ഗുജറാത്ത്; വിസ്മൃതിയിലാണ്ട ഇസ്‌ലാമിക് ചിത്രങ്ങൾ

പതിനാറാം നൂറ്റാണ്ടിലെ പേർഷ്യൻ മുഗൾ സാമ്രാജ്യത്തിന്റെ ഉപോൽപ്പന്നമാണ് ഇന്ത്യയിലെ ഇസ്‌ലാമെന്നാണ് പലരും കരുതുന്നത്. എന്നാൽ ആഗ്രയിലെ താജ്മഹലിന്റെയും ഡൽഹി ജുമാമസ്ജിദിന്റെയും ഭൂതകാല ചരിത്രങ്ങൾ പരിശോധിക്കുകയാണെങ്കിൽ, ഇന്ത്യയിലെ മറ്റു ദേശങ്ങളിലെല്ലമാഴത്തിൽ ഇസ്‌ലാമിന് വേരോട്ടമുണ്ടായിട്ടുണ്ടെന്ന് ബോധ്യമാകും. ഇന്ത്യയിലെ ഇസ്‌ലാമിന്റ്റെ വ്യാപനത്തിനു പിന്നിൽ മുഗളാരാണെന്ന വാദമൊരു തീവ്രവലതുപക്ഷത്തിന്റെ സൃഷ്ടിയാണ്. ഇസ്‌ലാം സൗത്തേഷ്യയിൽ പുതിയൊരു പ്രതിഭാസമാണെന്നും രാജ്യത്തിന്റെ വടക്കു നിന്ന് കിഴക്കി ഭാഗത്തേക്കാണതിന്റെ വ്യാപനമുണ്ടായതെന്നുമുള്ള വ്യാപകമായ തെറ്റിദ്ധാരണകൾക്ക് ഇത് കാരണമായിട്ടുണ്ട്.

ഗുജറാത്ത്-കൊങ്കൺ തീരദേശങ്ങളിലും മലബാർ തീരത്തും ഇന്ത്യൻ മഹാസമുദ്രം വഴിയുള്ള വാണിജ്യ ബന്ധങ്ങളിലൂടെ ഇസ്‌ലാം ഏഴാം നൂറ്റാണ്ടിൽ തന്നെയെത്തിയിട്ടുണ്ടെന്ന് തെളിവുകൾ ലഭ്യമാണ്.രാജ്യത്തിന്റെ തെക്കുഭാഗത്ത്, കേരളത്തിൽ സ്ഥിതിചെയ്യുന്ന ചേരമാൻ ജുമാ മസ്ജിദ് ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ പള്ളികളിലൊന്നാണ്. എഡി 629 ലാണ് ഈ പള്ളി നിർമിക്കപ്പെടുന്നത്. എതാനും വർഷങ്ങൾക്കുശേഷം തമിഴ്നാട്ടിലും ഒരു മസ്ജിദ് നിർമിക്കപ്പെട്ടെന്ന് ഇബ്നു ബത്തൂത്ത പറയുന്നുണ്ട്. പാലിയ ജുമാ മസ്ജിദണിത്. മുസ്‌ലിം ഇന്ത്യയിലുടനീളം യാത്ര നടത്തുകയും ഡൽഹി സുൽത്തനേറ്റിലെ ഖാളിയായി (ന്യായാധിപനായി) സേവനമനുഷ്ഠിക്കുകയും ചെയ്തവരാണല്ലോ ഇബ്‌നു ബത്തൂത്ത.

ഇന്ത്യയിലെ ഇസ്‌ലാമിക ചരിത്രങ്ങളിൽ പലപ്പോഴും പരാമർശിക്കാതെ പോയ ഗുജറാത്തിന്റെ ചില ചരിത്ര ഭാഗങ്ങളാണ് ഈ ലേഖനം പരിശോധിക്കുന്നത്.

ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്ത് അറേബ്യൻ മഹാസമുദ്രത്തിന് ഓരംപറ്റി നിൽക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. നൂറ്റാണ്ടുകൾ നീണ്ട കുടിയേറ്റങ്ങൾ ഈയൊരു ദേശത്തെ വിവിധ സംസ്കാരങ്ങളുടെ സംഗമ ഭൂമിയാക്കി മാറ്റി. വംശീയവും ഭാഷാപരവുമായ വൈജാത്യങ്ങൾ അവരുടെ വാസ്തുവിദ്യയിലും മറ്റും പ്രകടമാണ്. പേർഷ്യൻ, അറബിക്, സ്വാഹിലി, സംസ്കൃത ഭാഷകളുമായി പരസ്പരം പുണർന്നു കിടക്കുന്നതാണതിതിന്റെ ഭാഷാ സംസ്കാരം. പൂർവകാലത്തെ ഇന്ത്യൻ മഹാസമുദ്രം വഴിയുള്ള വാണിജ്യങ്ങളിൽ ഗുജറാത്തികൾക്ക് വളരെ വ്യക്തമായ ആധിപത്യമുണ്ടായിരുന്നു. ഈസ്റ്റിന്ത്യാ കമ്പനിയുടെ ഉദയത്തിനു മുമ്പ് ഇന്ത്യൻ മഹാസമുദ്രം വഴിയുള്ള വാണിജ്യത്തിൽ ഗുജറാത്തികൾ പ്രധാന കണ്ണികളായിരുന്നു. അവർ അവിടെ തങ്ങളുടെതായ ഒരിടം കണ്ടെത്തിയിരുന്നു. ഗുജറാത്തിന്റെ കച്ചവട സംസ്കാരത്തെ കുറിച്ച് കൂടുതൽ വിപുലമായ ലിഖിത രേഖകൾ ലഭിക്കാത്തതിനു പിന്നിൽ അവരുടെ വാണിജ്യ രഹസ്യങ്ങൾ മറ്റു ദേശക്കാരും മനസ്സിലാക്കരുതെന്ന ഒരു ലക്ഷ്യമായിരുന്നുവെന്ന് ചരിത്ര പണ്ഡിതർ ഊഹിക്കുന്നു.

യമനിലെ കപ്പൽ നിർമ്മാതാക്കളായ സൊരാഷ്ട്രിയൻ പാർസികളും ഇസ്മാഈലീ ഷിയാക്കളും ഗുജറാത്തിലെ സ്ഥിര സാന്നിധ്യമായിരുന്നു. ഇതിന്റെ അനുരണനങ്ങൾ ഗുജറാത്തിന്റെ സംസ്കാരത്തിൽ തെളിഞ്ഞു കാണാനാവും. കാമ്പെയ്‌, കച്ച്, സായ്മുർ, പഠാൻ എന്നീ ഹിന്ദു രാജാക്കൾക്ക് കീഴിലായി ഗുജറാത്തിലെ നാല് പ്രധാനപ്പെട്ട നഗരങ്ങളിൽ പള്ളികൾ ഉണ്ടായിരുന്നുവെന്ന് അറബി ഭൂമി ശാസ്ത്രജ്ഞനായ ഇബ്നു ഹൗഖൽ അഭിപ്രായപ്പെടുന്നുണ്ട്.

