ഇസ്ലാമിലേക്കുള്ള എന്റെ യാത്ര
1954ല്‍ നോര്‍ത്ത് വെസ്റ്റേണ്‍ അമേരിക്കയിലാണ് ഞാന്‍ ജനിക്കുന്നത്. ഒരു റോമന്‍ കത്തോലിക്ക് കുടുംബമായിരുന്നു എന്റേത്. ചെറുപ്പകാലത്ത്, ചോദ്യം ചെയ്യപ്പെടാനാവാത്ത ഒരു ആത്മീയ ലോകം തന്നെ ഞങ്ങളുടെ ചര്‍ച്ച് കെട്ടിപ്പടുത്തിരുന്നു. എന്നാല്‍ ഞാന്‍ വലുതായി തുടങ്ങിയതോടെ, പ്രത്യേകിച്ചും, കത്തോലിക്ക് യൂണിവേഴ്സിറ്റിയില്‍ അഡ്മിഷന് നേടുകയും വായന കൂടുതല്‍ വിപുലപ്പെടുകയും ചെയ്തതോടെ, വിശ്വാസങ്ങളിലും ആചാരങ്ങളിലും എന്റെ മതം എനിക്കു മുന്നില്‍ ഒരു ചോദ്യചിഹ്നമായി തീര്‍ന്നു.
എന്റെ വിശ്വാസം ചോദ്യം ചെയ്യപ്പെടുന്നു
1963 ലെ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശപ്രകാരം കുര്‍ബാനകളിലും പ്രാര്‍ഥനകളിലും ഇടക്കിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളായിരുന്നു എന്റെ വിശ്വാസം ചോദ്യം ചെയ്യപ്പെടാനുള്ള പ്രധാന കാരണം. ചര്‍ച്ചിന് പ്രത്യേക ചട്ടങ്ങള്‍ ഒന്നുമില്ലെന്ന് തോന്നാന്‍ അതൊരു കാരണമായി. പുരോഹിതവര്‍ഗ്ഗം പ്രാര്‍ത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ചും അയവിനെ കുറിച്ചും സംസാരിച്ചുവെങ്കിലും അവര്‍ ഇരുട്ടില്‍ തപ്പുകയാണ് എന്നായിരുന്നു സാധാരണക്കാരായ കത്തോലിക്കക്കാരുടെ ഭാഷ്യം. ദൈവത്തിന് മാറ്റമൊന്നും സംഭവിച്ചില്ല. മനുഷ്യാത്മാവിന്റെ ആവശ്യങ്ങളിലും മാറ്റമുണ്ടായില്ല. ആകാശത്തുനിന്ന് പുതിയ വെളിപാടും ഉണ്ടായില്ല. എന്നിട്ടും ഞങ്ങള്‍ മാറിക്കൊണ്ടിരുന്നു. ആഴ്ചകള്‍ക്കു പിറകെ ഓരോ ആഴ്ചകളിലും വര്‍ഷങ്ങള്‍ക്കു പിറകെ ഓരോ വര്‍ഷത്തിലും കൂട്ടിയും കുറച്ചും ഞങ്ങളുടെ നിയമങ്ങള്‍ മാറിക്കൊണ്ടിരുന്നു. മത ഭാഷ ലാറ്റിനില്‍ നിന്ന് ഇംഗ്ലീഷിലേക്ക് മാറുകയും ഗിറ്റാറും നാടോടി പാട്ടുകളും ഞങ്ങളുടെ ചര്‍ച്ചകളില്‍ എത്തി. പുരോഹിതന്മാര് വ്യാഖ്യാനങ്ങള്‍ നല്കിക്കൊണ്ടേയിരുന്നു. സാധാരണക്കാര്‍ അതിന് തലയാട്ടുക മാത്രം ചെയ്തു. ഇതിന്റെയൊക്കെ സാംഗത്യം അന്വേഷിച്ചിരുന്ന അനേകം സാധാരണക്കാര്‍ തുടക്കം മുതലേ ഇതിലൊന്നും ഒരു സാംഗത്യവും ഇല്ലെന്ന് പതിയെ മനസ്സിലാക്കി തുടങ്ങി.
രണ്ടാമത്തെ കാരണം സൈദ്ധാന്തിക സങ്കീര്‍ണതകളായിരുന്നു. ഉദാഹരണത്തിന് ത്രിയേകത്വ സിദ്ധാന്തം. ലോകചരിത്രത്തില്‍ ഒരാള്‍ക്കും (പുരോഹിതന്മാരോ സാധാരണക്കാരോ ആവട്ടെ) ബോധ്യപ്പെടുന്ന രീതിയില്‍ അത് വിശദീകരിക്കാന്‍ ആര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല. അതേസമയം, ദൈവം തലവനായുള്ള ഒരു കമ്മിറ്റിയില്‍, ദൈവത്തിനും പിതാവിനും ഇടയില്‍ വീതിക്കപ്പെട്ട നിലയില്‍, പിതാവ് ആകാശത്തു നിന്ന് ലോകത്തെ ഭരിക്കുകയും യേശുക്രിസ്തു ഭൂമിയില്‍ മാനവരാശിയെ രക്ഷിക്കുകയും ഇവര്‍ രണ്ടു പേരുടെയത്ര തന്നെ വലിയ പങ്ക് ഇല്ലാത്ത വെളുത്ത മാലാഖയുടെ ചിത്രമുള്ളതാണ് പുണ്യാത്മാവ് എന്ന സങ്കല്‍പ്പമാണ് സാധാരണക്കാരന്റെ മനസ്സില്‍ പതിഞ്ഞത്.
ഇവര്‍ മൂന്നു പേരില്‍ ഒരാളോട് കൂടുതല്‍ അടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങനെയെങ്കില്‍ മറ്റു രണ്ടുപേരുമായി ഞാന്‍ നടത്തുന്ന ഇടപാടുകളെ കൈകാര്യം ചെയ്യാന്‍ ഇയാള്‍ക്ക് പറ്റുമല്ലോ. ഈ ലക്ഷ്യത്തിനു വേണ്ടി ഒരാളോട് ഞാന്‍ കൃത്യമായി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. പക്ഷേ മറ്റു രണ്ടുപേരും അതിനോട് വാശി പിടിക്കും എന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് എല്ലാവരുടെയും തലവന്‍ പിതാവ് ആയിരിക്കണമെന്ന് ഞാന്‍ അനുമാനിച്ചു. ക്രിസ്തുവിന്റെ ദിവ്യതക്ക് പ്രാധാന്യം നല്കുന്ന എന്റെ കത്തോലിക്കന് വിശ്വാസത്തിന് അതൊരു തടസ്സമായിരുന്നു. മാത്രമല്ല, ഈ ചിന്ത, ഓരോ കാര്യത്തിലും ദൈവത്തിന്റെ പ്രകൃതത്തില്‍ നിന്ന് മനുഷ്യന്റെ പ്രകൃതം വൈരുദ്ധ്യമുള്ളതും മറുവശത്ത് ദൈവം അപരിമേയനുമാണ് എന്ന് എനിക്ക് മനസ്സിലാക്കിത്തന്നു. കുട്ടിക്കാലത്തോ പില്‍ക്കാലത്തോ ഒരിക്കലും മനസ്സിലാക്കാന്‍ വിശ്വസിക്കാന്‍ കഴിയാത്ത യേശു ആയിരുന്നു എന്റെ ദൈവം.
സന്മാര്ഗം തേടിക്കൊണ്ട്
അവിശ്വാസ്യതയുടെ മറ്റൊരു കാരണം സ്റ്റോക്ക്, ബോണ്ട് എന്നിവയില്‍ ചര്‍ച്ച് നടത്തിയിരുന്ന കച്ചവടമായിരുന്നു. എനിക്ക് സന്മാര്ഗമേകാന് കഴിയുന്ന ഒരു പുണ്യ ഗ്രന്ഥം തേടി നടന്നത് ഞാന്‍ ഓര്‍ക്കുന്നു. അങ്ങനെ ഒരു ക്രിസ്മസിന്, ഒരു പുത്തന്‍ എഡിഷന് ബൈബിള്‍ എനിക്ക് സമ്മാനമായി ലഭിച്ചു. പക്ഷേ, പരസ്പര ബന്ധമില്ലാത്ത എന്തൊക്കെയോ പറയുന്ന, ഒരാളുടെ ജീവിതത്തില്‍ പകര്‍ത്താന്‍ പറ്റാത്ത ഗ്രന്ഥമായാണ് എനിക്ക് തോന്നിയത്. ബൈബിളില്‍ പറഞ്ഞത് ക്രിസ്ത്യാനികള്‍ പ്രാവര്‍ത്തികമാക്കുന്നത് എങ്ങനെയാണെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. പ്രൊട്ടസ്റ്റന്റുകാര്‍ വിഭാഗീയ ദൈവശാസ്ത്രങ്ങള്‍ ഉണ്ടാക്കുന്നു. ഓരോ വിഭാഗവും അവരുടെ ഗ്രന്ഥത്തെ ഊന്നിപ്പറയുകയും മറ്റുള്ളവരെ താറടിച്ചു കാണിക്കുകയും ചെയ്യുന്നു. കത്തോലിക്കക്കാരാകട്ടെ, ഇവ എല്ലാത്തിനെയും താറടിക്കുന്നു. എന്നാല്‍ എല്ലാ വിഭാഗത്തെയും ഒരുമിച്ചുകൂട്ടുന്ന ഒന്നും ആ ഗ്രന്ഥത്തില്‍ ഉണ്ടായിരുന്നില്ല.
മറുവശത്ത്, ഞാന്‍ സര്‍വ്വകലാശാലയില്‍ ചെന്നപ്പോള്‍, ക്രിസ്ത്യാനികള്‍ തന്നെ നടത്തിയ ആധുനിക ഹെര്‍മെന്യൂട്ടിക്കല്‍ പഠനങ്ങളുടെ ഫലമായി ബൈബിളിന്റെ ആധികാരികതയെ, പ്രത്യേകിച്ച് പുതിയ നിയമ(New Testament) ത്തെ പറ്റി കാര്യമായ സംശയങ്ങള്‍ ഉടലെടുത്തതായി ഞാന്‍ കണ്ടെത്തി.
