മനുഷ്യ അസ്തിത്വത്തിന്റെ ചതുർമാനങ്ങൾ
മനുഷ്യത്വത്തിന്റെ സ്വത്തപരമായ യാഥാർത്ഥ്യത്തോട് ചേർത്തി വായിക്കുമ്പോൾ മനുഷ്യൻ എന്താണെന്ന മൗലികമായ അന്വേഷണത്തിനു ഉത്തരം കണ്ടെത്താൻ സാധിക്കുന്നുണ്ട്. ഖുർആൻ മനുഷ്യത്വത്തിന്റെ അസ്ഥിത്വത്തെ സ്ഥിതീകരിക്കുന്നതോടൊപ്പം മനുഷ്യാസ്ഥിത്വത്തിന് നാലു മാനങ്ങളുള്ളതായും പ്രഖ്യാപിക്കുന്നു. ഒന്ന് ഭൗതികപരമായ സൃഷ്ടിപ്പ് (physical creation) , ആത്മാവ് (റൂഹ്), അടിസ്ഥാന പ്രകൃതം (ഫിത്റ), പ്രകാശം(light) എന്നീ ഗുണങ്ങളാണവകൾ. ഇവക്കെല്ലാം സൃഷ്ടാവിൽ നിന്നും മധ്യവർത്തിയില്ലാത്ത ഉത്പത്തിയാണുള്ളത്. ഈ കൂടിച്ചേരൽ മനുഷ്യന്റെ മാത്രം പ്രത്യേകതയാണ്.
ഭൗതിക സൃഷ്ടിപ്പ് (physical creation)
മനുഷ്യസൃഷ്ടിപ്പിനെ കുറിച്ച് അല്ലാഹു പറഞ്ഞത് അവന്റെ ഇരുകരങ്ങൾ കൊണ്ടാണ്(സൂറ: യാസീൻ 71) അവനെ സൃഷ്ടിച്ചത് എന്നാണ്. മറ്റു ചരങ്ങൾക്കൊന്നും ലഭിക്കാത്ത സൃഷ്ടിപ്പിന്റെ മഹോന്നതമായ രീതിയാണിത്. ഇബ്‌ലീസിനോടുള്ള അല്ലാഹുവിന്റെ അഭിസംബോധന തന്നെ ഉദാഹരണം. “ഓ ഇബ്‌ലീസ് എന്റെ ഇരു കരങ്ങളാൽ സൃഷ്ടിക്കപ്പെട്ട ഒരുവന് സുജൂദ് -സാഷ്ഠാംഗം – ചെയ്യുന്നതിൽ നിന്നും നിന്നെ തടയുന്നത് എന്താണ്, നിന്റെ അഹങ്കാരമോ അതോ ധാർഷ്ഠ്യമോ..? (38:75) ഖുർആൻ വ്യാഖ്യാതാക്കൾ വിശദീകരിക്കുന്നത്, ഇവിടെ പരാമർശിച്ച ‘ഒരുവന്’ എന്നതിന്റെ താത്‌പര്യം മനുഷ്യകുലത്തിന്റെ പിതാവായ ആദം(അ) ആണെന്നാണ് .അതു പോലെ എന്റെ കരങ്ങൾ കൊണ്ട് സൃഷ്ടിച്ചു എന്നതിനെ വിവരിച്ചു കൊണ്ട് വ്യാഖ്യാതാക്കൾ വിശദീകരണം നൽകുന്നത് ഇപ്രകാരമാണ് : “മുൻകാല വ്യാഖ്യാതക്കളുടെ അഭിപ്രായത്തിൽ ഈ വാക്ക് ആദമിനെ(അ) സൃഷ്ടിക്കുന്നതിൽ അല്ലാഹു കാണിച്ച ഉന്നതമായ പരിഗണനയെയാണ് സൂചിപ്പിക്കുന്നത്. അതായത്, അല്ലാഹു നേരിട്ടു ഇടപെട്ടു എന്നത് ഒരു ഔന്നിത്യത്തിന്റെ മാനദണ്ഡമാണല്ലോ. മറ്റൊന്ന്, ഒരു മാതാവിന്റെയോ പിതാവിന്റെയോ മധ്യവർത്ഥിത്വവുമില്ലാതെയാണ് ആദം (അ)നെ സൃഷ്ടിച്ചതും. അല്ലാഹുവിന്റെ ബൃഹത്തായ സൃഷ്ടി ജാലങ്ങളിൽ വളരെ ചെറുതാണ് മനുഷ്യൻ. എന്നിരുന്നാലും മറ്റൊരു സൃഷ്ടിക്കും നൽകാത്ത മുൻഗണനയും പരിഗണനയും നൽകപ്പെടാൻ മനുഷ്യൻ യോഗ്യനാണ്” (റൂഹുൽ മആനി ).
