ഇസ്‌ലാമിക കലയിലെ കാലിഗ്രാഫി വിസ്മയങ്ങള്‍

ഒരു കലാരൂപമെന്ന നിലക്ക് കാലിഗ്രാഫിയുടെ വികാസം ഇസ്‌ലാമിക സംസ്‌കാരത്തിൽ മാത്രമായുള്ളതല്ല. ചൈനീസ്, ജാപ്പനീസ് കാലിഗ്രാഫി, വടക്കുപടിഞ്ഞാറന്‍ യൂറോപ്പില്‍ നിന്നുള്ള പ്രസിദ്ധമായ കെല്‍സിന്റെ പുസ്തകങ്ങളടങ്ങിയ ബൈബിള്‍ എന്നിവ മറ്റുദാഹരണങ്ങളില്‍ ഉള്‍പ്പെടുന്നു. എന്നിരുന്നാലും, ഇസ്‌ലാമിക ലോകത്ത് കാലിഗ്രാഫി വളരെ വലിയ അളവിലും ആശ്ചര്യകരവും വൈവിധ്യപൂര്‍ണ്ണവും ഭാവനാത്മകവുമായ രീതികളിലും ഉപയോഗിച്ചു വരുന്നു. ഇത് എഴുതപ്പെട്ട പദത്തെ പേനയുടെയും കടലാസിന്റെയും അതിരുകള്‍ക്കപ്പുറത്തേക്ക് കൊണ്ടെത്തിക്കുന്നു. ഇക്കാരണങ്ങളാല്‍, കാലിഗ്രാഫി ഇസ്‌ലാമിക കലയുടെ യഥാര്‍ത്ഥമായ ഒരു സവിശേഷതയായി കണക്കാക്കാം. ഇസ്‌ലാമിക് കാലിഗ്രാഫിയുടെ പ്രതിഭാത്വം അനന്തമായ സര്‍ഗ്ഗാത്മകതയിലും വൈദഗ്ധ്യത്തിലും മാത്രമല്ല, ഒരു വാചകം കൈമാറുന്നതിനും അതിന്റെ അര്‍ത്ഥം ഔപചാരിക സൗന്ദര്യാത്മക കോഡിലൂടെ പ്രകടിപ്പിക്കുന്നതിനുമിടയില്‍ കാലിഗ്രാഫര്‍മാര്‍ കൈവരിച്ച സമനിലയിലുമാണ്.

അറബി ഭാഷയെയും കാലിഗ്രാഫി കലയെയും മുസ്‌ലിംകൾ വളരെയധികം ബഹുമാനിക്കുന്നു. കാരണം ഏഴാം നൂറ്റാണ്ടില്‍ മുഹമ്മദ് നബിക്ക് വെളിപ്പെടുത്തപ്പെട്ട ഖുര്‍ആനിന്റെ ഭാഷ അറബി ആയിരുന്നു. ഖുര്‍ആനിക വചനങ്ങള്‍ മുസ്‌ലിംകൾക്ക് പവിത്രമായതാണ്. മാത്രവുമല്ല പൊതുവെ പുസ്തകങ്ങള്‍ക്കുള്ളതിനേക്കാള്‍ ഖുര്‍ആനിനുള്ള ഉയര്‍ന്ന പദവി അതിനെ ആദരിക്കുന്നതിന് കാരണമായി. എന്നിരുന്നാലും, ഖുര്‍ആനിന്റെ വിശുദ്ധി കാലിഗ്രാഫിക്ക് പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നുണ്ടെങ്കിലും ആന്തരിക വശം പരിശോധിക്കുമ്പോള്‍ ഒരു അറബിക് കാലിഗ്രാഫിയും മതപരമല്ലെന്ന് ഓര്‍മ്മിക്കേണ്ടതാണ്. പൊതുവേ, കലാസൃഷ്ടികളെക്കുറിച്ചുള്ള കാലിഗ്രാഫിക് ലിഖിതങ്ങളില്‍ ഇനിപ്പറയുന്ന ഒന്നോ അതിലധികമോ വാചകങ്ങള്‍ അടങ്ങിയതാണ്:

● ഖുര്‍ആനിക വചനങ്ങള്‍
● മതപരമായ മറ്റ് വാക്യങ്ങള്‍
● കവിതകള്‍
● ഭരണാധികാരികള്‍ക്കുള്ള സ്തുതിവാക്കുകള്‍
● പഴഞ്ചൊല്ലുകള്‍

ഇത്തരത്തിലുള്ള വരികള്‍ എല്ലാ കലാരൂപങ്ങളിലും കാണാം

മുഹമ്മദ് നബിയുടെ കാലം മുതല്‍ അറബി ഒരു മികച്ച ലോക ഭാഷയായി മാറി. മതം, ഭരണം, വാണിജ്യം, സാഹിത്യം, ശാസ്ത്രം എന്നിവയുടെ ഭാഷയായി അറബി ഭാഷ ഉപയോഗിക്കപ്പെട്ടു. കാലക്രമേണ, അറബി ലിപി കുറച്ച് പുതിയ അക്ഷര രൂപങ്ങള്‍ ചേര്‍ത്ത്, പേര്‍ഷ്യന്‍, ടര്‍ക്കിഷ് തുടങ്ങി മറ്റ് ഭാഷകളിലും എഴുതാന്‍ ഉപയോഗിച്ചു.

