മഅ്‌രിഫത്തിലേക്കുള്ള പ്രയാണവും റബ്ബിന്റെ വിളിയാളവും
ഹികം സീരീസ്- 11
അല്ലാഹു നിനക്ക് ദിവ്യദർശനത്തിൻ്റെ ഒരു മാർഗം തുറന്നു തന്നാൽ, കർമങ്ങൾ കുറഞ്ഞു പോയതിനെ നീ സാരമാക്കേണ്ടതില്ല. ദിവ്യ ദർശനം ഉണ്ടാകാനാണ് നിനക്ക് അവൻ മാർഗം തുറന്നു നൽകിയത്. ദിവ്യ ദർശനം അല്ലാഹുവിൽ നിന്നാണ്. നിൻ്റെ സത്കർമ്മങ്ങൾ അവനിലേക്കുള്ള തിരുമൂൽ കാഴ്ചയും. അവൻ നൽകിയ ദർശനത്തെ അപേക്ഷിച്ച് എവിടെയാണ് നിൻ്റെ തിരുമൂൽ കാഴ്ചയ്ക്ക് സ്ഥാനമുള്ളത്?(ഹിക്മത്ത്)
അപാകതകൾ നിറഞ്ഞ, ചളി പുരണ്ട ജീവിത രീതികളിൽ നിന്നും ഇരുണ്ട ദർശനങ്ങളിൽ നിന്നും മനുഷ്യർക്ക് ദിവ്യ ദർശനത്തിൻ്റെ/ ആത്മ ജ്ഞാനത്തിൻ്റെ പടവുകൾ കയറാൻ സാധിക്കുന്നത് രണ്ടു പാതകളിലൂടെ മാത്രമാണ്. ഇവിടെ മൂന്നാമതൊരു മാർഗമില്ല.
മനുഷ്യൻ അല്ലാഹുവിലേക്ക് മുന്നിട്ടിറങ്ങുന്നതാണ് ഒന്നാമത്തേത്. വളരെ പ്രയാസം നിറഞ്ഞ, ദൈർഘ്യമേറിയ പാതയാണിത്. മനുഷ്യൻ തൻ്റെ ചിന്താ മണ്ഡലങ്ങളിൽ ഈമാനിക യാഥാർത്ഥ്യങ്ങളുടെ വിത്തു പാകിയും, ഇസ്‌ലാമിക സ്തംഭങ്ങളിലൂന്നിയുള്ള കർമങ്ങളാൽ സേചനം നടത്തിയുമാണ് ഈ പാതയിലുടെയുള്ള സഞ്ചാരത്തിന് തുടക്കം കുറിക്കേണ്ടത്. സ്നേഹാദരവും, ഭയഭക്തിയും നിറഞ്ഞ മനസ്സോടെയാണ് അവനോട് സംവദിക്കേണ്ടത്. തൻ്റെ ചലന നിശ്ചലനങ്ങൾ അവൻ്റെ കൽപനകളെ സർവ്വാത്മനാ സ്വീകരിക്കുന്നതും, നിരോധാജ്ഞകളെ പാടെ നിരാകരിക്കുന്നതുമായിരിക്കണം. പ്രവേശന കവാടത്തിലേക്കുള്ള പ്രയാണത്തിൽ നിന്നെ സഹായിക്കുന്ന ഉറ്റമിത്രങ്ങൾ ഖുർആൻ പരായണങ്ങളും, ദൈവസ്മരണകളുമായുള്ള നിത്യസഹവാസമാണ്. അങ്ങനെ ഈ വഴിയിലൂടെ കടന്നു പോകുന്നവർക്ക് തൻ്റെ കാഴ്ചയിലും ഉൾക്കാഴ്ചയിലും ക്രമേണ ഭൗതികത നിന്ദ്യമായും പരലോകം മഹോന്നതമായും വെളിപ്പെടുന്നതാണ്. പരലോകത്തോട് മനസ്സിനും, ഹൃദയത്തിനും അത്യധികം സ്നേഹവും ബഹുമാനവും ഉണ്ടാകും. അപ്പോൾ ഭൗതികതക്ക് കൽപിക്കുന്ന പരിഗണനയെക്കാൾ കൂടുതൽ പരിഗണനയും പ്രാമുഖ്യവും പാരത്രിക ലോകത്തിന് കൽപിക്കുന്നു. ഈ വഴിയെ ത്വരീഖുൽ ഹിദായ/ ത്വരീഖുൽ ഇനാബ എന്ന് വിളിക്കുന്നു.
അല്ലാഹു തന്നെ അടിമകളിലേക്ക് മുന്നിടുന്ന രീതിയാണ് രണ്ടാമത്തെത്. അഥവാ ഒന്നാമത്തെത് മനുഷ്യനിൽ നിന്ന് പ്രാരംഭം കുറിക്കുന്ന പ്രക്രിയയാണ്. എന്നാൽ അതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് രണ്ടാമത്തേത്. ഇവിടെ തുടക്കം ഉണ്ടാകുന്നത് അല്ലാഹുവിൽ നിന്നത്രെ. ഒന്നുകൂടി തെളിച്ചു പറഞ്ഞാൽ അവൻ നേരിട്ട് മനുഷ്യർക്ക് നൽകുന്ന ദിവ്യ ദർശനം. ഇതിനെ ത്വരീഖുൽ ഇജ്തിബാഅ് എന്നാണ് പറയുന്നത്.
അവൻ്റെ കൽപനകൾ തിരസ്കരിച്ചും, തന്റേതായ ഇഷ്ടത്തിന് അനുസരിച്ച് ഭൗതികതയുടെ ആസ്വാദനത്തിനായി തിന്മകളെ കൂട്ടുപിടിച്ചും അല്ലാഹുവോട് എത്രയോ അകലം പാലിച്ചു നിൽക്കുന്ന മനുഷ്യരാണ് ഒരൊറ്റ നിമിഷം കൊണ്ട്, അല്ലാഹുവിൻ്റെ പ്രവിശാലമായ കാരുണ്യ സ്പർശമേൽക്കുന്നത്. ഇതാണ് ഇജ്തിബാഅ്.
അവൻ മാത്രം അറിയുന്ന ഒരു കാരണം കൊണ്ടാണ് ഈ മഹത്തായ അനുഗ്രഹം അവർക്ക് ലഭിക്കുന്നത്. ഈ കാരുണ്യ സ്പർശം അവർക്ക് ഉണർവുകൾ നൽകും. അങ്ങനെ അവർ ഇലാഹീ സാമീപ്യം സാധ്യമാക്കുന്നു. ദിവ്യ ദർശനത്തിൻ്റെ/ ഇലാഹീ പ്രേമത്തിൻ്റെ ഉന്നതിയിലേക്ക് അവരെ അല്ലാഹു ഉയർത്തുന്നു. കാല ദൈർഘ്യമില്ലാതെ ഞൊടിയിട നേരം കൊണ്ടാണ് അവർക്ക് ഈ സ്ഥാനക്കയറ്റമുണ്ടാകുന്നത്.
മാർഗഭ്രംശത്തിൽ നിന്ന് ദിവ്യ ദർശനത്തിൻ്റെ തിരുപാതയിലുള്ള സഞ്ചാരത്തിൻ്റെ ദ്വിപാതയെ കുറിച്ചുള്ള ദൈവിക വിവരണം നമുക്ക് വായിക്കാം. “താൻ ഇഷ്ടപ്പെടുന്നവരെ അല്ലാഹു തൻ്റെ അടുക്കലേക്ക് ആകർഷിപ്പിക്കും. ഖേദത്തോടെ മടങ്ങുന്നവരെ അവനിലേക്കുള്ള മാർഗ്ഗത്തിൽ നയിക്കുകയും ചെയ്യുന്നു.” (42:13) (അല്ലാഹു യജ്തബീ ഇലൈഹി മൻ യഷാഅ്, വ യഹ്ദീ ഇലൈഹി മൻ യുനീബ്)
ഇജ്തിബാഅ‌്, ഹിദായ എന്നീ രണ്ടു മാർഗങ്ങളെ പറ്റി ഈ സൂക്തത്തിൽ വ്യക്തമായി വിവരിക്കുന്നു. ഇതു പ്രകാരം അവൻ ഇഷ്ടപ്പെട്ട അടിമകളെ തിരഞ്ഞെടുക്കുന്നതാണ്/ അവനിലേക്ക് ആകർഷിപ്പിക്കുന്നതാണ് ഒന്നാമത്തെത്. അഥവാ അവനിൽ നിന്ന് നേരിട്ടുള്ള തിരഞ്ഞെടുപ്പ്. ജനങ്ങൾ ഇച്ഛാനുസരണം പ്രവേശിക്കൽ സാധ്യമാകലാണ് ത്വരീഖുൽ ഹിദായ/ ഇനാബ. ജനങ്ങളുടെ തിരഞ്ഞെടുപ്പിനു സാധ്യമായ വിധത്തിലാണ് അല്ലാഹു ഹിദായത്തിൻ്റെ ഈ പാതയെ ബന്ധപ്പെടുത്തിയിരിക്കുന്നുവെന്നാണ് അർത്ഥം. അഥവാ പരിശ്രമങ്ങളുടെയും, സത്‌വൃത്തികളുടെയും അനന്തരഫലമായാണ് ഹിദായത്ത് ഉണ്ടായിത്തീരുന്നത്.
