വൈദ്യ ശാസ്ത്രത്തിലെ ഇബ്നു സീനയും സോവിയറ്റ് സിനിമയിലെ മതവിരുദ്ധതയും
കോവിഡ് ഭീഷണി പരിഹരിക്കാൻ മധ്യേഷ്യയിലെ രാജ്യങ്ങൾ ആത്മാർത്ഥതയോടും മുൻകരുതലോടും കൂടിയാണ് മഹാമാരിയെ സമീപിച്ചിരിക്കുന്നത്. പ്രധാന നഗരങ്ങളിൽ ഉസ്ബക്കിസ്ഥാനും കസാക്കിസ്ഥാനും കർശനമായ ലോക്ക്ഡൗൺ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതേസമയം തുർക്ക്മനിസ്ഥാൻ കേസുകളൊന്നുമില്ലാതെ തുടരുകയും താജിക്കിസ്ഥാൻ മഹാമാരിയുടെ തീവ്രതയെ കുറച്ചുകാണുകയും ചെയ്യുന്നു. പരസ്പര സമീപനങ്ങളിൽ വിലക്കുണ്ടായിട്ടും ജനങ്ങൾ അവരുടെ ദൈനംദിന ജീവിതത്തിലെ സാമ്പത്തിക പ്രത്യാഘാതങ്ങളും തടസ്സങ്ങളും ഓർത്ത് നിരാശയിലാണ്. എങ്കിലും പ്രതീക്ഷയും നർമ്മവും പങ്കിടാൻ പലരും സോഷ്യൽ മീഡിയയിലേക്ക് തിരിയുന്നു.വിവിധ വീഡിയോകൾ, ഫോട്ടോകൾ, തമാശകൾ, ട്രോളുകൾ എന്നിങ്ങനെ ഈയിടെ പങ്കുവെച്ചതിൽ ഏറ്റവും പ്രചാരം നേടിയത് ബ്ലാക്ക് ആൻഡ് വൈറ്റ് സോവിയറ്റ് ചലച്ചിത്രമായ അവിസെന്ന (1956) യിൽ നിന്നുള്ള ഒരു രംഗമാണ്.

ഇബ്നു സീനയുടെ 1000 -മത് വർഷത്തെ ജൂബിലി ആഘോഷത്തെ കുറിച്ച് താഷ്കന്റ് ആസ്ഥാനമായുള്ള ന്യൂസ്പേപ്പർ ‘സോവറ്റ് ഒസ്ബെക്കിസ്റ്റോണി’യിൽ വന്ന വാർത്ത
തലപ്പാവ്, ട്യൂണിക്സ്, നന്നായി ട്രിം ചെയ്ത താടി എന്നിവ ധരിച്ച നിരവധി സോവിയറ്റ് മധ്യേഷ്യൻ അഭിനേതാക്കളെ അവതരിപ്പിക്കുന്ന ഈ റഷ്യൻ ബയോപിക് അബുൽ ഹുസൈൻ ഇബ്നു അബ്ദുല്ലാഹ് ഇബ്നു സീനയുടെ നാമത്തിലാണ് നിർമിച്ചിരിക്കുന്നത്. രാഷ്ട്രീയമായി ചലനാത്മകമായിരുന്ന പേർഷ്യൻ ലോകത്ത് സഞ്ചരിച്ച്, ഇബ്നു സീനയെ പിന്തുടർന്ന് പതിനൊന്നാം നൂറ്റാണ്ടിലെ മധ്യേഷ്യയിലേക്ക് ചിത്രത്തിന്റെ ഇതിവൃത്തം നീണ്ടുപോകുന്നുണ്ട്. ഒരു മഹാമാരി മധ്യേഷ്യയെ ബാധിക്കുന്ന രംഗമുണ്ട് അതിൽ. ഈ സാഹചര്യം എങ്ങനെ അതിജീവിക്കാം എന്നതിനെക്കുറിച്ച് വൈദ്യോപദേശം നൽകുകയാണ് ഇബ്നു സീന. പതിനൊന്നാം നൂറ്റാണ്ടിലെ ഒരു തത്ത്വചിന്തകനെക്കുറിച്ചുള്ള ഒരു സോവിയറ്റ് സിനിമക്ക് ഇപ്പോൾ എന്തു പ്രസക്തിയാണ് ഉള്ളത്?