ലിപികള്‍ വികസിക്കപ്പെട്ട വിധം

അറബിയിലെ പല പ്രാദേശിക ഭാഷകളും ഇസ്‌ലാമിന് മുമ്പുള്ള കാലഘട്ടത്തില്‍ സംസാരിക്കപ്പെട്ടിരുന്നുവെങ്കിലും എഴുതപ്പെട്ടത് ചിലത് മാത്രമായിരുന്നു. മിക്ക സാഹിത്യങ്ങളും വാമൊഴിയായി കൈമാറ്റം ചെയ്യപ്പെടുകയാണുണ്ടായത്. പ്രവാചകന്റെ വഫാത്തിന് ശേഷം അക്ഷരങ്ങളാല്‍ രേഖപ്പെടുത്തുന്നതുവരെ ഖുര്‍ആന്‍ വാമൊഴിയായി നില കൊള്ളുകയായിരുന്നു. ഇതിന് അറബി ലിപി ആധുനികവത്കരിക്കപ്പെടേണ്ടതുണ്ടായിരുന്നു. ഏഴാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അറബി ലിപിയുടെ അടിസ്ഥാന രൂപം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണമായി ഇസ്‌ലാമിക വാസ്തുവിദ്യയുടെ അവശേഷിക്കുന്ന ആദ്യത്തെ സ്മാരകമായ എ.ഡി 691-ല്‍ നിര്‍മ്മിച്ച ജറുസലേമിലെ ഡോം ഓഫ് ദി റോക്കിനെ പരിഗണിക്കാം. പ്രവാചകന്റെ പിന്‍ഗാമികളായ ഖലീഫമാര്‍ തയ്യാറാക്കിയ നാണയങ്ങളിലും പുതിയ എഴുത്ത് പ്രത്യക്ഷപ്പെട്ടു. ഇസ്‌ലാമിന്റെ ഏകദൈവ വിശ്വാസത്തെ പ്രഖ്യാപിക്കാന്‍ ഡോം ഓഫ് ദി റോക്കിലും ആദ്യകാല ഇസ്‌ലാമിക നാണയങ്ങളിലും ഖുര്‍ആനിക വചനങ്ങള്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
ഇറാഖിലെ കൂഫ നഗരത്തെ മാനിച്ച് കൊണ്ട് ആദ്യത്തെ ഔദ്യോഗിക കാലിഗ്രാഫിക് ശൈലിയെ കൂഫിക്ക് ശൈലി എന്ന് വിളിക്കുന്നു. ആദ്യകാല ഖുര്‍ആന്‍ കയ്യെഴുത്തുപ്രതികളിലും ഡോം ഓഫ് റോക്കുള്‍പ്പെടെയുള്ള കൊത്തുപണികളിലും ഇത് ഉപയോഗിച്ചിരുന്നു.എന്നാല്‍, പത്താം നൂറ്റാണ്ടില്‍ മാത്രം പ്രചാരത്തിലെത്തിയ രണ്ടാമത്തെ പ്രധാന കാലിഗ്രഫി ശൈലികള്‍ക്കും ഇതേ പേര് തന്നെയാണ് സാധാരണയില്‍ ഉപയോഗിക്കുന്നത്. ഫോളിയേറ്റഡ് കൂഫിക് (ചുരുണ്ട ഇലയുടെ ആകൃതിയില്‍), ഫ്‌ളോറിയേറ്റഡ് കൂഫിക് (പുഷ്പ രൂപങ്ങളുടെ ആകൃതിയില്‍) എന്നിങ്ങനെയുള്ള നിരവധി ഭംഗിയുള്ള വകഭേദങ്ങള്‍ ഈ പുതിയ കാലിഗ്രഫി ശൈലിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഖുര്‍ആന്‍ കൈയെഴുത്തുപ്രതികള്‍, നാണയങ്ങള്‍, വാസ്തുവിദ്യാ ലിഖിതങ്ങള്‍, പാത്രങ്ങളുടെ അലങ്കാരം എന്നിങ്ങനെ വ്യത്യസ്തമായ സന്ദര്‍ഭങ്ങളില്‍ ഈ രണ്ടാമത്തെ കൂഫീ കാലിഗ്രഫി ശൈലിയാണ് ഉപയോഗിക്കുന്നത്.
മിഡില്‍ ഈസ്റ്റില്‍, അതായത് ബാഗ്ദാദില്‍ രണ്ടാമത്തെ തരം കൂഫീ കാലിഗ്രഫി വികസിച്ചുകൊണ്ടിരിക്കുമ്പോള്‍, ഒരു പുതിയ ശൈലി മുസ്ലിം സ്പെയിനിലോ അല്ലെങ്കില്‍ മൊറോക്കോയിലോ രൂപം കൊള്ളുന്നുണ്ടായിരുന്നു. ഈ പടിഞ്ഞാറന്‍ പ്രദേശത്തിന്റെ അറബി നാമം അല്‍ മഗ് രിബ് എന്നാണ്. അതിനാല്‍ ഈ പുതിയ കാലിഗ്രഫി ശൈലിയെ മഗ് രിബി എന്നാണ് വിളിച്ചിരുന്നത്. ഇന്നും ചില കാലിഗ്രാഫി കലാകാരന്‍മാര്‍ ഈ മഗ് രിബി ശൈലി ഉപയോഗിക്കുന്നുണ്ട്. കിഴക്കന്‍ ഇസ്‌ലാമിക ലോകത്ത്, പതിമൂന്നാം നൂറ്റാണ്ടോടെ കുഫീ ശൈലികള്‍ ഏറെക്കുറെ നശിച്ചുപോവുകയും പകരം ഇപ്പോള്‍ ഉപയോഗത്തിലുള്ള കൂടുതല്‍ വൃത്താകൃതിയിലുള്ള ശൈലികള്‍ ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തു.
പുതിയ ശൈലികള്‍ വികസിച്ചത് കൊണ്ടാകാം കിഴക്കന്‍ ഭാഗത്ത് മൃഗത്തോലുകള്‍ക്ക് പകരം കടലാസ് ഉപയോഗത്തില്‍ വന്നത്. അങ്ങനെ പാപ്പിറസ് കയ്യെഴുത്തുപ്രതികള്‍ക്കും രേഖകള്‍ക്കുമുള്ള പ്രധാന മാധ്യമമായി. പേപ്പറിന്റെ ഉപരിതലം (സറ്റാര്‍ച്ച് കൊണ്ട് പൊതിഞ്ഞത്) വളരെ മിനുസമാര്‍ന്നതും തിളക്കമുള്ളതാവുന്നത് വരെ കല്ലുകൊണ്ട് തടവും. ഇത് പേനയുടെ ഉപയോഗം വളരെ എളുപ്പമുള്ളതാക്കിത്തീര്‍ത്തു. (മഗ് രിബില്‍ വീണ്ടുമൊരുപാട് കാലം മൃഗത്തോലിന്റെ ഉപയോഗം തുടര്‍ന്നിരുന്നു).

