ഡൽഹി: ചരിത്രത്തിനും വർത്തമാനത്തിനുമിടയിലെ സാംസ്‌കാരിക തനിമകൾ

‘ഡല്‍ഹിയിലെ ആ ചൂടുള്ള പകലില്‍ എങ്ങനെയെങ്കിലും റൂമിലേക്ക് തിരികെയെത്താനുള്ള തിരക്കിലായിരുന്നു ഞാന്‍. കൂടെ ഭാര്യയും കുഞ്ഞുമുണ്ട്. ഏത് നേരവും പൊളിഞ്ഞ് വീണേക്കാം എന്ന് തോന്നിക്കുന്ന ഒരു പഴയ ടാക്‌സിയാണ് കിട്ടിയത്. മുന്നോട്ട് പോകുന്നതിനിടെ ആ പുരാതന വാഹനം തിരക്കേറിയ ഒരു ചേരിക്ക് നടുവിലൂടെയുള്ള പൊളിഞ്ഞ റോഡിലേക്ക് കയറി. ചൂട് നൂറ് ഡിഗ്രി കടന്നിട്ടുണ്ട് എന്ന് തോന്നിക്കുന്ന അവസ്ഥയിലായിരുന്നു. പൊടിയും പുകയും നിറഞ്ഞ തെരുവ് ജനങ്ങളെക്കൊണ്ട് വീര്‍പ്പ് മുട്ടിയിരിക്കുന്നു.

റോഡിനിരുവശത്തും ഭക്ഷണം കഴിക്കുന്നവര്‍, അലക്കുന്നവര്‍, ഉറങ്ങുന്നവര്‍, ടൂറിസ്റ്റുകള്‍, ഒച്ച വെക്കുന്നവര്‍ തുടങ്ങി ഒരായിരം മനുഷ്യരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ആകെ ബഹള മയം. അതിനിടയില്‍ ടാക്‌സിയുടെ ജാലകത്തിനിടയിലൂടെ ഒരു യാചകന്റെ കൈ നീണ്ടുവന്നു. തുറസ്സായി മലമൂത്രം നടത്തുന്നവര്‍, ബസ്സില്‍ തൂങ്ങിപ്പിടിച്ച് യാത്ര ചെയ്യുന്നവര്‍, മൃഗങ്ങളെ തെളിച്ച് പോകുന്നവര്‍, പരക്കം പായുന്നവര്‍, വാഹനത്തിന്റെ ഹോണ്‍, പൊടി, ചെളി, ഒച്ചപ്പാട്, ചൂട്, അതിനിടയില്‍ തെരുവില്‍ പാചകം ചെയ്യുന്ന അടുപ്പില്‍ നിന്ന് അളുന്ന തീ. ആകെ ഭീതിപ്പെടുത്തുന്ന നരക സമാനമായ അന്തരീക്ഷം. ഞങ്ങള്‍ മൂന്നു പേരും ശരിക്കും പേടിച്ച് പോയി. റൂമില്‍ തിരികെയെത്താനാവില്ലെന്ന് ഭയന്ന നിമിഷങ്ങള്‍. എന്തും സംഭവിക്കാവുന്ന അവസ്ഥ. ഒന്നും സംഭവിച്ചില്ല! ഞങ്ങളുടെ വെപ്രാളം കണ്ട് ഏത് സാധാരണക്കാരനും ചിരിച്ച് പോവുമായിരുന്നു. ഡല്‍ഹിയില്‍ ആദ്യമായെത്തുന്ന ഒരു വിദേശ ടൂറിസ്റ്റിന് ഇതെല്ലാം ഭയാനകമായി തോന്നിയതില്‍ ആശ്ചര്യമൊന്നുമില്ല”.

