ ജീവചരിത്രങ്ങളുടെ ആദ്യത്തെ ഗൗരവതരവും സമഗ്രവുമായ രചന നടത്തി. അനുയോജ്യമായ വിദ്യാഭ്യാസം നേടിയതിനാൽ ഈജിപ്തിലെ അലക്സാണ്ട്രിയയിലേയും ഇസ്താംബൂളിലേയും ഉയർന്ന നിലവാരമുള്ള അധ്യാപകരിൽ നിന്ന് അറിവ് കരസ്ഥമാക്കി. ഒട്ടോമൻ സാമ്രാജ്യത്തിലെ ആദ്യത്തെ ഔദ്യോഗിക പ്രിൻറിംഗ് ഹൗസായ മത്ബ – ഇ – അമീറിൽ ക്ലർക്കും പ്രൂഫ്റീഡറുമായി ജോലി ചെയ്യാൻ തുടങ്ങി. പത്ത് വർഷം ഇവിടെ ജോലി ചെയ്ത ശേഷം, അദ്ദേഹം അധ്യാപകനായി നിയോഗിതനായി.
അന്ന് ഫ്രഞ്ച് ഭാഷയിൽ ‘ഗലറ്റസാരെ മെക്തബി സുൽത്താനി’ (ഗലറ്റസാരെ ഇംപീരിയൽ ഹൈസ്‌കൂൾ),’ലൈസി ഇംപീരിയൽ ഓട്ടോമൻ ഡി ഗലറ്റ-സെറ’ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ഗലറ്റസാരെ ഹൈസ്കൂളിൽ അദ്ദേഹം അറബിഭാഷയും മതപരമായ വിഷയങ്ങളും പഠിപ്പിച്ചിരുന്നു. അക്കാലത്ത് തന്നെ അദ്ദേഹം വിദ്യാഭ്യാസമന്ത്രാലയവുമായി സംയോജിപ്പിച്ച നിരവധി കമ്മീഷനുകളുടെ അധ്യക്ഷത വഹിക്കുകയും പാഠപുസ്തകങ്ങൾ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. വ്യാകരണം, മതശാസ്ത്രം, ചരിത്രപഠനം, സാഹിത്യം എന്നീ വിജ്ഞാനശാഖകളിൽ ഒരുപാട് കൃതികൾ രചിച്ച സിഹ് നി എഫന്ദി ഒരു ബഹുമുഖ പണ്ഡിതപ്രഭയായിരുന്നു.
ഭരണകൂടം ശ്രദ്ധേയമായ മെഡലുകൾ സമ്മാനിച്ചു ആദരിച്ച അദ്ദേഹം അന്താരാഷ്ട്രതലത്തിൽ പ്രസിദ്ധനാവുകയും ചെയ്തു. ചില ഗ്രന്ഥങ്ങൾ സ്റ്റോക്ക്ഹോമിൽ 1889 സെപ്റ്റംബറിൽ യോഗം ചേർന്ന ഇൻറർനാഷണൽ കോൺഗ്രസ് ഓഫ് ഓറിയന്റലിസ്റ്റിന് അയച്ചുകൊടുത്തു. അദ്ദേഹത്തിന്റെ കൃതികളുടെ ശാസ്ത്രീയതയും ഒപ്പം അധ്യാപനത്തോടും അറബി ഭാഷയോടുമുള്ള അദ്ദേഹത്തിന്റെ സേവന മനോഭാവവും ശ്രദ്ധ ആകർഷിച്ചു. കോൺഗ്രസിന്റെ നിർദ്ദേശപ്രകാരം അന്നത്തെ ഔദ്യോഗിക ഐക്യരാഷ്ട്രസഭ യായ സ്വീഡൻ – നോർവെ യൂണിയൻ അദ്ദേഹത്തിന് സ്വർണ്ണമെഡൽ സമ്മാനിച്ചു. ഈ മെഡൽ ഗലറ്റസാരെ ഹൈസ്കൂൾ മ്യൂസിയത്തിൽ ഇന്നും സൂക്ഷിച്ചിട്ടുണ്ട്.
