വാഗ്ദത്ത നിർവഹണത്തിലെ നീതിയും അനീതിയും
ഹികം സീരീസ് – 10
“വാഗ്ദത്തം ചെയ്യപ്പെട്ട കാര്യം സഫലീകരിക്കപ്പെടാത്തതിൽ നീ സന്ദേഹി യാവരുത്. അവ സമയ ബന്ധിതമാണെങ്കിൽ പോലും ശങ്ക വേണ്ടതില്ല. എന്തെന്നാൽ, ആശങ്ക അകക്കാഴ്ച്ചക്ക് മങ്ങലേൽപ്പിക്കും, ആത്മ ശോഭയെ അണച്ചു കളയും.”
പ്രാര്‍ത്ഥന, ചോദ്യം എന്നിവയെ ബന്ധിപ്പിക്കാതെ തന്നെ അല്ലാഹു തന്റെ അടിമകള്‍ക്കായി ഒരുപാട് വാഗ്ദത്തങ്ങള്‍ ചെയ്തിട്ടുണ്ടെന്ന കാര്യം വിശുദ്ധ ഖുര്‍ആന്‍ വായിക്കുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടുന്നതാണ്. അല്ലാഹു ചുമതലപ്പെടുത്തിയ ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചവർക്ക് പൂര്‍ത്തീകരിച്ചു നൽകുന്ന, സംശയാതീതമായ വിശുദ്ധ വാഗ്ദത്തങ്ങളില്‍ പെട്ടവയാണ് ചുവടെ ചേർത്തിരിക്കുന്നത്.
1- തീർച്ചയായും നാം നമ്മുടെ ദൂതന്മാരെയും വിശ്വാസികളെയും ഐഹിക ജീവിതത്തിലും, സാക്ഷികൾ നിൽക്കുന്ന ദിവസത്തിലും സഹായിക്കുക തന്നെ ചെയ്യും. (40:51)
2- അപ്പോൾ അവർക്ക് അവരുടെ രക്ഷിതാവ് സന്ദേശം നൽകി: ‘തീർച്ചയായും നാം ആക്രമികളെ നശിപ്പിക്കുകയും, അവർക്കു ശേഷം നിങ്ങളെ നാം നാട്ടിൽ അധിവസിപ്പിക്കുകയും ചെയ്യുന്നതാണ്. എൻ്റെ സ്ഥാനത്തെ പറ്റി ഭയപ്പെടുകയും, എൻ്റെ താക്കീതിനെ ഭയപ്പെടുകയും ചെയ്തവർക്കുള്ളതാണ് ആ അനുഗ്രഹം. (14:13-14)
3- ഭൂമിയിൽ അടിച്ചമർത്തപ്പെട്ട ദുർബ്ബലരോട് ഔദാര്യം കാണിക്കുവാനും, അവരെ നേതാക്കളാക്കുവാനും, (നാടിൻ്റെ) അനന്തരാവകാശികളാക്കുവാനുമാണ് നാം ഉദ്ദേശിക്കുന്നത്. (28:5)
4 – സത്യവിശ്വാസിയായി കൊണ്ട് സദ്വൃത്തികൾ ചെയ്യുന്ന പുരുഷനോ, സ്ത്രീയോ ഏതൊരാൾക്കും നല്ല ജീവിതം തീർച്ചയായും നാം നൽകുന്നതാണ്. (16:97)
5- നിങ്ങൾ അല്ലാഹുവിനെ സഹായിക്കുന്ന പക്ഷം അല്ലാഹു നിങ്ങളെ സഹായിക്കുന്നതാണ്. നിങ്ങളുടെ പാദങ്ങൾ അവൻ സ്ഥിരപ്പെടുത്തുകയും ചെയ്യും. (47:7)
പരാമര്‍ശിത സൂക്തത്തിലൂടെയും ഇതിനു സമാനമായ സൂക്താശയങ്ങളിലൂടെയും സഞ്ചരിക്കുമ്പോൾ, ഉത്തരവാദിത്തങ്ങൾ പാലിച്ചു നീങ്ങുന്ന അടിമകൾക്ക് അല്ലാഹു കനിഞ്ഞു നൽകുന്ന വാഗ്ദത്തിൽ എല്ലാവരും ഒന്ന് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഒരു വേള ഈ വാഗ്ദത്തങ്ങളെ പറ്റിയും, നിലവിലെ അവസ്ഥകളെ പറ്റിയും ചിന്തിക്കുമ്പോൾ കണ്ടെത്താൻ സാധിക്കുന്ന കാര്യമിതാണ്. അതിലൂടെ അവർ ഒരു സംശയത്തിലേക്ക് ചെന്നെത്തുന്നു. അതെ, ഇന്ന് അവന് എറ്റെടുത്ത വാഗ്ദാനങ്ങളെല്ലാം നിവര്‍ത്തിയാകാതെ പോകുന്നുണ്ടല്ലോ? അല്ലാഹു വാഗ്ദത്തം ചെയ്ത പ്രകാരം മുസ്ലികള് സുരക്ഷിതരല്ല. അക്രമികൾ മുസ്ലിംകൾക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുകയും, അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുന്നു.! എന്നിട്ടും അവരെ അല്ലാഹു വാഗ്ദത്തം ചെയ്തതു പ്രകാരം നശിപ്പിക്കുന്നില്ലല്ലോ? മുസ്ലിംകളില് ഭൂരിപക്ഷവും അല്ലാഹുവിന്റെ വാഗ്ദത്ത പ്രകാരമുള്ള സുഖസുന്ദരമായ ജീവിതമല്ലല്ലോ നയിക്കുന്നത്? എന്നിങ്ങനെ അനേകം സംശയങ്ങളുണ്ട് പലർക്കും. ഈ വിധം അല്ലാഹുവിന്റെ വാഗ്ദത്തങ്ങളില്‍ സംശയിക്കുന്നവരോടാണ് ഇബ്നു അത്വാഇന്റെ ഈ തത്ത്വോപദേശം. “വാഗ്ദത്തം ചെയ്യപ്പെട്ട കാര്യം സഫലീകരിക്കപ്പെടാത്തതിൽ നീ സന്ദേഹി യാവരുത്. അവ സമയ ബന്ധിതമാണെങ്കിൽ പോലും ശങ്ക വേണ്ടതില്ല. എന്തെന്നാൽ, ആശങ്ക അകക്കാഴ്ച്ചക്ക് മങ്ങലേൽപ്പിക്കും, ആത്മ ശോഭയെ അണച്ചു കളയും.”
വാഗ്ദാനങ്ങളില്‍ ഞാന്‍ എങ്ങനെ സംശയിക്കാതിരിക്കും? വാഗ്ദാനങ്ങളുടെ വിപരീതമാണല്ലോ എന്റെ അനുഭവങ്ങള്‍ എന്ന ചോദ്യത്തിന്റെ സാധ്യത ഏറെയാണ്.
തന്റെ ബാധ്യതകളെ പറ്റി ഒരല്പം പോലും ആലോചിക്കാതെ, അല്ലാഹുവിന്റെ വാഗ്ദാനങ്ങളുടെ പിറകെ പോകുന്നതു കൊണ്ടാണ് (ഞാന്‍ ഇവിടെ ഉദാഹരണങ്ങള്‍ പറഞ്ഞതും അല്ലാത്തതുമായ) അല്ലാഹുവിന്റെ വാഗ്ദാനങ്ങളിലുളള സംശയത്തിന്റെ കാരണം. പ്രസ്തുത ചോദ്യത്തിന്റെ ഉത്തരവും ഇതുതന്നെയാണ്. അത്തരക്കാരുടെ ചോദ്യത്തെ ഒന്നുകൂടി വ്യക്തമായി മനസ്സിലാക്കാൻ നമുക്കൊരു ഉദാഹരണം വായിക്കാം. ചോദ്യകർത്താവ് ഉന്നയിച്ചേക്കാവുന്ന കാര്യത്തിന് ഇങ്ങനെ അക്ഷരപ്പകർച്ച നൽകാം.
