എങ്ങനെയാണ് പ്ലേഗ് മധ്യകാല ഡമസ്കസിനെ ഒന്നിപ്പിച്ചത്
കൊറോണക്ക് മുമ്പ് ലോകം കണ്ട മഹാമാരികളെ മനുഷ്യൻ എങ്ങനെയാണ് നേരിട്ടതെന്ന് അന്വേഷിക്കാനാണ് ഈ കുറിപ്പിലൂടെ ഞാൻ ഉദ്ദേശിക്കുന്നത്. ലോകം കണ്ട അനേകം മഹാമാരികളിൽ ഏറെ ചരിത്ര പ്രാധാന്യമുള്ളതാണ് പ്ലേഗ്. Black death(കറുത്ത മരണം)എന്ന പേരില്‍ കുപ്രസിദ്ധമായ ഈ മഹാമാരിയുടെ കാലത്ത് യൂറോപ്യന്‍ ജനതയുടെ അൻപത് ശതമാനത്തെ തന്നെ ഈ മഹാമാരി കൊന്നു കളഞ്ഞിരുന്നു. 1348-50 ആയപ്പോയേക്കും ശക്തിപ്രാപിച്ച മഹാമാരിയുടെ അനുരണനങ്ങള്‍ പൂര്വ്വാധുനികതയിലും മുഴച്ച് നിന്നിരുന്നു. യൂറോപ്യന്‍ ഭാഗങ്ങളിലായിരുന്നു പ്ലേഗ് സംഹാരതാണ്ഡവമാടിയിരുന്നത്. എങ്കിലും വളരെ അപകടകരമായ ഫലമായിരുന്നു മധ്യ പൗരസ്ത്യ ദേശങ്ങളിൽ അടക്കം ഇത് വരുത്തി വച്ചത്.
പ്രമുഖ ചരിത്രകാരനും തഫ്സീര്‍ പണ്ഡിതനുമായ ഇബ്നു കസീര്‍ (അല്‍ ബിദായത്തു വന്നിഹായ (മനുഷ്യന്റെ ആരംഭം മുതല്‍ അദ്ദേഹത്തിന്റെ കാലഘട്ടം വരെയുള്ള ചരിത്രം അതില്‍ പ്രതിപാദിച്ചിട്ടുണ്ട് ) യില്‍ തന്റെ പട്ടണമായ ഡമസ്കസില്‍ ( ഇന്നത്തെ സിറിയയിൽ) ഭീതി വിതച്ച മഹാവിപത്തിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അല്‍ ബിദായതു വന്നിഹായ എന്ന കൃതിയുടെ തുടക്കത്തിലും അവസാനത്തിലുമായി ഡമസ്കസില്‍ ബ്ലാക്ക് ഡത്തിനു ശേഷം രൂപപ്പെട്ട ഒരു പാട് ആചാരങ്ങളെ ക്കുറിച്ചുള്ള കൃത്യമായ അവലോകനം നടത്തുന്നുണ്ട്.