ത്വാഹിർ ഇബ്നു ആശൂർ അല്ലാഹുവിന്റെ നേരിട്ടുള്ള ഇടപെടലിനെ കുറിച്ച് അഭിപ്രായപ്പെടുന്നത്:
“അല്ലാഹുവിന്റെ വിജ്ഞാപനത്തിന് ആ നിമിഷം തന്നെ ഉണ്ടായ പ്രത്യുത്തരമായാണ് ഈ സൃഷ്ടിപ്പ് സംഭവിച്ചത്. മറ്റൊരു സൃഷ്ടിക്കും ലഭിക്കാത്ത നേരിട്ടുള്ള സൃഷ്ടിപ്പാണിത് (Direct creation). ഇതര ജീവികൾക്ക് ഉണ്മ – വുജൂദ് – നൽകപ്പെടുന്നത് ഗർഭം (Pregnancy) പ്രസവം (childbirth) എന്നിവയിലൂടെയാണ്. എന്നാൽ അത് ആദം(അ) ൽ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെയാണ് ആദം (അ)ന്റെ സൃഷ്ടിപ്പ് കൂടുതൽ മഹനീയമാകുന്നത്.
സൃഷ്ടാവിന്റെ നേരിട്ടുള്ള ഒരു ഫിസിക്കൽ ക്രീയേഷൻ എന്ന നിലക്കാണ് മനുഷ്യൻ തന്റെ യാത്ര തുടങ്ങിയത്. ഇതിന് പുറമെ മറ്റു പല പ്രത്യേകതകളും മനുഷ്യനിൽ അന്തർലീനമാണ്. അവകൾ മറ്റു ജീവികളിൽ നിന്നും മനുഷ്യനെ തികച്ചും വ്യത്യസ്തനാക്കുന്നു. അല്ലാഹു പറയുന്നുണ്ട്. “അവൻ വെള്ളത്തിൽ നിന്ന് സകല ജീവജാലങ്ങളെയും സൃഷ്ടിച്ചു. അവയിൽ ഇഴയുന്നവയുണ്ട്. ഇരുകാലിൽ നടക്കുന്നവയും നാൽക്കാലികളുമുണ്ട്. സ്വയേഷ്ടപ്രകാരം അവൻ സൃഷ്ടിക്കുന്നു. സകലതിനും കഴിവുള്ളവനാണവൻ” (സൂ: അൽ ഹജ് 45). പക്ഷികളും, മനുഷ്യരെ പോലെ ഇരുകാലിൽ സഞ്ചരിക്കുന്നു. എന്നിട്ടും മനുഷ്യന്റെ ഉയർന്ന് നിൽക്കാനുള്ള കഴിവും ഘടനയും, ഉടലിന്റെ ക്രമബദ്ധമായ കിടപ്പും അവനെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തനാക്കുന്നു. പറവകൾ ഇരുകാലിൽ നടക്കും, പക്ഷെ പറക്കുമ്പോൾ ഇരുകാലും മടക്കി വെച്ച് തല താഴ്ത്തി ഭൂമിയോട് സമാന്തരമായിട്ടാണ് അവ പറക്കുന്നത്. മുഖമാകട്ടെ പല ദിശയിലൂടെയും ഭൂമിയിലേക്ക് താഴ്ന്നിട്ടുമുണ്ടാകും.

ഗ്രാനഡയിൽ നിന്നുള്ള ഖുർആനിന്റെ പേജ്. 1300CE
മനുഷ്യന്റെ ഭൗതിക സൃഷ്ടിപ്പിൽ കാണിച്ച ഉന്നതമായ പരിഗണനയും അതോടൊപ്പം ഖുർആനിൽ ഈ സൃഷ്ടികർമ്മത്തെ വിശാലമായി പ്രതിപാദിച്ചതും വിശിഷ്ടമാണ്. മറ്റുള്ള ജീവികൾക്കൊന്നും ഈ പരിഗണനകൾ ലഭിച്ചിട്ടില്ല. അല്ലാഹു പറയുന്നു.” മനുഷ്യനെ നാം മണ്ണിന്റെ സത്തിൽ നിന്നു സൃഷ്ടിച്ചു. പിന്നീടവനെ ഒരു സുരക്ഷിത സ്ഥാനത്ത് രേതസ്‌കണമാക്കി സംരക്ഷിച്ചു. ശേഷം ആ രേതസ്‌കണത്തെ രക്ത പിണ്ഡമാക്കി. അനന്തരം രക്ത പിണ്ഡത്തെ മാംസമാക്കി. പിന്നീട് നാം അസ്ഥികൾ സൃഷ്ടിച്ചു. തുടർന്ന് അസ്ഥികളെ മാംസം കൊണ്ട് പൊതിഞ്ഞു. അനന്തരം അതിനെ തികച്ചും അനുപമമായ ഒരു സൃഷ്ടിയാക്കി വളർത്തിയെടുത്തു. അല്ലാഹു വളരെ അനുഗ്രഹമുടയവൻ, സൃഷ്‌ടികർമ്മത്തിൽ അവൻ ഉന്നതനാണ്. (സു, മുഅമിനൂൻ 11-14)
