ഇഗ്‌നാസ് ഗോള്‍സിയറും പടിഞ്ഞാറിന്റെ ഹദീസ് വിമര്‍ശനവും
ഇസ്‌ലാമിക സംസ്‌കൃതിയില്‍ (പ്രത്യേകിച്ചും ജ്ഞാനശാസ്ത്രത്തില്‍) ഹദീസുകള്‍ക്കുള്ള സ്ഥാനവും അവ നിര്‍വ്വഹിക്കുന്ന ധര്‍മ്മവും ഏറെ വലുതാണ്. പ്രവാചകന്റെ ജീവിതരീതികളും ചര്യയും സൂക്ഷ്മമായി രേഖപ്പെടുത്തിയും കൈകാര്യം ചെയ്‌തും പണ്ഡിതന്മാരിലൂടെ കൈമാറിപ്പോന്ന ഹദീസുകള്‍ മുസ്‌ലിം സമൂഹത്തില്‍ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഹദീസുകള്‍ വ്യാഖ്യാനിക്കുന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിരുന്നെങ്കിലും നിയതമായ പരിധിക്കുള്ളില്‍ നിന്നുകൊണ്ടുള്ള നിര്‍മ്മാണാത്മകമായ സംഭാഷണങ്ങളായിരുന്നു അവയൊക്കെയും.
എന്നാല്‍ മുസ്‌ലിം പണ്ഡിതരില്‍ നിന്നും ഏറെ വ്യത്യസ്തമായി, പടിഞ്ഞാറിലെ ഹദീസ് വിമര്‍ശകരുടെ അക്കാദമിക വായനകള്‍ പുലര്‍ത്തിയ സമീപനം വളരെ കൗതുകകരമാണ്. ഹദീസ് പാരമ്പര്യങ്ങളെ നിരൂപിക്കുന്നതില്‍ മാത്രം പരിമിതമായിരുന്നില്ല, മറിച്ച്, ഏതൊരു ചരിത്രാവലംബത്തിന്റെയും പ്രാമാണികതയെയും ആധികാരികതയെയും സന്ദേഹത്തോടെ വിലയിരുത്തുന്ന രീതിയാണ് പടിഞ്ഞാറ് സ്വീകരിച്ചത്. ചരിത്ര വിമര്‍ശനാത്മക രീതി (Historical Critical Method) എന്ന് വിശേഷിക്കപ്പെടുന്ന ഈയൊരു ചരിത്ര പഠന രീതി മതങ്ങള്‍ക്കു പില്‍ക്കാലത്ത് വരുന്ന ഔദ്യോഗികതകളെയും അധ്യാപനങ്ങളെയും പ്രസ്തുത മതത്തിന്റെ സ്ഥാപകനില്‍ നിന്നും പൂര്‍ണ്ണമായും പറിച്ചു മാറ്റി. മതങ്ങളുടെ യാഥാസ്ഥിതികതയെ അക്ഷരാര്‍ത്ഥത്തില്‍ സ്ഥാപിക്കുന്നത് പിന്‍തലമുറക്കാരാണെന്ന വെബറിയന്‍ സിദ്ധാന്തം രൂപപ്പെട്ടത് ഇതിന്റെ പിന്‍ബലത്തിലാണെന്നു പറയാം.
വാസ്തവത്തില്‍, ഭൂതകാലങ്ങളില്‍ ഉണ്ടായിരുന്നവയുടെയെല്ലാം വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന HCM-ഉം പ്രമാണങ്ങളുമെല്ലാം ലൗകിക താല്‍പര്യങ്ങളുടെ കാരണമായി ഉരുവം കൊള്ളുന്നതാണെന്നുമുള്ള ഇരുപതാം നൂറ്റാണ്ടില്‍ ഉയര്‍ന്നുവന്ന forum criticism വുമെല്ലാം, ‘പൂര്‍ണ്ണ സത്യസന്ധനും സ്വീകാര്യനുമെന്നു’ പ്രസിദ്ധി നേടിയ ഒരു വ്യക്തിപ്രഭാവത്തില്‍ നിന്നും ആവിര്‍ഭവിക്കുന്ന ആശയങ്ങളോട് എങ്ങനെ ഏറ്റുമുട്ടുന്നു എന്നൊരു മറുചോദ്യം നിലനില്‍ക്കുന്നുണ്ട് ഇവിടെ.
വിമര്‍ശനത്തിന്റെ ഘട്ടങ്ങള്‍
ഹദീസുകളെ പ്രത്യേക ശാസ്ത്രശാഖയായി പരിഗണിക്കുന്ന മുസ്‌ലിം പണ്ഡിതരില്‍ നിന്നും വിഭിന്നമായി, ഇസ്‌ലാമിക ചരിത്രത്തെയും മതത്തിന്റെ ഉത്ഭവത്തെയും സംബന്ധിച്ചുള്ള വിശദമായ അന്വേഷണങ്ങളുടെ ഭാഗമായിട്ടാണ് പടിഞ്ഞാറിലെ പണ്ഡിതര്‍ ഹദീസുകളെ പഠനവിധേയമാക്കുന്നത്. ഇതിനെ ഇസ്‌ലാമിന്റെ ആവിര്‍ഭാവകാല രാഷ്ട്രീയ-വിഭാഗീയ ചരിത്രം, ഖുര്‍ആനിന്റെ ഉത്ഭവം, ഇസ്‌ലാമിക നിയമങ്ങളുടെ ആരംഭം എന്നിങ്ങനെ മൂന്നു ഭാഗങ്ങളാക്കാം. ഇവയില്‍ മൂന്നു ഭാഗവും ഹദീസുകളുടെ സ്വീകാര്യതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉള്‍ക്കൊളളുന്നുണ്ട്.