എനിക്ക് എന്റെ മതം നഷ്ടപ്പെടുന്നു
ഞാന്‍ യൂണിവേഴ്സിറ്റിയില്‍ വെച്ച് തത്ത്വചിന്ത കരസ്ഥമാക്കി. സത്യമുണ്ടെന്ന് അവകാശപ്പെടുന്ന ആരോടും രണ്ട് കാര്യങ്ങള്‍ ചോദിക്കാന്‍ അതെന്നെ പഠിപ്പിച്ചു: നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്, നിങ്ങള്‍ പറയുന്ന കാര്യം നിങ്ങള്‍ക്ക് എങ്ങനെ അറിയുന്നു? എന്റെ സ്വന്തം മതപാരമ്പര്യത്തോട് ഈ ചോദ്യങ്ങള്‍ ഞാന്‍ ചോദിച്ചപ്പോള്‍, അവക്കൊന്നും ഉത്തരങ്ങള്‍ കിട്ടിയില്ല. ക്രിസ്തുമതം എന്റെ കൈയില്‍ നിന്ന് വഴുതിപ്പോയെന്ന് എനിക്ക് മനസ്സിലായി. അങ്ങനെ അര്‍ത്ഥ രഹിതമായ ലോകത്ത് അര്‍ത്ഥത്തിനായി ഞാന്‍ അന്വേഷണം തുടങ്ങി. പാശ്ചാത്യ രാജ്യങ്ങളിലെ അനേകം ചെറുപ്പക്കാര്‍ക്ക് അത്ര തന്നെ പരിചിതമല്ലാത്ത ഒരു തരം തിരയല്‍ ഞാന്‍ ആരംഭിച്ചു.

തസവ്വുഫില്‍ ശൈഖ് നൂഹിന്റെ ഗുരുവും ശൈഖുമായ അബ്ദുറഹ്മാന് അല്‍ ഷാഗൂരി (റ)
എന്റെ മുന്‍ വിശ്വാസം നഷ്ടപ്പെട്ട ഇടത്തു നിന്നാണ് ഞാന്‍ ആരംഭിച്ചത്. അതായത്, തത്ത്വചിന്തകരോടൊപ്പം തന്നെ. ആര്‍തര്‍ ഷോപെനോര് എന്ന പ്രസിദ്ധ അശുഭാപ്തി വിശ്വാസിയുടെ ഉപന്യാസങ്ങള്‍ ഞാന്‍ വായിച്ചു. ജീവിതത്തിന്റെ ഏണിപ്പടികള്‍, പണം, പ്രശസ്തി, ശാരീരിക ബലം, ബുദ്ധി എന്നീ പ്രതിഭാസങ്ങളെല്ലാം കാലങ്ങള്‍ കടന്നുപോകുമ്പോള്‍ ഇല്ലാതാകുന്നു. ധാര്‍മ്മിക മികവ് മാത്രമേ ബാക്കിയാവുന്നുളളൂ. ഞാന്‍ ഈ ഉപന്യാസം കൃത്യമായി പഠിക്കുകയും വര്‍ഷങ്ങള്‍ക്കു ശേഷം അത് ഓര്‍ത്തെടുക്കുകയും ചെയ്തു.ഒരു വ്യക്തി യുവത്വത്തിന്റെ തിളപ്പില്‍ ഉത്സാഹപൂര്‍വ്വം സംസാരിക്കുന്ന കാര്യങ്ങള്‍ ആ വ്യക്തിക്ക് പിന്നീടുള്ള വര്‍ഷങ്ങളില്‍ നിരസിക്കാന്‍ കഴിയില്ല എന്ന വസ്തുതയെയും അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ കാണിച്ചു തന്നു. ദൈവികത കണ്ടെത്താനുള്ള ആഗ്രഹത്തോടെ, നിരീശ്വരവാദത്തിന്റെ ഏറ്റവും നിഗൂഢമായ വാദങ്ങള്‍ കഴിയാവുന്ന രീതിയില്‍ ഉള്‍ക്കൊള്ളാന്‍ ഞാന്‍ തീരുമാനിച്ചു. അവയില്‍ നിന്ന് പിന്നീട് പുറത്തു കടക്കാന്‍ എനിക്ക് സാധിച്ചേക്കും എന്ന നിഗമനത്തിലായിരുന്നു ഞാന്‍. അധാര്‍മ്മിക വാദിയായ ഫ്രഡറിക്ക് നീഷേയുടെ കൃതികള്‍ക്ക് വാള്‍ട്ടര്‍ കോഫ്മാന് എഴുതിയ വിവര്‍ത്തനങ്ങള്‍ ഞാന്‍ വായിച്ചു.
ബഹുമുഖ ചിന്തകര്‍ മനുഷ്യരാശിയുടെ ധാര്‍മ്മിക വിധിന്യായങ്ങളെയും വിശ്വാസങ്ങളെയും അതിശയകരമായ ഭാഷാശാസ്ത്രപരവും മനഃശ്ശാസ്ത്രപരവുമായ വാദങ്ങളുപയോഗിച്ച് കീറി മുറിച്ചു പരിശോധിച്ചു. മാനുഷിക ഭാഷയെ തന്നെ കുറ്റപ്പെടുത്തുന്നതിലാണ് അത് പര്യവസാനിച്ചത്. പ്രത്യേകിച്ചും പത്തൊന്‍പതാം നൂറ്റാണ്ടിലെ ശാസ്ത്ര ഭാഷ.
ധാര്‍മ്മിക ഭാഷയില്‍ നിന്ന് പാരമ്പര്യമായി ലഭിച്ച ആശയങ്ങളുടെ യാഥാര്‍ത്ഥ്യത്തെ അനാവരണം ചെയ്യാന്‍ ഒരിക്കലും ഇതിന് കഴിയില്ല എന്ന് അവര്‍ വിശ്വസിച്ചിരുന്നു. സമ്പൂര്‍ണ്ണ സന്ദേഹവാദത്തിനെതിരെയുള്ള അവരുടെ പ്രതിരോധ മൂല്യങ്ങളെ മാറ്റിനിര്‍ത്തിയാല്‍, പടിഞ്ഞാറ് എന്തു കൊണ്ട് ക്രിസ്ത്യാനാനന്തരമായി എന്നും ഇരുപതാം നൂറ്റാണ്ടിലെ അവരുടെ ക്രൂരതയെക്കുറിച്ചും നീഷേയുടെ കൃതികള്‍ കൃത്യമായി പ്രവചിച്ചു. മരിച്ചുപോയ മതത്തിന്റെ ധാര്‍മ്മിക പകരക്കാരനായി ശാസ്ത്രത്തിന് പ്രവര്‍ത്തിക്കാനാകുമെന്ന മിഥ്യാധാരണയെയാണ് അത് തള്ളിക്കളഞ്ഞത്.
വ്യക്തിപരമായ തലത്തില്‍, ക്രിസ്തുമതത്തിനെതിരായ അദ്ദേഹത്തിന്റെ അപകര്‍ഷതാ ബോധം, പ്രത്യേകിച്ചും The Genealogy of Morals, ഏകദൈവ പാരമ്പര്യത്തിന്റെ വിശ്വാസങ്ങളെ ചെറു തോതിലെങ്കിലും വിശകലനം ചെയ്യാവുന്ന രീതി എനിക്ക് സമ്മാനിച്ചു. അനിവാര്യമല്ലാത്ത ആശയങ്ങളില്‍ നിന്ന് (സര്‍വ്വശക്തനായ ഒരു ദേവന് കുരിശില്‍ ആത്മഹത്യ ചെയ്യുന്നതിന്റെ വിചിത്രമായ കാഴ്ച പോലുള്ളവ) അനിവാര്യമായവയെ അദ്ദേഹം വേര്‍പ്പെടുത്തി. അതോടെ ദൈവം ഉണ്ടെന്നും അവന് ലോകത്തില്‍ മനുഷ്യനെ സൃഷ്ടിച്ച്, അവന്റെ പെരുമാറ്റ രീതി നിര്‍വചിക്കുകയും പരലോകത്ത് അവന് മനുഷ്യനെ വിചാരണ നടത്തി നിത്യമായ പ്രതിഫലത്തിലേക്കോ ശിക്ഷയിലേക്കോ അയയ്ക്കുകയും ചെയ്യുമെന്നും ഞാന്‍ വിശ്വസിച്ചില്ലെങ്കിലും അങ്ങനെ ഞാന്‍ അനുമാനിച്ചു.
പ്രാര്‍ത്ഥനയിലേക്കുള്ള ഒരു വിളി
ഈ സമയത്താണ് ഖുര്‍ആനിന്റെ ഒരു പഴയ വിവര്‍ത്തനം ഞാന്‍ വായിക്കുന്നത്. അജ്ഞേയവാദികള്ക്കിടയില് പോലും അതിന്റെ അടിസ്ഥാന ആശയങ്ങള്‍ അവതരിപ്പിച്ച വിശുദ്ധിയെ മനസ്സില്ലാമനസ്സോടെയാണെങ്കിലും ഞാന്‍ അഭിനന്ദിച്ചു.തെറ്റാണെങ്കില്‍പ്പോലും, മതത്തിന്റെ കൂടുതല്‍ അനിവാര്യമായ പദപ്രയോഗങ്ങള്‍ ഖുര്‍ആനില്‍ ഉണ്ടാകില്ലെന്ന് ഞാന്‍ കരുതി.ഒരു സാഹിത്യസൃഷ്ടിയെന്ന നിലയില്‍, ഈ വിവര്‍ത്തനം, ഒരുപക്ഷേ അത് വില്‍പ്പന ഉദ്ദേശ്യത്തോടെ ഉള്ളതായിരിക്കാം. അതിന്റെ മൂലകൃതിയോട് നീതി പുലര്‍ത്താത്തതായി എനിക്ക് തോന്നി, അതേസമയം അറബിഭാഷ അതിന്റെ സൗന്ദര്യത്താലും വാചാലതയാലും വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് എനിക്കറിയാം. അങ്ങനെയാണ് എനിക്ക് അറബി പഠിക്കാനുള്ള ആഗ്രഹം ഉണ്ടാവുന്നത്.
