കോവിഡ് നൽകുന്ന ആത്മ ചിന്തകൾ
ഭയവും,ഉത്കണ്ഠയും നമ്മുടെ ദൈനംദിന ജീവിതത്തിൽ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരിക്കുന്നു.
രാജ്യങ്ങൾ ലോക്ഡൗണിലാണ്. സ്കൂളുകളും, മറ്റ് പൊതു മേഖലാ സ്ഥാപനങ്ങളും അടച്ചിട്ട് ആഴ്ചകൾ പിന്നിട്ടു. മനുഷ്യർ ഏകാന്തതയുടെ തുരുത്തുകളിലേക്ക് കുടിയേറിപ്പാർത്തു.
സാമൂഹിക ജീവിതം തീർത്തും തകർച്ചയിലാണ്, അനേകായിരങ്ങൾക്ക് ഉറ്റവരെയും, ഉടയവരെയും മഹാമാരി കാരണം നഷ്ടമായി. അന്ത്യചുംബനം പോലും നൽകാൻ കഴിയാത്ത വിധമുള്ള ‘സാമൂഹിക അകലം’ സമൂഹത്തിൻ്റെ അനിവാര്യതയായി മാറിക്കഴിഞ്ഞു.
വർഗ, വർണ്ണ, വംശ വിവേചനങ്ങളെ മറന്ന് മനുഷ്യർ തികഞ്ഞ അനുകമ്പയോടെയും, ഒരുമയോടെയും മഹാമാരിയെ ചെറുത്തു തോൽപ്പിക്കാൻ കഴിവതും ശ്രമിക്കുന്നു.
അതു കൊണ്ട് തന്നെ അഭൂതപൂർവ്വമായ ഈ സാഹചര്യത്തിലും ബൗദ്ധികവും, ആത്മീയവുമായ ഉണർവിന് കോവിഡ്19 ഉപാധിയായി എന്നത് അനിഷേധ്യമായ വസ്തുതയാണ്.
“മനുഷ്യരേ, നിങ്ങൾ അല്ലാഹുവിൻ്റെ ആശ്രിതരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യർഹനുമാകുന്നു”
മനുഷ്യർ സ്വന്തം യാഥാർത്ഥ്യത്തെ അംഗീകരിക്കാൻ തയ്യാറാവാതെ മഹാമാരി നൽകുന്ന ഉൾകാഴ്ചകളെയും, സത്യങ്ങളേയും മനസ്സിലാക്കാൻ സാധിക്കില്ല. മനുഷ്യർ സ്വയം പര്യാപ്തനല്ലെന്ന സത്യം കോവിഡ് 19 നമ്മെ ബോധ്യപെടുത്തി.
നാം പരിമിതരും, ആശ്രിതരും നിരാലംബരുമാണെന്ന തിരിച്ചറിവു നൽകി. നമ്മിലെ അസ്തിത്വ ബോധവും, പ്രവർത്തിക്കാനുള്ള പ്രാപ്തിയും,
അനന്തമായ ചില സത്യങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന വലിയ ബോധ്യത്തിലേക്ക് നമ്മെയെത്തിച്ചു. അതിന്മേൽ അധീശത്വം സ്ഥാപിക്കാനോ ,നിയന്ത്രണം ഏർപ്പെടുത്താനോ മനുഷ്യന് സാധിക്കില്ല; മനുഷ്യന് സ്വയം നിലനിൽക്കാൻ സാധിക്കില്ല എന്ന യാഥാർത്ഥ്യത്തിലേക്ക് കൂടെ അത് നമ്മെ നയിക്കുന്നു. നാം ജനിച്ചയുടൻ തന്നെ സ്വയം ഭക്ഷണം കഴിക്കാനോ, വസ്ത്രം ധരിക്കാനോ, ശൗച്യം ചെയ്യാനോ, കഴിയുമായിരുന്നില്ല.
അന്ന് നാം മാതാപിതാക്കളെ ആശ്രയിച്ചു. മാതാപിതാക്കളെന്ന പോലെ മനുഷ്യൻ്റെ നിലനിൽപ്പിന് ആരോഗ്യ സംവിധാനങ്ങൾ, സുഹൃത്തുക്കൾ, കുടുംബം, സസ്യങ്ങൾ, പക്ഷിമൃഗാദികൾ, അനുയോജ്യമായ അന്തരീക്ഷം, ഓക്സിജൻ, ഭക്ഷണം, ജലം എന്നിങ്ങനെ ഉപഘടകങ്ങൾ ഒരുപാടുണ്ട്.