വിഭജന–വിഭജനാനന്തര കാലത്താണ് ഇവിടെ വർഗീയ സംഘർഷങ്ങളും ആക്രമണങ്ങളും അരങ്ങേറുന്നത്. 1950 മുതൽ പതിനായിരക്കണക്കിനാളുകൾ ഹിന്ദു–മുസ്‌ലിം വർഗ്ഗീയ കലാപങ്ങളിൽ കൊല്ലപ്പെട്ടു. 1992ലെ ബോംബെ കലാപത്തിന്റെയും 2002ലെ ഗുജറാത്ത് കലാപത്തിന്റെയും ഭീകരമായ ചിത്രങ്ങൾ ഇന്ത്യൻ മുസ്‌ലിം ജനതയുടെ മനസ്സിലിപ്പോഴും പതിഞ്ഞു കിടപ്പുണ്ട്. ഒരൊറ്റ ദേശത്ത് നിലനിൽക്കുന്ന വൈജാത്യങ്ങൾ നിറഞ്ഞ വ്യത്യസ്ത വംശീയ വിഭാഗങ്ങൾ തന്നെയാണ് പലപ്പോഴും ഈയൊരു അസ്വാരസ്യങ്ങൾക്കും അനർത്ഥങ്ങൾക്കും ഹേതുവായത്. മതവിഷയങ്ങൾ ഉയർത്തിക്കാട്ടി ജനങ്ങൾക്കിടയിൽ വർഗീയധ്രുവീകരണം സൃഷ്ടിക്കുന്നതിൽ കൊളോണിയലിസത്തിന് മാത്രമല്ല പങ്ക് എന്നതിനെ ഗുജറാത്ത് ചരിത്രം തെളിയിക്കുന്നുണ്ട്. പ്രീ-കൊളോണിയൽ കാലത്ത് സംഘർഷങ്ങൾ നിലനിന്നിരുന്നില്ല എന്നതിന് തെളിവുകളും ലഭ്യമല്ല. ചരിത്രത്തിൽ പലയിടങ്ങളിലും മതകീയ മാനങ്ങൾ അവ്യക്തമായി കിടക്കുന്നുവെന്നാണ് ചരിത്രക്കാരുടെ ഭാഷ്യം. എങ്കിലും കൊളോണിയൽ പാരമ്പര്യവും ഹിന്ദുത്വ പൊതു ബോധം ഉണർത്തുന്നതിലും കാവിവൽക്കരണത്തിലും വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നത് ശരി തന്നെ. ഇങ്ങനെയാണ് ഇവിടെ മുസ്‌ലിം ന്യൂനപക്ഷങ്ങൾ ആക്രമങ്ങൾക്കും ക്രൂരതൾക്കും ഇരകളാവാൻ തുടങ്ങുന്നത്. ‘അന്യർ’ ‘കുടിയേറ്റക്കാർ’ തുടങ്ങിയ വിലാസങ്ങൾ നൽകിയാണ് ഹിന്ദുരാഷ്ട്രം എന്ന ആശയത്തിന് ശക്തി കൂട്ടിയത്. ഈയൊരു പ്രത്യയശാസ്ത്രം നൂറ്റാണ്ടുകൾ പഴക്കമുള്ള മുസ്‌ലിം അസ്ത്വിത്വവും അടയാളപ്പെടുത്തലുകളും നിരസിക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും ഈ അസ്തിത്വവും സംഭാവനകളും സ്ഥാപിച്ചെടുക്കാൻ തെല്ലും പ്രയാസമില്ല. സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ പല ശേഷിപ്പുകളിന്നും ജീവിക്കുന്നുണ്ട്. ( നാം കഴിക്കുന്ന ബിരിയാണിയൊരുദാഹരണം മാത്രം. ഇറാനിൽ നിന്ന് കുടിയേറിയവരാണത് കൊണ്ടുവന്നത്). വാസ്തുവിദ്യ മാത്രം പരിഗണിക്കുകയാണെങ്കിൽ, അടുത്ത കാലത്തായി തീവ്രവലതുപക്ഷവിഭാഗം അവകാശവാദമുന്നയിച്ചു രംഗത്തെത്തിയ പല ചരിത്ര സ്മാരകങ്ങളും ഇതിന് ഉദാഹരണമാണ്. മുഗൾ ഭരണകാലത്തും അതിനുമുമ്പും ഗുജറാത്തിൽ ഇസ്‌ലാം ഉണ്ടായിട്ടുണ്ടെന്നുറപ്പിക്കുന്ന ചില ചരിത്രസ്മാരകങ്ങൾ നമുക്ക് പരിശോധിക്കാം.