മറ്റൊരു ഘടകം പേനയാണ്. അത് മുളകൊണ്ടാണ് നിര്‍മ്മിക്കുന്നത്. മുളയുടെ അവസാനം കത്തി ഉപയോഗിച്ച് മുറിച്ചാണ് പേനയുടെ നിബ്ബ് നിര്‍മ്മിക്കുക. വ്യത്യസ്ത രീതികളില്‍ നിബ്ബ് മുറിക്കുന്നത് കൊണ്ട് വ്യത്യസ്ത ഫലങ്ങളാണ് ലഭിക്കുക. ചരിഞ്ഞ കോണില്‍ നിബ്ബ് നിര്‍മ്മിക്കുന്നത് കൊണ്ട് വൃത്താകൃതിയില്‍ കാലിഗ്രഫി എഴുതാന്‍ സാധിക്കും. ഇത് കാലിഗ്രാഫര്‍ക്ക് കട്ടിയുള്ളതും നേര്‍ത്തതുമായ വരകള്‍ സൃഷ്ടിക്കാന്‍ സഹായിക്കുകയും കലക്ക് ചാരുതയും വൈവിധ്യവും ചേര്‍ക്കുകയും ചെയ്യുന്നു. പേനയുടെ വീതിയും പ്രാധാന്യമുള്ള ഒന്നാണ്. വലിയ അക്ഷരങ്ങള്‍ക്ക് വിശാലമായ നിബ്ബുകള്‍ ആവശ്യമാണ്. അതിനാല്‍ വരിയുടെ വീതി എഴുത്തിന്റെ മൊത്തത്തിലുള്ള വലുപ്പത്തിന് ആനുപാതികമായി തുടരും.
നിബ്ബിന്റെ വീതിയെ അടിസ്ഥാനമാക്കിയുള്ള അനുപാത വ്യവസ്ഥയും വ്യക്തിഗത അക്ഷരങ്ങളുടെ ആകൃതികളും ഒരു വരിയിലെ അക്ഷരങ്ങളുടെ ആപേക്ഷിക വലുപ്പങ്ങളും നിര്‍ണ്ണയിക്കുന്നു. ഉദാഹരണത്തിന്, അലിഫ് അക്ഷരത്തില്‍ ഒരൊറ്റ ലംബരൂപത്തിലെ വര അടങ്ങിയിരിക്കുന്നു. ഒരു ശൈലിയില്‍, അത് വീതിയുടെ മൂന്നിരട്ടി മാത്രമാണ്. മറ്റൊരു ശൈലിയില്‍ അത് ഏഴുമടങ്ങ് ഉയര്‍ന്നതാണ്. അതിനാല്‍ അലിഫ് എന്ന അക്ഷരം രണ്ടാമത്തെ ശൈലിയില്‍ വളരെ പ്രാധാന്യമര്‍ഹിക്കുകയും അതിന്റെ മൊത്തത്തിലുള്ള രൂപത്തിന് കാരണമാവുകയും ചെയ്യുന്നു. ഒരു അക്ഷരം ഉണ്ടാകാനിടയുള്ള വ്യത്യസ്ത സന്ദര്‍ഭങ്ങള്‍ കണക്കിലെടുക്കാന്‍ ഈ വ്യതിയാനങ്ങള്‍ അനുവദിക്കുന്നു. കൂടാതെ രണ്ടക്ഷരങ്ങള്‍ക്കിടയിലെ ദൈര്‍ഘ്യത്തിലും ഒരു വഴക്കമുണ്ടായിരുന്നു. അറബി ലിപി എല്ലായ്‌പ്പോഴും പരസ്പര ബന്ധിതമാണ് (കൂട്ടെഴുത്ത്) എന്നതിനാല്‍ ഇത് പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. മാത്രമല്ല അച്ചടിച്ച ഇംഗ്ലീഷിലെന്നപോലെ അറബി ലിപി പ്രത്യേക അക്ഷരങ്ങളല്ല.
ഒരു കാലിഗ്രഫി ശൈലിയുടെ രൂപീകരണത്തിലെ മറ്റൊരു അടിസ്ഥാന ഘടകം അടിസ്ഥാനരേഖയുടെ സ്വഭാവമനുസരിച്ചായിരുന്നു. പല സ്‌ക്രിപ്റ്റുകളിലും അക്ഷരങ്ങള്‍ എഴുതപ്പെട്ട സാങ്കല്‍പ്പിക രേഖ തിരശ്ചീന രൂപത്തിലുള്ളതായിരുന്നു. മറ്റുള്ളവയില്‍, ഓരോ പുതിയ അക്ഷരങ്ങളുടെ കൂട്ടവും അടിസ്ഥാനരേഖയ്ക്ക് മുകളില്‍ ആരംഭിക്കുകയും പിന്നീട് അത് കണ്ടുമുട്ടുന്നതിനായി ഇടതുഭാഗത്ത് താഴേക്ക് ചരിക്കുകയും ചെയ്യുന്നു. അറബി ഭാഷ ഇംഗ്ലീഷില്‍ നിന്ന് വ്യത്യസ്തമായ നിലയില്‍ വലത്ത് നിന്ന് ഇടത്തോട്ടാണ് വായിക്കുന്നത്. ഈ രീതിയിലുള്ള വരികള്‍ യഥാര്‍ത്ഥത്തില്‍ ഔദ്യോഗിക രേഖകളില്‍ ഒരു സുരക്ഷാ സവിശേഷതയായി ആവിഷ്‌കരിച്ചു. കാരണം അനധികൃത കൂട്ടിച്ചേര്‍ക്കലുകള്‍ തടയുന്നതിന് വരികളെ വളരെ അടുത്ത് സ്ഥാപിക്കാനാകും.ഈയൊരു രീതി ഫലവത്തായി കണക്കാക്കപ്പെട്ടതിനാല്‍ ഈ സവിശേഷത മറ്റ് സന്ദര്‍ഭങ്ങളിലും ഉപയോഗിച്ചു.

