സ്രെബ്രനിക്ക; ചുടു നിണത്തിന്റെ പര്യായം

അന്താരാഷ്ട്ര തലത്തിൽ ഒരാസൂത്രിത വംശഹത്യയുടെ വാർഷിക ദിനം കൂടിയാണ് ജൂലൈ 11. 1995 ൽ ഒരു നഗരത്തെയൊന്നടങ്കം രക്തത്തിലാഴ്ത്തിയ നരമേധം നടന്നിട്ട് ഇക്കഴിഞ്ഞ ജൂലൈ പതിനൊന്നോട് കൂടെ കാൽ നൂറ്റാണ്ട് തികഞ്ഞു. ജീവൻ വെടിഞ്ഞത് മുസ്‌ലിംകളായതുകൊണ്ട് വാർഷിക ദിനത്തിലെ ദുഃഖാചരണത്തിനപ്പുറം ലോകത്തതൊരു ചർച്ചയേയല്ല. ക്രിസ്ത്യൻ മതമേലാധികാരികളുടെയും സാമ്രാജ്യത്വ ശക്തികളുടെയും സുതാര്യമായ പങ്കുണ്ടായത് കൊണ്ടു തന്നെ മുഖ്യധാരയിൽ സെന്റിമെന്റുണ്ടാക്കി തീവ്രവാദ ചാപ്പ കുത്താൻ ഒരു പൊതുബോധ ലിബറൽ മതേതരവാദിയെയും ഈ വഴിക്കൊന്നും കാണുകയുമില്ല. അത്രമാത്രം ഇസ്‌ലാമോഫോബികാണ് നമ്മുടെ പൊതുബോധമത്രെയും.

ബോസ്നിയൻ യുദ്ധവേളയിൽ ബോസ്നിയൻ സെർബ് സേന മുസ്‌ലിംകൾക്കെതിരെ നടത്തിയ വംശഹത്യയായിരുന്നു സ്രെബ്രനിക്ക കൂട്ടക്കൊല. റിപ്പബ്ലിക് ഓഫ് ബോസ്നിയ-ഹെർസഗോവി,അന്ന് യൂഗോസ്ലാവിയയുടെ ഭാഗമായിരുന്നു. മുസ്‌ലിം ബോസ്നിയാക്കുകളും ഓർത്തഡോക്സ് സെർബുകളും കാത്തലിക് ക്രൊയേഷ്യകളും താമസിച്ചിരുന്ന ബഹുസ്വര പ്രദേശമായിരുന്നു അത്. ഒരു ജനഹിതപരിശോധനക്കു ശേഷം 1992ലാണ് ബോസ്നിയ – ഹെർസഗോവിന സ്വതന്ത്രമാകുന്നത്. എന്നാൽ ബോസ്നിയൻ സെർബുകൾ തെരെഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. ആ പ്രദേശം കൂടി ഉൾപ്പെടുത്തി വിശാല സെർബിയ രൂപീകരിക്കാനായിരുന്നു അവരുടെ താൽപ്പര്യം. അങ്ങനെ സെർബിയൻ ഗവൺമെന്റിന്റെ സഹായത്തോടെ ബോസ്നിയൻ സെർബുകൾ പുതിയ രാഷ്ട്രത്തെ അക്രമിക്കുകയായിരുന്നു.

‘വംശശുദ്ധീകരണം’ എന്ന നയാടിസ്ഥാനത്തിൽ അറിയപ്പെട്ട ‘ഗ്രേറ്റർ സെർബിയ’ നിർമ്മിക്കുന്നതിന് ആ പ്രദേശത്തു നിന്നും ബോസ്നിയാക്കുകളെ ഒഴിവാക്കൽ അനിവാര്യമായി തീർന്നു. മദ്ധ്യകാലത്ത് ഒട്ടോമൻ ഭരണത്തിനു കീഴിൽ ഇസ്‌ലാം സ്വീകരിച്ച ബോസ്നിയക്കാരുടെ പിന്മുറക്കാരായിരുന്നു പ്രദേശത്തെ ബോസ്നിയാക് ജനസംഖ്യയിൽ അധികപേരും.