ഇവിടെ ഇബ്നു അത്വാഅ്(റ) ഈ ഹിക്മത്തിൽ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത് ഒന്നാമത്തെതിലേക്കാണ്. (അല്ലാഹുവിൻ്റെ തിരഞ്ഞെടുപ്പിൻ്റെ ഫലമായി ചിലർക്ക് ലഭിക്കുന്ന ദിവ്യ ദർശനം) അഥവാ മാർഗഭ്രംശത്തിൻ്റെ വഴിയിലും, അനുസരണക്കേടിൻ്റെ പാതയിലുമായി അല്ലാഹുവോട് ബഹുദൂരം അകലം പാലിച്ചു പോന്നവർ നിമിഷ നേരം കൊണ്ട് മഅ്‌രിഫത്തിൻ്റെ ഉന്നതങ്ങളിലായി, ദൈവിക സാമീപ്യം കരസ്ഥമാക്കുന്ന അത്യുന്നതമായ തിരഞ്ഞെടുപ്പിനെ പറ്റിയുള്ള വിവരണത്തിലേക്കാണ് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്.
അല്ലാഹു നിനക്ക് ദിവ്യദർശനത്തിൻ്റെ ഒരു മാർഗം തുറന്നു തന്നാൽ, കർമ്മങ്ങൾ കുറഞ്ഞു പോയതിനെ നീ സാരമാക്കേണ്ടതില്ല.
കാലങ്ങളോളമുള്ള പഠനങ്ങളോ മറ്റോ ഒന്നുമില്ലാതെ തന്നെ അല്ലാഹുവിൽ എത്തിച്ചേരുന്ന, അല്ലാഹുവിൻ്റെ തിരഞ്ഞെടുപ്പിൻ്റെ ഫലമായി ലഭിക്കുന്ന മഅ്‌രിഫത്തിന്റെ മാർഗം തുറന്നു തന്നാൽ നീ കർമങ്ങൾ കുറഞ്ഞു പോയി എന്നതിനെ സാരമാക്കേണ്ടതില്ല.
അഥവാ സാധാരണ ഗതിയിൽ അല്ലാഹുവിലേക്ക് എത്തിച്ചേരാൻ സഹായകമാകുന്ന ഖുർആൻ പാരായണം, ദിക്റ്, സുന്നത്തു കർമങ്ങൾ തുടങ്ങിയ ആരാധനകളൊന്നും ചെയ്തിട്ടില്ലെന്ന കാര്യത്തിൽ നീ സംശയിക്കേണ്ടതോ, അത്ഭുതം പ്രകടിപ്പിക്കേണ്ടതോ ഇല്ല. എന്തെന്നാൽ ഫത്ഹിൻ്റെ മാർഗത്തിലൂടെ അല്ലാഹുവിൽ എത്തിച്ചേരുക എന്നത് നിമിഷ നേരം കൊണ്ട് സാധ്യമാകുന്നതാണ്. നിശ്ചയം അല്ലാഹുവാണ് നിനക്ക് ഈ ദർശനത്തിൻ്റെ പാത തുറന്നു തന്നത്. അവൻ്റെ മഅ്‌രിഫത്ത് ഉണ്ടാകാൻ വേണ്ടി തന്നെയാണ്. ദിവ്യ ദർശനം ലഭിക്കുന്നതിന് മുമ്പ് അല്ലാഹുവിലേക്ക് അടുക്കാനുള്ള കർമ്മങ്ങളും, ആരാധനകളും നിന്നിൽ കുറവാണെങ്കിൽ പോലും, ഈ തുറസ്സു മുഖേന അല്ലാഹു നിൻ്റെ പ്രകൃതത്തിൽ ഇലാഹീ പ്രേമവും, ദൈവികാദരവും നൽകി കൊണ്ട് ആദരിക്കുന്നതാണ്.
ദിവ്യ ദർശനത്തിൻ്റെ രണ്ടു മാർഗങ്ങളെ താരതമ്യപ്പെടുത്തി കൊണ്ട് ഇബ്നു അത്വാഅ്(റ) എഴുതുന്നു:
“ദിവ്യ ദർശനം ഉണ്ടാകാനാണ് നിനക്ക് അവൻ ഈ മാർഗം തുറന്നു നൽകിയത്. നിൻ്റെ സത്കർമ്മങ്ങൾ അവനിലേക്കുള്ള തിരുമൂൽ കാഴ്ചയും. അവൻ നൽകിയ ദർശനത്തെ അപേക്ഷിച്ച് എവിടെയാണ് നിൻ്റെ തിരുമൂൽ കാഴ്ചയ്ക്ക് സ്ഥാനമുള്ളത്?”
കർമങ്ങൾ അല്ലാഹുവിലേക്ക് എത്തിച്ചേരാനുള്ള മാർഗമാണെങ്കിൽ പോലും, നമ്മുടെ പ്രവൃത്തികളുടെ സിംഹഭാഗവും സാഹചര്യങ്ങളുടെയും ദേഹച്ഛേയുടെയും സ്വാധീനത്താൽ വലയം ചെയ്യപ്പെട്ടതായിരിക്കും. അതുകൊണ്ട് അവൻ ആകർഷിക്കുന്നതു മുഖേനെ അവൻ്റെ സാമീപ്യത്തിലെത്തുന്നതും, കർമങ്ങൾ മുഖേന ഉന്നതങ്ങളുടെ പടിയിൽ കയറുന്നതും തമ്മിൽ വലിയ അന്തരമുണ്ട്. നിൻ്റെ പ്രവർത്തിയുടെ ഫലമായി ലഭിക്കുന്ന ദിവ്യ ദർശനത്തെക്കാൾ മഹത്വകരം അല്ലാഹുവിൽ നിന്ന് അനുകമ്പയുടെ ഭാഗമായി നേരിട്ടുണ്ടാകുന്ന ദിവ്യ ദർശനത്തിനാണ്.
വ്യതിചലനത്തിൻ്റെ പാതയിലുള്ള പലരെയും ഒരൊറ്റ നിമിഷം കൊണ്ട് സർവ്വാധിപൻ അത്യുന്നതമായ പദവിയിലേക്ക് ഉയർത്തിയിട്ടുണ്ട്. അത്തരം ഒട്ടനവധി മഹത്തുക്കളെ ഇസ്‌ലാമിക ചരിത്രത്തിൽ വായിക്കാവുന്നതാണ്.
ഈ വിഭാഗക്കാർ സ്വഹാബിവര്യന്മാരിലും ഒരുപാടുണ്ടായിരുന്നു. ഗ്രാമീണരായ ഒരുപാട് അറബികൾ വ്യാപാര ആവശ്യത്തിനും മറ്റു ഭൗതിക വിഭവങ്ങൾക്കുമായി മദീനയിലേക്ക് കടന്നു വരുമായിരുന്നു. പരുഷഹൃദയരായ ഇവരുടെ നയനങ്ങൾ തിരുനബിയെ കാണാനോ, കാതുകൾ തിരു ഉപദേശങ്ങൾ കേൾക്കാനോ സന്നദ്ധത കാണിച്ചിരുന്നില്ല. അവർ അവരുടെതായ ഉദ്ദേശ ലക്ഷ്യങ്ങളിലൂടെ വ്യാപൃതരാവുക എന്നതായിരുന്നു പതിവ്. ഈ അവസ്ഥയിൽ നിന്ന് സദാ സമയം തിരുസവിധത്തിൽ സന്നിഹിതരാക്കുന്ന ഒരവസ്ഥയിലേക്ക് അവർ പരിവർത്തിക്കപ്പെട്ടു. അവരുടെ പരുഷ സ്വഭാവങ്ങൾക്കും, ഹൃദയ കാഠിന്യത്തിനും മാറ്റം സംഭവിച്ചിരിക്കുകയാണ്. ലൗകിതകക്കുള്ള യത്നങ്ങളെ ഉപേക്ഷിച്ച്, ലൗകിക ചിന്തകളെ പരിത്യജിച്ച് കൊണ്ടുള്ള പുതിയ ഒരു ജീവിതമാണ് അവരിൽ പിന്നീട് ഉണ്ടായിത്തീർന്നത്. അവരുടെ ഹൃദയങ്ങളിൽ ദൈവിക സ്നേഹം നിറഞ്ഞൊഴുകുകയാണ്. ഇങ്ങനെ എത്ര സ്വഹാബിവര്യരാണ് ഉന്നതമായ ഈ മഅ്‌രിഫത്തിന്റെ വഴിയിൽ എത്തിച്ചേർന്നത്. അവർ പരീശീലനത്തിൻ്റെ വഴിയിലൂടെയോ ദൈർഘ്യമേറിയ പാതയിലൂടെ യോ ആയിരുന്നില്ല ഈ പദവിയിലെത്തിയത്. മറിച്ച് ഇജ്തിബാഅ എന്ന വഴിയിലൂടെയാണ്.
