ജനാധിപത്യവും മദീന റിപ്പബ്ലിക്കും; ചില ആലോചനകൾ

കൊളോണിയല്‍ ആധുനികതയും മതേതര ജനാധിപത്യരാഷ്ട്ര സംവിധാനങ്ങളുടെ ഉത്ഭവവും വളര്‍ച്ചയും  ഇസ്ലാമിനെയും മുസ്ലിം സമൂഹത്തെയും  ചില സങ്കീര്‍ണ്ണമായ ചോദ്യങ്ങളിലേക്ക് നയിക്കുകയുണ്ടായി. അതിലൊന്ന് ആധുനികതയുമായും അതിനോടൊപ്പം വളര്‍ന്നു വികസിച്ച ശാസ്ത്ര സാങ്കേതിക രാഷ്ട്രീയ മാറ്റങ്ങളുമായും ഇസ്ലാം എന്ന ആശയധാര എത്രമാത്രം ഒത്തുപോകും എന്നായിരുന്നു. പ്രത്യുത ചോദ്യത്തെ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പലതലത്തിലും ചര്‍ച്ച ചെയ്ത കൊണ്ടിരിക്കുന്നു. ഹണ്ടിങ് ടണും  ബെര്‍ണാഡ് ലെവിസും  കെപലും തുടങ്ങിയ ഇസ്ലാമും ആധുനിക ദേശ രാഷ്ട്രവും പരസ്പര സംഘട്ടനങ്ങളിലൂടെ മാത്രമേ മുന്നോട്ട്പോകുകയുള്ളൂ എന്ന് പ്രവചിച്ചവര്‍ നിരവധിയാണ്. ഇസ്ലാം കേവലം ഒരു  മതമാണെന്നും  വൈയക്തിക വ്യവഹാരങ്ങളില്‍ ഇടപെടാന്‍ മാത്രമുള്ള ത്രാണിയേ അതിനുള്ളൂവെന്നും അതിന്റെ ചുവടു പിടിച്ച് പലരും എഴുതി വിട്ടു. ഇസ്ലാമിക രാഷ്ട്രീയമെന്നാൽ ഇസ്ലാമിസ്റ്റ് രാഷ്ട്രീയം മാത്രമാണെന്നും അത് ജനാധിപത്യ സങ്കല്പത്തിനും മതേതര കാഴ്ചപ്പാടുകള്‍ക്കും കടക വിരുദ്ധമാണെും സ്ഥാപിക്കാന്‍ തീവ്ര സെക്ക്യൂലറിസ്റ്റുകള്‍ കിണഞ്ഞു ശ്രമിച്ചിട്ടുണ്ട്. എന്നാല്‍  ഇത്തരം വിതണ്ഡ വാദങ്ങള്‍ക്ക് പര്യവസാനം കുറിക്കാന്‍ പിന്നീടുള്ള ഇസ്ലാമിന്റെ രാഷ്ട്രീയ വായനകള്‍ അവസരമൊരുക്കിയിട്ടുണ്ട്.