ആദ്യം 1992 ൽ ബോസ്നിയൻ സെർബുകൾ സ്രെബ്രനിക്ക പിടിച്ചടക്കിയിരുന്നുവെങ്കിലും ബോസ്നിയൻ സൈന്യം തിരിച്ചുപിടിച്ചു. എന്നാലും സൈനിക ഉപരോധങ്ങളും സംഘട്ടനങ്ങളും പ്രദേശത്ത് സ്ഥിരമായി.1993 ൽ യു.എൻ സുരക്ഷിത മേഖലയായി പ്രഖ്യാപിച്ച ഇവിടം ഉപരോധങ്ങളിൽ നിന്ന് മുക്തമായില്ല. അങ്ങനെയാണ് ജൂലൈ ആറിന് ബോസ്നിയൻ സെർബ് സൈന്യം സ്രെബ്രനിക്ക ആക്രമിച്ച് യുഎൻ സൈന്യത്തെ ബന്ദിയാക്കുന്നത്.

1993 ൽ യുഎൻ ‘സുരക്ഷാ മേഖലയായി’ പ്രഖ്യാപിക്കപ്പെട്ട സ്രെബ്രനിക്ക പിടിച്ചടക്കലായിരുന്നു ബോസ്നിയൻ സെർബ് സേനയുടെ ലക്ഷ്യം. ടൗണിൽ എത്തിച്ചേരുന്ന അഭയാർത്ഥികൾക്ക് സുരക്ഷയൊരുക്കുന്നതിന് വേണ്ടി നാനൂറോളം യുഎൻ ഡച്ച് സമാധാനപാലകർ അവിടെ തമ്പടിച്ചിരുന്നു.

ജൂലൈ പതിനൊന്നിന് അക്രമികൾ നഗരം കീഴടക്കുകയും സമാധാനപാലകരെ ബന്ദിയാക്കുകയും ചെയ്തതോടെ 25000 ത്തോളം വരുന്ന ബോസ്നിയക്കാർ നഗരത്തിന് പുറത്തുള്ള യുഎൻ താവളം സ്ഥിതി ചെയ്യുന്ന പോട്ടോകരിയിലേക്ക് ഒഴുകി. അവിടത്തെ വൃത്തിഹീനമായ പരിസ്ഥിതിയേക്കാളും കഠിനമായ ചൂടിനേക്കാളും അവർക്ക് പ്രധാനം അഭയമായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ കൊടും ക്രൂരതകൾ അരങ്ങേറാൻ തുടങ്ങി. ജൂലൈ പന്ത്രണ്ടിനും പതിമൂന്നിനും സ്ത്രീകളെയും പെൺകുട്ടികളെയും വൃദ്ധരെയും ബോസ്നിയാക് നിയന്ത്രണത്തിലുള്ള പ്രദേശത്തേക്ക് ബസിൽ കൊണ്ടുപോവുകയുംചിലരെ ജീവനോടെ കത്തിക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും ഭീകരവാഴ്ചയുടെ പരീക്ഷണശാലയായി മാറി. തങ്ങളുടെ മക്കളെ കൊല്ലുന്നത് ചില യുവാക്കളെ നിർബന്ധപൂർവ്വം അവർ കാണിച്ചു. നഗരം മൃതശരീരങ്ങൾ കൊണ്ട് മൂടിയിരുന്നുവെന്ന് സാക്ഷികൾ വ്യക്തമാക്കുന്നു. ഏകദേശം 8,100 ലധികം ആളുകൾ നിഷ് ടൂരമായി വധിക്കപ്പെട്ടു.
യുഎൻ ട്രൈബ്യൂണലിന്റെ അന്വേഷണത്തിൽ കൂട്ടക്കൊലക്ക് വ്യക്തമായ ആസൂത്രണം നടന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

