കേംബ്രിഡ്ജ് മോസ്ക് ഗാർഡനും അൽപം ആത്മീയ ചിന്തകളും
പച്ച ഇസ്ലാമിന്റെ നിറമായി മാറിയത് ഒരു യാദൃശ്ചികമായ കാര്യമല്ല.സ്വർഗീയ ഉദ്യാനങ്ങളെ കുറിച്ച് പരിചയപ്പെടുത്താൻ ഖുർആനിൽ പച്ച നിറത്തെ പലയിടത്തായി പരാമർശിക്കുന്നു. പച്ച എന്നത് കേവലം സസ്യജാലങ്ങളുടെ പൊതുനിറം മാത്രമല്ല, അത് വളർച്ചയെയും പ്രത്യാശയേയും
ഊർവ്വരതയെയും സൂചിപ്പിക്കുന്നു. മറ്റുള്ള ഏത് നിറത്തേക്കാളും നയനമനോഹരമായ കാഴ്ചയാണ് ഹരിതവർണം പ്രദാനം ചെയ്യുന്നത്. പ്രവാചകരുടെ കാലഘട്ടത്തിൽ, അതായത് ആറാം നൂറ്റാണ്ടിൽ ഇത്തരം ഉദ്യാന സങ്കൽപ്പങ്ങൾ അറേബ്യയിൽ ഇല്ലായിരുന്നു. കേവലം ഈന്തപ്പന മരങ്ങളും അരുവികളും മരുപച്ചകളും മാത്രമായിരുന്നു അക്കാലത്തെ ഉദ്യാനസങ്കല്പം.
ഇസ്ലാമിക നാഗരികത അറേബ്യയും കടന്ന് മറ്റു രാജ്യങ്ങളിലേക്ക് വിശാലമാകുന്ന കാലഘട്ടം വരെ ഇതിന് പ്രാധാന്യം ഇല്ലായിരുന്നു എന്ന് തന്നെ പറയാം. വിശിഷ്യാ ഇസ്ലാമിക നാഗരികത പേർഷ്യയിലേക്ക് എത്തുമ്പോഴാണ് ഇസ്ലാമിക ഉദ്യാനം (Islamic Garden) എന്ന ആശയത്തിന്റെ രൂപപ്പെടലിന് വഴിയൊരുങ്ങുന്നത് . പിന്നീട് പേർഷ്യൻ പാരമ്പര്യത്തിലെ രാജകീയ വേട്ട വിനോദങ്ങൾക്കായുള്ള ഉദ്യാനങ്ങളെയും ( ഇത് പേർഷ്യൻ ഭാഷയിൽ പൈറീദേസ എന്നറിയപ്പെടുന്നു. ഇംഗ്ലീഷിലെ പാരഡൈസ് എന്ന വാക്കിന്റെ പദോൽപ്പത്തിയും ഇതിൽ നിന്നാണ്) ക്രീഡാവനങ്ങളെയുമെല്ലാം ഇസ്ലാം സ്വാംശീകരിക്കുകയും
അവക്കെല്ലാം പുതിയ ആത്മീയ മാനങ്ങൾ നൽകുകയും ചെയ്തു. പേർഷ്യയിലെ സസ്സാനിഡ് (Sassanid) സാമ്രാജ്യത്തെയും അക്കീമെനിഡ് ( Achaemenid) നാഗരികതയെയും കീഴടക്കിയ ശേഷം അതിനൂതനമായ ജലസേചന സംവിധാനങ്ങൾ കണ്ടുപിടിച്ചതോടെയാണ് ഇസ്ലാമിക ഉദ്യാനം എന്ന ആശയം കൂടുതൽ പ്രചാരം നേടിയത്.