ആദ്യകാല ഇസ്‌ലാമിനെകുറിച്ചും ‘ആധികാരികത’ എന്ന സംഹിതയെക്കുറിച്ചുമുള്ള പാശ്ചാത്യന്‍ പഠനങ്ങളെയും നാലു ഘട്ടങ്ങളായി വിവരിക്കാം:
ഒന്നാമതായി, ഓറിയന്റലിസ്റ്റ് സമീപനം- ഇസ്‌ലാമിന്റെ പരമ്പരാഗത നിയമ- ചരിത്ര വിവരണങ്ങളുടെ സവിശേഷതകളെ വെല്ലുവിളിക്കുന്നതോടൊപ്പം പൊതുവായ സ്വഭാവത്തില്‍ അവയെ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന, ചരിത്ര വിമര്‍ശന രീതിയുടെ പ്രാഥമിക സങ്കല്‍പ്പമാണിത്.
രണ്ടാമതായി, ഫിലോ ഇസ്ലാമിക് അപോളജി. ഓറിയന്റലിസ്റ്റുകളുടെ ഹദീസ് വിമര്‍ശനങ്ങളെ പ്രതിരോധിക്കുന്നതിനായി പടിഞ്ഞാറില്‍ ഉദയം ചെയ്ത ഏതാനും മുസ്‌ലിം- അമുസ്‌ലിം പണ്ഡിതന്മാരുടെ വാദങ്ങള്‍ കൂടിയതാണിത്.
മൂന്നാമതായി- പുനരവലോകന സമീപനം (revisionist approach). 1970കളുടെ അവസാനങ്ങളില്‍ തുടക്കം കുറിച്ച ഈയൊരു രീതി ഓറിയന്റലിസ്റ്റ് സമീപനത്തിന്റെ വിമര്‍ശനാത്മകമായ അനുമാനങ്ങളെ കൂടുതല്‍ അടിസ്ഥാന തലത്തില്‍ പ്രയോഗിക്കുകയും ആദ്യകാല ഇസ്‌ലാമിക ചരിത്രം, ഖുര്‍ആനിന്റെയും ഇസ്‌ലാമിക നിയമങ്ങളുടെയും ഉത്ഭവം എന്നിവയുടെ വിവരണങ്ങളെ ചോദ്യം ചെയ്യുകയും ചെയ്‌തു.
നാലാമതായി, പടിഞ്ഞാറന്‍ പുനര്‍മൂല്യനിര്‍ണ്ണയം (western revaluation). 1980കള്‍ മുതല്‍, പുനരവലോകന സമീപനത്തിന്റെ തീവ്രതകളെ നിരസിച്ചുകളഞ്ഞ ഈയൊരു രീതി, ചരിത്ര വിമര്‍ശന രീതിക്കനുസൃതമായി, ഇസ്‌ലാമിന്റെ ആദ്യകാലഘട്ടങ്ങളെ വിമര്‍ശിച്ചു പോന്നു. റിവിഷനിസ്റ്റുകളുടെ സന്ദേഹാത്മകമായ സമീപനത്തെ പ്രസ്തുത രീതി അവഗണിച്ചെങ്കിലും, ഓറിയന്റലിസ്റ്റ് വഴികള്‍ സംശയാസ്പദമായ അനുമാനങ്ങളാണെന്നും മുമ്പ് വിശ്വസിച്ചതിനേക്കാള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാണ് മുസ്‌ലിം ഹദീസ് പാരമ്പര്യമെന്നും അല്‍പ്പം പാശ്ചാത്യന്‍ പണ്ഡിതരെങ്കിലും തിരിച്ചറിയാന്‍ ഇത് ഹേതുവായി.
ചരിത്ര വിമര്‍ശന രീതിയും ഇഗ്നാസ് ഗോള്‍സിയറും
പ്രവാചക ജീവിതത്തെയും ചര്യയെയും കുറിക്കുന്ന ഒരു പ്രധാന അവലംബമെന്ന നിലയില്‍ ഹദീസുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത ആദ്യകാല പാശ്ചാത്യന്‍ എഴുത്തുകാരനാണ് സ്‌കോട്ട്‌ലന്റ് വംശജനായ വില്ല്യം മൂര്‍.
ബ്രിട്ടീഷ് ഇന്ത്യയുടെ അധിനിവേശ നായകനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു അദ്ദേഹം. Life of Muhammad എന്ന തന്റെ ഗ്രന്ഥത്തില്‍, ഹദീസുകള്‍ വ്യക്തമായും പക്ഷപാതിത്വപരവും വിശ്വസനീയമല്ലാത്തതുമാണെന്ന പരാമര്‍ശം നടത്തുന്നുണ്ട് അദ്ദേഹം. ഹദീസുകള്‍ കേവലം മുഹമ്മദിന്റെ വ്യക്തിപ്രഭാവം സ്ഥാപിക്കുന്നതിനും, ആദ്യകാല മുസ്‌ലിം സമൂഹത്തിന്റെ രാഷ്ട്രീയവും വിഭാഗീയവും വൈജ്ഞാനികവുമായ അഭിലാഷങ്ങള്‍ ഉത്തേജിപ്പിക്കാനുള്ളതാണെന്നും അദ്ദേഹം വാദിച്ചു. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍, ഖുര്‍ആന്‍ മാത്രമായിരുന്നു സ്വീകാര്യയോഗ്യമായ അവലംബം. ‘യൂറോപ്യന്‍ വിമര്‍ശകര്‍’ സ്വഹീഹുല്‍ ബുഖാരിയിലെ പകുതി ഹദീസുകളെങ്കിലും നിരസിക്കണമെന്ന് അദ്ദേഹം കരുതുമ്പോഴും ചില ഹദീസുകള്‍ വിശ്വസനീയമാണെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. നിവേദക പരമ്പരകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ഹദീസുകളുടെ മൂലവാക്യങ്ങളെ (Matn) ഗണിക്കാതിരിക്കുകയും ചെയ്തതു കൊണ്ടുതന്നെ ക്ലാസിക്കല്‍ ഹദീസ് വിമര്‍ശനം തികച്ചും ഉപകാരപ്രദമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. മൂര്‍ ‘ചരിത്ര വിമര്‍ശന രീതിയെ’ പ്രയോഗ തലത്തില്‍ കൊണ്ടുവന്നെങ്കിലും പ്രസ്തുത രീതിശാസ്ത്രത്തെ ബൃഹത്തായ ശൈലിയില്‍ കൂടുതല്‍ അക്കാദമിക കാര്‍ക്കശ്യത്തോടെ ഉപയോഗിച്ചത് ഹംഗറിക്കാരനായ ഇഗ്‌നാസ് ഗോള്‍സിയറായിരുന്നു.