ചാമ്പനിർ-പാവഗഢ് ആർക്കിയോളജിക്കൽ പാർക്ക്‌

ഗുജറാത്തിലെ ബറോഡയിൽ നിന്ന് 47 കിലോമീറ്റർ മാറിയാണ് ചാമ്പനീർ പാവഗഡ് ആർക്കിയോളജിക്കൽ പാർക്ക് സ്ഥിതി ചെയ്യുന്നത്. യുനെസ്കോ പൈതൃകപട്ടികയിൽ ഇടംപിടിച്ച ഈ പാർക്ക് എട്ടാം നൂറ്റാണ്ടിലാണ് നിർമ്മിക്കപ്പെട്ടത്. ഈയൊരു ചരിത്രന ഗരത്തിന്റെ ഹൃദയഭാഗത്ത് പതിനാറാം നൂറ്റാണ്ടിൽ സുൽത്താൻ മുഹമ്മദ് ബാഗോദ നിർമ്മിച്ചതാണ് ചാമ്പനീർ. ഇതിന് ചുറ്റുമുള്ള കുന്നുകളിൽ നിർമ്മിക്കപ്പെട്ട കോട്ടയാണ് പാവഗഢ്. ഗുജറാത്ത് സുൽത്താനേറ്റ് അഹമ്മദാബാദിലേക്ക് അതിന്റെ തലസ്ഥാനം മാറ്റുന്നതിന് മുമ്പ് ചാമ്പനിറായിരുന്നു ഭരണസിരാകേന്ദ്രം. സങ്കീർണ്ണമായ രീതിയിൽ രൂപകൽപ്പന ചെയ്യപ്പെട്ട കൊട്ടാരങ്ങളും പള്ളികളും മന്ദിരങ്ങളുമാണ് ഇവിടം ആകർഷണമാക്കിയത് . ചാമ്പനീർ-പാവഗഡാണിന്നും യാതൊരു മാറ്റവുമില്ലാതെ കിടക്കുന്ന ഇസ്‌ലാമിക നഗരം. മുഗളരുടെ കടന്നു വരവിന് മുമ്പ് തന്നെ നിർമ്മിക്കപ്പെട്ട ഈയൊരു നഗരത്തിന്റെ നിർമ്മാണത്തിൽ ഹിന്ദു- മുസ്‌ലിം വാസ്തു വിദ്യകളുടെ സംയോജനം കാണാം.

ചരിത്ര സൗധത്തിന്റെ താഴികക്കുടങ്ങളിലും കമാനങ്ങളിലും ഈയൊരു സംയോജനം വളരെ പ്രകടമാണ്. സാമ്രാജ്യങ്ങളുടെ കടന്നുവരവിനു മുമ്പുള്ള ഇന്ത്യൻ സാഹചര്യങ്ങളെയും ചെറിയ തോതിൽ ഇത് വരച്ചിടുന്നുണ്ട്. ഓരോ സംസ്കാരങ്ങളും അതിന്റെ ഭൂപ്രദേശങ്ങളിൽ ഉൾക്കൊള്ളുന്ന പ്രധാനപ്പെട്ട മതകീയ മാനങ്ങളെ മുഴുവൻ ഉൾച്ചേർത്തു നിർവ്വചിക്കപ്പെടുന്ന കാലം. ചാമ്പനിർ പാവഗഢ് ഇന്നും ഒരു തീർത്ഥാടനകേന്ദ്രമാണ്. ഹൈന്ദവനും മുസൽമാനും മറ്റു മതസ്ഥരും ഇവിടെയെത്തുന്നു.

ഹാസിറ മഖ്ബറ

തിരക്കുപിടച്ച പുരാതന നഗരമായ വഡോദരയിൽ നിന്നു കുറച്ചകലെയാണ്‌ ഹാസിറ മഖ്ബറ സ്ഥിതി ചെയ്യുന്നത്. ഗുജറാത്തിലെ ചരിത്ര സ്മാരകങ്ങൾ പലപ്പോഴും അവഗണിക്കപ്പെട്ടത്‌ എങ്ങനെയാണെന്ന്‌ ഈ മഖ്ബറ വിളിച്ചു പറയുന്നുണ്ട്. 1586 ലാണിത് നിർമ്മിക്കപ്പെടുന്നത്. ഖുതുബുദ്ദീൻ മുഹമ്മദ് ഖാന്റെ ശവകുടീരം അടങ്ങുന്നതാണീ സ്മാരകം. ജഹാംഗീറിന്റെ ഗുരുവും അക്ബറിന്റെ പിൻഗാമിയുമായിരുന്നു ഇദ്ദേഹം. ചരിത്രത്തിൽ അറിയപ്പെട്ട മുഗൾ ചക്രവർത്തിയുടെ ഗുരു എന്ന ഒരൊറ്റ പരിഗണനയാണ് ഈയൊരു ചരിത്ര സൗധത്തിന് നൽകപ്പെടുന്നത്. ഈ മഖ്ബറയും അതിന്റെ ചുറ്റുപാടും നൽകുന്ന മാനസിക ശാന്തതക്കു പിന്നിൽ അദ്ദേഹം തന്റെ ജീവിതകാലത്ത് നടത്തിയ വൈജ്ഞാനിക പ്രസരണവും സുകൃതങ്ങളുമാകണം. ഇന്നീ സ്മാരകം പരിപാലിച്ചു വരുന്നത് ബറോഡയിലെ ഇസ്മായിലീ ഷിയാക്കളാണ്. ഈ നാടിന്റെ മനോഹാരിതയിൽ ആകൃഷ്ടരായെത്തുന്ന സഞ്ചാരികൾക്ക് ഗൈഡുകളായി ഒന്നോ രണ്ടോ ആളുകളുമുണ്ടിവിടെ. വിരോധാഭാസമെന്നു പറയട്ടെ, മുഗൾ സാമ്രാജ്യത്തെ കുറിച്ച് പഠിക്കുന്നവർ പോലും ഈയൊരു ചരിത്ര ശേഷിപ്പിനെ കുറിച്ച് വലിയ ധാരണയില്ല.