ഇന്നത്തെ ഉസ്ബക്കിസ്ഥാനിലെ ബുഖാറയ്ക്കടുത്തുള്ള അഫ്ഷാന എന്ന ഗ്രാമത്തിലാണ് 980 ൽ ഇബ്നു സീന ജനിച്ചത്. ഒൻപതാം നൂറ്റാണ്ടിലും പത്താം നൂറ്റാണ്ടിലും മധ്യേഷ്യൻ നഗരങ്ങളിൽ സംസ്കാരത്തിന്റെ അഭിവൃദ്ധി വരിച്ച പേർഷ്യൻ സാമ്രാജ്യമായ സാമാനിയ്യാക്കളുടെ കീഴിൽ അദ്ദേഹത്തിന്റെ പിതാവ് ഗവർണറായി സേവനമനുഷ്ഠിച്ചിരുന്നു. ഇസ്ലാമിക് സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്ന ഒരു വലിയ സാംസ്കാരിക- സാമ്പത്തിക-ശാസ്ത്രീയ അഭിവൃദ്ധിയുടെ ഭാഗമായ സാമാനിയ്യ ഭരണം റുഡാക്കി, ഫെർഡോവ്സി തുടങ്ങിയ ക്ലാസിക് സാഹിത്യകാരന്മാരുടെ ആവിർഭാവത്തിന് സാക്ഷിയാണ്. ഇബ്നു സീനയുടെ കുടുംബം ബുഖാറയിലേക്ക് താമസം മാറ്റിയതിൽ പിന്നെ അദ്ദേഹത്തിന്റെ തുടർപഠനം അവിടെയായിരുന്നു. ചെറുപ്പത്തിൽ തന്നെ ഇബ്നു സീന മികച്ച കഴിവുകൾ പ്രകടിപ്പിക്കുകയും പതിനെട്ടാം വയസ്സിൽ തത്ത്വശാസ്ത്രപരവും വൈദ്യശാസ്ത്രപരവുമായ അറിവുകൾ നേടുകയും ചെയ്തു. തുർക്കിക് ഖരഖാനിദ് രാജവംശം ബുഖാറ കീഴടക്കിയ ഒരു കാലഘട്ടത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. പിന്നീട് ഇബ്നു സീന ബുഖാറ വിട്ടു. ആദ്യം ഗോർഗാനിലെ ഗസ്നവീ പ്രദേശത്തിലൂടെ (ഇപ്പോൾ സമകാലീന വടക്കുകിഴക്കൻ ഇറാൻ) പടിഞ്ഞാറോട്ട് യാത്ര ചെയ്തു. ഇസ്ഫഹാനിലും ഹമദാനിലും കൂടുതൽ കാലം ചെലവഴിച്ചു.1037 ൽ മരണമടയുകയും ചെയ്തു.

1980ൽ ഇബ്നു സീനയുടെ സ്റ്റാമ്പ് രാജ്യത്ത് നിലവിൽ വന്നു. തത്ത്വചിന്ത, തർക്കശാസ്ത്രം, ഗണിതശാസ്ത്രം,ഭൗതികശാസ്ത്രം, ജീവശാസ്ത്രം, വൈദ്യം, സാഹിത്യം എന്നിവയുൾപ്പെടെയുള്ള മേഖലകളിലാണ് ഇബ്നു സീന പ്രധാന സംഭാവനകൾ നൽകിയിരുന്നത്. വൈദ്യശാസ്ത്രരംഗത്ത്, അരിസ്റ്റോട്ടിൽ, ഗ്രീക്കോ-റോമൻ വൈദ്യൻ ഗാലൻ, സാമാനിയ്യ സാമ്രാജ്യത്തിലെ അബൂബക്കർ മുഹമ്മദ് ഇബ്നു സക്കരിയ അൽ-റാസി എന്നിവരെപ്പോലുള്ള പ്രധാന ഇസ്ലാമിക വൈദ്യരുടെ അറിവിലാണ് ഇബ്നു സീന ദൗത്യം നിർവഹിച്ചത്. ഒരു സ്പെഷ്യലിസ്റ്റ് ഇബ്നുസീനയുടെ അഞ്ച് വാള്യങ്ങളിലുള്ള അൽ കാനൂനു ഫീ ത്വിബ്ബ് പിൽക്കാല വൈദ്യന്മാർക്കുള്ള ഒരു ഉൽഭവകേന്ദ്രം എന്ന് വിശേഷിപ്പിച്ചത് കാണാം. കാരണം വൈദ്യശാസ്ത്രത്തിൽ പുതുതായി വരുന്നവർക്കുള്ള ഒരു ആമുഖ പാഠപുസ്തകമായും പരിചയസമ്പന്നർക്കും മറ്റും താരതമ്യേന സംക്ഷിപ്തമായ കൈപ്പുസ്തകമായും അത് അറിയപ്പെടുന്നു.
