ഹദീസ് നിഷേധം: അസ്തിത്വവും വികലവാദത്തിന്റെ ഭൗമ ശാസ്ത്രവൈവിധ്യവും

ഇസ്‌ലാമിക കർമ ശാസ്ത്ര ശാഖയുടെ അടിസ്ഥാന രൂപീകരണ (Foundation) ഘട്ടവും, മത-വ്യവസ്ഥയിലെ നവീകരണം വാദിച്ചുകൊണ്ട് ആധുനികത ഉയർത്തിക്കൊണ്ടു വന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ ജ്ഞാന പരിസരവും തമ്മിൽ സങ്കീർണ്ണമായ ഒരു ബന്ധം നിലനിൽക്കുന്നുണ്ട്. ഹിജ്‌റയുടെ പ്രഥമനൂറ്റാണ്ട് മുതൽ ഉടലെടുത്ത ഹദീസ് നിഷേധ പ്രസ്ഥാനങ്ങൾ മുതൽ ആധുനികത വരെ നീണ്ടുനിൽക്കുന്ന ഹദീസ് ചർച്ചകളുടെ ലക്ഷ്യത്തെയും പരിണാമ ചരിത്രത്തെയും വിശകലന വിധേയമാക്കുകയാണ് ഈ പഠനം. അതോടൊപ്പം, നവോത്ഥാനാന്തര ജ്ഞാനശാസ്ത്ര പരിഗണനയിൽ വികസിക്കുന്ന ഖുർആനിസം എന്ന ആശയം ഇസ്‌ലാമിക ബൗദ്ധികമണ്ഡലത്തിൽ ഉയർത്തുന്ന സമകാലി ക വെല്ലുവിളികളെ കൂടി അന്വേഷിക്കാനാണ് ശ്രമിക്കുന്നത്.

ഹുജ്ജിയതുസ്സുന്ന; ചരിത്ര വായനയുടെ പ്രാരംഭം

ഹിജ്‌റയുടെ പ്രഥമ നൂറ്റാണ്ട് പ്രവാചകാനുചരരുടെ (സ്വഹാബത്) കാലഘട്ടമായിരുന്നു. പ്രവാചകരെ സമ്പൂർണ്ണമായും പിൽക്കാല സമൂഹത്തിലേക്ക് പരിചയപ്പെടുത്തിയവർ എന്ന നിലക്ക് മുസ്‌ലിം ജീവിതചിട്ട രൂപപ്പെടുത്തുന്നതിൽ പ്രവാചകാനുചരരുടെ ജീവിതത്തിന് വലിയ പങ്കുണ്ട്. ഇക്കാലയളവിൽ തന്നെ ഇസ്‌ലാമിന്റെ നിയമനിർമാണ പ്രക്രിയയിൽ ഹദീസിന്റെ സ്ഥാനത്തെ നിഷേധിച്ചുകൊണ്ടുള്ള സമീപനം ഉയർന്നു വന്നിട്ടുണ്ട്. ഇവിടെ ചരിത്രത്തിൽ, സ്വഹാബിമാരിൽ പ്രമുഖരായ ഇമ്രാൻ ബിൻ ഹുസൈൻ എന്നവർ, ഇസ്‌ലാമിക നിയമ നിർമാണത്തിൽ ഹദീസിന്റെ ആധികാരികതയെ നിഷേധിച്ചുകൊണ്ട് തന്നോട് സംവദിച്ച വ്യക്തിക്ക് നൽകിയ മറുപടി പ്രസിദ്ധമാണ്. പ്രവാചകചര്യയിൽ നിന്നും മുസ്‌ലിം സമൂഹം പകർത്തിവരുന്ന നിസ്കാരരീതി, വൃതാനുഷ്ഠാനം തുടങ്ങിയ ആരാധനാകർമങ്ങളുടെ ചിട്ട ഖുർആൻ വിശദീകരിക്കുന്നുണ്ടോ? എന്ന യുക്തിപരമായ മറുചോദ്യം ഉന്നയിച്ചു കൊണ്ടാണ് അദ്ധേഹം ചുരുക്കിയത്. ഖുർആൻ ഒരു വിധി പ്രഖ്യാപിക്കുമ്പോൾ അതിന്റെ രീതിശാസ്ത്രം വിശദീകരിക്കുകയാണ് ഹദീസ് നിർവഹിക്കുന്ന ധർമ്മം എന്നതായിരുന്നു ആ മറുപടിയുടെ വിവക്ഷ. പിന്നീടുള്ള കാലഘട്ടങ്ങളിലെല്ലാം വ്യത്യസ്ഥ നവീനവാദ ധാരകൾ ഇസ്‌ലാമിക ദാർശനിക പരിസരത്തിൽ വെല്ലുവിളി ഉയർത്താൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ, ഓരോ കാലത്തെയും പണ്ഡിതർ യുക്തിഭദ്രവും, പ്രമാണബദ്ധവുമായ മറുപടികളിലൂടെ അതിനെയൊക്കെയും ഖണ്ഡിച്ചിട്ടുമുണ്ട്.

ഖുര്‍ആൻ മന്ത്രവാദത്തിന്റെ തുടക്കമായി ചിലരെങ്കിലും പരിചയപ്പെടുത്തുന്നത് ഖിലാഫത്തു റാഷിദയുടെ അവസാനഘട്ടത്തിൽ രൂപപ്പെട്ട ഖവാരിജുകളെയാണ്. പിന്നീട്, ഇസ്‌ലാമിക ചരിത്രവായനയിൽ വിവിധ പ്രസ്ഥാനങ്ങൾ ഇതേ ആശയവുമായി മുന്നോട്ട് വന്നത് കാണാം. ശീഇകളിലെ തീവ്രവിഭാഗമായ റാഫിളിയ്യ: അതിനുദാഹരണമാണ്. പ്രവാചകത്വം എന്ന ആശയത്തിൽ തന്നെ പിഴവ് സംഭവിച്ചു എന്ന അടിസ്ഥാനത്തിൽ അവർ മുഹമ്മദ് നബി (സ്വ)യുടെ ഹദീസുകളെ നിഷേധിക്കുകയും, സ്വഹാബത്തിൽ ബഹു ഭൂരിപക്ഷത്തെ ഇസ്‌ലാമിക വൃത്തത്തിന് പുറത്തു നിർത്തുകയും ചെയ്യുകയായിരുന്നു.