ഏതൊരു പ്രമാണത്തെയും പഠന വിധേയമാക്കുമ്പോള്‍ പ്രാഥമികമായി അതിന്റെ ആധികാരികതയെ ചോദ്യം ചെയ്തു കൊണ്ടു തുടങ്ങണമെന്ന ജര്‍മ്മന്‍ സ്‌കൂള്‍ ഓഫ് ഹിസ്റ്ററിയുടെ അവകാശ വാദങ്ങളില്‍ ഉറച്ചു വിശ്വസിക്കുന്ന ഗോള്‍സിയര്‍ ഇസ്‌ലാമിക ചരിത്രങ്ങളുടെയും ചിന്തയുടെയും മൂലഗ്രന്ഥ ഉറവിടങ്ങളില്‍ (textual sources) സംശയാസ്പദമായ സമീപനം പുലര്‍ത്തി. ഹദീസുകളുടെ ആധികാരികതയെ സംബന്ധിച്ച് അദ്ദേഹം വിലയിരുത്തിയത് ഇങ്ങനെ: ‘പ്രവാചക ജീവിതത്തെക്കുറിച്ച് ആഖ്യാനിക്കുന്ന ചരിത്രപരമായ ഒരു രേഖയും പ്രവാചകന്റെ ജീവിതകാലത്ത് എഴുതപ്പെട്ടിട്ടില്ല എന്നതും, പ്രവാചകനെക്കുറിച്ചുള്ള വിവരണങ്ങള്‍ ഏറെ വഴക്കമുള്ള വാമൊഴി മുഖേനയാണ് കൈമാറ്റം ചെയ്യപ്പെട്ടതെന്നുമുള്ളതും ഹദീസുകളെ രേഖപ്പെടുത്തപ്പെട്ട പ്രമാണമാക്കാനാകില്ലെന്ന യാഥാര്‍ത്ഥ്യം ദ്യോതിപ്പിക്കുന്നുണ്ട്. മാത്രവുമല്ല, വ്യാജം ചമയ്ക്കലിനും കൃത്രിമ നിര്‍മ്മിതിക്കും അവയൊക്കെയും വിധേയപ്പെടുക കൂടി ചെയ്തിരുന്നു’.
ഇറ്റാലിയന്‍ പണ്ഡിതനായ ലോറന്‍സോ വല്ല മറ്റു ജര്‍മ്മന്‍ ബൈബിള്‍ പണ്ഡിതരെയുമെല്ലാം പോലെ, തെറ്റായ നിവേദനങ്ങളില്‍ നിന്നും ശരിയുള്ളവയെ വേര്‍ത്തിരിക്കാന്‍ ഗോള്‍സിയര്‍ ഉപയോഗപ്പെടുത്തിയ മാര്‍ഗ്ഗങ്ങളും കാലഘണനാസ്ഖലിതവും (anachronism) താരതമ്യ തത്വവുമായിരുന്നു (principle of analogy). പ്രവാചകന്റെ വിയോഗാനന്തരം മാത്രം ഉയര്‍ന്നുവന്ന സംഘര്‍ഷങ്ങളെയും ആശങ്കകളെയും അഭിസംബോധന ചെയ്യുന്ന ഹദീസുകളെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചതിങ്ങനെ, ‘പ്രസ്തുത ഹദീസുകള്‍ ഇത്തരം സംഘട്ടനങ്ങളില്‍ ഉള്‍പ്പെട്ട കക്ഷികള്‍ സൃഷ്ടിച്ച കേവല പ്രചാരണം മാത്രമാണെന്നും അവയൊന്നും പ്രവാചക വചനങ്ങളല്ലെന്നും തത്ഫലമായി പല ഹദീസുകളുടെയും ഉള്ളടക്കം അത്തരം ഹദീസുകള്‍ വ്യാജ നിര്‍മ്മിതിയാണെന്നു മാത്രമല്ല, ആരാണവ ഉണ്ടാക്കിയതെന്നും എപ്പോള്‍ നിര്‍മ്മിച്ചുണ്ടാക്കി എന്നുമെല്ലാം നിര്‍ണ്ണയിക്കാന്‍ ചരിത്രകാരനു സാധിക്കും വിധമാണ്’.
പ്രവാചകന്റെ അധികാരം മുസ്ള്‍ലിംകള്‍ക്ക് ഒരുപോലെ നിര്‍ബന്ധിതവും ആകര്‍ഷകവുമായിരുന്നുവെന്ന് ഗോള്‍സിയര്‍ വിലയിരുത്തുന്നു. തുടര്‍ന്ന് അദ്ദേഹം പറയുന്നു: ഹദീസുകളുടെ പരിമിതമായ എഴുത്ത് വളരെ നേരത്തെ നടന്ന ഒരു പ്രക്രിയയാണെങ്കിലും, മുസ്‌ലിംകളും പിന്നീട് സാഹചര്യങ്ങള്‍ക്കനുസൃതമായി ഹദീസുകള്‍ നിര്‍മ്മിച്ചുണ്ടാക്കി എന്നത് പ്രവാചകന്റെ മുന്‍വിധിയുടെ ശക്തിയെ ദ്യോതിപ്പിക്കുന്നുണ്ട്. പ്രവാചകന് ഭാവി സംഭവങ്ങളെക്കുറിച്ച് അറിവുണ്ടാകാമെന്നതു വ്യാജ ഹദീസ് നിര്‍മ്മാതാക്കള്‍ക്കിടയില്‍ കാലഗണനാസ്ഖലിതത്തിനുള്ള അനുമതിയായി മാറുകയുണ്ടായി.
