ശാഫിഈ മദ്ഹബിന്റെ ആഗോള വർത്തമാനങ്ങൾ
വിശ്രുത പണ്ഡിതൻ മുഹമ്മദ് ബ്നു ഇദ്രീസുശ്ശാഫിഈ (റ) ക്രോഡീകരിച്ച ധർമ്മശാസത്രധാരയാണ് ശാഫിഈ മദ്ഹബ് ( ശാഫിഈ സരണി). നാല് അംഗീകൃത മദ്ഹബുകളിൽ കൂടുതൽ പ്രചാരത്തിലുള്ളതും അനുദിനം വളർന്നുകൊണ്ടിരിക്കുന്നതുമാണിത്. ആവിർഭാവം ഈജിപ്ത്, ഇറാഖ് എന്നീ ദേശങ്ങളെ കേന്ദ്രീകരിച്ചാണെങ്കിലും ലോകത്തെല്ലായിടത്തും ഏറിയും കുറഞ്ഞും ഈ സരണിയെ പിൻപറ്റുന്നവരുണ്ട്. ഇതിന്റെ പ്രധാന കാരണം ശാഫിഈ പണ്ഡിതൻമാർ ജ്ഞാനാന്വേഷണ-പ്രസരണാർത്ഥം നടത്തിയ ദേശാടനങ്ങളായിരുന്നു. അതിനു പുറമേ ഈ വളർച്ച തിരു പ്രവചനത്തിന്റെ പുലർച്ചയും കൂടിയാണ്. അന്ന് തിരുനബി പ്രവചിച്ചതിങ്ങനെയായിരുന്നു: “ഖുറൈശ് ഗോത്രത്തെ നിങ്ങൾ പഴിക്കരുതേ. ആ ഗോത്രത്തിൽ നിന്നുള്ള ഒരു പണ്ഡിതൻ ഭൂലോകം മുഴുക്കെ ജ്ഞാനം നിറക്കും” ശാഫിഈ ഫിഖ്ഹിന്റെ വളർച്ചക്കു ഈ പ്രവചനവും ഹേതുവെന്നു ചുരുക്കം.
മദ്ഹബുകൾ ജ്ഞാനാന്വേഷണത്വരയെ ക്ഷയോന്മുഖമാക്കുമെന്ന സലഫി -മദ്ഹബ് വിരുദ്ധ കക്ഷികളുടെ ജൽപനങ്ങൾക്ക് മദ്ഹബിനകത്തു നടക്കുന്ന അന്വേഷണങ്ങളും മനനങ്ങളും കൃത്യമായ മറുപടിയാണ്. കൂടാതെ ഇവ്വിശയികമായി അവരുടെ അറിവില്ലായ്മയെ കൂടെ മനസ്സിലാക്കപ്പെടേണ്ടതുണ്ട്.
ഇമാം ശാഫിഈ സ്ഥാപിച്ച അടിത്തറക്ക് മുകളിലാണ് പിൽക്കാല പണ്ഡിതർ അന്വേഷണങ്ങളും വിചിന്തനങ്ങളും നടത്തുന്നത്. അത്തരം അന്വേഷണങ്ങൾ പണ്ടു മുതൽക്കേ ചലനാത്മകവും സജീവവുമായിരുന്നു. എണ്ണിയാലൊടുങ്ങാത്ത ഗ്രന്ഥശേഖരങ്ങളും വൈജ്ഞാനിക ചർച്ചകളും പാഠശാലകളും അതിന്റെ പ്രതിഫലനങ്ങളും ഉൽപ്പന്നങ്ങളുമാണ്. ഇന്നും അത്തരം ശ്രമങ്ങൾ നടന്നുവരുന്നുണ്ടെന്ന വിശേഷങ്ങളാണ് ശാഫിഈ ധർമ്മശാസത്രത്തിന്റെ ആഗോള വാർത്തകൾ പങ്കുവെക്കുന്നത്.
