വർസേശ് ബസ്തനി; ചരിത്രാവതരണത്തിന്റെ വൈവിധ്യ ആവിഷ്കാരം.

ഇറാനിലെ ഇസ്‌ലാം പൂർവ്വ സംസ്കാരത്തിൽ വേരുകളുള്ളതും, പിന്നീട് ശീഈ ഇസ്‌ലാമിനാലും സൂഫിസത്തിനാലും സ്വാധീനം ചെലുത്തപ്പെടുകയും ചെയ്ത ഒന്നാണ് വർസേശ് ബസ്തനി (Varzesh Baastani) അഥവാ ‘പ്രാചീനവിനോദം’.


മധുരമുള്ള ചായക്കോപ്പകളോടെ കാണികളെ വേദിയിലേക്ക് സ്വാഗതം ചെയ്യുന്ന സൂർഖാനെ (zourkhaneh) കളിലാണ് ഈ കായിക വിനോദം നടക്കുക. “അധികാരത്തിന്റെ ഭവനം” എന്നാണ് ഇതിന്റെ അർത്ഥം.
മുഹമ്മദ് നബിയെ പുകഴ്ത്താൻ എത്തിച്ചേർന്നവർ നിശ്ശബ്ദതയോടെ പ്രകടനം കാണാൻ കാത്തിരിക്കും.

യുവകായികാഭ്യാസികൾ മുതിർന്നവരെ ആദരിക്കുന്ന ഒരു ആചാരത്തോടെ ആരംഭിക്കുന്ന വർസേശ് ബസ്തനി, ഗൗഡ് (gowd) എന്ന് വിളിക്കപ്പെടുന്ന ഒരു വളയത്തിലാണ് അവതരിപ്പിക്കപ്പെടുന്നത്. പ്രായമായവർ മുർഷിദിന് (മത്സരം നിയന്ത്രിക്കുന്നയാൾ) സമീപത്ത് നിൽക്കുകയും അവരെക്കാൾ പ്രായം കുറഞ്ഞവരെ ക്ഷണിക്കുകയും ചെയ്യും. ഒരു മത്സരമായിട്ടുള്ള കായികവിനോദത്തെക്കാൾ ഒരു അനുഷ്ഠാന വ്യായാമം എന്ന നിലയിൽ, പ്രകടനത്തിൽ മുർശിദിന്റെ ഈരടികളുടെയും സംഗീതത്തിന്റെയും താളത്തിനൊത്ത് നീങ്ങുന്നതും വിവിധതരം ഭാരമുള്ള ആയുധങ്ങൾ ഉപയോഗിച്ച് ഒരുമിച്ച് വ്യായാമം ചെയ്യുക എന്നതൊക്കെയാണ് ഇത് ഉൾക്കൊളളുന്നത്.

സൂർഖാനെയിലെ ഒരു മേൽനോട്ടക്കാരനായും ചടങ്ങുകളുടെ മേധാവിയായും പ്രവർത്തിക്കുന്ന
ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് മുർശിദ് എന്ന് പറയാം. റിംഗിനെക്കാൾ ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന ഒരു പ്രതലത്തിൽ അയാൾ നിൽക്കുകയും പ്രത്യേക ഗാനങ്ങൾ ആലപിച്ച് ചലനങ്ങൾ ആരംഭിക്കുകയും ചെയ്യും. ഓരോ ചലനങ്ങളുമായി ബന്ധപ്പെട്ട പാട്ടുകൾക്കൊപ്പം, ധാർമികസ്വഭാവത്തെ പ്രകീർത്തിക്കുന്ന വരികളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, ഫിർദൗസി, ഹാഫിസ്, സഅദി, റൂമി തുടങ്ങിയ പേർഷ്യൻ കവികളുടെ വരികളെ അദ്ദേഹം ആലപിക്കും. മുർശിദ് ആമുഖ ഗാനം അവതരിപ്പിക്കുമ്പോൾ കായികാഭ്യാസികൾ മുട്ടുകുത്തി നിൽക്കുകയായിരിക്കും.

