ഒരു നഗരിയുടെ ‘വിശുദ്ധി’ നഷ്ടപ്പെടുന്ന വിധം

സെപ്തംബര്‍ 2010ലെ ഒരു പ്രഭാതം എന്നെ മക്കയിലേക്ക് വിളിക്കുന്നത് കേട്ടു. എന്നത്തെയും പോലെ, കോഫി നുണഞ്ഞ്, ഗാര്‍ഡിയന്‍ പത്രം വായിച്ചിരിക്കുകയായിരുന്നു ഞാന്‍. താളുകളോരോന്നായി മറിക്കുന്നതിനിടയില്‍ ഒരു മുഴു പേജ് പരസ്യം കാണാനിടയായി. ‘വിശുദ്ധ ഭൂമിക്ക് ചാരെ താമസം’. കൂടെ വിശുദ്ധ ഹറമിന്റെ ചിത്രവുമുണ്ട്. ‘മക്കയില്‍ ഒരു വാസസ്ഥലമാണോ നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ആദ്യം നോക്കുന്നത് വിശുദ്ധ ഹറമിന്റെ ചാരത്തായിരിക്കും’. ഇമാര്‍ റസിഡന്‍സില്‍ ഒരു ഭൂമി സ്വന്തമാക്കാന്‍ വായനക്കാരനെ ക്ഷണിക്കുന്ന പരസ്യ വാചകമാണത്.

ദൂബൈയിലെ ബുര്‍ജ് ഖലീഫ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ക്ലോക്ക് ടവറിലാണ് ഈ പാര്‍പ്പിടങ്ങള്‍ നിലകൊള്ളുന്നത്. 1,972 അടിയാണ് കെട്ടിടത്തിന്റെ ഉയരം. നിരവധി അംബരചുംബികള്‍ നിര്‍മിക്കുന്ന പദ്ധതിയുടെ ഭാഗമായി ഉയർന്ന കെട്ടിടം സമ്പന്നമായ സപ്ത നക്ഷത്ര ഹോട്ടലുകള്‍ കൊണ്ടും ഷോപ്പിംഗ് മാളുകള്‍ കൊണ്ടും സജീവമാണ്. പരസ്യചിത്രത്തില്‍ കാണുന്നത് പോലെ ക്ലോക്ക് ടവര്‍ വലിയ എടുപ്പുകളായി നിലകൊള്ളുന്നു. കോൺക്രീറ്റ് ബില്‍ഡിംഗുകളാല്‍ പള്ളി വലയം ചെയ്യപ്പെട്ടിരിക്കുന്നു. ബൃഹത്തായ എണ്ണ പണത്തിന്റെ തുക കൊണ്ട് നിര്‍മിക്കപ്പെട്ട അവ മധ്യ അമേരിക്കന്‍ നഗരത്തിലെ കെട്ടിടങ്ങളെ തോന്നിപ്പിച്ചു. യഥാര്‍ത്ഥത്തില്‍, പള്ളിയില്‍ നിന്ന് കുറച്ചകലെയല്ല, നഗരത്തില്‍ തങ്ങാനാണ് പരസ്യവാചകം ദ്യോതിപ്പിക്കുന്നത്.