ഈയൊരു ആശയത്തെ വലിയ രീതിയിൽ അവലോകന വിധേയമാക്കുന്നത് അബ്ബാസികളുടെ ഭരണകാലത്താണ്. പ്രമുഖ പണ്ഡിതനും മദ്ഹബിന്റെ ഇമാമുമായ ഇമാം മുഹമ്മദ് ബിൻ ഇദ്‌രീസ് അൽ ശാഫിഈ (റ) തന്റെ അല്‍ ഉമ്മ് എന്ന ഗ്രന്ഥത്തിൽ നിരവധി താളുകൾ ഇതിന്‌ വേണ്ടി മാറ്റി വെക്കുന്നുണ്ട്. ഹദീസ് നിഷേധകനായ ഒരു ചോദ്യകർത്താവുമായി നടന്ന സംഭാഷണ ഭാഗം ഉൾകൊള്ളിച്ചു കൊണ്ട് ഓരോ വാദങ്ങളെയും വിശദമായി വിശകലനം ചെയ്യുന്നതായിരുന്നു ഇമാം ശാഫിഈ(റ) സ്വീകരിച്ച രീതീ. ഇസ്‌ലാമിക ജ്ഞാന ശാസ്ത്രത്തെ അടിസ്ഥനമാക്കി സർവ്വാംഗീകൃതമായ ആരാധന കർമങ്ങളുടെ ചിട്ടയെ യുക്തിപരമായി, മറുചോദ്യമായി ഉന്നയിച്ചുകൊണ്ട് ചോദ്യകർത്താവിന്റെ ചിന്തയെ ഉണർത്തുന്നതിലൂടെ ഇമാം ശാഫിഈ (റ) ഹദീസ് പ്രാമാണികതയെ വ്യക്തമാക്കി കൊടുക്കുകയാണവിടെ. പ്രസ്തുത സംഭവം ഉദ്ധരിച്ചു കൊണ്ട്, ആധുനിക ഹദീസ് പണ്ഡിതനായ ഡോക്ടർ മുസ്തഫ അസ്സിബാഈ ചോദ്യകർത്താവിന്റെ ചിന്താ പ്രസ്ഥാനത്തെ തിരയുന്നതും, മുഅതസലീ ആശയധാരയുടെ കേന്ദ്രമായിരുന്ന ബസറയിലേക്ക് ചേർത്തി അദ്ദേഹം മുഅതസലീ ആശയക്കാരനാണെന്ന നിഗമനത്തിലെത്തുന്നുമുണ്ട്. ഇതേ കാലഘട്ടത്തിൽ ജീവിച്ച, മുഅതസിലീ പണ്ഡിതനായി ഗണിക്കപ്പെടുന്ന ഇബ്രാഹീം അന്നള്ളാം ഹദീസുകളെ നിഷേധിച്ചു കൊണ്ടുള്ള ഒരു ചിന്താധാരക്ക് തുടക്കം കുറിച്ചതായി ചരിത്രകാരൻമാർ രേഖപ്പെടുത്തുന്നുണ്ട്. ശേഷം വന്ന അദ്ദേഹത്തിന്റെ ശിഷ്യൻ ജാഹിളിലൂടെ ഇതേ ആശയത്തിന്റെ തീവ്രമായ പ്രചരണം നടന്നിരുന്നു.

ഈ സന്ദർഭത്തിൽ, ആശയപരമായ വിശകലനം എന്നതിലപ്പുറം മുസ്‌ലിം വിശ്വാസി സമൂഹത്തെ ബാധിക്കുന്ന വിപത്ത് എന്ന പരിഗണനയിൽ അവർക്കെതിരെ സുന്നീ ഉലമ അന്ന് തന്നെ വിധി പുറപ്പെടുവിച്ചിരുന്നു. ഇമാം ശാഫി(റ) തന്നെ, ഖുർആൻ മാത്രവാദം ഉന്നയിക്കുന്ന സമൂഹം, ഇസ്‌ലാമിക വിശ്വാസധാരക്ക് പുറത്താണെന്ന് എഴുതുന്നുണ്ട്. ഇതേ നിലപാട് തന്നെ പ്രമുഖ ളാഹിരി പണ്ഡിതൻ ഇബ്ൻ ഹസമും വിശദമാക്കുന്നുണ്ട്. ഇത്തരം പണ്ഡിത ഇടപെടലുകളിലൂടെ അക്കാലത്ത് തന്നെ പ്രസ്തുത മൂവ്മെന്റിനെ ആശയപരമായി വിശകലനവിധേയമാക്കാൻ സാധിച്ചിട്ടുണ്ട്. ഹദീസ് വിജ്ഞാന ശാഖയില്‍ ഉയർന്ന പ്രധാന ചർച്ച എന്ന നിലക്ക് പിന്നീട് രചിക്കപ്പെട്ട നിദാനശാസ്ത്ര ഗ്രന്ഥങ്ങളും ഉസൂലുൽ ഹദീസ് ഗ്രന്ഥങ്ങളും ഹദീസിന്റെ പ്രാമാണികതയെ നഖ്‌ലും അഖ്‌ലും അടിസ്ഥാനമാക്കി വ്യക്തമാക്കുന്നതിനായി താളുകൾ നീക്കിവെച്ചു.

ഹദീസ് പ്രാമാണികത; ആധുനികതയുടെ ജ്ഞാന സങ്കൽപ്പങ്ങളിൽ

ഹദീസിന്റെ ആധികാരികത സംബന്ധിയായി വിശാലമായ ചർച്ചകൾക്ക് മറ്റൊരു വേദി ഒരുങ്ങിയത് പത്തൊമ്പതാം നൂറ്റാണ്ടിൽ ഇസ്‌ലാമിക ലോകത്തെ സ്വാധീനിച്ച ആധുനികത (modernity) യുടെ ഫലമായിട്ടാണ്. 1798 ൽ ഈജിപ്തിൽ പ്രവേശിച്ച നെപ്പോളിയൻ ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് തന്നെ സാധ്യമാക്കിയെടുത്ത മാറ്റത്തിന്റെ പ്രതിഫലനങ്ങളാണ് ഇസ്‌ലാമിക വൈജ്ഞാനിക-സാംസ്കാരിക വ്യവഹാരങ്ങളിൽ കടന്നു കൂടിയ പാശ്ചാത്യ ജ്ഞാനശാസ്ത്ര ചിന്ത (Western Epistemological Thoughts) കളുടെ കടന്നുകയറ്റമുണ്ടാക്കിയത്. അറേബ്യൻ സാഹിത്യങ്ങളിലൂടെ പോലും വിദഗ്ധമായി ഇത് കുത്തിവയ്ക്കാൻ സാധിച്ചു എന്നതും ചിന്തനീയമാണ്. ശേഷം വന്ന ഈജിപ്ഷ്യൻ മുഹമ്മദ് അലി പാഷയും പിന്നീട് മധ്യേഷ്യൻ രാഷ്ട്രങ്ങൾ (Middle East countries) ഭരിച്ചവരൊക്കെയും ഈയൊരു ആശയത്തിന് മുൻഗണന കൊടുത്തതായി ചരിത്രത്തിൽ കാണാം. യൂറോപ്യൻ വൈജ്ഞാനിക വിപ്ലവാനന്തരം രൂപപ്പെട്ട ജ്ഞാനശാസ്ത്രത്തെ ഇസ്‌ലാമിക പാരമ്പര്യ ജ്ഞാനസമ്പാദന രീതിക്ക് മുകളിൽ പ്രതിഷ്ഠിക്കുകയായിരുന്നു അവർ ചെയ്തത്. മുസ്‌ലിം സമൂഹം ധൈഷണിക വ്യതിയാനത്തിന് വഴിയൊരുക്കുകയായിരുന്നു ഈ പ്രസ്ഥാനങ്ങളത്രയും.