ഇസ്‌ലാമിന്റെ ആദ്യ മൂന്നു നൂറ്റാണ്ടുകളില്‍ ഹദീസുകള്‍ വ്യാജമായി നിര്‍മ്മിച്ച് ഉണ്ടാക്കുന്നതിന് രാഷ്ട്രീയം, നിയമപരം, വിഭാഗീയം, സാമുദായികം എന്നിങ്ങനെ നാല് പ്രധാന പ്രേരകങ്ങളെ ഗോള്‍സിയര്‍ എണ്ണുന്നുണ്ട്. ഇതില്‍ അദ്ദേഹം വിലയിരുത്തിയ മര്‍മ്മമായ പ്രേരകം രാഷ്ട്രീയ ഘടകമായിരുന്നു. തുടര്‍ന്നദ്ദേഹം പറയുന്നു, ‘പല ഹദീസുകളില്‍നിന്നും, ആദ്യകാല ഹദീസ് പാരമ്പര്യങ്ങളുടെ സ്വഭാവങ്ങളില്‍ നിന്നുമെല്ലാം ഉമവീ രാജവംശത്തിന്റെ രാഷ്ട്രീയ പ്രചരണത്തില്‍ ഹദീസുകളുടെ വ്യാജ നിര്‍മ്മാണം മുഖ്യ പങ്ക് വഹിച്ചതായി കാണാനാകും’.
ഗോള്‍സിയറിന്റെ വീക്ഷണത്തില്‍, പ്രവാചകന്റെ ജീവിത കാലത്തുണ്ടായിരുന്ന മുസ്‌ലിം സമൂഹത്തില്‍ നിന്നും, മരണാനന്തരം മദീനയില്‍ അധിവസിച്ചിരുന്ന ഭക്തരായ വിശ്വാസികളില്‍ നിന്നുമെല്ലാം വ്യത്യസ്തമായിരുന്നു സിറിയയിലെ ഉമവീ ഭരണകൂടം. ഇസ്‌ലാമിന്റെ അന്തര്‍ലീനമായ നിയമസാധുതകളെ വിലകല്‍പ്പിക്കാത്ത സമ്പൂര്‍ണ്ണ മതേതര കാഴ്ചപ്പാടുള്ള വിഭാഗമായിരുന്നു അവര്‍. അതുകൊണ്ടുതന്നെ ഭരണത്തിനും രാഷ്ട്രീയ പ്രക്രിയകള്‍ക്കും നിയമസാധുത നല്‍കുന്നവയെ ഹദീസുകളെന്ന പേരില്‍ അവര്‍ നിര്‍മ്മിച്ചുണ്ടാക്കി. ഉദാഹരണമായി അദ്ദേഹം വിശദീകരിക്കുന്നു, ‘രണ്ടാം ആഭ്യന്തര യുദ്ധം നടക്കുന്ന സമയം(680-92), മക്കയുടെയും വിശുദ്ധ തീര്‍ത്ഥാടന വഴികളുടെയും നിയന്ത്രണം ഉമവികളുടെ ശത്രുവായ അബ്ദുല്ലാഹിബ്‌നു സുബൈറിന്റെ അധികാരത്തിലായിരുന്നു. തഥവസരത്തില്‍ ‘മൂന്ന് പള്ളികളിലല്ലാതെ(മക്കയിലെ മസ്ജിദുല്‍ ഹറാം, മദീനയിലെ മസ്ജിദുനബവി, ബൈത്തുല്‍ മുഖദ്ദസിലെ മസ്ജിദുല്‍ അഖ്സ) മൃഗങ്ങളുടെ ജീനി അഴിക്കരുതെന്ന് മുസ്‌ലിംകളോട് ആജ്ഞാപിക്കുന്ന ഒരു ഹദീസ് ഉമവികള്‍ പ്രചരിപ്പിച്ചു. ഉമവികള്‍ അവരുടെ നിയന്ത്രണത്തിലുള്ള ഫലസ്തീനിലെ പ്രവിശ്യയില്‍ മറ്റൊരു ബദല്‍ തീര്‍ത്ഥാടന കേന്ദ്രം സ്ഥാപിക്കാനുള്ള ശ്രമമായിരുന്നു ഈ ഹദീസിനെ നിര്‍മ്മിക്കുന്നതിലൂടെ ലക്ഷ്യമിട്ടതെന്ന് ഗോള്‍സിയര്‍ അനുമാനിക്കുന്നു. വെള്ളിയാഴ്ച ദിവസത്തിലുള്ള പ്രാര്‍ത്ഥനക്കായി ഇരിക്കുമ്പോള്‍ വലിയ പ്രഭാഷണങ്ങള്‍ നടത്തി സഭയുടെ മുമ്പാകെ കൂടുതല്‍ ഗാംഭീര്യത്തോടെ പ്രത്യക്ഷപ്പെടാന്‍ ഉമവീ ഖലീഫമാര്‍ ആഗ്രഹിച്ചപ്പോള്‍ രാജവംശത്തിലെ ഉന്നതര്‍ ‘ഇരിക്കുന്ന സമയത്ത് പ്രവാചകന്‍ പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു’ എന്നു പരാമര്‍ശിച്ചുകൊണ്ടുള്ള ഒരു ഹദീസ് നിര്‍മ്മിച്ചുണ്ടാക്കി.