ഇന്ന് ലോകത്ത് ശാഫിഈ ഫിഖ്ഹിന്റെ വളർച്ചയെയും അതിന്റെ പുതുനാമ്പുകൾ തളിർത്തയിടങ്ങളെയും പരിചയപ്പെടുത്തുകയാണിവിടെ.
സമകാലിക സാഹചര്യത്തിൽ ആഗോളതലത്തിൽ ശാഫിഈ ധർമ്മശാസ്ത്രധാരയിൽ ഗ്രന്ഥരചനകൾ, അക്കാദമിക് പഠനങ്ങൾ, പാരമ്പര്യ ജ്ഞാനവിനിമയ സമ്പ്രദായങ്ങൾ തുടങ്ങിയവ മുൻപന്തിയിലുണ്ട്. വിജ്ഞാനങ്ങളെ അക്കാദമിക് രീതിയിൽ സമീപിക്കുന്ന പുതിയ സാഹചര്യത്തിൽ ശാഫിഈ ധർമ്മശാസ്ത്ര സംബന്ധിയായിരചനകൾ ഈ മേഖലയിൽ പുതുകാൽവെപ്പുകളാണ്. യമൻ, സിറിയ, അൽ അഹ്സാ, ടുണീഷ്യ, യു എ ഇ, ജോർദാൻ, ഫലസ്തീൻ, ഈജിപ്ത്, കുവൈത്ത്, ഒമാൻ, ഇന്തോനേഷ്യ, മലേഷ്യ, ഫിജി, അഫ്രിക്കയുടെ ചില ഭാഗങ്ങൾ, ഇന്ത്യയിൽ കേരളം മുതൽ കൊങ്കൺ വരെയുള്ള തീരപ്രദേശങ്ങൾ, ബോംബെ, യുറോപ്യൻ രാജ്യങ്ങൾ, ഓസ്ട്രലിയ, ദാഇസ്ഥാൻ എന്നിവിടങ്ങളിൽ ഏറിയും കുറഞ്ഞും ശാഫിഈ ധാരയെ അനുവർത്തിച്ചു കർമ്മങ്ങൾ ചെയതു പോരുന്ന വിശ്വാസികളുണ്ട്.
മേൽ സൂചിപ്പിച്ച ഇടങ്ങളിലെ വളർച്ചാ വികാസങ്ങളുടെ രീതിയും ഭാവങ്ങളും വ്യത്യസ്തമാണ്. നിലവിൽ ശാഫിഈ ഫിഖ്ഹിൽ കൂടുതൽ കരണീയമായ സംഭാവനകൾ ചെയ്തു വരുന്നത് യമനികളാണ്. ശാഫിഈ ഫിഖ്ഹിന് ഗ്രന്ഥങ്ങളായും പഠനങ്ങളായും പുറമേ ദർസുകളിലൂടെയും യൂണിവേഴ്സിറ്റികളിലൂടെയും മറ്റും വലിയ സേവനങ്ങൾ യമനികൾ അർപ്പിച്ചിട്ടുണ്ട്. യമനികളുടെ തൂലികയിൽ നിന്നും വിരിഞ്ഞ ഗ്രന്ഥങ്ങളിൽ ശ്രദ്ധേയമാണ് “അത്തഖ് രീറാത്തുസ്സദീദ” എന്ന കൃതി. ഒരുപാട് പ്രത്യേകതകൾ ഉള്ള ഇതിന്റെ രചനാരീതിശാസ്ത്രവും ശൈലിയും മുൻകാല രചനകളിൽ നിന്നും വ്യത്യസ്തതമാണ്. അക്കാദമിക് ടെക്സ്റ്റ്കളോട് ചേർന്നു നിൽക്കുന്ന രൂപത്തിലാണ് രചന. പുതിയ കാലത്ത് ഇത്തരമൊരു പഠനം ശാഫിഈ ഫിഖ്ഹിന്റെ വലിയ വളർച്ചക്ക് ഹേതുവാകും. കേരളീയ ഉലമാക്കളിൽ പ്രധാനിയായിരുന്ന നൂറുൽ ഉലമ എം.