ലോക മുസ്‌ലിങ്ങളുടെ വൈജ്ഞാനിക സരണികൾ ഏറിയ ശതമാനവും വന്നു ചേരുന്നത് അല്‍ അസ്ഹർ പണ്ഡിതന്മാരിലേക്കാണ്. പാരമ്പര്യ ഇസ്‌ലാമിക ജ്ഞാന സമ്പ്രദായത്തിലധിഷ്ഠിതമായി നൂറ്റാണ്ടുകൾ മുന്നേറിയ ആ വൈജ്ഞാനിക മണ്ഡലത്തിന് ആധുനികതയുടെ ആശയ വെല്ലുവിളികൾ ഉയർത്തി ഇന്ന് അറിയപ്പെടുന്ന അല്‍ ഖാഹിറാ യൂണിവേഴ്സിറ്റി ഈജിപ്തിൽ സ്ഥാപിതമാക്കുന്നതും ഇക്കാലയളവിലാണ്. ശേഷം, ഇതേ ആശയത്തിന്റെ പ്രതിഫലനമായി അല്‍ അസ്‌ഹറിലെ തന്നെ വിവിധ ഡിപ്പാർട്മെന്റുകളും ഫാക്കൽറ്റികളും പാരമ്പര്യ ഉലമാ വേഷത്തിൽ നിന്ന് ആധുനികതയുടെ മുഖച്ഛായയായ കോട്ടും സൂട്ടും ധരിച്ച പ്രൊഫസർമാരായി പറിച്ചുനടപ്പെടുന്നത് കാണാം. യുക്തിയെ കൂട്ടുപിടിച്ചുള്ള ഭൗതികവാദചിന്താ പദ്ധതിയായ പാശ്ചാത്യ ആധുനികത, സാംസ്‌കാരിക-വൈജ്ഞാനിക രംഗങ്ങളിൽ വലിയ വിപത്തുകൾ സൃഷ്ടിച്ചിട്ടുണ്ട് എന്നതും വസ്തുതയാണ്. മധ്യേഷ്യയിലെ പഠിതാക്കളുടെ ധൈഷണിക മണ്ഡലത്തെ കയ്യേറിയ ചിന്താ രീതിശാസ്ത്രമായി പരിണമിച്ചതിലൂടെയാണ് അത് സാധ്യമായത്. എന്നിരുന്നാലും, ആധുനികതയുടെ വിപത്തുകളെ തിരിച്ചറിയാൻ കഴിയാത്ത വിധം ഇസ്‌ലാമിക രാഷ്ട്രങ്ങളിലെ ജനങ്ങളിൽ പ്രതിഫലനം സൃഷ്ടിക്കാൻ ഇതിലൂടെ സാധിച്ചു എന്നത് വസ്തുതയാണ്. അവിടം മുതലാണ് ഹദീസ് നിഷേധത്തിന്റെയും, ഖുർആൻ മാത്ര വാദത്തിന്റെയും തുടങ്ങി വികല ആശയങ്ങളുടെ വിശാലമായ മുന്നേറ്റം ആരംഭിക്കുന്നത്. ഇവയുടെയൊക്കെയും അടിസ്ഥാനമാകട്ടെ, ഇസ്‌ലാമിക നിയമവ്യവസ്ഥയിലെ അടിസ്ഥാന പ്രമാണമായ പ്രവാചക ഹദീസുകളുടെ ആധികാരികതയെ നിഷേധിക്കലായിരുന്നു. ഈ വികലതയെ തിരിച്ചറിഞ്ഞ പാരമ്പര്യ ഇസ്‌ലാമിക പണ്ഡിതന്മാർ കൃത്യമായി ആധുനികതയുടെ ഗൂഢലക്ഷ്യത്തെ അവയുടെ ആശയ വൈകല്യങ്ങൾ മുൻനിർത്തി അവലോകനം ചെയ്തു കൊണ്ട് രചനകൾ നടത്തുകയുണ്ടായി. ഡോ. മുസ്തഫ അസ്സിബാഇയും, ഡോ. മുഹമ്മദ് അബൂ സഹവും തുടങ്ങി നിരവധി അസ്‌ഹർ പണ്ഡിതർ തന്നെ ഇതിനെതിരെ രംഗത്ത് വന്നത് ശ്രദ്ദേയമാണ്. ഇവയിൽ ഡോ. മുസ്തഫ അസ്സിബാഇയുടെ ‘അസ്സുന്നതു വ മകാനത്തുഹാ ഫീ തശ്‌രീഇൽ ഇസ്‌ലാം’ എന്ന ഗ്രന്ഥം ഹദീസിനെതിരെ ഇസ്‌ലാമിക ചരിത്രത്തിൽ ഉയർത്തപ്പെട്ട വെല്ലുവിളികളെ ഓരോന്നിനെയും ഉദ്ധരിച്ച്, പ്രാമാണികവും (നഖ്‌ൽ) യുക്തി ഭദ്രവുമായ (അഖ്‌ൽ) മറുപടി നൽകാൻ ശ്രമിച്ചു.