ഇവയെല്ലാം ആത്യന്തികമായും ദൈവത്തെ ആശ്രയിക്കുന്നു ,
കാരണം മുകളിൽ സൂചിപ്പിച്ചവയെ എല്ലാം സൃഷ്ടിച്ച് ,പരിപാലിച്ചത് അവനാണ് .അതിനാൽ മനുഷ്യൻ്റെ സ്വയംപര്യാപ്തത എന്ന അബദ്ധമായ കാഴ്ച്ചപ്പാടിൽ ഉന്മത്തരാവുകയോ, വഞ്ചിതരാവുകയോ ചെയ്യരുത്.
നാം സ്വയംപര്യാപ്തരല്ല.
” നിസ്സംശയം,
മനുഷ്യർ തന്നെ സ്വയംപര്യാപ്തനായി കണ്ടതിനാൽ ധിക്കാരിയായിത്തീരുന്നു”
(വി.ഖു. അധ്യായം 96 സൂക്തം 6,7)
ആർ.എൻ.എ യുടെ ഒരൊറ്റ ഗ്രന്ഥി കാരണം ലോകം ഭയപ്പാടിനാൽ വിറക്കുന്നു .നഗ്നനേത്രങ്ങളാൽ കാണാൻ കഴിയാത്ത ഈ സൂക്ഷ്മ വൈറസ് ലോകത്തെ ഭയപ്പാടിലാഴ്ത്തിക്കഴിഞ്ഞു. ഇത് വരെയും രോഗമുക്തിക്കുള്ള ഉപാധിയന്വേഷിച്ച് കൊണ്ടിരിക്കുക തന്നെയാണ് ശാസ്ത്രലോകം.സമ്പദ് വ്യവസ്ഥ തകർച്ചയുടെ വക്കിലാണ്.
സമൂഹം ഭീതിയൊഴിയാത്ത ഒരു ഭാവിയെയോർത്ത് വ്യാകുലപ്പെടുന്നു.
ലോകത്ത് ഒരു സമ്പത്തിനും, അധികാരത്തിനും
നിലവിൽ സംഭവിച്ചതിനെ മറികടക്കാൻ കഴിയുന്നില്ല.
“നിനക്ക് മുമ്പ് പല സമൂഹങ്ങളിലേക്കും നാം (ദൂതന്മാരെ) അയച്ചിട്ടുണ്ട്. അനന്തരം (ആ സമൂഹങ്ങളെ) കഷ്ടപ്പാടും ദുരിതവും കൊണ്ട് നാം പിടികൂടി;അവർ വിനയാന്വിതരായിത്തീരുവാൻ വേണ്ടി .”
(വി.ഖു. അധ്യായം 6 സൂക്തം 42)
“പ്രവാചകരേ, വിനീതർക്ക് നിങ്ങൾ സന്തോഷ വാർത്ത അറിയിക്കുക “
(വി.ഖു. അധ്യായം 22 സൂക്തം 34)
മനുഷ്യന് ദൈവികമായ കാരുണ്യത്തിനും, സഹായത്തിനുമുള്ള ഏറ്റവ്വം വലിയ തടസ്സങ്ങളിലൊന്ന് സ്വയം പര്യാപ്തത എന്ന മനുഷ്യൻ്റെ അഹങ്കാരമാണ് .ഇത് ആത്യന്തികമായി മനുഷ്യനിലെ അഹംഭാവത്തെയും, ധാർഷ്ട്യത്തെയും അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.
ഇക്കാര്യം അള്ളാഹു ഖുർആനിലൂടെ വ്യക്തമാക്കുന്നു.
“എന്നാൽ ആര്
പിശുക്കു കാണിക്കുകയും സ്വയം പര്യാപ്തത നടിക്കുകയും ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തുവോ അവനു നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൗകര്യമൊരുക്കി കൊടുക്കുന്നതാണ്. അവൻ നാശത്തിൽ ചെന്ന് പതിക്കുമ്പോൾ അവൻ്റെ ധനം അവന് പ്രയോജനപ്പെടുകയില്ല. തീർച്ചയായും മാർഗനിർദേശം നൽകൽ നമ്മുടെ ബാധ്യതയാവുന്നു.”
