അക് ശംസുദ്ദീൻ: സുൽത്താൻ ഫാതിഹിന്റെ വഴികാട്ടി

സുൽത്താൻ മുഹമ്മദ് അൽ ഫാതിഹ് ഇസ്താംബുൾ കീഴടക്കിയതിന്റെ ചരിത്രം അവതരിപ്പിക്കുന്ന നെറ്റ്ഫ്ലിക്സ് സീരിസ് ആണ് റൈസ് ഓഫ് എംപയേഴ്സ്: ഓട്ടോമൻ. ഇതിലെ ഏറ്റവും വലിയ പോരായ്മകളിൽ ഒന്ന് ചില പ്രധാന കഥാപാത്രങ്ങളെ കാണിച്ചിട്ടില്ല എന്നതാണ്. ഇങ്ങനെ മറവിയിൽ പെട്ടുപോയ ഒരാളാണ് സുൽത്താൻ മുഹമ്മദ് ഫാതിഹിന്റെ അധ്യാപകനും ഉപദേശകനുമായ അക് ശംസുദ്ദീൻ. കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കുന്നതിനായി മെഹ്മദ് രണ്ടാമനെയും അദ്ദേഹത്തിന്റെ സൈനികരെയും ആത്മീയമായി പ്രചോദിപ്പിച്ചിരുന്ന വഴികാട്ടിയായിരുന്നു അക് ശംസുദ്ദീൻ. സുൽത്താന്റെ ആത്മീയമേഖലയിലെ ഗുരുവായ അദ്ദേഹത്തെ ഈ സീരിസിൽ കൂടുതൽ ശ്രദ്ധേയമായി അവതരിപ്പിക്കുന്നില്ല. ആത്മീയ നേതൃത്വം എന്നതിന് പുറമെ വൈദ്യശാസ്ത്ര മേഖലയിലും അദ്ദേഹം പ്രശസ്തനായിരുന്നു.

അക്ശംസുദ്ധീനെ കുറിച്ചുള്ള നമ്മുടെ അന്വേഷണങ്ങൾ പൊതുവേ എത്തിച്ചേരാറുള്ളത് അദ്ദേഹം ഒരു സൂഫി പണ്ഡിതൻ എന്ന നിലക്കാണ്. അദ്ദേഹം തുർക്കി ജനതയ്ക്കിടയിൽ ഒരു Evliya- ഔലിയ(ഇസ്‌ലാമിക സൂഫിമാരെ വിളിച്ചിരുന്ന പേര്)യാരുന്നു. പടിഞ്ഞാറൻ ബൊലു പ്രവിശ്യയിലെ ഗൈനക് ജില്ലയിലുള്ള അദ്ദേഹത്തിന്റെ ശവകുടീരം വിശ്വാസികൾ പലപ്പോഴായി സന്ദർശിക്കാറുണ്ട്. ഒരു സൂഫി എന്നതിലപ്പുറം അധ്യാപകൻ, പണ്ഡിതൻ, കവി തുടങ്ങിയ നിലകളിലെല്ലാം അദ്ദേഹം പ്രശസ്തനായിരുന്നു.

