പേർഷ്യയിലെ റൂമി പടിഞ്ഞാറിലെത്തുമ്പോൾ

വര്‍ഷങ്ങള്‍ക്ക് മുമ്പ് കോള്‍ഡ് പ്ലേ ആലാപകന്‍ ക്രിസ് മാര്‍ട്ടിന്‍ നടി ഗീനത്ത് പാള്‍ട്രോയുമായുള്ള വിവാഹ മോചനത്തിന് ശേഷം വിഷാദനായി ജീവിക്കുമ്പോഴാണ് ക്രിസ് മാര്‍ട്ടിന്റെ ആത്മീയതയെ ഉണര്‍ത്താന്‍ വേണ്ടി കൂട്ടുകാരന്‍ ഒരു പുസ്തകം നല്‍കുന്നത്. കോള്‍മാന്‍ ബാര്‍ക്‌സ് വിവര്‍ത്തനം ചെയ്ത പതിമൂന്നാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ കവി ജലാലുദ്ധീന്‍ റൂമിയുടെ കവിതാ സമാഹാരമായിരുന്നു പുസ്തകം. ഈ കവിതകളാണ് എന്റെ ജീവിതത്തെ മാറ്റിമറിച്ചതെന്ന് പിന്നീടൊരു അഭിമുഖത്തില്‍ മാര്‍ട്ടിന്‍ പറയുന്നുണ്ട്. കോള്‍ഡ് പ്ലേയില്‍ ബാര്‍ക്ക് പുതിയ ആല്‍ബത്തിലെ ട്രാക്കില്‍ റൂമിയുടെ കവിതകളില്‍ നിന്ന് ഒരു കവിത ആലപിക്കുന്നുണ്ട്.

‘മനുഷ്യ ജീവിതം
ഒരു അതിഥി മന്ദിരമാണ്
എല്ലാ പ്രഭാതങ്ങളിലും
പുതിയ അതിഥികള്‍ ഉണ്ടാകും
സന്തോഷവും സന്താപവും
നീചത്വവുമെല്ലാം,
ചിലപ്പോള്‍ ബോധം വരും
പ്രതീക്ഷിക്കാത്തൊരു അതിഥിയായി’

മഡോണ, തിലധ സ്വിന്റണ്‍ പോലുള്ള സെലിബ്രിറ്റികളെ ആത്മീയ സഞ്ചാരങ്ങളില്‍ റൂമി സഹായിച്ചിട്ടുണ്ട്. അവരില്‍ പലരും അവരുടെ രചനകളില്‍ റൂമിയുടെ കവിതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റൂമിയുടെ പഴഞ്ചൊല്ലുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയും പ്രചോദനം നല്‍കുകയും ചെയ്യുന്നുണ്ട്. അവയില്‍ ചിലതാണ് ഇവ:

‘ഓരോ ഉരക്കലിലും
നിങ്ങള്‍
അലോസരപ്പെടുന്നുണ്ടെങ്കില്‍ എങ്ങനെയാണ്
നിങ്ങള്‍ തിളക്കമുള്ളതാവുക’,

‘എല്ലാ നിമിഷങ്ങളിലും
എന്റെ വിധിയെ
ഞാന്‍ ഉളി കൊണ്ട്
രൂപപ്പെടുത്തി.
ഞാനാണ്
എന്റെ ആത്മാവിന്റെ ആശാരി’.

ഇതില്‍ നിന്ന് ഒരു വരി അമേരിക്കയിലുള്ള പുസ്തക അലമാരകളില്‍ കൊത്തിവെച്ചിട്ടുണ്ട്. അതുപോലെ വിവാഹ ചടങ്ങുകളില്‍ റൂമിയുടെ കവിതകള്‍ പാരായണം ചെയ്യപ്പെടാറുണ്ട്. അമേരിക്കയില്‍ ഏറ്റവുമധികം വിറ്റഴിയുന്ന കവി റൂമിയാണത്രെ. നവോത്ഥാന നായകന്‍, ആത്മജ്ഞാനി, വിശുദ്ധന്‍, സൂഫി എന്നീ വിശേഷണങ്ങളിലാണ് റൂമി അറിയപ്പെടാറുള്ളത്. എന്നാല്‍ ആശ്ചര്യമെന്ന് പറയട്ടെ, അദ്ദേഹം ജീവിതത്തിലുടനീളം ഇസ്‌ലാമും ഖുര്‍ആനും പകര്‍ത്തിയിട്ടും മുസ്‌ലിം നാമഥേയത്തില്‍ അറിയപ്പെടുന്നത് വളരെ കുറവാണ്.