ലക്ഷ്മി വില്ലാസ് പാലസ്

ബറോഡയിൽ ഗെയ്ക്‌വാട് വിഭാഗത്തിന്റെ മുൻ കൊട്ടാരമാണ് ലക്ഷ്മി വില്ല. പതിനെട്ടാം നൂറ്റാണ്ട് മുതൽ 1945 വരെ ഹിന്ദുക്കളായ ഗെയ്ക്‌വാട് വിഭാഗമാണ് ഈ രാജകീയ ദേശം ഭരിച്ചിരുന്നത്. സയോജി റാവു എന്ന ഗെയ്ക്വാഡ് രാജാവിന് കീഴിൽ ഈ ദേശം ഇന്ത്യയിലെ അതിവേഗം വളർന്നുവരുന്ന ദേശങ്ങളിലൊ ന്നായിരുന്നു. 1890ൽ നിർമ്മിക്കപ്പെട്ട ലക്ഷ്മി വില്ല ഇൻഡോ- സൊരാഷ്ട്രിയൻ വാസ്തുവിദ്യയുടെ മികച്ച ചിത്രങ്ങളിലൊന്നാണ്. ഇൻഡോ- ഇസ്‌ലാമിക് പാരമ്പര്യ നിർമ്മാണ രീതികൾ പരസ്പരം സംയോജിപ്പിച്ചു കൊണ്ടാണ് കൊളോണിയൽ ശില്പികൾ ഇങ്ങനെയൊരു രീതി വികസിപ്പിച്ചെടുത്തത്.

പുഷ്പാലംകൃതമായ ജനൽ ചട്ടകൾ, സ്വർണ നിറത്തിൽ തിളങ്ങുന്ന മൊസൈക്കുകൾ, വലിയ ദർബാർ, ഹാതി ഹാൾ (ഹാതി- ആന)എന്നിവ പാലസിന്റെ ആകർഷണങ്ങളിൽ ചിലതാണ്. വില്യം ഗോൾഡ്‌മോർ രൂപകൽപ്പന ചെയ്ത ഉദ്യാനവും ഇതിന്റെ ഭാഗമാണ്. ലണ്ടനിലെ ക്യൂ ഗാർഡനിലെ വിദഗ്ദ്ധനായിരുന്നു അദ്ദേഹം. ലക്ഷ്മി പാലസ് ഇന്ത്യയിലെ വരേണ്യ വർഗ്ഗത്തിന്റെ പ്രതീകമാണെന്നതു പോലെ തന്നെ മുസ്‌ലിം മാതൃകകളെ സന്നിവേശിപ്പിച്ചത് കൊണ്ട് ഇസ്‌ലാമിനെ കൂടെ പ്രതിനിധീകരിക്കുന്നുണ്ട്‌.
മുകളിൽ പരാമർശിച്ച മൂന്ന് സ്ഥലങ്ങളും പലവിധത്തിൽ ഗുജറാത്തിലെ ഇസ്‌ലാമിന്റെ ദീർഘകാല സാന്നിധ്യം അടയാളപ്പെടുത്തുന്നുണ്ട്. മുഗളരെ കുറിച്ചും അവരുടെ സംഭാവനകളെ കുറിച്ചും ഇന്ന് നിലനിൽക്കുന്ന വികലമായ വായനകളും അലസമായ ആരോപണങ്ങളും കൃത്രിമമാണെന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ട്. വിശിഷ്യ ചരിത്രങ്ങൾ വളച്ചൊടിച്ച് ന്യൂനപക്ഷത്തിന്റെ അവകാശങ്ങളും അസ്തിത്വവും ചോദ്യം ചെയ്യുന്ന പുതിയ സാഹചര്യത്തിൽ.

 

വിവർത്തനം: ഫായിസ് പട്ടുവം