ഉപകരണങ്ങളും എഴുത്തു രീതികളും

പലതരം ഉപകരണങ്ങളില്‍ നിന്നാണ് കാലിഗ്രാഫി ഉപയോഗിച്ച് ഡിസൈനുകള്‍ സൃഷ്ടിക്കുന്നത്. കടലാസില്‍ പേന കൊണ്ടെഴുതുമ്പാഴുള്ള സാങ്കേതിക ഫലങ്ങള്‍ മറ്റ് മാധ്യമങ്ങളില്‍ ദൃശ്യമാകുമ്പോഴും കാലിഗ്രാഫി പലപ്പോഴുമത് അനുകരിക്കുന്നുണ്ട്. ഉദാഹരണത്തിന്, കട്ടിയുള്ളത് മുതല്‍ നേര്‍ത്ത വര വരെയുള്ള മനോഹരമായ ശ്രേണിയും ചതുരാകൃതിയില്‍ മുറിച്ച നിബ്ബ് ഉപയോഗിച്ച് എഴുതിയ സൂപ്പര്‍സ്‌ക്രിപ്റ്റ് ഡോട്ടുകളുടെ ചതുര രൂപവും കാണാന്‍ കഴിയും. ഒരു കാലിഗ്രാഫര്‍ മുന്‍പെഴുതിയ (കടലാസില്‍) ടെംപ്ലേറ്റുകളില്‍ നിന്ന് പകര്‍ത്തിയാണ് ആര്‍ട്ടിസ്റ്റുകള്‍ പലപ്പോഴും അവരുടെ ഡിസൈനുകള്‍ നിര്‍മ്മിക്കുന്നത്.

