ധാരണകളെ തിരുത്തുന്ന ഇസ്‌ലാമിക കലകൾ: ബെനാകി മ്യൂസിയത്തിലെ കാഴ്ചകളിലൂടെ
അജ്ഞതയാണ് പലപ്പോഴും നമ്മെ മിഥ്യാധാരണകളിലേക്കും വിഭ്രാന്തികളിലേക്കും എത്തിക്കുന്നത്. അറിവില്ലായ്മയെ ഉന്മൂലനം ചെയ്യുന്ന ഏറ്റവും ശക്തമായ ആയുധമാണ് വിദ്യഭ്യാസം. മാർക് ട്വൈനി (Mark Twain) ന്റെ വീക്ഷണത്തിൽ നാം എന്ത് പഠിച്ചു എന്നതാണ് വിദ്യാഭ്യാസത്തിന്റെ മുഖ്യമായ അർത്ഥം.
മതത്തിൻ്റെ കാര്യവും ഇങ്ങനെ തന്നെയാണ്. മതകീയ മൂല്യങ്ങളെയും വീക്ഷണങ്ങളെയും കുറിച്ചുള്ള അനവബോധമാണ് മതം തീവ്രവാദ – ഭീകരവാദ അധ്യാപനങ്ങളാണ് പ്രചരിപ്പിക്കുന്നത് എന്ന കുറ്റപ്പെടുത്തലുകളിലേക്ക് ഒരാളെ നയിക്കുന്നത്. പലരിലും മതത്തെ കുറിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതും അത് തന്നെ.

ഇസ്‌ലാമിനെ കുറ്റപ്പെടുത്തുന്നതിന് പകരം അതിനെ ക്രിയാത്മകമായി ചിത്രീകരിക്കുകയും മതത്തിൻ്റെ സൗന്ദര്യം എടുത്തു കാട്ടുന്ന കലകളെ വർണ്ണിക്കുകയും ചെയ്യുന്നത് അത്തരം തെറ്റിദ്ധാരണകൾ ഇല്ലാതാക്കാൻ സഹായകമാണ്.
മുസ്‌ലിം സാമ്രാജ്യങ്ങൾക്ക് ചരിത്രത്തിൽ നേടാൻ കഴിഞ്ഞ വലിയ നേട്ടങ്ങളും എടുത്ത് കാട്ടാൻ ശ്രമിക്കുന്നതും വളരെ പ്രധാനപ്പെട്ടതാണ്.
ഇസ്‌ലാമിക കലയെ ഒരു അലങ്കാര കലയായി മാത്രമല്ല, മറിച്ച് ധൈഷണികവും അഭൂതപൂർവ്വവുമായ ഒന്നായാണ് നാം അതിനെ നോക്കിക്കാണേണ്ടത്.
ഇന്ന് ഇസ്ലാമിനെ കുറിച്ച് ആഗോളതലത്തിൽ നിലനിൽക്കുന്ന വാർപ്പ് മാതൃകകളിലേക്ക് ലോകത്തെ നയിച്ചത് പ്രധാനമായും രണ്ട് കാരണങ്ങളാണ് എന്ന് കാണാം.
1) (ഇസ്‌ലാമിനെതിരെയുള്ള) കരുതിക്കൂട്ടിയുള്ള ഏക പക്ഷീയമായ ചിത്രീകരണം.
2) വൈവിധ്യങ്ങളാൽ സമ്പന്നമായ ഇസ്‌ലാമിക സംസ്കാരത്തോടുള്ള വിമുഖത.
ഇസ്‌ലാമിക സംസ്കാരം മതവുമായി മാത്രം ബന്ധപ്പെട്ടതല്ലെന്നും മുസ്ലിം വിശ്വാസത്തിൻ്റെ ഘടകങ്ങൾ (പള്ളികൾ അലങ്കരിക്കൽ പോലെയുള്ളവ ) ഉൾക്കൊള്ളുന്ന ഒരു ജീവിത രീതിയുമായും,
നൂറ്റാണ്ടുകളായി ഇസ്ലാമിക ആചാര അനുഷ്ഠാനങ്ങൾ അനുവർത്തിച്ച് പോരുന്ന പ്രദേശങ്ങളിലെ മുസ്ലിം പൈതൃങ്ങളുമായും കൂടി ബന്ധപ്പെട്ടതാണെന്ന് ‘ഇസ്ലാമിക കല’ എന്ന പദം വ്യക്തമാക്കുന്നുണ്ട് ‘