1390ൽ ഡമസ്കസിൽ ജനിച്ച അദ്ദേഹത്തിന്റെ യഥാർത്ഥ നാമം ശംസുദ്ദീൻ മുഹമ്മദ് എന്നാണ്. പിതാവിലൂടെയുള്ള വംശപരമ്പര ഒന്നാം ഖലീഫ അബൂബക്കർ (റ)വിന്റെ കാലത്തേക്കാണ് എത്തുന്നത്. തന്റെ ഏഴാം വയസ്സിൽ തന്നെ പിതാവിനൊപ്പം വടക്കൻ അമാഷ്യയിലെത്തിയ അദ്ദേഹം കുടുംബത്തിൽ നിന്ന് തന്നെയാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. കുട്ടിക്കാലത്തുതന്നെ ഖുർആൻ മനപാഠമാക്കിയ അദ്ദേഹം മതശാസ്ത്രപഠനത്തിന് പുറമേ വൈദ്യ മേഖലയിലും അവഗാഹം നേടി. മുദരിസായി നിയമിതനായ അദ്ദേഹത്തിന് ആത്മീയജ്ഞാനങ്ങളോടുള്ള അടങ്ങാത്ത അഭിവാഞ്ജ തന്റെ അധ്യാപന ജീവിതത്തെ അസംതൃപ്തമാക്കുകയായിരുന്നു. തുടർന്ന് അക്കാലത്തെ ഏറ്റവും പ്രശസ്ത സൂഫികളിലൊരാളായ ഹാജി ബൈറാമുൽ വലിയുമായി സന്ധിക്കുകയും തന്റെ മുഖ്യ ശിഷ്യരിൽ ഒരാളായ ശംസുദ്ദീനെ തന്റെ ഖലീഫയായി നിയമിക്കുകയും ചെയ്തു. അധ്യാപക റോളിൽ ആദ്യം മധ്യ അങ്കാറ പ്രവിശ്യയിലെ ബെയ്പസാരിയിലും പിന്നീട് ബോലു പ്രവിശ്യയിലെ ഗൈനക്കിലും താമസമാക്കി. ദർവേശ് സത്ര പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാവുകയും ചെയ്തു.അക് ശംസുദ്ദീൻ, അക് ശൈഖ് തുടങ്ങിയ പേരുകളിൽ പ്രശസ്തനാണ് അദ്ദേഹം.

ഇസ്താംബൂളിന്റെ നായകനെ കണ്ടുമുട്ടുന്നു

ക്ലാസിക്കൽ കാലഘട്ടത്തിലെ ഇസ്ലാമികപണ്ഡിതർ ആഴത്തിലുള്ള അറിവുകൾ സമ്പാദിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. മതവിഷയങ്ങളിൽ അവരെല്ലാവരും ഉന്നതമായ നിലവാരം പുലർത്തിയിരുന്നു. മതാധ്യാപന പ്രബോധന പ്രവർത്തനങ്ങൾക്ക് പുറമേ കാലോചിതമായി വൈവിധ്യങ്ങളായ മേഖലകളിൽ അവർ സ്വയം സമർപ്പിതരായി. ഗൈനക്കിലെ ദർവേഷ് ലോഡ്ജ് പ്രവർത്തനങ്ങൾക്ക് പുറമേ വൈദ്യശാസ്ത്രത്തിലും ഫാർമസിപഠനങ്ങളിലും ശംസുദ്ദീൻ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. തന്റെ ഗുരു ബയ്റാമുൽ വലിയുടെ സുൽത്താൻ മുറാദുമായുള്ള ബന്ധത്തിൽ അദ്ദേഹം പടിഞ്ഞാറ് എഡിൻ പ്രവിശ്യയിലുള്ള ഓട്ടോമൻ കൊട്ടാരം സന്ദർശിച്ചു. തന്റെ ആദ്യ സന്ദർശനത്തിൽ തന്നെ സുൽത്താൻ മുറാദ് രണ്ടാമന്റെ ചീഫ് ജഡ്ജിമാരിൽ ഒരാളായ സുലൈമാൻ പാഷയെ അദ്ദേഹം പരിചരിച്ചു. കൊട്ടാരവൈദ്യന്മാരെപോലും അത്ഭുതപെടുത്തും വിധം അദ്ദേഹത്തിന്റെ രോഗം സുഖപ്പെടുത്തി. തുടർന്ന് തന്റെ രണ്ടാമത്തെ സന്ദർശനത്തിൽ ഷംസുദ്ദീൻ സുൽത്താൻ മുഹമ്മദ് രണ്ടാമത്തെ മകളെയും സുഖപ്പെടുത്തുകയുണ്ടായി. ഇങ്ങനെയാണ് അദ്ദേഹം മുഹമ്മദ് ഫാത്തിഹിനെ കണ്ടുമുട്ടുന്നതും ഇസ്താംബൂൾ കീഴടക്കുന്നതിനുള്ള തയ്യാറെടുപ്പുകളിൽ സഹായിയാവുകയും ചെയ്തത്. സുൽത്താനെ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ സുൽത്താൻ മുഹമ്മദ് രണ്ടാമൻ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം ആവർത്തിച്ചു പറയുമായിരുന്നു.