ഇവർക്ക് ശേഷമുള്ള പല വ്യക്തികളെയും അല്ലാഹു ഇജ്തിബാഇലൂടെ അവനിലേക്ക് ആകർഷിപ്പിച്ചിട്ടുണ്ട്. ഇതോടെ ദൈവിക കൽപനകൾ തിരസ്കരിക്കുന്ന വഴിയിൽ നിന്ന് അനുസരണയുടെ പാതയിലേക്ക് ഒരൊറ്റ നിമിഷം കൊണ്ട് പരിവർത്തിക്കപ്പെടുന്നു. ഫുളൈൽ ബിൻ ഇയാള് അവരിൽ ഒരാളാണ്. ഇരുട്ടിൻ്റെ മറവിൽ കൊള്ള നടത്തിയ വലിയ കൊള്ളക്കാരനായ ഫുളൈൽ കൊള്ള ശ്രമത്തിനിടയിലെ ഒരൊറ്റ നിമിഷം കൊണ്ടാണ് ദൈവിക കൽപനകൾ അനുസരിച്ചു പോരുന്ന ആദ്ധ്യാത്മിക ജ്ഞാനിയായി പരിവർത്തിച്ചത്. ഇലാഹീ പ്രമേവും ആദരവും ദൈവിക ഭയവും ഒഴികെയുള്ള സകലതും അദ്ദേഹത്തിൻ്റെ ഹൃദയത്തിൽ നിന്ന് കൊഴിഞ്ഞു പോയത് ആ ഒരു രാത്രിയിലായിരുന്നു. അബ്ദുല്ലാഹിബ്നു മുബാറക്ക് മറ്റൊരു ഉദാഹരണമാണ്. നിഷിദ്ധ വാദ്യസംഗീതങ്ങളിൽ മുഴുകിയുള്ള ജീവിതമായിരുന്നു അബ്ദുല്ലാഹിബ്നു മുബാറക്കിൻ്റെത്. ദൈവിക അനുസരണത്തിൽ എത്രയോ ബലഹീനനായിരുന്ന അദ്ദേഹം ഒരു രാത്രിയിൽ ദിവ്യജ്ഞാനത്തിൻ്റെ ആഴിയിലിറങ്ങിയ അത്ഭുത പ്രതിഭയായി മാറി. ഭൗതികതയെ സ്രഷ്ടാവിൻ്റെ കൃപക്കായി ദണ്ഡം നൽകിയും മുഴുസമയവും ദൈവിക സാമീപ്യത്തിനായി വിനിയോഗിക്കുകയും ചെയ്യുന്ന ആത്മജ്ഞാനിയായി. മാലിക് ബ്നു ദീനാറും ഈ വിഭാഗത്തിൽ പെട്ടവരാണ്. മദ്യ ലഹരിയിലും വിനോദത്തിലുമായി കഴിഞ്ഞുകൂടിയ ഇദ്ദേഹം ഒരൊറ്റ നിമിഷം കൊണ്ടാണ് ആദ്ധ്യാത്മിക ജ്ഞാനിയായി മാറിയത്. പതിനായിരങ്ങൾ പങ്കെടുക്കുന്ന ദർസുകളുടെ അധ്യാപകനായ മാലിക് ബ്നു ദീനാർ മുഖേന ഒരുപാട് പേർ ഹിദായത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്.
ഇജ്തിബാഇലൂടെ അല്ലാഹുവിലേക്ക് എത്തിച്ചേരുക എന്നത് ഏതെങ്കിലും ഒരു കാലത്തിൻ്റെതോ/ തലമുറയുടെതോ മാത്രം സവിശേഷതയല്ല. എല്ലാ കാലത്തും, ലോകവസാനം വരെ ഇജ്തിബാഇൻ്റെ കവാടം തുറന്നു കിടക്കുന്നതാണെന്ന കാര്യം വളരെ പ്രാധാന്യത്തോടെ അറിഞ്ഞിരിക്കേണ്ടതുണ്ട്. അഥവാ അല്ലാഹു എല്ലാ കാലത്തും സ്ത്രീ-പുരുഷ ഭേദമന്യേ അവൻ്റെ അടിമകളെ മാർഗഭ്രംശത്തിൽ നിന്ന് മാർഗ ദർശനത്തിലേക്ക് വശീകരിക്കും. ചിലപ്പോൾ ഓരോ പ്രദേശത്തും നിന്നും അവൻ ചിലരെ അവനിലേക്ക് ആകർഷിപ്പിക്കുന്നതാണ്.
എനിക്കൊരു അയൽവാസി ഉണ്ടായിരുന്നു. മുഴുസമയവും തിന്മകളുമായി ബന്ധപ്പെടുന്ന/ മദ്യപാനത്തെ ഇഷ്ടപ്പെടുന്ന, വൻ പാതകങ്ങൾ ചെയ്യുന്ന അയൽവാസി. ഇതൊന്നുമില്ലാത്ത ദിവസങ്ങൾ അവനുണ്ടായിരുന്നില്ല. അവനെ സന്മാർഗ്ഗ പാതയിലെത്തിക്കാൻ സൗകര്യമേകുന്ന ചെറിയൊരു നാരിഴ സാധ്യത പോലും അവനിൽ ഉണ്ടായിരുന്നില്ല. എന്തെന്നാൽ അവൻ സത്‌വൃത്തികളുമായി അത്രയും അകലം പാലിക്കുന്നവനായിരുന്നു. അവൻ്റെ ഇടപഴക്കവും, ചങ്ങാത്തവുമെല്ലാം അല്ലാഹുവിൽ നിന്നും അകൽച്ച സൃഷ്ടിക്കുന്നതായിരുന്നു. കുറ്റകൃത്യങ്ങളിലും വിനോദങ്ങളിലുമാണ് സ്ഥിരവാസം.
ഒരു ദിവസം ഞാൻ പതിവ് പോലെ സുബ്ഹിക്ക് നിസ്കാരത്തിനായി പളളിയിൽ ചെന്നപ്പോൾ എന്നെ അത്ഭുതപ്പെടുത്തുന്ന കാഴ്‌ചയാണ് ഞാൻ കണ്ടത്. പെട്ടെന്ന് എൻ്റെ ചിന്തക്ക് ഉൾക്കൊള്ളാൻ പറ്റാത്ത ഒരു കാഴ്‌ച. ഒന്നാം സ്വഫിൽ ഭവ്യതയോടെ നിസ്കാര സമയത്തെ പ്രതീക്ഷിച്ചിരിക്കുന്ന എൻ്റെ അയൽവാസിയെയാണ് ഞാൻ കണ്ടത്. അല്ലാഹുവിനെ ഇഷ്ടപ്പെടുന്ന, തിന്മകളെ വെറുക്കുന്ന മാർഗദർശനത്തിൻ്റെ പാതയിലേക്ക് ഇദ്ദേഹം സഞ്ചരിച്ചതും ഒരൊറ്റ രാത്രി കൊണ്ടായിരുന്നു. ഈ ദിവ്യദർശനത്തിൻ്റെ പാതയിലേക്ക് അദ്ദേഹത്തെ ഉയർത്തിയത് അല്ലാഹുവാണ്. അദ്ദേഹത്തിന്റെ ജീവിതത്തിൽ ഈ നിർണ്ണായകമായ വഴിത്തിരിവിന് ഉണർവ്വ് നൽകിയതും, അവനിലേക്ക് ആകർഷിപ്പിച്ചതും അല്ലാഹുവാണ്.