പെൺകുട്ടികളുടെ ഗുരു
ഓറിയന്റൽ സാഹിത്യത്തിൽ “ഇൽമിഹാൽ” (ഇസ്‌ലാമിക വിശ്വാസം, ആരാധന, ധാർമികത എന്നിവയുടെ സംക്ഷിപ്ത മാനുവൽ) എന്നറിയപ്പെടുന്ന മതഗ്രന്ഥങ്ങളുടെ സ്ത്രീ നിർദിഷ്ട പതിപ്പും അദ്ദേഹം തയ്യാറാക്കി. അതിനു മുമ്പ് സമാനമായ പുസ്തകങ്ങൾ ലഭ്യമായിരുന്നുവെങ്കിലും “ഹനിംലാർ ഇൽമിഹാൽ” (സ്ത്രീകളുടെ ഇൽമിഹാൽ), “കിസ് ലാർ ഹൊചാസി” (പെൺകുട്ടികളുടെ ഗുരു) എന്നീ പേരിൽ അദ്ദേഹം പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുകയും പാഠപുസ്തകങ്ങളായി ഉപയോഗിക്കുകയും ചെയ്തു. പ്രായപരിധി പരിഗണിച്ച് വ്യത്യസ്ത പതിപ്പുകൾ പുറത്തിറക്കി. അതിനാൽ സിഹ് നി എഫന്ദി സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നൽകിയ സുപ്രധാനികളിൽ ഒരാളാണെന്ന് നമുക്ക് പറയാം.
മുമ്പ് പരാമർശിച്ച 1878 ൽ പ്രസിദ്ധീകരിച്ച മെശാഹിറുന്നിസയാണ് വനിതകളെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ മാസ്റ്റർപീസ് രചന.
ഇസ്‌ലാമിക ചരിത്രത്തിലെ ശാസ്ത്രം, കല, സാഹിത്യം, രാഷ്ട്രീയം എന്നീ മേഖലകളിൽ വിഖ്യാതരായ 1165 വനിതകളുടെ ജീവചരിത്രങ്ങളാണ് രണ്ടു വാള്യങ്ങളുള്ള ഈ കൃതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അനേകം സ്ത്രീകളുടെ, പ്രത്യേകിച്ച് സൂഫികൾ, അദ്ധ്യാപകർ, കവികൾ, ഗായകർ എന്നിവരുടെ വ്യത്യസ്ത വിശേഷഗുണങ്ങളും നൈസർഗ്ഗിക സ്വഭാവ സവിശേഷതകളും ഇതിൽ വർണ്ണിക്കുന്നു. ‘ചരിത്രജ്ഞരായ വനിതകൾ’, ‘തഖ്‌വ (സൃഷ്ടാവിനെപ്പറ്റി അറിവും ബോധവും ഉണ്ടാവൽ) കൊണ്ട് പേരുകേട്ട വനിതാ നിയമജ്ഞർ’, പ്രസംഗ കലയിലും പ്രബോധന സൗന്ദര്യത്തിലും പ്രസിദ്ധരായ വനിതകൾ’, ‘സാഹിത്യത്തിലും കാലിഗ്രഫിയിലും മികവ് തെളിയിച്ച വനിതകൾ’ എന്നിങ്ങനെ അസംഖ്യം അധ്യായങ്ങളുണ്ട്. ആപ്തവാക്യങ്ങളുടെ സ്രോതസ്സായി അറിയപ്പെട്ടിരുന്നവരെ പോലും ഒരു പ്രത്യേക അദ്ധ്യായത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സ്ത്രീ ഭരണാധികാരികളുടെയും ഡോക്ടർമാരുടെയും ജീവചരിത്രങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്നു ലക്ഷ്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് എഫന്ദിയുടെ ഈ രചന. അതിൽ ഒന്നാമത്തേത്; സാഹിത്യ സാമൂഹിക ശാസ്ത്രീയ തൊഴിലധിഷ്ഠിത മേഖലകളിൽ മികച്ച സംഭാവനകൾ ചെയ്ത സ്ത്രീകളെ പരസ്യപ്പെടുത്തുന്നു. ലിംഗാടിസ്ഥാനത്തിലല്ല, വ്യത്യസ്ത മേഖലകളിലെ അവരുടെ സംഭാവനകൾക്ക് അനുഗുണമായി. നിലവിലുള്ള സാമർത്ഥ്യത്തെ മെച്ചപ്പെടുത്തി കൊണ്ട് ഇത്തരം വനിതകളെ പോലെ ഇവരുടെ കഴിവുകളെയും ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികളായ പെൺകുട്ടികളെ ഈ ചരിത്രങ്ങൾ പ്രോത്സാഹിപ്പിച്ചു.