പക്ഷേ, ഈ അപരിചിതമായ നഗരി സുദീര്‍ഘമായ ചരിത്രത്തിന്റെ ഭാഗമായിരുന്ന സാംസ്‌കാരിക ഭൂമികകളുടെ മേലിലാണ് നിര്‍മിക്കപ്പെട്ടിട്ടുള്ളതെന്ന് ഈ പരസ്യം നമ്മോട് പറയുന്നില്ല. ചരിത്രപ്രാധാന്യമുള്ള നാനൂറോളം സാംസ്‌കാരിക ഭൂമികളുള്‍പ്പടെ പട്ടണത്തിന്റെ 95 ശതമാനവും തകര്‍ക്കപ്പെട്ടു. ഉസ്മാനിയ കാലത്ത് നിര്‍മിക്കപ്പെട്ട വീടുകള്‍ അര്‍ദ്ധരാത്രിയില്‍ ബുള്‍ഡോസറുകള്‍ വന്ന് തച്ചുടച്ചു. ആ കോംപ്ലക്‌സിപ്പോള്‍ നിലകൊള്ളുന്നത് 1781ല്‍ നിര്‍മിച്ച അല്‍ ഹയാദ് കോട്ടക്ക് മുകളിലാണ്. അധികം വൈകാതെ, മക്കയെ നുഴഞ്ഞുകയറ്റക്കാരായ അക്രമകാരികളില്‍ നിന്ന് സംരക്ഷിക്കുന്ന ദൗത്യം ബുള്‍ഡോസര്‍ അല്‍പാല്‍മായി കവര്‍ന്നുകൊണ്ടിരിക്കുന്ന അല്‍ ഹയാദ് കോട്ടക്ക് കഴിയാതെ വരും. ഗ്രാന്റ് മോസ്‌കിന്റെ എതിര്‍വശത്ത്, നബി തിരുമേനിയുടെ ആദ്യ ഭാര്യ ഖദീജാ ബീവി (റ)യുടെ വീട് ടോയ്‌ലറ്റായി പരിണാമം പ്രാപിച്ചിട്ടുണ്ട്.
വിശുദ്ധ ഭവനത്തിന് ചുറ്റും ഉയർന്ന് നില്‍ക്കുന്നത് റോയല്‍ മക്ക ക്ലോക്ക് ടവര്‍ മാത്രമല്ല. മുഴുസമയവും സേവനസജ്ജമായ റാഫിള്‍സ് മക്ക പോലുള്ള ആഡംബര ഹോട്ടലുകളുമുണ്ട്. അതിന് പുറമേ, ആദ്യത്തെ ഖലീഫയും നബി തിരുമേനിയുടെ സന്തത സഹചാരിയുമായ അബൂബക്കര്‍ (റ)ന്റെ വീടിന് മീതെ മക്കാ ഹില്‍ട്ടണും മക്കാ നഗരിയില്‍ സ്ഥിതി ചെയ്യുന്നുണ്ട്. ധാരാളം പഞ്ചനക്ഷത്ര ഹോട്ടലുകളും വലിയ അപ്പാര്‍ട്ട്മെന്റുുകളും മക്കയില്‍ ദര്‍ശിക്കാനാകും. അടുത്തയൊരു ദശകത്തിനുള്ളില്‍ 130ഓളം അംബരചുംബികള്‍ പള്ളിയെ നോക്കിക്കൊണ്ടിരിക്കുമെന്നാണ് വെപ്പ്.

5 ദശലക്ഷം വിശ്വാസികള്‍ക്ക് ഒരേ സമയം ആരാധന നിര്‍വഹിക്കാനുള്ള പള്ളിയുടെ പുനരുദ്ധാരണ പദ്ധതികളിപ്പോഴും ബാക്കിനില്‍ക്കുന്നുണ്ട്. ചരിത്രത്തെ പൂര്‍ണമായും അവഗണിച്ച്, ഒട്ടോമന്‍ സമ്രാജ്യം നിര്‍മിച്ചെടുത്ത ഹറം പുനര്‍നിര്‍മിച്ച് കൊണ്ടിരിക്കുകയാണ്. 1553- 1629 കാലഘട്ടത്തില്‍ ഭരണം നിര്‍വഹിച്ച ഉസ്മാനിയ ഖലീഫമാരായ സുലൈമാന്‍, സാലിം ഒന്നാമന്‍, മുറാദ് മൂന്നാമന്‍, മുറാദ് നാലാമന്‍ എന്നിവര്‍ നിര്‍മിച്ച, സൂക്ഷ്മമായി കൊത്തുപണി ചെയ്ത മാര്‍ബിള്‍ സ്തൂപങ്ങള്‍ താങ്ങിനിര്‍ത്തിയ അന്തര്‍ഭാഗം നമ്മെ കൊണ്ടെത്തിക്കുന്നത് എട്ട് മീറ്ററോളം ഉയരമുള്ള ബഹുനില പ്രാര്‍ത്ഥനാ നിലയങ്ങളിലേക്കാണ്. പ്രവാചകാനുചരരുടെ നാമങ്ങളുടെ കാലിഗ്രഫി കൊണ്ട് അലങ്കൃതമായ സ്തൂപങ്ങളും തകരാനിരിക്കുകയാണ്. ചുരുക്കത്തില്‍, പഴയ വിശുദ്ധ ഭവനം പൂര്‍ണമായും പൊളിക്കുമെന്നര്‍ത്ഥം. ഇസ്‌ലാമിക് റിപബ്ലികിന്റെ രണ്ടാം ഖലീഫ ഉമര്‍ (റ)ന്റെയും കഅ്ബ പുനര്‍നിര്‍മിക്കാന്‍ ജീവിതം സമര്‍പ്പിച്ച ഇബ്‌നു സുബൈര്‍ (റ)ന്റെയും അബ്ബാസിയാ ഖലീഫമാരുടെയും ചരിത്രമൊക്കെ ഉത്തരാധുനിക മാതൃകയിലുള്ള കെട്ടിടമായി പരിണമിക്കും. പന്ത്രണ്ട് നിലയുയരമുള്ള പുതിയ ജംറാ പാലം ഓരോ നിലയിലുമിരുന്ന് തീര്‍ത്ഥാടകര്‍ക്ക് ചെകുത്താന്മാരെ കല്ലെറിയാന്‍ അവസരമൊരുക്കും.