”ഞങ്ങള്‍ സത്യവിശ്വാസികളാണ്. പളളികള്‍ നമസ്കരിക്കുന്നവരെ കൊണ്ട് അലങ്കാരമണിഞ്ഞിരിക്കുന്നു. വ്രതം കൊണ്ട് നാം റമളാനിനെ സജീവമായി വരവേല്‍ക്കുന്നു. ഹജ്ജിന്റെ നാളുകളില്‍ വിശുദ്ധ ഗേഹത്തിലേക്ക് കര്‍മ്മനിരതരായി കാല്‍വെപ്പ് നടത്തുന്നു. അതെ നാം അല്ലാഹുവിന്റെ ദീനിനെ സഹായിക്കുന്നവരാണ്. മതത്തിൻ്റെ ചിഹ്നങ്ങൾക്ക് സംരക്ഷണം എർപ്പെടുത്തുന്നു. എവിടെയാണ് അല്ലാഹുവിന്റെ സഹായം? എവിടെയാണ് അവന്റെ പരിരക്ഷ? എന്തുകൊണ്ടാണ് ശത്രുക്കള്‍ക്ക് നമ്മുടെ അവകാശങ്ങളും, അധികാരങ്ങളും, പ്രദേശങ്ങളും പിടിച്ചെടുക്കാൻ സാധ്യമാകുന്നത്?. എന്തുകൊണ്ടാണ് നാം ശത്രുക്കളുടെ അടിച്ചമര്‍ത്തലുകള്‍ക്ക് നാം വിധേയരാകുന്നത്? മറ്റൊന്നുമല്ല. സര്‍വ്വാധിപന്റെ സഹായം ഇല്ലാത്തതു കൊണ്ടു തന്നെയല്ലേ. ”ആരാണ് ഈ വിധത്തിൽ പറയുന്നതും, ചിന്തിക്കുന്നതും? മറ്റാരുമല്ല. വ്യക്തിപരമായി അല്ലാഹു നിര്‍ണ്ണയിച്ച ബാധ്യതകള്‍ പാലിക്കാതെ, തനിക്കും സമൂഹത്തിനുമുള്ള പൊതു ബാധ്യകളെ മുന്‍നിര്‍ത്തി ഏറെ കരുതലോടെ വിലയിരുത്തേണ്ടതിനെ, ദുര്‍ബലമായ കാഴ്ച്ചപ്പാടിലൂടെ വീക്ഷിക്കുന്നവരാണ്. അവര്‍ക്കു മാത്രമെ തഥൈവ പറയാൻ കഴിയൂ.
ഇസ്ലാമിക ചിഹ്നങ്ങള്‍ ഇവിടെ എന്നും നിലനിര്‍ത്തണമെന്ന ദൈവിക ഉത്തരവ് അവർ ഭംഗിയായി നിർവഹിക്കുന്നുണ്ട്. അതിൽ ഒരു വീഴ്ച്ചയും വരുത്തുകയില്ലെന്ന് അവർ ശപഥം ചെയ്യുന്നുണ്ട്. പളളികളില്‍ എത്രമാത്രം ആളുകളാണ് നിസ്കാരത്തിന് സന്നിഹിതരാകുന്നത്. വ്രതമനുഷ്ഠിച്ചും, നിശാ നമസ്കരിച്ചും വിശുദ്ധ റമളാനെ സജീവമാക്കുന്നവരുണ്ട്. എല്ലാ വര്‍ഷവും വിശുദ്ധ ഗേഹത്തിലേക്ക് അസംഖ്യം തീർത്ഥാടകർ പരന്നൊഴുകുന്നു. ഇതത്രെ അവർ മതചിഹ്നങ്ങളെ പരിരക്ഷിക്കുന്ന രീതി. ഈ പൊതുവായ മതചിഹ്നങ്ങളെ മാറ്റി നിർത്താതെ തന്നെ അവരുടെ സ്വഭാവങ്ങളെ പ്രതിയും, ജീവിത വഴികളെക്കുറിച്ചും ഒന്ന് വിചിന്തനം നടത്തേണ്ടതുണ്ട്. അവരുടെ വീടുകളിലേക്ക് പ്രവേശിക്കുമ്പോള്‍ അവിടെ ഇസ്ലാം അന്യമായിട്ടാണ് അനുഭവപ്പെടുക. വീട്ടുകാര്‍ തങ്ങളുടെ ദേഹേച്ഛയുടെ ഇരുട്ടിൽ ഇച്ഛാനുസരണം ആര്‍മാദിക്കുകയാണ്. എല്ലാ നിലക്കും ഇസ്ലാമിക ചിന്തകളെ അവഗണിക്കുന്നതിനെ അവർ സ്വാഗതം ചെയ്യുന്നു. നവോത്ഥാനം, മതേതരത്വം, സ്വാതന്ത്ര്യം തുടങ്ങിയ പാശ്ചാത്യൻ അലയൊലികൾ അവരുടെ പ്രവൃത്തികളെ വരഞ്ഞു കെട്ടിയിരിക്കുകയാണ്. മതത്തിൻ്റെ അടിസ്ഥാന ബോധത്തെ ഇളക്കി മാറ്റുന്ന ഒരു പ്രേരണയെന്നാണ് സ്വാതന്ത്ര്യമെന്ന സംജ്ഞയിൽ അർത്ഥമാക്കുന്നത്.
ഇന്നത്തെ സമൂഹം പൊതുവെ, ദൈവിക വിധികളെ തിരസ്കരിക്കുന്ന നൂലുകൾ കൊണ്ട് നെയ്ത ഒരു വസ്ത്രമാണ്. ചിന്തിക്കുന്ന ഏതൊരാൾക്കും ഇത് ബോധ്യമാകുന്നതായിരിക്കും. ആധുനികതയുടെ ആവരണത്തിനുള്ളിൽ രൂപപ്പെടുത്തിയ പൊതു ബോധമാണ് നമ്മുടെ സമൂഹത്തിന്റേത്. ഇസ്ലാമിക ചിഹ്നങ്ങൾക്ക് പരിരക്ഷണം തീർക്കാൻ സ്രഷ്ടാവ് നമ്മെ ഉത്തരവാദിത്തപ്പെടുത്തിയതിന് (പരാമർശിത രീതിയിൽ) ഇന്ന് നാം ഏർപ്പെടുത്തുന്ന സംരക്ഷണമോ? അത് പട്ടിൽ പൊതിഞ്ഞ പാഷാണം പോലെയാണ്. പുറംമോടി മികച്ചതാണെങ്കിലും, അകത്തളം വിഷലിപ്തമാണ്.