തൊള്ളായിരത്തി അറുപതിന്റെ അവസാനത്തില്‍ നടത്തിയ ആദ്യ ഡല്‍ഹി അനുഭവത്തെക്കുറിച്ച് തന്റെ പ്രസിദ്ധമായ പോപുലേഷന്‍ ബോംബ് എന്ന പുസ്തകത്തില്‍ പോള്‍ എല്‍റിച്ച് നല്‍കുന്ന നാടകീയ വിവരണമാണിത്. ലോകം അകപ്പെടാനിരിക്കുന്ന ഭീകരമായ ദാരിദ്ര്യത്തെക്കുറിച്ച് അക്കാദമിക ധാരണ മുന്‍പ് തന്നെ എന്നില്‍ രൂപപ്പെട്ടിരുന്നെങ്കിലും അത് എത്രത്തോളം ഭീകരമായിരിക്കും എന്ന് ഞാന്‍ ആദ്യമായി അനുഭവിച്ചത് അന്നായിരുന്നു എന്നാണ് ഈ അനുഭവത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. ജനസംഖ്യാവര്‍ദ്ധനവ് മൂലമുള്ള പട്ടിണി മരണങ്ങളിലേക്കാണ് ലോകം മൂക്ക് കുത്താനിരിക്കുന്നതെന്ന സ്‌ഫോടനാത്മക വെളിപ്പെടുത്തലുമായാണ് ‘പോപുലേഷന്‍ ബോംബ്’ പുറത്ത് വന്നത്. അക്കാദമിക് പുസ്തകം പള്‍പ്പ് ഫിക്ഷന്‍ പോലെ വിറ്റ് പോയി. കോടിക്കണക്കിന് മനുഷ്യ ജന്മങ്ങളുടെ പട്ടിണി മരണങ്ങളിലേക്കാണ് അടുത്ത പതിറ്റാണ്ട് കടന്ന് വരുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് പോള്‍ എല്‍റിച്ച് തന്റെ പുസ്തകം തുടങ്ങുന്നത്.

ഹരിത വിപ്ലവത്തോടെ ലോകം ‘പോപുലേഷന്‍ ബോംബ്’ പ്രവചിച്ച പ്രതിസന്ധി അതിജീവിച്ചു. രണ്ടായിരത്തോടെ നശിച്ച് പോവുമെന്ന് എല്‍റിച്ച് പറഞ്ഞ ഇംഗ്ലണ്ട് ഇന്നും നമ്മോടൊപ്പമുണ്ട്; ഇന്ത്യയും. ലോക ജനസംഖ്യ പിന്നെയും പലമടങ്ങ് വര്‍ദ്ധിച്ചു. ഭൂമിയുടെ വാഹക ശേഷിയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് സാങ്കേതിക വിദ്യയുടെ വളര്‍ച്ച മറുപടി നല്‍കി. മാല്‍തൂസിയന്‍ മഹാ ദുരന്ത മുന്നറിയിപ്പുകള്‍ക്ക് പ്രസക്തിയില്ലാത്ത വിധം നിര്‍മ്മാണ മേഖല വികസിച്ചു എന്നത് പിന്‍കാല ചരിത്രം.

ചാന്ദിനി ചൗക്ക്

ചെറിയൊരു ചാറ്റല്‍ മഴയിലേക്കാണ് ആദ്യമായി ഞാന്‍ ഡല്‍ഹിയിലെത്തുന്നത്. സ്റ്റേഷനില്‍ അങ്ങിങ്ങായി മഴ നനയാത്ത ഭാഗം നോക്കി തല ചായ്ക്കാന്‍ ശ്രമിക്കുന്നവരെ കാണാം. ആരെയോ കാത്തിരിക്കുന്ന പോലെ കുറച്ച് തെരുവു നായ്ക്കളും. യാത്രക്കാരെ കൊണ്ട് കാല്‍ കുത്താന്‍ ഇടമില്ലാത്ത സ്റ്റേഷനില്‍ നിന്നും ലഗേജുമായി ഒരു വിധം രക്ഷപ്പെട്ട് ഡല്‍ഹി മര്‍കസ് ഓഫീസിലേക്ക് ഓട്ടോ കയറുമ്പോള്‍ എല്‍റിച്ചിന്റെ ഡല്‍ഹി അനുഭവമായിരുന്നു മനസ്സ് നിറയെ. ദാരിദ്ര്യവും നിസ്സഹായതയും തങ്ങി നില്‍ക്കുന്ന ഓള്‍ഡ് ഡല്‍ഹിയുടെ വഴിയോരക്കാഴ്ച്ചകള്‍ ഡല്‍ഹിയെക്കുറിച്ച് കാലങ്ങളായി രൂപപ്പെടുത്തിയ ഭാവനാ കൊട്ടാരങ്ങള്‍ ഓരോന്നായി തകര്‍ത്ത് കൊണ്ടിരുന്നു. ‘ഈ ആരാമത്തെക്കുറിച്ച് കേട്ടിരുന്നെങ്കില്‍ മക്ക ഹിന്ദുസ്ഥാനിലേക്ക് തീര്‍ത്ഥാടനം നടത്തുമായിരുന്നു” എന്ന് പാടിയ അമീര്‍ ഖുസ്രുവിന്റെ ഡല്‍ഹിയില്‍ തന്നെയാണോ എത്തിച്ചേര്‍ന്നിരിക്കുന്നത് എന്നെനിക്ക് സംശയിക്കാതിരിക്കാനായില്ല. ”ഡല്‍ഹി ഒരിക്കല്‍ സ്വര്‍ഗ്ഗമായിരുന്നു. സ്‌നേഹം അധികാരം കയ്യടക്കി ഭരണം നടത്തിയിരുന്നിടം. ആ വശീകരണ ശേഷിയെല്ലാം ഇന്ന് അന്യമായിരിക്കുന്നു. അവശിഷ്ടങള്‍ മാത്രം ബാക്കി”. ബഹദൂര്‍ഷ സഫറിന്റെ വരികള്‍ ഓര്‍മയില്‍ തികട്ടി വന്ന് കനം തൂങ്ങുന്നുണ്ടായിരുന്നു.