സമാനമായ അദ്ധ്യായങ്ങൾ ഖുർആനിൽ നിരവധിയാണ്. “അവനാകുന്നു നിങ്ങളെ മണ്ണിൽ നിന്ന് സൃഷ്ടിച്ചത്. പിന്നെ ഇന്ദ്രിയകണത്തിൽ നിന്ന്. പിന്നെ ഒട്ടിപ്പിടിച്ച പിണ്ഡത്തിൽനിന്ന്. പിന്നെ നിങ്ങളെ ശിശുവായി പുറത്തുകൊണ്ടുവരുന്നു. അനന്തരം കരുത്തരാകുന്നതു വരെ വളർത്തുന്നു. പിന്നെ വാർധക്യം പ്രാപിക്കുന്നതുവരെയും. നിങ്ങളിൽ ചിലർ നേരത്തേതന്നെ തിരിച്ചുവിളിക്കപ്പെടുന്നു.( സൂ,ഗാഫിർ – 67)
ഈ രൂപത്തിൽ വിശാലമായി മനുഷ്യനെ പരാമർശിക്കാനുള്ള ഒരു കാരണം ഇതാവാം. പ്രപഞ്ചത്തിൽ താൻ സൃഷ്ടിച്ച ജീവജാലങ്ങളെയും അതിലടങ്ങിയ അത്ഭുത പ്രക്രിയകളെ കുറിച്ചും ചിന്തിക്കാൻ കഴിയുന്നത് മനുഷ്യന് മാത്രമാണ്. അതായത്, മനുഷ്യനു മാത്രമാണ് ഈ മഹാപ്രപഞ്ചത്തിന് പിന്നിൽ മഹോന്നതനായ ഒരു സൃഷ്ടാവുണ്ടെന്ന് മനസ്സിലാക്കാൻ കഴിയുക. മനുഷ്യനെ ഇത്രയും വിശിഷ്ഠമാക്കിയ നാഥൻ നന്ദി അർപ്പിക്കപ്പെടാൻ അർഹനാണെന്ന് മനസ്സിലാക്കാനും അവന് മാത്രമേ കഴിയുകയുള്ളു. ഈ ബോധ്യത്തെയാണ് വിശുദ്ധ ഖുർആൻ ഉണർത്തുന്നത്. ഒന്നുമറിയാത്തവരായാണ് മാതാവിന്റെ ഗർഭപാത്രത്തിൽ നിന്നും നിങ്ങളെയവൻ പുറത്ത് കൊണ്ടുവന്നത്, പിന്നീട് നിങ്ങൾക്ക് കാതുകളും കണ്ണുകളും ഹൃദയവും നൽകി. നിങ്ങൾ നന്ദിയുള്ളവരാകാൻ വേണ്ടി( സൂ, അന്നഹ്ൽ:78).
അതിനു പുറമെ, മനുഷ്യന്റെ മറ്റൊരു പ്രത്യേകത, എന്നെന്നും നിവർന്നു നിൽക്കാനുള്ള കഴിവാണ്. അല്ലാഹു പറയുന്നു, “നിന്നെ മണ്ണിൽ നിന്ന് സൃഷ്ടിച്ച് പരിപാലിച്ച്, ഒരു നിവർന്നു നിൽക്കാൻ പ്രാപ്തിയുള്ള മനുഷ്യനാക്കിയ ശേഷം റബ്ബിനെ നീ നിഷേധിക്കുകയാണൊ?” (സൂ അൽ കഹ്ഫ് :37) ഈ ഫിസിക്കൽ റിയാലിറ്റിയൊടൊപ്പം ചില നോൻ ഫിസിക്കലായ റിയാലിറ്റി അഥവാ സംസർഗ്ഗശേഷി (Sociability) കൂടി മനുഷ്യനുണ്ട്. ഖുർആൻ പറയുന്നു,”ദൈവം നിങ്ങൾക്ക് ചെയ്ത അനുഗ്രഹങ്ങളെ നിങ്ങൾ സ്മരിക്കണം. നിങ്ങൾ പരസ്പരം ശത്രുക്കളായിരുന്നു. അവൻ നിങ്ങൾക്കിടയിൽ സ്നേഹം വർഷിച്ചു. നിങ്ങളെ സഹോദരങ്ങളാക്കി”.( സൂ, ആൽ ഇംറാൻ: 103)