റൂമിയുടെ ജീവിതാവസാന കാലത്ത് വിരചിതമായ ആറു ഭാഗങ്ങള്‍ അടങ്ങുന്ന മഹാകാവ്യമായ മസ്‌നവിയില്‍ നിന്നുള്ള വരികളാണ് മാര്‍ട്ടിന്റെ ആല്‍ബത്തില്‍ അവതരിപ്പിച്ച വാക്കുകള്‍. അമ്പതിനായിരം വരികളിലധികവും പേര്‍ഷ്യന്‍ ഭാഷയിലാണ്, എങ്കിലും മുസ്‌ലിം ഗ്രന്ഥങ്ങളില്‍ നിന്നുള്ള അറബി ഉദ്ധരണികളുമുണ്ട്. ഒപ്പം, ധാര്‍മിക പാഠങ്ങള്‍ നല്‍കുന്ന ഖുര്‍ആനിലെ സംഭവ കഥകള്‍ മസ്‌നവിയില്‍ പരാമര്‍ശിക്കുന്നുമുണ്ട്. (ഈ രചനയെ വിളിക്കുന്ന മറ്റൊരു പേരാണ് പേര്‍ഷ്യന്‍ ഖുര്‍ആന്‍).

മേരിലാന്റ് യൂണിവേഴ്സിറ്റിയില്‍ പേര്‍ഷ്യന്‍ സ്റ്റഡീസിലെ പ്രൊഫസറായ ഫേറ്റ്‌മെഹ് കേഷവാര്‍സ് എന്നോടൊരിക്കല്‍ പറഞ്ഞു; റൂമി ഖുര്‍ആന്‍ മുഴുവന്‍ മന:പ്പാഠമാക്കിയിട്ടുണ്ടാവാനാണ് സാധ്യത. കാരണം, അത്രമേല്‍ മനോഹരമായാണ് തന്റെ കവിതയില്‍ ഖുര്‍ആനിനെ വരച്ചിടുന്നത്.

ഖുര്‍ആനിന്റെയും ഇസ്‌ലാമിന്റെയും വ്യാഖ്യാനങ്ങളുടെ വേരുകളുടെ വേരാണിതെന്ന് റൂമി തന്നെ മസ്‌നവിയെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. എന്നാല്‍ അമേരിക്കയില്‍ വിറ്റഴിക്കുന്ന മിക്ക വിവര്‍ത്തനങ്ങളിലും ഇസ്‌ലാമിനെ പ്രതിയുള്ള സൂചന പോലുമില്ല. റൂട്ഗേഴ്‌സില്‍ പാരമ്പര്യ സൂഫിസം എന്ന വിഷയത്തില്‍ പഠനം നടത്തുന്ന ജാവിദ് മൊജദ്ദിദ് എന്നോട് ഒരിക്കല്‍ ഇതേപ്പറ്റി ആശങ്ക പങ്കുവെക്കുകയുണ്ടായി, ‘ജനങ്ങള്‍ ഇഷ്ടപ്പെടുന്ന റൂമി ഇംഗ്ലീഷില്‍ വളരെ മനോഹരമാണ്, എന്നാല്‍ നിങ്ങള്‍ നല്‍കുന്ന വില മതത്തിന്റേയും സംസ്‌കാരത്തിന്റേയും അടിവേരറുക്കുന്നു’.

A seventeenth-century illustration for Rumi’s epic poem “Masnavi.” Rumi is often called a mystic, a saint, an enlightened man. He is less frequently described as a Muslim.PHOTOGRAPH COURTESY THE WALTERS ART MUSEUM

പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇന്നത്തെ അഫ്ഗാനിസ്ഥാനിലാണ് റൂമിയുടെ ജനനം. ഇന്ന് തുര്‍ക്കി എന്നറിയപ്പെടുന്ന ഖോന്‍യയിലേക് പിന്നീട് തന്റെ കുടുംബത്തോട് കൂടെ അദ്ദേഹം താമസം മാറി.
റൂമിയുടെ പിതാവ് മതപണ്ഡിതനും പ്രഭാഷകനുമായിരുന്നു. പിതാവാണ് സൂഫിസത്തിലേക്കുള്ള ദിശ കാണിച്ചത്. റൂമി സിറിയയില്‍ നിന്നാണ് ദൈവശാസ്ത്രം പഠിക്കുന്നത്. തഥൈവ സുന്നി ഇസ്‌ലാമിന്റെ പാരമ്പര്യ നിയമസംഹിത വിദ്യാഭ്യാസവും സിറിയയില്‍ നിന്ന് തന്നെ. പിന്നീട് ഖോന്‍യയില്‍ മതപഠശാലയിലേക്ക് അധ്യാപകനായി തിരിക്കുകയും ചെയ്തു. ഖോന്‍യയില്‍ നിന്നാണ് തന്റെ മാര്‍ഗ്ഗനിര്‍ദ്ദേശിയായ ശംസ് അല്‍ തിബ്രീസെന്ന മുതിര്‍ന്ന സഞ്ചാരിയെ കണ്ടുമുട്ടുന്നത്. അവര്‍ തമ്മിലുള്ള ആത്മബന്ധം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്.