രണ്ടാമത്തെ ലക്ഷ്യം എന്ന നിലയിൽ ഉയർന്ന ധാർമിക ബോധമുള്ള സ്ത്രീകളുടെ വർണ്ണനകൾ നൽകിയിരിക്കുന്നു. ധാർമികതയിൽ ഉന്നതിയിലുള്ള സ്ത്രീകളെ റോൾ മോഡലുകളായി സ്വീകരിക്കാൻ കഴിയുന്ന വിശിഷ്ട വ്യക്തികളായി പരുവപ്പെടുത്താൻ. വായനക്കാർക്ക് ചരിത്രം, മതം, കല എന്നീ മേഖലകളിൽ അവബോധമുണ്ടാക്കുക എന്നതാണ് ഇതിന്റെ മൂന്നാമത്തെ ലക്ഷ്യം.
ആർക്ക് അനുഗുണമായി; എന്ത് അടിസ്ഥാനപ്പെടുത്തി
സിഹ് നി എഫന്ദിയുടെ അഭിപ്രായ പ്രകാരം ഇസ്‌ലാമിനെ ഖുർആൻ മാത്രം അടിസ്ഥാനപ്പെടുത്തി മനസ്സിലാക്കുന്നത് നമ്മളെ തെറ്റായ വിധിവിലക്കുകളിലേക്ക് നയിക്കും. വിശുദ്ധ ഗ്രന്ഥത്തിൻറെ സാക്ഷാത്കാരമാണ് മുഹമ്മദ് നബിയുടെ ജീവിതം. ഇസ്‌ലാമിനെ പൂർണ്ണമായും അറിയാൻ പ്രവാചക ജീവിതവും ഖുർആനും വ്യക്തമായി പഠിക്കുകയും ഓരോ കാലത്തെയും വ്യവസ്ഥിതികളനുസരിച്ച് ആളുകളേയും സംഭവങ്ങളേയും അപഗ്രഥിക്കുകയും ചെയ്യണം.
ഇസ്‌ലാമിൽ ശ്രേഷ്ഠത നിർണയിക്കുന്നത് ലിംഗമല്ല മറിച്ച് തഖ്‌വയാണ്. സംരക്ഷിക്കുക എന്നർത്ഥമുള്ള ‘വഖാ’ എന്ന പദത്തിൽ നിന്നാണ് ഈ പദപ്രയോഗം ഉൽഭവിച്ചത്. ചീത്ത പ്രവർത്തികളിൽ നിന്ന് സ്വന്തം നഫ്സിനെ പ്രതിരോധിക്കുകയും മോശം പെരുമാറ്റം പോലും ഉപേക്ഷിക്കുകയും സമ്പൂർണ്ണ ധാർമിക ബോധത്തോട് കൂടെ ജീവിക്കുകയും ചെയ്യുകയാണ് തഖ് വയുടെ ഉദ്ദേശം. അതുകൊണ്ടുതന്നെ വിശ്വാസികളുടെ ആചാരമുറകളോടുള്ള അഭിനിവേശത്തോട് ആനുപാതികമായാണ് അവരുടെ ശ്രേഷ്ഠതയും അപകർഷതയും കണക്കാക്കുന്നത്. കൂടാതെ സ്ത്രീയും പുരുഷനും അന്യോനം ന്യൂനത പരിഹരിക്കുന്നവരാണ്. വേർപിരിക്കാൻ പറ്റാത്ത ഒന്നിൻറന്റെ രണ്ട് ഭാഗങ്ങൾ പോലെയാണവർ. ഈ വീക്ഷണത്തെ അടിസ്ഥാനപ്പെടുത്തിയാണ് മെശാഹിറുന്നിസായിലെ വിലയിരുത്തലുകൾ നടത്തിയത്.