സ്കൂള്‍ അവധിക്കാലത്ത്, ഗോതമ്പു പാടങ്ങള്‍ക്കിടയിലെ അഴുക്കുപിടിച്ച വഴിയിലൂടെ നടക്കുകയായിരുന്നു ഞാന്‍. സൂര്യന് അസ്തമിച്ചു കാണണം. ഏതോ ചില പ്രചോദനകളാല്, ഇത് ആരാധനയുടെ സമയമാണെന്നും ഏകദൈവത്തെ നമസ്കരിക്കാനും പ്രാര്‍ത്ഥിക്കാനുമുള്ള സമയമാണെന്നും ഞാന്‍ മനസ്സിലാക്കി. എന്നാല്‍ ആ പ്രാര്‍ത്ഥനയുടെ വിശദാംശങ്ങള്‍ ഒരാള്‍ക്ക് സ്വയം ലഭിക്കാന്‍ പോകുന്നില്ല. ഇതൊരു പക്ഷേ ഒരു നിമിഷ നേരത്തെ തോന്നലാകാം, അല്ലെങ്കില്‍ നിരീശ്വരവാദം ഒരു ആധികാരിക രീതി അല്ലെന്ന അവബോധത്തിന്റെ ആരംഭവുമാകാം.
ഞാന്‍ ചിക്കാഗോ യൂണിവേഴ്സിറ്റിയിലേക്ക് മാറിയപ്പോഴും ഈ അസ്വസ്ഥത എന്റെ കൂടെ തന്നെയുണ്ടായിരുന്നു. അവിടെ വെച്ചാണ് ഞാന്‍ നൈതിക സിദ്ധാന്തത്തിന്റെ ജ്ഞാനശാസ്ത്രം പഠിച്ചത്. അതായത്, അര്‍ത്ഥശൂന്യതയെക്കുറിച്ചുള്ള ചോദ്യത്തിന് വെളിച്ചം വീശാന്‍ തത്ത്വചിന്തകരുടെ പുസ്തകങ്ങള്‍ വായിക്കുന്നതിലേക്കും തിരയുന്നതിലേക്കും ധാര്‍മ്മിക വിധിന്യായങ്ങള്‍ എങ്ങനെയാണ് എത്തിച്ചേര്‍ന്നത്? അത് വ്യക്തിപരമായ ആശങ്ക എന്നത് പോലെ തന്നെ ഇക്കാലത്തെ കേന്ദ്ര ദാര്‍ശനിക പ്രശ്നങ്ങളില്‍ ഒന്നുമായിരുന്നു.
കടല്‍ എന്ന പുസ്തകം
ചിക്കാഗോ കൂടുതല്‍ ചെലവേറിയ സ്കൂളായതിനാലും ട്യൂഷന് പണം സ്വരൂപിക്കേണ്ടിവന്നതിനാലും, ഒരു വേനല്‍ക്കാല ജോലി തേടിയ എനിക്ക് വെസ്റ്റ് കോസ്റ്റിലെ അലാസ്കയില്‍ ബോട്ട് ഫിഷിംഗ് ജോലി ലഭിച്ചു. കടല്‍ എനിക്ക് ഒരു വിശാലമായ വിദ്യാലയം തന്നെയായിരുന്നു. കാരണം, കൂലി ലഭിക്കാന്‍ എട്ട് സീസണുകള്‍ക്ക് ശേഷം ഞാന്‍ മടങ്ങി പോകേണ്ടിയിരുന്നു. ബോട്ടുകളില്‍ ഞാന്‍ നിരവധി പേരെ കണ്ടു. കാറ്റിന്റെയും വെള്ളത്തിന്റെയും കൊടുങ്കാറ്റിന്റെയും മഴയുടെയും ശക്തിയും വലിപ്പവും ഞാന്‍ കണ്ടു. ഒപ്പം മനുഷ്യന്റെ ദുര്‍ബലതയും. അവ ഒരു വലിയ പുസ്തകം പോലെ എന്റെ മുന്പില് പരന്നു കിടക്കുന്നു. പക്ഷേ, എനിക്കും എന്റെ സഹ മത്സ്യത്തൊഴിലാളികള്‍ക്കും നമ്മുടെ സന്ദര്‍ഭത്തിനകത്ത് നിന്ന് മാത്രമേ അത് വായിക്കാന്‍ കഴിഞ്ഞുള്ളൂ. അതായത്, ടെന്‍ഡറുകള്‍ക്ക് വില്ക്കാന് വേണ്ടി നിശ്ചിത സമയത്തിനുള്ളില്‍ കഴിയുന്നത്ര മത്സ്യങ്ങളെ പിടിക്കുക. കുറച്ചുപേര്‍ക്ക് ഈ പുസ്തകം മൊത്തത്തില്‍ എങ്ങനെ വായിക്കണമെന്ന് അറിയാമായിരുന്നു.
കപ്പല്‍ തട്ടില്‍ ജോലിക്കാരനായിരുന്ന സമയത്ത്, ജീന്‍ പോള്‍ സാര്‍ത്രിന്റെ ‘Being and Nothingness’ എന്ന കൃതിക്ക് ഹാസല്‍ ബാര്ണ്സ് തയ്യാറാക്കിയ വിവര്‍ത്തനം ഞാന്‍ വായിച്ചിരുന്നു. അതില്‍ മനുഷ്യ പദ്ധതികളുടെ അസ്തിത്വത്തിന്റെ പശ്ചാത്തലത്തില്‍ സ്വബോധത്തിന് വേണ്ടി മാത്രമാണ് പ്രതിഭാസങ്ങള്‍ ഉടലെടുത്തതെന്ന് അദ്ദേഹം വാദിച്ചു. ഈ വിഷയം മാര്‍ക്സിന്റെ 1844 ലെ കയ്യെഴുത്തുപ്രതികള്‍ പറഞ്ഞതിനെ ഓര്‍മ്മിപ്പിക്കുന്നു. അതായത്, പ്രകൃതി മനുഷ്യന് നിര്‍മ്മിച്ചതാണ്. അഥവാ, ഉദാഹരണമായി, ഒരു മഹര്‍ഷി ഒരു കൂട്ടം മരങ്ങളെ കാണുമ്പോള്‍, അദ്ദേഹത്തിനുണ്ടാകുന്ന ബോധം ഒരു കവിയില്‍ നിന്നും ഒരു മുതലാളിത്ത വാദിയില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും. മഹര്‍ഷിയെ സംബന്ധിച്ചിടത്തോളം അത് ഒരു സാക്ഷാത്കാരമാണ്. കവിക്ക് ഒരു വനവും മുതലാളിക്ക് ഒരു മരത്തടിയും. എന്നാല്‍ ഞങ്ങള്‍ക്ക് ചുറ്റുമുള്ള കടലിന്റെ മഹത്തായ പ്രകൃതി സംഭവങ്ങള്‍ അതിന്റെ ധാര്‍ഷ്ട്യം കൊണ്ട് എതിര്‍ക്കുന്നതായും അതുമായി പൊരുത്തപ്പെടാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ക്ക് മുഖം തരാത്തതായും തോന്നി. കടല്‍ ഞങ്ങളെ ശക്തിയായി പിടിച്ചുകുലുക്കിക്കൊണ്ടിരുന്നു. ഈ പ്രതിസന്ധിയെ മറികടക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമോ എന്ന ചിന്ത ഞങ്ങളില്‍ എല്ലാം പൊട്ടി മുളച്ചു തുടങ്ങി. ചിലര്‍, അത്തരം നിമിഷങ്ങളില്‍ ദൈവത്തോട് സഹായം തേടും. പക്ഷേ ഞങ്ങള്‍ സുരക്ഷിതമായി കരയിലേക്ക് മടങ്ങിയെത്തിയപ്പോള്‍, അവനെക്കുറിച്ച് കുറച്ച് അറിയുന്ന മനുഷ്യരെപ്പോലെയാണ് ഞങ്ങള്‍ പെരുമാറിയത്. ആ നിമിഷങ്ങള്‍ ഒരുതരം ഭ്രാന്തിലേക്ക് വഴുതി വീണത് പോലെയായിരുന്നു. സന്തോഷ സമയങ്ങളില്‍ അതിനെ പറ്റി ചിന്തിക്കാന്‍ പോലും ലജ്ജ തോന്നുന്നു. ഇത്തരം സംഭവങ്ങള്‍ നിലവിലുണ്ടെന്ന് മാത്രമല്ല, ഒരുപക്ഷേ നമ്മുടെ ജീവിതത്തില്‍ ഭാരം ഉള്ളതായി തോന്നുകയും ചെയ്തിട്ടുണ്ട്. വാസ്തവത്തില്‍, കടലിന്റെ പാഠങ്ങളിലൊന്നാണ് ഇത്. മനുഷ്യന് വളരെ ചെറുതും ദുര്‍ബലനുമാണ്. ചുറ്റുമുള്ള ശക്തികളെല്ലാം വലുതും അവന് നിയന്ത്രിക്കാന്‍ കഴിയാത്തവയുമാണ്.
ചിലപ്പോള്‍ ഒരു ബോട്ട് മുങ്ങുകയും ചിലര്‍ മരിക്കുകയും ചെയ്യുന്നു. ഒരിക്കല്‍ മറ്റൊരു ബോട്ടില്‍ നിന്നുള്ള ഒരു മത്സ്യത്തൊഴിലാളി ഞങ്ങളുടെ അടുത്ത് തന്നെ ജോലി ചെയ്തത് ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ ചെയ്തിരുന്ന വല ശരിപ്പെടുത്തുക എന്ന ജോലി തന്നെയായിരുന്നു അയാളും ചെയ്തിരുന്നത്. വെള്ളത്തില്‍ നിന്നും വല വലിച്ചെടുക്കുമ്പോള്‍ എല്ലാം അദ്ദേഹം ചിരിച്ചു കൊണ്ടിരുന്നു. അടുത്ത തവണ വെള്ളത്തിലേക്ക് എറിയാന്‍ പാകത്തില്‍ അദ്ദേഹം അത് വൃത്തിയാക്കുകയും ചെയ്യുന്നു. ഏതാനും ആഴ്ചകള്‍ക്കു ശേഷം, മത്സ്യബന്ധനത്തിനിടെ കൊടുങ്കാറ്റില്‍ അദ്ദേഹത്തിന്റെ ബോട്ട് മറിഞ്ഞു. വലയില്‍ കുടുങ്ങി അയാള്‍ മുങ്ങിമരിച്ചു. പിന്നീട് ഞാന്‍ അയാളെ സ്വപ്നം കണ്ടു. അയാള്‍ തന്നെ ബോട്ടില്‍ ഇരുന്ന് എന്നെ മാടി വിളിക്കുകയായിരുന്നു.
