പാരമ്പര്യ മുസ്‌ലിം വിജ്ഞാനങ്ങളും ആധുനികതയെന്ന വെല്ലുവിളിയും

ആധുനികതയുടെ പ്രശ്നങ്ങളെ പതിറ്റാണ്ടുകളായി മുസ്‌ലിംകളും അല്ലാത്തവരുമായ നിരവധിയാളുകൾ നിരന്തരം സംസാരിച്ച് കൊണ്ടിരിക്കുന്നുണ്ടെങ്കിലും , ഇന്നും പുതിയ സംവാദങ്ങളുടെ പ്രസക്തി അൽപ്പം പോലും നഷ്ടപ്പെട്ടിട്ടില്ല. അനേകം ദാർശനികർ വ്യത്യസ്ത വീക്ഷണകോണുകളിലൂടെ ആധുനികത ഉയർത്തുന്ന വെല്ലുവിളികളെ ചൂണ്ടി കാണിക്കുന്നുണ്ട്. ആധുനിക ലോക ക്രമത്തിൻ്റെ ഉദയത്തിന് മുമ്പ്, പ്രകൃതിയെ ഉന്നതമായ ഉദ്ധേശ്യലക്ഷ്യങ്ങളുള്ള , ദൈവീകതയുടെ സ്വാധീനം ഉൾചേർന്നു കിടക്കുന്ന ഒരു ജൈവീക വ്യവസ്ഥയായി കണ്ടിരുന്ന കാലമുണ്ടായിരിന്നുവെന്ന് അവരിൽ ചിലർ അഭിപ്രായപ്പെടുന്നു. ആധുനികത അത്തരമൊരു പ്രാപഞ്ചിക വ്യവസ്ഥയെ വെല്ലുവിളിക്കുകയും, പകരം അസന്തുലിതമായ, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കാത്ത വ്യവസ്ഥാബന്ധിതമായ ദേശരാഷ്ട്ര സങ്കല്പങ്ങളിലേക്ക് നയിക്കുന്ന മതേതര കാഴ്ച്ചപ്പാടുകളെ സഹായിക്കുകയാണ് ചെയ്തത്. തദ്വിഷയവുമായി ബന്ധപ്പെട്ട് ഏറെ എഴുതാനുണ്ടെങ്കിലും ഇവിടെ മുസ്ലിംകൾ ആധുനികതയെ അഭിമുഖീകരിച്ചപ്പോൾ ഉയർന്ന് വന്ന പ്രശ്നങ്ങളെയും ആധുനികതയുടെ മാറ്റങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്നതിൽ അവർക്ക് സംഭവിച്ച വീഴ്ച്ചകളെയുമാണ് പ്രശ്നവിധേയമാക്കാൻ ഉദ്ദേശിക്കുന്നത്.

റെനെ ഗെനോണും (അബ്ദുൽ വാഹിദ് യഹ്യ ) മിഹായ് വാൽസനെയും (മുസ്തഫ അബ്ദുൽ അസീസ്) പോലെയുള്ള ഇരുപതാം നൂറ്റാണ്ടിലെ യൂറോപ്യൻ ചിന്തകർ ആധുനികതയുടെ പ്രാപഞ്ചിക പ്രതിഫലനങ്ങളെ നിർണയിക്കാൻ ശ്രമിക്കുന്നുണ്ട്. പാശ്ചാത്യ ലോകത്ത് നിന്നുള്ള പുതു മുസ്ലിമുകൾ ആയത് കൊണ്ട് തന്നെ, ആധുനികതയിലെ ദാർശനിക പിഴവുകളെ കണ്ടെത്തുന്നതിന് പാരമ്പര്യ ബൗദ്ധിക വിജ്ഞാനീയങ്ങൾ അവർക്ക് ഏറെ ഉപയോഗപ്പെട്ടിരുന്നു. താവോയിസം പോലുള്ള വിശ്വാസ ദാർശനിക പാരമ്പര്യങ്ങളിലും അവർ വിജ്ഞാനത്തിൻ്റെ ഉറവയെ കണ്ടെത്തിയിരുന്നു. അവരുടെ വ്യത്യസ്തമായ പൈതൃകങ്ങളെ സംബന്ധിച്ച് മരണാനന്തരം ചില തെറ്റിധാരണകൾ ഉയർന്ന് വന്നിട്ടുണ്ടെങ്കിലും മുസ്ലിംകളായിട്ട് തന്നെയാണ് അവർ ജീവിച്ചതും മരിച്ചതും. എങ്കിലും മാറ്റങ്ങളോട് പ്രതികരിക്കുന്നതിൽ മുസ്ലിംലോകത്ത് അനുഭവപ്പെട്ട നിർജീവാവസ്ഥക്ക് പരിഹാരം കാണാൻ അവർക്ക് സാധിച്ചിട്ടില്ല. മൂന്ന് പരസ്പര പൂരിതമായ പ്രധാന ഘടകങ്ങളാണ് മാറ്റങ്ങളോട് സംവദിക്കുന്നതിൽ മുസ്ലിം സമുദായത്തെ അപര്യാപ്തമാക്കിയത്.