ലണ്ടനിലെ റോയൽ കോളജ് ഓഫ് ആർട്ടിൽ (RCA) വിദ്യാർത്ഥി ആയിരിക്കുമ്പോഴാണ് ഉദ്യാനങ്ങളെ പറ്റി കൂടുതൽ പഠിക്കാനുള്ള അഭിരുചി എന്റെയുള്ളിൽ രൂഢമൂലമായത്. കേംബ്രിഡ്ജ് മസ്ജിദിലെ ജ്യാമിതീയ രീതിയിലുള്ള (Geometric Design) അലങ്കാരപ്പണികളെല്ലാം ആസൂത്രണം ചെയ്ത കെയ്ത് ക്രിച്ച്ലോ (Keith Critchlow) യുടെ കീഴിലായിരുന്നു എന്റെ പഠനം. ഇസ്ലാമിക അലങ്കാര രീതികളിലെ അടിസ്ഥാന ഭാഷകളിലൊന്നായി അറിയപ്പെടുന്ന ജ്യാമിതീയ അലങ്കാര മാതൃകയെ പറ്റിയുള്ള പഠനങ്ങളിൽ
പാരംഗതനായിരുന്നു അദ്ദേഹം. ആർ സി എയിൽ വെച്ച് ഇസ്ലാമിക കലയുടെ അത്യഗാധമായ സൗന്ദര്യവും അർത്ഥങ്ങളുമെല്ലാം അദ്ദേഹം എന്നെ പഠിപ്പിച്ചു. ഇത്തരം ഇസ്ലാം കേന്ദ്രീകൃതമായ പഠനങ്ങളിലൂടെ ഞാനൊരു മുസ്ലിമായി മാറി. അതോടൊപ്പം ചെറുപ്രായത്തിലേ എനിക്ക് ഉദ്യാനങ്ങളോടുണ്ടായിരുന്ന താൽപര്യത്തേയും ഇസ്ലാമിക നാഗരികതയോടും, ആത്മീയതയോടുമുള്ള പുത്തൻ അഭിനിവേശത്തേയും ഒരേ ചരടിൽ കോർത്തിണക്കാൻ കഴിഞ്ഞു. പിന്നീട് 2011 ല് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ഇസ്ലാമിക് സ്റ്റഡീസിൽ ലക്ചറർ ആയ Dr. അബ്ദുൽ ഹക്കീം മുറാദ് കേംബ്രിഡ്ജ് മസ്ജിദിനൊരു ഉദ്യാനം പണികഴിപ്പിക്കുക എന്ന ആശയവുമായി എന്നെ സമീപിക്കുകയും അതിനുള്ള സാമ്പത്തിക സഹായം വാഗ്ദാനം നൽകുകയും ചെയ്തു. ഇതിനോടകം തന്നെ എന്റെ The Art Of Islamic Garden എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെടുകയും യൂറോപ്പിലും വിവിധ ഗൾഫ് രാജ്യങ്ങളിലുമായി ഇസ്ലാമിക അലങ്കാര മാതൃകയിലുള്ള നിരവധി ഉദ്യാനങൾ ഞാൻ രൂപകല്പന നടത്തുകയും ചെയ്തിരുന്നു.
ഒരു പക്ഷെ പരിസ്ഥിതി സൗഹാർദമായ മാർഗ്ഗ നിർദ്ദേശങ്ങൾ അക്ഷരം പ്രതി പാലിച്ച് നിർമിച്ച യൂറോപ്പിലെ ആദ്യ കെട്ടിടമാവും കേംബ്രിഡ്ജ് മസ്ജിദ്. ഉദ്യാനത്തിന്റെ ഉർജോപഭോഗം മുതൽ ഘടനാസംബന്ധിയായ സകലതും കൃത്യമായ ആസൂത്രണത്തോടെയായിരുന്നു. ഇസ്ലാമിക മാതൃകയിലുള്ള ഉദ്യാനങ്ങളെല്ലാം പ്രശാന്തവും സ്വര്യവുമാർന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിനാൽ കേംബ്രഡ്ജിലേത് പോലുള്ള നഗര പശ്ചാത്തലങ്ങൾക്ക് ഈ ഉദ്യാനം നന്നേ യോജിച്ചതാണ്. റോഡിനും മസ്ജിദിന്റെ നടുമുറ്റത്തിനും ഇടയിലുളള ചുരുങ്ങിയ സ്ഥലത്തായിരുന്നു എന്നോട് ഡിസൈനിങ്ങിനായി ആവശ്യപ്പെട്ടത്. അകത്തെ പ്രധാന ഉദ്യാനം ഇസ്ലാമിക മാതൃകയിൽ പണി കഴിപ്പിച്ചതാണ്. ഇതിന്റെ വിസ്തീർണ്ണം ഏകദേശം 30m × 30m വരും.