മദീനയിലെ ഇസ്ലാമിക റിപ്പബ്ലിക്ക് പ്രഖ്യാപനവും രാഷ്ട്ര  രൂപീകരണവും ഭരണഘടന നിര്‍മാണവുമൊക്കെ നിരവധി പഠനങ്ങള്‍ക്ക് വിഷയീഭവിച്ചിട്ടുണ്ട്..ആധുനിക ദേശരാഷ്ട സങ്കല്പത്തിന് തുറവി നല്‍കാന്‍ പ്രാപ്തമായ ആശയങ്ങളാണ് അതൊക്കെയെന്ന നിഗമനത്തിലാണ് അത്തരം പഠനങ്ങള്‍ ഊന്നുന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ സ്വീകാര്യത നേടിയ ജനാധിപത്യത്തെ പൂര്‍വകാല മദീനയിലെ ഭരണ സമ്പ്രദായവുമായി തട്ടിച്ച് നോക്കുമ്പോള്‍ അതിന്റെ പല പരിമിതികളും പ്രതിസന്ധികളും ബോധ്യപ്പെടുന്നു. ജനങ്ങള്‍ക്ക് മേധാവിത്വമുള്ള ജനായത്ത ഭരണകൂടം എന്ന ആലോചനയിലേക്ക് വികസിച്ച ഗ്രീക്ക് ഭരണ മാതൃകകള്‍ പല പരിഷ്‌കരണങ്ങള്‍ക്കും വിധേയമാക്കിയാണ് രാഷ്ട്രങ്ങള്‍ ഏറ്റെടുക്കുന്നത്.എന്നാല്‍ അതേ ജനാധിപത്യത്തിന്റെ ഗോവണിയിലൂടെ ഏകാധിപത്യത്തിന്റെ പരകായ പ്രവേശം സാധ്യമായ പ്രതിലോമകരമായ സംഭവങ്ങളാണ് ലോക ചരിത്രം കാണിച്ചുതരുന്നത്. ഇതെങ്ങനെ സംഭവിക്കുന്നു?

അടിസ്ഥാനപരമായി ജനാധിപത്യത്തിന്റെ നിലപാടുതറ ദുര്‍ബലമാകുന്നുവെന്നതാണ് ഒറ്റവാക്കിലുള്ള ഉത്തരം. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണാസമ്പ്രദായമെന്ന എബ്രഹാം ലിങ്കണിന്റെ ജനാധിപത്യ വിശദീകരണം തന്നെ കണക്കിലെടുക്കാം. ഒരര്‍ത്ഥത്തില്‍ ജനാധിപത്യത്തിന്റെ ബലതന്ത്രം നിശ്ചയിച്ചിരുന്ന സുപ്രധാന ഘടകങ്ങങ്ങളാണതൊക്കെയും. ഒന്ന്,ഭരണ വ്യവസ്ഥീകരണം ഭരണീയരുടെ ഉന്നമനത്തിന് വേണ്ടിയായിരിക്കണം. രണ്ട്, ജനങ്ങള്‍ക്ക് വേണ്ടി ഭരണം നടത്തുന്നവര്‍ അതേ ജനങ്ങളാല്‍ തെരഞ്ഞെടുക്കപെട്ടവരും അവര്‍ക്കിടയില്‍ സ്വീകാര്യനുമായിരിക്കണം . മൂന്ന് ,ജനപ്രാതിനിധ്യമാണ് അവരുടെ ഉത്തരവാദിത്വം.ഈ മൂന്നാശയങ്ങളും ജനാധിപത്യത്തിന്റെ അലകും പിടിയുമാണ് .അതുകൊണ്ട് തന്നെ ഈ മൂന്നു ഘടകങ്ങളും അതിന്റെ മൗലികമായ ആശയ താല്‍പര്യത്തില്‍ നിന്നും വ്യതിചലിക്കുന്നത് ജനാധിപത്യ പരാജയത്തിന് വഴിയൊരുക്കുന്നു. പലപ്പോഴും നേതാക്കള്‍ സൃഷ്ടിക്കപെടുന്നത് ചില സങ്കുചിതമായ  താല്പര്യങ്ങളുടെയും സഹജമായ സംഘട്ടനങ്ങളിലൂടെയുമാണ്.