ഹദീസുകളുടെ ആദ്യകാല ശേഖരങ്ങളുടെ വക്താക്കളും അവയുടെ സംരക്ഷകരും ഉമവികള്‍ ആയതുകൊണ്ടുതന്നെ ഇത്തരത്തില്‍ വ്യാജമായി നിര്‍മിച്ചുണ്ടാക്കിയ ഹദീസുകളെ വിജയപൂര്‍വ്വം പ്രചരിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചെന്ന് ഗോള്‍സിയര്‍ അനുമാനിക്കുന്നു. ശേഷം അദ്ദേഹം പറയുന്നു, ‘ഹിജാസിലെയും സിറിയയിലെയും ഹദീസ് ശേഖരങ്ങളുടെ മുഖ്യ വക്താവായിരുന്ന സുഹ്രി ഉമവി രാജകുമാരന്മാരുടെ ഉപദേഷ്ടാവും രാജ്യത്തെ ന്യായാധിപനുമായിരുന്നു. അദ്ദേഹം ഉമവീ പട്ടാളസേനയുടെ യൂനിഫോം ധരിക്കുകയും ചെയ്തിരുന്നു. മുകളിലുദ്ധരിച്ച, മൂന്ന് പള്ളികളെ പരാമര്‍ശിച്ച ഹദീസിന്റെ നിവേദന പരമ്പരയില്‍ സുഹ്രിയുണ്ടെന്നതു ഗോള്‍സിയര്‍ ആശ്ചര്യജനകമായി കാണുന്നില്ല. ഷിഹാബുല്‍ ഹിംയരിയെ പോലെ ആദ്യകാല ഹദീസ് പണ്ഡിതരില്‍ അനേകം പേര്‍ ഉമവി കോടതിയുമായി അടുത്തിടപഴകിയവരായിരുന്നു എന്നദ്ദേഹം പറയുന്നു. ഉമവികളുടെ രാഷ്ട്രീയ പ്രചരണ താല്‍പര്യങ്ങള്‍ ഹദീസ് രംഗത്തെ പഠനങ്ങള്‍ക്ക് വലിയൊരളവില്‍ ഹേതുവായിട്ടുണ്ടെന്നാണ് ഗോള്‍സിയര്‍ ഇതിലൂടെ പ്രസ്താവിക്കുന്നത്.
ഉമവികളുടെ കാലഘട്ടത്തില്‍ അരങ്ങേറിയതിനു തുല്യമായ സംഭവത്തിന് അബ്ബാസികളുടെ വാഴ്ചയും സാക്ഷിയായിരുന്നെന്നു ഗോള്‍സിയര്‍ പറയുന്നു. ഉമവികളില്‍ നിന്നും വ്യത്യസ്തമായി ‘പ്രവാചക കുടുംബത്തിലേക്കും, ഖുര്‍ആനിലേക്കും, തിരുചര്യയിലേക്കുമുള്ള മടക്കം’ എന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അബ്ബാസീ ഭരണകൂടം സ്ഥാപിതമായത്. ഉമവി ഭരണകാലത്തുള്ള മുസ്കലിംകളില്‍ പുതുതായി പിടിച്ചടക്കിയ മേഖലകളില്‍ കഴിഞ്ഞിരുന്ന അധികമാളുകള്‍ക്കും അവരുടെ മതത്തിന്റെ അനുഷ്ഠാനപരവും നിയമപരവുമായ വിശദാംശങ്ങളില്‍ ജ്ഞാനം വളരെ കുറവായിരുന്നു. എന്നാല്‍ അബ്ബാസികളുടെ ഭരണം വന്നതോടെ ഉമവി ഭരണങ്ങളില്‍ അഭിപ്രായങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കാതിരുന്ന പല മതപണ്ഡിതര്‍ക്കും പുതിയ ഇസ്‌ലാമിക സാമ്രാജ്യത്തിന് വേണ്ടി സമഗ്രമായ രീതിയില്‍ തന്നെ നിയമപരവും താത്വികവും സാമുദായികവുമായ രൂപകല്‍പ്പനകള്‍ നടത്തുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കേണ്ടിവന്നു. അബ്ബാസികളുടെ ഭരണകാലത്താണ് ജീവിതത്തിന്റെ നിഖില മേഖലകളിലും പ്രവാചകചര്യ മാനദണ്ഡമായി മാറിയതും മത നിയമങ്ങളിളെല്ലാം ഹദീസുകള്‍ ഉപയോഗിച്ചു തുടങ്ങിയതും.
ഖുര്‍ആനില്‍ നിയമപരമായ വ്യവസ്ഥകള്‍ വളരെ കുറവായിരുന്നതു കൊണ്ടുതന്നെ ഇസ്നിലാമിക നിയമ വ്യവസ്ഥകളെ നിര്‍മ്മിക്കുന്നതില്‍ മുസ്‌ലിം പണ്ഡിതര്‍ക്ക് മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വന്നു. യുക്ത്യാധിഷ്ഠിതര്‍ ഇവിടെ റോമന്‍ നിയമത്തിന്റെ പാരമ്പര്യങ്ങളന്വേഷിച്ചു. ഉദാഹരണമായി, ഗോള്‍സിയര്‍ പറയുന്നു: ‘ഒരു കേസിലെ പ്രതി സത്യപ്രതിജ്ഞ ചെയ്തു കുറ്റാരോപണങ്ങളില്‍ നിന്ന് സ്വയം ഒഴിഞ്ഞു മാറാം എന്ന ധാരണ മുസ്കലിംകള്‍ വെച്ചുപുലര്‍ത്തി’. എന്നാല്‍ ഹദീസിന്റെ വക്താക്കള്‍ക്ക് (അഹ്‌ലുല്‍ ഹദീസ്) ഇവര്‍ പിന്തുടര്‍ന്ന പാത സത്യസന്ധത കുറഞ്ഞതായിട്ടാണ് അനുഭവപ്പെട്ടത്. ഇസ്‌ലാമിക പാരമ്പര്യത്തെ നിര്‍മ്മിക്കാനാവശ്യമായ ഘടകങ്ങളെ സംവിധാനിക്കുന്നതിനായി ഇസ്‌ലാമിക നിയമവും തത്വവും സംബന്ധിച്ച വിഷയത്തില്‍ ഹദീസുകളുടെ മുഴുവന്‍ ഭാഗങ്ങളും കണ്ടെത്താനാണവര്‍ ശ്രമം നടത്തിയത്. ഇത്തരത്തില്‍ ഹദീസുകളെ നിര്‍മ്മിക്കുന്നതിനു പുറമെ അബ്ബാസീ കാലഘട്ടത്തിലെ ഹദീസ് വക്താക്കള്‍, അവരുടെ എതിരാളികള്‍ അവര്‍ക്കെതിരെ തന്നെ ഹദീസുകളെ ഉപയോഗിക്കുന്ന പക്ഷം അവയുടെ സാധുതയെ നിരസിക്കുന്ന വിമര്‍ശന രീതിയും സ്വീകരിച്ചിരുന്നു.