ഒന്നാമത്തെ ഘടകം, മുസ്‌ലിംകൾ മുൻകാലങ്ങളിൽ നേരിട്ട മാറ്റങ്ങളെ അപേക്ഷിച്ച് അത്യന്തം ദ്രുതഗതിയിലായിരുന്നു ആധുനികയുഗത്തിലെ മാറ്റങ്ങൾ. അൽപ്പം പോലും അതിശയോക്തി കലർത്താതെ പറയുകയാണെങ്കിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഓരോ അഞ്ചുവർഷങ്ങളിലും സംഭവിച്ച മാറ്റങ്ങൾ പതിനെട്ടാം നൂറ്റാണ്ടിനു മുമ്പുള്ള നൂറ് വർഷങ്ങൾ കൊണ്ടുണ്ടായ മാറ്റങ്ങൾക്ക് തുല്യമോ അതിലേറെയോ ആണ്. സമൂഹത്തിലെ വ്യവസായവൽക്കരണം, ആധുനിക സാമ്പത്തിക വ്യവസ്ഥിതിയുടെ ഉത്ഭവം, പടിഞ്ഞാറൻ ആശയമായ ദേശ-രാഷ്ട്ര സങ്കല്പത്തിന്റെ രൂപീകരണം, വ്യത്യസ്ത തത്വശാസ്ത്രങ്ങളുടെയും വിശ്വ ചിന്തകളുടെയും വികാസം തുടങ്ങി മനുഷ്യജീവിതത്തിൻ്റെ സർവ്വ മേഖലകളിലും ആധുനികത പരിവർത്തനങ്ങൾ കൊണ്ട് വന്നിട്ടുണ്ട്.

രണ്ടാമത്തെ ഘടകം, അധിനിവേശമോ ഒത്തുതീർപ്പുകളോ കോളനിവല്ക്കരണമോ കാരണമായി തങ്ങളുടെ ഭൂപ്രദേശത്തിന് മേലുള്ള അധികാരം മുസ്‌ലിങ്ങൾക്ക് നഷ്ടപ്പെട്ടതാണ്. അധികാര നഷ്ടത്തിൻ്റെ രാഷ്ട്രീയ പ്രതിഫലനങ്ങളെ കുറിച്ച് സംസാരിക്കുന്നതിന് പകരം അധികാരനഷ്ടം ആശയരൂപീകരണത്തിൻ്റെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്വാതന്ത്രത്തെ എത്രമാത്രമാണ് ദുർബലപ്പെടുത്തിയത് എന്നതിനെ സംബന്ധിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഇവിടെ അധികാരം എത്രമാത്രം പ്രധാനമാണ് എന്ന് വിലയിരുത്താൻ കൊളോണിയൽ കാലഘട്ടത്തിലേത് പോലെതന്നെ കൊളോണിയലാനന്തരവും വൈജ്ഞാനിക സ്ഥാപനങ്ങൾ എത്രമാത്രം പിറകോട്ട് പോയി എന്ന് മനസ്സിലാക്കുന്നത് സഹായിച്ചേക്കാം. മുൻകാല പണ്ഡിതർക്ക് ഉസൂലുൽ ഫിഖ്ഹിലും ഇൽമുൽ കലാമിലും ഉണ്ടായിരുന്നതുപോലെയുള്ള അവഗാഹം പോലുമില്ലാതെയാണ് ഇന്ന് മുഫ്തിമാരും ദൈവശാസ്ത്രജ്ഞരും ഇത്തരം സ്ഥാപനങ്ങളിൽ നിന്ന് പുറത്ത് വരുന്നത്. പിന്നെ മറ്റു പ്രകൃതി ശാസ്ത്രങ്ങളിലുള്ള അവരുടെ വ്യുൽപ്പത്തിയെ കുറിച്ച് പറയേണ്ടതില്ലല്ലോ.

അറബി, ലാറ്റിൻ, തുർക്കിഷ്, പേർഷ്യൻ ഭാഷകളിൽ അതുല്ല്യമായ പാടവം, ബൈബിളിലും തൗറാത്തിലുമുളള അഗാധമായ പരിജ്ഞാനം, ഗണിതശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലുമുള്ള വ്യുൽപ്പത്തി എന്നിവയെല്ലാം പതിനാറാം നൂറ്റാണ്ടിൽ ഇസ്താംബൂളിലെ ഗ്രാൻഡ് മോസ്കിൽ ഇമാമായി നിയമിക്കപ്പെടുന്ന ആളിനുണ്ടാവേണ്ട യോഗ്യതകളായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു പക്ഷെ അൽപ്പം അതിശയോക്തി കലർന്ന വിവരണമായിരിക്കാം ഇത്. എങ്കിലും ഇന്ന് തദ്സ്ഥാനങ്ങൾ അലങ്കരിക്കുന്നവരിൽ പ്രതീക്ഷിക്കപ്പെടുന്ന യോഗ്യതകളുമായി ഇതിനെ താരതമ്യപ്പെടുത്തുമ്പോൾ നാം അത്ഭുതപ്പെടാതിരിക്കില്ല.