കാര്‍ക്കശ്യക്കാരനായ ക്യാപ്റ്റന്‍
ഞങ്ങള്‍ ജീവിച്ചു കൊണ്ടിരുന്ന രംഗങ്ങള്‍ അതി ഭീകരമായിരുന്നു. കൊടുങ്കാറ്റുകള്‍, വെള്ളത്തില്‍ നൂറുകണക്കിന് അടി ലംബമായി ഉയരുന്ന പാറക്കൂട്ടങ്ങള്‍, തണുപ്പും മഴയും ക്ഷീണവും, ഇടക്കിടെ ഉണ്ടാകുന്ന പരിക്കുകളും തൊഴിലാളികളുടെ മരണം എന്നിവയെല്ലാം ഞങ്ങളില്‍ മിക്കവരിലും മാനസിക സംഘര്‍ഷം സൃഷ്ടിച്ചു. മത്സ്യത്തൊഴിലാളികള്‍ കഠിന ഹൃദയരായിരുന്നു. സീസണിന്റെ അവസാനമാകുമ്പോഴേക്കും ഒരു ബോട്ടില്‍ ജോലി ചെയ്യുന്ന ഒരു കുടുംബത്തിന് കടലില്‍ വെച്ച് ഒരു ക്രൂ അംഗത്തെയെങ്കിലും നഷ്ടപ്പെടുമെന്ന് അവര്‍ പറയുമായിരുന്നു. അവരോടൊപ്പം പ്രവര്‍ത്തിച്ച ഏക കുടുംബേതര അംഗം ഞാന്‍ മാത്രമായിരുന്നു. ഞാന്‍ മരിച്ചാല്‍ എനിക്ക് നല്‍കേണ്ടിയിരുന്ന പണം അവര്‍ക്ക് ലാഭിക്കാമല്ലോ.
മറ്റൊരു ബോട്ടിന്റെ ക്യാപ്റ്റന്‍ ഇരുപത്തിയേഴുകാരനായിരുന്നു. ബെറിംഗ് കടലില്‍ നിന്ന് ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ഡോളര്‍ വിലവരുന്ന ഞണ്ട് അദ്ദേഹം എത്തിച്ചിരുന്നു. ഞാന്‍ അദ്ദേഹത്തെക്കുറിച്ച് ആദ്യമായി കേട്ടപ്പോള്‍, ഞങ്ങള്‍ കോഡിയാക്കിലായിരുന്നു. ഒരു നീണ്ട യാത്രക്ക് ശേഷം സിറ്റി ഡോക്കില്‍ അവര്‍ അദ്ദേഹത്തിന്റെ ബോട്ട് കെട്ടിയിടുകയായിരുന്നു. ക്യാപ്റ്റന്‍ ഇപ്പോള്‍ തന്റെ സ്വകാര്യ മുറിയിലെ ബങ്കില്‍ രോഗാവസ്ഥയില്‍ കിടക്കുകയായിരുന്നു. തലേദിവസം രാത്രി ഒരു ഗ്ലാസ് കഷ്ണം തിന്നത് മൂലം രക്തം ഛര്‍ദ്ദിച്ചു കൊണ്ടിരുന്നതില്‍ നിന്നും അദ്ദേഹം എത്ര ശക്തനാണെന്ന് ഞാന്‍ മനസ്സിലാക്കി.
ഒരു നീണ്ട ശൈത്യകാലത്തിന്റെ അവസാനത്തില്‍, കിംഗ് ക്രാബ് എന്ന ഞെണ്ടുകളുടെ സീസണില്‍ ബെറിംഗ് കടലില്‍ വെച്ച് ഞാന്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ അദ്ദേഹം കുറച്ചുകൂടി മെച്ചപ്പെട്ട അവസ്ഥയിലായിരുന്നു. കമ്പ്യൂട്ടറുകള്‍, ലോറന്, സോനാര്‍, ഡെപ്ത് ഫൈന്‍ഡറുകള്‍, റഡാര്‍ എന്നിവയില്‍ നിന്ന് ഒരു സിഗ്നല്‍ വലിച്ചെടുക്കാന്‍ കഴിയുന്ന, റേഡിയോകളാല് ചുറ്റപ്പെട്ട നിലയില്‍ ബോട്ടിന്റെ മുകള്‍ തട്ടിലെ അദ്ദേഹം തന്റെ വീല്‍ഹൗസില്‍ ഇരുന്നു ജോലി ചെയ്തു. അദ്ദേഹത്തിന്റെ ലൈറ്റ് – സ്വിച്ച് പാനലുകള്‍ 180 ഡിഗ്രിയുള്ള പങ്കായങ്ങള്‍ തകരുന്നതില്‍ നിന്നും സംരക്ഷിക്കുന്ന ജാലകങ്ങള്‍ക്ക് താഴെയായി സജ്ജീകരിച്ചിരുന്നു. അത് കടലിനെയും താന്‍ ഉച്ചഭാഷിണിയിലൂടെ ആശയവിനിമയം നടത്തുന്ന ഡെക്കിലുള്ള ആളുകളെയും മുകളില്‍ നിന്ന് നിരീക്ഷിച്ചു കൊണ്ടിരുന്നു. അവ പലപ്പോഴും ഇരുപത്തി നാല് മണിക്കൂറും പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു. മാസ്റ്റുകളില്‍ ഘടിപ്പിച്ചിട്ടുള്ള കൂറ്റന്‍ ഇലക്ട്രിക് ലൈറ്റുകളുടെ സഹായത്തോടെ ബാറ്ററികള്ക്കടിയിലെ ഐസ് വെള്ളത്തില്‍ നിന്ന് ശൈത്യകാലത്തെ രാത്രികളെ അവ പകല്‍ ആക്കി. ‘ആക്രോശിക്കുന്നവന്’ എന്ന നിലയില്‍ ക്യാപ്റ്റന്‍ നല്ല കേളി ഉണ്ടായിരുന്നു. ഒരിക്കല്‍ തന്റെ ജോലിക്കാരില്‍ ഒരുവനെ, അനുവാദമില്ലാതെ കാപ്പി കുടിക്കാന്‍ അകത്തേക്ക് പോയതിന്റെ പേരില്‍, പെരുമഴയത്ത് പതിനൊന്ന് മണിക്കൂര്‍ ഡെക്കില്‍ പൂട്ടിയിട്ടിരുന്നു. ഒരു അഭിഭാഷകനോ പരസ്യ എക്സിക്യൂട്ടീവിനോ ലഭിക്കുന്ന വാര്‍ഷിക വരുമാനത്തിന് ഇരട്ടി ആറുമാസത്തിനുള്ളില്‍ തന്നെ അവര്‍ക്ക് ലഭിച്ചിരുന്നെങ്കിലും, ചുരുക്കം ചില ജോലിക്കാര്‍ മാത്രമേ അദ്ദേഹത്തോടൊപ്പം ഒരു സീസണിലേറെ നീണ്ടുനിന്നുള്ളൂ.
ഒരിക്കല്‍ അദ്ദേഹം നങ്കൂരത്തിനടുത്ത് ഇരിക്കുകയായിരുന്നു. ഞങ്ങള്‍ അയാളെ സമീപിച്ചപ്പോള്‍ സൗഹാര്‍ദ്ദപരമായിട്ടാണ് അയാള്‍ പെരുമാറിയത്. ഞങ്ങളുടെ ക്യാപ്റ്റനുമായി ഇരുന്നു സംസാരിക്കാന്‍ പോലും അയാള്‍ ഞങ്ങളുടെ കപ്പലിലേക്ക് വന്നു.അവര്‍ ദീര്‍ഘനേരം സംസാരിച്ചു. ചില സമയങ്ങളില്‍ വാതിലിലൂടെയോ ജനലുകളിലൂടെയോ അയാള്‍ കടലിലേക്ക് നോക്കിക്കൊണ്ടിരുന്നു. ഗെയിമിനും മാര്‍ക്കറ്റിനും പണത്തിനും പിറകെയുള്ള അദ്ദേഹത്തിന്റെ നിലക്കാത്ത യാത്രകള്‍ കണ്ടപ്പോള്‍ അയാളെ കാട്ടിലെ വേലക്കാരനെ പോലെ തോന്നിപ്പിച്ചു. അത്തരക്കാര്‍ പണമുണ്ടാക്കാന്‍ മിടുക്കന് ആയിരുന്നെങ്കിലും ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ത് എന്ന് അറിയാത്തവര്‍ ആയിരുന്നു. അത്തരക്കാര്‍ എന്തിനാണ് ഈ ഭൂമിയില്‍ ജീവിക്കുന്നതെന്നും അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനും ചില നിയമ തത്വങ്ങള്‍ വേണ്ടേ എന്ന് എനിക്ക് തോന്നാറുണ്ടായിരുന്നു.
മത്സ്യത്തൊഴിലാളികളും ഡോക്ടര്‍മാരും
ചിക്കാഗോയില്‍ എന്റെ പഠനത്തിന്റെ രണ്ടാം വര്‍ഷത്തില്‍ ഞാന്‍ ചില കാര്യങ്ങള്‍ മനസ്സിലാക്കി. ജനങ്ങളുടെ ധാര്‍മ്മികതയെ ഗണ്യമായി സ്വാധീനിക്കുന്നതിലും അനീതി തടയുന്നതിലും തത്ത്വചിന്ത കഴിഞ്ഞ കാലങ്ങളില്‍ വിജയിച്ചിട്ടില്ലെന്ന് തത്ത്വചിന്താപരമായ ധാര്‍മ്മിക വ്യവസ്ഥകളെക്കുറിച്ചുള്ള പഠനങ്ങളിലൂടെ ഞാന്‍ മനസ്സിലാക്കി. എന്നാല്‍ ഭാവിയില്‍ അങ്ങനെ ചെയ്യാന്‍ കഴിയുമെന്ന് എനിക്ക് ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. മനുഷ്യന്റെ സാംസ്കാരിക വ്യവസ്ഥകളെയും സമൂഹങ്ങളെ, അവയുടെ ചരിത്രപരമായ പിന്തുടര്ച്ചയിലും ആധിക്യത്തിലും താരതമ്യം ചെയ്യുന്നത് പല ബുദ്ധിജീവികളെയും ധാര്‍മ്മിക ആപേക്ഷികതയിലേക്ക് നയിക്കുന്നതായി ഞാന്‍ കണ്ടെത്തി. അത് സ്വന്തം യോഗ്യതയാല്‍ തന്നെ ബഹുമുഖ സാംസ്കാരിക സാധുതയുള്ള ധാര്‍മ്മിക മൂല്യങ്ങളെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ അത്തരമൊരു ചിന്ത ശൂന്യതാവാദത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്. മനുഷ്യ നാഗരികതയെ, ഭൂമിയില്‍ വളര്‍ന്ന്, അവയുടെ വിവിധ വിത്തുകളില്‍ നിന്നും മണ്ണില്‍ നിന്നും ഉത്ഭവിച്ച്, കുറച്ചു കാലം അഭിവൃദ്ധി പ്രാപിച്ച് പിന്നീട് നശിക്കുന്ന സസ്യങ്ങളായി കാണുന്ന വീക്ഷണം.