ഖുർആനിൽ സ്വർഗീയാരാമങ്ങാളായി വിശേഷിപ്പിക്കുന്ന ജന്നതുൽ ഫിർദൗസിലേതെന്ന പോലുള്ള അനുഭൂതിയും നയനാഭിരാമവും നേരിയ തോതിലെങ്കിലും കാഴ്ചക്കാരിലുണ്ടാക്കുക എന്നതായിരുന്നു എന്റെ പരമമായ ലക്ഷ്യം. ലണ്ടൻ നഗരത്തിൻറെ ശബ്ദ കോലാഹലങ്ങളിൽ നിന്നെല്ലാം സന്ദർശകർക്ക് നവവീര്യം പകരുന്ന തരത്തിലേക്ക് ഈ ഉദ്യാനത്തിന്റെ പ്രഭാവം ഉയരണമെന്ന് ഞാൻ ആഗ്രഹിച്ചു. ഇവിടത്തുകാർക്ക് ഇസ്ലാമിക് ഡിസൈനിങ്ങിനെ പരിചയപ്പെടുത്തുമ്പോൾ തന്നെ ഇംഗ്ലണ്ടിന്റെ നാഗരിക ചുറ്റുപാടിൽ ആനന്ദദായകമായെന്തെങ്കിലും നിർമിക്കുക എന്നതും ഞങ്ങൾ
(Urquhart & Hunt Landscape Studio പ്രവർത്തകർ) ലക്ഷ്യം വെച്ചിരുന്നു. മാത്രമല്ല ഇവിടുത്തെ പാശ്ചാത്യൻ ചുറ്റുപാടിലും ഇസ്ലാമിക് ഗാർഡനിങ്ങിന്റെ പൗരസ്ത്യൻ മാതൃക കമനീയമാം വിധം സജ്ജീകരിക്കാനാവുമെന്ന് ലണ്ടനിലെ ജനങ്ങളെ പഠിപ്പിക്കാനും ഇതുവഴി ഞങ്ങൾക്ക് കഴിഞ്ഞു.
ഗാർഡനിങിന്റെ ഘടകങ്ങൾ
ഇസ്ലാമിക് ഗാർഡനിങിന്റെ ഘടകങ്ങകളെല്ലാം തന്നെ സാർവത്രികമാണ്. എന്തെന്നാൽ ഈജിപ്റ്റിലെ കൈറോവിൽ പ്രയോഗിച്ചതെന്തോ അതുതന്നെയാണ് ഒരു പരിധി വരെ ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലും ഞങ്ങൾ പ്രയോഗിച്ചത്. ഇസ്ലാമിക് ഗാർഡനിങ്ങിലെ ഘടകങ്ങളിൽ ഒന്നായ ഫോർ ഫോൾഡ് മാതൃക (Four-Fold Design) അല്ലെങ്കിൽ ചഹർ ബാഗ് മാതൃക (പേർഷ്യൻ ഭാഷയിൽ നാല് ഉദ്യാനങ്ങൾ എന്നർത്ഥം) കേംബ്രിഡ്ജിൽ മാത്രമല്ല ലോകത്തിന്റെ നാനാഭാഗങ്ങളിൽ വ്യത്യസ്തരൂപങ്ങളിൽ ഉപയോഗപ്പെടുത്തിയതായി നമുക്ക് കാണാൻ കഴിയും.