ഡമസ്കസിലേക്ക് ക്രിസ്തുവര്‍ഷം 1348-49 (ഹിജ്റ749) ൽ പ്ലേഗ് എവിടെ നിന്നും എങ്ങനെ വന്നു എന്നതിനെ ഇബ്നു കസീർ വിശദീകരിച്ച് എഴുതുന്നുണ്ട്. 1348 ജൂൺ 5 (റബീഉല്‍ അവ്വല്‍ 7,749) ന് ജുമുഅ നിസ്കാരം കഴിഞ്ഞ് ചില പ്രമുഖ പണ്ഡിതരും ഒരു കൂട്ടം ആളുകളും സ്വഹീഹുൽ ബുഖാരിയിലെ വളരെ പ്രസിദ്ധമായ ഹദീസിനെ കുറിച്ച് ചര്‍ച്ചചെയ്യുകയും ശേഷം പ്ലേഗെന്ന മഹാവിപത്തില്‍ നിന്നും അല്ലാഹുവിനോട് കാവൽ തേടിക്കൊണ്ട് ദുആ ചെയ്തു പിരിയുകയും ചെയ്തു. ഡമസ്കസിനു പുറത്ത് പ്ലേഗ് വ്യാപിക്കുകയും ജനങ്ങളെല്ലാം പ്ലേഗ് ഡമസ്കസിലേക്ക് വ്യാപിക്കുമെന്ന് വല്ലാതെ ഭീതിപ്പെടുകയും ചെയ്ത സമയമായിരുന്നു അത്. അതിന് ശേഷം രണ്ട് ദിവസം കഴിഞ്ഞ് മിഹ്റാബ് അസ്സഹാബയില് (ഉമവീ ഗ്രാൻഡ് മസ്ജിദിൽ) ഒരുമിച്ചു കൂടുകയും ഖുര്‍ആനിലെ നൂഹ് സൂറത്ത് 3,336 പ്രാവശ്യം പാരായണം ചെയ്യുകയും ചെയ്തു. അതിന്റെ കാരണമായി വര്‍ത്തിച്ചത് ഡമസ്കസുകാരനായ ഒരാള്‍ തുടരെയായി പ്രവാചകര്‍ (സ) യെ സ്വപ്നത്തിൽ ദർശിക്കുകയും പ്രവാചകർ അദ്ദേഹത്തോട് സുറത്തു നൂഹ് അത്രയും പ്രാവശ്യം പാരായണം ചെയ്യുവാന്‍ പറയുകയും ചെയ്തു. ഇങ്ങനെ പലയാവർത്തി സംഭവിച്ചപ്പോഴാണ് അവര്‍ ഒരുമിച്ചുകൂടുകയും പാരായണം ചെയ്യുകയും ചെയ്തത്.
പ്ലേഗിന്റെ ഭീകരത വളരെ വേഗമായിരുന്നു വര്‍ദ്ധിച്ചത്. ദിനേനെ നൂറായിരുന്നു ആദ്യം മരണസംഖ്യ. എന്നാൽ കുറഞ്ഞ ദിനങ്ങള്‍ക്കുള്ളില്‍ തന്നെ അത് ഇരുന്നൂറ് ആവുകയും പിന്നീട് 300 ആയി മാറുകയും ചെയ്തു. ഒരു ഗൃഹനാഥന് തന്റെ വീട്ടിലുള്ളവരുടെ ശവസംസ്കാരം നടത്തുവാന്‍ പോലും കഴിഞ്ഞിരുന്നില്ല അതിനു മുമ്പേ അവരില്‍ പലരും മരണമടയുകയായിരുന്നുവെന്ന് ഇബ്നു കസീര്‍ വിശദീകരിക്കുന്നുണ്ട്. ഡമസ്കസ് പട്ടണത്തില്‍ പ്ലേഗ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ഒരുമാസമായപ്പോഴേക്ക് ജൂലൈ 14(റബീഉല്‍ ആഖിര്‍ 6ന്) അവിടെത്തെ പ്രാദേശിക ഭരണകൂടങ്ങള്‍ എല്ലാ നിസ്കാരത്തിലെയും അവസാനത്തില്‍ നാസിലത്തിന്റെ (വിപത്തിന്റെ) ഖുനൂത് ഓതുവാൻ കൽപ്പിക്കുകയും വൈകാതെ അത് തുടങ്ങുകയും ചെയ്തു. അവര്‍ അള്ളാഹുവിലേക്ക് കരഞ്ഞു പ്രാര്‍ത്ഥിക്കുകയും, പല വിര്‍ദുകളിലും മറ്റുമായി കഴിഞ്ഞുകൂടുകയും ചെയ്തു. അങ്ങനെ, അവസാനം സാധാരണ മരണശേഷം ചൊല്ലാറുള്ള ദുആ ചെയ്യുകയും കേണപേക്ഷിക്കുകയും ചെയ്തു.