സ്രെബ്രനിക്ക വംശഹത്യ സ്മാരക മന്ദിരത്തിൽ പരസ്പരം സമാശ്വസിപ്പിക്കുന്ന ബന്ധുക്കൾ

സൈനിക സേവനത്തിന് പ്രാപ്തരായ എല്ലാ മുസ്‌ലിം പുരുഷന്മാരെയും പിടികൂടുന്നതിന് കുത്സിത ശ്രമങ്ങൾ നടത്തിയിരുന്നുവെന്ന് ഒരു ബോസ്നിയൻ സെർബ് കമാൻഡറിന്റെ വിധിന്യായത്തിൽ പറയുന്നുണ്ട്.

കുട്ടികളെയും സ്ത്രീകളെയും നിറച്ച ബസ്സുകൾ പുരുഷന്മാരെ തിരഞ്ഞു നടന്നു. സൈന്യത്തെ സഹായിക്കാൻ ശേഷിയില്ലാത്ത വൃദ്ധരും ചെറിയ ആൺകുട്ടികൾ വരെയും ഇവരുടെ അക്രമത്തിനിരയായി.

ജൂലൈ പതിമൂന്നു മുതൽ പതിനേഴ് വരെ എൺപതിനായിരത്തിലധികം വരുന്ന ആളുകളെ കൊന്ന് കൂട്ടക്കുഴിമാടങ്ങളിൽ അവരുടെ ശരീരമുപേക്ഷിച്ചു. ഫോറൻസിക് വിദഗ്ദ്ധരുടെ സഹായത്തോടെ ഏഴായിരത്തോളമാളുകളെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിയാൻ സാധിച്ചിട്ടുണ്ട്. ഇന്നും തിരിച്ചറിയപ്പെടുന്ന വരെ പോട്ടോകരി ശ്മശാനത്തിൽ അടക്കം ചെയ്യുന്നു. പുതുതായി തിരിച്ചറിയപ്പെട്ട മൃതദേഹങ്ങൾ യുദ്ധവാർഷിക ദിനമായ ജൂലൈ പതിനൊന്നിനാണ് കബറടക്കം ചെയ്യുന്നത്. ഇരുപത്തിയഞ്ചാം വാർഷികദിനമായ ഈ ജൂലൈ പതിനൊന്നിനുമുണ്ടായിരുന്നു ഒൻപത് രക്തസാക്ഷികൾ.

ഫോറൻസിക് പരിശോധന ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. കൂട്ടക്കൊലക്ക് ശേഷം ബോസ്നിയൻ സെർബ് കലാപകാരികൾ എൺപതിലധികം വരുന്ന കൂട്ടക്കുഴിമാടങ്ങളിലായിട്ടാണ് മൃതശരീരങ്ങൾ അടക്കം ചെയ്തത്. തങ്ങളുടെ കുറ്റകൃത്യങ്ങൾ മൂടിവെക്കലായിരുന്നു അവരുടെ ലക്ഷ്യം. നഗരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്ന് ഇന്നും ശരീരാവശിഷ്ടങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നു.