ഇങ്ങനെ പറയുന്നവരില്‍ മിക്കവരും അല്ലാഹു വാഗ്ദത്തം പാലിക്കേണ്ടതുണ്ടെന്ന് വിശ്വസിക്കുന്നു. എന്നാല്‍ അവര്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗ ദര്‍ശനത്തില്‍ നിന്ന് വഴി പിഴച്ചവരും, മത വിധികളെ നിന്ദിക്കുന്നവരുമാണ്. എത്രത്തോളമെന്നാൽ അവര്‍ മതത്തിന്റെ അടിസ്ഥാന കാര്യങ്ങള്‍ പോലും അറിയാത്തവരാണ്. നിലകൊളളുന്ന പൊതുവായ മത ചിഹ്നങ്ങളെയും, മറ്റുളളവര്‍ നിര്‍വഹിക്കുന്ന കാര്യങ്ങളെയും ആസ്പദിച്ചു (തെളിവ് അവലംബിച്ച്) കൊണ്ടാണ് ഇവര്‍ അല്ലാഹുവിന് അവര്‍ പറയുന്ന വിധം വാഗ്ദത്തം പാലിക്കേണ്ടതുണ്ടെന്ന് പുലമ്പുന്നത്.
ഭൗതിക വ്യവഹാരങ്ങളില്‍ മുഴുകിയ മനുഷ്യന്റെ ഉള്‍ക്കാഴ്ച്ചയുടെ മാപിനിയില്‍ തന്റെ ഉത്തരവാദിത്തങ്ങള്‍ പതിയാതെ പോകുന്നു. പതിഞ്ഞാല്‍ തന്നെ അതു വളരെ ചെറിയതോതിൽ മാത്രം. അവന്റെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതും, സുരക്ഷിതത്വം ഏര്‍പ്പെടുത്തേണ്ടതും അല്ലാഹുവിന്റെ ബാധ്യതയാണെന്നും, അത് തനിക്ക് അല്ലാഹുവില്‍ നിന്ന് ലഭ്യമാകേണ്ട അവകാശമാണെന്നുമുളള തോന്നലുകളാണ് ഇത്തരം വീക്ഷണങ്ങളുടെ അസ്തിവാരം.
അഞ്ചു നേരത്തെ നിസ്കാരവും, റമളാനിലെ വ്രതവും, വിശുദ്ധ ഗേഹത്തിലുളള പ്രദക്ഷിണയും നിര്‍വഹിക്കുന്നതോടെ അല്ലാഹുവോട് തനിക്കുള്ള എല്ലാ ഉത്തരവാദിത്തങ്ങളും ഭംഗിയായി പൂര്‍ത്തീകരിച്ചുവെന്നും, ഖുര്‍ആന്‍ പരാമർശിച്ച സച്ചരിതരിൽ താന്‍ ഉള്‍പ്പെട്ടുവെന്നുമാണ് ഇത്തരം മനുഷ്യര്‍ സ്വയം കരുതുന്നത്.
മനുഷ്യന് അല്ലാഹുവെയും അവന്റെ സവിശേഷതകളെയും കൂടുതല്‍ അടുത്തറിയുമ്പോഴും, ഭൗതികതയുടെ ചതുപ്പുനിലത്തിൽ നിന്ന് കൂടുതല്‍ അകന്നു നില്‍ക്കുമ്പോഴുമാണ് അവന്റെ ഉള്‍ക്കാഴ്ച്ചയില്‍ അല്ലാഹുവോടുളള മനുഷ്യന്റെ ബാധ്യതകളുടെ ആഴവും വലിപ്പവും പതിയുന്നത്. താന്‍ നിര്‍വഹിക്കുന്നതെല്ലാം വളരെ ചെറുതാണെന്നും, അല്ലാഹുവിന്റെ വാഗ്ദാനങ്ങള്‍ക്ക് അര്ഹനാകാന് ഞാന്‍ ഒരുപാട് സഞ്ചരിക്കേണ്ടതുണ്ടെന്നുമുളള കാര്യം മനുഷ്യന്റെ അകക്കണ്ണിനു ബോധ്യമാകുന്നതാണ്.
അടുത്തിടെ പാശ്ചാത്താപം കൊണ്ട് അല്ലാഹുവിലേക്ക് അടുക്കാന്‍ അവസരം ലഭിച്ച യുവാവിന്റെ കാര്യം സങ്കല്‍പ്പിക്കുക. അഞ്ചു നേരത്തെ നിസ്കാരങ്ങള്‍ ഭംഗിയായി നിര്വഹിക്കുന്നവനായും, താന്‍ അകപ്പെട്ട കൊടുംപാപങ്ങളില്‍ നിന്നും നീചവൃത്തികളിൽ നിന്നും പാടെ മാറി നില്ക്കുന്നവനുമായിട്ടാണ് തന്നെ പറ്റി സ്വയം ആലോചിക്കുമ്പോള്‍ കണ്ടെത്താന്‍ സാധിക്കുന്നത്. ഇതോടെ സച്ചരിതരുടെ പട്ടികയില്‍ താനും ഉള്‍പ്പെടുമെന്നാണ് അവന്റെ ധാരണ.
എന്നാല്‍ ഇസ്ലാമിക യാഥാര്‍ത്ഥ്യങ്ങള്‍ കൊണ്ട് മനസ്സ് നിറഞ്ഞവര്‍ക്ക് അല്ലാഹുവെ പറ്റിയും, അവന്റെ വിശേഷണങ്ങളെ പറ്റിയും കൂടുതൽ ജ്ഞാനം ലഭിച്ചു കൊണ്ടേയിരിക്കും.
”നിസ്കരിക്കുന്നുണ്ട്. എന്നാല്‍ നിസ്കാരമോ?
ആത്മാവ് ചോര്‍ന്ന ഒരു ഉപരിപ്ലവം മാത്രമാണ്. മന:സ്സാന്നിധ്യമില്ലാത്ത, അശ്രദ്ധതകൾ കൊണ്ടുള്ള ഒരു പ്രവര്‍ത്തി. അത് ഫര്‍ളുകളില്‍ മാത്രം ഒതുങ്ങി നില്ക്കുന്നു. ഫര്‍ളുകളെ പൂര്‍ണ്ണമാക്കുന്ന സുന്നത്തുകളൊന്നും അനുഷ്ഠിക്കുന്നുമില്ല.” ഇങ്ങനെയാണ് അവര്‍ സ്വയം വിലയിരുത്തുന്നത്.
അങ്ങനെ അവര്‍ ഇസ്ലാമിക യാഥാര്‍ത്ഥ്യങ്ങളുടെ മാധുര്യം നുണഞ്ഞു അനുഭവിക്കുന്നു. അതോടെ ഇലാഹീ പ്രേമവും, ദൈവ ഭക്തിയും വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. അവന്റെ സാമീപ്യത്തിനായുളള പരിശ്രമങ്ങള്‍ അവർ തുടർന്നു കൊണ്ടേയിരിക്കും. അപ്പോഴെല്ലൊം അവന് തന്റെ കണ്ണില്‍ വളരെ ചെറിയവന് മാത്രമാണ്. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്തിന്റെ മുമ്പാകെയും, അവനോടുളള തന്റെ ഉത്തരവാദിത്തത്തിന്റെ വലിപ്പത്തെ മാനിച്ചും എങ്ങനെയാണ് എന്റെ അനുസരണ/ സാമീപ്യത്തിനായുളള പ്രവര്‍ത്തനങ്ങള്‍ മികവുറ്റതാവുക ? ഈ ഭാവം അവനിൽ ദൈവിക സന്നിധിയിലേക്കുള്ള പ്രയാണത്തിന് ശക്തി പകരും. ആരാധനാ കർമ്മങ്ങൾ കലര്‍പ്പില്ലാത്ത വിധം നിർവഹിക്കാൻ അങ്ങേയറ്റം പരിശ്രമിക്കുകയും ചെയ്യും. ഈ ഒരു മാനസികാവസ്ഥയിലായിരിക്കെ മനുഷ്യര്‍ക്ക് എങ്ങനെയാണ് അല്ലാഹുവോട് ആവശ്യപ്പെടാന്‍ തങ്ങൾ അര്‍ഹരാണെന്ന് കരുതാന്‍ സാധിക്കുക. വീഴ്ച്ച വരുത്തിയവന് എന്ന ബോധത്തില്‍ കഴിയുന്നവര്‍ക്ക് എങ്ങനെയാണ് സജ്ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത സുഖസുന്ദരമായ ജീവിതത്തെ ചോദിക്കാന്‍ സാധിക്കുക?!.