മാത്രമല്ല, അതിശൈത്യവും സവര്‍ണ മേല്‍ക്കോയ്മയും നിലനില്‍ക്കുകയും ചെയ്യുന്നു. ആത്യന്തികമായി ജനാധിപത്യത്തെ ശിഥിലമാക്കുന്ന മൂലകാരണം അത് സേവനാധിഷ്ഠിതമല്ല എന്നുള്ളതാണ്. അധികാരം പണം പിടുങ്ങാനും വെട്ടിപ്പിടിക്കാനുമുള്ള അവസരമാണ്  ശമ്പള വിതരണത്തിലൂടെ നൽകുന്നത്.സേവനാധിഷ്ഠിതം ആകേണ്ട ഭരണനടപടികള്‍ ശമ്പളാധിഷ്ഠിതമാകുമ്പോള്‍ ഉള്ള പരിണിതിയാണിത്. മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ ജനാധിപത്യത്തിന്റെ മേന്മയായി ഉയര്‍ത്തിക്കാണിക്കാറുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ അത് നിലവിലെ ഭരണകൂടത്തിന്റെ പിടിപ്പുകേടാണ് കാണിക്കുന്നത്. സ്ഥിരമായ ഭരണകൂടവും അത് നൽകുന്ന സംരക്ഷണവുമാണ് അതിലൂടെ നഷ്ടപ്പെടുന്നത്. സമൂഹത്തിന്റെ വിവിധ അടരുകളില്‍ ഉള്ളവര്‍ അവരുടെ താല്‍പര്യങ്ങൾക്കനുസരിച്ചല്ല തങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തുന്നത്. മറിച്ച് നിലവിലെ വ്യവസ്ഥിതി തുറന്ന് തരുന്ന ചില പരിമിതപ്പെട്ട രാഷ്ട്രീയപാര്‍ട്ടികളില്‍ ഉള്ളതിൽ ഭേദം എന്ന് തോന്നുന്നവർക്കാണ്. വിദ്യാസമ്പരായ ഒരു തലമുറ ജനാധിപത്യ ഭരണത്തിന് അമ്പേ നഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് വര്‍ഷങ്ങളോളം ഭരിച്ച പാര്‍ട്ടിക്കും കാര്യമായ ഭരണനേട്ടങ്ങള്‍ ഒന്നും അവശേഷിപ്പിക്കാന്‍ കഴിയാത്തത്. ക്ഷേമം മുഖമുദ്ര ആകാതെ ക്ഷാമത്തിന് കോപ്പുകൂട്ടുന്ന ഭരണകൂടങ്ങള്‍  ജനാധിപത്യത്തെ അയഥാര്‍ത്ഥമായ ഒരു തലത്തിലേക്ക് തള്ളിവിടുകയാണ് . തെരഞ്ഞെടുപ്പുകാല വാഗ്ദാനങ്ങള്‍ വസ്തുതാപരമായി ക്ഷേമം എന്ന ആശയത്തില്‍ വേരൂന്നാതെ പോവുന്നു. ദാരിദ്ര്യവും തൊഴിലില്ലായ്മയും മൂലം വലിയൊരു വിഭാഗം ഉയറുമ്പോഴും രാജ്യം ‘ഡിജിറ്റലൈസേഷൻ ‘‍ ചെയ്യുന്നതിലേക്ക് മാത്രം ഭരണകൂടത്തിന്റെ കണ്ണു പോവുന്നത് ഇന്ത്യയുടെ ശോചനീയാവസ്ഥയുടെ സാക്ഷ്യപത്രമാണ്.