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി കെട്ടിടങ്ങളുടെ അങ്കണങ്ങളും ഇത്തരത്തിൽ ഫോർ ഫോൾഡ് മാതൃകയിൽ തന്നെയാണ്. മദ്ധ്യകാലയൂറോപ്പിലെ ക്രൈസ്തവ ആർകിടെക്ചറുകളിലും ഈ മാതൃക വ്യാപകമായി കാണപ്പെടുന്നു. തീർത്തും യൂറോപ്യൻ ആണെന്ന് വിശ്വസിക്കപ്പെടുന്ന കേംബ്രിഡ്ജിന്റെ പരമ്പരാഗത ആർക്കിടെക്ചറിൽ ഇസ്ലാമിക വാസ്തുവിദ്യയുടെ സ്വാധീനം ചെറുതല്ലെന്ന് ചുരുക്കം. ഇസ്ലാമിക ഗാർഡനിങ്ങിന്റെ മറ്റൊരു പ്രധാനഘടകമാണ് അടച്ചു കെട്ടൽ (Enclosure). ഇത് പുറമെ നിന്നുള്ള അധികചൂടും പൊടിക്കാറ്റുമെല്ലാം തടയുകയും അകത്തെ നടീലുകളെ സംരക്ഷിക്കുകയും
വളർച്ചക്കനുകൂലമായ സുരക്ഷിതസങ്കേത (Sanctuary) മൊരുക്കുകയും ചെയ്യുന്നതിനാൽ എൻക്ലോസർ എന്ന ആശയം പ്രബലമായി. കേംബ്രിഡ്ജിലെ സാഹചര്യത്തിൽ പുറമെ നഗരത്തിരക്കും മലിനീകരണവുമാണെങ്കിലും ഈ അടച്ചുകെട്ടൽ നടപടി മുഖേന അകമേ ഹരിതാഭമായൊരു ഉദ്യാനം തഴച്ചുവളരുന്നതിന് സാഹചര്യമൊരുങ്ങുന്നു. ആയതിനാൽ ഇതിനെ ഒരു ഗാർഹിക ഉദ്യാനമായി (Internal Garden) കണക്കാക്കാം.
ഗാർഹിക ഉദ്യാനം എന്ന ആശയം തീർത്തും പ്രതീകാത്മകമാണ്. അത് നമ്മുടെ ഹൃദയത്തെയും ആത്മാവിനെയും കുറിക്കുന്നു എന്നതാണ് കാരണം. സൂഫി കാവ്യലോകത്തെ അഗ്രേസരനായ ജലാലുദ്ദീൻ റൂമി (റ)
പറഞ്ഞതുപോലെ “യഥാർത്ഥ ഉദ്യാനവും, ഫലസൂനങ്ങളുമെല്ലാം മനുഷ്യഹൃദയങ്ങളിൽ തന്നെ കുടികൊള്ളുന്നു, പുറമേയല്ല”. അറ്റമില്ലാത്ത നമ്മുടെ അലസചിന്തകളിൽ നിന്നും സ്വാസ്ഥ്യം നേടിത്തരാൻ ആത്മാവാകുന്ന പൂന്തോട്ടം യഥാവിധി പരിപാലിക്കപ്പെടേണ്ടതുണ്ട്. ഇസ്ലാമിൽ ഇതിനുളള മാർഗങ്ങൾ പ്രാർത്ഥനയും ധ്യാനവും ദൈവികസ്മൃതിയുമാണ്. സൂറത്തുറഹ്മാനിൽ നാല് സ്വർഗീയാരാമങ്ങളെപറ്റി പരാമർശമുണ്ട്. അതിൽനിന്ന് തന്നെയാണ് പരമ്പരാഗത ചഹർബാഗ് മാതൃകയുടെ ഉൽപത്തിയും പ്രചോദനവും. സ്പെയിനിലെ അൽഹംറയിലെ Generalife Gardens, ഇന്ത്യയിലെ മുഗൾ സ്മാരകസൗധങ്ങൾ, ഇറാനിലെ ഫിൻഗാർഡൻ, ചഹൽസുതുൻ എന്നിവ ചഹര്ബാഗ് മാതൃകയുടെ ഉൽകൃഷ്ട ഉദാഹരണങ്ങളാണ്.
