ഉമർ മുഖ്താർ: അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലെ സൂഫി മുഖം
ശക്തമായ സൈനിക പടയോട്ടങ്ങളാൽ പ്രശസ്തരാണ് ലിബിയയിലെ പാരമ്പര്യ സൂഫീവിഭാഗത്തിലെ സനൂസി ധാര. ഇരുപതാം നൂറ്റാണ്ടിൽ ലിബിയയിലെ ഇറ്റാലിയൻ കോളോണിയലിസത്തെയും അതിന്റെ അധിനിവേശ ശ്രമങ്ങളെയും ചെറുക്കുന്നതിന്റെ ഭാഗമായാണ് ഒരു സൈനിക സ്വഭാവമുള്ള പ്രസ്ഥാനമായി സനൂസികൾ കരുത്താർജ്ജിക്കുന്നത്. അധിനിവേശ ശ്രമങ്ങളെ വളരെ തന്ത്രപരമായി പ്രതിരോധ മാർഗ്ഗങ്ങളിലൂടെ സനൂസികൾ ചെറുക്കുകയും അതേ തുടർന്ന് ഇറ്റാലിയൻ സേന നിരവധി സമാധാന കരാറുകളുമായി മുന്നോട്ട് വരികയും ചെയ്തിരുന്നു. എന്നാൽ 1911 ലാണ് സനൂസികൾ കൊളോണിയൽ വിരുദ്ധ ചെറുത്തു നിൽപ്പ് ആരംഭിക്കുന്നത്. 1922 ഓടെ ഇറ്റലിയിൽ ഫാസിസ്റ്റ് ഭരണകൂടം നിലവിൽ വന്നു. അതോടെ, നിലനിന്നിരുന്ന സർവ്വ ഉടമ്പടികളും ലംഘിച്ച് ആക്രമണങ്ങൾ അഴിച്ച് വിടാൻ ആരംഭിച്ചു. തൊട്ടടുത്ത വർഷം മുസ്സോളിനിയുടെ സൈന്യം ‘റീ കോൺക്വിസ്റ്റ’ എന്ന പേരിൽ പുരാതന റോമൻ കോളനികളെ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഈ പശ്ചാത്തലത്തിലാണ് സയ്യിദ് അഹമദ് ശരീഫ് സനൂസിയുടെ നേതൃത്വത്തിൽ പ്രശസ്ത സൂഫിയും പോരാളിയുമായ ഉമർ മുഖ്താർ തീരപ്രദേശമായ സിറനൈക്കയിൽ (Cyrenaica) സായുധ പ്രതിരോധത്തിന് തുടക്കമിടുന്നത്. സിറിയൻ ജനത ഒന്നാകെ ഈ സമരത്തിന് സർവ്വ പിന്തുണയും നൽകിയതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി.
1858 ൽ ലിബിയയിലെ കിഴക്കൻ ബർഖയുടെ ഭാഗമായ തബറുക്കിനടുത്തുള്ള ജാൻസൂളർ എന്ന കൊച്ചു ഗ്രാമത്തിലാണ് ഉമർ മുഖ്താറിന്റെ ജനനം. അറേബ്യൻ വേരുകളുള്ള ‘മൻഫഹ’ ഗോത്രക്കാരനായയിരുന്നു അദ്ദേഹം. അദ്ദേഹത്തെ പോലെ പിതാവ് ഉമർ ബിൻ ഫർഹത് ഒരു ധീര പോരാളി കൂടിയായിരുന്നു. സയ്യിദ് അഹ്‌മദ് ശരീഫ് സനൂസിയുടെ ശിക്ഷണത്തിൽ സനൂസീ പാഠശാലയിലായിരുന്നു ഉമർ മുഖ്താർ തന്റെ പഠന കാലം ചിലവഴിച്ചിരുന്നത്. അവിടെ നിന്നും പരിശുദ്ധ ഖുർആൻ പൂർണമായും മനഃപാഠമാക്കി. പരമ്പരാഗത ഇസ്‌ലാമിനെ വളരെ കണിശതയോടെ പുലർത്തിയിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റ്റേത്. പിൽക്കാലത്ത്, ഇറ്റാലിയൻ സൈന്യത്തിനെതിരെ പോരാടുന്ന കാലത്തും അദ്ദേഹമൊരു ഖുർആൻ പാഠശാല നടത്തിയിരുന്നു. ഖുർആൻ പഠനവും സൂഫി ഉപദേശങ്ങളുമായിരുന്നു അവിടുത്തെ പാഠ്യരീതി.