മനുഷ്യന്റെ സോഷ്യബ്ലിറ്റിയെ അവന്റെ നിൽപ്പു ഘടനയോട് ചേർത്തി വിവരണം ചെയ്യപ്പെട്ടിട്ടുണ്ട്. മനുഷ്യൻ നിൽക്കുമ്പോൾ അവന്റെ ഹൃദയം മുമ്പോട്ട് പൊന്തി നിൽക്കും, അങ്ങനെ അവർ പരസ്പരം അണച്ചു പിടിക്കുമ്പോൾ അവരുടെ ഹൃദയങ്ങൾ തമ്മിൽ അടുത്ത് ചേരും. അതിലൂടെ അവർക്കിടയിൽ അതി ഭൗതികമായ (മെറ്റാഫിസിക്കൽ) ബന്ധം സ്ഥാപിക്കപ്പെടും. ഈ കാരണം കൊണ്ടു തന്നെ പ്രവാചകൻ (സ) വിശ്വാസികളോട് ഉണർത്തിയിട്ടുണ്ട്, “നിങ്ങൾ പിന്തിരിഞ്ഞു നിൽക്കരുത്”. പരസ്പരം പിന്തിരിഞ്ഞു നിൽക്കുമ്പോൾ അവരുടെ ഹൃദയങ്ങൾ തമ്മിൽ മറഞ്ഞു നിൽക്കുന്നു. അതിലൂടെ അല്ലാഹു സ്ഥാപിച്ച ഈ ആത്മ ബന്ധം ഇല്ലാതാവുകയും ചെയ്യുന്നു.
ആത്മാവ് (റൂഹ്)
മനുഷ്യന്റെ നേരെ നിൽക്കാനുള്ള ശേഷി അവനെ റൂഹിനെ സ്വീകരിക്കാനുള്ള ഇടമാക്കി തീർക്കുന്നു. റൂഹ് പ്രവേശിക്കലോടെ മനുഷ്യന്റെ ശരീരവും ബുദ്ധിയും ഇന്ദ്രിയങ്ങളും ചലനാത്മകമാവുന്നു. മനുഷ്യന്റെ നിവർന്ന് നിൽക്കാൻ സാധിക്കുന്ന ഫിസിക്കൽ ഘടനയും അവന്റെ റൂഹുമാണ് മാനവികതയെ സത്താപരമായി നിർവ്വചിക്കുന്നത്. “ഞാൻ അവനെ നേരെ എന്റെ റൂഹിൽ നിന്നും ഞാൻ അവനിൽ സന്നിവേഷിപ്പിച്ചു ” എന്ന ഖുർആൻ സൂക്തത്തെ ഇമാം റാസി(റ) വിശദീകരിച്ചത്, നിവർന്ന് നിൽപ്പും ആത്മാവിനെ സന്നിവേശിപ്പിക്കലും യോജിക്കുമ്പോഴാണ് മനുഷ്യനിർമ്മിതി പൂർണമാവുന്നത് എന്നാണ്. മനുഷ്യൻ ശരീരവും ആത്മാവും കൂടിച്ചേർന്നതായതിനാൽ ഇത് വാസ്തവമാണ്.
ഈ അതുല്യമായ നിൽപ്പുശേഷിയെ കുറിച്ച് ഒരു പക്ഷെ മനുഷ്യന് അഹങ്കരിക്കാൻ അവസരം നൽകുന്നുണ്ടെങ്കിലും മനുഷ്യന്റെ ഭൗതികമായ മറ്റു സ്വഭാവങ്ങൾ അവനെ വിനയാന്വിതനാക്കും. ഉദാഹരണമായി, അല്ലാഹു പറയുന്നു, “നമ്മളല്ലയോ മനുഷ്യനെ ഇന്ദ്രിയത്തുള്ളിയിൽ നിന്നും സൃഷ്ടിച്ചത്, ഇന്നവൻ ഒരു കുതർക്കിയായി മാറിയിരിക്കുന്നു. അവൻ നമുക്ക് നേരെ കുറേ ഉദാഹരണങ്ങൾ നിരത്തുന്നു, അവന്റെ ഉദ്‌ഭവത്തെ പറ്റി അവൻ മറന്ന് കളഞ്ഞു.(സൂ, യാസീൻ 76 – 78) ഈ ആയത്തിനെ ഉദ്ധരിച്ച് ചില പണ്ഡിതർ അഭിപ്രായപ്പെടുന്നത് മനുഷ്യന്റെ ഒരർത്ഥത്തിൽ മ്ലേച്ഛമായ ഉദ്ഭവത്തെ കുറിച്ചാണ് ഈ പരാമർശം എന്നാണ്. മനുഷ്യന്റെ മൂത്രം പുറത്തു വരുന്ന സ്ഥലത്തു നിന്നാണല്ലോ അവന്റെയും തുടക്കം, പിന്നെങ്ങിനെയാണ് ഈ ശാരീരിക പ്രകൃതി ഉള്ള മനുഷ്യന് അഹങ്കരിക്കാൻ കഴിയുന്നത്?