മൃഗത്തോലിലെ എഴുത്ത്

പേപ്പര്‍ കണ്ടുപിടിക്കുന്നതിനു മുമ്പ് ലഭ്യമായവയില്‍ വെച്ച് ഏറ്റവും നല്ല എഴുത്തുപകരണം മൃഗത്തോല്‍ കൊണ്ട് നിര്‍മ്മിച്ചതായിരുന്നു. എഴുതാന്‍ തയ്യാറാക്കിയ മൃഗത്താലില്‍ നിന്നാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു കോണില്‍ അല്‍പ്പം മുറിച്ച് മഷി നിറച്ച മുളയുടെ പേനയാണ് ഉപയോഗിക്കുക. മൃഗത്താലില്‍ എഴുതുന്നത് മായ്ക്കാനോ മാറ്റാനോ കഴിയുമെന്നത് അതിന്റെ പ്രത്യേകതയാണ്.

കടലാസിലെ എഴുത്ത്

Leaf from the Qu’ran, Middle East,800-900. Museum no. Circ.161-1951

സ്റ്റാര്‍ച്ചും പോളിഷും കൊണ്ട് മിനുക്കിയ കടലാസില്‍ പേനയും മഷിയുമപയോഗിച്ച് കാലിഗ്രാഫി എഴുതാം.ഇത് എഴുത്തിന് നല്ല മിനുസമാര്‍ന്ന ഒരു ഉപരിതലം നല്‍കുന്നു.

പാത്രങ്ങള്‍

താഴെ കൊടുത്തിരിക്കുന്ന കാലിഗ്രാഫികളില്‍ ലിഖിതങ്ങള്‍ (പ്ലാന്റ് ഡിസൈനുകള്‍) കൊണ്ട് ആഴത്തില്‍  കൊത്തിവെച്ചിട്ടുണ്ട്. 1350 മുതല്‍ 1600 കളുടെ ആരംഭം വരെ ഒരു ചെറിയ കാലയളവില്‍ മാത്രമേ മധ്യേഷ്യയില്‍ ഈ രീതി ഉപയോഗിച്ചിരുന്നുള്ളൂ.

Dish with inscription in floriated Kuficscript, Iran or Uzbekistan, 900-1000.
Museum no. C.66-1967

മരക്കഷ്ണം

അക്ഷരങ്ങള്‍ കൊത്തിയെടുത്ത ശേഷം പെയിന്റ് ചെയ്യും. ചുവടെയുള്ള ചിത്രത്തില്‍ ഇപ്പോള്‍ മിക്കവാറും പെയിന്റ് നഷ്ടമായിരിക്കുന്നു.
എന്നിരുന്നാലും ചില സൂചനകള്‍ അവശേഷിക്കുന്നുണ്ട്.

ഗ്ലാസ്

ചുവടെ ചിത്രീകരിച്ചിരിക്കുന്ന ഈ ജനാല വ്യത്യസ്ത നിറങ്ങളിലുള്ള ചെറിയ ഗ്ലാസ് കഷ്ണങ്ങളില്‍ നിന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. അവ പ്ലാസ്റ്റര്‍ ചട്ടക്കൂടിനുള്ളില്‍ പാറ്റേണുകളില്‍ ക്രമീകരിക്കുന്നു.

തുണിത്തരങ്ങള്‍

Bowl, Iran or Uzbekistan, 900-1000. Museum no. C.47-1964

മുസ്‌ലിം സ്പെയിനില്‍ നിന്നുള്ള ഒരു പട്ടു നെയ്ത്തുകാരന്‍ അറബിയില്‍ എഴുതിയ ലിഖിതത്തിന്റെ വരകള്‍ കൃത്യമായി പുനര്‍നിര്‍മ്മിക്കുകയുണ്ടായി. ഈ രൂപകല്‍പ്പനയില്‍ വളരെയധികം ശ്രദ്ധ ആവശ്യമാണ്. ‘ഞങ്ങളുടെ സുല്‍ത്താന് മഹത്വം’ എന്ന വാചകം രൂപകല്‍പ്പനയിലെ വിശാലമായ മുദ്രക്കുള്ളില്‍ ആവര്‍ത്തിക്കുന്നു.