ഇസ്ലാമിക് ഗാർഡനിങ്ങിലെ മറ്റു പ്രധാനഘടകങ്ങളാണ് ജലധാരയും തണലും(Water &Shade). ജലധാരകളേയും ഒഴുകുന്ന നദിയേയും കുറിക്കുന്ന നിരവധി ഖുർആനികവർണനകൾ ഉണ്ടല്ലോ. ജലത്തിന്റെ പ്രാധാന്യം ഒരേ സമയം ആത്മീയവും ഭൗതികവുമാണ് (Physical). കാരണം ശാശ്വതമായൊഴുകുന്ന നദികൾ ഭൂമിയിലെ സകലജീവന്റേയും ഉൽപത്തിയെ പ്രതിനിധീകരിക്കുന്നു. അവ ചില സമയങ്ങളിൽ ശാന്തവും എന്നാൽ ചില സമയങ്ങളിൽ പ്രക്ഷുബ്ധവുമാണ്. ആയതിനാൽ അതിനെ മനുഷ്യരുടെ ആത്മാവുമായി പ്രതീകവൽകരിക്കാം.
ഇഷ്ടദാസൻമാർക്കു ലഭിക്കുന്ന ദൈവിക ജ്ഞാനവുമായിട്ടാണ് ജലത്തെ (water) ഇസ്ലാമിൽ ഉപമപ്പെടുത്തിയിരിക്കുന്നത്. ഖുർആനിൽ പറയുന്ന സ്വർഗീയ ഉദ്യാനങ്ങളിലോരോന്നിന്റെയും മധ്യഭാഗത്തുള്ള നീരുറവയിൽ നിന്നും നാല് നദികൾ ഒഴുകുന്നു. എന്നാൽ ഭൗമിക ഉദ്യാനങ്ങളിൽ ജല ദൗർലഭ്യതയും പരിപാലനച്ചെലവും മാനിച്ച് നദികൾക്ക് ബദലായി നാല് നടപ്പാതകളാണ്. Water &Shade എന്നീ ഘടകങ്ങൾ കേംബ്രിഡ്ജിലെ ശൈത്യകാലാവസ്ഥയിൽ ആത്യന്താപേക്ഷിതമെല്ലങ്കിലും ഉദ്യാനത്തിന്റെ ആകമാനദൃശ്യത്തെ രമണീയമാക്കുന്നതിൽ അത് നിർണായക പങ്കുവഹിക്കുന്നു.
രാജകീയം ഈ ഉദ്യാനം
ഉദ്യാനത്തിന്റെ മധ്യഭാഗത്ത് ഒരു ജലധാര പണി കഴിപ്പിക്കേണ്ടതുണ്ടായിരുന്നു. കാരണം എല്ലാ ജ്യാമിതീയ ഡിസൈനുകളും ഒരു വൃത്താകാരത്തിന്റെ മധ്യബിന്ദുവിൽ നിന്നാണല്ലോ ആരംഭിക്കേണ്ടത്. മാത്രമല്ല, ഈ ജലധാരയാണ് ഇസ്ലാമിക ഉദ്യാനങ്ങളുടെ പ്രധാന ആകർഷണവും.
ജലധാരക്ക് സമീപം ഞങ്ങൾ ചെറിയൊരു ചാഹർ ബാഗ് സജ്ജീകരിച്ചിരുന്നു. ക്രീം നിറത്തിലുള്ള ഒരു തരം ചരൽ കല്ല് (Yorkstone )ഉപയോഗിച്ചാണ് നടപ്പാതകളുടെ നിർമാണം . വിഭിന്നങ്ങളായ തൈകളുപയോഗിച്ചാണ് പൂന്തോട്ടം അലങ്കരിച്ചിട്ടുള്ളത്. റോസ്, ജെറേനിയം,ഐറിസ് തുടങ്ങിയവയും പൂവിടുന്ന തരം ചില കുറ്റിച്ചെടികളും (Flowering shrubs) നാസ്സിസസ്, തുലിപ് ഗണത്തിലുള്ള ചിലചെടികളുമാണ് ഉദ്യാനത്തിൽ മുഖ്യമായും ഒരുക്കിയിട്ടുള്ളത്. പരിമളമാർന്നൊരു അന്തരീക്ഷം പ്രദാനം ചെയ്യുക എന്നത് ഇസ്ലാമിക് ഗാർഡനിങ്ങിന്റെ മുഖ്യ സവിശേഷതയാണ്. കാരണം, അത് ഉന്മേഷദായകമാണെന്നതിലുപരി നമുക്കുള്ളിലെ ഗാഢമായ പലചിന്തകളെയും വിളിച്ചുണർത്താനുള്ള മാസ്മരികശേഷികൂടിയുള്ളതാണ്.