അല്ലാഹുവെ പറ്റി ഏറ്റവും കൂടുതല്‍ അറിവും, സ്നേഹവും, ആദരവുവുമുളള വ്യക്തിത്വമാണ് പ്രവാചകര്‍ മുഹമ്മദുറസൂലുല്ലാഹി(സ്വ). അല്ലാഹുവോടുളള തന്റെ ബാധ്യതകള്‍ നിര്‍വഹിക്കാനും, അനുഗ്രഹങ്ങള്‍ക്ക് വേണ്ട വിധം ശുക്റ് ചെയ്യാനും സാധിച്ചിട്ടില്ലെന്നും, തന്റെ ഭാഗത്ത് നിന്ന് ന്യൂനതകൾ ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു തിരുമേനി(സ്വ)യുടെ ഭാവം.
തൻ്റെ ബാധ്യത നിർവഹണത്തിൽ പൂർണ്ണതയില്ല എന്ന മാനസികാവസ്ഥിയിൽ തിരുനബി എല്ലാ ദിനരാത്രങ്ങളിലും നൂറു തവണ ഇസ്തിഗ്ഫാർ(പാപമോചനം) നടത്താറുണ്ടായിരുന്നു. ഇതിൻ്റെ യാഥാർത്ഥ്യത്തെ കൃത്യതപ്പെടുത്തി കൊണ്ട് ആത്മജ്ഞാനികൾ പറഞ്ഞതിങ്ങനെയാണ്. ഹസനാത്തുൽ അബ്റാർ, സയ്യിആത്തുൽ മുകർറബീൻ. സാധാരണ ഗതിയിൽ നല്ലതെന്നത്, സാമീപ്യം കൂടിയവർക്കിടയിലാകുമ്പോൾ അത് തെറ്റു പോലെയായിരിക്കും.
ഞാന്‍ വിവരിച്ച കാര്യത്തെ ഒന്നുകൂടി വ്യക്തമാക്കാന്‍ ഇമാം ഷ്വാത്വിബി അദ്ദേഹത്തിന്റെ അല്‍ മുവാഫിഖാത്ത് എന്ന കൃതിയില്‍ പറഞ്ഞ കാര്യം ഇവിടെ ഉദ്ധരിക്കാം. ”ജനങ്ങള്‍ രണ്ടു വിഭാഗമാണ്. ഒന്ന്, അവര്‍ ഈമാനികവും, ഇസ്ലാമികവുമായി പാലിക്കേണ്ട കാര്യങ്ങളില്‍ കൂടുതലായി ഒന്നും ചെയ്യാത്ത രീതിയിലുളള ഇടപഴക്കമാണ് ഇവര്‍ പാലിക്കുന്നത്. ഭയഭക്തി, ആദരവ്, പ്രതീക്ഷ, പ്രണയം തുടങ്ങിയവയിൽ ഊന്നിക്കൊണ്ടുളള ഇടപഴക്കമാണ് രണ്ടാം വിഭാഗത്തിന്റെ സവിശേഷത. ഭയമെന്നത് തിളക്കമാർന്ന ചാട്ടവാറാണ്, പ്രതീക്ഷ ഉന്മേഷവാനായ ഒരു തേരാളിയാണ്, സ്നേഹം പ്രേരണയുടെ പ്രവാഹമാണ്. അതെ ഇവരെ നിയന്ത്രിക്കുന്നത് ഭയമാണ്. നയിക്കുന്നത് പ്രതീക്ഷയും, വഹിക്കുന്നത് സ്നേഹവുമാണ്. ഏത് പ്രയാസകരമായ അവസ്ഥയിലും ഭയം അവരെ പ്രവർത്തന നിരതരാക്കും. അനുരാഗി തന്റെ പ്രേയസിയോടുള്ള താത്പര്യം അനുരാഗിയെ തീക്ഷ്ണമായ അധ്വാനത്തിലേക്ക് വഴിതെളിക്കും. അതോടെ അവർക്ക് കഠിനമായതെല്ലാം വളരെ നിസ്സാരമായിരിക്കും. അകലങ്ങളിൽ നിന്നുള്ളതെല്ലാം അടുപ്പത്തിലാവും. തങ്ങൾ വാഗ്ദത്തങ്ങൾ പൂർത്തീകരിച്ചവരാണ്/ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകാശിപ്പിച്ചവരാണെന്ന ഭാവം അവർക്കില്ല.
ഇതുവരെ വായിച്ച കാര്യത്തില്‍ നിന്ന് ചില അടിസ്ഥാന കാര്യങ്ങള്‍ വ്യക്തമാകുന്നതാണ്. സത്യസന്ധമായി, ഭയഭക്തിയോടെ നിബന്ധനകള്‍ പാലിക്കുന്നവര്‍ക്ക് അല്ലാഹു ചെയ്ത വാഗ്ദാനങ്ങള്‍ നിര്‍വഹിക്കപ്പെടാതെ പോയിട്ടില്ല. അവര്‍ ആ നിബന്ധനകളെക്കുറിച്ച് അറിയുന്നവരും, അതിനെ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യുന്നവരുമാണ്. അല്ലാഹുവിനെ അടുത്തറിഞ്ഞവരുമാണത്രെ അവർ. അല്ലാഹുവോടുളള സ്നേഹവും ആദരവും അവരുടെ ഹൃദയങ്ങളില്‍ നിറഞ്ഞൊഴുകും. ഇമാം ഷ്വാത്വിബി പറഞ്ഞ പ്രകാരം ഇസ്ലാം എന്ന വ്യവസ്ഥയോടുളള സംവേദനം മാത്രമായി കഴിയുന്നവരല്ല അവർ. അല്ലാഹുവോടുളള ഉത്തരവാദിത്തങ്ങളിൽ തികഞ്ഞ ശ്രദ്ധ പുലര്‍ത്തുന്നവരാണ്. അല്ലാഹുവില്‍ നിന്നുളള വാഗ്ദാനങ്ങളെ പറ്റിയുള്ള സംസാരം അവരിൽ നിന്നുണ്ടാവുകയില്ല.