വൈദ്യശാസ്ത്രത്തെ പ്രായോഗികവും സൈദ്ധാന്തികവുമായ ശാസ്ത്രമായി പുനർവിചിന്തനം ചെയ്യുന്ന രീതിയാണ് അവിസെന്ന അവതരിപ്പിച്ചത്. രോഗിയുടെ അസുഖങ്ങൾ കണക്കിലെടുത്ത് മുൻ വൈദ്യന്മാർ വൈദ്യത്തെക്കുറിച്ച് ചിന്തിച്ചിരുന്നെങ്കിലും ആരോഗ്യത്തിനും രോഗത്തിനും കാരണങ്ങൾ പരിശോധിച്ച് അവിസെന്ന വൈദ്യശാസ്ത്രത്തിന് സൈദ്ധാന്തിക അടിത്തറ തേടി. ഇസ്ലാമിന്റെയും ക്രൈസ്തവലോകത്തിന്റെയും മേഖലകളിൽ ഈ കാലയളവിൽ ഈ കാനോൻ വ്യാപകമായി ഉപയോഗിച്ചിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടോടെ ഇറ്റലിയിലെയും സ്പെയിനിലെയും മുസ്ലിം സമുദായങ്ങൾ ലാറ്റിൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തതിനുശേഷം യൂറോപ്പിലേക്ക് ഈ പാഠങ്ങൾ അവതരിപ്പിക്കപ്പെട്ടു. പതിനഞ്ചാം നൂറ്റാണ്ടിലും പതിനാറാം നൂറ്റാണ്ടിലും യൂറോപ്പിലെ മെഡിക്കൽ സ്കൂളുകളുടെ പാഠ്യപദ്ധതിയിൽ അദ്ദേഹത്തിന്റെ കൃതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അവിസെന്നയുടെ മറ്റ് പ്രധാന കൃതിയായ കിതാബ് അൽ-ശിഫ തത്ത്വചിന്ത, ജ്യോതിശാസ്ത്രം, രസതന്ത്രം, ഭൗമശാസ്ത്രം, ഗണിതശാസ്ത്രം എന്നിവയിലും ലോകം പര്യവേക്ഷണങ്ങൾ നടത്തി.