സ്വയം പ്രഖ്യാപിത ബോസ്നിയൻ സെർബ് റിപ്പബ്ലിക്ക് ആയ റിപ്പബ്ലിക്ക സ്പ്രസ്കയുടെ നേതാവ് റഡോവൻ കരാഡിച്( Radowan Karadzic) സൈനിക കമാൻഡർ റാട്കോ മ്ലാഡിച് ( Ratko Mladic) എന്നിവരാണ് സ്രെബ്രനിക്ക കൂട്ടക്കൊലയുടെ മുഖ്യപ്രതികൾ. രണ്ടു പേരെയും യഥാക്രമം 2008, 2011 കാലങ്ങളിലായി അറസ്റ്റു ചെയ്യുകയുണ്ടായി. 1995ലെ യുദ്ധത്തിന് ശേഷം ഒളിവിൽ പോയ മ്ലാഡിചിനെ 2011 ൽ വടക്കൻ സെർബിയയിലെ തന്റെ ബന്ധുവീട്ടിൽ നിന്നാണ് പിടികൂടിയത്. അവരെയും സഹായികളായി കൂടെയുണ്ടായിരുന്ന നിരവധിയാളുകളെയും ഐ.സി.ടി.വൈ (International Criminal Tribunal for the Former Yugoslavia) ജീവപര്യന്തം ശിക്ഷക്ക് വിധിച്ചു. എന്നാൽ ഇന്നും നിരവധി കുറ്റവാളികൾ സ്വതന്ത്രരായി യാതൊരു നിയമ നടപടികളും നേരിടാതെ സെർബിയയിൽ സ്വര്യവിഹാരം നടത്തുന്നുണ്ട്. വംശഹത്യയുടെ ദൃക്സാക്ഷികളുടെയും ഇരകളുടെയും കൂട്ടായ്മയുടെ നേതാവായ മുറാദ് താഹിറോവിച് നിരവധിയാളുകളുടെ സാന്നിദ്ധ്യം തെളിവ് സഹിതം കോടതിക്ക് മുമ്പാകെ സമർപ്പിച്ചിട്ടുണ്ടെങ്കിലും അധികാരികൾ അവരെ വിചാരണ ചെയ്യാൻ വിമുഖത കാണിക്കുന്നുവെന്ന് ആരോപിക്കുന്നുണ്ട്.

റിപ്പബ്ലിക്ക സ്പ്രസ്കയുടെ നേതാവ് റഡോവൻ കരാഡിച്

 

മ്ലാഡിച് വർഷങ്ങളോളം തന്റെ സൈനികർക്കിടയിൽ മുസ്‌ലിം വിദ്വേഷം കുത്തി നിറച്ചിരുന്നു. 1389ൽ കൊസോവോ യുദ്ധത്തിൽ സെർബുകളെ പരാജയപ്പെടുത്തിയ ഒട്ടോമൻ സാമ്രാജ്യത്വത്തെപ്പറ്റി അദ്ധേഹം സംസാരിക്കുകയുണ്ടായി. തുടർന്നുള്ള അഞ്ഞൂറ് വർഷം കൊസാവോ ഒട്ടോമൻ മുസ്‌ലിം ഭരണത്തിന് കീഴിൽ വരാനുണ്ടായ കാരണം ആ പരാജയമായിരുന്നുവെത്രെ.

സൈനിക കമാൻഡർ റാട്കോ മ്ലാഡിച്

1996 ൽ കരാഡിച് എഴുതി:”കൊസോവയിൽ നിന്നുള്ള സെർബിയൻ പട്ടാളം ഈ ദിവസം തുർക്കികളുമായിട്ടാണ് യുദ്ധം ചെയ്യുന്നത്. അതേ ശത്രുക്കൾക്കെതിരെ അതിജീവനത്തിന്റെ ഐതിഹാസിക യുദ്ധമായിരുന്നുവത്. തുർക്കികൾ 1389 ൽ സെർബിയൻ ഗ്രാമങ്ങളിലെ സമാധാന ജീവിതം അസാധ്യമാക്കിയിട്ടുണ്ട്”.