യുദ്ധത്തിന്റെ അവസാനനാളുകളിൽ കീഴടക്കാനുള്ള കാലതാമസം കാരണം സുൽത്താൻ പലപ്പോഴും പ്രകോപിതനായിരുന്നു. അതുകൊണ്ട് തന്നെ വിവരങ്ങളെല്ലാം അക്ശംസുദീനെ അറിയിക്കുകയും അദ്ദേഹത്തിൽ നിന്നുള്ള മൂല്യവത്തായ ധാർമിക പിന്തുണ തേടുകയും ചെയ്തിരുന്നു. വിജയം എപ്പോഴാണ് കൈവരിക്കാനാവുകയെന്ന ജിജ്ഞാസയിൽ സുൽത്താൻ തന്റെ വസീറായ അഹമ്മദ് പാഷയെ അയച്ചു. അദ്ദേഹം ശൈഖിനോട് ചോദിച്ചു: ശത്രുക്കളെ പരാജയപ്പെടുത്തി കോട്ട കീഴടക്കുന്നതിൽ വല്ല പ്രതീക്ഷയും ഉണ്ടോ?”മുഹമ്മദ് നബിയുടെ മതത്തിൽ പെട്ട മുസ്‌ലിങ്ങളും യുദ്ധ വിദഗ്ധരും സത്യനിഷേധികളുടെ കോട്ട ലക്ഷ്യമാക്കുന്നുവെങ്കിൽ അത് നടക്കുകതന്നെ ചെയ്യും” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

“അദ്ദേഹം എന്റെ കാലത്ത് ജീവിച്ചതിൽ ഞാൻ സന്തോഷിക്കുന്നു”

മുഹമ്മദ് നബിക്ക് മദീനയിൽ ആഥിത്യമരുളിയ അവിടുത്തെ പ്രധാന സ്വഹാബി അബു അയ്യൂബുൽ അൻസാരിയുടെ ഖബർ അക് ശംസുദ്ദീൻ കണ്ടെടുത്തു. അദ്ദേഹം കണ്ടെത്തിയ സ്ഥലം ഖനനം ചെയ്തപ്പോൾ പേരടക്കമുള്ള ശിലാഫലകം കണ്ടെത്തുകയും പിന്നീട് സുൽത്താൻ മുഹമ്മദ് രണ്ടാമൻ അവിടെ വലിയ ഒരു സമുച്ചയം പണിയുകയും ചെയ്തു. അക് ശംസുദ്ദീനോടുള്ള ആദരവ് സുൽത്താനെ ആവേശഭരിതനാക്കിയിരുന്നു. ഒരിക്കൽ അദ്ദേഹം മുഹമ്മദ് പാഷയോട് പറഞ്ഞു:”ലാലാ അക് ശംസുദ്ദീനോടുള്ള എന്റെ ബഹുമാനം ശാശ്വതമാണ്. ഞാൻ അവരോടൊപ്പമാവുമ്പോഴെല്ലാം ആനന്ദപുളകിതനായി എന്റെ കൈകൾ വിറക്കുന്നു.”

ഇസ്താംബൂൾ കീഴടക്കിയ ശേഷം സന്തോഷവാനായ സുൽത്താൻ തന്റെ അവസ്ഥയെക്കുറിച്ച് പറഞ്ഞിരുന്നു” നിങ്ങൾ എന്നിൽ കാണുന്ന ആശ്വാസം ഈ കോട്ടകൾ പിടിച്ചടക്കിയത് കൊണ്ടല്ല, മറിച്ച് അക്ശംസുദ്ദീനെ പോലെയുള്ള ഒരു ഔലിയ ഈ കാലഘട്ടത്തിൽ ജീവിച്ചതിൽ ഞാൻ അതീവസന്തുഷ്ടവാനായതിനാലാണ്.”