റോയല്‍ പാലസിനഭിമുഖമായി സ്ഥിതി ചെയ്തിരുന്ന നബിയുടെ ജന്മസ്ഥലം നിലം പരിശാക്കി കാര്‍ പാര്‍ക്കിംഗ് സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ടിപ്പോള്‍. അതൊരു കാലിച്ചന്തയായിട്ടായിരുന്നു ഏറേ കാലം ഉപയോഗിച്ചിരുന്നത്. പിന്നീട് ഹിജാസി പൗരന്മാര്‍ അത് ലൈബ്രറിയാക്കണമെന്ന് പറഞ്ഞ് കുറേ കാലം പോരടിച്ചിരുന്നു. എങ്ങനെയായാലും, ലൈബ്രറിയിലേക്കുള്ള പ്രവേശനം പോലും പൊറുക്കാനാകാത്ത പാപമാണ്. അത് കൊണ്ട്, അകത്തേക്ക് പ്രവേശനവുമില്ല. പക്ഷേ, പൊളിക്കണമെന്ന് നിരന്തരം പറയുന്ന മുസ്‌ലിം നേതാക്കള്‍ക്ക് ഇത് തന്നെ ധാരാളമാണ്. പ്രവാചകതിരുമേനിക്ക് ദിവ്യബോധനം ലഭിച്ച, ധ്യാനനിമഗ്നനായിരുന്ന ഹിറാ ഗുഹ ഉള്‍ക്കൊള്ളുന്ന ജബലുന്നൂറും അവരുടെ ലക്ഷ്യമാണ്.