തന്റെ ഗ്രന്ഥത്തിന്റെ മുഖവുരയിൽ രചനയുടെ പ്രധാന പ്രേരകമായി അസ്‌ഹർ പഠനകാലത്ത് തനിക്കുണ്ടായ അനുഭവത്തെ മുസ്തഫ അസ്സിബാഇ പ്രതിപാദിക്കുന്നുണ്ട്. പാശ്ചാത്യ യൂണിവേഴ്സിറ്റിയില്‍ നിന്നും ഓറിയന്റലിസ്റ്റ് പഠിതാവായി ബിരുദം നേടി അസ്‌ഹറിലെ പ്രൊഫസറായ തന്റെ അദ്ധ്യാപകൻ പ്രവാചക ഹദീസുകളെ തള്ളിപറയുന്ന സാഹചര്യമായിരുന്നു അത്. 14 വർഷം അസ്‌ഹർ വിദ്യാർത്ഥിയായിരുന്ന അദ്ദേഹത്തിന് ഇസ്‌ലാമിക പാരമ്പര്യ ഗ്രന്ഥങ്ങളോ ഉലമാക്കളോ സ്വീകാര്യമാവാതെ, പത്തൊമ്പതാം നൂറ്റാണ്ടിലെ ഓറിയന്റൽ പണ്ഡിതരായ ഇഗ്‌നാസ് ഗോൾഡ്സിയറും, ജോസഫ് ഷാഖ്തുമൊക്കെ സ്വീകാര്യരാകുന്നു എന്നത്, ആധുനികതയുടെ പ്രതിഫലനങ്ങൾ എത്രമാത്രം ഗാഢമായി ഇസ്‌ലാമിക വൈജ്ഞാനിക സംസ്കാരത്തിൽ പോലും സ്ഥാനം പിടിച്ചിരുന്നു എന്ന് വ്യക്തമാക്കുന്നതാണ്. ക്രിസ്തീയ മിഷനറികളുടെ പ്രസിദ്ധീകരണങ്ങളാണ് (അല്‍ ശർഖ് വൽ ഗർബ്) ഈജിപ്തിലേക്കും മറ്റു മുസ്‌ലിം രാഷ്ട്രങ്ങളിലേക്കും ഇതിനെ ഇറക്കുമതി ചെയ്തത് എന്നും പഠനങ്ങളിൽ വായിക്കാം. പിന്നീട് അഹമ്മദ് അമീനും അബൂ റയ്യയും ഇതേ രീതിശാസ്ത്രം ഉപയോഗിച്ചുകൊണ്ട് ഹദീസിനെതിരെയും പൂർവികരായ സഹാബത്തിനും താബിഉകൾക്കും എതിരിലും വിമർശനങ്ങൾ ഉയർത്തുന്നത് കാണാൻ സാധിക്കും. അവരുടെ ഓരോ വിമർശനങ്ങളെയും അക്കമിട്ടു മറുപടി എഴുതി ഡോ. അബ്ദുൽ ഗനി അബ്ദുൽ ഖാലിക്, മുസ്തഫ അല്‍ അഅ്‌ളമി തുടങ്ങി നിരവധി പണ്ഡിതന്മാർ പഠനങ്ങൾ രചിച്ചിട്ടുണ്ട്.

ആധുനികതയുടെ ഇസ്‌ലാമിക പ്രേമം: അടിത്തറ പരിശോധിക്കുമ്പോൾ

സാന്ദർഭികമായി, സബാ മഹ്മൂദിനെയും വാഇൽ ഹല്ലാഖിനെയും ഇവിടെ പരാമർശിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. ഇസ്‌ലാമിന്റെ പാരമ്പര്യ വിശ്വാസധാരയെ വെല്ലുവിളിച്ചുയർന്നുവന്ന നവീന ആശയങ്ങളുമായി ആധുനികത എന്ന പാശ്ചാത്യ ഉത്പന്നം എങ്ങിനെ ബന്ധപ്പെടുന്നു എന്നും മുസ്‌ലിം ലോകത്തിന് സംഭവിച്ച പിഴവ് എവിടെയാണ് എന്നും ഇവരുടെ പഠനങ്ങളിലൂടെ വ്യക്തമാക്കിത്തരുന്നുണ്ട്. കുരിശുയുദ്ധത്തോളം നീണ്ടുകിടക്കുന്ന ആധുനികതയുടെ ആശയാടിത്തറ ഇസ്‌ലാമിക വൈജ്ഞാനിക മണ്ഡലത്തെ കേന്ദ്രീകരിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. യുക്തിയിലും ദൗതിക ശാസ്ത്രത്തിലുമധിഷ്‌ഠിതമായ പാശ്ചാത്യ ജ്ഞാനശാസ്ത്രത്തെ ഇസ്‌ലാമിക ലോകത്ത് വേരാഴ്ത്തുന്നതിൽ വെല്ലുവിളിയായി നിന്നത് പാരമ്പര്യ ഇസ്‌ലാമിന്റെ (traditional Islam) ആശയ നിലനിൽപ്പ് ആയിരുന്നു. അതിനാൽ തന്നെ അന്നും ഇന്നും പാശ്ചാത്യരുടെ കരുക്കൾ നീങ്ങിയത് പാരമ്പര്യ ഇസ്‌ലാമിനെതിരെയാണ്. കേരളീയ പണ്ഡിതനായ എം എ അബ്ദുൽഖാദർ മുസ്‌ലിയാർ മത നവീന വാദികളുടെ ആശയത്തെ വിശകലനം ചെയ്ത് എഴുതിയ രചനയിൽ ഇതിനായി അവർ സ്വീകരിച്ച തന്ത്രങ്ങളെ അടയാളപ്പെടുത്തുന്നുണ്ട്. 9/11 ന് ശേഷം മതമൗലിക വാദികൾക്കെതിരെ എന്ന ലേബലിൽ ആവിഷ്കരിച്ച ശക്തമായ നടപടികൾ യഥാർത്ഥത്തിൽ പാരമ്പര്യ വാദികളെയാണ് ലക്ഷ്യം വെച്ചത് എന്നത് സബാ മഹ്മൂദ് തെളിവുകൾ ഉദ്ധരിച്ചു വ്യക്തമാക്കുന്നുമുണ്ട്. ഇവിടെ, ആധുനികതയും മൗലികവാദവും പാരമ്പര്യവാദത്തെ ലക്ഷ്യം വെക്കുന്നതും ചേർത്തി വായിക്കേണ്ടിയിരിക്കുന്നു. രണ്ട് ആശയധാരകളുമാവട്ടെ, ഹദീസ് നിഷേധത്തിന്റെ വിവിധ പതിപ്പുകളുമാണ് എന്നത് സ്വാഭാവികതയും. അതോടൊപ്പം, പാരമ്പര്യത്തിനെതിരെയുള്ള മുന്നേറ്റത്തിന് അവർ എങ്ങിനെ ആധുനിക മത-ലിബറലുകളെയും മതേതര ആശയങ്ങളേയും ഉപയോഗപ്പെടുത്തി എന്നും അവർ വിശദീകരിക്കുന്നുണ്ട്. എന്നാൽ, പാരമ്പര്യത്തിനെതിരെയുള്ള ആധുനിക മുസ്‌ലിം ധൈഷണികരായി അറിയപ്പെടുന്നവരുടെ ഇടപെടലുകളുടെ രീതിശാസ്ത്രപരമായ വിടവിനെ വാഇൽ ഹല്ലാഖ്‌ അടയാളപ്പെടുത്തുന്നുണ്ട്. ഇസ്‌ലാമിക ജ്ഞാന ശാസ്ത്ര വ്യവഹാരങ്ങൾ ഉലമാഇൽ നിന്നും സാധാരണക്കാരിലേക്ക് പറിച്ചു നടപ്പെട്ടതിനെയാണ് അദ്ദേഹം ആധുനികതയുടെ തന്ത്രമായി ഉയർത്തിക്കാട്ടുന്നത്. മത നവീന ആശയങ്ങളുടെ ഉത്ഭവ ചരിത്രങ്ങൾ ഇതിനെ കൂടുതൽ ബലപ്പെടുത്തുന്നതുമാണ്. ജമാലുദ്ധീൻ അഫ്ഗാനി മുതൽ അഹമ്മദ് ഖാൻ ഉൾപ്പടെയുള്ള ആധുനികർ മുന്നോട്ട് വെച്ച ആശയങ്ങൾ ചില ഉദാഹരണങ്ങൾ മാത്രം. അവയുടെയൊക്കെയും പൊതു സ്വഭാവം ഇസ്‌ലാമിക പ്രമാണങ്ങളെ യുക്തിയെ ആധാരമാക്കി വ്യാഖ്യാനിക്കുകയും തങ്ങളുടെ ആവശ്യനുസരണം ഹദീസുകളെ നിഷേധിച്ചു തള്ളുകയും ചെയ്യുന്ന പ്രവണതയാണ്.