മൂന്നാമത്തെ ഘടകം മുസ്‌ലിം സമുദായം അതിന്റെ ദാർശനിക രംഗത്ത് നേരിട്ട ആഭ്യന്തര വെല്ലുവിളികളാണ്. സുന്നി മുഖ്യധാരക്കെതിരെ ശിർക്കും ബിദ്അത്തും ആരോപിച്ച് സലഫി ശുദ്ധീകരണവാദ പ്രസ്ഥാനങ്ങൾ രംഗപ്രവേശം ചെയ്തതോടെ പലപ്പോഴും ശക്തമായ ആശയ സംഘട്ടനങ്ങൾ ഉണ്ടായി. പിന്നീട് നിരവധി പരിഷ്കരണ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് രൂപം നൽകി രൂപമെടുത്ത ആധുനിക സലഫിസവും വലിയ തർക്കങ്ങൾക്കാണ് വഴിവെച്ചത്. ഈ പ്രസ്ഥാനങ്ങളുടെ ആശയാടിത്തറ ആധുനികതയോട് ചേർന്ന് നിൽക്കുന്നതും നിലവിലെ വിദ്യാഭ്യാസ വ്യവസ്ഥയെ പുനർനിർമ്മിച്ച് മുസ്ലിം മത സ്ഥാപനങ്ങളിൽ വിപരീത പ്രതിഫലനം സൃഷ്ടിക്കാൻ ലക്ഷ്യം വെച്ചുള്ളതുമായിരിന്നു. പാരമ്പര്യ സുന്നി വിശ്വാസങ്ങളിൽ നിന്ന് വ്യതിചലിച്ച് സഞ്ചരിച്ച ഇത്തരം പ്രസ്ഥാനങ്ങളെ മുസ്ലിം മത സ്ഥാപനങ്ങൾ കണക്കറ്റ് വിമർശിച്ചിരുന്നു.

മാറ്റങ്ങളുടെ വേഗത, കൊളോണിയൽ – പോസ്റ്റ് കൊളോണിയൽ വ്യവഹാരങ്ങൾ, മതത്തിനകത്ത് തന്നെയുള്ള ആദർശപരമായ തർക്കങ്ങൾ തുടങ്ങിയവ ഓരോന്നും മത വ്യവസ്ഥിതിയുടെ പുരോഗതിക്കും ഇസ്ലാമിക പാരമ്പര്യത്തിന്റെ വികാസത്തിനും വിഘാതം സൃഷ്ടിക്കുന്നുണ്ടായിരുന്നു. ഇതെല്ലാം ഒരുമിച്ച് നേരിടേണ്ടി വന്നതിനാൽ തന്നെ സമകാലിക വിഷയങ്ങളെ പാരമ്പര്യത്തിന്റ തനിമ കൊണ്ട് നേരിടാൻ പ്രാപ്തിയുള്ള പണ്ഡിത സമൂഹത്തെ വാർത്തെടുക്കുന്ന പ്രക്രിയയെ പ്രതികൂലമായി ബാധിച്ചു. പലപ്പോഴും പണ്ഡിതന്മാർ പാരമ്പര്യ ജ്ഞാനത്തിന്റെ പകർത്തെഴുത്തുകാർ മാത്രമായി മാറുന്നത് ദുഃഖകരമാണ്. ഇന്നത്തെ വെല്ലുവിളികൾ പാരമ്പര്യ ജ്ഞാനത്തെ കൃത്യമായി വിശകലനം ചെയ്യുന്ന പണ്ഡിതവർഗ്ഗത്തെ ആവശ്യപ്പെടുന്നുണ്ട്. പക്ഷെ വളരെ വിരളമായി മാത്രമാണ് അത്തരത്തിലുള്ള പണ്ഡിതന്മാർ രൂപപ്പെടുന്നത്.

മാറ്റങ്ങളോടുള്ള ചരിത്രപരമായ മുസ്‌ലിം ഇടപെടലുകൾ

ഇസ്‌ലാമിക പാരമ്പര്യത്തിൽ തന്നെ മാറ്റങ്ങളോട് പ്രതികരിക്കാനുള്ള അടിസ്ഥാനപരമായ ആയുധങ്ങൾ ലഭ്യമാണെന്ന് ഇമാം ഹാരിസ് അൽ മുഹാസിബിയെയും ഇമാം അബൂ ഹാമിദിൽ ഗസാലിയെയും പോലെയുള്ള പണ്ഡിതർ തിരിച്ചറിഞ്ഞിരുന്നു. അവരുടെ ഈ തിരിച്ചറിവിനെ മുഹാസിബിയൻ അല്ലെങ്കിൽ ഗസ്സാലിയൻ തുടിപ്പ് എന്ന് നമുക്ക് വിളിക്കാം. ഗസ്സാലിയൻ – മുഹാസിബിയൻ തുടിപ്പിനെ മത വിജ്ഞാനീയങ്ങളിലും അതിനോട് ചേർന്നുനിൽക്കുന്ന ദൈവശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും നമുക്ക് ദർശിക്കാവുന്നതാണ്. കർമ്മശാസ്ത്രത്തെ പരിഗണിക്കുമ്പോൾ, മാറുന്ന സാഹചര്യങ്ങളോട് പ്രതികരിക്കുന്നതിനുവേണ്ടി കർമശാസ്ത്ര പണ്ഡിതർ വികസിപ്പിച്ചെടുത്ത അതിസങ്കീർണമായ നിയമങ്ങളിലും രീതിശാസ്ത്രങ്ങളിലും സമാനമായ സ്വാധീനത്തെ കണ്ടെത്താൻ സാധിക്കും. പുതിയൊരു മാർഗം വെട്ടിത്തുറന്നതുകൊണ്ട് തന്നെ ഗസ്സാലിയെയും മുഹാസിബിയെയും പോലുള്ള പ്രതിഭകൾ ഇന്നും നമുക്ക് പരിചിതമാണ്. അത് കൊണ്ട് തന്നെയാണ് തന്റെ കാലഘട്ടത്തിലെ പല പണ്ഡിതരെയും നിർദയം അവർക്ക് വിമർശിക്കേണ്ടി വന്നതും. പല കാര്യങ്ങൾക്കെതിരെയും അവർ വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ടെങ്കിലും അവരുടെ സംവാദങ്ങൾ പ്രധാനമായും ഉന്നം വെച്ചത് മാറ്റങ്ങളോട് പ്രതികരിക്കുന്നതിൽ വീഴ്ച്ച വരുത്തിയതിന് എതിരെയായിരുന്നു.