ഉമവികളെപ്പോലെ അബ്ബാസികളും അവരുടെ ഭരണത്തിനു നിയമസാധുത നല്‍കുന്ന ഹദീസുകള്‍ നിര്‍മ്മിച്ചുണ്ടാക്കിയിരുന്നു. ‘യുദ്ധത്തില്‍ പിടിച്ചെടുക്കുന്ന കൊള്ളമുതല്‍ പ്രവാചകന്‍ ഉമവി ഗോത്രമായ ബനൂ അബ്ദു ഷംസിലെ ആര്‍ക്കും നല്‍കാതെ അബ്ബാസികള്‍ അവരുടെ പിന്മുറക്കാരെന്നു കരുതുന്ന ബനൂ ഹാഷിമിനു നല്‍കി’ എന്ന ഹദീസിനെ സംബന്ധിച്ച് വംശപരമായ നിയമസാധുതാ സ്വഭാവം പ്രകടമാണെന്നു ഗോള്‍സിയര്‍ അഭിപ്രായപ്പെടുന്നു.
വിഭാഗീയ സംഘട്ടനങ്ങള്‍ എത്രമാത്രം കണിശമായി ഹദീസുകളെ നിര്‍മ്മിച്ചുണ്ടാക്കുന്നതിലേക്കു നയിച്ചെന്നു ഗോള്‍സിയര്‍ വിശദീകരിക്കുന്നതിങ്ങനെ: അലി(റ) യുടെ നായകത്വം സമര്‍പ്പിക്കുന്നതിനു വേണ്ടി ‘ഞാന്‍ ആരുടെ നേതാവാണോ അലിയാണവരുടെ നായകന്‍’ എന്നു പ്രവാചകന്‍ സ്വഹാബത്തിനോടു പറയുന്ന ഹദീസിനെ ശിയാക്കള്‍ നിര്‍മ്മിച്ചുണ്ടാക്കി. ഇത്തരത്തില്‍ നിര്‍മ്മിതമായ ഹദീസുകളെ സുന്നികള്‍ പ്രതിരോധിച്ചത് അലി(റ)ന് പകരം അബൂബക്കര്‍(റ)നെയോ ഉമര്‍(റ) നെയോ പരാമര്‍ശിക്കുന്ന കൃത്യമായ ഹദീസുകള്‍ മറുഭാഗത്ത് നിര്‍മ്മിച്ചുകൊണ്ടോ അല്ലെങ്കില്‍ ഒരു പിന്‍ഗാമിയെ നിയമിക്കുന്നതില്‍ പ്രവാചകന്‍ പ്രത്യേക താത്പര്യം പ്രകടിപ്പിച്ചില്ല എന്നു പ്രാധാന്യം നല്‍കുന്ന ഹദീസുകളെ പ്രചരിപ്പിച്ചു കൊണ്ടോ ആണെന്നും ഗോള്‍സിയര്‍ വാദിക്കുന്നു. പ്രത്യേക പ്രാധാന്യവും സവിശേഷ ഗുണങ്ങളും ഉണ്ടെന്നു പ്രവാചകന്‍ പ്രസ്താവിച്ച ചില ദേശങ്ങള്‍, ഗോത്രങ്ങള്‍, നിയമ സരണികള്‍ എന്നിവയും ഹദീസുകളുടെ നിര്‍മ്മിതികളില്‍ വിഷയമായി വരുമെന്നു ഗോള്‍സിയര്‍ പറയുന്നു.
ഗോള്‍സിയറിന്റെ സമീപനം പില്‍ക്കാല പാശ്ചാത്യന്‍ ഹദീസ് വിമര്‍ശനങ്ങള്‍ക്ക് അടിത്തറ നല്‍കിയെന്നിരിക്കെ അദ്ദേഹത്തിന്റെ ചില അനുമാനങ്ങളെ നാം കൃത്യമായി അടയാളപ്പെടുത്തേണ്ടിയിരിക്കുന്നു. ചരിത്ര വിമര്‍ശന രീതിയില്‍ ജര്‍മ്മന്‍ സ്‌കൂള്‍ പുലര്‍ത്തിയതു പോലെ ഇസ്‌ലാമിക ചരിത്രത്തിന്റെ യാഥാസ്ഥിതിക മുസ്‌ലിം വിവരണങ്ങള്‍ക്കു നേരെ ഗോള്‍സിയര്‍ വ്യക്തമായ സംശയത്തിന്റെ മനോഭാവം പുലര്‍ത്തുന്നുണ്ട്. ‘ഏതെങ്കിലും ഒരു ഹദീസ് ഒരു സംഘത്തിന്റെ ഉദ്ദേശങ്ങള്‍ നിറവേറ്റുന്നുവെങ്കില്‍ പ്രസ്തുത ഹദീസ് ആ സംഘം നിര്‍മ്മിച്ചുണ്ടാക്കിയതാണ്’ എന്ന തീവ്ര സങ്കല്‍പ്പമാണ് അദ്ദേഹത്തിന്റെ വിശകലനങ്ങളുടെ അടിസ്ഥാനം. ഹദീസില്‍ കാലഗണനാസ്ഖലിതം (anachronism) അഥവാ ‘നിലവിലുള്ള ഒരു കാലഘട്ടത്തിന് പുറമേയുള്ളതോ ഉചിതമായതോ ആവുക’ എന്നതു കൂടിയുണ്ടെങ്കില്‍ ഈയൊരു രീതിശാസ്ത്രം സ്പഷ്ടമാകും.