വിഖ്യാത സഞ്ചാരി ഇബ്നു ബത്തൂത്തയും ഡമസ്കസിലെ ബ്ലാക്ക് ഡെത്തിന്റെ നേര് സാക്ഷിയാണ്. മാത്രവുമല്ല, ഡമസ്കസിലെ ജനങ്ങള്‍ ഒരു വലിയ സ്ഥലത്ത് ഒരുമിച്ചു കൂടി ഈ വിപത്ത് മാറിക്കിട്ടാന്‍ പ്രാര്‍ത്ഥിക്കുന്നത് തന്റെ യാത്രാ വിവരണത്തില്‍ അദ്ദേഹം വിശദീകരിക്കുന്നുമുണ്ട്. എങ്ങനെയാണ് പ്ലേഗെന്ന മഹാമാരിക്കിടയില്‍ ഒരു നഗരത്തെ മുഴുവനായും ഒരൊറ്റ ആത്മീയതക്ക് കീഴില്‍ ഒരുമിപ്പിക്കുന്നത് എന്നതിന്റെ നേര് ചിത്രമായി അതിനെ വിശദീകരിക്കുന്നു.1348 ജൂലൈ 21 തിങ്കളാഴ്ച്ച(റബീഉല്‍ ആഖിര്‍ 23,749) നഗരത്തിലെ എല്ലാ ജനങ്ങളോടും മൂന്നു ദിവസം നോമ്പനുഷ്ടിക്കുവാന്‍ കല്പിക്കപ്പെട്ടു. ജനങ്ങളില്‍ ബഹു ഭൂരിഭാഗവും നോമ്പനുഷ്ടിക്കുകയും റമളാനിലേത് പോലെ രാത്രികളില്‍ പള്ളികളില്‍ ചിലവഴിക്കുകയും (ഇഅ്തികാഫ് ഇരിക്കുകയും) ചെയ്തു
(ഇബ്നു ബത്തൂത്തയുടെ വിശദീകരണം ഇപ്രകാരമാണ്:1348 ജൂലൈ 21 തിങ്കളാഴ്ച്ച നഗരാധികൃതര്‍ ജനങ്ങളോട് മൂന്ന് ദിവസം വ്രതമനുഷ്ടിക്കാന്‍ പറഞ്ഞു.
അങ്ങനെ മൂന്നാം ദിവസം ജുമുഅ നിസ്കരിക്കാന്‍ ഒരുമിച്ചുകൂടുകയും അല്ലാഹുവിനോട് അവരുടെ നാട്ടില്‍ നിന്ന് ഈ മഹാമാരിയെ എടുത്തു കളയാൻ കേണപേക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് വന്ന മൂന്ന് ദിവസം മിക്ക ജനങ്ങളും നോമ്പനുഷ്ടക്കുകയും ചിലര്‍ പള്ളികളില്‍ നിസ്കരിച്ചും ദൈവസ്മരണയിലുമായി കഴിഞ്ഞുകൂടുകയും ചെയ്തു.