പരിവർത്തനത്തിൻ്റെ പുതിയ പാതയിലേക്ക് സഞ്ചരിച്ച കലാവാസനയുള്ള ഒരുപാട് സ്ത്രീ പുരുഷന്മാരുടെ കഥയാണിത്. അവരിൽ സ്നേഹമുണ്ട്, ആ സ്നേഹം സർവ്വാധിപനായ അല്ലാഹുവിനോടുള്ളതാണ്. പ്രേമത്തിലുള്ള ലഹരിയുടെ ഉന്മാദത്തിലാണവർ. ആ പ്രേമം അല്ലാഹുവോടാണ്. ഇലാഹീ ആകർഷണ വലയത്തിലേക്ക് ചാഞ്ഞവരുടെ കഥയാണിത്. അല്ലാഹുവാണ് ഈ തിരഞ്ഞെടുപ്പിൻ്റെ പ്രഥമമായ പ്രാരംഭം. അല്ലാഹുവിൻ്റെ സഹായമാണ് യഥാർത്ഥ സഹായം. ആദ്യമായിട്ട് അവരിലേക്ക് ആ സ്നേഹം ഇറങ്ങുന്നത് അല്ലാഹുവിൽ നിന്നാണ്. ഈ ആശയമാണ് ഖുർആനിക (5:54) വാക്യത്തിൻ്റെ താത്പര്യം. “സത്യവിശ്വാസികളെ, നിങ്ങളിൽ ആരെങ്കിലും തൻ്റെ മതത്തിൽ നിന്ന് പിന്തിരിഞ്ഞുകളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ടുവരുന്നതാണ്. വിശ്വാസികളോട് വിനയം കാണിക്കുകയും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും.
ഇവിടെ മൂന്ന് കാര്യങ്ങൾ സസൂക്ഷ്മം ശ്രദ്ധിക്കേണ്ടതുണ്ട്.
ഒന്ന്: – യഥാർത്ഥ പാതയിൽ നിന്ന് വ്യതിചലിച്ചു നടക്കുന്ന പരിഭ്രാന്തന്മാർ പറയുന്ന വാചകം നമ്മിൽ ഉണ്ടാകാൻ പാടില്ല. അതിനെ നാം ഗൗരവത്തോടെ സൂക്ഷിക്കേണ്ടതുണ്ട്. കാരണം അവർ പറയാറുണ്ട്. ”അല്ലാഹുവിൻ്റെ മാർഗത്തിലേക്കും, ഋതുവായ പാതയിലേക്കും എത്തിപ്പെടുന്നതിൽ ഞാൻ ഇഷ്ടപ്പെടുന്നത് ഇജ്തിബാഇൻ്റെ പാതയാണ്. എന്തെന്നാൽ ഇതാണ് ഏറ്റവും എളുപ്പവും, വേഗത്തിൽ അവൻ്റെ സാമീപ്യം കരസ്ഥമാക്കാൻ സാധ്യമാകുന്നതുമായ പാത. “എന്ത് കൊണ്ട് ഈ വാചകം ഉണ്ടായിക്കൂടാ? ഈ പാതയിൽ പ്രവേശിക്കുന്നതിലുള്ള തിരഞ്ഞെടുപ്പ് അല്ലാഹുവിൻ്റെതാണ്, നിൻ്റെതല്ല. അതുകൊണ്ട് തന്നെ മനുഷ്യരുടെ ഇച്ഛക്ക് പ്രസക്തി ഇല്ലാത്തതു പോലെ ഈ ചിന്താഗതിക്കും പ്രസക്തിയില്ല. “അല്ലാഹു ഇഷ്ടപ്പെടുന്നവരെ അവനിലേക്ക് വശീകരിക്കുന്നു. “ഈ സൂക്തവാക്യം ശ്രദ്ധയോടെ വായിക്കുന്നവർക്ക് ഈ കാര്യം ബോധ്യമാകുന്നതാണ്. അഥവാ അവൻ ഉദ്ദേശിക്കുന്ന/ തിരഞ്ഞെടുക്കുന്നവരാണ് അവനിലേക്ക് ആകർഷിക്കുന്നത്. നിൻ്റെ ഉദ്ദേശത്തിന് അനുസൃതമായിരിക്കുമെന്നതിൻ്റെ അടിസ്ഥാനമെന്താണ്?!
രണ്ട്: ചിലർക്ക് ഈ പദവി ലഭിക്കുന്നു, മറ്റു ചിലർക്ക് ലഭിക്കുന്നില്ല. ഇതിൻ്റെ ന്യായമെന്താണ്? ഈ ചോദ്യം ഉണ്ടാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഈ ഭാഗ്യം അല്ലാഹുവിൻ്റെ അപാരമായ അനുഗ്രഹത്താൽ അവൻ ഉദ്ദേശിക്കുന്ന ചിലർക്ക് നൽകുന്നു. അല്ലാഹു ഇഷ്ടപ്പെടുന്നത് കൊണ്ട് അവരെ അവനിലേക്ക് ആകർഷിപ്പിക്കുന്നു. അവരിൽ നിനക്കറിയാത്ത, അല്ലാഹുവിന് അറിയുന്ന ഒരു പ്രത്യേക കാര്യ കാരണ പ്രവർത്തനത്താലാണ് അവർക്ക് ഈ അനുഗ്രഹം ലഭിക്കുന്നത്.
മൂന്ന്: “അതോടൊപ്പം നിൻ്റെ കർമങ്ങൾ കുറഞ്ഞുവെന്നതിനെ സാരമാക്കേണ്ടതില്ല” എന്ന ഇബ്നു അത്വാഅ്(റ)വിൻ്റെ വാചകത്തിൻ്റെ അർത്ഥം ഉദ്ദേശ്യശുദ്ധിയിൽ നിന്ന് വ്യതിചലിക്കാതെ ഗ്രഹിക്കാൻ ശ്രദ്ധിക്കണം. വിശുദ്ധ ഖുർആൻ തെര്യപ്പെടുത്തിയ ആശയത്തെ ഉൾവഹിക്കുന്ന അർത്ഥമാണ് ഇബ്നു അത്വാഅ്(റ)ൻ്റെ ഈ വാചകത്തിലുള്ളത്.
അല്ലാഹു അവനിലേക്ക് ആകർഷിപ്പിക്കുന്ന ഒരു വിഭാഗത്തെപ്പറ്റിയും, അവരിൽ നിന്ന് ചില ഉദാഹരണങ്ങളും നാം ഉപര്യുക്ത വിവരണത്തിൽ പരിചയപ്പെട്ടു. മറ്റുള്ളവർ ദൈവിക സാമീപ്യം കരസ്ഥമാക്കാൻ വേണ്ടി പ്രത്യേകമായ ആരാധനാ/ ആത്മ സംസ്കരണ പ്രവർത്തികളിൽ ഏർപ്പെടുന്നതു പോലെ അല്ലാഹു തിരഞ്ഞെടുക്കുന്നവർ ഖുർആൻ പാരായണം, ദിക്‌റ് തുടങ്ങി മറ്റു ആരാധന കൃത്യങ്ങളിൽ സദാ വ്യാപൃതരായിരിക്കണമെന്ന് യാതൊരു നിബന്ധനയുമില്ല. അവരെ അല്ലാഹു തെറ്റുകുറ്റങ്ങൾ നിറഞ്ഞ, ചളിപുരണ്ട ജീവിതത്തിൽ നിന്നും -മാർഗഭ്രംശത്തിൽ നിന്ന്- ദിവ്യ ദർശനത്തിൻ്റെ ഉന്നതിയിലേക്ക് ഉയർത്തിയിരിക്കുമത്രെ. ഏതെങ്കിലും ഒരു പ്രവർത്തിയുടെ ഫലമായിട്ടല്ല അവരെ അവൻ വിശിഷ്ടരാക്കുന്നത്. അവർ ദിവ്യ ദർശനത്തിൻ്റെ ആനന്ദം അനുഭവിക്കാൻ തുടങ്ങുന്നതും, ഹൃദയ വിശുദ്ധി കൈവരിക്കുന്നതും നിമിഷ നേരങ്ങൾ കൊണ്ടാണ്.