ചിലര്‍ ഇതിനെ ബൗദ്ധിക വിമോചനമെന്നാണ് വിശേഷിപ്പിച്ചത്. അക്കൂട്ടത്തില്‍ പെട്ടവരാണ് എമിലി ദുര്‍ഖൈമും സിഗ്മണ്ട് ഫ്രോയിഡും. ദുര്‍ഖൈം തന്റെ Elementary Forms of Religious Lifes ലും സിഗ്മണ്ട് ഫ്രോയിഡ് തന്റെ Totem and Taboo എന്ന കൃതിയിലും മനുഷ്യരാശിയെ ഒരു രോഗിയെന്ന നിലക്കാണ് ചര്‍ച്ച ചെയ്യുന്നത്. അതിന്റെ മതപാരമ്പര്യങ്ങള്‍ മൂലം അതിനു ന്യൂറോസിസ് ബാധിക്കുകയും, സമഗ്രമായ ശാസ്ത്രീയ നിരീശ്വരവാദത്തിലൂടെ മാത്രം ചികില്സിക്കാവുന്ന ഒന്നുമായിട്ടാണ് മനുഷ്യ നാഗരികതയെ അവര്‍ കാണുന്നത്.
ഈ വിഷയത്തില്‍, യുര്‍ഗന്‍ ഹേബര്‍മാസിന്റെ Knowledge and Human Interests എന്ന കൃതിക്ക് യെര്‍മി ഷാപ്പിറോ എഴുതിയ വിവര്‍ത്തനം ഞാന്‍ വാങ്ങി. പ്രസ്തുത കൃതിയില്‍, ലോകത്തിന്റെ സുസ്ഥിരമായ പുരോഗതിയില്‍ ഉശിരോടെ മുന്നേറുന്നതിന് ശാസ്ത്രം പോലെ ആശ്രയിക്കാവുന്ന മറ്റൊന്നുമില്ലെന്ന് അദ്ദേഹം വാദിച്ചു. അത്തരമൊരു തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ശാസ്ത്രമാത്രവാദമാണ് അദ്ദേഹം പറഞ്ഞത്, ശാസ്ത്രമായിരുന്നില്ല. യഥാര്‍ത്ഥ ലോകത്തിലെ ശാസ്ത്രം മൂല്യങ്ങളില്‍ നിന്ന് മുക്തമായിരുന്നില്ല എന്നും അദ്ദേഹം പറയുന്നു. ഉദാഹരണത്തിന്, ധനസഹായം ലഭിക്കുന്ന ഗവേഷണങ്ങളെല്ലാം സമൂഹം അര്‍ത്ഥവത്തായതോ പ്രയോജനകരമോ, ലാഭകരമോ, പ്രധാനപ്പെട്ടതോ ആണെന്ന് കരുതുന്ന ഒരു പ്രവര്‍ത്തനം മാത്രമാണ്. സ്വന്തം രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിഞ്ഞിരുന്ന മുപ്പതുകളിലെയും നാല്പതുകളിലെയും ജര്‍മ്മന്‍ അക്കാദമിക തലമുറയില്‍ വിദഗ്ധനായിരുന്നു ഹേബര്‍മാസ്. എന്നാല്‍ അവര്‍ കേവലം ബൗദ്ധിക ഉല്പാദനത്തില് മാത്രം ഏര്‍പ്പെട്ടിരിക്കുകയാണെന്നും സ്കോളര്‍ഷിപ്പ് രംഗത്താണ് അവര്‍ ജീവിക്കുന്നതെന്നും അവര്‍ അവരുടെ ഗവേഷണങ്ങളെ ഏത് ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുമെന്ന കാര്യത്തില്‍ അവര്‍ക്ക് ആശങ്കപ്പെടേണ്ടയിരുന്നുമില്ല.യുദ്ധാനന്തരം നാസി അതിക്രമങ്ങള്‍ പരസ്യമായപ്പോള്‍ ജര്‍മ്മന്‍ ബുദ്ധിജീവികളുമായി ബന്ധപ്പെട്ട ഭയാനകമായ ചോദ്യചിഹ്നം ഹേബര്‍മാസിനെ ശുദ്ധമായ ശാസ്ത്രത്തിന്റെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചു.എന്നാല്‍ പത്തൊന്‍പതാം നൂറ്റാണ്ടിലെ ഫ്രോയിഡ് ദുര്‍ഖൈം പോലുള്ള ചിന്തകരുടെ ശുഭാപ്തിവിശ്വാസം ഇപ്പോള്‍ നിലവിലില്ല എന്നതാണ് വാസ്തവം.

ആര്‍തര്‍ ഷോപ്പനോര്‍
എനിക്ക് ചുറ്റുമുള്ള ബൗദ്ധിക ജീവിതത്തെ ഞാന്‍ വീണ്ടും വിലയിരുത്താന്‍ തുടങ്ങി. ഷോപ്പനോറിനെപ്പോലെ ഉന്നതവിദ്യാഭ്യാസം ഉയര്‍ന്ന മനുഷ്യ (Higher Human beings) രെ സൃഷ്ടിക്കേണ്ടതുണ്ടെന്ന് എനിക്കും തോന്നി. എന്നാല്‍ സര്‍വകലാശാലയില്‍, വരുന്ന വര്‍ഷത്തേക്ക് ധനസഹായം നേടുന്നതിനായി ഗവേഷണ വിവരങ്ങള്‍ കെട്ടിച്ചമയ്ക്കുന്നതിനെക്കുറിച്ച് ലാബിലെ ആളുകള്‍ പരസ്പരം ചര്‍ച്ച ചെയ്യുന്നത് ഞാന്‍ നേരില്‍ കണ്ടു.ഒരേ മേഖലയിലുള്ള തങ്ങളുടെ എതിരാളികള്‍ ഗവേഷണത്തില്‍ ഒരു പടി മുന്നേ നടന്ന് പ്രസിദ്ധീകരണത്തിലൂടെ അവരെ തോല്‍പ്പിക്കുമെന്ന് തങ്ങളുടെ ക്ലാസ്സുകളില്‍ ടേപ്പ് റെക്കോര്‍ഡറുകള്‍ അനുവദിക്കാത്ത പ്രശസ്ത വ്യക്തികള്‍, സിലബസിലെ കോഴ്സിന്റെ കാര്യത്തില്‍ മത്സരിക്കുന്ന പ്രൊഫസര്‍മാര്‍ എന്നിങ്ങനെ അനേകം പേരെയും കണ്ടു. സാധാരണവും പരിഷ്കരിക്കപ്പെടാത്തതുമായ മാനവികതയുള്ള എനിക്ക് പരിചിതമായ മത്സ്യത്തൊഴിലാളികളുടെ ധാര്‍മ്മിക ഗുണങ്ങള്‍ ആധുനിക അക്കാദമിക വിദഗ്ധരുമായി ഇടക്കിടെ സന്ധിക്കുന്നതായി എനിക്ക് തോന്നി. ഒരു വലിയ മീന്‍പിടിത്തത്തില്‍ ഒരു ബോട്ട് നിറയെ മത്സ്യം ലഭിച്ച ശേഷം മറ്റു മത്സ്യത്തൊഴിലാളികള്‍ക്ക് അവരെ നോക്കി ചിരിക്കാന്‍ കഴിയുമെങ്കില്‍, ഇനിയും വെള്ളത്തില്‍ മത്സ്യം കിടക്കുന്നുവെന്ന് കാണാന്‍ സാധിക്കും. പ്രത്യക്ഷത്തില്‍ കൂടുതല്‍ മത്സ്യങ്ങളെ തിരയുന്നു. പുസ്തകങ്ങളും ലേഖനങ്ങളും എഴുതപ്പെട്ട അതേ രീതിയില്‍ ചെയ്ത PhD കളെക്കുറിച്ച് ഒരാള്‍ക്ക് എന്ത് പറയാന്‍ കഴിയും? അവരുടെ അറിവ് അവരുടെ വ്യക്തിത്വത്തെ വികസിപ്പിച്ചിട്ടില്ലെന്നും ‘ഉയര്‍ന്ന മനുഷ്യന്’ എന്ന ആശയം അവരുടെ ആശങ്കയില്‍ പെടുന്നില്ലെന്നും എനിക്ക് തോന്നി.