വിശുദ്ധ ഖുർആനിലെ (ഇബ്റാഹീം അധ്യായത്തിൽ, 13 – 14) സൂക്തത്തിൽ പറയുന്ന പ്രകാരമുള്ള പദവിയിലേക്ക് അവർ എത്തിച്ചേർന്നിട്ടില്ല. അഥവാ, “അപ്പോൾ അവർക്ക് അവരുടെ രക്ഷിതാവ് സന്ദേശം നൽകി: ‘തീർച്ചയായും നാം ആക്രമികളെ നശിപ്പിക്കുകയും, അവർക്കു ശേഷം നിങ്ങളെ നാം നാട്ടിൽ അധിവസിപ്പിക്കുകയും ചെയ്യുന്നതാണ്. എൻ്റെ സ്ഥാനത്തെ പറ്റി ഭയപ്പെടുകയും, എൻ്റെ താക്കീതിനെ ഭയപ്പെടുകയും ചെയ്തവർക്കുള്ളതാണ് ആ അനുഗ്രഹം” സൂക്തത്തിൽ പരാമർശിച്ച പ്രകാരം ഭയപ്പെടുന്നവരുടെ പദവിയിലേക്ക് അവർ എത്തിപ്പെട്ടിട്ടില്ല. “നിങ്ങൾ എന്നോടുള്ള കരാർ നിറവേറ്റുക, എങ്കിൽ നിങ്ങളോടുള്ള കരാർ ഞാനും നിറവേറ്റുന്നതാണ്. എന്നെ മാത്രമേ നിങ്ങൾ ഭയപ്പെടാവൂ. (2:40) ഈ വചനത്തിന്റെ ഒരര്ത്ഥത്തിലേക്കും അവർ എത്തിപ്പെട്ടിട്ടില്ല. കാരണം, ഇസ്ലാമിക കരാർ ഏറ്റെടുക്കുക എന്ന അടിത്തറയിൽ മാത്രം അല്ലാഹുവോട് സംവദിക്കുന്നവർ, ഇസ്ലാമിൽ ചേരുക എന്നതിനപ്പുറം മറ്റൊരു മൂല്യവും അവർ കൽപ്പിക്കുന്നില്ല.
1967ലെ (Arab- isreal war/ six day war) യുദ്ധത്തിൽ പങ്കെടുത്ത യോദ്ധാക്കളിൽ ഒരാൾ എന്നോട് പറഞ്ഞ ഒരു കാര്യം ഇവിടെ കുറിക്കുന്നു. തൻ്റെ സഹയോദ്ധാക്കളോടൊത്ത് ഡമസ്കസിലേക്ക് മടങ്ങി വരികയായിരുന്നത്രെ അവർ. നിസ്കാര സമയമായപ്പോൾ വഴി മധ്യേ അനുയോജ്യമായ സ്ഥലം കണ്ടെത്തി നമസ്കാരം നിർവഹിച്ചു തുടങ്ങി. അതിനിടെ വിദേശികളായ വിദഗ്ധ സൈനികർ അവരുടെ അടുത്തെത്തി. നമസ്കരിക്കുന്നവരെ സാകൂതം വീക്ഷിച്ചിരുന്നു. നമസ്കാരം പൂർത്തിയാക്കിയ സൈനിക സംഘത്തോട് അവരുടെ ചോദ്യം ഇതായിരുന്നു. അല്ലാഹു നിങ്ങളെ യുദ്ധത്തിൽ സഹായിച്ചിട്ടില്ലല്ലോ?. പിന്നെ എന്തിനാണ് നിങ്ങൾ അവനു വേണ്ടി നമസ്ക്കരിക്കുന്നത്?!
ഈ സംഭവം വിവരിച്ച സൈനികനോട് ഞാൻ ചോദിച്ചു. “അല്ലാഹുവിൻ്റെ കൽപ്പനകൾ തിരസ്കരിച്ചും, അനുസരിക്കാതെയും, അനേകായിരം കുറ്റങ്ങൾ ചെയ്ത നമ്മെ ഭൂമി വിഴുങ്ങുക(ആഴ്ത്തിക്കളയുക), ഭൂകമ്പം, കല്ലു മഴ തുടങ്ങിയ ശിക്ഷകൾ മുഖേന നശിപ്പിക്കാത്തതിനാലാണ് ഞങ്ങൾ അല്ലാഹുവിന് നമസ്കാരം മുഖേന നന്ദി രേഖപ്പെടുത്തുന്നത്. നമുക്കുണ്ടായ ഈ വിപത്തിനെക്കാൾ വലിയ ശിക്ഷകൾക്ക് ഞങ്ങൾ അർഹരായിട്ടും അതൊന്നും അവൻ ചെയ്തില്ലല്ലോ. അതിനുള്ള നന്ദി പ്രകാശനം കൂടിയാണ് നമസ്കാരം” എന്ന് അവരോട് പറയാമായിരുന്നില്ലേ?! ഈ ചോദ്യം ഉന്നയിച്ചവർ അല്ലാഹുവിനോട് മനുഷ്യർ നിർവഹിക്കേണ്ട ബാധ്യതകളെ പറ്റി മാത്രമല്ല, അവൻ്റെ അസ്തിത്വത്തെപ്പറ്റിയും അറിവില്ലാത്തവരാണ്.
സ്വാലിഹായ ഒരു വ്യക്തിയോട് ഒരാൾ ചോദിച്ച കാര്യം ഞാൻ ഓർക്കുന്നു. യാ സയ്യിദീ, എന്തു കൊണ്ടാണ് നിങ്ങളിൽ കറാമത്തുകൾ ഞങ്ങൾക്ക് പ്രകടമാകാത്തത്? അതുണ്ടായാൽ അല്ലാഹുവിലുള്ള നമ്മുടെ വിശ്വാസത്തിൻ്റെ കരുത്ത് വർദ്ധിക്കുമായിരുന്നു. അതിൽ ഒരു സ്ഥിരതയും കൈവരിക്കാം. പിന്നെ എന്തു കൊണ്ട് കറാമത്തുകൾ ഉണ്ടാവുന്നില്ല.? അദ്ദേഹം പ്രതികരിച്ചു. ഒരോ നിമിഷവും, അല്ലാഹു എന്നെ എത്രമാത്രം കറാമത്തുകൾ/അത്ഭു സിദ്ധികൾ കൊണ്ടാണ് ആദരിച്ചിരിക്കുന്നത്. അതൊന്നും നിങ്ങൾ കാണുന്നില്ലേ? ഇല്ല. ഞങ്ങൾക്ക് ഒന്നും കാണാൻ സാധിക്കുന്നില്ലല്ലോ? സൂഫിവര്യൻ തുടർന്നു. ഭൂമിയിലേക്ക് ആഴ്ന്നു പോകാതെ, അഗ്നികൾ, തീ നാളങ്ങൾ എന്നിവ കൊണ്ട് ശിക്ഷിക്കപ്പെടാതെ ഞാൻ വളരെ സുഖകരമായി ഭൂമിയിൽ വസിക്കുന്നത് കാണുന്നില്ലേ?ഇതെല്ലാം ദൈവിക ബഹുമതികളല്ലേ. അവന് മുമ്പിൽ സമർപ്പിക്കേണ്ട ബാധ്യതകളിലും, അനുസരിക്കുന്നതിലും നിത്യമായ വീഴ്ച്ച വരുത്തിയ ഞാൻ എന്തുകൊണ്ടും ദൈവിക ശിക്ഷക്ക് അർഹനാണ്. എനിക്ക് മുമ്പേ കടന്നു പോയ ഒരുപാട് സമൂഹങ്ങളെ ശിക്ഷിച്ചതു പോലെ എന്നെ ശിക്ഷിക്കാതെ അവൻ്റെ പരിരക്ഷയാൽ അനാവരണം ചെയ്തിരിക്കുന്നു.! ഇത് അത്രമേൽ ഉത്കൃഷ്ടമായ ബഹുമതിയാണ്.