അവിസേനയുടെ ഫിലിം പോസ്റ്റര് (1957)
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബോൾഷെവിക്കുകൾ അധികാരത്തിൽ വന്നപ്പോൾ നൂറ്റാണ്ടുകളായി അയൽ മുസ്ലിം സമുദായങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തുന്ന ഒരു സാമ്രാജ്യം അവരുടെ അധീനതയിലായി. ഓറിയന്റൽ സ്റ്റഡീസിൽ ഏർപ്പെട്ടിരുന്ന പല സാറിസ്റ്റ് പണ്ഡിതന്മാരും പുതിയ സോവിയറ്റ് സർക്കാറിന്റെ വക്താക്കളുമായി. സോവിയറ്റ് സ്കോളർഷിപ്പോടെ അയൽ പ്രദേശങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയ അലക്സാണ്ടർ സെമെനോവ്, വാസിലി ബാർട്ടോൾ, എവ്ജെനി ബെർട്ടൽ തുടങ്ങിയവരാണ് സോവിയറ്റ് മധ്യേഷ്യയിലെ മുസ്ലീം സമൂഹങ്ങൾക്കിടയിൽ ദേശീയ സ്വത്വങ്ങളും റിപ്പബ്ലിക് അതിർത്തികളും രൂപീകരിച്ചത്. അന്ന് ഓറിയന്റൽ പഠനങ്ങൾ സോവിയറ്റ് യൂണിയന്റെ അന്തസ്സിന്റെ ഒരു പ്രധാന മേഖലയായിരുന്നു. 1946-1956 കാലഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് താജിക് എസ് എസ് ആറിന്റെ സെക്രട്ടറി ബോബോജോൺ ഗഫുറോവിനെ പോലുള്ള രാഷ്ട്രീയ കക്ഷികൾ ഓറിയന്റൽ പഠനങ്ങളിൽ ശ്രമം നടത്തിയിരുന്നു. 1956 ന് ശേഷം ഗഫുറോവ് മോസ്കോയിലേക്ക് താമസം മാറ്റി അവിടെ സോവിയറ്റ് യൂണിയന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓറിയന്റൽ സ്റ്റഡീസ് അക്കാദമി ഓഫ് സയൻസിന്റെ ഡയറക്ടറായി സേവനമാരംഭിച്ചു. അവിടെ മുമ്പ് കോളനീകരിക്കപ്പെടുകയും നിലവിൽ ചേരിചേരാ പ്രസ്ഥാനത്തിലെ രാജ്യങ്ങളോടുള്ള മോസ്കോയുടെ നയത്തിലും അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. ഇബ്നു സീനയെപ്പോലുള്ള വ്യക്തികളെക്കുറിച്ചുള്ള അത്തരം പണ്ഡിതന്മാരുടെ അന്വേഷണം ശ്രദ്ധേയമായി തുടങ്ങിയത് രണ്ടാം ലോകമഹായുദ്ധാനന്തരമാണ്.
മധ്യേഷ്യൻ രാഷ്ട്രനിർമ്മാണ പദ്ധതികളുടെ ചില വൈരുദ്ധ്യങ്ങൾ ഇബ്നു സീന ഉയർത്തിക്കാട്ടുന്നുണ്ട്. എന്നിട്ടും സോവിയറ്റ് റിപ്പബ്ലിക്കുകൾ അവരുടെ ചരിത്രപുരുഷന്മാരോടൊപ്പം ഇബ്നു സീനയെയും ദേശീയ നായകനായി കണ്ടു. മധ്യേഷ്യയിലും ഇറാനിലും താമസിക്കുകയും പേർഷ്യൻ, അറബി ഭാഷകൾ കൈകാര്യം ചെയ്യുകയും ചെയ്തിരുന്ന ഇബ്നു സീനയെപ്പോലുള്ള ഒരു വ്യക്തി ആധുനിക രാജ്യങ്ങളുടെ പദ്ധതികളുമായി എളുപ്പത്തിൽ പൊരുത്തപ്പെട്ടിരുന്നില്ല. എങ്കിലും ഈ മേഖലയിലെ നിരവധി രാഷ്ട്രനിർമ്മാണ പദ്ധതികൾ അദ്ദേഹത്തെ അംഗീകരിക്കുകയും അദ്ദേഹത്തിന്റെ സംഭാവനകൾ സ്വീകരിക്കുകയും ചെയ്തു. മുൻ ഉസ്ബെക്ക്-താജിക് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കുകൾ 1980 ൽ ഈ ബുഖാറക്കാരന്റെ ആയിരാമത്തെ ജന്മദിനം ആഘോഷിച്ചിരുന്നു. ഇത് റിപ്പബ്ലിക്കുകളുടെ രണ്ട് പ്രധാന പത്രങ്ങളിലും പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
“ഒരു മികച്ച ചിന്തകനും മനുഷ്യസ്നേഹിയും” എന്നാണ് സോവിയറ്റ് താജിക്കിസ്ഥാനിലെ ഒരു പ്രധാന പത്രം ഇബ്നു സീനയെ വിശേഷിപ്പിച്ചത്.താഷ്കന്റ് ആസ്ഥാനമായുള്ള ന്യൂസ്പേപ്പർ സോവറ്റ് ഓസ്ബെക്കിസ്റ്റോണി “നമ്മുടെ സംസ്കാരത്തിന്റെ എക്കാലത്തെയും തിളങ്ങുന്ന നക്ഷത്രം” എന്ന് ഇബ്നു സീനയെ കുറിച്ച് എഴുതി.