(വി.ഖു. അധ്യായം. 92 സൂക്തം 8-12)
മൈക്രോസ്കോപ്പിൻ്റെ സഹായത്തോടെ വൈറസിനെ കാണാമെങ്കിലും നമ്മളിൽ പലരും വൈറസിനെ നേരിൽ കണ്ടിട്ടില്ല. ശാസ്ത്ര പാഠപുസ്തകങ്ങളിലൂടെയും, ചിത്രങ്ങളിലൂടെയും ആരോഗ്യ വിദഗ്ദരിലൂടെയും ആണ് നാം വൈറസിനെ കണ്ടത് എന്നിരുന്നാലും വൈറസിനെ അതിൻ്റെ പ്രവർത്തനങ്ങളിലൂടെയും, അടയാളങ്ങളിലൂടെയും നമുക്ക് അനുഭവിച്ചറിയാൻ സാധിക്കുന്നു.
നമുക്ക് വൈറസ് ഉണ്ട് എന്ന നിഗമനത്തിലെത്തിച്ചേരാൻ ഈയൊരനുഭവജ്ഞാനം മതിയാവും. അല്ലാഹുവിൻ്റെ കാര്യത്തിലാവട്ടെ അവൻ്റെ അസ്ഥിത്വത്തെക്കുറിച്ച് സ്വതസിദ്ധമായ അവബോധത്തിലൂടെ മാത്രമല്ല,അവൻ്റെ യാഥാർത്ഥ്യങ്ങളെ നിരീക്ഷിക്കുന്നതിലൂടെയും, അനുഭവിക്കുന്നതിലൂടെയും തിരിച്ചറിയാൻ സാധിക്കും.
അത്ഭുതകരമായ ഈ പ്രപഞ്ചത്തിലാണ് നാം നിലകൊള്ളുന്നത്. ഇവിടെ മനുഷ്യജീവിതത്തിൻ്റെ ആത്യന്തിക മൂല്യങ്ങളിൽ നമ്മൾ വിശ്വാസമർപ്പിക്കുന്നു, അനുമാനിക്കുന്നു, പ്രതീക്ഷയർപ്പിക്കുന്നു, സ്നേഹിക്കുന്നു. കോടിക്കണക്കിന് നക്ഷത്രങ്ങളും, താരപഥങ്ങളും, ഗ്രഹങ്ങളുമുള്ള വിശാലമായ പ്രപഞ്ചം.
ഈ പ്രപഞ്ചത്തിനുമതീതമായ ബോധം നൽകാൻ കഴിയുന്ന ചിന്താശക്തിയുള്ള ജീവികൾ അടങ്ങിയിരിക്കുന്നു .
നമ്മുടെ പ്രപഞ്ചത്തിന് ചില കൃത്യമായ നിയമങ്ങളും, ക്രമീകരണങ്ങളും ഉണ്ട്.
അത് ഒരു പക്ഷേ നമ്മുടെ യുക്തിക്ക് നിരക്കുന്നതോ, ജീവിതത്തിലെ ചിന്താ വ്യവഹാരങ്ങൾക്ക് ഉൾകൊള്ളാനാവുന്നതോ, ആവണമെന്നില്ല.
ആ പ്രപഞ്ചത്തിലെ 6000ത്തിലേറെ ഭാഷകളും എട്ട് ദശലക്ഷത്തിലേറെ സ്പീഷീസുകളുമടങ്ങുന്ന ലോകത്തിലാണ് നാം വസിക്കുന്നത്.
തെറ്റിനെ തിരിച്ചറിഞ്ഞ് അതിനോട് മുഖം തിരിക്കാനും, നന്മയെ ഉൾകൊള്ളാനും മാത്രമുള്ള ഗ്രാഹ്യശേഷി നമുക്കുണ്ട്.
ഇതെല്ലാം ദൈവത്തിൻ്റെ അസ്തിത്വത്തിനും, മഹത്വത്തിനുമുള്ള അടയാളങ്ങളാണ് എന്ന് തിരിച്ചറിയാൻ ശ്രമിക്കുന്നില്ല എന്നതാണ് പ്രശ്നം.