ആധുനികത തങ്ങളുടെ ആശയ സ്ഥാപനത്തിന് വേണ്ടി ഇസ്‌ലാമിക ചിന്തകരെ ഉപയോഗപ്പെടുത്തുന്നത് ‘സമുദായത്തിന്റെ’ മുരടിച്ചയെ ഉയർത്തിക്കാട്ടി അവരുടെ വൈകാരികതയെ ചൂഷണം ചെയ്യുന്നതിലൂടെയായിരുന്നു. ഇസ്‌ലാമിക സമൂഹത്തിന്റെ പിന്നോക്കാവസ്ഥ, യാഥാസ്ഥികത, മൗലികവാദം, അസമത്വ സങ്കൽപ്പങ്ങൾ തുടങ്ങിയുള്ള ആശയങ്ങളെ മുൻനിർത്തി മതം പ്രാകൃതമാണ് എന്നും, പരിഹാരം യൂറോപ്പിന്റെ ആശയങ്ങളെ കടമെടുത്തുകൊണ്ടുള്ള നവീകരണമാണ് എന്നുമുള്ള നിഗമനത്തിലേക്കെത്തുകയായിരുന്നു അവർ. ഉലമാഇന്റെ അധികാര പരിധിക്കപ്പുറമായുള്ള ആധുനിക രാഷ്ട്ര സങ്കല്പത്തെയും,തഥൈവ, ആധുനികതാ വാദത്തിൽ നിന്നും പകർത്തിയതാണ്. ഉലമാഇന്റെ നിർദേശങ്ങളിലൂന്നിയ ഭരണ വ്യവസ്ഥ നിലനിന്നിരുന്ന ഇസ്‌ലാമിക പാരമ്പര്യ സമ്പ്രദായത്തിൽ നിന്നും ഉലമാ-ഉമറാ എന്ന ദ്വന്ദ്വം തീർത്ത് മതത്തെ ഉലമാഇലേക്കും രാഷ്ട്രത്തെ ഉമറാഇലേക്കും, ചേർത്തി വായിക്കുന്ന പ്രവണത ഇവിടം മുതൽ ആരംഭിക്കുന്നു. അതോടുകൂടി ഭരണകർതൃത്വം ശരീഅത്തിന്റെ സുരക്ഷിത കവചത്തിൽ നിന്നും വഴുതിമാറാനുള്ള സാധ്യത വർധിക്കുന്നു. ഈ സാധ്യതയെയാണ് തങ്ങളുടെ ആശയങ്ങളുടെ പ്രചാരണത്തിന് ആധുനികത ഉപയോഗപ്പെടുത്തുന്നത്. അതിൽ വലിയ രീതിയിലുള്ള വിജയം അവർക്ക് സാധ്യമായിട്ടുമുണ്ട്. സെക്യൂലറിസവും ലിബറലിസവും കടന്നുകൂടിയ മതേതര മതം എന്ന സങ്കല്പത്തെ ഇവിടെ ചേർത്ത് വായിക്കാം. ഇന്ത്യൻ സാഹചര്യത്തിലും ഇതേ ഒരു നീക്കം കാണാൻ സാധിക്കുന്നതാണ്.

അബുൽ അഅലാ മൗദൂദി മൗലികവാദം അടിസ്ഥാനമാക്കി പരിചയപ്പെടുത്തിയ രാഷ്ട്രീയ ഇസ്‌ലാം എന്ന സങ്കൽപം നടേ സൂചിപ്പിച്ച ആധുനികതയുടെ ഉല്പന്നമായി യൂറോപ്പിലും പ്രചാരം നേടിയ രാഷ്ട്രം, രാഷ്ട്രീയം എന്ന സങ്കല്പങ്ങളെ ഇസ്‌ലാമിലേക്ക് പറിച്ചുനടാനുള്ള ശ്രമമായിരുന്നു എന്ന് കാണാം. അതിന്റെ പ്രചാരണത്തിന് വേണ്ടി നിരവധി ഹദീസുകളെ തള്ളിക്കളയാനും ദുർവ്യാഖ്യാനം ചെയ്യാനും അദ്ദേഹം മടിച്ചില്ല. ഖുർആന്റെ വിശദീകരണമായാണ് ഹദീസുകളെ ഇസ്‌ലാമിക പാരമ്പര്യം ഗണിച്ചിരുന്നത് എങ്കിൽ ‘ഖുർആൻ മനസ്സിലാക്കാൻ ഒരു ആധുനികനായ പ്രൊഫസർ ധാരാളമാണ്’ എന്ന വാദമാണ് മൗദൂദി മുന്നോട്ട് വെച്ചത്. ഇസ്‌ലാമിക വിശ്വാസ, കർമ്മ പദ്ധതികളെക്കാൾ പ്രാധാന്യം രാഷ്ട്രീയ ഇസ്‌ലാമിനാണ് അദ്ദേഹം കല്പിച്ചത്.