ചെടികളുടെ തിരഞ്ഞെടുപ്പ് ഉദ്യാനത്തിലെ ബഹുലമായ ഹരിതാഭ വർണത്തെ സമീകരിച്ച് നിർത്താനും അതുവഴി സന്ദർശകർക്ക് രാജകീയ അനുഭൂതി പ്രദാനം ചെയ്യാനും സഹായകമായി. ഉദ്യാനനിർമാണത്തിനായി ഞങ്ങൾ തിരഞ്ഞെടുത്ത ചെടികൾ മിക്കതും തുർക്കിയിൽ ഉത്ഭവിച്ചതോ അല്ലെങ്കിൽ തുർക്കിയിൽ വ്യാപകമായി കണ്ടുവരുന്നതോ ആണ്. തുർക്കി ഏഷ്യയുടെ ദക്ഷിണ പശ്ചിമ
ദിക്കിൽ യൂറോപ്പിനോട് ചേർന്ന് കിടക്കുന്നതിനാൽ ബ്രിട്ടനിലെ കാലാവസ്ഥയിലും അവ മെച്ചപ്പെട്ടതാവുമെന്ന് ഞങ്ങൾ മനസ്സിലാക്കി.ഇവകളോടൊപ്പം ചിലയിനം പുല്ലുവർഗസസ്യങ്ങളും പ്രകൃതിദത്തമായ രീതിയിൽ ഞങ്ങൾ സജ്ജീകരിച്ചു. ഇതോടെ ഒരു നഗര പശ്ചാത്തലത്തിൽ പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായൊരു ഗാർഡനിങ്ങ് എങ്ങനെയാവണമെന്നതിന്റെ സമകാലിക നിദർശനമായി കേംബ്രിഡ്ജ് മോസ്ഖിലെ ഉദ്യാനത്തെ മുന്നോട്ട് വെക്കാൻ ഞങ്ങൾക്കായി.
ഉദ്യാനത്തിലേക്കാവശ്യമായ ചെടികളെ പുറമേ നിന്നും തിരഞ്ഞെടുത്തത് ഇസ്ലാമിക പ്ലാന്റിങ് രീതിയെ ബ്രിട്ടീഷ് രീതിയുമായി സംയോജിപ്പിക്കാൻ വേണ്ടി മാത്രമല്ലായിരുന്നു. ജൈവവൈവിധ്യത്തെ പ്രോത്സാഹിപ്പിക്കാനും പരസ്പരം വിദേശികളായ സസ്യങ്ങളുടെ പരാഗണത്തെ ലക്ഷ്യംവെച്ചുമായിരുന്നു അത്. സ്വർഗീയഉദ്യാനങ്ങളിൽ ഫലവൃക്ഷങ്ങൾ പ്രധാനഘടകമാണല്ലോ. വിപുലമായ ആലോചനകൾക്ക് ശേഷം ഞങ്ങൾ ഇതിനായി ഋജുവായ കാട്ടത്തിമരങ്ങളെ (Crab-apple Tree) തിരഞ്ഞെടുത്തു. ശേഷം അവയെ ഓരോ എട്ടു പ്ലാന്റിങ്ങ് ഷെഡുകൾക്കിടയിലും കൃത്യമായി വിന്യസിച്ചു. ഇളംപിങ്ക് നിറത്തിലുള്ള ഇലകളും, രക്തവർണത്തിലുള്ള കായ്ഫലങ്ങളുമാണ് ഇതിനുള്ളത്.