അടുത്ത വെള്ളിയാഴ്ച്ച ജനങ്ങളെല്ലാം വിശുദ്ധ ഖുര്‍ആന്റെ ഹജ്ജ് വിളിയാളം കേട്ട പോലെ ഓരോമുക്ക് മൂലയില്‍ നിന്നും അവര്‍ പുറപ്പെട്ടു. ഡമസ്കസിലെ മിക്ക ജനങ്ങളും അവിടെ സമ്മേളിക്കുകയുണ്ടായി. അതില്‍ മതജാതി-ഭേദമന്യേ ക്രിസ്ത്യനും,ജൂതനും സെമിറ്റിക് മതസ്ഥനും അല്ലാത്തവരും, വൃദ്ധനും, കുട്ടികളും, രാജാക്കന്മാരും, ഭരണകര്‍ത്താക്കളും തുടങ്ങി എല്ലാ ജനവിഭാഗങ്ങളും ഒരുമിച്ചു ചേര്‍ന്നിരുന്നു. പ്രഭാത നിസ്കാരത്തിനു മുമ്പേ തന്നെ അവര്‍ mosque of the foot [ഇബ്നു ബതൂതയുടെ അഭിപ്രായപ്രകാരം പ്രവാചകരായ മൂസാ(മൂസസ്)യുടെ കാലടി കള്‍ പതിഞ്ഞ കല്ലിരിക്കുന്നത് കൊണ്ടാണ് കാല്പാദപ്പള്ളി എന്ന പേര് വീണത്. മാത്രമല്ല അവസാന പ്രവാചകരായ മുഹമ്മദ്(സ) അവിടെയുള്ള ഒരാള്‍ക്ക് സ്വപ്നദര്‍ശനത്തിലൂടെ അവിടെയായി മൂസായുടെ മഖ്ബറയുണ്ടെന്ന് അറിയിച്ചു കൊടുത്തിട്ടുണ്ടെന്ന് പറയപ്പെടുന്നു. അതിനാല്‍ തന്നെ എല്ലാ മതവിഭാഗങ്ങളുടെയും പൊതു സന്ദര്‍ശന സ്ഥലമായിരുന്നു കാല്പാദപ്പള്ളി]ന്റെ ചത്വരത്തിലായിരുന്നു ഒരുമിച്ചു കൂടിയത്. അങ്ങനെ അവര്‍ അവിടെ ആ ദിവസം മുഴുവനും ചിലവഴിച്ചു. ഇബ്നു കസീര്‍ ഈ ഭാഗം അവസാനിപ്പിക്കുന്നത് ഇപ്രകാരമാണ് ‘അതൊരു വല്ലാത്ത ഓര്‍മ്മദിവസമായിരുന്നു'(യവ്മുന് മശ്ഹൂദ്).
മിഖായേല്‍ ഡോല്സിന്റെ the black death in the middle east എന്ന ഗ്രന്ഥം ഈ വിഷയവുമായി ബന്ധപ്പെടുത്തിയുള്ള അതിപ്രധാനമായ ഒരു ഗ്രന്ഥമാണ്. യൂറോപ്യന്‍ ജനജീവിതത്തില്‍ പ്ലേഗ് വളരെ വലിയസ്വാധീനം ചൊലുത്തിയെന്ന് അദ്ദേഹം അടിവരയിടുന്നു.അന്നേ ദിവസത്തിന് സാക്ഷികൂടിയായ ബത്തൂത്ത തന്റെ രിഹ് ലയില്‍ അന്നേ ദിവസത്തെക്കുറിച്ച് ഒരദ്ധ്യയം തന്നെ എഴുതുകയുണ്ടായി. അതില്‍ അന്നേ ദിവസം അദ്ദേഹം കണ്ട ഐക്യത്തെയാണ് വലിയ രീതിയില്‍ പ്രതിപാദിച്ചത്. അദ്ദേഹം പറയുന്നു:വ്യാഴം രാത്രിതന്നെ രാജാക്കന്മാരും, പ്രമുഖ നേതാക്കളും, ജഡ്ജിമാരും എല്ലാ വിഭാഗം ജനങ്ങളുടെ പ്രതിനിധികളും ഉമയ്യദ് പള്ളിയുടെ (കാല്പാദപ്പള്ളി) മുറ്റത്ത് ഒത്തുകൂടുകയും അതേ രാത്രി മുഴുവനും അവര്‍ അവിടെ തങ്ങുകയും ചെയ്തു.