അദ്ദേഹവുമായി സാമീപ്യത്തിലായതിനുശേഷം സുൽത്താൻ മുഹമ്മദ് രണ്ടാമൻ അക് ശംസുദ്ദീന്റെ പിന്തുണക്കായി പലപ്പോഴും കണ്ടുമുട്ടിയിരുന്നു. കീഴടക്കലിന്റെ ഘട്ടത്തിലും ശേഷവും അവർ കാര്യമായ സംഭാഷണങ്ങളിൽ ഏർപ്പെട്ടിരുന്നു. തന്റെ മുരീദുമാരിൽ ഒരാളാവാൻ മുഹമ്മദ് രണ്ടാമൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ യുവ സുൽത്താന്റെ അഭ്യർത്ഥന അക്ശംസുദ്ദീൻ നിരസിക്കുകയായിരുന്നു. സുൽത്താൻ പലതവണ ആവശ്യം പറഞ്ഞപ്പോൾ അദ്ദേഹം മറുപടിയായി വിശദീകരിച്ചു: സുൽത്താൻ..! സൂഫിസത്തിൽ ഒരു തരം ആനന്ദമുണ്ട്. അത് നിങ്ങൾ സ്വീകരിച്ചാൽ സുൽത്താനേറ്റിനു നിങ്ങളുടെ കണ്ണിൽ യാതൊരു വിലയും കാണില്ല, അതിലുള്ള അഭിരുചിയിൽ നിങ്ങൾ ആകൃഷ്ടനായാൽ രാജ്യത്തിന്റെ ഭരണകാര്യങ്ങൾ നിങ്ങൾ അവഗണിക്കും. അതുവഴി നീതി അപ്രത്യക്ഷമാവും. ഒരു ഉപവാസ രീതി സ്വീകരിക്കുന്നതിനെക്കാൾ നിങ്ങൾ രാജ്യത്തിലെ നീതിയും വിശ്വാസവും സംരക്ഷിക്കൽ പ്രധാനമാണ്. ഒരു സന്യാസ ജീവിതം നയിക്കുന്നതിനേക്കാളേറെ നിങ്ങൾ ഭൂമിയിൽ നീതി നിലനിർത്തേണ്ടതുണ്ട്. ഒരു ഉപവാസം സ്വീകരിക്കുന്നതിന്റെ ലക്ഷ്യം നീതി കൈവരിക്കുക എന്നതാണ്.”

കൃതികളും അണുസിദ്ധാന്തവും

അക് ശംസുദ്ദീന്റെ കൃതികളേറെയും മികച്ച റഫറൻസ് ഗ്രന്ഥങ്ങളാണ്. സൂഫിസത്തെയും വൈദ്യത്തെയും കുറിച്ച് അറബിയിലും തുർക്കിഷിലുമായി അദ്ദേഹം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. സൂഫിസത്തിന്റെ വിവരണം, സ്ഥാനങ്ങൾ, അവസ്ഥകൾ തുടങ്ങിയവയെല്ലാം അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. സൂഫിസത്തിന്റെ ആശയങ്ങളും ഇബ്നുഅറബിയടക്കമുള്ള സൂഫികളുടെ തെറ്റിദ്ധാരണക്ക് സാധ്യതയുള്ള വാക്യങ്ങളുടെ വിശദീകരണവും അദ്ദേഹം തന്റെ ഗ്രന്ഥങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. ഔലിയ എന്നതിനെ കുറിച്ച് അദ്ദേഹം പറയുന്നു:”ആളുകളിൽനിന്ന് പ്രശ്നങ്ങൾ അറിഞ്ഞ് അവർക്കുള്ള പരിഹാരങ്ങൾ നൽകാൻ ഒരു ഔലിയക്ക് കഴിയണം.അദ്ദേഹം ഒരിക്കലും പ്രശ്നങ്ങളിൽ പരാതിപ്പെടുകയോ ശത്രുതാ മനോഭാവം പുലർത്തുകയോ ചെയ്യരുത്. അവൻ ഭൂമിയെ പോലെയാണ്, എല്ലാത്തരം മ്ലേച്ഛമായ കാര്യങ്ങളും ഭൂമിയിലേക്ക് എറിയപ്പെടുന്നു. എന്നാൽ ഭൂമി എല്ലായിപ്പോഴും നല്ല കാര്യങ്ങൾ മാത്രമേ നൽകുന്നുള്ളൂ.”