ഈ സാത്വികനായ വ്യക്തിയുടെ കാഴ്ച്ചപ്പാടുകളെ സത്യപ്പെടുത്തുന്ന വാക്കുകളാണ്, ഈ ചോദ്യത്തിനുള്ള ഉത്തരമായി പിറവി കൊണ്ടത്. നിഷ്കളങ്കമായ ഈ വാക്കുകൾക്ക് കൃത്രിമത്വം ആരോപിക്കൽ അപ്രാപ്യമാണ്. അതെ, അന്തരങ്ങളിൽ ഇലാഹീ പ്രേമവും, ദൈവഭക്തിയും, പ്രവാഹമായി ഒഴുക്കുന്നവർ, തങ്ങളുടെ മുമ്പിലുള്ള വൈവിധ്യങ്ങളായ ദൈവികാനുഗ്രഹങ്ങൾ ഏറ്റുവാങ്ങുമ്പോൾ അവർ വിനയപൂർവ്വമാണ് അല്ലാഹുവോട് സംവദിക്കുന്നത്.
പ്രത്യേകിച്ചും ഈ സൂക്തങ്ങൾ വായിക്കുമ്പോൾ ഇവർക്ക് ഇങ്ങനെ മാത്രമെ സംവദിക്കാൻ കഴിയുകയുള്ളൂ. “ആകാശത്തുള്ളവൻ നിങ്ങളെ ഭൂമിയിൽ ആഴ്ത്തിക്കളയുന്നതിനെപ്പറ്റി നിങ്ങൾ നിർഭയരായിരിക്കുകയാണോ? അപ്പോൾ ഭൂമി ഇളകിമറിഞ്ഞു കൊണ്ടിരിക്കും. അതല്ല ആകാശത്തുള്ളവൻ നിങ്ങളുടെ നേരെ ഒരു ചരൽ വർഷം അയക്കുന്നതിനെപ്പറ്റി നിങ്ങൾ നിർഭയരായിരിക്കുകയാണോ? എൻ്റെ താക്കീത് എങ്ങനെയുണ്ടെന്ന് വഴിയെ നിങ്ങൾ അറിയുന്നതായിരിക്കും. (67:16-17)
നാം ആദ്യമായി അല്ലാഹുവിൻ്റെ ചര്യകളെപ്പറ്റി കൃത്യതയോടെ പഠിക്കേണ്ടതുണ്ട്. അല്ലാഹുവിൻ്റെ സംവിധാന ക്രമങ്ങളുടെ പൊതു സ്വഭാവത്തെ അൽപ്പസ്വൽപം മനസ്സിലാക്കാതെയാണ് നാം പല പുതിയ സംഭവങ്ങളെയും വായിക്കുന്നത്. ദൈവികചര്യയെപ്പറ്റിയുള്ള അവബോധം കൂടാതെയുള്ള നമ്മുടെ നിരീക്ഷണങ്ങൾ അബദ്ധങ്ങളിലേക്കാണ് ചെന്നുവീഴുന്നത്.
ചില വ്യക്തികളുടെ പ്രവൃത്തികളുടെ പരിണിത ഫലമായി എല്ലാവരെയും ശിക്ഷയിൽ പിടികൂടുക എന്നത് അവന്റെ ചര്യയുടെയും സംവിധാന ക്രമങ്ങളുടെയും ഭാഗമാണ്. അവൻ ഈ കാര്യം വളരെ വ്യക്തമായി പറഞ്ഞതാണ്. ”ശിക്ഷയെ നിങ്ങൾ ഭയപ്പെടുക. അത് നിങ്ങളിലുള്ള അക്രമികളെ മാത്രമായിരില്ല, ശിക്ഷ പിടികൂടുന്നത് (അൽ അൻഫാൽ 25). ഈ സൂക്തത്തെ ബലപ്പെടുത്തുന്ന തിരുവാക്യം വായിക്കാം. സൈനബ (റ) ചോദിച്ചു: “നമ്മുടെ ഇടയിൽ സുകർമ്മികൾ ഉണ്ടായിരിക്കെ, നമ്മെ നശിപ്പിക്കുമോ?” തിരുമേനി പറഞ്ഞു: അതെ, തിന്മകൾ അധികരിച്ചാൽ നശിപ്പിക്കുന്നതാണ്. എന്താണ് നമ്മുടെ അപാകതകൾ? നമ്മൾ അനുസരിക്കുന്നവരുടെ പാതയിൽ/ നേർമാർഗ്ഗത്തിൽ സഞ്ചരിക്കുന്നവരല്ലേ? പിന്നെ എന്തുകൊണ്ടാണ് മറ്റുള്ളവരുടെ ചെയ്തികളുടെ പിൻബലത്തിൽ നമ്മെ പ്രതിസന്ധിയിലും നാശത്തിലും അകപ്പെടുത്തുന്നത് എന്ന തത്ത്വത്തിന് പ്രസക്തിയില്ല. എന്തെന്നാൽ ശക്തവും വ്യക്തവുമായ രീതിയിൽ ഈ തത്ത്വത്തെ അപ്രസക്തമാക്കുന്ന ചരിത്ര സംഭവം പ്രവാചകരുടെ കാലത്തുണ്ടായിട്ടുണ്ട്. അത് ഉഹ്ദ്, ഉനൈൻ യുദ്ധങ്ങളുടെ ദിവസങ്ങളിലായിരുന്നു.
ഉഹ്ദിൽ തിരുനബി പത്ത് അമ്പതോളം വരുന്ന സ്വഹാബികളായ അമ്പെയ്ത്തുകാരെ ഉയർന്ന മലകളിൽ വിന്യസിച്ചു. തൻ്റെ സമ്മതമില്ലാതെ അവിടെ നിന്ന് നീങ്ങരുത് എന്നായിരുന്നു തിരുകൽപ്പന. യുദ്ധം കൊടുമ്പിരി കൊണ്ടു. മുസ്ലിം സൈന്യത്തെ അല്ലാഹു സഹായിച്ചു. ശത്രുക്കൾ അമ്പുകൾ ഏറ്റുവാങ്ങി പരാജയത്തിൻ്റെ ഓരം പറ്റി, തങ്ങളുടെ എല്ലാവിധ സൈനിക വസ്തുക്കളും വലിച്ചെറിഞ്ഞു കൊണ്ട് പതറി ഓടി. ഒരുപാട് ധനങ്ങളും, സൈനിക ആയുധങ്ങളുമുണ്ട്. വിജയിക്കുന്നവർക്കാണല്ലോ അവർ ഉപേക്ഷിച്ചു പോകുന്നതെല്ലാം. അവ ശേഖരിക്കുകയാണ് മുസ്ലിം സൈന്യം. അമ്പെയ്ത്തുകാർ തങ്ങളെ നിർത്തിയ സ്ഥലത്തു നിന്ന് ഇതെല്ലാം കാണുന്നുണ്ടായിരുന്നു. യുദ്ധം കഴിഞ്ഞു, വിജയം സാധ്യമായി. അവർ താഴോട്ട് ഇറങ്ങാൻ വേണ്ടി പരസ്പരം സംസാരമുണ്ടായി. ചിലർ പറഞ്ഞു: തിരുമേനിയുടെ കൽപ്പന പ്രകാരം മാത്രമെ ഇറങ്ങാവൂ. ഇതും പറഞ്ഞു ചിലർ അവിടെ തന്നെ നിന്നു. മറ്റു ചിലർ തങ്ങളുടെ ഗവേഷണ പ്രകാരം താഴോട്ട് ഇറങ്ങി. ഗനീമത്തിൽ നിന്ന് തങ്ങളുടെ വിഹിതം കൈപ്പറ്റാൻ വേണ്ടിയുള്ളതായിരുന്നു ആ ഇറക്കം. എന്നാൽ എന്തായിരുന്നു അതിൻ്റെ പര്യവസാനം?