അമിതാവ് ഗോഷ് തന്റെ ‘ഒരു പൗരാണിക ഭൂമിയില്‍’ (In an antique land) എന്ന പുസ്തകത്തില്‍ കൈറോ ഈജിപ്തിന്റെ തന്നെ രൂപകമാണ്, കൈറോ തന്നെയാണ് ഈജിപ്ത് എന്ന് പറയുന്നുണ്ട്. ഡല്‍ഹിയുടെ കാര്യവും വ്യത്യസ്തമല്ല. ഇന്ത്യയുടെ ഏറ്റവും പൂര്‍ണ്ണമായ രൂപകമാണ് ഡല്‍ഹി. സ്വാതന്ത്ര്യത്തിന്റെ ആറ് പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന കോര്‍പ്പറേറ്റുകളും അംബാനിമാരും ചേര്‍ന്ന ന്യൂനപക്ഷത്തിന് മാത്രം ഉപകാരമുണ്ടാക്കിയ വികസന മഹാമഹങ്ങളും പട്ടിണി എന്ന ഭൂരിപക്ഷ യാഥാര്‍ത്ഥ്യവും ചേര്‍ന്ന വര്‍ത്തമാന ഇന്ത്യക്ക് ന്യൂ ഡല്‍ഹിയും ഓള്‍ഡ് ഡല്‍ഹിയും ചേര്‍ത്ത് വെച്ച ‘ഡല്‍ഹി’യുടെ ചിത്രത്തിലും അനുയോജ്യമായ രൂപകം വേറെ എവിടെ കിട്ടാനാണ്.

ഡല്‍ഹിയുമായി ഇസ്‌ലാമിന്റെ കൊടുക്കല്‍ വാങ്ങലുകളുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട അധ്യായമാണ് 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം. മുഗള്‍ ഭരണത്തിന്റെ അന്ത്യത്തോടൊപ്പം ഇന്ത്യയിലെ മുസ്‌ലിം സമുദായം പുതിയ ഭരണ ഭാഷയുടെ വര്‍ഗ്ഗീകരണങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്ന ഒരു രാഷ്ട്രീയ സാഹചര്യമാണ് അത് രൂപപ്പെടുത്തിയത്. ഭരണകര്‍ത്താക്കളും കുലീനരുമായ ഒരു സമുദായം പെട്ടെന്ന് ഭരണകൂട ഭാഷയില്‍ രാജ്യദ്രോഹികളായി മാറി. ജമാ മസ്ജിദ് അഭയാര്‍ത്ഥി ക്യാമ്പാക്കി മാറ്റപ്പെട്ടു. കലാപത്തിലും ഭരണകൂട പകപോക്കലിലും അസഖ്യം പേര്‍ മരണമടഞ്ഞു. നൂറ്റണ്ടുകളുടെ പ്രയത്‌നം കൊണ്ട് ഡല്‍ഹിയുടെ രാഷ്ട്രീയ സാംസ്‌കാരിക ചരിത്രം കെട്ടിപ്പടുത്ത ഒരു സമുദായം ചെങ്കോട്ടയുടെ മുറ്റത്ത് അഭയാര്‍ത്ഥികളും ഒറ്റുകാരുമായി മാറി. മൗലാന അല്‍താഫ് ഹുസ്സൈന്‍ അലി ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ ഭാഗധേയത്തെ ഡല്‍ഹിയുടേതുമായി സാമ്യപ്പെടുത്തുന്നത് കാണാം. 1857ലെ സമരാനന്തരം ബഹദൂര്‍ഷ സഫറിനെ നാടുകടത്തി ന്യൂ ഡല്‍ഹി തലസ്ഥാനമായി കൊളോണിയല്‍ ഗവണ്‍മെന്റ് ഭരണം ആരംഭിച്ചത് മുതല്‍ ഓള്‍ഡ് ഡല്‍ഹിക്ക് സംഭവിച്ച തിരസ്‌കാരവും പുറം തള്ളലും തന്നെയല്ലേ ഒന്നര നൂറ്റാണ്ടുകള്‍ക്കിപ്പറവും ഈ സമുദായത്തിന്റെ വിധി.