ഹദീസ് വിമർശനത്തിന്റെ പരിണാമം ഇന്ത്യൻ സാഹചര്യം

ബ്രിട്ടീഷ് കൊളോണിയൽ രാഷ്ട്രമായി നിലനിന്നിരുന്ന ഇന്ത്യയുടെ സാമൂഹിക വൈജ്ഞാനിക മതകീയ അന്തരീക്ഷത്തിനെതിരെയും ആധുനികത വെല്ലുവിളികൾ ഉയർത്തുകയുണ്ടായി. അതിൽ, ഇസ്‌ലാമിക വിജ്ഞാനീയത്തെ യുക്തിയുടെ തുലാസിൽ വെച്ചുകൊണ്ട് അളന്ന് വിശ്വാസികളിൽ സംശയങ്ങൾ സൃഷ്ടിച്ച്, മുസ്‌ലിം ബുദ്ധിജീവികളുടെ വൈകാരികതയെ ചൂഷണം ചെയ്തുകൊണ്ടാണ് ക്രിസ്ത്യൻ മിഷനറികൾ വഴി പത്തൊമ്പതാം നൂറ്റാണ്ടിൽ പുത്തനാശയങ്ങൾ ഇന്ത്യയിൽ വേരുറക്കുന്നത്. തുടക്കത്തിൽ, യുക്തിവിരുദ്ധമായ പരാമർശങ്ങളുള്ള ഹദീസുകളെ ദുർവ്യാഖ്യാനിച്ചും ചിലത് നിഷേധിച്ചും കൊണ്ടായിരുന്നു എങ്കിൽ ഇന്ന് പൂർണമായും ഹദീസുകളെ നിഷേധിച്ചു തള്ളുന്നതിലേക്ക് എത്തി ചേർന്നു എന്നതാണ് വസ്തുത.

അമേരിക്കൻ പണ്ഡിതനായ ജോനാതൻ എ.സി ബ്രൗൺ ഈയൊരു നൂതന വാദത്തിന്റെ അടിസ്ഥാനമായി പതിനെട്ടാം നൂറ്റാണ്ടുകളിൽ പ്രചാരം നേടിയ തഖ്‌ലീദ് നിഷേധ മുന്നേറ്റത്തെ കൂടെ പറയുന്നുണ്ട്. ഇന്ത്യയിൽ അഹ്‌ലെ ഹദീസ് മൂവ്മെന്റിലൂടെ മുന്നേറിയ വാദം ഇസ്‌ലാമിക ധൈഷണികരായി അറിയപ്പെട്ടവരെ സ്വയം ഇജ്തിഹാദിന്റെ സാധ്യത തിരയുന്നതിലേക്ക് നയിക്കുകയായിരുന്നു. പൗരാണിക പ്രമുഖരായ പണ്ഡിതരുടെ പദവി തന്നിൽ പ്രതിഷ്ഠിച്ചു കൊണ്ട് ഖുർആനിനെയും ഹദീസിനെയും നിരൂപിക്കുന്ന ശൈലിയെ ബ്രൗൺ വ്യക്തമായി തന്റെ ഗ്രന്ഥത്തിൽ അവലോകനം ചെയ്യുന്നുണ്ട്. പ്രസ്തുത ഇജ്തിഹാദ് വാദം പിന്നീട് ഇന്ത്യൻ ഉപദ്വീപിൽ മുഴങ്ങിയ മുഴുവൻ നവീന വാദങ്ങളിലും കാണാൻ സാധിക്കും.

കൊളോണിയൽ ഇന്ത്യയിൽ ഖുർആൻ മാത്രവാദത്തിന്റെ ഔദ്യോഗികമായ വേരു കിടക്കുന്നത് സർ സയ്യദ് അഹമ്മദ് ഖാന്റെ ചിന്താ പദ്ധതികളിലാണ്. മുന്നേ സൂചിപ്പിച്ചത് പോലെ, ആധുനികതയുടെ മുന്നേറ്റത്തിൽ മുസ്‌ലിം സമുദായത്തിന്റെ തളർച്ചയെ ചർച്ചക്ക് വെച്ചുകൊണ്ടുള്ള വൈകാരികമായ ചൂഷണത്തിലൂടെ ബ്രിട്ടീഷ്-മിഷനറികളാണ് അഹമ്മദ് ഖാന്റെ ചിന്തകൾക്ക് പ്രേരകമാകുന്നത്. ഇസ്‌ലാമിന്റെ ആധുനിക വായനയുടെ അത്യന്താപേക്ഷികതയെ ഉയർത്തിക്കാട്ടി മുൻകാല മുഅതസിലീ രീതിശാസ്ത്രത്തെ ആധുനിക ഭൗതികതയോട് തുന്നിചേർത്ത ഹദീസ് നിരൂപണരീതി ആവിഷ്കരിക്കപ്പെട്ടു. ഇതിനെ അടിസ്ഥാനമാക്കി അഹമ്മദ് ഖാൻ ഇസ്‌ലാമിക വിശ്വാസ പാരമ്പര്യത്തെ തള്ളിപ്പറയുകയും വികലമായി വ്യാഖ്യാനിക്കുകയും ചെയ്തു. ജിന്ന് വർഗ്ഗത്തിന്റെ ഉണ്മയെ നിഷേധിച്ചു തുടങ്ങിയ അദ്ദേഹം പ്രവാചക അമാനുഷികതയെ ചോദ്യം ചെയ്തു. ആധുനികതയുടെ അളവുകോൽ കൊണ്ട് പ്രത്യയശാസ്ത്ര-സംസ്കാരങ്ങളെ താരതമ്യ വിധേയമാക്കിയ അഹമ്മദ് ഖാൻ ഇന്ത്യൻ മുസ്‌ലിങ്ങൾക്ക് ആധുനിക ലോകക്രമത്തിൽ കൃത്യമായ ഒരിടം ഒരുക്കാനുളള നീക്കത്തിലായിരുന്നു. എന്നാൽ, വിശ്വാസ പ്രമാണങ്ങളിലെ അയുക്തിയെ ഉദ്ധരിച്ചു കൊണ്ടുള്ള ബ്രിട്ടീഷ് മിഷനറികളുടെ വൈകാരികമായ ചൂഷണത്തിന് വിധേയമായതിലൂടെയാണ് അദ്ദേഹം ഇത്തരം ഒരു രീതിശാസ്ത്രത്തെ അളവുകോലായി സ്വീകരിക്കുന്നത്. തന്റെ ആശയത്തെ വൈജ്ഞാനികമായും, സാംസ്കാരികമായും പ്രചരിപ്പിക്കുക എന്ന ലക്ഷ്യം കൂടെ ചേർത്തുവെച്ച് അലിഗഡിൽ അദ്ദേഹം വെസ്റ്റേൺ മോഡൽ പഠന പദ്ധതികൾ ആവിഷ്കരിച്ചു.