സെർബിയൻ ഓർത്തഡോക്സ് ചർച്ച് മ്ലാഡിചിനെ പിന്തുണച്ചു.’ അരാകൻ’ എന്ന പേരിൽ അറിയപ്പെടുന്ന സെൽജോ റാസ്ന ടോവിച് (zeljko Raznatovic) എന്ന പരാമിലിട്ടറി കമാൻ‌ഡറെ ഹീറോ ആയിട്ടാണ് സെർബുകൾ ആഘോഷിച്ചത്. വംശഹത്യയുടെ ഇരുപത്തി അഞ്ചാമാണ്ടായിട്ടിന്നും സെർബിയയിലെ രാഷ്ട്രീയ നേതാക്കളും പൗരന്മാരും അതിനെയൊരു വംശഹത്യയായി അംഗീകരിക്കുന്നേയില്ല. തെരുവുകൾ, സ്കൂളുകൾ എന്നിവക്ക് സെർബിയയിലിന്നും മ്ലാഡിച്, കരാഡിച് എന്നീ പേരുകൾ നൽകുന്നുണ്ട്. രാജ്യത്തെ രാഷ്ട്രീയ-സാമ്പത്തിക മേഖലയിലെ ഉന്നതർ ഒളിഞ്ഞോ തെളിഞ്ഞോ 1995 ലെ കൂട്ടക്കൊലയിൽ ഉൾപ്പെട്ടവരാണുതാനും.

2002 ൽ, വംശഹത്യയെ പ്രതിരോധിക്കുന്നതിൽ ഡച്ച് ഗവൺമെന്റും സൈന്യവും പരാജയപ്പെട്ടുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1994 ആഗസ്റ്റ് 22 മുതൽ ഭരണത്തിലുണ്ടായിരുന്ന വിം കോകിന്റെ മന്ത്രിസഭ മുഴുവനും രാജിവെക്കുകയുണ്ടായി.

ഡച്ചുകാരുടെ നേതൃത്വത്തിലുള്ള യുഎൻ രക്ഷാസമിതി തികഞ്ഞ പരാജയമായിരുന്നു. അല്ലെങ്കിലും ഇരകൾ മുസ് ലിമുകളാകുമ്പോൾ യുഎൻ പരാജയപ്പെടലാണല്ലോ പതിവ്.ഫലസ്തീനിലും മറ്റ് മദ്ധ്യേഷ്യൻ രാജ്യങ്ങളിലുമൊക്കെ അതങ്ങനെയാണ്. യുഎൻ സുരക്ഷിത ഇടമാക്കി പ്രഖ്യാപിച്ചിട്ടും അക്രമങ്ങളും ഉപരോധങ്ങളും പലവുരു നടന്ന ഒരിടത്ത് കേവലമായ ആയുധങ്ങളും നാനൂറിൽപരം പ്രവർത്തകരും പതിന്മടങ്ങ് വരുന്ന വർഗ്ഗവെറിയന്മാർക്ക് ഒരു തടസ്സമാണോ? തീർത്തും പേരിനൊരു പ്രതിരോധം തീർക്കലായിരുന്നുവത്.1999 ൽ യുഎൻ സെക്രട്ടറി ജനറൽ കോഫി അന്നൻ ” സെർബിയക്കാരുടെ സ്രെബ്രനിക്ക കൂട്ടക്കുരുതിയിൽ നിന്ന് ബോസ്നിയാക്കുകളെ സംരക്ഷിക്കുന്നതിൽ നാം പരാജയപ്പെട്ടുവെന്ന്” പറഞ്ഞ് ആ കൂട്ടക്കുരുതിയിൽ നിന്നും പതിയെ ഒഴിഞ്ഞു മാറി .

നീതി ലഭിക്കാതെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓർമ്മകളുമായി ഒരു വലിയ സമൂഹം ഇന്നും അവിടെ ഇരിപ്പുണ്ട്. പച്ച മാംസത്തിന്റെയും ചുടുരക്തത്തിന്റെയും ഗന്ധം അവരെ വിട്ടുമാറീട്ടില്ല. പ്രിയപ്പെട്ടവരുടെ അറ്റ ശരീരങ്ങൾ അവരുടെ നയനങ്ങളിൽ തറഞ്ഞു കിടപ്പുണ്ട്.