തത്ത്വചിന്തയുടെ അവസാനം
ഒരാള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്നിടത്തോളം ഞാന്‍ തത്ത്വചിന്തയുടെ വഴിയില്‍ പോയിട്ടില്ലേ എന്ന് ഞാന്‍ ഒരു വേള ആലോചിച്ചു നോക്കി. അത് എന്റെ ക്രിസ്തുമത വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുകയും ചില കളങ്കമറ്റ ഉള്‍ക്കാഴ്ചകള്‍ നല്‍കുകയും ചെയ്തിട്ടുണ്ടെങ്കിലും, അത് ഇതുവരെ എന്റെ പ്രധാന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയിരുന്നില്ല. മാത്രമല്ല, ഇവ തമ്മില്‍ എങ്ങനെയോ ബന്ധമുണ്ടെന്ന് എനിക്ക് തോന്നി. എന്നാല്‍ അവ കാര്യത്തോട് ആണോ കാരണത്തോട് ആണോ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന് പോലും അറിയാന്‍ കഴിയാത്ത വിധം ഭൗതിക പാരമ്പര്യം എന്റെ ചിന്തകളെ മരവിപ്പിച്ചിരുന്നു. ഞാന്‍ Kojves Introduction to the Reading of Hegel വായിച്ചു നോക്കി. അതില്‍, ഹെഗലിനെ സംബന്ധിച്ചിടത്തോളം തത്ത്വചിന്ത വ്യവസ്ഥയില്‍ ഉന്നത സ്ഥാനത്ത് എത്തിയതല്ല. മറിച്ച്,മനുഷ്യന്റെ പ്രവര്‍ത്തനങ്ങളുടെ നൈതിക പ്രത്യാഘാതങ്ങളെക്കുറിച്ച് സാധ്യമായ ഏത് ചോദ്യത്തിനും ഉത്തരം നല്കാന് കഴിയുന്ന ജ്ഞാനിയായ മനുഷ്യനിലൂടെ ഉച്ചാവസ്ഥ പ്രാപിച്ചതാണ്. ഒരു നൈതിക ചോദ്യത്തിന് പോലും ഉത്തരം നല്കാന് കഴിയാത്ത ഇരുപതാം നൂറ്റാണ്ടിലെ നമ്മുടെ ദുരവസ്ഥയെ പറ്റി ഇത് എന്നെ ചിന്തിപ്പിച്ചു.
ഈ നൂറ്റാണ്ടിലെ മൂര്‍ത്തമായ കാര്യങ്ങളുടെ സമാനതകളില്ലാത്ത വൈദഗ്ദ്ധ്യം എങ്ങനെയെങ്കിലും നമ്മളെ സൃഷ്ടിച്ചുകൊണ്ട് അവസാനിച്ചത് പാലെയായിരുന്നു.ഹെഗലിന്റെ Phenomenology of Mind ലെ ‘മൂര്‍ത്തത'(Concreteness)എന്ന ആശയവുമായി ഞാന്‍ ഇതിനെ താരതമ്യം ചെയ്തു. അദ്ദേഹത്തിന്റെ വാക്കുകളില്‍, അമൂര്‍ത്തത (Abstract) എന്നാല്‍, ഉദാഹരണത്തിന്, നിങ്ങള്‍ നിലവില്‍ കൈയ്യില്‍ സൂക്ഷിച്ചിരിക്കുന്ന ഒരു പുസ്തകത്തിന്റെ പരിമിത ഭൗതിക യാഥാര്‍ത്ഥ്യം പോലെയാണത്. അതേസമയം മൂര്‍ത്തത (Concreteness) എന്നാല്‍ അത് മുന്‍കൂട്ടി തീരുമാനിച്ച വലിയ യാഥാര്‍ത്ഥ്യങ്ങളുമായുള്ള പരസ്പര ബന്ധമാണ്. മഷിയും കടലാസും നിര്‍ണ്ണയിക്കുന്ന ഉല്പാദന രീതികള്‍, നിറവും രൂപകല്‍പ്പനയും നിര്‍ദ്ദേശിക്കുന്ന സൗന്ദര്യാത്മക മാനദണ്ഡങ്ങള്‍, വായനക്കാരിലേക്ക് എത്തിക്കുന്ന വിപണന- വിതരണ സംവിധാനങ്ങള്‍, വായനക്കാര്‍ക്ക് സാക്ഷരതയും അഭിരുചിയും നല്കുന്ന ചരിത്രപരമായ സാഹചര്യങ്ങള്‍, ശൈലിയെ സ്വാധീനിച്ച ഘടകങ്ങള്‍, എന്നിത്യാദി പുസ്തകത്തെ പുസ്തകമായി മാറ്റിയ പ്രവര്‍ത്തനങ്ങളെല്ലാം അടങ്ങിയതാണ് അത്.
ഹെഗലിനെ സംബന്ധിച്ചിടത്തോളം ദാര്‍ശനിക അന്വേഷണ പ്രസ്ഥാനങ്ങള്‍ എല്ലായ്പ്പോഴും അമൂര്‍ത്തത്തില്‍ നിന്ന് മൂര്‍ത്തതയിലേക്കും, കൂടുതല്‍ യഥാര്‍ത്ഥത്തിലേക്കും നയിച്ചു. അതിനാല്‍ തത്ത്വചിന്ത അനിവാര്യമായും ദൈവശാസ്ത്രത്തിലേക്ക് നയിച്ചുവെന്ന് പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. നമ്മുടെ നൂറ്റാണ്ടിലെ പരിഹരിക്കാനാവാത്ത അഭാവം എടുത്തുകാട്ടാന്‍ എന്നെ പ്രേരിപ്പിച്ചു. നമ്മുടെ സംസ്കാരത്തെയും ഭൂതകാലത്തെയും മൂര്ത്തിമത്താക്കുന്നതിലൂടെ, നമ്മുടെ വിശാലമായ മാനവികതയില്‍ നിന്നും, നമ്മുടെ യഥാര്‍ത്ഥ സ്വഭാവത്തില്‍ നിന്നും എങ്ങനെയെങ്കിലും നാം സ്വയം ഒഴിഞ്ഞുമാറിയില്ലേ എന്ന് ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി.
ഈ അവസരത്തില്‍, ഇസ്ലാമിനെ കുറിച്ചുള്ള നിരവധി കൃതികള്‍ ഞാന്‍ വായിച്ചു കഴിഞ്ഞിരുന്നു. സയ്യിദ് ഹുസൈന് നസ്റിന്റെ പുസ്തകങ്ങളുമുണ്ടായിരുന്നു അവയില്‍. പാശ്ചാത്യ മനുഷ്യന്റെ മിക്ക പ്രശ്നങ്ങളും, പ്രത്യേകിച്ച് പരിസ്ഥിതിയുടെ പ്രശ്നങ്ങള്‍, വെളിപാടിലൂടെ ഉണ്ടായ മതത്തിന്റെ ദിവ്യജ്ഞാനം ഉപേക്ഷിച്ചത് മൂലമാണ്. പ്രകൃതിയിലെ ദൈവത്തിന്റെ ഒരു സൃഷ്ടിയെന്ന നിലയില്‍ ആ മതം തന്റെ യഥാര്‍ത്ഥ സ്ഥാനം മനസിലാക്കാനും ബഹുമാനിക്കാനും പഠിപ്പിച്ചു. ആ മതമില്ലാതെ, വാണിജ്യ ചൂഷണത്തിന് കൂടുതല്‍ ഫലപ്രദമായ സാങ്കേതിക ശൈലികള്‍ ഉപയോഗിച്ച് അവന് പ്രകൃതിയെ ഉപയോഗിക്കുകയും നശിപ്പിക്കുകയും ചെയ്തു. അത് അവനെ തന്നെ നശിപ്പിച്ചു. കാരണം അവന് എന്തിനാണ് നിലനില്‍ക്കുന്നതെന്നോ അല്ലെങ്കില്‍ അവസാനം വരെ എന്ത് പ്രവര്‍ത്തിക്കണമെന്നോ അവനറിഞ്ഞില്ല.
ഈ ചിന്ത മുന്നോട്ട് പോകുന്നിടത്തോളം ശരിയായിരിക്കാമെന്ന് ഞാന്‍ കരുതി. പക്ഷേ ‘വെളിപ്പെട്ട മതത്തിന്റെ സത്യം’ എന്ന ചോദ്യത്തോട് അത് യാചിക്കുകയായിരുന്നു. ഭൂമുഖത്തുള്ള എല്ലാം, ധാര്‍മ്മികവും മതപരവുമായ സംവിധാനങ്ങളടക്കം ഒരേ തട്ടിലായിരുന്നു. അവയിലൊന്ന് ഉയര്‍ന്ന സ്രോതസ്സില്‍ നിന്നുള്ളതാണെന്ന് ഉറപ്പാവാത്ത കാലത്തോളം അങ്ങനെ തന്നെയാണ്. അല്ലാത്തപക്ഷം, ഒരു മനുഷ്യന്റെ അഭിപ്രായം മറ്റൊരാളുടെ അഭിപ്രായം പോലെ മികച്ചതാകുമായിരുന്നു. മാത്രമല്ല, പരസ്പരവിരുദ്ധമായ വ്യക്തി താല്‍പ്പര്യങ്ങളുടെ ലോകത്ത് ഞങ്ങള്‍ പ്രത്യേക താല്‍പ്പര്യമൊന്നുമില്ലാതെ, ദുര്‍ബലരെ ആക്രമിക്കുന്ന ശക്തനോട് എതിര്‍ക്കാന്‍ പോലും കഴിയാതെ പരസ്പര വ്യത്യാസമില്ലാത്തവരാകുമായിരുന്നു.
ഇമാം ഗസ്സാലി
ഇസ്ലാമിനെക്കുറിച്ചുള്ള ഒത്തിരി പുസ്തകങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. ദൈവശാസ്ത്രജ്ഞനും സൂഫിയുമായ ഇമാം ഗസാലിയുടെ അല്‍ മുന്ഖിദു മിനള്ളലാല് എന്ന കൃതിക്ക് ഡബ്ല്യൂ. മോണ്ട്ഗോമറി വാട്ട് ചെയ്ത വിവര്‍ത്തനം വായിക്കുന്നത്. ചോദ്യങ്ങളുടെയും സംശയങ്ങളുടെയും വര്‍ഷങ്ങള്‍ക്കൊടുവില്‍, തന്റെ ജീവിതത്തിന്റെ അര്‍ദ്ധ ദശയിലാണ് പ്രവാചക വെളിപാടിനേക്കാള്‍ പ്രകാശമുള്ള മറ്റൊന്നും ഈ ലോകത്തില്‍ ഇല്ലെന്ന് തിരിച്ചറിയുന്നത്. ഇതേ പ്രകാരം തന്നെ ആയിരുന്നു എന്റെ ദാര്‍ശനിക അന്വേഷണങ്ങളും. ഹെഗലിന്റെ വാക്കുകളില്‍, ജ്ഞാനിയായ മനുഷ്യന്, നന്മ- തിന്മയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് മാത്രം അധികാരമുള്ള ഒരു ദിവ്യ ദൂതന്റെ വ്യക്തിയായിരുന്നു.