റൂമിയുടെ മതചര്യകളിലും കവിതകളിലും ശംസ് അല്‍തബ്രീസ് ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നത് അവിതര്‍ക്കിതമാണ്. ഏകദൈവത്തെ കണ്ടെത്തുന്ന, ഭക്തിക്ക് പ്രാമുഖ്യം നല്‍കിയുള്ള ഖുര്‍ആനിക ചര്‍ച്ചകള്‍ ഇരുവര്‍ക്കിടയിലും സജീവമായിരുന്നെന്ന് ബ്രാഡ് ഗ്രൂച്ച് റൂമിയുടെ ജീവചരിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. സൂഫിസത്തില്‍ നിന്ന് ലഭിച്ച ആത്മജ്ഞാനത്തില്‍ അലിഞ്ഞ ദൈവികപ്രണയത്തെ സുന്നി ഇസ്‌ലാമിന്റെ നിയമ സാങ്കേതികതയോടും ശംസില്‍ നിന്നും നേടിയ ആത്മീയ ചിന്തകളോടുമാണ് റൂമി ചേര്‍ത്തുവെക്കുന്നത്.

ഒരിക്കല്‍ കേഷവാര്‍സ് എന്നോട് പറഞ്ഞു; റൂമിയില്‍ ചെലുത്തിയ ഈ അസാധാരണമായ സ്വാധീനം അദ്ദേഹത്തെ സമകാലികരില്‍ നിന്ന് വേറിട്ടുനിര്‍ത്തി. പ്രാദേശിക സുന്നി സെല്‍ജൂക് ഭരണാധികാരികള്‍, ക്രിസ്ത്യാനികള്‍, മുസ്‌ലിം ദൈവശാസ്ത്ര പണ്ഡിതന്മാര്‍, സൂഫികള്‍ ഉള്‍പ്പടെ കോസ്മോപൊളിറ്റന്‍ ഖോന്‍യയില്‍ റൂമിയെ പിന്തുടരുന്ന വലിയൊരു സമൂഹത്തെ റൂമി നിര്‍മിച്ചെടുത്തു. റൂമിയെ സ്വാധീനിച്ചിട്ടുള്ള രാഷ്ട്രീയ സാഹചര്യങ്ങളും മതപഠനങ്ങളും ഗൂച്ച് റൂമിയുടെ രഹസ്യം എന്ന തന്റെ ഗ്രന്ഥത്തില്‍ ക്രമപ്പെടുത്തിയിട്ടുണ്ട്.

മതകീയ ചുറ്റുപാടുള്ള കുടുംബത്തിലാണ് റൂമി ജനിച്ചത്. റൂമി തന്റെ ജീവിതത്തില്‍ ദൈനംദിന പ്രാര്‍ത്ഥനകളും വ്രതാനുഷ്ഠാനങ്ങളും പതിവാക്കിയിരുന്നുവെന്ന് ഗൂച്ച് എഴുതുന്നുണ്ട്. എങ്കിലും ഗൂച്ചിന്റെ പുസ്തകത്തില്‍ വസ്തുതകള്‍ക്കിടയില്‍ ചില സംഘര്‍ഷങ്ങള്‍ രൂപപ്പെടുന്നുണ്ട്. വിശ്വാസങ്ങള്‍ക്ക് മീതെ സ്നേഹത്തെ പ്രതിഷ്ഠിക്കാന്‍ ഗൂച്ച് ശ്രമിക്കുന്നുണ്ട്. റൂമിയുടെ മുസ്‌ലിം അധ്യാപനങ്ങള്‍ ഇത്തരം ആശയങ്ങളും വായനകള്‍ കൊണ്ടും തിരസ്‌കരിക്കപ്പെടുകയാണ്.