ഭയന്നു വിറങ്ങലിച്ച ശത്രുക്കളുടെ മനസ്സിൽ അല്ലാഹു ധൈര്യവും സ്ഥൈര്യവും നൽകി, അതോടെ അവർ പൂർവ്വാധിക ശക്തിയോടെ തിരിച്ചെത്തി. ഖാലിദിൻ്റെ നേതൃത്വത്തിലുള്ള ഒരു സംഘം പർവ്വതങ്ങളിൽ നിലയുറപ്പിച്ച വില്ലാളികളുടെ നേർക്കു ചെന്നു. അവരെ കൊലപ്പെടുത്തി, ആ സ്ഥലം കീഴ്പ്പെടുത്തി, മുസ്ലിംകൾക്കു നേരെ അസ്ത്രമെയ്തു തുടങ്ങി. വിജയത്തിൻ്റെ അരിക് പ്രാപിച്ച, ഉന്മേഷം നിറഞ്ഞ മുസ്ലിംകളുടെ ഹൃദയത്തിൽ അല്ലാഹു പരിഭവം നൽകി. വിജയത്തിനു പകരം പരാജയമെന്ന പോലെ. അതിൻ്റെ ഫലം തിരു വ്യക്തിത്വത്തിലേക്കും വ്യാപിച്ചു. മുസ്ലിം സൈന്യത്തിന് ശത്രു സൈന്യത്തെക്കാൾ നാലിരട്ടിയുള്ള തകർച്ച സംഭവിച്ചത്.
ഇതെല്ലാം ചില അനുചരന്മാർ ചെയ്ത പ്രവൃത്തിയുടെ ഫലമായിട്ടാണ് സംഭവിച്ചത്. പ്രവാചകരുടെ സാന്നിധ്യം ആ ചെയ്തിയുടെ പരിണിത ഫലത്തെ ഇല്ലായ്മ ചെയ്യുന്നതിനോ, പരിഗണിക്കാതിരിക്കുന്നതിനോ യാതൊരു സ്വാധീനവും ഉണ്ടായിട്ടില്ല. ഇവ്വിഷയകമായി, അഥവാ അടിമകളെ സർവ്വാധിപൻ പിടികൂടുന്ന ദൈവികചര്യയെ പറ്റിയുള്ള അവബോധം ഉണ്ടാക്കാനുള്ള ഇലാഹീ പ്രഖ്യാപനം ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും, സൂക്ഷിക്കാനും വേണ്ടിയാണ്.
ആ പ്രഖ്യാപനം ഇങ്ങനെ വായിക്കാം: അല്ലാഹുവിൻ്റെ അനുമതി പ്രകാരം നിങ്ങൾ അവരെ കൊന്നൊടുക്കി കൊണ്ടിരുന്നപ്പോൾ നിങ്ങളോടുള്ള അല്ലാഹുവിൻ്റെ വാഗ്ദാനത്തിൽ അവൻ സത്യം പാലിച്ചിട്ടുണ്ട്. എന്നാൽ നിങ്ങൾ ഭീരുത്വം കാണിക്കുകയും, കാര്യനിർവഹണത്തിൽ അന്യോന്യം പിണങ്ങുകയും, നിങ്ങൾ ഇഷ്ടപ്പെടുന്ന നേട്ടം അല്ലാഹു നിങ്ങൾക്ക് കാണിച്ചതിനു ശേഷം നിങ്ങൾ അനുസരണക്കേട് കാണിക്കുകയും ചെയ്തപ്പോഴാണ്. (കാര്യങ്ങൾ നിങ്ങൾക്ക് എതിരായത്) നിങ്ങളിൽ ലൗകിക ലോകത്തെ ഇഷ്ടപ്പെടുന്നവരും, പരലോകത്തെ ലക്ഷ്യമാക്കുന്നവരുമുണ്ട്. അനന്തരം നിങ്ങളെ പരീക്ഷിക്കുവാനായി അവരിൽ (ശത്രുക്കളിൽ) നിന്ന് നിങ്ങളെ അല്ലാഹു പിന്തിരിപ്പിച്ചു കളഞ്ഞു. എന്നാൽ അല്ലാഹു നിങ്ങൾക്ക് മാപ്പ് തന്നിരിക്കുന്നു. അല്ലാഹു സത്യവിശ്വാസികളോട് ഔദാര്യം കാണിക്കുന്നവനാണ്. ( 3:152)
തിരുനബി(സ)യുടെ സൈന്യത്തിലുള്ള ചിലരുടെ പ്രവൃത്തിയെയും, ഇന്ന് നമ്മുടെ സൈനിക ക്യാമ്പിൽ ഉൾപ്പെടുന്നവരുടെ പ്രവൃത്തികളെയും പറ്റി ഒരു മനനം അനിവാര്യമാണ്. തെളിച്ചു പറഞ്ഞാൽ, പ്രവാചകാനുയായികളുടെ അച്ചടക്ക രാഹിത്യവും, ഇന്നത്തെ മുസ്ലിംകളുടെ അനുസരണക്കേടും തമ്മിൽ ഒരു താരതമ്യം നടത്തുക. ഇന്നത്തെ സൈനികർ ചെയ്യുന്ന പലതും വൻപാതകമായ കുഫ്റിനോട് കൂറ് പുലർത്തുന്നവയാണ്. ചെയ്യുന്ന തിന്മകളുടെ പ്രവാഹങ്ങളെ അംഗീകരിക്കുന്നതോടൊപ്പം തങ്ങളെപ്പറ്റി അല്ലാഹുവിൻ്റെ പ്രത്യേക ഔദാര്യത്തിന് അർഹരായവരാണെന്ന വിചിത്രമായ പ്രമാണങ്ങൾ മുൻനിർത്തി വാചോടാപങ്ങൾ നടത്തുന്നു!! താൻ ദൈവിക വാഗ്ദാനങ്ങൾക്കും സമൂഹം, സജ്ജനങ്ങൾക്ക് വാഗ്ദാനം ചെയ്ത പ്രത്യേക സഹായത്തിനും അർഹനെന്ന് കരുതുന്നത് എത്രമാത്രം ശുദ്ധ ഭോഷ്കാണ്. ഈ ബോധത്തിലൂന്നി അവൻ്റെ വാഗ്ദാനങ്ങളിൽ സംശയിക്കുന്നത് “ഇബ്നു അത്വാഅ് പറഞ്ഞതു പ്രകാരം “അകക്കാഴ്ച്ചയുടെ തെളിച്ചം മങ്ങിയതിൻ്റെയും, ഹൃദയത്തിലെ പ്രകാശം അണഞ്ഞതിൻ്റെയും തെളിവാണ്.
തനിക്ക് മുമ്പിൽ തുറന്നു കിടക്കുന്ന എല്ലാ അവസരങ്ങളും നിഷ്ഫലമാക്കി കൊണ്ട് സ്രഷ്ടാവിനോട് സംവദിക്കാനുള്ള അവസാന പാശത്തെ ഛേദിച്ചും, അവനിലേക്ക് സാമീപ്യം സാധ്യമാക്കുന്ന സത്വൃത്തികളിൽ നിന്ന് വ്യതിചലിച്ചും തൻ്റെ ഇംഗിതത്തിനും ആസ്വാദനത്തിനുമായി ഇഹലോകത്തെ വിനയോഗിക്കുന്ന അഹങ്കാരികളോടും സേച്ഛ്വാധിപതികളോടും സ്രഷ്ടാവ് സംവദിക്കുന്ന രീതികളിൽ പെട്ടതാണ് അല്ലാഹുവിൻ്റെ വിശുദ്ധമായ ഈ ചര്യകൾ. ആനന്ദത്തിൻ്റെ മത്തിലേറിയവരെ ശക്തവും ഭയാനകരവുമായ ശിക്ഷകൾ കൊണ്ട് സർവ്വാധിപൻ പിടികൂടുന്നതായിരിക്കും.