റൂഹിനെ സന്നിവേഷിപ്പിക്കലും ഭൗതിക ശരീരവും കൂട്ടിയിട്ടാണല്ലോ മനുഷ്യൻ ഒരു പരിപൂർണ്ണ സൃഷ്ടിയായി മാറുന്നത്. ഈ അവസ്ഥ അരിസ്റ്റോട്ടിൽ മുന്നോട്ട് വെച്ച (ഹയൂല – സൂറത്ത് ) സിദ്ധാന്തത്തിലുള്ളതല്ല. പലരും ഈ ദ്വൈത സിദ്ധാന്തത്തെ വിമർശിച്ചത് മറ്റു മതങ്ങളിൽ നിന്നും ദർശനങ്ങളിൽ നിന്നും ഇസ്‌ലാമിലേക്ക് കടന്നു കയറിയ വാദങ്ങളായിട്ടാണ്. ഇസ്ലാമിക് ചിന്തകനായ ഫസലുറഹ്മാൻ അഭിപ്രായപ്പെടുന്നത്, “ഗ്രീക്ക് ഫിലോസഫിയിലും , ക്രിസ്ത്യാനിറ്റിയിലും,ഹിന്ദു മതത്തിലും ഉള്ള പോലെ മൈന്റ് – ബോഡി എന്ന വിഭിന്നമായ(separate) വസ്തുക്കളാൽ ( അപ്പോൾ മൗലികമായ വ്യത്യാസമുള്ള-disparate= എന്ന വിഷയം ഉദിക്കുന്നേ ഇല്ല) കൂടിച്ചേർന്നതാണ് മനുഷ്യൻ എന്ന് വിവരിക്കുന്ന ഒരു സൂക്തവും ഇല്ല. അത് കൊണ്ട് തന്നെ മൈൻഡ്-ബോഡി ദ്വന്ദ്വം ഖുർആനിന് അന്യമാണ് ( പിൽക്കാലത്ത്, കൃത്യമായി പറഞ്ഞാൽ,ഇമാം ഗസ്സാലിയുടെ കാലത്ത് അദ്ദേഹത്തിന്റെ ഇടപെടലുകൾ നിമിത്തം ഈ ആശയം പിന്നീട് സ്വീകരിക്കപ്പെടുകയുണ്ടായി)
ഇമാം ഗസ്സാലി (റ) ഈ ആശയം മുന്നോട്ട് വച്ചിട്ടുണ്ടെങ്കിൽ അത് തീർച്ചയായും ഖുർആനിക അധ്യാപനത്തിൽ വേരൂന്നിയ നിരീക്ഷണവുമാണ്. റൂഹ് ഒരു നോൺ ഫിസിക്കലായ ക്രിയേഷനാണെന്നും അതിനെ മനുഷ്യന്റെ ബോഡിയിൽ സന്നിവേഷിപ്പിച്ചതാണെന്നും ഖുർആനിൽ വ്യക്തമാക്കുന്നുണ്ട്. അപ്പോൾ, റൂഹും ശരീരവും അവ കൂട്ടിച്ചേരുന്നത് വരെയും വ്യത്യസ്ത ഘടകങ്ങളായിരുന്നുവെന്നും അതിനു ശേഷം അവ രണ്ടു വിഭിന്ന ഘടകങ്ങളായി തന്നെ നിലനിൽക്കുകയും ചെയ്യുന്നു.
നിരവധി ഹദീസുകളിൽ ആത്മാവ് ശരീരത്തിൽ നിന്നും വളരെ വ്യതിരിക്തമാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. ഭൗതിക ജീവിതത്തിന് മുമ്പും ശേഷവും ആത്‌മാവ് സ്വതന്ത്രമായി തന്നെ നിലനിൽക്കുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. ഉദാഹരണമായി, പ്രവാചകൻ (സ) പറയുന്നു. “ആത്മാക്കൾ ഇണക്കമുള്ള സൈനിക വ്യൂഹമാണ്. ഭൗതിക സൃഷ്ടിപ്പിനു മുമ്പെ പരസ്പ്പരം അറിയുന്നവർ വേഗത്തിൽ അടുപ്പം കാണിക്കും. പരസ്പരം അറിയാത്തവർ ഒരു അടുപ്പമില്ലായ്മയും വെളിപ്പെടുത്തും”. നിരവധി പണ്ഡിതന്മാർ ഈ ഹദീസിനെ ശാരീരിക സൃഷ്ടിപ്പിനു മുമ്പെ ആത്മാക്കളെ സൃഷ്ടിച്ചിട്ടുണ്ടെന്നതിനു തെളിവാക്കാറുണ്ട്. അവിടെ വെച്ച് കണ്ടുമുട്ടിയവർ ഭൂമിയിൽ വെച്ചും പരസ്പരം അടുപ്പം കാണിക്കും. അവിടെ പരസ്പരം ബന്ധമില്ലാത്തവർക്കിടയിൽ ആ അകൽച്ചയും പ്രകടമാവും. അതെ പോലെ മറ്റൊരു ഹദീസിൽ രക്തസാക്ഷികളുടെ ആത്മാക്കൾ പറുദീസയിൽ പച്ച പക്ഷികളെപ്പോലെ പാറിക്കളിക്കും എന്നുണ്ട്. ഇത്തരം ഹദീസുകളെല്ലാം വ്യക്തമാക്കുന്നത് ശരീരവും ആത്മാവും വ്യത്യസ്തമായ രണ്ടു ഘടകങ്ങളാണെന്നു തന്നെയാണ്.