ഇബ്നുസീനിയൻ – അരിസ്റ്റോട്ടിലിയൻ ദർശനങ്ങളോട് ഇമാം ഗസ്സാലി സ്വീകരിച്ച സമീപനം പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഡാർവിൻ സിദ്ധാന്തങ്ങളോടുള്ള സമകാലിക മുസ്ലിംകളുടെ പ്രതികരണവുമായി അദ്ദേഹത്തിന്റെ പ്രസ്തുത സമീപനത്തെ താരതമ്യപ്പെടുത്തുകയാണെങ്കിൽ തമ്മിലുള്ള അന്തരം വ്യക്തമാവും. മതിയായ ജ്ഞാനമില്ലാതെ മതപണ്ഡിതന്മാർ ദൈവശാസ്ത്രപരമായി സംശയം ജനിപ്പിക്കുന്ന ശാസ്ത്രീയ സംഹിതകളെ എതിർക്കുന്നത് മുസ്ലിം സമൂഹത്തെ ഒന്നടങ്കം പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. തഹാഫുതുൽ ഫലാസിഫ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നതായി കാണാം ” കൃത്യമല്ലാത്ത രീതിയിൽ മതത്തെ പ്രതിരോധിക്കുന്നവർ, മതത്തിന് വരുത്തി വെക്കുന്ന അപകടങ്ങൾ, കൃത്യമായ രീതിയിൽ ഇസ്ലാമിനെ ആക്രമിക്കുന്ന ശത്രുക്കൾ വരുത്തി വെക്കുന്നതിനേക്കാൾ അപകടകരമാണ്”. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഒരു മതപണ്ഡിതന്റെ അപൂർണമായ പ്രതികരണത്തെ മാത്രമേ ഒരു ശാസ്ത്രജ്ഞന് കൃത്യമായി ഗണ്ഡിക്കാൻ സാധിക്കുകയുള്ളൂ. മതത്തെ പ്രതിരോധിക്കുന്ന ആൾ വിഷയാധിഷ്ഠിത നിരീക്ഷണങ്ങളെയും പരീക്ഷണവേദ്യമായ വസ്തുതകളെയും വ്യക്ത്യാധിഷ്ഠിതവും വ്യാഖ്യാനാത്മാവുമായ അനുമാനങ്ങളിൽ നിന്ന് സൂക്ഷ്മമായി വേർതിരിച്ച് മനസ്സിലാക്കേണ്ടതുണ്ട്. ഇബ്നുസീനയും – അരിസ്റ്റോട്ടിലും അവതരിപ്പിച്ച ദർശനങ്ങളുടെ പരിസരങ്ങൾ ഓരോന്നും വേർതിരിച്ച് നിർത്തി വളരെ സൂക്ഷ്മമായി വിശകലനം ചെയ്ത് ഉത്തമമായൊരു വിമർശന മാതൃക ഇമാം ഗസ്സാലി അവതരിപ്പിച്ചിട്ടുണ്ട്.

ഇമാം ഗസ്സാലി അടക്കമുള്ള മുൻകാല പണ്ഡിതർ അവരുടെ പരിമിതികളെ കൃത്യമായി തിരിച്ചറിഞ്ഞിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് അത്തരം തിരിച്ചറിവുള്ളവർ കുറവാണെന്നതാണ് സത്യം. നിയമമീമാംസകളിൽ നിപുണരായിരുന്ന മുൻകാല പണ്ഡിതർ ശാസ്ത്ര നിയമങ്ങളുമായി കെട്ടിപ്പിണഞ്ഞു കിടക്കുന്ന നിയമ പ്രശ്നങ്ങളിൽ വിധി പറയാൻ മടിച്ചിരുന്നത് കാണാം. ശാസ്ത്ര വിജ്ഞാനത്തിലുള്ള തങ്ങളുടെ പരിമിതിയെ ഇതിലൂടെ അംഗീകരിക്കുകയായിരിന്നു അവർ. ഇതിൽ നിന്ന് വിഭിന്നമായി പറയുകയാണെങ്കിൽ ഉദാഹരണത്തിന്, സമകാലിക ലോകത്തെ ഹദീസ് വിജ്ഞാനീയങ്ങളിൽ മാത്രം നിപുണരായ ചില പണ്ഡിതർ മതിയായ പരിശീലനമോ വ്യക്തമായ കാഴ്ചപ്പാടോ ഇല്ലാതെ തങ്ങൾ അതിനും യോഗ്യരാണെന്ന നിലക്ക് മറ്റു പല മേഖലകളിലും സംസാരിക്കുന്നത് കാണാം.