പരാമർശിക്കുന്ന ഖുർആനിക സൂക്തങ്ങൾ വായിക്കുമ്പോൾ ദൈവികചര്യയെ പറ്റി മനസ്സിലാക്കാവുന്നതാണ്.
ഞങ്ങൾ മുസ്ലിംകളായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നേനെ എന്ന് സത്യനിഷേധികൾ കൊതിച്ചു പോകും. നീ അവരെ വിട്ടേക്കുക. അവർ ഭുജിക്കുകയും, സുഖിക്കുകയും, വ്യാമോഹത്താൽ വ്യവഹരിക്കുകയും ചെയ്യട്ടെ. അവർ പിന്നീട് മനസ്സിലാക്കും. നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു കളഞ്ഞവരെ അവർ അറിയാത്ത വിധത്തിൽ പടിപടിയായി നാം പിടികൂടുന്നതാണ്. അവർക്ക് ഞാൻ ഇട കൊടുക്കുകയും ചെയ്യും. തീർച്ചയായും എൻ്റെ തന്ത്രം സുശക്തമാണ്. (7-182-183)
അക്രമികൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന് നിങ്ങൾ വിചാരിക്കരുത്. കണ്ണുകൾ തള്ളിപ്പോകുന്ന ഭയാനകമായ ദിവസം വരെ അവർക്ക് അവൻ സമയം നീട്ടികൊടുക്കുക മാത്രമാണ് ചെയ്യുന്നത്. (14-42-43)
നിനക്ക് മുമ്പ് പല സമൂഹങ്ങളിലേക്കും നാം (ദൂതന്മാരെ) അയച്ചിട്ടുണ്ട്. അവരെ കഷ്ടപ്പാടും ദുരിതവും കൊണ്ട് നാം പിടികൂടി. അത്, അവർ വിനയശീലരായിത്തീരുവാൻ വേണ്ടിയാണ്. അങ്ങനെ അവർക്ക് നമ്മുടെ ശിക്ഷ വന്നെത്തിയപ്പോൾ അവരെന്താണ് താഴ്മയുള്ളവരാകാതിരുന്നത്? പക്ഷേ,അവരുടെ ഹൃദയങ്ങൾ കഠിനമാവുകയാണ് ഉണ്ടായത്. അവരുടെ ചെയ്തികളെ അവർക്ക് പിശാച് ഭംഗിയായി തോന്നിക്കുകയും ചെയ്തു. അങ്ങനെ അവരോട് ഉൽബോധിപ്പിക്കപ്പെട്ട കാര്യങ്ങൾ അവർ മറന്നുകളഞ്ഞപ്പോൾ എല്ലാ കാര്യങ്ങളുടെയും വാതിലുകൾ നാം അവർക്ക് തുറന്ന് നൽകി. അങ്ങനെ അവർക്ക് നൽകപ്പെട്ടതിൽ അവർ ആഹ്ലാദത്തിലായിരുന്നപ്പോൾ, പെട്ടെന്ന് നാം അവരെ പിടികൂടി. അപ്പോൾ അവരതാ നിരാശരായി തീരുന്നു. (6 -42- 44)
നാം വായിച്ചത് ദൈവികചര്യയെ പറ്റി വിശുദ്ധ ഖുർആൻ വ്യക്തമാക്കിയ കാര്യങ്ങളാണ്. മുമ്പ് വായിച്ചതിൻ്റെ വിശദീകരണം കൂടിയാണിത്. പരന്നുകിടക്കുന്ന ആനന്ദങ്ങളിലും ആസ്വാദനങ്ങളിലും അഭിരമിക്കുന്ന അക്രമികളെയും അധർമികളെയും കാണുമ്പോൾ ആശ്ചര്യമാണ് അനുഭവപ്പെടുന്നത്. നിശ്ചയം അത്, അല്ലാഹു പറഞ്ഞ പ്രകാരം, അത് ഏറ്റവും ചെറിയ വിഭവം മാത്രമാണ്. അതിന് നിത്യതയില്ല. സ്ഥിരതയില്ല. മാത്രമല്ല ആ വിഭവങ്ങൾ, പ്രത്യക്ഷത്തിൽ സന്തോഷത്തിൻ്റെയും സുരക്ഷിതത്വത്തിൻ്റെയും ഭാഗമാണെങ്കിൽ പോലും, വാസ്തവത്തിൽ അത് ഉൾവഹിക്കുന്നത് പ്രതിസന്ധിയെയും, അതിഭീകരമായ വേദനകളെയുമാണ്. അല്ലാഹുവിന് മാത്രം അറിയുന്ന ആ സമയം അടുക്കുമ്പോൾ, അവർ വ്യത്യസ്തമായ ആനന്ദത്തിൽ മുഴുകിയ വിഭവങ്ങൾ ഉൾവഹിച്ചത് പ്രത്യക്ഷത്തിലേക്ക് പൊട്ടിപ്പുറപ്പെടുന്നതാണ്. ഇതാണ് ഈ സൂക്തത്തിൽ അർത്ഥമാക്കുന്നത്. “അങ്ങനെ അവർക്ക് നൽകപ്പെട്ടതിൽ അവർ ആഹ്ലാദത്തിലായിരുന്നപ്പോൾ, പെട്ടെന്ന് നാം അവരെ പിടികൂടി. അപ്പോൾ അവരതാ നിരാശരായി തീരുന്നു.”
ഞങ്ങൾ മുസ്ലിംകളാണ്. നമുക്ക് മേൽ അല്ലാഹു എറ്റെടുത്ത വാഗ്ദാനങ്ങൾ അവൻ പാലിക്കുന്നില്ല. എന്നാൽ അല്ലാഹുവിൻ്റെ നിർദേശങ്ങൾ പാലിക്കാത്ത അധർമികൾക്ക് അവർ പ്രതീക്ഷിക്കാത്ത വിധം എത്രമേൽ അനുഗ്രഹങ്ങളും ബഹുമതികളുമാണ് അല്ലാഹു നൽകുന്നത്. ഒരാൾ ഇങ്ങനെ പറയുന്നുണ്ടെങ്കിൽ അവരുടെ അകക്കണ്ണിന് തേയ്മാനം സംഭവിച്ചിട്ടുണ്ട്. അവർക്ക് മാത്രമെ ഈ വിധം പറയാൻ സാധിക്കുകയുള്ളു. ദൈവിക അധ്യാപനങ്ങളെ കുറിച്ചും, വിശിഷ്യാ സുകർമ്മികളോടും വിശ്വാസികളോടും അധർമികളോടും അവൻ സംവദിക്കുന്ന രീതിയെ പറ്റിയും കൃത്യമായ അവബോധമുള്ളവരെ ഇത്തരം ചിന്തകൾ പിടികൂടുന്നതല്ല.

വിവര്‍ത്തനം: ബി എം സ്വഫ്വാന് ഹാദി
Lecturer at the Faculty of Sharia at the University of Damascus in 1960. He went to Al Azhar University for a doctorate in Shariah and received his doctorate (PhD) in 1965.