ആത്മാവിനെ സന്നിവേഷിപ്പിക്കലോടെയാണല്ലോ മനുഷ്യ ശരീരം ജീവസ്സുറ്റതായത്. മനുഷ്യന്റെ പ്രാഥമിക ദൗത്യം അല്ലാഹുവിനെ ആരാധിക്കലാണ്. അല്ലാഹു പറയുന്നു, “മനുഷ്യവർഗ്ഗത്തെയും ജിന്ന് വർഗത്തെയും എന്നെ ആരാധിക്കാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല”. മനുഷ്യർ അല്ലാഹുവിനെ അറിയുന്നു എന്ന് ഈ സൂക്തം വ്യക്തമാക്കുന്നുണ്ടെന്ന് നിരവധി വ്യാഖ്യാതാക്കൾ അഭിപ്രായപെട്ടിട്ടുണ്ട് . അപ്പോൾ അവനെ അറിയലും ആരാധിക്കലും മനുഷ്യപ്രകൃതിക്കൊത്ത പ്രക്രിയയുമാണ്. അതായത് ആരാധന മനുഷ്യന്റെ ഭൗതികതയോട് സംബന്ധിക്കുന്ന ദൈഹിക ക്രിയകളെ ഉൾക്കൊള്ളിക്കുന്നു. അതേസമയം അല്ലാഹുവിനെ അറിയൽ അതിഭൗതികമായ ചില പ്രക്രിയകളെ ആവശ്യമാക്കുന്നു.
ഫിത്റ
ഖുർആനിൽ പ്രതിപാദിച്ച മനുഷ്യന്റെ മൂന്നാമത്തെ അവസ്ഥ അവന്റെ നൈസർഗികമായ പ്രകൃതമാണ്. ഇതിനെ ഖുർആനിക സംജ്ഞയിൽ ഫിത്റ എന്നു വിശേഷിപ്പിക്കുന്നു. മനുഷ്യന്റെ ശാരീരിക സൃഷ്ടിപ്പും ആത്മാവും പോലെ അല്ലാഹുവിന്റെ നേരിട്ടുള്ള ഒരു സൃഷ്ടിപ്പു തന്നെയാണ് ഫിത്റയും. ഖുർആനിൽ നമുക്ക് വായിക്കാം, “നീ അല്ലാഹുവിലേക്ക് തിരിയണം, അത് നിന്റെ പ്രകൃതത്തോട് യോജിക്കുന്നതാണ്. അല്ലാഹു വിന്റെ പ്രകൃതത്തിലാണ് നിന്നെ രൂപപ്പെടുത്തിയത്, അല്ലാഹു വിന്റെ സൃഷ്ടിപ്പിൽ ഒരു മാറ്റവും ഉണ്ടാകാതിരിക്കട്ടെ, അതാണ് നേരായ മതം. പക്ഷെ ജനങ്ങൾ അധികപേരും ഇത് മനസ്സിലാക്കുന്നില്ല” ( സൂറ: റൂം 30 )
ഈ സൂക്തത്തിലൂടെ അല്ലാഹു ബോധ്യപ്പെടുത്തുന്നത് അല്ലാഹുവിന്റെ പ്രകൃതത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചതെന്നാണ്. ഇതു അല്ലാഹു വിന്റെ ഏകത്വം -വഹ്ദാനിയത്ത് – എന്ന വിശേഷണത്തോട് ബന്ധപ്പെടുത്തി നമുക്ക് മനസ്സിലാക്കാം. അതായത്, മനുഷ്യൻ അവന്റെ പ്രകൃതത്തിൽ നിന്നും വ്യതിചലിച്ചില്ലെങ്കിലും അല്ലാഹുവിന്റെ ഏകത്വത്തെ അംഗീകരിക്കാൻ കഴിയും വിധമാണ് അവനെ രൂപപ്പെടുത്തിയിട്ടുള്ളത്. മനുഷ്യവർഗ്ഗത്തേയും ജിന്നു വർഗ്ഗത്തേയും എന്നെ ആരാധിക്കാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല എന്ന സൂക്തത്തിലൂടെ നമുക്കിത് ബോധ്യമാകും. അതുപോലെ “പ്രവാചകരേ, ജനങ്ങളെ ആ സന്ദർഭം ഒന്നോർമിപ്പിക്കുക: നിങ്ങളുടെ നാഥന്‍ മനുഷ്യപുത്രന്മാരുടെ മുതുകുകളിൽനിന്ന് അവരുടെ സന്തതിപരമ്പരകളെ പുറത്തെടുക്കുകയും അവരെ തങ്ങളുടെ മേൽ സ്വയം സാക്ഷികളാക്കുകയും ചെയ്തുകൊണ്ട് ചോദിച്ച സന്ദർഭം: ‘നിങ്ങളുടെ റബ്ബ് ഞാനല്ലയോ?’ അവർ പറഞ്ഞു: ‘തീർച്ചയായും നീ തന്നെയാകുന്നു ഞങ്ങളുടെ റബ്ബ്. ഞങ്ങളതിനു സാക്ഷികളായിരിക്കുന്നു.’