അല്ലാഹു ആകർഷിപ്പിച്ച ഈ വിശിഷ്ഠമായ അവസ്ഥയിലായിരിക്കുമ്പോൾ, അവർ അവൻ്റെ കൽപനകളെയും നിർദേശങ്ങളെയും ഹൃദായവരിച്ചു കൊണ്ടാണ് നാഥനോട് സംവദിക്കുന്നത്. സത്‌വൃത്തികൾ, ദൈവ സ്മരണകൾ എന്നിവ വർദ്ധിപ്പിച്ച് കൊണ്ടാണ് അല്ലാഹുവിലേക്ക് മുന്നിടുക. അവൻ നിഷിദ്ധമാക്കിയ നീചവൃത്തികളെ തികച്ചും മാറ്റിനിർത്തി അവർ ശിഷ്ട ജീവിതം ചിട്ടപ്പെടുത്തുന്നു.
സത്കർമ്മം കുറഞ്ഞതിനെ സാരമാക്കേണ്ടതില്ല/ കർമ്മങ്ങൾക്ക് പ്രാധാന്യമില്ല/ കർമ്മങ്ങളുടെ ഇല്ലായ്മ പ്രശ്നമല്ല എന്നതിൻ്റെ താത്പര്യം എന്താണ്? അല്ലാഹു അവരെ ദിവ്യ ദർശനത്തിൻ്റെ പാതയിലേക്ക് ആകർഷിക്കുന്നതിന് മുമ്പ് കർമ്മങ്ങൾ കുറഞ്ഞുവെന്നതിനെ സാരമാക്കേണ്ടതില്ല എന്നാണ്. ഈ പാതയിൽ പ്രവേശിക്കുന്നവർക്ക്, പ്രവേശനത്തിനായി പശ്ചാത്താപവും, സത്കർമ്മങ്ങളും അനിവാര്യമായി ഉണ്ടാകേണ്ടതാണോ? തങ്ങളുടെതായ ഇച്ഛാനുസരണവും കർമ്മങ്ങളും പരിശ്രമങ്ങളും വഴി സന്മാർഗത്തിൻ്റെ പാതയിലേക്ക് പ്രവേശിക്കാൻ ഉദ്ദേശിക്കുന്നവരിലാണ്, തൗബയും സത്കർമ്മങ്ങളും നിർബന്ധമായും ഉണ്ടാകേണ്ടത്. അല്ലാഹു തൻ്റെ ഇച്ഛാനുസരണം ദിവ്യ ദർശനം നൽകിയവർക്ക് പശ്ചാത്താപമോ, സുകർമ്മങ്ങളോ നിർബന്ധമല്ല.
തെറ്റുകുറ്റങ്ങളിലായി ജീവിതം നയിച്ച ഫുളൈൽ ബ്നു ഇയാള്, മാലിക് ബ്നു ദീനാർ തുടങ്ങിയ മഹത്തുക്കൾ ദിവ്യ ദർശനത്തിൻ്റെ സമുന്നതമായ പദവിയിലെത്തിയത് എതെങ്കിലും രീതിയിലുള്ള സത്‌വൃത്തികൾ, ആരാധന കർമ്മങ്ങൾ, പ്രാർത്ഥനകൾ, ദിക്റുകൾ തുടങ്ങിയ മാധ്യമങ്ങളിലൂടെ ആയിരുന്നില്ല.
ദിവ്യദർശനം, ഇലാഹീ പ്രേമം, ദൈവിക സാമീപ്യം എന്നിവയുടെ മാധുര്യം നുണഞ്ഞവർ സ്വത്വത്തെ പൂർണ്ണമായും അല്ലാഹുവിൽ സമർപ്പിക്കുന്നു. തങ്ങളുടെ എല്ലാ യത്നങ്ങളും, പരിശ്രമങ്ങളും ആരാധനാ കൃത്യങ്ങൾ നിർവഹിക്കാൻ വേണ്ടിയാണ് ചിലവഴിക്കുന്നത്.
ഈ വിധം ദൈവിക സാമീപ്യം കരസ്ഥമാക്കിയവർ കൂടുതൽ ആരാധന കൃത്യങ്ങൾ നിർവഹിക്കേണ്ടതില്ലെന്ന അർത്ഥ കൽപന ഈ ഹിക്മത്തിനില്ല. പൈശാചിക ദുർപ്രേരണയുടെ ഫലമായാണ് ഇത്തരക്കാരിൽ ഈ നികൃഷ്ഠമായ ചിന്താഗതി ഉടലെടുക്കുന്നത്. ഇത് പൂർണ്ണമായും വസ്തുതകളെ നിരാകരിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ ആരാധനകൾ നിർവഹിക്കുന്നതും, ദൈവിക കൽപന അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുന്നതും അല്ലാഹുവോട് കുടൂതൽ സാമീപ്യമുള്ളവരാണ്. തെറ്റുകളെ വേരോടെ പിഴുതെറിഞ്ഞുള്ള ജീവിത വ്യവഹാരം നിർവഹിക്കുന്നതും അവർ തന്നെയാണ്.
ഉത്തരവാദിത്ത നിർവഹണം, പാപമുക്തമായ ജീവിതം എന്നിവയിൽ ദൈവിക സാമീപ്യം ആർജ്ജിച്ചവർക്ക് വല്ല ഇളവും ഉണ്ടെങ്കിൽ അതിന് ഏറ്റവും യോഗ്യൻ തിരു പ്രവാചകർ(സ)യാണ്. എന്നാൽ തിരുനബി(സ)യോ? കൂടുതൽ ആരാധന കൃത്യങ്ങൾ നിർവഹിക്കുകയും, അതിനു വേണ്ടി എല്ലാവിധ പരിശ്രമങ്ങളും, സഹനവും നടത്തിയവരാണ്. നിശാ നമസ്കാരത്തിലെ ദൈർഘ്യം കാരണം അവിടുത്തെ തിരുപാദങ്ങളിൽ നീരുണ്ടായതിന് ചരിത്രം സാക്ഷിയാണ്. അന്ന് എറ്റവും കൂടുതൽ പ്രപഞ്ച പരിത്യാഗം നിർവഹിച്ചതും, ഉപജീവിതത്തിനായി ത്യാഗങ്ങൾ നിർവഹിച്ചതും പ്രവാചകർ (സ) തന്നെയായിരുന്നു. തിരുനബി(സ)ക്ക് ശേഷം ആരാധനാ കൃത്യങ്ങളിൽ കൂടുതൽ ഏർപ്പെടുന്നതും ഹലാൽ, ഹറാം എന്നിവയെ വേണ്ട വിധം പരിഗണിക്കുന്നതും അല്ലാഹുവിനോട് സാമീപ്യമുള്ളവർ തന്നെയാണ്. സുന്നത്തു കർമങ്ങൾ, ദൈവിക സ്മരണകൾ തുടങ്ങിയ സത്കർമ്മങ്ങളിലാണ് അവർ കൂടുതൽ സമയം ചിലവഴിക്കുന്നത്.
കർമ്മങ്ങൾ കുറഞ്ഞുവെന്നതിനെ നീ സാരമാക്കേണ്ടതില്ല എന്നതിൻ്റെ ഉദ്ദേശ്യം ദിവ്യദർശനത്തിലേക്ക് എത്തിച്ചേരുന്നതിന് മുമ്പുള്ള കർമ്മങ്ങളെ കുറിച്ചാണ്. അല്ലാതെ, ചെളി പുരണ്ട ജീവിതത്തിൽ നിന്ന് അത്യുന്നതമായ പദവിയിലെത്തി ചേർന്നതിനു ശേഷവും നിഷ്ക്രിയരാകാനുള്ള പ്രലോഭനമല്ല ഈ വാചകത്തിൽ പ്രകടമാകുന്നത്.
വളരെ ചുരുങ്ങിയ സമയം കൊണ്ട്, സമുന്നതമായ ഈ പദവിയിലെത്തി ചേർന്നവർ ആരാണ്? അവർക്ക് ഈ നേട്ടം ലഭിക്കാൻ എന്തായിരിക്കും കാരണം?
ഈ നേട്ടം കൈവരിക്കാൻ തക്കതായ കാരണമുണ്ട്. പക്ഷേ, നമ്മുടെ ജ്ഞാന പരിധിക്കകത്ത് നിന്നോ, നാം രൂപീകരിച്ച തത്ത്വങ്ങളിലധിഷ്ഠിതമായി കൊണ്ടോ അതിൻ്റെ കാര്യകാരണങ്ങളെ തിട്ടപ്പെടുത്തി പറയാൻ സാധ്യമല്ല. നമ്മുടെ ജ്ഞാനാന്വേഷണത്തിൻ്റെ മാനദണ്ഡങ്ങൾക്ക് അതീതമായ ഒരു കാരണം ഇതിനു പിന്നിലുണ്ട്. അത് അല്ലാഹുവിന് മാത്രമെ അറിയുകയുള്ളു.