മെഡിസിൻ, ഫാർമസി എന്നിവയെക്കുറിച്ച് മാദതുൽഹയാത്ത്(Material of hayath), കിതാബുഥ്വിബ്(book of medicine) എന്നീ രണ്ട് ഗ്രന്ഥങ്ങൾ അദ്ദേഹത്തിനുണ്ട്. സസ്യങ്ങളും മൃഗങ്ങളും പോലെ എല്ലാ രോഗങ്ങൾക്കും അദൃശ്യമായ സൂക്ഷ്മാണുക്കൾ ഉണ്ടെന്ന് അദ്ദേഹം സിദ്ധാന്തിച്ചു. അതായത് മൈക്രോസ്കോപ്പ് കണ്ടുപിടിചിട്ടില്ലാത്ത ഒരു കാലത്ത് അദ്ദേഹം അണുക്കളെ കുറിച്ച് മുന്നറിയിപ്പുനൽകി.” പ്രധാന രോഗങ്ങൾക്കെല്ലാം വ്യത്യസ്തങ്ങളായ അണുക്കളും വേരുകളുമുണ്ട്. അപസ്മാരം, പോഡാഗ്ര, കുഷ്ഠം തുടങ്ങി മാതാപിതാക്കളിൽ നിന്നും ഉണ്ടാകുന്ന ചില പാരമ്പര്യ രോഗങ്ങൾ ചിലപ്പോൾ രോഗം കണ്ടതിനു ഏഴ് വർഷത്തിന് ശേഷം വീണ്ടും പ്രത്യക്ഷപ്പെടുന്നു. ഭക്ഷണപാനീയങ്ങൾ മൂലമുണ്ടാകുന്ന രോഗങ്ങളുടെ അണുക്കൾ പുറത്തുവന്നു വേഗത്തിൽ വളരുന്നു” അക് ശംസുദ്ദീൻ തന്റെ മാദതുൽ ഹയാത്തിൽ പറയുന്നുണ്ട്.

ഇതേ കാലയളവിൽ തന്നെയാണ് യൂറോപ്പിൽ രോഗങ്ങൾ ദൈവത്തിൽനിന്നുള്ള ശിക്ഷയായി ഗണിക്കപ്പെട്ടിരുന്നതും.അക് ശംസുദ്ദീന് നൂറ് വർഷത്തിന് ശേഷമാണ് പകർച്ചവ്യാധികൾ ഒരാളിൽ നിന്നും മറ്റൊരാളിലേക്കും മൃഗങ്ങളിൽനിന്നും മൃഗങ്ങളിലേക്കും സസ്യങ്ങളിൽ നിന്നും മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പകരുന്നുവെന്ന് കണ്ടെത്തിയത്. വൈദ്യശാസ്ത്ര ചരിത്രത്തിൽ പത്തൊമ്പതാം നൂറ്റാണ്ട് വരെ സൂക്ഷ്മജീവികളെ നിരീക്ഷണത്തിലൂടെ കണ്ടെത്താനായിട്ടില്ല. രോഗങ്ങളെകുറിച് മാത്രമല്ല, സസ്യശാസ്ത്രവും ഫാർമസിയും പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് മാദതുൽ ഹയാത്. തന്റെ ഈ ഗ്രന്ഥത്തിലൂടെ 30 അധ്യായങ്ങളിലായി പല രോഗങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നുണ്ട്. ഫാർമസ്യൂട്ടിക്കൽ ഉല്പാദനത്തിൽ ഉപയോഗിക്കേണ്ട എക്സ്ട്രാക്ഷൻ, വാറ്റിയെടുക്കൽ എന്നിവ വിശദീകരിച്ചശേഷം ചില രോഗങ്ങളിൽ ഇവ എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ച് സംക്ഷിപ്തമായി അവതരിപ്പിച്ചിട്ടുണ്ട്. ഇവ കൂടാതെ രോഗശമനത്തിനുള്ള കല്ലുകൾ, മറുമരുന്നുകൾ, ശരീരത്തിന് ഗുണം ചെയ്യുന്ന തുണിത്തരങ്ങൾ, സാധാരണ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പ്രായോഗിക പരിഹാരങ്ങൾ, കാലാവസ്ഥയ്ക്കനുസരിച്ച് പരിഗണിക്കേണ്ട പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചിട്ടുണ്ട്.