മാസപ്പിറവി ദർശന സംബന്ധിയായി തന്റെ പ്രദേശത്തെ ചക്രവാള ദൂരപരിധി എങ്ങനെ നിർണയിക്കുമെന്ന ചോദ്യത്തെ ജ്യോതിശാസ്ത്രജ്ഞന്മാരിലേക്ക് ഇമാം നവവി കൈമാറിയത് ഇവിടെ പ്രസ്താവ്യമാണ്. ജ്യോതിശാസ്ത്രം താൻ പ്രാഗല്ഭ്യം നേടിയ മേഖലയല്ലെന്ന് തുറന്ന് സമ്മതിക്കുകയും തുടർന്ന് ആ വിഷയത്തിൽ ഇസ്ലാമിക ആരാധന വ്യവസ്ഥാ സംബന്ധിയാണെങ്കിൽ പോലും അതുമായി ബന്ധപ്പെട്ട നിപുണരെ പിന്തുടരുകയുമാണ് ഇമാം നവവി ചെയ്യുന്നത്. ഓരോ വിഷയങ്ങളിലും അതിൻ്റെ പണ്ഡിതൻമാരെ അവലംബിക്കുന്നതിലൂടെ തന്റെ മുൻഗാമിയായ ഇമാം ഗസ്സാലിയുടെ നിർദ്ദേശത്തെ പിന്തുടരുകയായിരുന്നു ഇമാം നവവി.

ഇക്കാലത്ത് പൊതുമണ്ഡലത്തിൽ സക്രിയരായ ധാരാളം മതനേതാക്കൾ ആവശ്യമായ പരിശീലനം കൂടാതെ ആധുനികതയും ഉത്തരാധുനികതയുമടക്കമുള്ള സങ്കീർണ്ണമായ പ്രത്യയശാസ്ത്ര നിർമ്മിതികളെ കുറിച്ച് വാചാലരാകുന്നത് സ്ഥിരം കാഴ്ച്ചയാണ്. കൃത്യമായ പരിശീലനമില്ലാതെ നടക്കുന്ന ആധുനിക തത്വശാസ്ത്ര മാതൃകകളോടുള്ള ഇത്തരം വിമർശനങ്ങൾ പലപ്പോഴും പോപ്പുലിസ്റ്റ് സ്വത പ്രേരിത നിലപാടുകളിൽ ഊന്നി നിന്ന് കൊണ്ട് മാത്രമുള്ളതാണ്. അത് കൊണ്ട് തന്നെ ഇത്തരം മാതൃകൾക്ക് രൂപംകൊടുത്ത ബൗദ്ധികമായ സാഹചര്യങ്ങളെ കൃത്യമായി മനസ്സിലാക്കാനോ വിശകലനം ചെയ്യാനോ അവർക്ക് സാധിക്കുന്നില്ല. പലപ്പോഴും ഇത്തരം സമീപനങ്ങൾ പാശ്ചാത്യ രാഷ്ട്രീയ ചർച്ചകളിലെ മുസ്ലിം വിരുദ്ധരായ യാഥാസ്ഥിക വലതുപക്ഷക്കാരോട് പക്ഷം ചേരുന്നതിന് കാരണമായിത്തീരുന്നു. അവർ തങ്ങൾക്ക് സമാനമായ വാദങ്ങൾ ഉയർത്തുന്നവരാണെന്ന തെറ്റിദ്ധാരണ നിമിത്തമാണ് ഇത് സംഭവിക്കുന്നത്. എന്നാൽ കൃത്യമായ പരിശീലനം ലഭിക്കുകയാണെങ്കിൽ ഇത്തരം ആളുകൾ നിപുണരായി മാറുകയും കൃത്യമായി സംസാരിക്കാൻ പ്രാപ്തരായി മാറുകയും ചെയ്യും. മതിയായ പരിശീലനം ഇല്ലാത്തതുകൊണ്ട് തന്നെ വൈകാരിക പ്രേരിതമായ വിമർശനങ്ങളിൽ ഏർപ്പെടുന്ന ഇത്തരം ആളുകളിൽ ഇമാം ഗസ്സാലിയിലും ഇമാം മുഹാസിബിയിലും ഉണ്ടായിരുന്ന സവിശേഷതകളൊന്നും കണ്ടെത്താൻ സാധ്യമല്ല.

മുന്നോട്ടുള്ള ഗമനം

പ്രശ്നങ്ങളെ പോലെ തന്നെ, നമ്മൾ അനുവർത്തിക്കേണ്ട ചില പരിഹാരമാർഗങ്ങളും പൂർവ്വാധുനിക കാലത്ത് തന്നെ നമുക്ക് കണ്ടെത്താൻ സാധിക്കും. തന്റെ കാലത്തെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന വ്യക്തി യാഥാസ്ഥിതിക കാഴ്ചപ്പാടുകളോടൊപ്പം കൈകാര്യം ചെയ്യുന്ന പ്രശ്നത്തെ കുറിച്ച് കൃത്യമായ ധാരണയുള്ള ആളായിരിക്കണമെന്ന് ബോധവാനായിരുന്നു ഇമാം ഗസ്സാലി. പ്രശ്നത്തെ അടിസ്ഥാനപരമായി അപനിർമിച്ച ശേഷമല്ലാതെ ഒരിക്കലും ഒരു യഥാർത്ഥ പുനർ നിർമ്മാണ പദ്ധതി സാധ്യമല്ല. (ഇതിനെയാണ് സയ്യിദ് നഖീബ് അൽ അത്വാസ് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇസ്‌ലാമികവൽക്കരണം [Islamisation] എന്ന് വിശേഷിപ്പിച്ചത്.) സയ്യിദ് നഖീബ് അൽ അത്വാസിന്റെ ഇസ്ലാമിക വൽക്കരണ സങ്കൽപം പിന്നീട് രൂപപ്പെട്ട പൊതുധാരണകളിൽ നിന്ന് തീർത്തും വ്യത്യസ്തമായിരുന്നു.