എ ഉസ്താദ് ഈ രൂപത്തിൽ അക്കാദമിക് ഭാഷ്യത്തിൽ ശാഫിഈ ഫിഖ്ഹിനെ ക്രോഡീകരിക്കണമെന്ന തന്റെ സ്വപ്നത്തെ പലപ്പോഴും പങ്കുവെക്കാറുണ്ടായിരുന്നുവത്രെ. അത്തരമൊരു മഹത്തായ ഉദ്യമമാണിവിടെ നിറവേറിയത്. “തഖ് രീറാത്ത് ” ന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. യമനിലെ പ്രധാന പാരമ്പര്യ പാഠശാലകളിൽ ഇതിന്റെ പല ഭാഗങ്ങളും ചർച്ചകൾക്കും സംശോധനകൾക്കും പരിശോധനകൾക്കും മറ്റും വിധേയമാക്കിയിട്ടുണ്ട്. മാത്രമല്ല ശാഫിഈ കർമ്മ ശാസത്രധാരയിലെ പ്രഭാകിരണങ്ങളായ ഇബ്നുഹജർ(റ), റംലി (റ) എന്നിവരുടെ അഭിപ്രായങ്ങളെ കൃത്യതയോടെ അടിക്കുറിപ്പുകളിൽ നൽകിയതും ഇതിന് മാറ്റുകൂട്ടുന്നു. കർമ്മശാസ്ത്രത്തിന്റെ നാല് ഉപവിഭാഗങ്ങളെയും ഇതിൽ പ്രതിപാദിക്കുന്നുമുണ്ട്.
സിറിയ, ജോർദാൻ, ഫലസ്തീൻ എന്നിവിടങ്ങളിൽ താരതമ്യേന ശാഫിഈകളാണുള്ളത്. അവിടെയൊക്കെ യുദ്ധക്കെടുതികൾക്ക് നടുവിൽ, പഠനങ്ങളും മറ്റുമായി ശാഫിഈ ഫിഖ്ഹ് മുന്നോട്ട് ഗമിച്ചു കൊണ്ടിരിക്കുകയാണ്. ജോർദാനിലെ “ശൈഖ് നൂഹുൽ ഖുളാത്ത് ” എന്ന പണ്ഡിതന്റെ പഠനങ്ങൾ വിസ്മരിക്കാവതല്ല. സിറിയയിലെ ഡോ: ശൈഖ് മുഹമ്മദ് സഈദ് റമളാൻ അൽബൂത്വിയുടെ രചനാ- അധ്യാപന രംഗങ്ങളിലെ സേവനങ്ങൾ ശാഫിഈ ധാരയുടെ വലിയ മുതൽക്കൂട്ടാണ്. വളരെ വലിയ പ്രത്യാശക്ക് വക നൽകുന്നതാണ് ജോർദാനിലെ പണ്ഡിത കൂട്ടായ്മകൾ. പഠനങ്ങൾക്കും മറ്റും നേതൃത്വം നൽകി വരുന്നത് അവരാണ്. ജോർദാനിലെ ഔഖാഫിന്റെ സൈറ്റുകളിൽ പാംലെറ്റുകളായി ആ പഠനങ്ങളത്രയും ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. സംശയ നിവാരണത്തിനും മറ്റും ജോർദാനിൽ രാജാവിന്റെ കീഴിൽ അവസരവുമുണ്ട്. അവിടെ ശാഫിഈ ധർമ്മശാസത്രധാര അനുസരിച്ചാണ് ഫത് വകൾ ( മതവിധികൾ) നൽകിപ്പോരുന്നത്. യു എ ഇ, കുവൈത്ത് എന്നിവിടങ്ങളിൽ മാലികി ധാരയാണ് കൂടുതലെങ്കിലും അവിടെയും ശാഫിഈകൾ ഉണ്ട്. സൗദി അറബ്യയിലും ശാഫിഈ ധാരയെ അനുവർത്തിക്കുന്നവരെ കാണാം. പ്രത്യേകിച്ചും അൽ അഹ്സാ എന്ന പ്രദേശത്ത്. അവിടെയുള്ള ഉലമാ ഇടപെടലുകൾ ശാഫിഈ മദ്ഹബിന്റെ വളർച്ചക്ക് വേഗം