” ആകാശഭൂമികളുടെ സൃഷ്ടിപ്പിലും, രാപ്പകലുകളുടെ മാറ്റത്തിലും,
മനുഷ്യർക്കുപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത് നിന്ന് അല്ലാഹു മഴ ചൊരിഞ്ഞു തന്നിട്ട് നിർജ്ജീവാവസ്ഥയ്ക്ക ശേഷം ഭൂമിയിൽ അത് മുഖേന സജീവത നൽകിയതിലും,
ഭൂമിയിൽ എല്ലാ തരം ജന്തുവർഗ്ഗങ്ങളെയും വ്യാപിപ്പിച്ചതിലും ,
കാറ്റുകളുടെ ഗതിക്രമത്തിലും ആകാശഭൂമികൾക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങൾക്ക് അനവധി ദൃഷ്ടാന്തങ്ങളുമുണ്ട്; തീർച്ച”
ഈ മഹാമാരി ലക്ഷോപലക്ഷങ്ങളുടെ ജീവൻ ഇതിനോടകം തന്നെ അപഹരിച്ചുവെന്ന് ഓർമ്മിപ്പിച്ചല്ലോ?
ഇന്ന് ആഗോള മരണസംഖ്യ ദിനംപ്രതി അപകടകരമാം വിധം വർധിച്ചു കൊണ്ടിരിക്കുന്നു .ഇത് മനുഷ്യമനസ്സുകളിൽ ഉണ്ടാക്കിയ ഉത്കണ്ഠ കുറച്ചൊന്നുമല്ല .
എങ്കിലും കോവിഡ് 19 നമ്മെ നിലനിൽപ്പിൻ്റെ സ്വഭാവത്തെയും മരണത്തെയും ജീവിതത്തെയും കുറിച്ച് ചിന്തിപ്പിക്കാനുള്ള ഒരു ഹേതുവുമായി മാറി .
മരണത്തെക്കുറിച്ചുള്ള ചിന്ത മനുഷ്യന് ഒരിക്കലും ആസ്വാദ്യകരമാവില്ല. ഭൗതിക ലോകത്ത് നാം കെട്ടിപ്പെടുത്ത ബന്ധങ്ങളും, രമ്യഹർമങ്ങളുമെല്ലാം ഇല്ലാതാകുമെന്ന തിരിച്ചറിവിലേക്ക്
അത് നമ്മെ നയിക്കുന്നു .
പ്രത്യേകിച്ചും ലൗകിക ജീവിതമെന്നത് ശാശ്വതമല്ലെന്ന പരമമായ വസ്തുതയിലേക്ക് അത് നമ്മെ എത്തിക്കുന്നു .
അനിവാര്യതയായ മരണത്തെ
ഓരോ വ്യക്തിയും അഭിമുഖീകരിക്കേണ്ടതാണ് എന്നതിനെ ബലപ്പെടുത്തുകയാണിതെല്ലാം.
മരണത്തെക്കുറിച്ചുള്ള ചിന്ത പരമമായ ചില സത്യങ്ങളിലേക്ക് വഴിതെളിക്കുന്നുണ്ട്. ഭൗതികലോകം പരിമിതമാണ്
എന്ന ചിന്ത കനത്തു വരുന്നു.
സ്വാർത്ഥ താത്പര്യങ്ങളെയും, അഹന്തയെയും, പിടിച്ചുകെട്ടുകയും ഭൗതികലോകവുമായുള്ള താൽക്കാലിക
ബന്ധങ്ങൾ കാഴ്ചപ്പാടിൽ
മാത്രം ഒതുങ്ങുകയും നമ്മുടെ ജീവിതം തന്നെ ഒരു ചോദ്യചിഹ്നമായി മാറുന്നു.
മരണത്തെക്കുറിച്ചുള്ള പുനരാലോചന നമ്മെ നന്മയിലേക്കും,
ആത്യന്തികമായി ശരിയായ ചിന്താധാരയിലേക്കും മനസ്സിനെ എത്തിക്കുകയും ചെയ്യുന്നു .
”ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങൾ ഉയർത്തെഴുന്നേൽപ്പിൻ്റെ നാളിൽ മാത്രമേ നിങ്ങൾക്ക് പൂർണമായി നൽകപ്പെടുകയുള്ളൂ .