എങ്കിലും, അവരിൽ പ്രകടമായ ചില സവിശേഷ സ്വഭാവങ്ങളുടെ ഫലമായിരിക്കുമല്ലോ ഈ സ്ഥാനാരോഹണം. അപ്പോൾ അവർ പാലിച്ചു പോന്ന സ്വഭാവമായിരിക്കാം ഈ കാരുണ്യ സ്പർശം ഉണ്ടാക്കി തീർക്കുന്നത്, അങ്ങനെ വല്ലതും പറയാൻ സാധ്യമാണോ? സാധ്യമാണ്. ഏത് ഒരു വ്യക്തിയും വഴി പിഴക്കുന്നതിൻ്റെ പ്രധാന കാരണം അഹങ്കാരമാണ്. താൻ കണ്ടെത്തിയത് മാത്രമാണ് സത്യം. അതിനപ്പുറം ഒന്നുമില്ലെന്ന അഹങ്കാര ഭാവം. ഈ മനോഗതിയുള്ളവർക്ക് ദൈവിക കാരുണ്യ സ്പർശമായ ദിവ്യ ദർശനം ഉണ്ടായിത്തീരുന്നതല്ലെന്ന കാര്യം ഖണ്ഡിതമായി പറയാം. അപ്പോൾ ഇബ്നു അത്വാഅ്(റ) “മാർഗ്ഗ ദർശനത്തിൻ്റെ ഒരു പാത തുറന്നാൽ” എന്ന് പറഞ്ഞതിൻ്റെ താത്പര്യമോ? എങ്ങനെയാണ് ഇവർക്ക് ഈ മാർഗ്ഗദർശനം ലഭിക്കുക? ഇവരെ പറ്റി അല്ലാഹു പറയുന്നത് കാണുക:
നിശ്ചയമായും, നമ്മുടെ ദൃഷ്ടാന്തങ്ങളെ കളവാക്കുകയും, അവയെപ്പറ്റി അഹംഭാവം നടിക്കുകയും ചെയ്തവര്‍ക്ക് ആകാശത്തിന്റെ കവാടങ്ങൾ തുറന്നു കൊടുക്കപ്പെടുകയില്ല; സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം കടന്നു പോകുന്നതു വരേക്കും അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയുമില്ല. അപ്രകാരമാണ് നാം കുറ്റവാളികള്‍ക്ക് പ്രതിഫലം നല്‍കുന്നത്. (സൂറത്തുൽ അഹ്റാഫ് – 40)
ഈ സൂക്താശയത്തിൽ നിന്നും ഗ്രഹിക്കാവുന്ന വസ്തുതയുണ്ട്, പരമമായ താഴ്മയുള്ളവർക്ക് അല്ലാഹു ദിവ്യദർശനത്തിൻ്റെ മാർഗം തുറന്നു നൽകുന്നതാണ്.
അപാകതകൾ നിറഞ്ഞ ജീവിതമാണെങ്കിലും അവൻ സ്രഷ്ടാവിൻ്റെ മുമ്പിൽ അതീവ സൗമ്യതയോടെയാണ് സംവദിക്കുന്നത്. അതെ, ഒരുപാട് തെറ്റുകുറ്റങ്ങൾ ചെയ്യുന്ന നിന്ദ്യനാണ് ഞാൻ. തല മുതൽ പാദം വരെ തെറ്റുകൾ നിറഞ്ഞ പ്രതിരൂപമാണ് എന്റേത്. ഇതാണ് അവർ സ്വയം വിലയിരുത്തുന്നത്. ഈ ബോധം അവരെ സദാനേരവും ലജ്ജാശീലരാക്കുന്നു. മറ്റുള്ളവരെല്ലാം തന്നെക്കാൾ എത്രയോ വിശ്രുതരാണെന്നാണ് ഇവർ ചിന്തിക്കുന്നത്. ഞാൻ ഒന്നുമല്ല. ഒരുപക്ഷേ ഈ ബോധമായിരിക്കാം ഹിദായത്തിൻ്റെ മാർഗത്തിലേക്ക് നാഥൻ വശീകരിക്കാൻ നിമിത്തമാക്കുന്ന മുഖവുര.
ഹൃദയ സ്പർശിയായ ഒരു വാക്യം ഞാൻ കണ്ടിട്ടുണ്ട്. അത് ശൈഖ് അഹ്‌മദ് രിഫാഈ(512-578)യുടെതാണെന്ന് തോന്നുന്നു. അതിൽ പറയുന്നത് ഇങ്ങനെയാണ് “ഞാൻ അല്ലാഹുവിൽ എത്തിച്ചേരാനുള്ള മാർഗത്തിലേക്ക് നോക്കിയപ്പോൾ, അവിടെ തിങ്ങിനിറഞ്ഞ പുരുഷാരത്തെയാണ് ഞാൻ കണ്ടത്. അതി വിനയത്തിൻ്റെയും, വിധേയത്വത്തിൻ്റെയും മാർഗത്തിലേക്ക് നോക്കുമ്പോൾ അവിടെ ഒഴിഞ്ഞു കിടക്കുന്നു. അവിടെ യാതൊരു ആൾത്തിരക്കുമില്ല.
ദൈവിക സാമീപ്യത്തിനായുള്ള ആരാധനാ കൃത്യങ്ങളിൽ രണ്ടു മാർഗങ്ങളുണ്ടെന്നാണ് ഈ വാക്യത്തിൻ്റെ താത്പര്യം.
ഒന്ന്: സാമീപ്യം സാധ്യമാക്കുന്നതിൽ പ്രകടമായ മാർഗം. അഥവാ ശറഇയ്യായ വിജ്ഞാനങ്ങളിൽ സജീവമാവുക, അതിനനുസൃതമായ ജീവിതം ചിട്ടപ്പെടുത്തുക, പ്രബോധന പ്രവർത്തനങ്ങൾ നിർവഹിക്കുക, സ്വഭാവ സംസ്കരണത്തിനായി കഠിന പരിശ്രമങ്ങള്‍ നടത്തുക, ഹജ്ജ് ഉംറ നിർവഹിക്കാൻ വിശുദ്ധ ഗേഹത്തിൽ ചെന്ന് തീർത്ഥാടന കർമ്മങ്ങൾ പലയാവർത്തി ചെയ്യുക, തുടങ്ങിയ ആരാധനകളിലൂടെ ദൈവിക സാമീപ്യം സാധ്യമാക്കുക എന്നതാണ് പ്രകടമായി കിടക്കുന്ന ഒരു മാർഗം. പലപ്പോഴായും ഇതെല്ലാം നാം നിർവഹിക്കുന്നുണ്ടാകാം. എങ്കിലും കറകളഞ്ഞ ഇടപഴക്കം വളരെ ക്ലേശകരമാണ്. അഥവാ നമ്മുടെ ജീവിത സാഹചര്യങ്ങൾക്കിടയിലൂടെ നാം ഇവ നിർവഹിക്കുമ്പോൾ ഭൗതികതയുടെ ചലന നിശ്ചലനങ്ങൾക്കനുസൃതമായ പലതും ഈ ആരാധനാ കൃത്യങ്ങളിൽ നിഴലിക്കുന്നതായിരിക്കും. ഭൗതികമായ സ്വാധീനമില്ലാത്ത ഇടപഴക്കം വളരെ പ്രയാസമാണ്. അങ്ങനെ തങ്ങളുടെതായ ഉദ്ദേശ ലക്ഷ്യങ്ങൾക്കിടയിലുള്ള ഈ ആരാധനാ കൃത്യങ്ങൾ ആത്മാവില്ലാത്ത ബാഹ്യ പ്രകടനം മാത്രമായിരിക്കും.
വിധേയത്വത്തിൻ്റെയും സമർപ്പണത്തിൻ്റെയും മാർഗമാണ് രണ്ടാമത്തെത്. ഇവിടെ പഥികൻ തന്നെ പറ്റി കരുതുന്നത് ഞാൻ തെറ്റുകളുടെ മാസ്മരികതയിൽ വസിക്കുന്നവനെന്നാണ്. അതുകൊണ്ട് തന്നെ ഞാൻ അല്ലാഹുവുമായി എത്രയോ അകലെയാണ്, മറ്റുള്ള ജനങ്ങൾ എന്നെക്കാൾ മികച്ചവരാണെന്നാണ് ധാരണ. ഈ ബോധത്തിലൂന്നിയാണ് അവൻ്റെ സകല വ്യവഹാരങ്ങളും നടക്കുന്നത്. അല്ലാഹുവോട് ആത്മാർത്ഥമായി, സത്യസന്ധമായി ഇടപെടുന്നവർക്ക് മാത്രമേ ഇങ്ങനെ വിധേയപ്പെടാൻ സാധിക്കുകയുള്ളു.