രണ്ടാം ലോക യുദ്ധത്തിൽ സൈന്യങ്ങൾ സ്വീകരിച്ച ക്രൂരമായ രീതികളാണ് ‘റീ കോൺക്വിസ്റ്റ’ യിലും ഇറ്റാലിയൻ സൈന്യം പ്രയോഗിച്ചിരുന്നത്. സാധാരണക്കാരായ ജനങ്ങളെ ക്രൂരമായി മർദ്ദിക്കുകയും അവരുടെ വീടുകൾക്കും വളർത്തു മൃഗങ്ങൾക്കും നേരെ തുരു തുരാ ബോംബാക്രമണങ്ങൾ നടത്തുകയും ചെയ്തു. ഇറ്റാലിയൻ അധിനിവേശ സൈന്യം കിണറുകളിൽ വിഷം കലർത്തിയും ആയിരങ്ങളെ കൂട്ടമായി തൂക്കിലേറ്റിയും തടവുകാരായി പിടിക്കപ്പെടുന്നവരെ യുദ്ധ വിമാനങ്ങളിൽ നിന്നും താഴേക്കെറിഞ്ഞും കൂട്ടക്കുരുതി നടത്തി. കിരാതമായ മർദ്ദനം സഹിച്ചും ഭക്ഷണം കിട്ടാതെ വിശന്നും ഇറ്റാലിയൻ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ അനേകായിരങ്ങൾ മരിച്ചു വീണു.
ഈയൊരു പശ്ചാത്തലത്തിലാണ് തന്റെ കൂടെയുള്ള ആയിരത്തോളം വരുന്ന പോരാളികളുമായി ഉമർ മുഖ്താർ ഗറില്ലാ യുദ്ധത്തിന് തുടക്കമിടുന്നത്. ഖുർആൻ അദ്ധ്യാപകൻ എന്നതോടൊപ്പം ഉമർ മുഖ്താർ മരുഭൂമിയിലെ യുദ്ധതന്ത്രത്തിൽ നല്ല നൈപുണ്യമുള്ള ആളുമായിരുന്നു.
മരുഭൂമിയുടെ കൃത്യമായ ഭൂമിശാസ്ത്രഘടന വശമുണ്ടായിരുന്ന ഈ ഗറില്ലാ സൈന്യം ശക്തമായ പ്രത്യാക്രമണങ്ങൾ ആരംഭിച്ചു. ഇറ്റാലിയൻ സൈന്യത്തിനാകട്ടെ മരുഭൂമിയിലെ യുദ്ധരീതികളൊന്നും വലിയ വശമുണ്ടായിരുന്നുമില്ല.
മറുവശത്ത്, ഇരുപതിനായിരത്തിലധികം ആൾബലം വരുന്ന ആർമിയും, എണ്ണമറ്റ യുദ്ധ വിമാനങ്ങൾ, അത്യാധുനിക ഉപകരണങ്ങങ്ങൾ എന്നിവ കൈവശമുള്ള ഇറ്റാലിയൻ സേനയാണു ള്ളത്. എന്നാൽ അപ്രതീക്ഷിതവും അതി വേഗത്തിലുമുണ്ടാകുന്ന ഗറില്ലാ ആക്രമണങ്ങളെ പ്രതിരോധിക്കാൻ പോലും കരുത്തരായ ഇറ്റാലിയൻ ആർമിക്ക് സാധിച്ചില്ല. ചുരുങ്ങിയ കാലയളവിനുള്ളിൽ ഇറ്റാലിയൻ സൈന്യത്തിന് ഭീമമായ നാശനഷ്ടമുണ്ടായി.