ഇസ്‌ലാമിക് കലകളിലും വാസ്തു ശിൽപങ്ങളിലും നാം കാണുന്ന ഇസ്ലാമിക സംസ്കാരവും അതിൻ്റെ അനുപമമായ കലാവിദ്യകളും മുസ്‌ലിം ലോകത്ത് മാത്രമല്ല, അതിനപ്പുറത്തേക്കും ഖ്യാതിയുണ്ട്.
പുരാതന ഗ്രീസിൽ, ഏഥൻസിൻ്റെ മധ്യഭാഗത്ത് ലോകത്തിലെ ഏറ്റവും മികച്ച ഇസ്ലാമിക കലാശേഖരമുണ്ട്. ഇവിടെ തീർച്ചയായും ഇസ്‌ലാമിൻ്റെ മറ്റൊരു മുഖം അനാവൃതമാകുന്നുണ്ട്.
ഏഥൻസിലെ ചരിത്ര കേന്ദ്രങ്ങളായ ഹെറിക്സ്റ്റസിന്റെ ഡോറിക് ക്ഷേത്രം, കെരമിക്കോസ് ശവക്കല്ലറകൾ തുടങ്ങിയ പുരാവസ്തു പ്രദേശങ്ങളുടെ ഇടയിലാണ് ബെനാകി മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് സ്ഥിതി ചെയ്യുന്നത്.
മ്യൂസിയത്തിൻ്റെ സ്ഥാപകനായ അൻ്റോണിയോ ബെനാക്കിസ് ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ഈജിപ്തിലായിരുന്ന സമയത്ത് ആരംഭിച്ച ശേഖരണങ്ങൾ സൂക്ഷിക്കുന്നതിന് വേണ്ടി 2004 ലാണ് മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്ന് ക്കെടുത്തത്.
പിന്നീട് മറ്റ് പല ഗ്രീക്ക് ശേഖരങ്ങളിൽ നിന്നും ഇവിടേക്ക് കലാ സംഭാവനകൾ ലഭിച്ചുപോന്നു. മിഡിൽ ഈസ്റ്റിൻ്റെയും വടക്കേ ആഫ്രിക്കയുടേയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശേഖരങ്ങൾ ഇന്ന് ഇവിടെയുണ്ട്.
ഇസ്‌ലാമിക കലയുടെ പ്രാരംഭം മുതൽ ഓട്ടോമൻ കാലഘട്ടം വരെയുള്ള പരിണാമവും പത്തൊൻപതാം നൂറ്റാണ്ട് വരെയുള്ള വികസനത്തിലേക്ക് നയിച്ച അനുബന്ധ സംഭവ വികാസങ്ങളും ഈ മ്യൂസിയം നമുക്ക് വ്യക്തമാക്കിത്തരും.
ഇസ്‌ലാമിക കലയുടെ സൗന്ദര്യത്തിനും അതിൻ്റെ ഭാഷയ്ക്കും സാഹിത്യത്തിനും തെളിയിക്കാൻ കഴിയും.

ഗ്യാലറികളിലേക്ക് പ്രവേശിക്കുന്ന ഒരു സന്ദർശകൻ ആദ്യമായി കാണുന്നത് ഏഴാം നൂറ്റാണ്ട് മുതൽ പന്ത്രണ്ടാം നൂറ്റാണ്ട് വരെയുള്ള പ്രദർശന വസ്തുക്കളാണ്. തിളക്കമുള്ള മൺപാത്രങ്ങൾ, ഇറാഖിൽ നിന്നുള്ള ഡോർ പാനലുകൾ, ഫാത്തിമി ഭരണകാലത്തെ മെറ്റൽ വർക്കുകൾ, ടിറാസ് തുണിത്തരങ്ങൾ എന്നിവയാണ് അവിടത്തെ പ്രധാന സവിശേഷതകൾ.
രണ്ടാമത്തെ ഗ്യാലറിയിൽ പന്ത്രണ്ടാം നൂറ്റാണ്ട് മുതൽ പതിനാറാം നൂറ്റാണ്ട് വരെയുള്ള ശേഖരണങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.സൽജൂക്ക് പാത്രങ്ങൾ, മംലൂക് ലോഹ നിർമിതികൾ, മൺപാത്രങ്ങൾ എന്നിവയാണ് ഇവിടത്തെ പ്രധാന സവിശേഷത.

മൂന്നാമത്തെ ഗ്യാലറിയിൽ പതിനേഴാം നൂറ്റാണ്ടിൽ കൈറോയിൽ ഉണ്ടായിരുന്ന ഒരു രാജകൊട്ടാരത്തിൻ്റെ മാർബിൾ നിർമ്മിത സ്വീകരണമുറിയാണ് ചിത്രീകരിച്ചിരിക്കുന്നത്.
അതിൻ്റെ ഫൗണ്ടെൻ, ഖമരിയ്യ വിൻഡോ, മഷ്റബിയ്യ സ്ക്രീൻ എന്നിവയും അതിനോടൊപ്പം ചിത്രീകരിച്ചിട്ടുണ്ട്. ഇസ്നിക് മൺപാത്രങ്ങൾ, ഓട്ടോമൻ കാലത്തെ തുണിത്തരങ്ങൾ എന്നിവയാണ് ഇവിടത്തെ ശ്രദ്ധേയമായ മറ്റ് കാഴ്ചകൾ.

നാലാമത്തെയും അവസാനത്തെയും ഗാലറിയിൽ ആയുധങ്ങളും കവചങ്ങളും ഖാജർ ആഭരണങ്ങളുടെ ഒരു പ്രധാന ശേഖരവും ഉൾപ്പെടുന്നു. മ്യൂസിയത്തിന്റെ സ്ഥാപകന്റെ സഹോദരി ആർജിൻ സാൽവാഗോസ് ആണ് ഇവ ശേഖരിച്ചത്.
ഈ ഗാലറികളിലെല്ലാമുള്ള ശേഖരണങ്ങളുടെ പ്രത്യേകത നില കൊള്ളുന്നത് അവയുടെ കലാപരവും ചരിത്രപരവുമായ പ്രാധാന്യത്തിലാണ്.മുൻ നൂറ്റാണ്ടുകളിലെ ഇസ്‌ലാമിക കലകളെയും ഡിസൈനുകളെയും പര്യവേഷണം ചെയ്യുന്നതിന് വേണ്ടിയും ലോക നാഗരികതയ്ക്ക് ഇസ്ലാമിക കല നൽകിയ സംഭാവനകളെ ഉയർത്തിക്കാണിക്കാൻ വേണ്ടിയുമുള്ള ഒരു സവിശേഷ അവസരമായി ബെനാകി മ്യൂസിയം ഗ്രീക്കിലെ പൊതു ജനങ്ങൾക്കും വിദേശികൾക്കും വേണ്ടി തുറന്നിട്ടിരിക്കുകയാണ്.


വിവർത്തനം : സ്വഫ്‌വാൻ സി പി