ഓരോ അപനിർമ്മാണങ്ങൾക്കും ആഴത്തിലുള്ള ജ്ഞാനവും പരിചയവും അനിവാര്യമാണ് എന്ന് ഇമാം ഗസ്സാലി കാണിച്ചു തന്നിട്ടുണ്ട്. ഉദാഹരണത്തിന്, ഇസ്ലാമിക ഭരണം, ഇസ്ലാമിക രാഷ്ട്ര സങ്കൽപ്പം തുടങ്ങിയവയെ കുറിച്ചുള്ള ചർച്ചകൾ വേണ്ടരീതിയിൽ സമകാലിക ദേശ -രാഷ്ട്ര ഘടനയെ അപനിർമിക്കുന്നതിനു പകരം ആധുനിക രാഷ്ട്രം എത്രത്തോളം പടിഞ്ഞാറൻ ദേശ-രാഷ്ട്ര സങ്കല്പത്തിൽ വേരൂന്നിയിരിക്കുന്നു എന്ന് മാത്രമാണ് മനസ്സിലാക്കുന്നത്. നിലവിലുള്ള ദേശ-രാഷ്ട്ര ഭരണ വ്യവസ്ഥകളെ ഇസ്‌ലാമികവൽക്കരണത്തിന് (അപൂർണമായി) വിധേയമാക്കുമ്പോഴും മറുവശത്ത് സുഭദ്രമായി അവയെ നിലനിർത്തുന്നത് കാണാം. ഇത്തരം വ്യാജ ഇസ്ലാമികവൽക്കരണങ്ങൾ ഉയർത്തിപ്പിടിക്കുന്നത് പൂർണമായും ആധുനികമായ ആശയങ്ങളുടെയും രൂപങ്ങളുടെയും ഘടനയെ തന്നെയാണ്. കേവലം അവയെ ഇസ്ലാമിക പദാവലികളിലൂടെ അവതരിപ്പിക്കുന്നുവെന്ന് മാത്രം.

അമുസ്ലിമായ അക്കാദമിക പണ്ഡിതൻ വാഇൽ ഹല്ലാഖ് ആധുനിക മുസ്ലിം വ്യവഹാരങ്ങളിലുള്ള ഇത്തരം അപചയങ്ങളെ തിരിച്ചറിഞ്ഞ്, തന്റെ Impossible State, Rethinking Orientalism തുടങ്ങിയ ഗ്രന്ഥങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. ഇവയുടെ കാരണങ്ങൾ വ്യത്യസ്തമാണെങ്കിലും അടിസ്ഥാപരമായി മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ കൊളോണിയലാനന്തര ദേശ-രാഷ്ട്ര സംവിധാനങ്ങൾ അവരുടെ തന്നെ പൈതൃകങ്ങളെയും അതിലുപരി പാശ്ചാത്യ ധൈഷണിക ദർശനങ്ങളെയും സത്യസന്ധമായി വിമർശന വിധേയമാക്കുന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങളെ പുനരുദ്ധരിക്കുന്നതിൽ വന്ന വീഴ്ചയുമായി ബന്ധപ്പെട്ട് നിൽക്കുന്നതാണ്. ആധുനികതയെന്നാൽ യഥാർത്ഥ ‘ആധിപത്യ തിരഞ്ഞെടുപ്പ് ‘ (hegemonic choice) എന്ന പൊതുബോധത്തെ ഒരു യഥാർത്ഥ ഇസ്ലാമിക വൽക്കരണ പദ്ധതി നിർബന്ധമായും അപനിർമ്മിക്കേണ്ടതുണ്ട്, അതോടൊപ്പം തന്നെ തീർത്തും വ്യവസ്ഥാപിതവും ഹൃദ്യവുമായ ചിന്താമണ്ഡലത്തെ രൂപപ്പെടുത്തുന്നതിന് ഇസ്ലാമിക പൈതൃകത്തെ വിമർശനബുദ്ധ്യാ വിലയിരുത്തേണ്ടതുണ്ട് എന്ന് അമേരിക്കൻ പണ്ഡിതനായ ശൈഖ് ഉമർ ഫാറൂഖ് അബ്ദുള്ള നിരീക്ഷിക്കുന്നുണ്ട്.