മൗലാന അൽതാഫ് ഹുസ്സൈൻ അലി

സ്വാതന്ത്ര്യാനന്തരം മൗലാനാ ആസാദ് ജമാ മസ്ജിദില്‍ വെച്ച് നടത്തിയ വികാരഭരിതമായ പ്രസംഗത്തില്‍ സമുദായത്തിന്റെ പരാജയത്തിന് കാരണക്കാര്‍ ഒരു സമുദായമെന്ന നിലയില്‍ മുസ്‌ലിംകള്‍ തന്നെ എടുത്ത തെറ്റായ തീരുമാനങ്ങളായിരുന്നുവെന്ന് ആവര്‍ത്തിച്ചു പറയുന്നുണ്ട്. ”ഒരു നിമിഷം നിങ്ങള്‍ ചിന്തിച്ച് നോക്കൂ, എന്ത് നിലപാടായിരുന്നു നിങ്ങളെടുത്തത്? എവിടെയാണ് നിങ്ങളിപ്പോള്‍ എത്തി നില്‍ക്കുന്നത്? ശാശ്വതമായ ഭയത്തിലല്ലേ നിങ്ങളുടെ ഇന്നത്തെ ജീവിതം? നിങ്ങളുടെ തന്നെ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് നിങ്ങളെ മൂടിയിരിക്കുന്ന ഈ ഭയം. ജമാ മസ്ജിദിന്റെ മിനാരങ്ങള്‍ നിങ്ങളോട് ചില ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. എവിടെ വെച്ചാണ് നിങ്ങളുടെ ഇതിഹാസത്തിലെ തിളങ്ങുന്ന അധ്യായങ്ങള്‍ നിങ്ങള്‍ക്ക് കൈമോശം വന്ന് പോയത്? മൗലാന ആസാദിന്റെ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ പാകമായ ഒരു നേതാവ് പോലുമില്ലാതെ അക്ബറിന്റെ പിന്‍ഗാമികള്‍ അനാഥരായി മാറി എന്നുള്ളത് ചരിത്രത്തിലെ ക്രൂര യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുന്നു. വിഭജനം സംഭവിച്ചില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ മുസ്‌ലിം ജീവിതം എന്നത് ചരിത്രത്തിലെ ഉത്തരമില്ലാത്ത ചോദ്യങ്ങളിലൊന്നാണ്. ഡല്‍ഹിയുടെ ഉയര്‍ച്ച താഴ്ച്ചകള്‍ക്ക് മൂക സാക്ഷിയായ ജമാ മസ്ജിദിന്റെ മിനാരങ്ങള്‍ക്ക് എന്തായിരിക്കും ഈ സമുദായത്തോട് പറയാനുണ്ടാവുക.