പ്രഭാത നിസ്കാരശേഷം എല്ലാവരും നിലത്തിരിക്കുകയും കൈകളില്‍ മുസ്ഹഫ് പിടിക്കുകയും ചെയ്തു. അവരില്‍ ബത്തൂത്ത രാജാക്കന്മാരെ പ്രത്യേകം പറയുന്നുണ്ട്. അവരും നഗ്നപാദരായിരുന്നു. സ്ത്രീകളും പുരുഷനുമടങ്ങുന്ന ആബാല വൃദ്ധം ജനങ്ങളില്‍ ജൂത വിശ്വാസികൾ കൈകളില്‍ അവരുടെ തോറകള്‍ എടുത്തിരുന്നു. ക്രിസ്ത്യാനികള്‍ അവരുടെ വിശുദ്ധ ഗ്രന്ഥവും കൊണ്ടുവന്നു. അതിന് ശേഷം ബത്തൂത്തയുടെ നിരീക്ഷണപ്രകാരം കൈറോ പോലുള്ള മറ്റു നഗരങ്ങളെ അപേക്ഷിച്ച് ഡമസ്കസില്‍ മരണം കുറയുകയുണ്ടായി. ഈയൊരു നിരീക്ഷണത്തില്‍ നിന്നും നമുക്ക് കണ്ടെത്താന്‍ സാധിക്കുന്നത് എല്ലാവരും അവരുടെ കാതലായ വിശ്വാസത്തിലേക്ക് മടങ്ങുകയും വിശിഷ്യാ മുസ്ലിംകള് വ്രതം കൃത്യമായി അനുഷ്ഠിക്കാനും മറ്റുമെല്ലാം തുടങ്ങി. എന്നിരുന്നാലും പ്ലേഗ്, വേറിട്ടുനിന്ന ഡമസ്കസിനെ ഒന്നിപ്പിക്കുകയാണ് ചെയ്തത്.
വ്യത്യസ്ത മതവിഭാഗക്കാര്‍ ഒരേ സമയം ഒരേ സ്ഥലത്ത് ഒരൊറ്റ കാര്യത്തിനായി ഒരുമിച്ചു എന്നത് ചില്ലറകാര്യമൊന്നുമല്ല. ഇതേ സമയം നാം ഏറെ തിരിച്ചറിയേണ്ടത് ഇവരില്‍ യഹൂദ വര്‍ഗവും ഉള്പെട്ടിരുന്നുവെന്നതാണ്. ആരും അവരോട് വിവേചനപരമായി പെരുമാറിയില്ല. അതേ സമയം യൂറോപ്പില്‍ പ്ലേഗ് വാഹകരെന്ന പേരില്‍ 200 ഓളം യഹൂദ ഗോത്രങ്ങളെ ഭരണകൂടങ്ങൾ സമ്പൂര്‍ണ്ണ ഉന്മൂലനം നടത്തുകയുമായിരുന്നു ചെയ്തത്. ഇബ്നുകഥീറും ബത്തൂത്തയും ഈ സംഭവം വിശകലനം ചെയ്ത് അവസാനിപ്പിക്കുന്നത് ഇപ്രകാരമാണ്. മതജാതിഭേതമന്യേ ഓരോരുത്തരും സമൂഹത്തിന് വേണ്ടപ്പെട്ടവരാണെന്ന ഉപബോധ ചിന്തയായിരുന്നു ഇത്തരത്തില്‍ അവരെ ഒരുമിപ്പിച്ചത്.
ഉപസംഹാരം
ചുരുക്കത്തില്‍, ഇത്തരം സംഭവങ്ങള്‍ ചരിത്രത്തിലുടനീളം കണ്ടെത്താന്സാധിക്കുന്നതാണ്. ഇടവേളകളില്‍ ഇത്തരം മഹാമാരികള്‍ എന്നും ഉണ്ടായിട്ടുണ്ട്. ഡമസ്കസില്‍ അത് വ്യത്യസ്ത ജനങ്ങളെ ഒന്നിപ്പിക്കലായിരുന്നു. ഇതിന് വേണ്ടി ഒരാളെയും ബലിയാടാക്കാന്‍ ആരും അനുവദിച്ചില്ല.സമൂഹത്തില്‍ ഓരോരുത്തരും വേണ്ടപ്പെട്ടവരാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. പ്രത്യേക മത വിഭാഗമാണിതിനു പിന്നിലെന്ന് പഴിചാരിയില്ല. ഓരോരുത്തരും അവരുടെ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റി.
കടപ്പാട്: themaydan.com
വിവർത്തനം അഫ്സൽ മേൽമുറി
Visiting Researcher at Georgetown University and Director of the Barzinji Project at Shenandoah University which seeks to enhance America’s relationship with Muslim-majority countries.
