ആളനക്കമില്ലാത്ത ഡൽഹിയുടെ തെരുവുകൾ

എന്റെ ആത്മാവിനോട് ഞാൻ ചോദിച്ചു:
ദില്ലിയെ കുറിച്ചൊന്ന് പറഞ്ഞു തരുമോ..?”
ആത്മാവ് മൊഴിഞ്ഞു:
“ലോകം ഒരു ശരീരമെങ്കിൽ അതിലെ ജീവനാണ് ദില്ലി”

മീർസാ അസദുല്ലാഹ് ഖാൻ ഗാലിബ്

നൂറ്റാണ്ടുകളുടെ സാക്ഷിയാണ് ദില്ലി. ഒട്ടേറെ സാസ്കാരങ്ങൾ, നാഗരികതകൾ, ജനപഥങ്ങൾ എല്ലാം കാലാന്തരങ്ങൾക്കിടയിൽ ഡൽഹിയെ തൊട്ടു തലോടി കടന്നു പോയി. ഇതിനിടയിലെപ്പഴോ മുഖവും മുഖച്ഛായയും മാറ്റി ഡൽഹി പുത്തനായി. പുരാനി ദില്ലി അപ്പോഴും പഴമയുടെ സൗന്ദര്യം കാണിക്കുന്നതിൽ ഏറ്റക്കുറച്ചിലുകൾക്കൊന്നും തയ്യാറായ്യില്ല. ഇപ്പോഴുമതേ. മീർ തഖി മീർ പറഞ്ഞതു പോലെ, പ്രണയത്തിന്റെ പട്ടണമാണ് ദില്ലി. ഒപ്പം തന്നെ ഇഴയടുപ്പങ്ങളുടെ, കൂടിച്ചേരലുകളുടെ, മനുഷ്യരുടെ കൂടി നഗരമാണത്. ഒരു പക്ഷേ, ചരിത്രതിലാദ്യമായിരിക്കും ഡൽഹി ഇങ്ങനെ വിജനമാകുന്നത്. ഡൽഹിക്ക് സവിശേഷ ഭാവം നൽകുന്ന റമളാനും ഇത്തവണ ലോക് ഡൗണിൽ പെട്ടു പോയി. പള്ളികളും തെരുവുകളും ജനങ്ങളാൽ നിറയുന്ന ഈ വിശുദ്ധ മാസത്തിൽ ഡൽഹിയോട് ഒട്ടും ഇണങ്ങാത്ത ഈ ശൂന്യതയുടെ ചിത്രങ്ങൾ വേദനിപ്പിക്കുന്നതാണ്.

 

റമളാനിൽ പ്രാർത്ഥനാ മന്ത്രണങ്ങളാലും ഇഫ്ത്വാറുകളാലും സജീവമാകാറുള്ള ജുമാമസ്ജിദ്. ഇന്നിവിടം ആളൊഴിഞ്ഞ് നിശബ്ദമാണ്. ആൾതിരക്കില്ലാത്ത ചന്തകൾ, കൂട്ടമായ പ്രാർത്ഥനകളില്ലാത്ത പള്ളികൾ എന്നിവ ഡൽഹിയുടെ റമളാനിനെ തീർത്തും അപരിചിതമായ ഒരു ക്യാൻവാസിലേക്ക് മാറ്റി വരക്കുന്നു

ചവർകൂന

ന്യു ഡൽഹിയിലെ ഏറ്റവും വലിയ മൂന്ന് ചവർ കൂമ്പാരങ്ങളിലൊന്നാണിത്. 55 മീറ്ററോളം ഉയരമുണ്ട് ഓഖ്ലയിലെ ഈ വിഴുപ്പു കൂനക്ക്. മനുഷ്യൻ പുറന്തള്ളുന്ന സകല മാലിന്യങ്ങളുടെയും ദുരിതം പേറുന്നത് പാവം മിണ്ടാപ്രാണികളും. ഇതൊരു പുനർ വിചിന്തനത്തിനുള്ള സമയമാണ്. ജീവിത്തിൽ അവശ്യമില്ലാത്തതും, പിന്നീട് ഉപകരിക്കാത്തതും വാങ്ങി കൂട്ടുന്നതിനെ കുറിച്ച് പുനരാലോചിക്കാനുള്ള സമയം.

നജാഫ് ഗാർഗ് ട്രൈൻ
നഗരത്തിന്റെ മലിനജലം യമുന ഏറ്റുവാങ്ങുന്ന ഇടം. ജീവശ്വാസം നിലക്കാറായ യമുനാ നദി.
ആളും ആരവവുമില്ലാതെ…
ഡൽഹിയിലെ പ്രധാന ബസ് ടെർമിനൽ വിജനമായി കിടക്കുന്നു.
ചരിത്രത്തിലാദ്യമായി സർവീസ് നിർത്തിവെച്ച നിസാമുദ്ദീൻ റയിൽവേ സ്റ്റേഷൻ