മറ്റു ബദൽ സമീപനങ്ങളെ അന്വേഷിക്കുന്നിടത്ത് മലേഷ്യൻ പണ്ഡിതനായ വാൻ ദാവൂദ് മുമ്പ് പരാമർശിച്ച സമകാലികനായ അതുല്യ പ്രതിഭ അൽ അത്വാസിലേക്കാണ് അദ്ദേഹം എത്തിച്ചേരുന്നത്.അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, അൽ അത്വാസ് ഇസ്ലാമിക സമൂഹത്തിൽ പാശ്ചാത്യ ശാസ്ത്രത്തെ ദത്തെടുക്കുന്നതിനും ഇസ്ലാമിക പ്രമാണങ്ങളെ ആധുനികതയുടെ ആവശ്യപെടലുകൾക്കനുസരിച്ച് നടപ്പിലാക്കുന്നതിനു പകരം യാതൊരു വിട്ട് വീഴ്ചയും കൂടാതെ ആധുനികതയുടെ പാശ്ചാത്യ പതിപ്പിനെ വെല്ലുവിളിക്കുന്നതിൽ കൂടുതൽ താല്പര്യം കാണിച്ചിരുന്നു. നമുക്ക് ഇത്തരം പരിശ്രമങ്ങളെ ഗസ്സാലിയൻ – മുഹാസിബിയൻ സമീപനങ്ങളുടെ തുടർച്ചയായി അനുമാനിക്കാം.

പാശ്ചാത്യ ആധുനികതയുടെ ദാർശനിക വശങ്ങളെ അൽ അത്താസ് ഇസ്‌ലാമിക വിശ്വദർശനം എന്ന് വിളിക്കുന്ന ശാശ്വതമായ മാനദണ്ഡങ്ങൾക്ക് വിധേയപ്പെടുത്താൻ ശ്രമിക്കുകയാണ് ചെയ്തത്. ആധുനികതയുടെ തത്വശാസ്ത്ര ദർശനങ്ങളെ വിമർശിക്കാതെ ആധുനിക ലോകത്തിൻ്റെ ചില വശങ്ങളെ മാത്രമാണ് അൽ അത്താസിന്റെ സമകാലികർ വിമർശന വിധേയമാക്കിയത്, അവരിൽ നിന്ന് വിഭിന്നമായി വളരെയധികം മുന്നോട്ട് പോയിട്ടുണ്ട് അൽ അത്താസ്. അദ്ദേഹം അവതരിപ്പിച്ച ഇസ്ലാമിക വിശ്വദർശനം ‘അദബ് ‘ എന്ന ആശയത്തിൽ വേരൂന്നി നിൽക്കുന്ന ഒന്നാണ്. സാധാരണയിൽ അദബ് അർത്ഥമാക്കുന്നത് മര്യാദകളെന്നാണെങ്കിലും അൽ അത്താസിന്റെ കാഴ്ചപ്പാടിൽ അദബിന്റെ അർത്ഥം അൽപ്പം കൂടി വിശാലമാണ്. പ്രത്യേകിച്ച് വിജ്ഞാനവുമായി ബന്ധപ്പെടുമ്പോൾ.

” ശരീരം, മനസ്സ്, ആത്മാവ് തുടങ്ങിയവയുടെ അച്ചടക്കമാണ് അദബ്. ഒരാളുടെ ബൗദ്ധികവും ധൈഷണികവും ആത്മീയവുമായ പ്രാപ്തിയും കഴിവും അടിസ്ഥാനപ്പെടുത്തി ഒരു വ്യക്തിക്ക് അർഹിക്കുന്ന സ്ഥാനം വകവെച്ച് നൽകുമ്പോഴാണ് ‘അദബ്’ ഉറപ്പാക്കപ്പെടുന്നത്. യാഥാർത്യത്തെ അംഗീകരിക്കുന്നതോടൊപ്പം വിജ്ഞാനവും അസ്ഥിത്വവും അവയുടെ സ്ഥാനങ്ങൾക്കും പദവികൾക്കും അനുസൃതമായി ക്രമീകരിക്കപ്പെടേണ്ടതുമുണ്ട്. നീതി എന്നാൽ വസ്തുക്കൾക്ക് യഥാസ്ഥാനം നൽകാൻ പ്രേരിപ്പിക്കുന്ന ദൈവീക ജ്ഞാനമായ ഹിക്മത്തിന്റെ പ്രതിഫലനമാണ്. ഒരു വസ്തു അതിൻ്റെ അനുയോജ്യമായ സ്ഥാനത്ത് തന്നെ വെക്കുന്നതിനെയാണ് നീതി എന്ന് പറയുന്നത്. ഏതൊരു മാർഗ്ഗത്തിലൂടെയാണോ ഒരു വസ്തു അതിന്റെ അനുയോജ്യസ്ഥാനത്താണ് തുടരുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുക അതിനെ അദബ് എന്ന് വിളിക്കുന്നു. ഞാനിവിടെ വിശദീകരിക്കുന്നത് പരിഗണിക്കുമ്പോൾ ജ്ഞാനത്തിൻ്റെ പ്രതിഫലനങ്ങളിലൊന്നാണ് അദബ് ; സമൂഹത്തിൻ്റെ കാര്യത്തിൽ അത് നീതിപൂർണ്ണമായ ഒരു ക്രമവുമാണ്. ജ്ഞാനത്തിൽ നിന്ന് പ്രതിഫലിപ്പിക്കപ്പെടുന്നതായത് കൊണ്ട് തന്നെ അദബിനെ നീതിയുടെ പ്രദർശനം എന്ന് വിശേഷിപ്പിക്കാവുന്നതാണ്.