‘വ്യാഖ്യാനിക്കപ്പെട്ട ഖുര്‍ആന്‍’ എന്ന എജെ ആര്ബെറിസിന്റെ പരിഭാഷയും ഞാന്‍ വായിച്ചു. ഒരു പവിത്ര ഗ്രന്ഥത്തിന് വേണ്ടിയുള്ള എന്റെ ആദ്യകാല ആഗ്രഹം അതെന്നെ ഓര്‍മിപ്പിച്ചു. വിവര്‍ത്തനത്തില്‍ പോലും, ബൈബിളിനെക്കാള് മുസ്ലിം പ്രമാണത്തിന്റെ പ്രതാപം എല്ലാ വരികളിലും പ്രകടമായിരുന്നു. എന്റെ ജീവിതകാലം മുഴുവന്‍ മങ്ങിയ നിലയില്‍ ഞാന്‍ കേട്ടുകൊണ്ടിരുന്ന ദിവ്യ വെളിപാടിന്റെ യാഥാര്‍ത്ഥ്യം ഇപ്പോള്‍ എന്റെ കണ്മുന്നില് കൊണ്ടു വെച്ചതുപോലെ. അതിന്റെ ഉന്നതമായ ശൈലി, വാക്കുകളുടെ ശക്തി, ഒഴിച്ചുകൂടാനാവാത്ത അന്തിമത, നിരീശ്വരഹൃദയത്തിന്റെ വാദഗതികള്‍ മുന്‍കൂട്ടി അറിയാനും ഉത്തരം നല്‍കാനുമുള്ള വിചിത്രമായ മാര്‍ഗം, ദൈവത്തെ ദൈവം എന്ന നിലയിലും മനുഷ്യനെ മനുഷ്യനെന്ന നിലയിലും വ്യക്തമായ ഒരു വെളിപ്പെടുത്തലായിരുന്നു അത്.
ഞാന്‍ ചിക്കാഗോയില്‍ വെച്ച് അറബി പഠിക്കാന്‍ തുടങ്ങി, ഒരു വര്‍ഷം അല്‍പ്പം വിജയകരമായ വ്യാകരണ പഠന ശേഷം, കൈറോയിലെ ഒരു വര്‍ഷത്തെ സ്വകാര്യ പഠനത്തിലൂടെ ഭാഷ മെച്ചപ്പെടുത്താന്‍ വേണ്ടി ലീവ് എടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. വളരെയധികം, പുതിയ ചക്രവാളങ്ങള്‍ തേടാനുള്ള എന്റെ ആഗ്രഹം എന്നെ ആകര്‍ഷിച്ചു കൊണ്ടിരുന്നു. മൂന്നു സീസണ് മത്സ്യബന്ധനം നടത്തിയതിനു ശേഷം ഞാന്‍ മിഡില്‍ ഈസ്റ്റിലേക്ക് കുതിച്ചു.
ഈജിപ്തില്‍, ഞാന്‍ കണ്ടറിഞ്ഞ ചില കാര്യങ്ങള്‍ പലരെയും ഇസ്ലാമിലേക്ക് കൊണ്ടുവരുമെന്ന് ഞാന്‍ വിശ്വസിച്ചു. അതായത്, മുസ്ലിം മത വിശ്വാസികള്‍ക്ക് ശുദ്ധമായ ഏകദൈവ വിശ്വാസത്തിന്റെ അടയാളം. ഞാന്‍ മുമ്പ് നേരിട്ട എന്തിനേക്കാളും അഗാധമായി ഇത് എന്നെ ബാധിച്ചു. നല്ലതും ചീത്തയുമായ ഈജിപ്തിലെ നിരവധി മുസ്ലിംകളെ ഞാന്‍ കണ്ടുമുട്ടി. പക്ഷേ, മറ്റെവിടെയും കണ്ടിട്ടില്ലാത്തത്ര അളവില്‍ എല്ലാവരേയും അവരുടെ ഗ്രന്ഥത്തിലെ അധ്യാപനങ്ങള്‍ അവരെ സ്വാധീനിച്ചതായി ഞാന്‍ കണ്ടെത്തി. അതിനുശേഷം ഏകദേശം പതിനഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടു. എനിക്ക് അവയെല്ലാം ഇപ്പോള്‍ ഓര്‍മിക്കാന്‍ കഴിയുന്നില്ല. അല്ലെങ്കില്‍ മിക്കതു പോലും. ഒരുപക്ഷേ എനിക്ക് ഓര്‍മിക്കാന്‍ കഴിയുന്നവ ഉണ്ടാക്കിയ മതിപ്പുകളെ ചിത്രീകരിക്കാന്‍ എനിക്കു കഴിഞ്ഞേക്കും.
പ്രാര്‍ത്ഥനയില്‍ മുഴുകിയ ആള്
നൈല്‍ നദീതീരത്തുള്ള മിക്യാസ് ഗാര്ഡന് സമീപം ഞാന്‍ നടക്കുമ്പോള്‍ ഒരാളെ കാണാറുണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് ചെന്നു. അദ്ദേഹം വെള്ളത്തിന് അഭിമുഖമായി പേപ്പര്‍ വിരിച്ച് പ്രാര്‍ത്ഥിക്കുകയായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ മുന്നിലൂടെ കടന്നുപോകാന്‍ നോക്കി. പക്ഷേ അത് പന്തിയല്ലെന്നു തോന്നി അദ്ദേഹത്തെ ശല്യപ്പെടുത്താതെ പിറകിലൂടെ നടന്നു. അദ്ദേഹത്തെ കടന്ന് ഞാന്‍ എന്റെ വഴിക്ക് പോകുന്നതിനു മുമ്പ് ഒരു നിമിഷം അദ്ദേഹത്തെ നോക്കി. ദൈവവുമായുള്ള ബന്ധത്തില്‍ ലയിച്ചുചേരുന്ന ഒരു മനുഷ്യനെയാണ് ഞാന്‍ കണ്ടത്. എന്റെ സാന്നിധ്യം പോലും അവന് അറിഞ്ഞിരുന്നില്ല. അവനെക്കുറിച്ചോ അവന്റെ മതത്തെക്കുറിച്ചോ ഉള്ള എന്റെ അറിവ് വളരെ കുറവാണ്. എന്റെ മനസ്സില്‍, ഇക്കാര്യം വളരെയധികം വേറിട്ടു നിന്നിരുന്നു എന്ന് തന്നെ പറയാം. കാരണം, പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള ഒരാള്‍ക്ക് ഇത് തികച്ചും വിചിത്രമാണ്. പരസ്യമായി പ്രാര്‍ത്ഥിക്കുന്നത് പോലും അവിടെ ഒരുതരം അശ്ലീലമാണ്.
മറ്റൊരാള്‍ സെക്കന്‍ഡറി സ്കൂളിലെ ഒരു ചെറുപ്പക്കാരനായിരുന്നു. ഖാന് അല്‍-ഖലീലിക്ക് സമീപം എന്നെ അയാള്‍ അഭിവാദ്യം ചെയ്തു. ഞാന്‍ അല്‍പ്പം അറബി സംസാരിക്കുകയും അദ്ദേഹം ഇംഗ്ലീഷില്‍ കുറച്ച് എന്നോട് സംസാരിക്കുകയും ചെയ്തു. അദ്ദേഹം ഇസ്ലാമിനെക്കുറിച്ച് എന്നോട് പറയാന്‍ ആഗ്രഹിച്ചിരുന്നതിനാല്‍ പട്ടണത്തിലുടനീളം ഗിസ വരെ എന്നോടൊപ്പം നടന്നു. അദ്ദേഹം കഴിയുന്നത്ര എനിക്ക് ഇസ്ലാമിനെ വിശദീകരിച്ചു തന്നു. ഞങ്ങള്‍ പിരിയാന്‍ ആയപ്പോള്‍, ഞാന്‍ മുസ്ലിമാകാന് ഒരു പ്രാര്‍ത്ഥന പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു.
മറ്റൊരാള്‍ കൈറോയില്‍ താമസിക്കുന്ന ഒരു യമന്‍ സുഹൃത്തായിരുന്നു. അറബി പഠിക്കാന്‍ എന്നെ സഹായിക്കണമെന്ന എന്റെ അഭ്യര്‍ത്ഥന പ്രകാരം അയാള്‍ എനിക്ക് ഖുര്‍ആനിന്റെ ഒരു പകര്‍പ്പ് കൊണ്ടുവന്നു. എന്റെ ഹോട്ടല്‍ മുറിയില്‍ വായിക്കാറുണ്ടായിരുന്ന സ്ഥലത്ത് കസേര മാത്രമേ ഉണ്ടായിരുന്നുള്ളൂ. മേശ ഇല്ലായിരുന്നു, അതു കൊണ്ട് പുസ്തകങ്ങള്‍ തറയില്‍ അടുക്കിവയ്ക്കുന്നത് എന്റെ പതിവായിരുന്നു. മറ്റു പുസ്തകങ്ങള്‍ വെക്കുന്നതുപോലെ ഖുര്‍ആനും ഞാന്‍ തറയില്‍ വെച്ചപ്പോള്‍ അദ്ദേഹം നിശബ്ദനായി കുനിഞ്ഞ് അതിനെ എടുത്തു.ഇത് വല്ലാതെ ആകര്‍ഷിച്ചു. കാരണം അദ്ദേഹം മതവിശ്വാസിയല്ലെന്ന് എനിക്കറിയാം. പക്ഷേ, അദ്ദേഹത്തിലുള്ള ഇസ്ലാമിന്റെ സ്വാധീനമാണ് ഞാന്‍ ഇവിടെ കണ്ടത്.