“നാം നഗ്നരായി വരുന്നു,നഗ്നരായി തന്നെ മടങ്ങുന്നു”

സുൽത്താൻ ഫാത്തിഹിന്റെയും സൂഫിസത്തിന്റെയും വൈദ്യശാസ്ത്രത്തിലെയും ചരിത്രത്തിൽ അക് ശംസുദ്ദീന്റെ ജീവിതം ശ്രദ്ധേയമാണ്. അദ്ദേഹം തന്നെ മൂത്തമകനെ ഖലീഫയായി നിയമിച്ചു.അദ്ദേഹം നേതൃത്വം നൽകിയിരുന്ന ബയ്റാമി സൂഫി വിഭാഗത്തിന്റെ ശാഖ പിന്നീട് അദ്ദേഹത്തിന്റെ പേരിൽ ‘ശംസിയ’ എന്ന പേരിൽ അറിയപ്പെട്ടു. 1459ൽ മരിക്കുന്നതിനുമുമ്പ് തന്റെ സ്വത്തുക്കളെല്ലാം ദർവേഷ് ലോഡ്ജിൽ എത്തിയവരുടെ സേവനത്തിനായി മാറ്റിവെച്ചു. അദ്ദേഹം തന്റെ ഏഴു മക്കളോടുമായി പറഞ്ഞു. “നാം നഗ്നരായി വരുന്നു, നഗ്നരായി തന്നെ മടങ്ങുകയും ചെയ്യുന്നു. ഒരു ലോകത്ത് നിന്ന് മറ്റൊരു ലോകത്തേക്ക് നീങ്ങുന്നു. ഈ രണ്ടിനുമിടയിൽ നമുക്ക് എന്താണുള്ളത്?. അക് ശംസുദ്ദീൻ ഒരു കവി കൂടിയായിരുന്നു. അദ്ദേഹത്തിന്റെ ഒരു കവിതയിൽ പറയുന്നു.” ഓ ശംസ്.. പ്രിയപ്പെട്ടവരുമായുള്ള സമാഗമനത്തിനായി നീ വേർപിരിയലിന്റെ (മരണം) വിഷം കുടിക്കുക.! കാരണം വിടരാനിരിക്കുന്ന റോസാപ്പൂവ് അതിന്റെ മുളകളുടെ വേദന സഹിക്കുന്നു.” അവസാനകാലം അദ്ദേഹം സൈറകിലെ ഒരു പള്ളിയിൽ മുദരിസായി സേവനമനുഷ്ഠിക്കുകയും പിന്നീട് ഗൈനക്കിലേക്ക് മടങ്ങി 1459 ൽ അവിടെവെച്ച് തന്നെ മരണപ്പെടുകയും ചെയ്തു.

വിവർത്തനം:മുജ്തബ സി.ടി കുമരംപുത്തൂർ