ഒരു പ്രശ്‌നമായി എനിക്കനുഭവപ്പെട്ടത് വെറും ന്യൂനപക്ഷമായ ഒരു സംഘം സഊദി സര്‍ക്കാറിന്റെ നയങ്ങളെ വിമര്‍ശിക്കുന്നുവെന്നതാണ്. തുര്‍ക്കിയും സഊദിയുടെ മുഖ്യ ശത്രുവായ ഇറാനുമൊക്കെ ചരിത്രോന്മൂലനത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അധിക മുസ്‌ലിം രാഷ്ട്രങ്ങളും ഇപ്പോഴും സഊദിയെ ഭയക്കുന്നുണ്ട്. തങ്ങളുടെ രാജ്യത്തിന്റെ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള ക്വാട്ട അനുവദിക്കില്ല എന്നതാണ് ഈ ഭയത്തിന്റെ പ്രധാന കാരണം. 1980കളുടെ അന്ത്യത്തില്‍ ഇറാനിയന്‍ തീര്‍ത്ഥാടകര്‍ക്ക് ഇത്തരത്തില്‍ സഊദി സര്‍ക്കാര്‍ വിസ നിഷേധിച്ചിരുന്നു. പ്രായപൂര്‍ത്തിയായവര്‍ രഹസ്യമായി ലൈംഗികതക്ക് കൂട്ട് നില്‍ക്കുന്നുണ്ടെന്ന പരാതി നിലനില്‍ക്കുന്നുണ്ടെങ്കിലും അത് എല്ലായ്‌പ്പോഴുമുള്ളത് പോലെ തന്നെ അപ്രധാനവും അപ്രസക്തവുമാണ്. സഊദി പൗരന്മാര്‍ക്ക് യാതൊരു വിധ താക്കീതും നല്‍കാതെയാണ് മുസ്‌ലിംകള്‍ അടക്കമുള്ള ആര്‍ക്കിടെക്ചര്‍മാര്‍ മക്കയുടെ തകര്‍ച്ചക്ക് കൂട്ട് ചേരുന്നത്. നിരവധി സമാധാന പ്രവര്‍ത്തകരും പുരാവസ്തു ഗവേഷകരുമെല്ലാം പത്രങ്ങളിലും ജേര്‍ണലുകളിലും ആശങ്കകള്‍ പങ്ക് വെച്ചെങ്കിലും വിശ്വാസികളിലധിക പേരും നിശബ്ദരാണ്. ഇനി അവശേഷിക്കുന്ന സ്ഥലങ്ങളിലേക്ക് കൂടിയുള്ള പ്രവേശനം തടയപ്പെടുമോയൊണ് പുരാവസ്തുഗവേഷകരെ അലട്ടുന്ന ഭയം. നിര്‍ബന്ധമായും നിര്‍വഹിക്കേണ്ട ഒരനുഷ്ഠാന കര്‍മ്മം തങ്ങള്‍ക്ക് നിഷേധിക്കപ്പെടുമോയൊെരു ഉത്കണ്ഠ ഹാജിമാരാകാന്‍ പോകുന്നവരെയും വിഷമത്തിലാക്കുന്നുണ്ട്, പ്രത്യേകിച്ച് ഇസ്‌ലാമിക വിശ്വാസത്തിന്റെ പഞ്ചസ്തംഭങ്ങളിലൊന്നിന്റെ കേന്ദ്രമായ മക്കയൊഴികയുള്ളതെല്ലാം വിശ്വാസികള്‍ക്ക് അപ്രധാനമായിരിക്കെ.നിരന്തരം ദുരന്തമായി ആവര്‍ത്തിക്കപ്പെടുന്ന സ്വചരിത്രത്തിന്റെ തന്നെചെറിയ ലോകമാണ് മക്കയിന്ന്. അധികാരത്തിന്റെയും പണത്തിന്റെയും പുറത്ത് നിരന്തരം പുനര്‍നിര്‍മിക്കപ്പെട്ട് കൊണ്ടിരിക്കുന്ന നഗരം യാതൊരു വിധ സൗന്ദര്യബോധവുമില്ലാത്ത ശില്‍പികളുടെ കളിക്കോപ്പായി പരിണമിച്ചിരിക്കുന്നു. അത് കൊണ്ട് തന്നെ നഗ്നമായ അധികാരവും തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാതെ, പണത്താല്‍ സ്വാധീനിക്കപ്പെട്ട ഉപഭോക്താക്കളുടെ ആധിക്യവും പകല്‍ വെളിച്ചം പോലെ വ്യക്തമായിരിക്കുകയാണ്.

 