മനുഷ്യയുക്തിക്ക് എതിരായ ഹദീസുകളെയാണ് അദ്ദേഹം നിഷേധിച്ചതും വ്യാഖ്യാന വിധേയമാക്കിയതുമെങ്കിൽ ശേഷം വന്ന അദ്ദേഹത്തിന്റെ പിന്മുറക്കാർ ഈ ആശയത്തെ വിശാലമാക്കുകയായിരുന്നു. ഖാന്റെ സമകാലികനായ ചിറരാഖ് അലിയെ ജോനാഥൻ ബ്രൗൺ പരിചയപ്പെടുത്തുന്നത് ഹദീസ് പാരമ്പര്യത്തെ പൂർണ്ണമായും നിഷേധിക്കുകയും ഇസ്‌ലാമിക നിയമവ്യവസ്ഥിതിയുടെ പുനർവ്യാഖ്യാനത്തിന് വേണ്ടി ഒരുങ്ങുകയും ചെയ്ത വ്യക്തി എന്ന നിലക്കാണ്. പിന്നീട്, ഇന്നും പ്രചാരം നേടിക്കൊണ്ടിരിക്കുന്ന അഹ്‌ലെ ഖുർആൻ എന്ന മുദ്രയിൽ ഖുർആൻ മാത്രവാദത്തെ വികസിപ്പിച്ചെടുക്കുന്നത് ചക്രാൽവി (ഗുലാം നബി) ആണ്. അദ്ദേഹത്തിന്റെ വിദ്യാർത്ഥിയായ മുഹമ്മദ് റമദാൻ പ്രസ്തുത ആശയത്തെ പ്രസിദ്ധീകരണങ്ങൾ വഴി പ്രചരിപ്പിച്ചു. പിന്നീട് വന്ന ഓരോരുത്തരും ഈ ആശയത്തെ വികസിപ്പിച്ചു കൊണ്ട് പ്രചാരകരാവുകയായിരുന്നു. അവരില്‍ പ്രധാനിയാണ് അഹമ്മദ് അദ്ദീൻ അമൃത്‌സരി (1936). ‘മുജെസെ ഖുർആൻ’ എന്ന ഗ്രന്ഥത്തിലൂടെ തന്റെ ആശയത്തിന്റെ തീവ്രമായ രൂപം വായനക്കാരിലേക്ക് എത്തിക്കുക എന്നതിന് പുറമെ, ഇതിന്റെ ബൃഹത്തായ പ്രവർത്തന പദ്ധതികൾ ലക്ഷ്യം വെച്ച് ഉമ്മത്തേ മുസ്‌ലിമാ അസോസിയേഷൻ രുപീകരിക്കുകയും അതിന് കീഴിലായി ബലാഗഃ വ ബയാൻ എന്ന പ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു.
ഈ ശ്രേണിയിൽ ഇന്നും സജീവമായിക്കൊണ്ടിരിക്കുന്ന പ്രവർത്തനം ഗുലാം അഹമ്മദ് പർവേസിന്റെ തുലൂലെ ഇസ്‌ലാമാണ്. ഇവരുടെ പ്രധാന പ്രചാരണ മാർഗം തുടക്കത്തിൽ പുസ്തകങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും ആയിരുന്നുവെങ്കിലും പിന്നീട് കൂട്ടായ്മകൾ രൂപീകരിച്ചുള്ള പ്രവർത്തനങ്ങളിലേക്ക് വികസിപ്പിക്കുകയായിരുന്നു.

അഹ്‌ലെ ഖുർആന്റെ സൂക്ഷ്മമായ ചരിത്രവായനയിൽ വളരെ രസകരമായ ഭാഗം ഹദീസ് നിഷേധത്തിന്റെ ആധുനിക രീതിശാസ്ത്രത്തിന്റെ പ്രയോഗികതയെ അക്കാദമിക തലത്തിൽ പരിചയപ്പെടുത്തിയ ഓറിയെന്റലിസ്റ്റുകളുമായുള്ള ബന്ധവും അവരുടെ പഠനങ്ങളെ തങ്ങളുടെ വാദങ്ങൾക്ക് അടിസ്ഥാനമാക്കി ഉദ്ധരിക്കുന്നതുമാണ്. ഈ മേഖലയിൽ പ്രശസ്തനായ ഒറിയന്റലിസ്റ് ഇഗ്‌നാസ് ഗോൾസിയറിന്റെയും ജോസഫ് ഷാഖ്ത്തിന്റെയും പഠനങ്ങൾ ഹദീസിന്റെ ആധികാരികതയിലെ പുതിയ രീതി ശാസ്ത്രത്തെ അടിസ്ഥാനമാക്കി ചോദ്യം ചെയ്യുന്നുണ്ട്. ചരിത്രത്തെ ആധാരമാക്കിയുള്ള നിരൂപണ രീതിശാസ്ത്രം (Historical Critical method) ഹദീസിനെ ആധികാരിക സ്രോതസ്സ് എന്നതിൽ നിന്നും ചരിത്രം എന്നതിലേക്ക് ചുരുക്കുകയായിരുന്നു. പിന്നീട്, ഇവരുടെ പഠനങ്ങൾ ഇന്ത്യൻ ചിന്താ മണ്ഡലത്തിൽ ഉണ്ടാക്കിത്തീർത്ത പ്രതിഫലനങ്ങളിൽ പ്രധാനമായും ഉദ്ധരിക്കപ്പെടുന്നത് അഹ്‌ലെ ഖുർആൻ മുന്നേറ്റത്തെയാണ്. അതിന്റെ വ്യക്തമായ ഉദാഹരണമാണ് അഹ്‌ലെ ഖുർആൻ വക്താവായ മുഹമ്മദ് അസ്‌ലം ജൈറാപൂരിയുടെ ആശയങ്ങളിൽ ഷാഖ്ത്തിന്റെ ഇസ്നാദ് കേന്ദ്രീകൃതമായ വിമർശന രീതിയെ വായിക്കപ്പെടുന്നത്. അഹമ്മദ് ഖാന്റെയും സമകാലികരുടേയും ആശയങ്ങളിലും ഇത്തരം പാശ്ചാത്യ വിമർശനങ്ങളെ തിരിച്ചറിയാൻ സാധിക്കും.

പ്രവാചക ഹദീസുകളെ പൂർണ്ണമായും നിഷേധിച്ച്, ഖുർആനിലേക്ക് മാത്രം ഒതുങ്ങുന്ന ഇത്തരം മുന്നേറ്റങ്ങൾ പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ മദ്ധ്യേഷ്യൻ രാജ്യങ്ങളിലും മലേഷ്യയിലും ഉടലെടുത്തതായി കാണാൻ സാധിക്കും. ഈ മുന്നേറ്റങ്ങൾക്ക് രണ്ടു തലങ്ങൾ ഉള്ളതായി ചില പഠനങ്ങൾ നിഗമനം നടത്തുന്നുണ്ട്. ബ്രിട്ടീഷ് മിഷണറിയുടെ ഉൽപ്പന്നമായ ആധുനികതയെ ആവാഹിക്കുക എന്ന രാഷ്ട്രീയ നയവും അതോടൊപ്പം പാരമ്പര്യ മുസ്‌ലിം വിശ്വാസത്തെ ചോദ്യം ചെയ്യുക എന്ന മതകീയ നയവുമാണത്. ഇതിനാലാണ്, ഈജിപ്തിൽ പാരമ്പര്യ സുന്നീ വിശ്വാസത്തെ ‘സുന്നീയ്യൂൻ’ എന്ന് വിളിക്കപ്പെട്ടപ്പോൾ അതിന്റെ ആശയങ്ങളെ വെല്ലുവിളിച്ചവർ ‘ഖുർആനീയ്യൂൻ’ എന്ന് സ്വയം നാമകരണം ചെയ്തത്. ഇതേ ഉദാഹരണം ഇന്ത്യയിൽ വേരുറച്ച അഹ്‌ലെ ഹദീസിനെതിരായുള്ള വെല്ലുവിളി എന്ന നിലയിൽ അഹ്‌ലെ ഖുർആനിനെ കുറിച്ചും ഊഹിക്കാവുന്നതാണ്.