നമ്മള്‍ മനസ്സിലാക്കുന്ന/മനസ്സിലാക്കേണ്ട കാര്യം ഭരണം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ഒരു രാഷ്ട്രീയപാര്‍ട്ടിയും ‘പാവങ്ങളുടെ ഉദരപൂരണം’ പ്രധാന അജണ്ടയായി കാണില്ലെന്നതാണ്. ശോഷിച്ചശരീരങ്ങളും ശുഷ്കിച്ച രൂപങ്ങളും ഉയര്‍ത്തിക്കാട്ടി മുതലെടുപ്പ് നടത്തേണ്ടത് അവരുടെ രാഷ്ടീയ ആവശ്യമാണ് മാത്രവുമല്ല രാജ്യം വികസിച്ചു എന്നതിന് ചൂണ്ടിക്കാട്ടുന്ന ജിഡിപി വളര്‍ച്ച വാസ്തവത്തില്‍ ദാരിദ്ര്യനിരക്ക് കുറച്ചു കൊണ്ടുവരലല്ല, സമ്പന്നരെ അതിസമ്പന്നരായി നിലനിര്‍ത്ത ലാണ് .കൊലയും കൊള്ളിവെപ്പും ആഭ്യന്തര കലാപങ്ങളും ജനാധിപത്യവ്യവസ്ഥിതിയില്‍ അധികാരം അഭംഗുരം തുടര്‍ത്താൻ അനിവാര്യമാണ് .കാശ്മീര്‍ പ്രശ്‌നവും പാകിസ്ഥാന്‍ ആക്രമണവും അതുകൊണ്ടുതന്നെ ഭരണമുറപ്പിക്കലിന്റെ സ്വാഭാവിക ഇടപെടലായി വേണം മനസ്സിലാക്കാന്‍.’നോട്ട’ വിജയിക്കുന്ന (Nota)സ്ഥിതിവിശേഷം സംജാതമായാൽ ജനാധിപത്യം ഒരു ചോദ്യചിഹ്നമായി മാറും. അത്തരമൊരവസ്ഥ നിലവിലെ വ്യവസ്ഥക്ക് നേര്‍ക്കുള്ള ജനപ്രതികരണത്തിന്റെ മൂര്‍ത്തീഭാവം കൂടിയാവും. ഇങ്ങനെയൊക്കെയാണെങ്കിലും ഇത്തരം അടിസ്ഥാനപരമായ രീതികളുടെയും പ്രശ്‌നങ്ങളുടെയും പരിഹാരം മദീനയിലെ പ്രവാചക ഭരണത്തില്‍നിന്ന് കണ്ടെടുക്കാവുന്നതാണ്. കലുഷിതമായ അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ നിലനില്‍ക്കുന്ന സാമൂഹിക രാഷ്ട്രീയ വ്യവസ്ഥയെ അട്ടിമറിച്ച് ഒരു നവ സമൂഹ രാഷ്ട്രനിര്‍മിതിയായിരുന്നു പ്രവാചകന്റെ മദീന ഭരണം. സ്വദേശത്തും വിദേശത്തും യുദ്ധങ്ങളിലും അന്യമതസ്ഥരുമായുള്ള ഇടപെടലിലും അന്താരാഷ്ട്ര ഉച്ചകോടികളിലും അവിടുന്ന് തികഞ്ഞ നയതന്ത്രജ്ഞത പുലർത്തി. മനുഷ്യാവകാശവും സമത്വം, സ്വാതന്ത്ര്യം ,സ്വാതന്ത്ര സിദ്ധാന്തങ്ങളും പ്രവാചകനന്യമായിരുന്നില്ല.

രാഷ്ട്ര സങ്കല്‍പങ്ങളില്‍ പരമപ്രധാനമായ ആശയമാണ് അധികാരം.രാഷ്ട്രീയമെന്നാല്‍ അധികാരവും അധികാരത്തിനുവേണ്ടിയുള്ള പോര്‍വിളികളും ആണെന്ന് പലരും സിദ്ധാന്തിച്ചിട്ടുമുണ്ട് . എന്നാല്‍ യഥാര്‍ത്ഥ രാഷ്ട്രീയം അധികാരപരമായല്ല സാമൂഹികമായി നാഭീനാളബന്ധം പുലര്‍ത്തുന്നതാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചു .പ്രതിനിധീകരിക്കുന്ന ജനങ്ങളെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടാണ് ഒരു നേതാവിന്റെ മികച്ച ഗുണങ്ങളിലൊന്ന്. തങ്ങളുടെ വിശ്വാസ ആദര്‍ശങ്ങളെ മാനിക്കാത്ത ഒരു രാജ്യത്തെ ന്യൂനപക്ഷമായി ജീവിക്കുമ്പോള്‍ പുലര്‍ത്തേണ്ട സമീപനരീതി പ്രവാചകരെ ജീവിതത്തിൽ നിന്നും വായിക്കാനാവും .