ഈ കായിക വിനോദത്തിന്റെ കൃത്യമായ ഉത്ഭവം അജ്ഞാതമാണെങ്കിലും ക്രി.മു. 247-നും സി.ഇ. 224-നും ഇടയിൽ ഇറാൻ ഭരിച്ച പാർത്തിയൻ സാമ്രാജ്യത്തിന്റെ കാലത്ത് നടന്ന ആചാരങ്ങളിലേക്കാണ് ഗവേഷകർ ഇതിന്റെ കാലഗണന കണക്കാക്കുന്നത്. ഇറാനിയൻ യോദ്ധാക്കളെ യുദ്ധത്തിന് ശാരീരികമായും മാനസികമായും സജ്ജരാക്കുക എന്നതായിരുന്നു പരിശീലനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് പറയപ്പെടുന്നു.

പ്രധാന പ്രകടനം ആരംഭിക്കുന്നതിന് മുമ്പ് ശരീരത്തെ സജ്ജമാക്കാൻ പുഷ്-അപ്പ് വ്യായാമത്തിന്റെ ഒരു രൂപം ഉപയോഗിക്കും. കായികാഭ്യാസികൾ കൂട്ടമായി വ്യായാമം ചെയ്യുകയും മുർശിദ് തിരഞ്ഞെടുത്ത ഗാനത്തിനനുസൃതമായി ക്രമീകരിച്ച താളവുമായി അവരുടെ ചലനങ്ങൾ പൊരുത്തപ്പെടുത്തുകയും ചെയ്യുന്നു. സ്വതവേയുള്ള പുഷ്-അപ്പുകളിൽ നിന്ന് വ്യത്യസ്തമായി, വർസേശ് ബസ്തനി പരിശീലനത്തിൽ അഭ്യാസി വളഞ്ഞൊടിയലും (twists) കഴിയുന്നത്ര നിലത്തോട് അടുത്ത് കുറച്ച് നിമിഷങ്ങൾ നിൽക്കലും ഉൾപ്പെട്ടിട്ടുണ്ട്. ശത്രുവിനെ സമീപിക്കുമ്പോൾ യോദ്ധാക്കൾ കഴിയുന്നത്ര രഹസ്യമായി പ്രവർത്തിക്കേണ്ടിയിരുന്നതിനാൽ ഇത് സൈനികവേരുകളുള്ള ഒരു വ്യായാമം ആണെന്ന് ചരിത്രകാരന്മാർ പറയുന്നു.

“ചുഴറ്റൽ” എന്നർഥമുള്ള ചർഖ് സാദാൻ (Charkh Zadan) ഒരുപക്ഷേ, കായികരംഗത്തെ സൂഫി സ്വാധീനത്തിന്റെ സൂചനയായിരിക്കാം. എന്തായാലും വർസേശ് ബസ്തനിയിൽ പങ്കെടുക്കുന്നവർ വളരെ വേഗത്തിൽ ചലിക്കും. അവർ കറങ്ങുമ്പോൾ കായികാഭ്യാസികളും ഗൗഡി ന് ചുറ്റും നീങ്ങും. ഒരു യോദ്ധാവ് ശത്രുക്കളാൽ ചുറ്റപ്പെട്ടാലുള്ള അവസാന ആശ്രയമായ നീക്കമാണിതെന്ന് വിശ്വസിക്കപ്പെടുന്നതിനാൽ ഇതിനും ഈ സമ്പ്രദായത്തിനും ഒരു സൈനിക ഉത്ഭവം ഉണ്ടെന്ന് കരുതപ്പെടുന്നു.

ഓരോ കായികതാരവും മിൽ എന്ന് വിളിക്കുന്ന രണ്ട് തടി ക്ലബ്ബുകൾ കൈവശം വെക്കുന്ന മിൽ-ഗിരി (Mil-giri ) എന്നത് ഒരു കൂട്ടായ നീക്കമാണ്. മില്ലിന്റെ വലിപ്പവും ഭാരവും ഓരോ വ്യക്തിയുടെയും ശക്തിയെയും കെൽപിനെയും ആശ്രയിച്ചിരിക്കുന്നു. സാധാരണ മിൽ-ഗിരി യിൽ, അഭ്യാസി രണ്ടു മിൽകളും അവന്റെ നെഞ്ചിന് മുന്നിലേക്ക് നീട്ടി, എന്നിട്ട് അവയെ ഉയർത്തുകയും പുറകിലേക്ക് താഴേക്ക് കൊണ്ടുവരുകയും ചെയ്യുന്നു.