ആധുനിക മക്കാ നഗരം വൈരുധ്യങ്ങളുടേത് കൂടിയാണ്. അതിന്റെ നാമത്തില്‍ തന്നെയതാരംഭിക്കുന്നുണ്ട്. വിശുദ്ധ നഗരത്തിന്റെ നാമം, ‘മെക്ക’, അറബി നാമത്തിന്റെ യഥാര്‍ത്ഥമായ അന്യഭാഷായെഴുത്താണ്. പക്ഷേ, ഇംഗ്ലീഷില്‍ ‘മെക്ക’യെത് നിരവധി ആളുകളെ ആകര്‍ഷിപ്പിക്കുന്ന കേന്ദ്രം, ജനങ്ങളുടെ പൊതുതാത്പര്യത്തോടെയുള്ള ഒരു പ്രവര്‍ത്തനമേഖലയെന്നൊക്കെയാണ് വിവക്ഷിക്കപ്പെടുന്നത്. ഉദാഹരണത്തിന്, ലോസ് ആഞ്ചലസ് ചലച്ചിത്രവ്യവസായങ്ങളുടെ മെക്കയെന്ന് വിശേഷിക്കപ്പെടുമ്പോള്‍ പാരീസ് ഫാഷന്റെ മെക്കയെറിയപ്പെടുന്നു. സഊദി സര്‍ക്കാര്‍ അത്തരം അപമാനമാകും വിധത്തിലുള്ള ഉപയോഗത്തെ പരാതിപ്പെട്ടിരുന്നു. എന്നാല്‍, ‘മെക്ക ബിംഗോ’, ‘മെക്ക മോട്ടോര്‍സ് ‘ എന്ന പേരില്‍ ചില സ്ഥാപനങ്ങള്‍ വിശുദ്ധ നഗരിയുടെ നാമം ഉപയോഗിക്കുന്നതായി കാണാം. മാത്രവുമല്ല, അമേരിക്കയിലെ ചില പെൺകുട്ടികള്‍ക്ക് മെക്കയെന്ന് പേരിടുകയും ചെയ്തിരുന്നു. അത് കൊണ്ട്, 1980കളില്‍ സഊദി സര്‍ക്കാര്‍ അതിന്റെ പാരമ്പര്യവും പരിശുദ്ധിയും നിലനിര്‍ത്താന്‍ ഔദ്യോഗികമായി ‘മെക്ക’യെുച്ചരിക്കുന്നതിന് പകരം ‘മക്ക’യാക്കി മാറ്റിയിരുന്നു. ഇന്ന്, സഊദി ഗവൺമെന്റിന്റെ സ്ഥാപനങ്ങള്‍, കോമൺവെല്‍ത്ത് ഓഫീസ്, സ്‌റ്റേറ്റിന്റെ യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ്, ഐക്യരാഷ്ട്രസഭ എന്നിവയൊക്കെ മക്കയെന്നോ മക്കത്തുല്‍ മുകർറമയെന്നോ ആണ് ഉപയോഗിക്കുന്നത്.

മെക്കയില്‍ നിന്ന് മക്കയിലേക്കുള്ള മാറ്റം തലമുറകളായി ഈ നഗരത്തില്‍ ജീവിക്കുന്നവര്‍ക്ക് കാര്യമായി ഒന്നും ബാധിക്കുന്നില്ല. അവര്‍ക്ക് ആ വിശുദ്ധ നഗരം അതിന്റെ നിലനില്‍പ്പിനാവശ്യമായ ടൂറിസ്റ്റ് കേന്ദ്രം മാത്രമാണ്. അവരതിനെ ‘സഊദി ലാസ് വെഗസ്’ എന്നാണ് വിളിക്കുന്നത്. ചൂതാട്ടശാലകള്‍ക്ക് അമേരിക്ക പ്രശസ്തമായത് പോലെ തന്നെ മക്കയും സമ്പന്നരുടെ ഇടമായി മാറിയിട്ടുണ്ട്. വര്‍ഷത്തിന്റെ സിംഹഭാഗവും വിശുദ്ധ ഭവനത്തിലേക്കെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആതിഥ്യമരുളുന്നുണ്ട് മക്ക. അവരുടെ വരവിന്റെ ഉദ്ദേശ്യം മാളുകള്‍ സന്ദര്‍ശിച്ചിട്ടുള്ള ഷോപ്പിംഗ് കൂടിയാണ്.