1857ലെ മുസ്‌ലിം കുടി ഒഴിപ്പിക്കലിന്റെയും 1947 പാക്കിസ്ഥാനിലേക്കുള്ള ഒഴിഞ്ഞു പോക്കിന്റെയും എണ്‍പതുകളിലും തൊണ്ണൂറുകളിലും നടന്ന സാമുദായിക കലാപങ്ങള്‍ തീര്‍ത്ത പിരിമുറുക്കങ്ങളുടെയും ബാക്കി പത്രമാണ് ഇന്നത്തെ ഡല്‍ഹിയിലെ സാമുദായിക ബന്ധങ്ങള്‍. ഓള്‍ഡ് ഡല്‍ഹിയെ അടിസ്ഥാനമാക്കി ചരിത്രത്തിന്റെ ഇന്നലെകളില്‍ നടന്ന രക്തച്ചൊരിച്ചിലുകളും അസ്വാരസ്യങ്ങളും എങ്ങനെ മാനുഷിക ബന്ധങ്ങളെ സാമുദായികാതിര്‍ത്തിക്കുള്ളിലേക്ക് ഒതുക്കിത്തീര്‍ക്കുന്നുവെന്നും നിത്യ ജീവിതത്തിലെ കൊടുക്കല്‍ വാങ്ങലുകള്‍ ഈ അതിര്‍ത്തികളെ എങ്ങനെ ദുര്‍ബലവും ചോര്‍ച്ചയുള്ളതുമാക്കുന്നു എന്നും അന്വേഷിക്കുന്നുണ്ട് അജയ് ഗാന്ധിയുടെ ‘ഡല്‍ഹിയിലെ ചോര്‍ച്ചയുള്ള അതിരുകള്‍’ (porous boundaries in delhi) എന്ന പഠനം. അടിയന്തരാവസ്ഥ കാലത്താണ് ഡല്‍ഹിയില്‍ സുരക്ഷ തേടി ആളുകള്‍ ഇടകലര്‍ന്നുള്ള താമസം പൂര്‍ണ്ണമായും ഉപേക്ഷിച്ച് തുടങ്ങുന്നത്. സാമുദായിക കലാപങ്ങള്‍ ഈ ധ്രുവീകരണം കൂടുതല്‍ ശക്തമാക്കി മാറ്റി. അതേ സമയം ഹിന്ദു സമുദായാംഗങ്ങള്‍ മുടി വെട്ടുന്നതിനും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നതിനും മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളോ ഹബീബ്, ശഹനാസ് ഹുസ്സൈന്‍ പോലുള്ള മുസ്‌ലിം ശൃംഖലകളോ തന്നെ തേടിപ്പോകുന്നു. ഇത്തരം ദൈനംദിന ജീവിതത്തിലെ പോക്കു വരവുകളും കൊടുക്കല്‍ വാങ്ങലുകളും സമുദായങ്ങള്‍ക്കിടയില്‍ കെട്ടിപ്പൊക്കിയ അദൃശ്യമായ മതിലുകള്‍ക്ക് വിള്ളലുകള്‍ തീര്‍ക്കുകയും മുറിവുകള്‍ ഉണക്കുകയും ചെയ്യുന്നു എന്ന് അജയ് ഗാന്ധി മനോഹരമായി വിവരിക്കുന്നുണ്ട്. ഡല്‍ഹിയിലുണ്ടെന്ന എന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടാണ് ബോംബെ പഠന കാലത്ത് കൂടെ പഠിച്ച കൊല്‍കത്തക്കാരന്‍ നിവേദിത് ഡല്‍ഹിയിലുണ്ടെന്ന് വിളിച്ച് പറയുന്നത്. കോര്‍പ്പറേറ്റ് കമ്പനികളുടെ കേന്ദ്രമായ ഗുര്‍ഗൗണിലാണ് അവന്റെ ജോലിയും താമസവും.