ന്യൂനപക്ഷമായ മുസ്ലിംകള്‍ മാത്രം നിലനില്‍ക്കുന്നിടത്ത് നിലവിലെ വ്യവസ്ഥിതികളോട് യുദ്ധം പ്രഖ്യാപിക്കുന്നത് ആത്മഹത്യാപരമായിരിക്കും എന്നതായിരുന്നു പ്രവാചകന്റെ നിലപാട്. വര്‍ഷങ്ങള്‍ക്കുമുമ്പ് സിറിയയില്‍ ആഭ്യന്തര കലാപങ്ങള്‍ മുറുകിയപ്പോള്‍ ബഷാറുല്‍ അസദിനെതിരെ പ്രത്യാക്രമണം കാമ്യമല്ലെന്ന് റമളാന്‍ ബൂത്വി ‘അഭിപ്രായപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ മരണാനന്തരം സിറിയയില്‍ അരങ്ങേറിയ സംഭവ വികാസങ്ങളില്‍ നിന്ന് അത്തരമൊരു നിലപാടിന്റെ ഔചിത്യം ലോകം മനസ്സിലാക്കിയതാണ് . ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ മദീനസമൂഹത്തില്‍ നിന്ന് ഏറെ പഠിക്കാനുണ്ട് .ഒരു പക്ഷെ ചരിത്രത്തിലേക്ക് കണ്ണോടിക്കുമ്പോള്‍ സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ഉലമ (Traditional Scholars) അക്രമോത്സുകമായ ഒരു പ്രതിരോധ നടപടികളും ആഹ്വാനം ചെയ്യാത്തതിന് കാരണവും അതാവാം. ഇസ്ലാമേതര രാഷ്ട്രങ്ങളില്‍ ഇസ്ലാമിക രാഷ്ട്രം വേണമെന്ന് കൊട്ടിഘോഷിക്കുകയും അതിനുവേണ്ടി അഹോരാത്രം പ്രയത്നിക്കുകയും ചെയ്യുന്നത് എത്രമാത്രം ഭോഷത്തമാണെന്ന് പ്രവാചകന്‍ പറഞ്ഞു വെക്കുന്നുണ്ട് .മൗദൂദിയെപോലുള്ളവര്‍ക്ക് പിണഞ്ഞ അത്തരം ഒരു അബദ്ധത്തെ ഉലമാക്കള്‍ ശക്തമായി അപലപിച്ച് അതുമൂലം രാജ്യത്ത് സംഭവിക്കുന്ന കലാപങ്ങളും ക്രമസമാധാന തകര്‍ച്ചയും മുന്നില്‍ കണ്ടതുകൊണ്ടാണ്.

ബഹുസ്വര സമൂഹത്തെ ഇസ്ലാമിന്റെ കുടക്കീഴില്‍ എങ്ങനെ പരിരക്ഷിക്കാണം എന്ന കാര്യം മദീനയില്‍ നിന്നും ഇസ്ലാമേതര രാഷ്ട്രത്തെ സഹവര്‍ത്തിത്വം മക്കയില്‍ നിന്നും പഠിക്കാന്‍ മുസ്ലിം സമൂഹത്തിന് കഴിഞ്ഞിട്ടുണ്ട് /കഴിയേണ്ടതുണ്ട് . രാഷ്ട്രീയമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് ഭരണാധികാരികള്‍ കാണിക്കേണ്ട നൈതികതയും ധാര്‍മികതയും അതിനു പയ്യക്തമാക്കേണ്ട ഹിതപരിശോധനയും പ്രവാചക ഭരണ സമ്പ്രദായത്തിൽ കാണാം (പരോക്ഷ ജനാധിപത്യത്തില്‍ ഉണ്ടായിരുന്ന ജനായത്ത നടപടിക്രമമാണ് ഹിതപരിശോധന ) ആഭ്യന്തര അസ്വാരസ്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിന്  മദീന ചരിത്രം പാഠമാണ്. സാഹോദര്യം ,സമത്വം, സ്വാതന്ത്ര്യം തുടങ്ങിയവ സ്ഥാപിച്ചു.