ആവരണം നല്‍കപ്പെട്ട ചില്ലുഗ്ലാസ്

ചൂടുള്ള ചില്ലിനെ ആകൃതിയില്‍ രൂപാന്തരപ്പെടുത്തിയതിന് ശേഷം തണുപ്പിച്ചിട്ടാണ് വിളക്ക് നിര്‍മ്മിക്കുന്നത്. ഇനാമല്‍ നിറങ്ങളും സ്വര്‍ണ്ണക്കോട്ടിംഗും പിന്നീട് ചേര്‍ക്കുന്നു. നിറങ്ങളും ചില്ലും ചേര്‍ന്ന ഒരു മിശ്രിതമാണ് ഇനാമല്‍. അത് ഒരു ചൂളയില്‍ വീണ്ടും ചൂടാക്കുമ്പോള്‍ വിളക്ക് ഉരുകി യോജിക്കുന്നു. രൂപമാറ്റം വന്ന ഗ്ലാസ്, ബ്രഷുകള്‍ ഉപയോഗിച്ച് ഇനാമലും ഗില്‍റ്റും കൊണ്ട് അലങ്കരിക്കും.

Alif image

ലോഹപ്പണികള്‍

ലോഹപ്പണിക്കാര്‍ പിച്ചള പ്രതലത്തിന്റെ ചെറിയ ഭാഗങ്ങള്‍ വെട്ടിയതിന് ശേഷം അവിടെ വെള്ളിയും സ്വര്‍ണ്ണവും കൊണ്ട് നിറക്കും. മൃദുവായ് കൊത്തിയ ലോഹങ്ങളുടെ ഉപരിതലത്തെ ഒരു ചുറ്റികയും ഉപകരണങ്ങളും ഉപയോഗിച്ച് ദൃശ്യതീവ്രത സൃഷ്ടിക്കുന്നതിന് ഒരു കറുത്ത ഫില്ലര്‍ ചേര്‍ത്ത് അവര്‍ ഭംഗിയാക്കുന്നു.

കാലിഗ്രഫി അലങ്കാരങ്ങള്‍

വളരെ ചാരുതയോടെ എഴുതുന്നതോടൊപ്പം, അലങ്കാരങ്ങള്‍ ചേര്‍ത്ത് കാലിഗ്രാഫിയുടെ ഭംഗി വര്‍ദ്ധിപ്പിക്കുന്നതിന് നിരവധി മാര്‍ഗങ്ങളുണ്ട്. വാക്കുകള്‍ സ്വര്‍ണ്ണ നിറത്തിലോ അല്ലെങ്കില്‍ കറുപ്പ് ഒഴികെയുള്ള നിറങ്ങളിലോ എഴുതാം. അക്ഷരങ്ങളും വാക്കുകളും രൂപരേഖയിലാക്കാം അല്ലെങ്കില്‍ ഒരു പശ്ചാത്തല പാറ്റേണിന് എതിരായി സംവിധാനിക്കാം. കൂടാതെ, കാലിഗ്രാഫര്‍മാര്‍ വ്യത്യസ്ത ശൈലികള്‍ അല്ലെങ്കില്‍ വാചകത്തിന്റെ വിഭാഗങ്ങള്‍ക്കായി വ്യത്യസ്ത വലുപ്പങ്ങള്‍, നിറങ്ങള്‍, വാചക ശൈലികള്‍ എന്നിവ സംയോജിപ്പിക്കാറുണ്ട്. (എന്നാല്‍ എല്ലായ്‌പ്പോഴും അവ കാലിഗ്രഫിയുടെ നിയമങ്ങള്‍ പാലിക്കുന്നു). മനോഹരമായി രൂപകല്‍പ്പന ചെയ്ത ഘടകങ്ങളിലേക്ക് ഫോര്‍മാറ്റിംഗിന്റെയും വിരാമചിഹ്നത്തിന്റെയും പ്രവര്‍ത്തനപരമായ വിശദാംശങ്ങള്‍ കാലിഗ്രാഫര്‍മാര്‍ക്ക് എങ്ങനെ നിര്‍മ്മിക്കാമെന്ന് ഈ ഖുര്‍ആന്‍ ഫോളിയോകളിലൂടെ മനസ്സിലാക്കാം.
അലങ്കരിച്ച ഫ്രെയിമുകളും പശ്ചാത്തലവും വരികളുടെ വ്യക്തതയെ തടസ്സപ്പെടുത്തുന്നില്ല. അല്ലെങ്കില്‍ വാചകത്തിന്റെ ഉള്ളടക്കത്തില്‍ നിന്ന് വ്യതിചലിക്കുന്നില്ല. ഖുര്‍ആന്‍ ദൈവവചനമായി കണക്കാക്കപ്പെടുന്നതിനാല്‍ ഇത് ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്.