ദശലക്ഷക്കണക്കിന് പുരുഷന്മാരേക്കാൾ ഉത്തമർ
ഈ പുസ്തകത്തിലെ സ്ത്രീകളുടെ പട്ടിക പരിശോധിക്കുമ്പോൾ തുടക്കത്തിൽ പ്രവാചക പത്നിമാർ എന്ന നിലക്ക് പ്രസിദ്ധരായ സ്ത്രീകളെ കാണാം. പിന്നീട് പ്രവാചക പുത്രിമാരുടെയും മറ്റു ബന്ധുക്കളുടെയും ജീവചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. അടുത്ത അധ്യായത്തിൽ പ്രവാചകൻറെ കാലത്ത് ജീവിച്ചിരുന്നതോ അതിനുമുമ്പ് കഴിഞ്ഞു പോയതോ ആയ പ്രവാചക പ്രശംസ നേടിയ പ്രശസ്തരെ പരിചയപ്പെടുത്തുന്നു. പ്രഥമ മുസ്‌ലിം സ്ത്രീകളെപ്പറ്റി വ്യത്യസ്ത അധ്യായങ്ങളിൽ ചർച്ചചെയ്യപ്പെടുന്നു. ‘മുസ്‌ലിമായതിനാൽ പീഡിപ്പിക്കപ്പെട്ട സ്ത്രീകൾ’, ‘ഖുർആനിൽ പരാമർശിക്കപ്പെട്ട സ്ത്രീകൾ’ എന്നിവ ഇത്തരം അധ്യായങ്ങൾക്ക് ഉദാഹരണങ്ങളാണ്. ഇന്നത്തെ ഇസ്‌ലാമോഫോബിയ വിമർശനങ്ങൾ കണക്കിലെടുക്കുമ്പോൾ ഒരു പക്ഷേ ഈ ജീവചരിത്രങ്ങളാവും അത്യധികം താൽപര്യമുണർത്തുന്നത്.
മുഹമ്മദ് സിഹ് നി എഫന്ദി പ്രഥമ അധ്യായത്തിന്റെ പ്രധാന തലക്കെട്ടിൽ പ്രതിപാദിച്ചത് പോലെ പ്രവാചക പത്നിമാർ ‘ഉമ്മഹാത്തുൽ മുഅ്മിനീൻ’ മുസ്‌ലിങ്ങകളുടെ ഉമ്മമാർ’ എന്ന പേരിലാണ് പ്രസിദ്ധരായത്. ഈ സ്ഥാനപ്പേര് നേടിയവർ ദശലക്ഷക്കണക്കിന് പുരുഷന്മാരേക്കാൾ ഉത്തമരാണെന്ന് പ്രസ്താവിക്കുന്നു. പുസ്തകത്തിലെ വിഖ്യാത വനിതകളുടെ പേരുകൾ പരിശോധിച്ചാൽ അവരിൽ പലർക്കും മുഹമ്മദ് നബിയുടെ ഭാര്യമാരുടേയും പുത്രിമാരുടെയും പേരുകളാണെന്ന് മനസ്സിലാകും. ഒരു പ്രത്യേക തലക്കെട്ടിന് അടിയിൽ വർണിച്ച പന്ത്രണ്ടാം നൂറ്റാണ്ടിലെ ഫാത്തിമ അൽഫഖീഹ എന്ന പണ്ഡിത ഏറെ വിസ്മയം ജനിപ്പിക്കുന്ന മഹതിയാണ്. പ്രശസ്ത ഇസ്‌ലാമിക അഭിഭാഷകൻ അലാവുദ്ദീൻ സമർഖന്ദിയുടെ മകളായ ഫാത്തിമ പിതാവിനെപ്പോലെ തന്നെ നിയമരംഗത്ത് മികവ് തെളിയിച്ചരുന്നു.