ഈയടുത്ത് വംശീയ  ആക്രമണത്തിനെതിരെ മുസ്ലീങ്ങളോട് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ഐക്യദാർഢ്യം പ്രകടിപ്പിച്ചത് അത്തരത്തിലൊരു രഞ്ജിപ്പിന്റെ ഭാഗമായിരുന്നു .രാജ്യത്തെ മുസ്ലീങ്ങളുടെ ആചാരാനുഷ്ടാനങ്ങളും ജീവിതരീതിയും അവരെ ആവേശിച്ചിരിക്കുമെന്നത് തള്ളിക്കളയാനാവില്ല . പലതരം ഗോത്രവിഭാഗങ്ങളുമായി ചിതറിക്കിടിരുന്ന അറേബ്യയിലെ മരുഭൂ സമൂഹത്തിൽ രാഷ്ട്രീയവും സാംസ്‌കാരികവുമായ ഉദ്ഗ്രഥനം സാധ്യമാക്കിയത് പ്രവാചകനാണ്. ക്രിയാത്മകമായ ഒരു പൊതു സമൂഹം ,അവര്‍ക്ക് ഇടപെടാവുന്ന ഒരു പൊതു ഇടം, ഭരണനേതൃത്വം, സാമ്പത്തിക നിയമങ്ങള്‍ ,കോടതി സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം സംസ്ഥാപിച്ചു. വര്‍ഗീയകലാപങ്ങളും  വംശീയ അധിക്ഷേപങ്ങളും മുഖമുദ്രയാക്കിയ സമൂഹത്തെ സമത്വത്തിന്റെയും സമവായത്തിന്റെയും ശാദ്വല തീരത്തേക്കാനയിച്ചു. ഭരണസംവിധാനത്തില്‍ എല്ലാവര്‍ക്കും പങ്കാളിത്തം നല്‍കുകയും നീതിയും സമാധാനവും ഉറപ്പു വരുത്തുകയും ചെയ്തു. ലോകചരിത്രത്തില്‍ തന്നെ പില്‍ക്കാലത്ത് വഴിത്തിരിവുകളായി കരുതപ്പെടുന്ന അമേരിക്കന്‍ വിപ്ലവം, ഫ്രഞ്ച് വിപ്ലവം എന്നിവ പ്രമേയവൽക്കരിച്ച സമത്വം എന്ന ആശയം നടപ്പില്‍ വരുത്തിയത് വലിയ ചലനങ്ങൾ സൃഷ്ടിച്ചു.  അയല്‍രാജ്യങ്ങളുമായി നയതന്ത്രബന്ധം കാത്തുസൂക്ഷിക്കാനും സമാധാന കരാറില്‍ ഒപ്പുവെക്കാനും പ്രവാചകന്‍ ശ്രദ്ധിച്ചു. ‘ഹുദൈബിയ സന്ധി ‘ അത്തരത്തില്‍ പ്രവാചകരുടെ രാഷ്ട്രതന്ത്രത്തിലെ വിഖ്യാതമായ ഏടാണ്. സമാധാനം നിലനിര്‍ത്താന്‍ പരമാവധി വിട്ടുവീഴ്ചയും വേണമെന്നാണ് ഇതിലൂടെ പ്രവാചകന്‍ പഠിപ്പിച്ചത്.വ്യാപാര ബന്ധം നിലനിര്‍ത്താനും മാനുഷിക ബന്ധം സ്ഥാപിക്കാനും ജാഗ്രത പുലര്‍ത്തി. യുദ്ധങ്ങളിൽ നാശനഷ്ടങ്ങള്‍  കുറവാണെന്നത് പ്രവാചകന്റെ സൈനിക മികവു കൂടിയാണ് .ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളിൽ പൊലിഞ്ഞ ജീവനുകളുടെ പത്തിലൊന്നു പോലും അത് ഉണ്ടായിരുന്നില്ല .രാജ്യദ്രോഹ കുറ്റം ചെയ്ത കുറ്റവാളികളെയും തീവ്രവാദികളെയും ആസൂത്രിതമായി കൈകാര്യം ചെയ്തു. ഉടമ്പടി ലംഘിച്ച ജൂതന്മാരെ ജാഗ്രതയോടെ നിരീക്ഷിച്ചു .