‘ഞങ്ങൾ ഇതേക്കുറിച്ച് അജ്ഞരായിരുന്നു.” എന്ന് അന്ത്യനാളിൽ പറയാതിരിക്കാൻ വേണ്ടിയാണ് നാം അതു ചെയ്തത്: (സൂ. അ അറാഫ് 172 ).
ഈ ആയത്തിലൂടെ വിവരിക്കുന്നത്, ആദം സന്തതികളെ ആദം (അ) ന്റെ മുതുകിൽ നിന്നും പുറപ്പെടുവിക്കുകയും ഒരുമിച്ചുകൂട്ടുകയും ചെയ്തു. എന്നിട്ട് അവരോട് ദൈവത്തിന്റെ ഏകത്വത്തിന് സാക്ഷിയാവാനും പറഞ്ഞു. ലൗകിക ജീവിതത്തിനു മുമ്പുള്ള ഈ കൂടിച്ചേരൽ ഓരോ മനുഷ്യന്റെയും പ്രകൃതത്തിൽ തന്നെ ഏക ദൈവത്വത്തെ പുൽകാനുള്ള കഴിവിനെ മുദ്രണം ചെയ്തിട്ടുണ്ട്. ഇങ്ങിനെയാണ് അല്ലാഹുവിന്റെ ഫിത്റത്തിനെ മനുഷ്യനിൽ സംവിധാനിച്ചത്. പക്ഷെ, മനുഷ്യന്റെ ഭൗതിക ഭ്രമം അവന്റെ സ്വന്തം പ്രകൃതത്തെ നിരാകരിക്കുകയും ദൈവത്തിന്റെ വഴിയിൽ നിന്നും അകറ്റുകയുമാണ് ചെയ്തത്. പ്രവാചക അധ്യാപനങ്ങളും ദിവ്യബോധനങ്ങും ഈ ഇരുട്ടിനെ നീക്കാനുള്ള ഉപാധികളാണ്. അവ മനുഷ്യന്റെ ലൗകിക ജീവിതത്തിനു മുമ്പുണ്ടായ ഏക ദൈവ സാക്ഷ്യത്വ കരാറിനെ വീണ്ടും സ്ഥിരീകരിക്കുകയും മനുഷ്യനെ അവന്റെ നൈസർഗിക പ്രകൃതത്തിലേക്ക് തിരിച്ചാനയിക്കുകയും ചെയ്യുന്നു.
പ്രകാശം
അവസാനമായി, വിശ്വാസികൾക്ക് ഒരു പ്രകാശമുണ്ടെന്ന് ഖുർആൻ അറിയിക്കുന്നുണ്ട്.
“വിശ്വാസികളെയും വിശ്വാസിനികളെയും, മുൻഭാഗത്തും വലഭാഗത്തും അവരുടെ പ്രകാശം ജ്വലിപ്പിക്കുന്നതായി നിങ്ങൾ കാണുന്ന ദിവസം. (അവരോടു പറയപ്പെടും:) ഇന്ന് നിങ്ങൾക്ക് ശുഭാശംസകൾ! താഴ്‌വാരത്തു കൂടി തടാകങ്ങളൊഴുകുന്ന ഉദ്യാനങ്ങൾ അവർ നിത്യവാസികളാകുന്നു. ഇതാകുന്നു മഹത്തായ വിജയം”.(സൂറ: അൽ ഹദീദ് – 12 )അതുപോലെ അല്ലാഹു പ്രകാശം നൽകാത്തവർക്ക് ഒരു പ്രകാശവും ഉണ്ടാവില്ല (സൂറ: അനൂറ് – 40).