അലാവുദ്ദീൻ സമർഖന്ദി ഒരു വിഷയത്തിലും മകളുടെ അഭിപ്രായം കൂടാതെ തീരുമാനമെടുത്തിരുന്നില്ല. മതനിയമങ്ങളിൽ സൂക്ഷ്മത പുലർത്തിയിരുന്ന ഫാത്തിമക്ക് വിവാഹ പ്രായമെത്തിയപ്പോൾ ഒരുപാട് പേർ വിവാഹഭ്യർത്ഥനകൾ നടത്തിയെങ്കിലും ഫാത്തിമ വരനാവാൻ ആഗ്രഹം പ്രകടിപ്പിച്ചവരുടെ മുന്നിൽ നിബന്ധന വെച്ചിരുന്നു: അവരുടെ പിതാവിൻറെ പുസ്തകത്തിന് മികച്ച ‘സ്കോളിയ’ എഴുതൽ. ഒരു പുസ്തകത്തിൻറെ പ്രതിപാദ്യ വിഷയത്തിൽ രചയിതാവിന്റെ പരിജ്ഞാനവും പാണ്ഡിത്യത്തിന്റെ ആഴവും പ്രകടമാക്കുന്ന വ്യാഖ്യാനമാണ് സ്കോളിയ. സമ്പത്തും അധികാരവും പരിഗണിക്കാതെയും അവിവേകികളെ മാറ്റിനിർത്തിയും വരനെ തിരഞ്ഞെടുക്കാൻ ഫാത്തിമക്ക് സാധിച്ചു. ഈ അവസരത്തിൽ യുവ പണ്ഡിതന്മാർക്കിടയിൽ മത്സരം ആരംഭിച്ചു. അവർ ഒരുപാട് ഗ്രന്ഥങ്ങൾ എഴുതി ഫാത്തിമക്ക് സമർപ്പിച്ചു. പക്ഷേ ആരും അവരുടെ പിതാവിന്റെയോ അവരുടെയോ പ്രശംസ നേടിയില്ല. കുറച്ചു കാലത്തിനു ശേഷം അവരുടെ പിതാവിന്റെ ശിഷ്യൻ അലാവുദ്ദീൻ അൽ കസാനി ഒരു പുസ്തകമെഴുതി. ഫാത്തിമക്കും പിതാവിനും അലാവുദ്ദീന്റെ പുസ്തകം ഇഷ്ടപ്പെട്ടു. ഫാത്തിമയും അലാവുദ്ദീനും വിവാഹിതരായി. ഭാര്യയെ അത്യധികം സ്നേഹിച്ചിരുന്നു അലാവുദ്ദീൻ മറ്റാരെയും വിവാഹം കഴിച്ചില്ല. തൻറെ ഭാര്യാ പിതാവിനെ പോലെ തന്നെ എല്ലാ വിഷയത്തിലും ഫാത്തിമയുടെ അഭിപ്രായം ആരാഞ്ഞു. അവർ അംഗീകരിക്കാത്ത ഒന്നും പ്രസിദ്ധീകരിച്ചില്ല.
ഫാത്തിമയുടെയും ഫാത്തിമക്ക് സമാനമായ നിരവധി വനിതകളുടെയും ജീവിതത്തിൽ വെളിച്ചം വീശിയ മെശാഹിറുന്നിസ ഇസ്‌ലാമിക ലോകത്തെ ശക്തമായി സ്വാധീനിച്ചു. എഴുത്തുകാരനായ മുഹമ്മദ് ഹസൻ ഹാൻ ഈ പുസ്തകത്തെ പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യുകയും ടെഹ്റാനിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
വിവർത്തനം: റാനിയ ഹാദിയ
Associate Professor in Music – Interpretation and works as a “Ney” lecturer at the ITU Turkish Music State Conservatory. He has a book titled Exploring Ney Techniques. History, poetry and music cultures of the regions of Andalusia-North Africa are the fields of his interest.