മദീന തെരഞ്ഞെടുപ്പു മാതൃക

പ്രവാചകരുടെ വിയോഗാനന്തരമാണ് മദീന ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. അതു വരെ റസൂല്‍ തന്നെയായിരുന്നല്ലോ. പ്രസ്തുത  തെരഞ്ഞെടുപ്പിന് കാലവിളംബം നേരിടേണ്ടി വന്നില്ല.കാരണം പ്രവാചകനോളം സ്വീകാര്യത നേടിയ സിദ്ദീഖ് (റ) എല്ലാവരും വാഴിക്കാന്‍ താല്പര്യപ്പെട്ട  വ്യക്തിയായിരുന്നു. തിരുവിയോഗത്തില്‍ സമൂഹത്തിന് ആശ്വാസമായി മരണാനന്തര കര്‍മ്മങ്ങളില്‍ നേതൃപരമായ പങ്കുവഹിച്ചത് അവർ എല്ലാവരെയും പൂർവ്വാവസ്ഥയിലേക്ക് തിരിച്ചെത്തിച്ചു.സത്യപ്രതിജ്ഞ ചെയ്യുന്ന സന്ദര്‍ഭത്തില്‍ തന്നെ ഭാവികാലത്തെ ബ്രഹത്തായ പദ്ധതികളെക്കുറിച്ച് അവിടുന്ന് വാചാലരായി . പ്രവാചകചര്യ അപ്പടി ഒപ്പിയെടുക്കുന്ന തരത്തിലായിരുന്നുു അത്. പിന്നീട് ആദ്യ നൂറ്റാണ്ടിലെ ഖലീഫമാർ എല്ലാം ഇത്തരത്തില്‍ ജനകീയ ഭരണം കാഴ്ചവെച്ചു. കാലാന്തരേണ അപഭ്രംശങ്ങള്‍ സംഭവിച്ചെങ്കിലും ആദ്യനൂറ്റാണ്ടിലെ ഭരണം സുദൃഢമായിരുന്നു.

സമകാലിക ഇന്ത്യന്‍ അവസ്ഥയ്ക്ക് പകര്‍ത്താന്‍ അതിലേറെ കാര്യങ്ങളുണ്ട്. സംക്ഷിപ്തമായി പറഞ്ഞാല്‍ ആധുനിക ജനാധിപത്യ ഭരണകൂടങ്ങള്‍ക്ക് എക്കാലത്തും പിന്തുടരാന്‍ ഉതകുന്ന ജനക്ഷേമ ഭരണമാണ് മദീന ചരിത്രം നല്‍കുന്നത്. ഇപ്പോള്‍ ഇന്ത്യ നിര്‍ണായകമായ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. 1970കളെ ഓര്‍മ്മിപ്പിക്കുന്ന സംഭവങ്ങളാണ് തെരഞ്ഞെടുപ്പിന്റെ ചുവടുപിടിച്ച് രാജ്യത്ത് നടമാടിക്കൊണ്ടിരിക്കന്നത്. ജനാധിപത്യ ഭരണകൂടം പ്രതിക്കൂട്ടിലാകുന്ന അവസ്ഥാവിശേഷം ഉള്ളതിനാൽ തന്നെ ഓരോ ഇന്ത്യക്കാരനും ഇന്ത്യയുടെ ഭാവി ഭാസുരമാക്കാന്‍ ക്രിയാത്മകമായി ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രവാചക മദീനാ ഭരണം നല്‍കുന്ന പാഠങ്ങള്‍ അതിന് ഊര്‍ജം നല്‍കും എന്നതില്‍ സംശയമില്ല.