ഉദ്യാനനിർമാണത്തെപ്പറ്റി പരിസരവാസികളിൽ നിന്നും മറ്റുമുണ്ടായ മികച്ച പ്രതികരണങ്ങൾ കണ്ട് പ്രമുഖ ലാൻഡ്സ്കേപ് ഡിസൈനറായ പെട്ര ഉൾറിക്ക് ഈയൊരുദ്യമത്തിൽ ഞങ്ങളെ സഹായിക്കാനുണ്ടായിരുന്നു.
നിർവൃതിയിലാഴുന്ന ആത്മാക്കൾ
ഒരു വർഷമായപ്പോഴേക്കും ഞങ്ങളാഗ്രഹിച്ച തരത്തിൽ ഉദ്യാനം പച്ചപിടിച്ചു. മസ്ജിദിന്റെ ഡിസൈനിങ്ങിനോട് പൂർണമായും യോജിക്കുന്ന വിധം ഓജസും ചൈതന്യവും അതിനുണ്ടായിരുന്നു. മസ്ജിദിനു മുൻപിൽ മരങ്ങളാലും ചെടികളാലും ചുറ്റപ്പെട്ട ജലധാരക്ക് സമീപമിരിക്കുമ്പോൾ എന്തെന്നില്ലാത്ത നിർവൃതിയാണ് സന്ദർശകർക്ക് ലഭിക്കുക. ലോക്ഡൗണിന് മുൻപ് വിദൂരദേശങ്ങളിൽ നിന്നുപോലും മുസ്ലിംകളും അമുസ്ലിംകളുo ധാരാളമായി സന്ദർശനത്തിനെത്തിയിരുന്നു . പള്ളിയിലേക്ക് പ്രാർത്ഥനക്കായെത്തുന്ന വിശ്വാസികളുടേയും, മസ്ജിദിന്റെ ആർകിടെക്ചറൽ അൽഭുതം കാണാനെത്തുന്നവരുടേയും കണ്ണുകൾ ആദ്യമുടക്കുന്നത് നമ്മുടെ ഉദ്യാനത്തിലാണ്. ഉദ്യാനത്തിലൂടെ നടക്കലും പ്രകൃതിയാസ്വാദനവും പരിപാലനവുമെല്ലാം മനസിനും ആത്മാവിനും ഉന്മേഷം പകരുന്നതാണെന്ന കാര്യം സംശയമില്ല. ചഹർബാഗ് മാതൃകയിലുളള ഇസ്ലാമിക് ഗാർഡനുകളിൽ അങ്ങേയറ്റം പ്രശാന്തസുന്ദര അന്തരീക്ഷമാണെന്നതിനാൽ അവയെ സ്വർഗീയാരാമങ്ങളോട് ഉപമിക്കാവുന്നതാണ്.
ഈ കൊറോണ കാലഘട്ടത്തിൽ നമ്മളെല്ലാവരും മരണത്തെ അതീവഗൗരവത്തോടെ നോക്കികാണുന്നവരാണ്. ശാശ്വതമായ സ്വർഗീയ ആരാമങ്ങളിൽ നിന്നും പ്രേരണയുൾക്കൊണ്ട് നമ്മുടെ ഭൗതിക ഉദ്യാനങ്ങളിൽ സമയം ചിലവിടുമ്പോൾ അവർണനീയമാം വിധം ശാന്തിയും സമാധാനവും നമ്മെ പുൽകുന്നു. ഓർക്കുക പവിത്രമായ സ്വർഗീയ ഉദ്യാനങ്ങളിലത്രയും സലാം അഥവാ സമാധാനം മാത്രമാണുള്ളത്.
വിവർത്തനം : അമീൻ അഷ്റഫ് കെ സി
Senior Tutor on the post-graduate Visual Islamic and Traditional Arts (VITA) Programme at The Prince’s Foundation School of Traditional Arts, London. She has published four books: The Art of the Islamic Garden; ‘Underneath Which Rivers Flow’, The Symbolism of the Islamic Garden; and two children’s books, Mehmet the Conqueror and Sinan the Architect.