തികഞ്ഞ കുറ്റബോധം, വിനയം, ഞാൻ ഒന്നുമല്ലെന്ന പരമമായ താഴ്മ, തുടങ്ങിവയൊന്നും ജനദൃഷ്ടിയിൽ ഒരു സ്ഥാന പദവിയോ മറ്റോ ഒന്നും തന്നെ ഉദ്ദേശിക്കുന്നതല്ല.
പെട്ടെന്ന് മനംമാറ്റം സംഭവിച്ച, ദിവ്യ ദർശനം ലഭിച്ച മദ്യപാനിയായിരുന്ന എൻ്റെ അയൽവാസിയെ പറ്റി പറഞ്ഞല്ലോ? അല്ലാഹു അനുഗ്രഹിച്ചു നൽകിയ പുതിയ ജീവിതത്തിലുള്ള സഞ്ചാരത്തെ അഭിനന്ദിക്കാൻ വേണ്ടി അവൻ്റെ വീട് ഞാൻ സന്ദർശിച്ചിരുന്നു. അപ്പോൾ അവൻ എന്നോട് പറഞ്ഞ കാര്യമിതാണ്. ഞാൻ എൻ്റെ മുറിയിൽ ഒറ്റക്കായിരിക്കെ അല്ലാഹുവോട് രാത്രിയുടെ യാമങ്ങളിലും, അവസാനത്തിലും അഭിസംബോധന ചെയ്യാറുണ്ടായിരുന്നു. അപ്പോഴും എൻ്റെ മുമ്പിൽ മദ്യമുണ്ടായിരുന്നു. “എൻ്റെ നാഥാ, എൻ്റെ മുമ്പിൽ നിന്നോടുള്ള മറ നിൽക്കുന്ന കാലമത്രയും ഞാൻ തെറ്റു ചെയ്തു കൊണ്ടേയിരിക്കുന്നു. ഈ നീച പ്രവൃത്തി എന്നിൽ നിന്ന് തുടച്ചു നീക്കാൻ ഞാൻ പരമാവധി പരിശ്രമിക്കുന്നുണ്ട്. അത് എനിക്ക് സാധ്യമാകുന്നില്ല. ഞാൻ ദുർബലനാണ്. എനിക്ക് ഒരു കഴിവുമില്ല. യാ റബ്ബീ, നീ സകലതിലും കഴിവുള്ള ശക്തനാണ്. അതിനാൽ നീ എന്നെ ഇതിൽ നിന്നും അകറ്റണം.”
വിനയാന്വിതമായ വാക്കുകൾ! ദുർബലതയെ അടയാളപ്പെടുത്തുന്ന വാചകങ്ങൾ! താണു കേണുള്ള ഈ അപേക്ഷ തൻ്റെ അടിമത്വത്തെ വിളിച്ചോതുന്നുണ്ട്. ഒരുപക്ഷേ ഈ ബോധമാകാം ഒന്നാമത്തെ ഘടകം. പിഴച്ച മാർഗത്തിൽ നിന്നും അവനെ ഇലാഹീ പ്രേമത്തിലേക്ക് ഉയർത്തിയതിനും, പ്രാർത്ഥനക്ക് ഉത്തരം നൽകി അനുകമ്പ കാണിച്ചതിനുമെല്ലാം മുഖ്യ ഘടകം ഇതായിരിക്കാം. “അസുൽഹു മഅല്ലാഹി ബി ലുംആത്തിൻ വാഹിദ” അല്ലാഹുവോടുള്ള സന്ധി, അത് ഒരു നിമിഷം മാത്രം മതി. ഈ പ്രയോഗം എത്ര വാസ്തവമാണ്.!
“ദിവ്യ ദർശനം നിനക്ക് അവൻ നൽകിയതാണ്. നിൻ്റെ സത്കർമ്മങ്ങൾ അവനിലേക്കുള്ള തിരുമൂൽ കാഴ്‌ചയാണ്. അവൻ നൽകിയ ദർശനത്തെ അപേക്ഷിച്ച് എവിടെയാണ് നിൻ്റെ തിരുമൂൽ കാഴ്ചയുള്ളത് ഹികമിലെ സാരവത്തായ ഈ വാക്യത്തിൻ്റെ സൂക്ഷ്മാർത്ഥത്തിലേക്ക് കടക്കാം.
സത്കർമ്മങ്ങൾ, പരിശ്രമങ്ങൾ, ദിക്റുകൾ തുടങ്ങിയവയെല്ലാം നിർവഹിക്കുന്നത് ദൈവിക സാമീപ്യം ആർജ്ജിക്കാനാണ്. ഇത് ദൈർഘ്യമേറിയ മാർഗമാണ്. ഈ മാർഗത്തിലൂടെ ദൈവിക സാമീപ്യം കൈവരിക്കാൻ ഒരുപാട് കാലം ക്ഷമയിലൂടെ കടന്നു പോകേണ്ടതുണ്ട്. ഇതെല്ലാം ശരി തന്നെയാണ്. ഇവയെല്ലാം പൂർണ്ണമായും ഫലവത്താകുന്നത് അല്ലാഹുവിൻ്റെ സാമീപ്യത്തിനു മാത്രമായി നിർവഹിക്കുമ്പോഴാണ്. നിശ്ചയം മനുഷ്യ മനസ്സിൽ ഈ രീതിയിൽ കർമങ്ങൾ ചെയ്യുമ്പോൾ അവൻ്റെ സാഹചര്യങ്ങളും സന്ദർഭങ്ങും ഇടകലർന്നു വരുന്നതാണ്. അതോടെ അവൻ നിർവഹിക്കുന്ന സത്‌വൃത്തികളെല്ലാം/ അവയിൽ മിക്കതും തൻ്റെതായ ലക്ഷ്യങ്ങളെയോ, ഉദ്ദേശങ്ങളെയോ സഫലീകരിക്കുന്നതായി മാറുന്നു. തങ്ങളുടെ ആഗ്രഹങ്ങൾക്കും, ഇഷ്ടങ്ങൾക്കും വഴിപ്പെടുന്നതായിരിക്കും ആ കർമങ്ങൾ. അതിൽ ദൈവിക പ്രീതി കൊഴിഞ്ഞു പോയിട്ടുണ്ടാകും.
ആയതിനാൽ, തിന്മയുടെ പാതയിൽ നിന്ന് ദൈവിക കൽപനക്കനുസരിച്ചുള്ള ജീവിതം ക്രമീകരിക്കാൻ പരിമിതമായ സ്വാധീനം മാത്രമാണ് വൈവിധ്യങ്ങളായ ഈ സത്കർമ്മങ്ങൾക്കുണ്ടാവുക.
എന്നാൽ അല്ലാഹു തൻ്റെ ഔദാര്യം കൊണ്ട് നിന്നെ അവനിലേക്ക് ആകർഷിപ്പിച്ചാലോ? നിൻ്റെ കാഴ്ചയിലും, ചിന്തയിൽ പതിയാത്ത വിശുദ്ധമായ ഒരു ലോകമായിരിക്കും നിൻ്റെ മുമ്പിലുണ്ടാവുക.
പ്രപഞ്ചത്തിൽ പ്രത്യക്ഷമായി കിടക്കുന്നതിൽ വരഞ്ഞു കെട്ടിയ ബോധവും, അശ്രദ്ധതയുടെ മൂർധന്യത്തിൽ വലയം ചെയ്യുന്ന ചിന്തയും നിന്നിൽ നിന്ന് അപ്രത്യക്ഷമാകും. പ്രാപഞ്ചിക ക്രമത്തിൽ ഇതുവരെ കണ്ടതായിരിക്കില്ല ഇനി മുതൽ നീ കാണാൻ പോകുന്നത്. “ഭൗതിക ജീവിതത്തിലെ പ്രത്യക്ഷത്തെ മാത്രം കാണുന്നവർ പരലോകത്തെ കുറിച്ച് അശ്രദ്ധരാണ്”. ഖുർആൻ വിവരിച്ച പ്രകാരമുള്ള ഈ കുഴമറിച്ചിലിൽ നിന്ന് മോചനം സാധ്യമാക്കുന്നതാണ് ഈ ദൈവികമായ ഇടപെടൽ. അതോടെ ഭൗതികമായ സകലതും നിൻ്റെ കണ്ണിൽ മറക്കപ്പെടുന്നതായിരിക്കും. ഈ പ്രപഞ്ചത്തിൽ ഇതുവരെ കാണാത്ത പലതും നിങ്ങൾക്ക് ദൃശ്യമാകും. മുമ്പ് ചിന്തിച്ചതു പോലെയുള്ള ചിന്തകൾ കൊഴിഞ്ഞു പോകും. അശ്രദ്ധതയുടെ ആഴിയിൽ നിന്നും, വസ്തുക്കളുടെ പുറംമോടിയിൽ ബന്ധിപ്പിച്ച പ്രകടനപരതയിൽ നിന്നും മോചിതനായ വിശിഷ്ട ജീവിതമായിരിക്കും പിന്നീട് നിന്നിൽ ഉണ്ടാവുക.