ഖുറൈശി കബാബ് കോര്‍ണര്‍

ഞാന്‍ ദരിയാഗഞ്ചിലാണെന്ന് പറഞ്ഞപ്പോള്‍ നാളെ തന്നെ അങ്ങോട്ട് വരാം, ജമാ മസ്ജിദിന്റെ മുന്നിലെ ഖുറൈശി കബാബും കരീംസിലെ ബട്ടര്‍ ചിക്കനും കഴിക്കാന്‍ ഞാനവിടെ ഇടക്ക് വരാറുണ്ടെന്നായിരുന്നു അവന്റെ മറുപടി. പറഞ്ഞ പോലെ അടുത്ത ദിവസം തന്നെ അവന്‍ എന്നെയും കബാബിനെയും തിരഞ്ഞ് ദരിയാഗഞ്ചിലെത്തി. ”ഡല്‍ഹിയില്‍ നല്ല ഭക്ഷണം കിട്ടാന്‍ ഇവിടെ തന്നെ വരണം” ദരിയാഗഞ്ച് ജംഗ്ഷന്‍ പിന്നിട്ട് ജുമാ മസ്ജിദ് റോഡിലൂടെ നടക്കുമ്പോള്‍ അവന്‍ പറഞ്ഞു. മെട്രോ സ്റ്റേഷന്റെ പണി നടക്കുന്നതിനാല്‍ വഴി നിറയെ ചെളിയും പൊടിയും നിറഞ്ഞിട്ടുണ്ട്. ”മഷ്‌കൂര്‍, നീ ആദമിന്റെ ആപ്പിളിനെക്കുറിച്ച് കേട്ടിട്ടില്ലെ” ആദം നബി(അ) കഴിച്ചത് ആപ്പിളായിരുന്നോ എന്ന് ആലോചിക്കാന്‍ സമയം തരാതെ അവന്‍ തുടര്‍ന്നു, ”ആദമിന്റെയും ന്യൂട്ടന്റെയും ആപ്പിളുകള്‍ എങ്ങിനെയാണ് നമ്മുടെ ഒക്കെ ജീവിതത്തെ നിര്‍ണ്ണയിക്കുന്നത് എന്നറിയുമോ?” അവന്‍ ഫിലോസഫിയിലേക്ക് കടക്കുകയാണ്.

അപ്പോഴേക്കും ഞങ്ങള്‍ ഖുറൈശി കബാബിന്റെ മുന്നിലെത്തിയിരുന്നു. കുറച്ച് നേരം ആലോചിക്കുന്നതായി അഭിനയിച്ച് എനിക്കറിയില്ല, നീ തന്നെ പറ എന്ന് പറഞ്ഞ് ഞാന്‍ കബാബിന് ഓര്‍ഡര്‍ കൊടുത്തു. ”നമ്മുടെ ഒക്കെ ജീവിതത്തെ നിര്‍ണ്ണയിക്കുന്നത് ഈ രണ്ട് ആപ്പിളുകളാണ്. അതില്‍ ആരെല്ലാം നമ്മളെ തടഞ്ഞാലും നാം തന്നെ വേണ്ടെന്ന് വെച്ചാലും ആദമിന്റെ ആപ്പിള്‍ നമ്മെ പ്രലോഭിപ്പിച്ച് കൊണ്ടേ ഇരിക്കും. ഒടുക്കം ആ വശീകരണത്തില്‍ വീണ് നമ്മള്‍ അവയെ തേടിപ്പോകും. അതേ സമയം ന്യൂട്ടന്റെ ആപ്പിളുകള്‍ നമ്മെ തേടിക്കൊണ്ടിരിക്കുകയാണ്. നമ്മളെത്ര ഒഴിഞ്ഞ് മാറിയാലും അവ നമ്മുടെ തലയില്‍ തന്നെ വന്ന് വീഴും. ഓള്‍ഡ് ഡല്‍ഹിയുടെ ആദമിന്റെ ആപ്പിളുകളാണ് ഇക്കാണുന്ന കബാബ് ഷോപ്പുകള്‍. ഇവിടത്തെ വൃത്തിയില്ലായ്മയും യാചകരും തിരക്കും ക്രിമിനലുകളെക്കുറിച്ചുള്ള കഥകളും എത്ര തന്നെ തടയാന്‍ ശ്രമിച്ചാലും ഈ കബാബുകള്‍ നമ്മെ പ്രലോഭിപ്പിച്ച് കൊണ്ടേയിരിക്കും”. അവന്‍ വിശദീകരിച്ച് നിര്‍ത്തി. ഹിന്ദുക്കളും മുസ്‌ലിംകളും ഒരുമിച്ച് ജീവിച്ച ഡല്‍ഹിയുടെ ഇന്നലെകള്‍ മാഞ്ഞു കൊണ്ടിരിക്കുമ്പോഴും മുഗള്‍ ചരിത്രത്തിന്റെ പാചകപ്പുരകളില്‍ നിന്നിറങ്ങി വന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം സമുദായങ്ങള്‍ക്കിടയില്‍ ആരൊക്കൊയോ ചേര്‍ന്ന് പണിത് കൊണ്ടിരിക്കുന്ന അതിരുകള്‍ കുത്തിപ്പൊളിക്കുന്ന കബാബുകളെ മനസ്സില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു ഞാനപ്പോള്‍.