ഹദീസ് പാരമ്പര്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിഗമനങ്ങളില്‍ സന്ദേഹാത്മകമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധത ഏറെ നിര്‍ണായകമാണ്. ആദ്യകാല നിവേദകരിലൊരാളായ അബ്ദുറഹ്മാനുബ്‌നു ഖാലിദിന്റെ ഹദീസ് പ്രവര്‍ത്തനത്തെ വിശദീകരിച്ചുകൊണ്ട് ഗോള്‍സിയര്‍ പ്രസ്താവിച്ചു: ‘നിലവിലുള്ള പല രാഷ്ട്രീയ പ്രവണതകള്‍ക്കും ഗുണം ചെയ്യുന്ന അദ്ദേഹത്തിന്റെ പല ഹദീസുകളുമുണ്ട്. കാരണം, അബ്ദുറഹ്മാന്‍ വര്‍ഷങ്ങളോളം ഉമവീ രാജകുമാരന്മാരുടെ മുഖ്യ ഉദ്യോഗസ്ഥനായിരുന്നു. ഇതിനര്‍ത്ഥം ഉമവികളെ പിന്തുണയ്ക്കുന്ന ഒട്ടനവധി ഹദീസുകള്‍ അദ്ദേഹം നിര്‍മ്മിച്ചുണ്ടാക്കിയിട്ടുണ്ടെന്നതു തന്നെയാണല്ലോ. എന്നാല്‍ ഒരാള്‍ക്ക് രാജ്യത്തിനു വേണ്ടിയും ഒരു സംഘത്തിനു വേണ്ടിയും കള്ളത്തരങ്ങള്‍ ഒന്നുമില്ലാതെത്തന്നെ പ്രവര്‍ത്തിക്കാനാകും എന്നൊരു വശം കൂടി ഉണ്ടായിരിക്കെ സന്ദേഹികളായ അല്‍പ്പം പണ്ഡിതര്‍ക്ക് ഈയൊരു ന്യായവാദം സുഖകരമായി തോന്നിയില്ല. മുകളിലുദ്ധരിച്ച, പ്രവാചകന്‍ യുദ്ധ മുതല്‍ ഉമവികള്‍ക്ക് നല്‍കാതെ തന്റെ വംശത്തിനു നല്‍കി എന്നുള്ള ഹദീസ് നിര്‍മ്മിതമാണെന്നു പറയാന്‍ കാരണം, പ്രസ്തുത ഹദീസ് അബ്ബാസികളുടെ ഉമവി- വിരുദ്ധ അജണ്ടയെ പിന്തുണക്കുന്നുണ്ടെന്നതാണല്ലോ. എന്നാല്‍ ഉമവികളുടെ തലവന്‍ അബൂസുഫ്‌യാന്‍ മക്കയില്‍ ഇസ്ലാമിന്റെ മുഖ്യശത്രുവായിരിക്കെ പ്രവാചകന്‍ യുദ്ധമുതലിന്റെ സിംഹഭാഗവും തന്റെ വംശത്തിനു നല്‍കി എന്നതില്‍ ആശ്ചര്യമൊന്നുമില്ല.
ഹദീസുകള്‍ നിര്‍മ്മിതവും വിശ്വസനീയമല്ലാത്തതുമാണെന്നുമുള്ള ഗോള്‍സിയറിന്റെ വീക്ഷണം പലപ്പോഴും അദ്ദേഹത്തെ ഹദീസുകളെ തെറ്റായി വ്യാഖ്യാനിക്കുന്നതിലേക്കെത്തിക്കുന്നുണ്ട്. ഇവിടെ അബ്ബാസീ ഹദീസ് പണ്ഡിതന്‍ ഭരണകൂട താത്പര്യങ്ങള്‍ക്കായി ഹദീസുകള്‍ നിര്‍മ്മിച്ചുണ്ടാക്കി എന്നു വിശദീകരിക്കാന്‍ ഗിയാസു ബ്‌നു ഇബ്‌റാഹീമിനെ അദ്ദേഹം വിവരിക്കുന്നതിങ്ങനെ: ‘മത്സരത്തിനു വേണ്ടി പ്രാവുകളെ വളര്‍ത്താന്‍ പ്രവാചകന്‍ അനുമതി നല്‍കി’ എന്നു പറയുന്ന ഒരു ഹദീസിനെ ഗിയാസു ബ്‌നു ഇബ്‌റാഹീം വ്യാജമായുണ്ടാക്കി. അബ്ബാസി ഭരണാധികാരി മൂസ ബ്‌നുല്‍ മഹ്ദിയ്യുല്‍ ഹാദി ഇതിനെ ഇഷ്ടപ്പെടുന്ന ആളാണെന്നു ഗിയാസിനു അറിയാമെന്നതായിരുന്നു ഇതിന്റെ കാരണം’. ഗോള്‍സിയര്‍ തുടരുന്നു: ‘ഖലീഫയുടെ വ്യാജ നിര്‍മ്മിതി പിന്നീട് പിടിക്കപ്പെട്ടെങ്കിലും മതകാര്യങ്ങളില്‍ കൈകടത്തലുകള്‍ നടത്താന്‍ ഒരു മതാചാര്യനു എത്രമാത്രം സാധ്യമാണെന്നതു വ്യക്തമാക്കുന്നതാണ് പ്രസ്തുത സംഭവം. വാസ്തവത്തില്‍, ഹദീസുകളെ കൃത്രിമമായുണ്ടാക്കുന്നത് പാപമാണെന്നു വിവരിക്കുന്നിടത്ത് അതിനുള്ള ഉദാഹരണമായിട്ടാണ് പ്രസ്തുത സംഭവത്തെ മുസ്‌ലിംകളുടെ അവലംബ കൃതികളിലെല്ലാമുള്ളത്. ഇതിലൂടെ, ഗിയാസു ബ്‌നു ഇബ്‌റാഹീം വ്യാജ നിര്‍മ്മിതിക്കാരനാണെന്നും ഏതൊരു വ്യക്തിയും ഹദീസിനെ എങ്ങനെ നിര്‍മ്മിച്ചുണ്ടാക്കുന്നുവെന്നും വിമര്‍ശകര്‍ ശരവേഗത്തില്‍ അതിനെ പിടികൂടുന്നതെങ്ങനെയെന്നും സുന്നി ഹദീസ് വിമര്‍ശകര്‍ വിളംബരം ചെയ്യുന്നുണ്ട്. എന്നാല്‍ മറുവശത്ത്, ഒരു അപവാദം (exception) വ്യക്തമാക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഒരു സംഭവത്തെ ഗോള്‍സിയര്‍ ഉപയോഗപ്പെടുത്തിയത് നിയമം അവതരിപ്പിക്കാന്‍ വേണ്ടിയാണ്.