രാപകൽ വ്യത്യാസമില്ലാത്ത ഈ പ്രപഞ്ചത്തിൽ മനുഷ്യൻ കാണുന്ന വർണ്ണാഭമായ കാഴ്ചകൾ എത്ര മനോഹരമാണ്. നക്ഷത്ര – ഗോളങ്ങൾ കൊണ്ട് അലങ്കരിച്ച ആകാശങ്ങൾ, പൂന്തോപ്പിൽ സൗരഭ്യം വിടർത്തുന്ന പൂക്കൾ, കിളിനാദങ്ങൾ, ചിത്ര ശലഭങ്ങൾ. ഹാ! എത്ര മനോഹരം. ഈ കാഴ്ചകൾ കാണുന്ന അവൻ്റെ മുമ്പിൽ സ്ഥിരപ്പെടുന്നത്/ പ്രകടമാകുന്നത് മുൻ മാതൃകയില്ലാതെ സൃഷ്ടിച്ച സ്രഷ്ടാവിൻ്റെ സാന്നിധ്യമാണ്. അവൻ്റെ സൃഷ്ടിപ്പിലെ അത്ഭുതങ്ങളിലും മനോഹാരിതയിലും ആകൃഷ്ടനാകുന്നതാണ്. ഇലകൾ ഇടതൂർന്നു നിൽക്കുന്ന ഫലദായകമായ മരങ്ങളിലെ വ്യത്യസ്തങ്ങളായ അത്ഭുത കായ്കനികളെ പറ്റി ചിന്തിച്ചു നോക്കു. സ്വന്തമായി വളരുന്ന ശിഖിരങ്ങൾ. തിരമാലകൾ അലതുള്ളുന്ന സമുദ്രമോ? അതുല്യമായ സംവിധാന ക്രമങ്ങളുടെ ലോകമാണ് സമുദ്രങ്ങൾ. ഇങ്ങനെ തുടങ്ങി ഏത് പ്രാപഞ്ചിക ക്രമത്തിലും മനനം നടത്തുമ്പോൾ ഒരു സർജ്ജന ക്രിയ നടത്തിയ സ്രഷ്ടാവിൻ്റെ അനിവാര്യതയെ അടയാളപ്പെടുത്തുന്നുണ്ട്. തീർച്ച! വൈവിധ്യമായ ഈ സംവിധാന ക്രമങ്ങൾ നിയന്ത്രിക്കുന്നത് പരമാധികാരിയും ശക്തിയുക്തനുമായ അല്ലാഹുവാണ്. ഏകനായ അല്ലാഹു.
ദിവ്യ ദർശനം സാധ്യമാക്കുന്നത് ഒരു നിമിഷ നേരം കൊണ്ടാണ്. അങ്ങനെ അവൻ ഉന്നത പദവിയിലേക്കുള്ള സ്ഥാനാരോഹണത്തിന് വിധേയമാകുന്നു. ഇതുവരെ യഥാർത്ഥ പ്രാപഞ്ചിക വീക്ഷണത്തിലൂന്നി പ്രപഞ്ചത്തെ നോക്കി കാണാൻ തടസ്സം സൃഷ്ടിച്ച വരണ്ട ബോധങ്ങൾ അന്ത്യശ്വാസം വലിക്കുന്നു. അതോടെ പ്രപഞ്ചത്തിൽ ഓരോ ചലന നിശ്ചലനങ്ങളിലും ഇലാഹീ സാന്നിധ്യത്തെ തിരിച്ചറിയുന്ന വിശുദ്ധ അവസ്ഥയിലെത്തുന്നു. ഇലാഹീ ആകർഷണത്തിൽ ദിവ്യ ദർശനം ലഭിച്ചവരുടെ ഈ അവസ്ഥയെയാണ് “വഹ്ദത്തു ശുഹൂദ്” എന്ന് വിളിക്കുന്നത്.
ഈ അവസ്ഥക്ക് മുമ്പ്, ദേഹേച്ഛയുടെയോ ആഗ്രഹങ്ങളുടെയോ ലക്ഷ്യങ്ങളുടെയോ പരിസരത്ത് നിന്ന് രൂപപ്പെടുത്തിയ പ്രാപഞ്ചിക വീക്ഷണത്തിന് പ്രാപഞ്ചിക പ്രതിഭാസങ്ങളിൽ ഇലാഹീ സാന്നിധ്യം കണ്ടെത്താൻ സാധിക്കാതെ വന്നിരുന്നു. എന്നാൽ അല്ലാഹു ദിവ്യ ദർശനത്തിൻ്റെ മാർഗം തുറന്നു തരുമ്പോൾ പുതിയ ഒരു ജ്ഞാനവീക്ഷണമാണ് നിന്നിൽ രൂപപ്പെടുക. അത് പ്രാപഞ്ചിക കർമങ്ങളിൽ ഇലാഹീ സാന്നിധ്യത്തെ മറവെക്കുന്ന വീക്ഷണത്തെയും വിസ്മരിപ്പിക്കുന്ന ആഗ്രഹങ്ങളെയും വികാരങ്ങളെയും ശമിപ്പിക്കുന്നു.
ചിലർക്ക് അല്ലാഹുവിന്റെ തിരഞ്ഞെടുപ്പിൻ്റെ ഫലമായി ഒരൊറ്റ നിമിഷം കൊണ്ടാണ് ഈ ദിവ്യദർശനം സാധ്യമാകുന്നതെങ്കിൽ, സുകർമ്മങ്ങൾ, ദിക്റുകൾ എന്നിവയിലൂടെയും സംസ്കരണത്തിൻ്റെ പാതയിലൂടെയും സഞ്ചരിക്കുന്ന പലർക്കും ദിവ്യ ദർശനം ഉണ്ടായിത്തീരുന്നതാണ്. ഈ പാത ദൈർഘ്യമേറിയതാണ്. ഒരുപാട് കാലവും സമയവും വിനിയോഗിച്ചാണ് ദിവ്യ ദർശനത്തിലെത്തുക. ഇതാണ് ബഹുഭൂരിപക്ഷ ജനങ്ങളും അവലംബിക്കേണ്ടത്.
എന്നാൽ ഇജ്തിബാഇൻ്റെ പാത വളരെ അനായാസമാണ്. ദൈർഘ്യം കുറഞ്ഞതുമാണ്. എങ്കിലും ഈ മാർഗം തിരഞ്ഞെടുക്കുന്നതിൽ മനുഷ്യർക്ക് ഒരു സ്വാധീനവുമില്ല. അല്ലാഹു അവൻ്റെ ഇഷ്ട ദാസന്മാർക്ക് കനിഞ്ഞു നൽകുന്ന പദവിയാണിത്.
ഉപര്യുക്ത വിവരണം ഈ ഹിക്മത്തിൻ്റെ അർത്ഥ സമ്പൂർണ്ണമായ വാചകങ്ങളിലൂടെ അവസാനിപ്പിക്കാം. “ദിവ്യ ദർശനം അല്ലാഹുവിൽ നിന്നാണ്. നിൻ്റെ സത്കർമ്മങ്ങൾ അവനിലേക്കുള്ള തിരുമൂൽ കാഴ്ചയും. അവൻ നൽകിയ ദർശനത്തെ അപേക്ഷിച്ച് എവിടെയാണ് നിൻ്റെ തിരുമൂൽ കാഴ്ചയ്ക്ക് സ്ഥാനമുള്ളത്? “
(തുടരും)

വിവര്‍ത്തനം: ബി എം സ്വഫ്‌വാന്‍ ഹാദി
Lecturer at the Faculty of Sharia at the University of Damascus in 1960. He went to Al Azhar University for a doctorate in Shariah and received his doctorate (PhD) in 1965.