ജൂതരേയും ക്രിസ്ത്യാനികളേയും ഗ്രന്ഥത്തിന്റെ ആളുകള്‍ (അഹ്‌ലു കിതാബ്) എന്ന് ഖുര്‍ആന്‍ വിളിക്കുന്നതിലൂടെ സാര്‍വത്രികതയിലേക്കുള്ള ഒരു തുടക്കമിടലാണതെന്നു മുജദ്ദിദ് സൂചിപ്പിക്കുന്നുണ്ട്. എല്ലാവരും ബഹുമാനിക്കുന്ന റൂമിയുടെ സാര്‍വ്വലൗകികതയും മുസ്‌ലിം സാഹചര്യത്തില്‍ നിന്നാണല്ലോ.

കോള്‍ഡ്‌പ്ലെയില്‍ വരുന്നതിന് മുമ്പ് തന്നെ റൂമിയുടെ കവിതകളില്‍ നിന്ന് ഇസ്‌ലാമിനെ മായിച്ചു കളയാന്‍ തുടങ്ങിയിട്ടുണ്ട്. വിക്ടോറിയന്‍ കാലഘട്ടം മുതലാണ് പടിഞ്ഞാറന്‍ വക്താക്കള്‍ റൂമിയുടെ കവിതയില്‍ നിന്ന് ഇസ്‌ലാമിക വേരുകളെ വേര്‍പ്പെടുത്താന്‍ ആരംഭിച്ചതെന്ന് ഡ്യൂക്ക് യൂണിവേഴ്സിറ്റിയില്‍ ഇസ്‌ലാമിക സ്റ്റഡീസ്& മിഡില്‍ ഈസ്റ്റേണ്‍ പ്രൊഫസറായ ഒമിദ് സാഫി പറയുന്നുണ്ട്.

പടിഞ്ഞാറന്‍ വിവര്‍ത്തകര്‍ക്കും ദൈവശാസ്ത്രകാരന്മാര്‍ക്കും അസാധാരണമായ ധാര്‍മികതയും നിയമസംഹിതകളുമടങ്ങുന്ന ‘മരുഭൂമിയിലെ മതത്തോട്’ പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല.

ഒപ്പം റൂമി, ഹാഫിസ് തുടങ്ങിയ കവികളുടെ കൃതികളോടും അവര്‍ യോജിച്ചില്ല. സാഫി എന്നോട് പറഞ്ഞു; ഇസ്‌ലാം കാരണമായല്ല, മറിച്ച് അതിനോടുള്ള വൈരം കൊണ്ടാണിവര്‍ ഈ ആത്മീയതയിലെത്തിയത്.

ഈ അവസരത്തിലാണ് നിയമപരമായ വിവേചനത്താല്‍ മുസ്‌ലിംകള്‍ ഒറ്റപ്പെട്ടുപോയത്. 1760- ലെ നിയമം അനുസരിച്ച് യു.എസിലേക്ക് വരുന്ന മുസ്‌ലിംകളുടെ എണ്ണം കുറക്കപ്പെട്ടു.

ഒരു നൂറ്റാണ്ടിന് ശേഷം യു.എസിലെ സുപ്രീം കോടതി വിവരിച്ചത് മുസ്‌ലിംകള്‍ മറുപക്ഷങ്ങളോട്- പ്രത്യേകിച്ച് ക്രിസ്ത്യനികളോട്- അതിയായ വിദ്വേഷം പുലര്‍ത്തുന്നുവെന്നാണ്.

ഈ ലോകം ഉപേക്ഷിക്കാനും ദൈവത്തെ അറിയാനും അവനോടൊപ്പം ഉണ്ടാകാനും ശ്രമിക്കുകയും മറ്റുള്ളവരെ ശ്രദ്ധിക്കാതെ ആത്മീയ ചിന്തക്കായി സ്വയം അര്‍പ്പിക്കുകയും

ചെയ്യുന്നവരെയാണ് മസ്‌നവി അഭിസംബോധന ചെയ്യുന്നതെന്ന് 1898- ല്‍ സര്‍ ജെയിംസ് റെഡ്ഹോസ് തന്റെ മസ്നവിയുടെ വിവര്‍ത്തനത്തിന്റെ ആമുഖത്തില്‍ എഴുതിയിട്ടുണ്ട്. എങ്കിലും ഇന്നും പടിഞ്ഞാറുള്ളവര്‍ക്ക് റൂമിയും ഇസ്‌ലാമും വെവ്വേറെയാണ്.

(തുടരും)

മൊഴിമാറ്റം :അഹ്മദ് നബീൽ

credits :The New Yorker