IGNAZ GOLDZIHER
പ്രവാചകനു ശേഷം ഹദീസുകളില്‍ മുസ്‌ലിം പണ്ഡിതര്‍ എത്രമാത്രം കൃത്രിമം നടത്തിയിരുന്നുവെന്ന് ഗോള്‍സിയറിന്റെ നിരീക്ഷണത്തില്‍ നിന്നും വ്യക്തമാകുന്നുണ്ട്. ഉമവികള്‍ക്കും അബ്ബാസികള്‍ക്കും കീഴില്‍ ഹദീസുകള്‍ക്ക് ‘ആധികാരികത’ ലഭിക്കാന്‍ ‘പ്രവാചകന്റേതാവുക’ എന്ന തത്വമായിരുന്നു നിലനിന്നിരുന്നത് എന്നതു കൊണ്ടു തന്നെ നിര്‍മ്മാതാക്കള്‍ക്ക് കൂടുതല്‍ സാധുത ലഭിക്കുക കൂടി ചെയ്തു. ‘ഖുര്‍ആനിക ആശയത്തോട് നീതിപുലര്‍ത്തുന്ന വല്ല ഹദീസിനെയും കേട്ടാല്‍ പറഞ്ഞയാള്‍ ഞാനാണെങ്കിലും അല്ലെങ്കിലും അത് വാസ്തവമാണ’ എന്നു പ്രവാചകന്‍ മുസ്‌ലിംകളോട് നിര്‍ദ്ദേശിക്കുന്നതു പോലോത്ത ഹദീസുകളുടെ വ്യാപകമായ പ്രചരണം, ചില മുസ്‌ലിംകള്‍ വ്യാജമായവയെ പ്രവാചകനിലേക്ക് ചേര്‍ത്തു കൊണ്ടും പ്രവാചകാധ്യാപനങ്ങളെന്നു അവര്‍ക്കു തോന്നിയ കാര്യങ്ങളെ സംരക്ഷിച്ചിരുന്നുവെന്നും വ്യക്തമാക്കുന്നുണ്ട്.
വില്യം മൂറിനെപ്പോലെ ഹദീസുകളുടെ വാക്യങ്ങളിലുള്ള വിമര്‍ശനം മുസ്‌ലിം ഹദീസ് വിമര്‍ശകരിലൊന്നും കാര്യക്ഷമമായി സ്ഥാനം കണ്ടില്ലെന്നാണ് ഗോള്‍സിയര്‍ ആരോപിക്കുന്നത്. ഹദീസിന്റെ വാക്യം സന്ദേഹങ്ങള്‍ നിറഞ്ഞതാണെങ്കില്‍ക്കൂടി, ‘ യുക്തിസഹമായ വൈരുധ്യവും ചരിത്രപരമായ അസംബന്ധവുമാണ് ഹദീസിന്റെ മൂല വാക്യത്തിലുള്ളതെങ്കില്‍ നിവേദന ശൃംഖലയുടെ കൃത്യതയില്‍ എനിക്ക് സംശയമുണ്ട്’ എന്നു പറയാന്‍ ആര്‍ക്കും അനുവാദമില്ലെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ‘കാലഗണനാസ്ഖലിത (anachronism) മുണ്ടെങ്കിലും നിവേദക ശൃംഖല കൃത്യവും ശരിയുമാണെന്നതില്‍ മുസ്‌ലിം വിമര്‍ശകര്‍ക്ക് ഭാവ മാറ്റമില്ലെന്നും’ ഇതില്‍ നിന്നും അവസാനമായി അദ്ദേഹം നിഗമനം നടത്തുന്നു. ആദ്യകാല ഹദീസ് വിമര്‍ശനങ്ങളിലൊന്നും മൂല വാക്യത്തിന്റെ നിരൂപണം ഗൗരവമായിരുന്നില്ലെന്ന ഗോള്‍സിയറിന്റെ പ്രസ്താവന പില്‍കാല പാശ്ചാത്യന്‍ പണ്ഡിതന്മാരിലും ഉയര്‍ന്നുവന്നിട്ടുണ്ട്.
(തുടരും)

മൊഴിമാറ്റം : അസ്‌ലം ജലീല്‍ നൂറാനി
American scholar of Islamic studies. Since 2012, he has been associate professor at Georgetown University’s Edmund A. Walsh School of Foreign Service. He holds the Alwaleed bin Talal Chair of Islamic Civilization at Georgetown University.