അധിക പേരും വിശുദ്ധ ഭൂമിയില്‍ സ്ഥലം വാങ്ങുന്നത് സാമ്പത്തിക നിക്ഷേപം ഉദ്ദേശിച്ചിട്ട് മാത്രമല്ല. മറിച്ച്, അവയെ സ്വര്‍ഗത്തിലെ ‘റിയല്‍ എസ്‌റ്റേറ്റു’കളായി അവരതിനെ ഭാഷാന്തരം ചെയ്യുന്നുണ്ട്. ലോകത്തിന്റെ അഷ്ടദിക്കിലുള്ള സമ്പന്നരായ മുസ്‌ലിംകള്‍, വിശിഷ്യാ ഗള്‍ഫ് രാഷ്ട്രങ്ങള്‍, മലേഷ്യ, ഇന്ത്യ, തുര്‍ക്കി, യൂറോപ്യന്‍ രാഷ്ട്രങ്ങള്‍, യു.എസ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍, ഉംറക്കും സിയാറത്തിനും വേണ്ടി മക്ക സന്ദര്‍ശിക്കുന്നത് പതിവായിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍, അത് അവരുടെ അഭിമാനത്തിന്റെ പ്രശ്‌നമാണ്. നീ എത്രത്തോളം മക്ക സന്ദര്‍ശിക്കുന്നുവോ അത്രത്തോളം നീ നല്ലവനാണെന്നര്‍ത്ഥം. എന്നാല്‍ പാവപ്പെട്ട മുസ്‌ലിംകള്‍ക്ക് ഹജ്ജ് സീസണില്‍ മാത്രമേ മക്ക സന്ദര്‍ശിക്കാനുള്ള യോഗമുള്ളൂ. രണ്ടാഴ്ചക്കകം വന്ന് പോകുന്നു അവര്‍. അതിനിടയ്ക്ക് കിട്ടുന്ന അല്‍പസമയം അവര്‍ ഷോപ്പിംഗിന് വേണ്ടി ചെലവഴിക്കുകയും ചെയ്യുന്നു. ഏതു സമയത്തും മക്കാ നഗരത്തില്‍ വല്ലതും വിറ്റുകൊണ്ടിരിക്കുന്നുണ്ടാകും. വലിയ ഷോപ്പിംഗ് മാളുകള്‍ക്ക് പുറമേ ‘സൂക്ക് ഗസ’, ‘സൂഖുലൈല്‍’ പോലെ ധാരാളം മാര്‍ക്കറ്റുകളും മക്കയിലുണ്ട്. വ്യാജമായ വാച്ചുകള്‍ മുതല്‍ പരിശുദ്ധമായ സംസം വെള്ളം വില്‍ക്കുന്ന, പ്ലാസ്റ്റിക് കുപ്പികള്‍ വരെ വില്‍ക്കുന്ന തെരുവ് കച്ചവടക്കാര്‍, വഴിക്കച്ചവടക്കാര്‍, സ്റ്റാളുകള്‍ എന്നിവ കൊണ്ട് മാര്‍ക്കറ്റുകള്‍ സജീവമാണ്. തുച്ഛ വില മാത്രം വരുന്ന നിസ്‌കാരപ്പായകള്‍ മുതല്‍ പ്ലാസ്റ്റികിന്റെ മാലകള്‍ വരെയും ചന്തകളില്‍ ലഭ്യമാണ്. ഒരു കാര്യം വ്യക്തമാണ്, ഒരു ഉപഹാരവുമില്ലാതെ മക്ക വിട്ട് പോകാന്‍ കഴിയില്ല.

മക്കയില്‍ നിന്ന് കൊണ്ട് വരുന്ന വസ്തുക്കള്‍ക്ക് ഒരു പ്രത്യേക മൂല്യം ഉണ്ട്. മാത്രവുമല്ല, അതിന് വിശുദ്ധിയുടെ പരിവേഷം കൂടിയുണ്ടായിരുന്നു. കഅ്ബയുടെ മാതൃകയിലുള്ള കുപ്പിയില്‍ വില്‍ക്കുന്ന വില കൂടിയ അത്തറിനോടും കഅ്ബയുടെ മാതൃകയിലുള്ള മൂല്യം കുറഞ്ഞ പ്ലാസ്റ്റിക് വസ്തുക്കളോടുമുള്ള വികാരത്തെ എനിക്ക് തീരെ ഉള്‍ക്കൊള്ളാനാകുന്നില്ല. പ്രവാചകാഗമനത്തിന് മുമ്പേ മക്ക ഒരു പ്രധാനപ്പെട്ട വ്യാപാരകേന്ദ്രമായിരുന്നുവെന്നാണ് മുസ്‌ലിം ചരിത്രകാരന്മാര്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഇസ്‌ലാമിന്റെ ആഗമനമാണ് മക്കയെ ഒരു വ്യാപാര കേന്ദ്രമായി പരിവര്‍ത്തിപ്പിച്ചെടുത്തതൊണ് യൂറോപ്യന്‍ ചരിത്രകാരന്മാര്‍ വാദിക്കുന്നത്. ഇന്ന് മക്കാ നഗരി നിരവധി ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്ന വലിയ കേന്ദ്രമായി മാറിയിരിക്കുകയാണ്. നിരവധി ഉത്പന്നങ്ങളുടെ കയറ്റുമതിയും ഇറക്കുമതിയും നടത്തുന്ന കുടില്‍ വ്യവസായങ്ങളുടെ ശൃംഖല തന്നെ ഇന്ന് നഗരിയുടെ പുറമ്പോക്കുകളില്‍ നില കൊള്ളുന്നുണ്ട്. ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ സൂക്ഷിച്ച് വെക്കാനുള്ള കലവറകള്‍, സംസം വെള്ളത്തിനും മറ്റു വെള്ളങ്ങളൊക്കെ സൂക്ഷിച്ച് വെക്കാനുള്ള കുപ്പികള്‍ നിര്‍മിക്കുന്ന പ്ലാന്റുകള്‍, പച്ചക്കറിയിലെ എണ്ണ വലിച്ചെടുക്കുന്നതിനുള്ള കമ്പനികള്‍, ഐസ് ഫാക്ടറികള്‍, മാലകള്‍ നിര്‍മിക്കുന്ന പണിശാലകള്‍, എന്നിങ്ങനെ പല കമ്പനികളും മക്കയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മക്ക ഒരു വ്യാപാര കേന്ദ്രമായത് കൊണ്ട് തന്നെ അവിടെ വന്ന് പോകുന്ന തീര്‍ത്ഥാടകര്‍ അവിടുത്തെ ചന്തകളില്‍ നിന്ന് ചരക്കുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത് സ്വഭാവികമാണ്. രണ്ടാം കിടയായിരുന്ന പ്രവര്‍ത്തനം ഇപ്പോള്‍ സര്‍വ്വവ്യാപിയാവുകയും ചെയ്തിരിക്കുന്നു.