Detail from wooden panel with Arabic inscription, Spain or Morocco, 1150-1250. Museum no. 378A-1907

Tile fragment, Bukhara, about 1359. Museum no. 971-1901

Detail of page from the Zafar Nama epic, Iran, 1500-1600. Museum no. E.2138-1929

 

 

 

 

 

 

 

 

 

 

കാലിഗ്രാഫി കലാകാരന്‍മാർ

ഇസ്‌ലാമിക സമൂഹങ്ങളില്‍ ഏറ്റവുമധികം പരിഗണിക്കപ്പെടുന്ന കലാകാരന്മാരില്‍ ഒരു വിഭാഗമാണ് കാലിഗ്രാഫര്‍മാര്‍. ഇന്നും പലയിടത്തും ഇത് തുടരുന്നു. അവരുടെ അധ്യാപകരുടെ ശ്രേഷ്ഠതയെയും ജോലിയുടെ മികവിനെയും അടിസ്ഥാനമാക്കിയുള്ളതായിരുന്നു അവരുടെ പദവി. തല്‍ഫലമായി, ഒരു സാഹിത്യ പാരമ്പര്യം വികസിക്കുകയും അതില്‍ കാലിഗ്രാഫിയുടെ ചരിത്രം, അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള സംപ്രേഷണ ശൃംഖലയായി സങ്കല്‍പ്പിക്കപ്പെടുകയും ചെയ്തു.
തന്റെ ഗുരു നല്‍കുന്ന മോഡലുകള്‍ കൃത്യമായി പകര്‍ത്തുന്നത് പരിശീലിക്കുന്നതിന് വിദ്യാര്‍ത്ഥിക്ക് വര്‍ഷങ്ങള്‍ വേണ്ടിവരും. ഈ വിധത്തില്‍ തത്ത്വങ്ങളെയും നിയമങ്ങളെയും പഠിച്ചെടുക്കുമ്പോള്‍ മാത്രമേ അവനോ/ അവളോ കാലിഗ്രാഫര്‍മാരായി പരിശീലനം ലഭിച്ച പുരുഷന്മാരും സ്ത്രീകളും – ഒരു കാലിഗ്രഫറാവുകയും പുതിയ സൃഷ്ടികള്‍ സൃഷ്ടിക്കാന്‍ തുടങ്ങുകയും ചെയ്യുന്നുള്ളൂ. അതിനാല്‍ കാലിഗ്രാഫി പഠിക്കുന്നത് മറ്റ് ജോലികളില്‍ വൈദഗ്ദ്യം നേടുന്നതിന് സമാനമായിരുന്നു.

 

 

 

Window with the Shahadah, the Muslim profession of faith, carved stucco and coloured glass, Egypt, 1800-80. Museum no. 1202-1883

Casket, brass with inlaid gold and silver, Iran, 1300-1350. Museum no. 459-1873

Silk with Arabic inscription, silk and metal-wrapped thread in lampas weave, Spain, 1300-1400. Museum no. 830-1894

Mosque lamp, gilt and enamelled glass, Egypt or Syria, 1340. Museum no. 1056-1869

 

 

 

 

 

 

 