സോവിയറ്റ് റിപ്പബ്ലിക്കുകളായ ഉസ്ബെക്കിസ്ഥാനിലെയും താജിക്കിസ്ഥാനിലെയും ചലച്ചിത്ര കലാകാരന്മാർ തമ്മിലുള്ള സഹകരണമായിരുന്നു ഇബ്നു സീനയെ പിന്തുടർന്ന് 1956 ൽ പുറത്തിറങ്ങിയ അവിസന്ന എന്ന ഫിലിം. കാമിൽ യർമാറ്റോവ് സംവിധാനം ചെയ്ത് പുറത്തിറക്കിയ ഈ ചിത്രം 1956 ൽ താഷ്കന്റ് ഫിലിം സ്റ്റുഡിയോ ആണ് നിർമ്മിച്ചത്. ഇതിന്റെ തിരക്കഥ വിക്ടർ വിറ്റ്കോവിച്ചും താജിക് റൈറ്റേഴ്സ് യൂണിയനിലെ പ്രമുഖ എഴുത്തുകാരനായ സോതിം ഉലുഗ്സോഡയും ചേർന്നാണ് എഴുതിയത്.
1956 ലെ ജീവചരിത്രം നായകന്റെ പുരോഗമന സ്വഭാവത്തെയും പ്രവർത്തനത്തെയുമാണ് ഊന്നിപ്പറയുന്നത്. സോവിയറ്റ് യൂണിയനിൽ ബുദ്ധിജീവികൾക്കും ചലച്ചിത്ര നിർമ്മാതാക്കൾക്കും ഇബ്നു സീനയെപ്പോലുള്ള ചരിത്രകാരന്മാരുടെ മത സ്വഭാവത്തെ കുറച്ചുകാണാനും അവരുടെ യുക്തിസഹമായ സ്വഭാവം ആഘോഷിക്കാനുമായിരുന്നു ആഗ്രഹം. പിന്നീട് സോവിയറ്റ് യൂണിയനിലെ മതവിരുദ്ധ മനോഭാവം ഔദ്യോഗിക പൊതുജീവിതത്തിന്റെ ഭാഗമായി. മധ്യേഷ്യയിൽ ഇസ്ലാമിനോടുള്ള തുറന്ന ശത്രുത പ്രകടമായിത്തുടങ്ങി. 1920 കളുടെ അവസാനത്തിൽ നടന്ന അൺവീലിങ് ക്യാമ്പയ്നുകളിൽ ഇത് ഏറ്റവും ശ്രദ്ധേയമായിരുന്നു. ക്യാമ്പയ്നിന്റെ മറവിൽ ഒരുപാട് മധ്യേഷ്യൻ മുസ്ലിം സ്ത്രീകൾ അക്രമത്തിനിരയായിരുന്നു.
സോവിയറ്റ് യൂണിയനിൽ മതം പൂർണമായും നിന്ദിക്കപ്പെട്ടെങ്കിലും മധ്യേഷ്യയിൽ മതപരമായ ആചാരങ്ങൾ സ്ഥാപനപരമായ ക്രമീകരണങ്ങളോടെ തുടർന്നു. ഈ മതവിരുദ്ധ മനോഭാവം ഒരു ചരിത്ര നായകനെന്ന നിലയിൽ ഇബ്നു സീനയുടെ പുനർനിർമ്മാണത്തെ സ്വാധീനിച്ചു. യഥാർത്ഥ ഇബ്നു സീന മതം ശാസ്ത്രം എന്നിവ അന്തർലീനമായി കൊണ്ടുനടന്നവനായിരുന്നു പക്ഷെ ചലച്ചിത്ര നിർമ്മാതാക്കൾ മതത്തിന്റെയും ശാസ്ത്രീയ യുക്തിചിന്തയുടെയും ശക്തികൾ പരസ്പരം പൊരുത്തപ്പെടുന്നില്ലെന്ന് ചിത്രീകരിച്ചു.