കഅ്ബയും വിശുദ്ധ പള്ളിയും മാറ്റിനിര്‍ത്തിയാല്‍ മക്കയെ അതുല്ല്യമാക്കുന്ന ഒന്നും തന്നെ അവിടെ ബാക്കിനില്‍ക്കുന്നില്ല. സ്വചരിത്ര ബോധമില്ലാത്ത ഒന്നായി മക്കാ നഗരം മാറുകയാണ്. അറേബ്യന്‍ മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്നതൊഴിച്ചാല്‍ മക്കാ നഗരിമിപ്പോള്‍ വായു മലിനീകരണം സംഭവിച്ച, ശിതീകരിച്ച ഒന്നായി മാറിയിരിക്കുകയാണ്. പേരിനൊരു ചരിത്രസ്മാരകമോ, അവശേഷിപ്പോ, സംസ്‌കാരമോ, കലയോ ഒന്നും തന്നെ മക്കയില്‍ ദര്‍ശിക്കാന്‍ സാധ്യമല്ല. മക്കയെക്കുറിച്ച് മിഷേല്‍ മുഹമ്മദ് നൈറ്റിന്റെ ‘ജേര്‍ണി റ്റു ദ എന്റ് ഓഫ് ഇസ്‌ലാം’ പോലുള്ള ആധുനിക വിവരണങ്ങളില്‍ മക്കയെന്ന നഗരത്തിന്റെ വിചാരം പോലുമില്ല. ആ നഗരത്തെക്കുറിച്ച് വിശേഷിച്ചൊന്നും പറയാനില്ല എന്നത് തന്നെയാണതിന്റെ പ്രധാന കാരണം. സ്വതന്ത്രമായൊരു ഇസ്‌ലാമിക് ലിബറേഷന്‍ തിയോളജി വികസിപ്പിച്ചെടുത്ത, വളരെ നീചമായ പശ്ചാത്തലത്തില്‍ നിന്ന് വരുന്ന നൈറ്റ് വിശുദ്ധമായ മക്കാ നഗരിയെ അനാഥമായിട്ടാണ് കണ്ടെത്തിയത്. പരിശുദ്ധമായ ഹറം എന്നതിനപ്പുറം മക്കാ നഗരി സാധാരണ നഗരിയായി അവശേഷിക്കുകയാണ്.

(സിയാവുദ്ദീന്‍ സര്‍ദാര്‍ രചിച്ച ‘മെക്ക ദി സേക്രഡ് സിറ്റി’യെന്ന പുസ്തകത്തിൽ നിന്നും)

(വിവര്‍ത്തനം: മുഹമ്മദ് ഫാഇസ്. പി)