മുസ്ലിം ജീവിതം
ലക്സോറില്‍ നൈല്‍ നദിയുടെ എതിര്‍വശത്ത്, പാതയില്ലാത്ത ഒരു റോഡില്‍, ഒരു സൈക്കിളിനരികിലൂടെ നടക്കുമ്പോള്‍ ഞാന്‍ കണ്ടുമുട്ടിയ ഒരു സ്ത്രീയായിരുന്നു എന്നെ സ്വാധീനിച്ച മറ്റൊരാള്‍.എന്റെ ശരീരം മുഴുവന്‍ അഴുക്കായിരുന്നു. വസ്ത്രങ്ങള്‍ അല്‍പ്പം വൃത്തി ഇല്ലാത്തതും. തല മുതല്‍ കാല് വരെ കറുത്ത വസ്ത്രം ധരിച്ച ഒരു വൃദ്ധയായിരുന്നു അവര്‍. അവര്‍ എന്റെ നേര്‍ക്ക് നടക്കുകയും എന്നോടൊന്നു സംസാരിക്കുകയോ ഒന്ന് നോക്കുക പോലും ചെയ്യാതെ എന്റെ കയ്യിലേക്ക് ഒരു നാണയം വെച്ച് തന്നു കടന്നുപോയി. ആശ്ചര്യം മൂലമാവണം എന്റെ കയ്യില്‍ നിന്നും വീണു പോയി. നാണയം എടുത്ത് അപ്പോഴേക്കും അവര്‍ പോയിക്കഴിഞ്ഞിരുന്നു. ഞാന്‍ ദരിദ്രനാണെന്ന് അവര്‍ കരുതി. ഞാന്‍ അമുസ്ലിമാണെന്ന് വ്യക്തമാണെങ്കിലും അവളും അവളുടെ ദൈവവും തമ്മിലുള്ളതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാതെ അവര്‍ എനിക്ക് കുറച്ച് പണം തന്നു.ഈ പ്രവൃത്തി ഇസ്ലാമിനെക്കുറിച്ച് വളരെയധികം ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. കാരണം, അക്കാര്യമല്ലാതെ മറ്റൊന്നും അവളെ പ്രചോദിപ്പിച്ചതായി തോന്നുന്നില്ല.

അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റി, കൈറോ
അറബി പഠിക്കാന്‍ ഞാന്‍ ഈജിപ്തില്‍ താമസിച്ച മാസങ്ങളില്‍ മറ്റ് പല കാര്യങ്ങളും എന്റെ മനസ്സിലൂടെ കടന്നുപോയി.ഒരു മനുഷ്യന് ഏതെങ്കിലും തരത്തിലുള്ള മതം ഉണ്ടായിരിക്കണമെന്ന് ഞാന്‍ മനസ്സിലാക്കി. ഇസ്ലാം മുസ്ലിംകളുടെ ജീവിതത്തില്‍ ഉണ്ടാക്കിയ സ്വാധീനം എന്നെ കൂടുതല്‍ ആകര്‍ഷിച്ചു. മറ്റു മതങ്ങളില്‍ ഉള്ളതിനേക്കാള്‍ കൃത്യമായിരുന്നു ഇസ്ലാമിന്റെ ലക്ഷ്യ കുലീനതയും ആത്മാവിന്റെ ഔദാര്യതയും. നിരീശ്വര വാദത്തിന് പോലും അതിന്റെ അനുയായികള്‍ക്കിടയില്‍ അത്തരമൊരു സ്ഥാനമുണ്ടായിരുന്നില്ല. ഞാന്‍ വിചാരിച്ചതിനേക്കാളും എത്രയോ ഔന്നിത്യം ഉള്ളവരായിരുന്നു മുസ്ലിംകള്.
ക്രിസ്തുമതത്തിന് നല്ല വാദഗതികള്‍ ഉണ്ടായിരുന്നു എന്ന കാര്യം ഉറപ്പാണ്. പക്ഷേ അവയില്‍ ആശയക്കുഴപ്പങ്ങള്‍ ഇടകലര്‍ന്നിരുന്നു. ഇസ്ലാമിന്റെ പൂര്‍ണ്ണവും തികഞ്ഞതുമായ ആവിഷ്കാരത്തിനായി ഇസ്ലാമിലേക്ക് നോക്കാന്‍ ഞാന്‍ കൂടുതല്‍ കൂടുതല്‍ ഉത്സാഹം കാണിച്ചു. ഞങ്ങളുടെ ആദ്യകാല മതബോധങ്ങളില്‍ നിന്ന് ഞങ്ങള്‍ മന:പ്പാഠമാക്കിയ ആദ്യത്തെ ചോദ്യം എന്തുകൊണ്ടാണ് നമ്മള് സൃഷ്ടിക്കപ്പെട്ടത് എന്നായിരുന്നു. ദൈവത്തെ അറിയുക, സ്നേഹിക്കുക, സേവിക്കുക എന്നതായിരുന്നു ശരിയായ ഉത്തരം. എന്റെ ചുറ്റുമുള്ളവരെക്കുറിച്ച് ഞാന്‍ ചിന്തിച്ചപ്പോള്‍, ഇക്കാര്യം ദൈനംദിന അടിസ്ഥാനത്തില്‍ പരിശീലിക്കുന്ന ഏറ്റവും സമഗ്രവും മനസ്സിലാക്കാവുന്നതുമായ മാര്‍ഗ്ഗം പ്രദാനം ചെയ്യുന്ന മതം ഇസ്ലാം ആണെന്ന് എനിക്ക് മനസ്സിലായി.
ഇന്ന് മുസ്ലിംകള് നേരിടുന്ന രാഷ്ട്രീയപരമായ അവമതി കണ്ടിട്ട് അവ ഇസ്ലാമിനെതിരെയുള്ള ഒരു അധിക്ഷേപമാണെന്ന് എനിക്ക് തോന്നുന്നില്ല. ലോക പ്രത്യയശാസ്ത്രങ്ങളുടെ ക്രമത്തില്‍ ഇസ്ലാം തരംതാഴുന്നതായോ എനിക്ക് തോന്നുന്നില്ല. മറിച്ച്, ദീര്‍ഘമായ ചരിത്ര സഞ്ചാരത്തിലെ ഒരു താഴ്ന്ന ഘട്ടമായി മാത്രമേ അതിനെ ഞാന്‍ കാണുന്നുള്ളൂ. പതിമൂന്നാം നൂറ്റാണ്ടില്‍ ഇസ്ലാമിക നാഗരികതയെ സമഗ്രമായി നശിപ്പിച്ചതിന് മുസ്ലിം രാജ്യങ്ങളില്‍ വിദേശ മേധാവിത്വം സാക്ഷ്യം വഹിച്ചിരുന്നു. മംഗോളിയക്കാര്‍ നഗരങ്ങളെ തകര്‍ക്കുകയും മധ്യേഷ്യയിലെ പുല് പ്രദേശങ്ങള്‍ മുതല്‍ മുസ്ലിം ഹൃദയഭൂമികള്‍ വരെ മനുഷ്യ കബന്ധങ്ങളെ കൊണ്ട് പിരമിഡുകള്‍ നിര്‍മ്മിക്കുകയും ചെയ്തു. അല്ലാഹുവിന്റെ വചനം ഉയര്‍ത്താനും നൂറ്റാണ്ടുകളോളം നിലനില്‍ക്കുന്ന ഊര്‍ജ്ജസ്വലമായ രാഷ്ട്രീയം യാഥാര്‍ത്ഥ്യമാക്കാനും അല്ലാഹുവിന്റെ വിധിയാല്‍ ഓട്ടോമന്‍ സാമ്രാജ്യത്തിന് ഭാഗ്യമുണ്ടായി.
വിശ്വാസം കണ്ടെത്തുന്നു
ഒരു ദിവസം കൈറോയിലെ ഒരു സുഹൃത്ത് എന്നോട് ചോദിച്ചു; എന്തുകൊണ്ടാണ് നിങ്ങള്‍ ഒരു മുസ്ലിമാകാത്തത്? ഈ മതത്തില്‍ ചേരാനുള്ള ആഗ്രഹം അല്ലാഹു എന്റെ ഉള്ളില്‍ സൃഷ്ടിച്ചതായി ഞാന്‍ കണ്ടെത്തി. അത് അനുയായികളെ സമ്പന്നരാക്കുന്നു. ലോലമായ ഹൃദയങ്ങളില്‍ നിന്ന് ആധികാരികമായ ധിഷണയിലേക്ക് മനുഷ്യനെ ഉയര്‍ത്തുന്നു.മനസ്സിന്റെയോ ഇച്ഛാശക്തിയുടെയോ പ്രവര്‍ത്തനത്തിലൂടെയല്ല ആരും മുസ്ലിമാകുന്നത്, മറിച്ച്, അല്ലാഹുവിന്റെ കാരുണ്യത്തിലൂടെയാണ്. അവസാന വിശകലനത്തില്‍, 1977 ല്‍ കൈറോയില്‍ വെച്ച് എന്നെ ഇസ്ലാമിലേക്ക് കൊണ്ടുവന്നത് ഇതായിരുന്നു :
‘അല്ലാഹുവിന്റെ സ്മരണയില്‍ തങ്ങളുടെ ഹൃദയം താഴ്മയോടെ കീഴ്പ്പെടേണ്ടതാണെന്ന് വിശ്വസിച്ചവര്‍ക്കും സത്യമായി അവതരിക്കപ്പെട്ടതിനും സമയമായില്ലേ? നിങ്ങള്‍ മുമ്പ് വേദഗ്രന്ഥം നല്കപ്പെട്ടവരെ പോലെ ആകരുത്. ഒരു അവര്‍ ഒരുപാട് കാലം ജീവിച്ചു. അതിനാല്‍ അവരില്‍ പലരും കഠിന ഹൃദയരും ധിക്കാരികളുമായി. അറിയുക; ദെവം നശിപ്പിച്ചതിനു ശേഷം ഭൂമിയെ പുനരുജ്ജീവിപ്പിക്കും. നിങ്ങള്‍ക്ക് മനസ്സിലാവുന്ന തരത്തിലുള്ള അടയാളങ്ങള്‍ നിങ്ങള്‍ക്കായി നാം വ്യക്തമാക്കിയിട്ടുണ്ട്’ (സൂറത്തുല്‍ ഹദീദ് 16-17).
*ഈ കുറിപ്പിന്റെ തുടക്ക ഭാഗങ്ങള്‍ സുന്നി വോയ്സ് ജൂണ്‍ ആദ്യ വാരത്തിലെ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.

വിവര്‍ത്തനം: എന്‍ മുഹമ്മദ് ഖലീല്‍
A Jordan-based American Scholar, Sufi and thinker. Converted to Islam in his 23rd age after his quite long search for truth, engaging with philosophy and atheism. He is a reputed Sunni scholar among the world scholars and the Sheikh of Shadhuli tariqa, authenticated by Sheikh Shaghouri. He is an erudite scholar in philosophy, science, social science and so on. He has also translated the Umdah al salik of Ibn Naquib al misri to English titled as ‘The Reliance of Traveller ‘. The Shadhuli Suhba, organized under his leadership has influenced many Muslims to the path of sufism. In India, AIMIM leader, Asadudhin Owaisi is the coordinator of the suhba