കാലിഗ്രാഫി പഠിച്ച പലരും കയ്യെഴുത്ത് പ്രതികളിലൂടെ സമ്പാദിക്കാന്‍ പര്യാപ്തമാവുമ്പോള്‍ അവരുടെ പരിശീലനം നിര്‍ത്തുന്നു. പതിനെട്ടാം നൂറ്റാണ്ടിനും ഇരുപതാം നൂറ്റാണ്ടിനുമിടയില്‍ ക്രമേണ ഇസ്‌ലാമിക ലോകത്ത് അച്ചടി ആരംഭിച്ചുവെങ്കിലും ഭൂരിഭാഗം പുസ്തകങ്ങളും ഇസ്‌ലാമിക കാലഘട്ടത്തില്‍ കൈകൊണ്ട് നിര്‍മ്മിക്കുന്നത് തുടര്‍ന്നു. എല്ലാ പകര്‍പ്പെഴുത്തുകാരും കാലിഗ്രാഫര്‍മാരായിരുന്നില്ല. കൂടാതെ ചിലര്‍ നിരവധി പുസ്തകങ്ങള്‍ നിയമങ്ങള്‍ അനുസരിക്കാതെ വൃത്തികെട്ട വ്യക്തിഗത ശൈലികളില്‍ പകര്‍ത്തി. നല്ല, വ്യക്തമായ കൈയ്യെഴുത്തില്‍ പകര്‍ത്തിയ ഒരു പുസ്തകം വില പിടിപ്പുള്ളതായിരുന്നു.
മറ്റുചിലര്‍ ഗവണ്മെന്റ് ഓഫിസിലെ എഴുത്തുകാരന്‍ പോലുള്ള നിര്‍ദ്ദിഷ്ട തൊഴിലുകളില്‍ പ്രവേശിക്കാന്‍ വേണ്ടി കാലിഗ്രാഫി പഠിച്ചു. വ്യത്യസ്തമായ ശൈലികള്‍ ഉപയോഗിച്ച് ഈ ആളുകള്‍ ഭരണാധികാരിക്കായി ഔദ്യോഗിക രേഖകള്‍ പകര്‍ത്തുന്ന ജോലിയിലേര്‍പ്പെട്ടു. ചില ഉദാഹരണങ്ങള്‍ വളരെ ശ്രദ്ധേയമാണ്. മാത്രമല്ല രചനയുടെ മികവും സങ്കീര്‍ണ്ണതയും
രേഖകളുടെ മഹത്വത്തെ പ്രതിഫലിപ്പിക്കുന്നു.
കൂടുതല്‍ പ്രാവീണ്യം നേടിയ കാലിഗ്രാഫര്‍മാര്‍ ഏറ്റവും മനോഹരമായ കൈയെഴുത്തുപ്രതികള്‍ നിര്‍മ്മിച്ചു. അവരുടെ രചനകള്‍ വിലയേറിയതായിരുന്നു. അവര്‍ പൊതുവെ സമൂഹത്തിലെ ഏറ്റവും ധനികരായ ആളുകക്ക്, പ്രത്യേകിച്ച് സുല്‍ത്താന്‍മാര്‍,മറ്റ് ഭരണാധികാരികള്‍ എന്നിവര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. ഏറ്റവും മികച്ച ചിത്രം മിക്കപ്പോഴും ഭരണാധികാരിയുടെ കൊട്ടാരത്തിലെ ഒരു വകുപ്പില്‍ പുസ്തക നിര്‍മ്മാണത്തിനും അനുബന്ധ ജോലികള്‍ക്കുമായി നീക്കിവച്ചിരുന്നു. ചിത്രം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, അവിടെ ജോലി ചെയ്തിരുന്ന മറ്റ് കലാകാരന്മാരും കരകൗശല വിദഗ്ധരും അവര്‍ ചായം പൂശിയ അലങ്കാരവും സമ്പന്നമായ ബൈന്‍ഡിംഗും ഉപയോഗിച്ച് പുസ്തകം പൂര്‍ത്തിയാക്കും.
മറ്റ് മാധ്യമങ്ങളിലും രചനകള്‍ സൃഷ്ടിക്കാന്‍ നിപുണരായ കാലിഗ്രാഫര്‍മാര്‍ നിയോഗിക്കപ്പെട്ടു. ഒരു കൈയെഴുത്തുപ്രതിയില്‍ തുടര്‍ച്ചയായ വാചകം പകര്‍ത്തുന്നതില്‍ നിന്ന് വ്യത്യസ്തമായ ഒരു ജോലിയായിരുന്നു ഇത്. കാലിഗ്രാഫറിന് ലഭ്യമായ ഇടം മനസ്സില്‍ തൃപ്തിയാവുകയും ആ സ്ഥലം സമതുലിതമായ രീതിയില്‍ പൂരിപ്പിക്കുന്നതിന് അക്ഷരങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും സ്‌ക്രിപ്റ്റിന്റെ ശൈലിയിലുള്ള നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുകയും വേണം. പുതിയ മാധ്യമത്തിലേക്ക് മാറ്റുന്നതിനായി കാലിഗ്രാഫര്‍ പേപ്പറില്‍ രൂപകല്‍പ്പന ചെയ്യും. നിപുണരായ കാലിഗ്രാഫര്‍മാര്‍ നിര്‍മ്മിച്ച ഈ ഡിസൈനുകളും മറ്റ് സിംഗിള്‍ ഷീറ്റുകളും പലപ്പോഴും സംരക്ഷിക്കപ്പെട്ടിരുന്നു. അതിനാല്‍ അവ പിന്നീടുള്ള തലമുറകള്‍ക്ക് പകര്‍ത്താനാകും. പിന്നീടുള്ള കാലങ്ങളില്‍, അവയെ ആല്‍ബങ്ങളിലേക്ക് ശേഖരിക്കുകയുണ്ടായി. തല്‍ഫലമായി,കാലിഗ്രാഫര്‍മാര്‍ ആല്‍ബങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിനായി പ്രത്യേക ഷീറ്റുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. ചിത്രങ്ങളുടെ രീതിയില്‍ വീടുകളുടെ ചുമരുകളില്‍ കാലിഗ്രാഫി തൂക്കിയിടുന്നത് പതിവായിരുന്നു. കൂടാതെ അദ്ധ്യാപനത്തില്‍ നിന്നുള്ള ഫീസും ലിഖിതങ്ങള്‍ക്കായുള്ള കമ്മീഷനുകളും ചില നിപുണരായ കാലിഗ്രാഫര്‍മാരെ സ്വതന്ത്രമായി തുടരാന്‍ അനുവദിച്ചു. ഇന്ന്, കാലിഗ്രാഫര്‍മാര്‍ പലപ്പോഴും ഇങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്.

വിവര്‍ത്തനം: മിദ്‌ലാജ് തച്ചംപൊയില്‍

photo credit: Victoria and Albert Museum, London https://www.vam.ac.uk/