കറുത്ത മരണവുമായി പോരാടാനുള്ള സാധ്യതയെക്കുറിച്ച് ഇബ്നു സീനയുടെ ശ്രോതാക്കൾ അദ്ദേഹത്തോട് ചോദിക്കുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. ഇത് പതിനാലാം നൂറ്റാണ്ടിൽ യൂറോപ്പിനേയും ഏഷ്യയേയും ബാധിച്ച ബ്യൂബോണിക് പ്ലേഗ് അല്ല, മറിച്ച് സാമാനിയ്യ കാലഘട്ടത്തിന്റെ മധ്യത്തിൽ മധ്യേഷ്യയിൽ ഉണ്ടാകുമായിരുന്ന പകർച്ചവ്യാധിയാണെന്നു പരാമർശിക്കപ്പെട്ടിരിക്കുന്നു. ഇത് ചിതറിക്കിടന്ന കലാപങ്ങൾക്കും വിവിധ ഭരണാധികാരികളുടെ മരണത്തിനും കാരണമായി. പകർച്ചവ്യാധിയുടെ ഭീഷണിക്കുള്ള മറുപടിയായി പകർച്ചവ്യാധി പടരാതിരിക്കാൻ ആളുകൾ കാലാതീതമായി വീട്ടിൽ കഴിയണമെന്ന് ഇബ്നുസീന ആഹ്വാനം ചെയ്യുന്നു. ബസാറുകളും പള്ളികളും ഉൾപ്പെടെയുള്ള പൊതു ഇടങ്ങൾ അടച്ചുപൂട്ടാനും അദ്ദേഹം നിർദ്ദേശിക്കുന്നു. സോവിയറ്റ് കാലഘട്ടത്തിലെ സാധാരണ മതവിരുദ്ധതയുടെ ഗണത്തിലാണ് ഈ രംഗം അവസാനിക്കുന്നത്. ശ്രോതാക്കളിൽ ഒരാളെ ക്യാമറ സൂം ഇൻ ചെയ്യുന്നു “അവർ പള്ളികൾ അടച്ചാൽ മതഭ്രാന്തന്മാർ അവരെ കീറിമുറിക്കും”. മതേതര ബുദ്ധിജീവിയോട് സാമ്യമുള്ള ഇബ്നു സീനയും സോവിയറ്റ് മതവിരുദ്ധ പ്രചാരണവുമായി സാദൃശ്യമുള്ള ‘മതഭ്രാന്തരായ’ വിശ്വാസികളും തമ്മിലുള്ള വ്യത്യാസം ഈ ചിത്രം വ്യക്തമാക്കുന്നു.