കൂട്ടുന്നുണ്ട്. അഹ്മദ് ദൗഗാൻ, ശിഷ്യൻ അബ്ദുൽ ഇലാഹ് അൽ അർഫജ് എന്നിവരുടെ ശ്രമങ്ങൾ കൂടുതൽ പരിഗണനയർഹിക്കുന്നതാണ്. ശൈഖ് അൽ അർഫജ്( കിങ്ങ് ഫൈസൽ യുണിവേഴ്സിറ്റി പ്രൊഫസർ ) ന്റെ “മഫ്ഹൂമുൽ ബിദ്അ” എന്ന കൃതി സലഫി ലോകത്ത് വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ കൃതിയിലൂടെ അദ്ദേഹം നവീനാശയ (ബിദ്അ) ത്തെ പ്രശ്നവൽക്കരിക്കുകയാണ് ചെയ്യുന്നത്. ശാഫിഈ ധർമ്മശാസത്രത്തെയും അതിന്റെ നിദാന ശാസത്രത്തെയും ആധാരമാക്കിയാണ് അദ്ദേഹം ഇതിനെ വികസിപ്പിക്കുന്നത്. അദ്ദേഹത്തിൻ്റെ തന്നെ “ലിയതഫഖ്ഖഹൂ ” എന്ന കൃതിയും ശ്രദ്ധേയമാണ്.
ഇന്ത്യോനേഷ്യയിലെ ശാഫിഈ ധാരയുടെ വിശേഷവും വിഭിന്നമല്ല അവിടെ ഭൂരിപക്ഷവും പിന്തുടരുന്നത് ശാഫിഈ ധർമ്മശാസ്ത്രത്തെയാണ്. ഇവിടെയുള്ള പണ്ഡിതർ മഖ്ദൂമി ശ്രേണിയിൽ നിന്നുമുണ്ടായ പ്രധാന സംഭാവനയായ ഫത്ഹുൽ മുഈൻ, ഖുർറത്തുൽ ഐൻ എന്നീ ഗ്രന്ഥങ്ങളെ മുൻനിർത്തി ശ്രമകരമായ പഠനങ്ങളുമായി മുന്നേറിയിട്ടുണ്ട്. ശൈഖ അഹ്മദൽജാവി രചിച്ച ഖുർറത്തുൽ ഐൻ വ്യാഖ്യാന ഗ്രന്ഥം “നിഹായത്തുസൈൻ ” അതിൽ തിളക്കമാർന്നതാണ് .
ഇനി ശാഫികൾ ഭൂരിപക്ഷമുള്ള പ്രദേശമാണ് ഒമാൻ. അവിടെയും ശാഫിഈ മദ്ഹബിന്റെ നിരവധി സേവന പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്.
യൂറോപ്യൻ രാഷ്ട്രങ്ങളിലും ശാഫിഈ ധാര അനുവർത്തിക്കുന്നവരെ കാണാം.
ശാഫിഈ ധർമ്മശാസ്ത്ര ധാരയുടെ വളർച്ചയെ കുറിക്കുന്നതാണ് മുകളിലെ വിശേഷങ്ങളത്രയും. ഒരുമദ്ഹബിന്റെ ഫ്രെയിമിനുളളിൽ നിന്നു നടത്തി വരുന്ന പoന അന്വേഷണ ശ്രമങ്ങളുടെ ചുരുക്കെഴുത്താണിത്. മദ്ഹബ് എന്ന വ്യവസ്ഥ ജ്ഞാനാന്വേഷണത്തിന്റെ വാതിലുകളെ അടക്കുകയല്ല, പകരം സുരക്ഷിതമായ ജ്ഞാനാന്വേഷണത്തിന്റെ വാതിലുകൾ തുറന്നു വെക്കുകയാണ്.
Studies Islamic Science at Sirajul Huda College of integrated Studies & BA Malayalam IInd year Calicut university.