പങ്കെടുക്കുന്നവർ ഗൗഡി നുള്ളിൽ പ്രകടനം നടത്തുമ്പോൾ മറ്റുള്ളവർക്ക് സുർഖാനെ യിൽ നിശബ്ദമായി പരിശീലനം നടത്താം. ഈ ഫോട്ടോയിൽ, ഒരു അഭ്യാസി പുരാതന സൈന്യങ്ങൾ ഉപയോഗിച്ചിരുന്ന പരിചകളോട് സാമ്യമുള്ള സാങ് പരിശീലിക്കുകയാണ്. ഓരോ സാങിലുമുള്ള ഫാരിസി എഴുത്ത് “യാ അലി” എന്നാണ് വായിക്കുക. ഇത് ശീഈ ഇസലാമിന്റെ ആദ്യ ഇമാമായ അലിയ്യ് ബിൻ അബീത്വാലിബിനോടുള്ള അഭിസംബോധനയാണ്. എഴുത്തിന് താഴെയുള്ള ചിത്രങ്ങൾ ഇസ്‌ലാം പൂർവ്വ പേർഷ്യൻ ഇതിഹാസത്തിൽ പിശാചുക്കളോട് യുദ്ധം ചെയ്ത പുരാണ നായകനായ റുസ്‌തമിന്റേതാണ്.

പ്രകടനത്തിന്റെ അവസാനം, റിംഗിലെ ഏറ്റവും മുതിർന്ന വ്യക്തി തന്റെ സഹകായികതാരങ്ങളോട് സംസാരിക്കും. ധാർമ്മികവും സാമൂഹികവുമായ വിഷയങ്ങളിൽ ഉപദേശം നൽകുകയും മറ്റുള്ളവർ നന്മ ചെയ്യുന്നതിന്റെ പ്രാധാന്യം സംസാരിക്കുകയും ചെയ്യും .

കബഡെ (kabadeh) എന്ന വില്ലിനോട് സാമ്യമുള്ളതും 110 കിലോഗ്രാം വരെ ഭാരവുമുള്ള വസ്തു. വർസേശ് ബസ്തനിയിൽ ഉപയോഗിക്കുന്ന പല ഉപകരണങ്ങളേയും പോലെ, ആചാരത്തിൽ അതിന്റെ ഉപയോഗത്തിനും സൈനിക ഉത്ഭവമുണ്ട്.

സൂർഖാനെയിലെ അംഗങ്ങൾ ഒരു ഫോട്ടോക്ക് പോസ് ചെയ്യുന്നു. കായികരംഗത്തിന്റെ ആദ്യകാല വികാസത്തെ സ്വാധീനിച്ച സൊറോസ്ട്രിയനിസവും (Zoroastrianism) ഏഴാം നൂറ്റാണ്ടിൽ ഇറാനിൽ എത്തിയ ഇസ്‌ലാമും ശാരീരികവും ആത്മീയവുമായ ശക്തി വികസിപ്പിക്കുന്നതിൽ പ്രാധാന സ്ഥാനമുണ്ട്.

വർസേശ് ബസ്തനി ദേശീയ ചാമ്പ്യൻമാരുടെ ഫോട്ടോകളും ക്ലബ്ബിന്റെ സ്ഥാപകരുടെ ഫോട്ടോകളും കൊണ്ട് മുഖരിതമായ ടെഹ്‌റാനിലെ ഒരു സുർഖാനെ യ്ക്കുള്ളിലെ ഓർമ്മകളുടെ ചുമർ.

വിവർത്തനം: മുഹമ്മദ് സിറാജ് റഹ്മാൻ