മധ്യേഷ്യയിൽ ഇസ്ലാമിക സ്വത്വങ്ങൾ വീണ്ടും പൊതുജീവിതത്തിന്റെ കേന്ദ്രബിന്ദുവായി മാറിയ ഒരു കാലഘട്ടത്തിൽ ഇതുപോലുള്ള സോവിയറ്റ് സിനിമകൾ വീണ്ടും പ്രചാരം നേടുന്നത് ഏറെ രസകരമാണ്. സിനിമയും അതിലെ രംഗവും മതവിരുദ്ധ പ്രചാരണത്തിന്റെ ഒരു ഡോസ് ഉപയോഗിച്ച് നിർമ്മിച്ചതാണെങ്കിലും അതിന്റെ പുനരുജ്ജീവനം മുസ്ലിം എന്ന അർത്ഥത്തിന്റെ സമകാലിക അർത്ഥങ്ങളോട് സിനിമയുടെ പ്രസക്തിയെക്കുറിച്ച് പരസ്യമായി ചർച്ചചെയ്യാൻ അവസരമൊരുക്കിയിരിക്കുകയാണ്. ഈ വീഡിയോകളെക്കുറിച്ചുള്ള അഭിപ്രായങ്ങളിൽ ചില കാഴ്ചക്കാർ സോവിയറ്റ് സിനിമയുടെ പ്രചാരണ അജണ്ടയെ പരസ്യമായി എതിർക്കുന്നു. ഉദാഹരണത്തിന് ഒരു ത്രെഡിൽ “സോവിയറ്റ് അജണ്ഡ” വ്യക്തമാണെന്ന് ആ രംഗം ആരോപിക്കുന്നുണ്ട്. ഇവിടെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം വസ്തുതകളുടെ വ്യാഖ്യാനത്തിൽ സ്വാധീനിക്കപ്പെട്ടു. പക്ഷെ മറ്റുള്ള സോവിയറ്റ് ഛായാഗ്രാഹകർ വ്യക്തമായ വസ്തുതകളെയാണ് ആശ്രയിച്ചത്. അതുകൊണ്ട് തന്നെ ഇസ്ലാമിക ലോകത്ത് വ്യാപകമായി ക്വാറന്റൈൻ ഉപയോഗിച്ചുവെന്നും വിശദീകരിക്കപ്പെടുന്നു.
സോവിയറ്റ് യൂണിയനിൽ ഇബ്നു സീനയുടെ യുക്തിസഹവും ശാസ്ത്രീയവുമായ ചിന്തയെ ഇസ്ലാമിനെതിരായ ഒന്നായിട്ടാണ് അവതരിപ്പിക്കപ്പെട്ടതെങ്കിൽ കോവിഡ് -19 കാലഘട്ടത്തിൽ ഇത് വീണ്ടും പ്രത്യക്ഷപ്പെട്ട് സോവിയറ്റ് വ്യാഖ്യാനത്തിനപ്പുറത്തേക്ക് നീങ്ങാനും ഒരു ഫ്രെയിമിംഗ് ഉണ്ടാകുമായിരുന്നു. മതഭ്രാന്ത് അല്ലാത്തതും എന്നാൽ പള്ളികൾ അടയ്ക്കുന്നതുൾപ്പെടെയുള്ള കരുതലാർന്ന പ്രവർത്തനങ്ങൾ ഒരു മഹാമാരിയുടെ സമയത്ത് യുക്തിസഹമായ നടപടികളുമായി കൈകോർത്തത് ആധുനിക ഇസ്ലാമാണ്.
ശാന്തത പാലിക്കാനും ഭയം മറികടക്കാനും സാധ്യമാകുമ്പോൾ പൊതു ഇടങ്ങൾ ഒഴിവാക്കാനും മറ്റും ഇബ്നു സീനയുടെ സന്ദേശത്തിൽ നിന്ന് പലരും പോസിറ്റീവായി കണ്ടെത്തി. കോവിഡ് -19 ന്റെ ഭാവി വ്യക്തമല്ലാത്തതും ഭയപ്പെടുത്തുന്നതുമായ സഹചര്യത്തിൽ സോവിയറ്റ് കാലഘട്ടത്തിലെ പല സിനിമകളും കുഴപ്പങ്ങൾക്കിടയിൽ ചില പ്രതീക്ഷകളും നിയന്ത്രണബോധവും നൽകുന്നു. ഈ പകർച്ചവ്യാധിയുടെ നാളുകളിൽ 1950ലെ ഒരു സോവിയറ്റ് സിനിമ മരണാനന്തര ജീവിതം നൽകിയ സംസ്കാരം എങ്ങനെയാണ് നിരന്തരം പുനർവ്യാഖ്യാനം ചെയ്യപ്പെടുക എന്നതിനെക്കുറിച്ചും നമ്മുടെ കൂട്ടായ ഭൂതകാലത്തെയും ചിന്തിപ്പിക്കുന്ന രീതിയായി മാറുന്നു.

മൊഴിമാറ്റം: ഇയാസ് സുലൈമാൻ
Doing phD in Russian and East European history in Ohio State University. His area of interest are cotton industry and labour in Soviet Central Asia.