ഉമർ മുഖ്താറിന്റെ അംഗബലം ചെറുതാണെങ്കിലും വിശ്വസ്തരായ പടയാളികൾ ഇറ്റാലിയൻ സൈന്യത്തിനെതിരെ നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിട്ടു. കേവലം ആക്രമണമായിരുന്നില്ല അവയൊന്നും. വളരെ തന്ത്രപരമായി അവരുടെ വാർത്താവിനിമയ സംവിധാനങ്ങൾക്കും ജലവിതരണ സ്രോതസ്സുകൾക്കും വൈദ്യുതി വിതരണത്തിനും നാശം വിതകുന്നതായിരുന്നു . ഇത്തരമൊരു നീക്കം ഇറ്റാലിയൻ സേനയെ തീർത്തും പ്രതിരോധത്തിലാക്കി. മരുഭൂമിയിൽ കിടങ്ങു(Trench)കൾ കുഴിച്ച് പല സംഘങ്ങളായി തിരിഞ്ഞായിരുന്നു ഗറില്ലാ സംഘം ഇറ്റാലിയൻ സേനയോട് ഏറ്റുമുട്ടിയിരുന്നത്. ഉമർ മുഖ്താറിന്റെ വിശ്വാസവും ആർജ്ജവമുള്ള വ്യക്തിത്വം അദ്ദേഹത്തിന്റെ ശത്രുക്കളെ പോലും സ്വാധീനിച്ചിരുന്നു.
1931 സെപ്റ്റംബറിൽ ഇറ്റാലിയൻ സൈന്യവുമായുള്ള യുദ്ധത്തിനിടക്ക് സൈന്യം ഉമർ മുഖ്താറിനെ വളയുകയും തടവിലാക്കുകയും ചെയ്തു. തുടർന്ന് നടന്ന പരസ്യ വിചാരണയിൽ അദ്ദേഹത്തെ വധശിക്ഷക്ക് വിധിച്ചു. ഒടുവിൽ തന്റെ 73 മൂന്നാം വയസ്സിൽ ഇരുപതിനായിരത്തോളം വരുന്ന ലിബിയൻ ജനതക്ക് മുമ്പിൽ വെച്ച് അദ്ദേഹത്തെ തൂക്കിലേറ്റി.
എന്നാൽ ഉമർ മുഖ്താർ തുടങ്ങി വെച്ച വിപ്ലവത്തിന്റെ അനുരണനങ്ങൾ മിഡിൽ ഈസ്റ്റിലും മിക്ക ആഫ്രിക്കൻ രാജ്യങ്ങളിലേക്കും വളരെ വേഗത്തിൽ വ്യാപിച്ചു. 1931 സെപ്റ്റംബറിൽ അവസാനത്തിൽ ഉമർ മുഖ്താർ എന്ന നാമം ഏഷ്യയിലും ആഫ്രിക്കയുടെ പ്രാന്ത പ്രാദേശങ്ങളിലും അലയടിച്ചു. ദമസ്കസിലും, പലസ്തീനിലും, ഹൈഫയിലും, ട്രിപ്പോളിയിലും പ്രത്യേക ചടങ്ങുകളും മസ്‌ജിദുകളിൽ പ്രത്യേക പ്രാർത്ഥനകളും സംഘടിപ്പിക്കപ്പെട്ടു. ഇതിനെത്തുടർന്ന്, ഈ രാജ്യങ്ങളത്രയും ഇറ്റാലിയൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിച്ചു കൊണ്ടുള്ള ശക്തമായ ആഹ്വാനം നല്കി. കൊളോണിയൽ വിരുദ്ധ പ്രതിഷേധങ്ങളുടെ ഭാഗമായി ടുണീഷ്യയിലും മറ്റു അറബ് രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലും ബുദ്ധിജീവികളും എഴുത്തുകാരും രാഷ്ട്രീയ പ്രമുഖരും ഒരുമിച്ച് കൂടി അദ്ദേഹത്തെ സ്മരിച്ചു.