അപ്പോൾ ആര് നരകത്തിൽ നിന്നകറ്റി നിർത്തപ്പെടുകയും, സ്വർഗത്തിൽ പ്രവേശിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത് . ഐഹിക ജീവിതം കബളിപ്പിക്കുന്ന വിഭവമല്ലാതെ മറ്റൊന്നുമല്ല “
(വി.ഖു. അദ്ധ്യായം 3, സൂക്തം 185)
ഒരു ദിവസം നമ്മുടെ ശ്വാസം നിലച്ച് ചലനമറ്റ് പോകും, എന്നിങ്ങനെയുള്ള തിരിച്ചറിവുകൾ നമ്മെ ഇത്തരത്തിലുള്ള കാഴ്ച്ചപ്പാടിലേക്ക് എത്തിക്കുന്നു .
മനുഷ്യർ ചില ഉദ്ദേശ്യലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അളളാഹുവിൻ്റെ സൃഷ്ടിയാണ്.
ദൈനംദിന ജീവിതത്തിലെ പല്ല് തേപ്പ് മുതൽ എല്ലാ കാര്യങ്ങളും അത്തരം ചില പ്രത്യേക ഉദ്ധേശലക്ഷ്യങ്ങൾക്ക് വേണ്ടിയാണ് ,
നമ്മളിൽ ചിലരെങ്കിലും സ്വയം നിലനിൽപ്പിന്
ഒരു ലക്ഷ്യമുണ്ടെന്ന പരമാർത്ഥത്തെ നിഷേധിക്കുന്നവരായുണ്ട്. നമ്മുടെ ജീവിതത്തിന് അത്യന്തിക ലക്ഷ്യമുണ്ട് എന്ന പരമമായ വസ്തുത നിരസിക്കുന്നത് തികച്ചും അസംബന്ധമാണ്.ആത്യന്തിക ലക്ഷ്യമില്ലാതെയുള്ള ജീവിതത്തിന് യാതൊരു വിധ അർത്ഥവുമില്ല. നമ്മുടെ ജീവിതത്തിന് ഒരു നിർമ്മിത ഉദ്ധേശ്യലക്ഷ്യം ആരോപിക്കുമ്പോൾ തന്നെ നമ്മുടെ നിലനിൽപ്പിൻ്റെ അടിസ്ഥാനത്തിനായുള്ള പരമമായ ലക്ഷ്യബോധത്തെ നിരസിക്കുന്നത്, നിരാകരിക്കുന്നത് സ്വയം വഞ്ചനയാണ്.
നമുക്ക് ‘ ഉദ്ദേശ്യമുണ്ടെന്ന് /ലക്ഷ്യമുണ്ടെന്ന് നടിക്കൽ’
എന്ന് പറയുന്നത് ഡോക്ടർമാരും നഴ്സുമാരും, കൗബോയ്സും, അഛനമ്മമാരായുമൊക്കെയായി നടിക്കുന്ന കുട്ടികളിൽ നിന്ന് ഒട്ടും വിഭിന്നമല്ല. എന്നിരുന്നാലും നാമെല്ലാവരും വളർന്നു ജീവിതം ഒരു കളിയല്ല എന്ന സത്യം അഭിമുഖീകരിക്കേണ്ടി വരും.
നമ്മുടെ ജീവിതത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചുള്ള ഇസ്ലാമിന്റെ വീക്ഷണം നിർണായകവും,
സത്യസന്ധവുമാണ്.
ഇത് നമ്മുടെ അസ്തിത്വത്തെ ദ്രവ്യത്തിന്റെയും, സമയത്തിന്റെയും, ഉൽപ്പന്നങ്ങളാവുക
എന്ന പരിമിതിയിൽ നിന്നും സൃഷ്ടിച്ചവനുമായി ഒരു ബന്ധം പുലർത്താനും ആരാധിക്കാനും
കഴിയുന്ന ബോധമുള്ള മനുഷ്യരെന്ന ഉന്നതാവസ്ഥയിലേക്ക് ഉയർത്തുന്നു.
ഒന്നും അലസമായി സംവിധാനിച്ചതച്ചല്ലല്ലോ?
” ഞങ്ങളുടെ രക്ഷിതാവേ! നീ നിരർത്ഥകമായി സൃഷ്ടിച്ചതല്ല ഇത്. ” (വി.ഖു. അധ്യായം 3. സൂക്തം 191)
വിവർത്തനം: സുഫിയാൻ അഞ്ചരക്കണ്ടി
is a British public speaker and researcher on Islam. A British Muslim convert of Greek heritage, he was at one time associated with extreme positions and extremists.