ഈ പ്രകാശത്തെ സാക്ഷാത്കരിക്കപ്പെട്ട ദൈവജ്ഞാനം, ഉൾക്കാഴ്ച്ചയുടെ പ്രകാശം, ഉയർത്തെഴുന്നേൽപ്പുനാളിൽ വിശ്വാസികൾക്ക് അല്ലാഹു നൽകുന്ന പ്രകാശം, ഏകത്വത്തിന്റെ പ്രകാശം,വിധേയത്വത്തിന്റെ പ്രകാശം, ഹിദായത്തിന്റെ പ്രകാശം എന്നെല്ലാം വ്യാഖ്യാനിച്ചിട്ടുണ്ട്. പക്ഷെ, പ്രവാചക മൊഴികൾ ഈ പ്രകാശത്തെ മറ്റൊരു വീക്ഷണകോണിലൂടെ നോക്കി കാണാൻ വഴിയൊരുക്കുന്നു. ഈ പ്രകാശത്തിന്റെ ദൈവികമായ ഉത്ഭവത്തെ മനസ്സിലാക്കാനും സാധ്യമാകുന്നു. പ്രവാചകന്റെ ഒരു പ്രാർത്ഥനയിൽ ഇപ്രകാരമുണ്ട്. “അല്ലാഹുവേ,എന്റെ ഹൃദയത്തെ നീ പ്രകാശിപ്പിക്കണം., ദൃഷ്ടിയിൽ പ്രകാശം നൽകണം, ശ്രവണ ശേഷിയിലും പ്രകാശം തരണം, എന്റെ മുന്നിലും പിന്നിലും മുകളിലും താഴെയും നീ പ്രകാശം നൽകണം.എന്നിൽ നീ പ്രകാശം തരണേ…”..
പ്രവാചകൻ (സ) അല്ലാഹുവിനോട് പ്രകാശം കൊണ്ടുള്ള ഉണ്മയാക്കിത്തരാൻ വേണ്ടി പ്രാർത്ഥിച്ചു, നമ്മോട് പ്രാർത്ഥിക്കാനും കൽപ്പിച്ചു. തന്റെ ആത്മാവിന്റെ പ്രകാശം ശരീരത്തിൽ സ്ഫുരിക്കണമെന്ന ആഗ്രഹമാണ് ഈ പ്രാർത്ഥനയിലെന്ന് നമുക്ക് മനസ്സിലാക്കാം. അപ്പോൾ അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നമ്മുടെ ഭൗതിക ശരീരത്തേയും പ്രകാശം കൊണ്ട് നിറക്കാൻ സാധിക്കും. അങ്ങിനെയാകുമ്പോൾ പ്രകാശത്താൽ സൃഷ്ടിക്കപ്പെട്ട മലക്കുകളെപ്പോലെ സൃഷ്ടി കർമ്മത്തിന്റെ ലക്ഷ്യത്തെ മനസ്സിലാക്കി മനുഷ്യൻ ഏകദൈവ വിശ്വാസിയാവുകയും സ്രഷ്ടാവിന്റെ നല്ല അടിമകളുമായിത്തീരുന്നു.
ചുരുക്കത്തിൽ, ഖുർആൻ മനുഷ്യനെ ഭൗതിക സൃഷ്ടിയായും, ആധ്യാത്മിക സൃഷ്ടിയായും, പരിചയപ്പെടുത്തുന്നു. നമ്മുടെ ശരീരവും ,ആത്മാവും, പ്രകൃതവും പ്രകാശവുമെല്ലാം മാനുഷികമായ പൂർണ്ണത കൈവരിക്കാനുള്ള യാത്രയിലെ നിർണ്ണായകമായ മാധ്യമങ്ങളായിട്ടാണ് അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. ഈ പൂർണ്ണത മനുഷ്യന്റെ ആത്മതലങ്ങളെ പരിപോഷിപ്പിക്കുന്നതിലൂടെയും, ആരാധനയിലൂടെ നൈസർഗികമായ പ്രകൃതത്തെ സാക്ഷാത്കരിക്കുന്നതിലൂടെയും, നമ്മുടെ പ്രകാശത്തെ സംസ്കരിക്കുന്നതിലൂടെയുമാണ് സാധ്യമാകുന്നത്. ഇതു സംഭവിക്കുമ്പോൾ മനുഷ്യൻ സൗഷ്ഠവമുള്ള ഒരു സൃഷ്ടിയായിത്തീരുന്നു.
Credit: The Journal Of Zaituna College

മൊഴിമാറ്റം: അബ്ദുൽ റഊഫ് ,ഒടമല
Prominent American Muslim scholar and has taught courses in Arabic, Islamic spirituality, contemporary Muslim thought, Islamic history and politics, and Shafi’i fiqh at Zaytuna College.