ഖുർആൻ മാത്ര വാദത്തിന്റെ പ്രചാരണം കേരളീയ പരിസരത്തേക്ക് കടന്നുവരുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ്. നിസ്കാരത്തെ വെട്ടിച്ചുരുക്കിയും ദീനിനെയും സകാത് പോലുള്ള ആരാധനകളെയും ദുർവ്യാഖ്യാനം ചെയ്തും മലയാളി മുസ്‌ലിമീങ്ങളിലേക്ക് അവർ പുത്തൻ ആശയത്തേ പരിചയപ്പെടുത്തുകയായിരുന്നു. എന്നാൽ, ആദർശപരമായി കടുത്ത നിലപാടുകളോട് കൂടിയ സമസ്ത നിലനിന്ന കേരളീയ പരിസരത്ത് അവർക്ക് തങ്ങളുടെ ആശയത്തെ പരസ്യമായി പ്രചരിപ്പിക്കാൻ സാധിച്ചില്ല എന്നതാണ് യാഥാർഥ്യം.

ഖുർആൻ മാത്രവാദം മുസ്‌ലിം സമൂഹത്തിൽ ഉണ്ടാക്കി തീർത്ത വിപത്തുകൾ വളരെ വലുതാണ്. ഇസ്‌ലാമിക പാരമ്പര്യവും രീതിശാസ്ത്രവും പൂർണ്ണമായും മുസ്‌ലിം സമുദായത്തെ സച്ചരിത-ജ്ഞാനികളായ ഉലമാക്കളുടെ കീഴിൽ ഒരുമിച്ചു നിർത്തിയിരുന്നു എങ്കിൽ ആധുനികതയുടെ ഉല്പന്നമായി നിലവിൽ വന്ന ആശയം ഹദീസിനെ നിഷേധിക്കുന്നതോടൊപ്പം മതത്തെ സ്വന്തം യുക്തിയുടെ ചട്ടക്കൂടിലേക്ക് ഒതുക്കി സമുദായത്തെ ഭിന്നിപ്പിക്കുകയും കൃത്യമായ പിടിവള്ളി ലഭിക്കാത്ത വിധം സാധാരണക്കാരെ അന്ധതയിലേക്ക് നയിക്കുകയും ചെയ്തു എന്നതാണ് വസ്തുത. അവിടെയാണ്, സകാത്തിനെ ആത്മശുദ്ധി എന്നും ദീനിനെ ധാർമികത എന്നും അർത്ഥം സങ്കൽപ്പിച്ചു ജീവിക്കുന്ന ഒരുപറ്റം സാധാരണക്കാരെ നാം തിരിച്ചറിയേണ്ടത്. തുടക്കത്തിൽ നിസ്കാരത്തെ വെട്ടിച്ചുരുക്കുകയായിരുന്നു എങ്കിൽ യുക്തിവാദ ചിന്താ പ്രസ്ഥാനങ്ങൾ നിലനിൽക്കുന്ന അത്യാധുനിക കാലത്ത് സ്വലാത്, നിസ്കാരം എന്നതിൽ നിന്ന് ധാർമിക പ്രവർത്തനങ്ങൾ എന്നതിലേക്ക് വ്യതിചലിച്ചിരിക്കുന്നു എന്നത് മതാശയങ്ങളെ തന്റെ ഭൗതികയുക്തിയിലേക്ക് ഒതുക്കുന്നതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ്. അതിനാലാണ്, ഓരോ കാലത്തെയും ഉലമ അവർക്കെതിരെ ഫത്‌വ നൽകിയും അവരെ തിരുത്തിയും മുസ്‌ലിം സമുദായത്തിന്റെ ഒരുമയെ നിലനിർത്താൻ പരിശ്രമിച്ചത്. ബ്രിട്ടീഷ്-ക്രിസ്ത്യൻ മിഷണറിയുടെ ഉത്പന്നങ്ങളായ വ്യക്തികളിൽ നിന്ന് ഉണ്ടായ ആശയം എന്ന നിലയിലും അതിന്റെ ലക്ഷ്യബോധത്തെ അവലോകനം ചെയ്തു കൊണ്ടും ചില പണ്ഡിതർ ഖുർആൻ മാത്രവാദികളെ ഇസ്‌ലാമിക ബൗണ്ടറിയുടെ പുറത്തു പ്രതിഷ്ഠിക്കുകയും ചെയ്തിരുന്നു. ചക്രാൽവിയെ ക്രിസ്ത്യാനിയായി മുദ്രകുത്തിയത് ഈ അടിസ്ഥാനത്തിൽ വായിക്കപ്പെടേണ്ടതാണ്. ഹദീസ് നിഷേധത്തിലൂടെ യുക്തിക്ക് അപ്രമാദിത്യം നൽകി പാരമ്പര്യ ഇസ്‌ലാമിനെ നിഷ്പന്നമാക്കുകയും ആധുനിക മതേതരത്വ-ലിബറൽ ചിന്താ പദ്ധതിയിലൂന്നിയ നവീകരണം മതത്തിൽ സാധ്യമാക്കുക എന്ന ലക്ഷ്യം മുന്നോട്ട് വെക്കുകയും ചെയ്യുന്ന ‘ഇസ്‌ലാമിക ധൈഷണികർ’ക്കെതിരെയുള്ള ആശയ-സാംസ്‌കാരിക വെല്ലുവിളികൾ പാരമ്പര്യ സുന്നീ സമൂഹത്തിനകത്തു നിന്നുണ്ടാവുന്നുണ്ട് എന്നത് വസ്തുതയാണ്. അഥവാ, ഇന്നും ഇമാം ശാഫിഈ (റ) അടക്കമുള്ള സുന്നീ ഉലമാക്കളുടെ ഗ്രന്ഥങ്ങൾ മുന്നോട്ട് വെക്കുന്ന നിലപാട് പാരമ്പര്യ മുസ്‌ലിം സമൂഹം ഇത്തരം നൂതന വികല ചിന്താധാരകളോട് പുലർത്തുന്നുണ്ട്.