ഉമർ മുഖ്താറിന്റെ രക്തസാക്ഷിത്വം അവർക്ക് പ്രിയപ്പെട്ടതാകാൻ ചില പ്രത്യേക കാരണങ്ങളുമുണ്ടായിരുന്നു. മഹാനവർകൾ തികഞ്ഞ പാരമ്പര്യ വിശ്വാസത്തിന്റെ വക്താവും സനൂസി ധാരയിലെ അറിയപ്പെട്ട സൂഫി പണ്ഡിതനുമായിരുന്നു എന്നതാണതിൽ പ്രധാനം. മാത്രമല്ല, കൊളോണിയൽ വിരുദ്ധത വ്യാപിച്ചു കൊണ്ടിരുന്ന ആ കാലഘട്ടത്തിൽ മറ്റു രാജ്യങ്ങളും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
അദ്ദേഹത്തിന്റെ മരണ വാർത്തകൾ അന്നത്തെ ഇറ്റാലിയൻ പത്രങ്ങൾ പരമാവധി മറച്ചു വെക്കാൻ ശ്രമിച്ചു. ഉമർ മുഖ്താറിന്റെ പോരാട്ട ചരിത്രവും യുദ്ധത്തിൽ നടന്ന കൂട്ടക്കുരുതിയും പ്രമുഖരായ ഇറ്റാലിയൻ ചരിത്രകാരന്മാർ ഒതുക്കി തീർക്കാൻ നന്നായി ശ്രമിച്ചിരുന്നു. പിന്നീട് 1970 കളിലാണ് Colonialismo Italiano എന്ന പുസ്തകത്തിൽ ഒരു മിലിട്ടറി ചരിത്രകാരൻ സിറനൈക്കയിൽ നടന്ന അടിച്ചമർത്തലുകളുടെയും കൂട്ടക്കുരുതിയുടെയും ചരിത്രം പുറത്ത് കൊണ്ട് വരുന്നത്. ലക്ഷക്കണക്കിന് പേർ നാടുകടത്തപ്പെട്ടെങ്കിലും നാൽപതിനായിത്തോളം സിവിലിയൻമാർ മരണത്തിന് കീഴടങ്ങി.
സനൂസി സൂഫി ധാരയിൽ രക്തസാക്ഷിത്വത്തിന് ഉന്നതമായ പദവിയാണുള്ളത്. ലിബിയയിൽ ഇന്നും ഉമർ മുഖ്താറിന്റെ പേരിലുള്ള തെരുവുകളുണ്ട്. അദ്ദേഹത്തിന്റെ നാമത്തിൽ ലിബിയയിലെ അൽ ബൈദ നഗരത്തിൽ ഒരു സർവകലാശാല സ്ഥിതി ചെയ്യുന്നുണ്ട്. ‘ദി ഗ്രാൻഡ് ഉമർ അൽ മുഖ്താർ’ എന്ന പേരിൽ ലിബിയയുടെ തെക്ക് ഭാഗത്തെ മരുഭൂമിയിലേക്കുള്ള ജലസേചന പദ്ധതിയും നിലവിലുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ സ്മരണക്കായി ബെൻഗാസിയിൽ സ്ഥാപിച്ച സ്മാരകം 2000 ത്തിൽ ഗദ്ദാഫി ഭരണകൂടം പൊളിച്ചു മാറ്റുകയുണ്ടായി. അത് പോലെ തന്നെ ‘അൽ നാദി അൽ അഹ്‌ലി’ എന്ന ഉമർ മുഖ്താറിന്റെ പേരിലുള്ള ക്ലബും നീക്കം ചെയ്തു.
1982 ൽ ഉമർ മുഖ്താറിന്റെ കഥ പറയുന്ന ‘ദി ലയൻ ഓഫ് ദി ഡെസേർട്ട്’ എന്ന ചിത്രവും റിലീസായി. ലിബിയൻ ജിഹാദിനെ കുറിച്ച് ഗവേഷണം നടത്താൻ രൂപീകരിക്കപ്പെട്ട സമിതിയും ഗവണ്മെന്റുമാണ് ചിത്രത്തിന്റെ ഫണ്ടിങ് നിർവഹിച്ചത്. വളരെ പെട്ടെന്ന് തന്നെ ചിത്രം ലോകശ്രദ്ധയാകർഷിച്ചു. തുടർന്ന് ലിബിയൻ സ്റ്റേറ്റ് ടെലിവിഷനിലൂടെ ചിത്രം പലപ്പോഴായി പ്രദർശിപ്പിക്കപ്പെട്ടു. എന്നാൽ ഇറ്റലിയിൽ ചിത്രത്തെ ബാൻ ചെയ്തിരുന്നു.2009 ൽ ഇറ്റാലിയൻ ടി വി യിലാണ് അത് സംപ്രേഷണം ചെയ്തത്. പ്രത്യേക സെൻസർഷിപ്പ് അനുമതിയോട് കൂടെയായിരുന്നു പ്രദർശനം.
കിരാതമായ കൊളോണിയൽ ഫാസിസ്റ്റ് ശക്തികൾക്കെതിരെ തന്റെ ജീവിതം സമർപ്പിച്ച ആ സൂഫീ പണ്ഡിതൻ ലിബിയൻ ജനതയുടെ, ലോകജനതയുടെ ഓർമ്മകളിൽ ഇന്നും സജീവമായി നിലനിൽക്കുന്നു.