അനുയോജ്യമായ സ്ഥാനം എന്ന ആശയത്തിന്റെ പ്രാധാന്യവും അത് വിജ്ഞാനവുമായി ബന്ധപ്പെട്ടതാകുമ്പോഴുള്ള പ്രസക്തിയും കൃത്യമായി വിശദീകരിക്കപ്പെട്ട് കഴിഞ്ഞു. . കൃത്യമായ രീതിയിൽ ഇസ്ലാമിക പാരമ്പര്യം ജ്ഞാനങ്ങളിൽ പഠനം നടത്താതെയും നിലവിലെ ധൈഷണിക ധാരണകളെ അപനിർമ്മിക്കാതെയും എങ്ങനെയാണ് ഇസ്ലാമിക സംസ്കൃതിയുടെ വ്യത്യസ്തതരം വിജ്ഞാനങ്ങളുടെ യഥാർത്ഥ സ്ഥാനം കൃത്യമായി നിർണയിക്കാൻ സാധിക്കുക. ദേശരാഷ്ട്ര സംവിധാനം നിലവിൽ വരുന്നതിനു മുമ്പുള്ള മുസ്ലിം ഭരണകൂടവുമായി ബന്ധപ്പെട്ട നിയമങ്ങളെ നടപ്പിലാക്കൽ കൊണ്ടുമാത്രം ഇസ്ലാമിക പാരമ്പര്യങ്ങളെ യഥാസ്ഥാനത്ത് നാം പ്രതിഷ്ഠിക്കുന്നുണ്ടോ? ഒരു അദബ് കേന്ദ്രീകൃത സമീപനം തീർച്ചയായും നിലവിലെ ആശയങ്ങളെ അപനിർമ്മിക്കുകയും ഇസ്ലാമിക പ്രമാണങ്ങൾക്കനുസൃതമായി പുതിയ ആശയങ്ങളെ സൃഷ്ടിക്കുകയും ചെയ്യും.

ശാസ്ത്രത്തോടുള്ള ഇസ്ലാമിക കാഴ്ചപ്പാടിന്റെ അടിസ്ഥാന തത്വങ്ങൾ രൂപീകരിക്കുന്നതിൽ അൽ അത്താസ് അദ്ദേഹത്തിന്റെ തന്നെ ഇസ്‌ലാമിക വിശ്വദർശനത്തെയാണ് അവലംബിക്കുന്നത്. നിലവിലുള്ള വിശ്വദർശനങ്ങളുടെ ചട്ടക്കൂടിൽ നിന്ന് ആരംഭിക്കുന്നതിനുപകരം ഇമാം ഗസ്സാലിയെയും ഇബ്നു അറബിയെയും പോലുള്ള മുസ്‌ലിം പ്രതിഭകളുടെ ഗ്രന്ഥങ്ങളിലെ പൂർവാധുനിക തത്വമീമാംസകളിൽ നിന്നാണ് അദ്ധേഹം ആരംഭിച്ചത്. അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള സമീപനങ്ങൾ വിജ്ഞാനവർഗ്ഗീകരണത്തിന്റെ പാരമ്പര്യ ഇസ്ലാമിക മാനങ്ങളെയും പരമമായ യാഥാർഥ്യത്തിന്റെ സ്വഭാവത്തെ സംവാദത്തിന് വിധേയമാക്കുന്ന തത്വജ്ഞാന പൈതൃകത്തെയും തമ്മിൽ സമന്വയിപ്പിക്കുകയും, പരമ യാഥാർത്ഥ്യത്തെ കുറിച്ച് പ്രത്യക്ഷ കാഴ്ചയിൽ നിന്ന് രൂപപ്പെടുന്ന ധാരണകളെ പരിഗണിക്കുകയും യഥാർത്ഥ്യവും അനിശ്ചിത ലോകവും തമ്മിലുള്ള വ്യത്യാസത്തെ നിർവചിക്കുകയും ചെയ്യുന്നുണ്ട്.
ശാസ്ത്ര തത്ത്വചിന്തയുടെ ആധുനിക ആശയങ്ങളോട് കേവല രൂപത്തിൽ ഇടപെടുന്നതിനു പകരം അദ്ദേഹം തന്റെ ഇസ്‌ലാമിക വിശ്വദർശന സംബന്ധിയായി ഉയർന്നു വരാൻ സാധ്യതയുള്ള ചോദ്യങ്ങളെ തിരിച്ചറിയുകയും ഇസ്‌ലാമിക ലോകത്തെ ക്ലാസിക്കൽ തത്വചിന്താ പ്രമാണങ്ങളെ അവലംബിച്ചുകൊണ്ട് ഉത്തരം കണ്ടെത്തുകയും, അവ എങ്ങനെ പ്രയോഗത്തിൽ കൊണ്ട് വരാമെന്ന് അന്വേഷിക്കുകയും ചെയ്യുന്നുണ്ട് അദ്ധേഹം .

ശാസ്ത്ര സംബന്ധിയായ ഇസ്‌ലാമിക തത്വചിന്ത രൂപീകരിക്കുന്നതിനപ്പുറം അത്താസ് തന്റെ Nature of Man, Psychology of Human Soul തുടങ്ങിയ ഗ്രന്ഥങ്ങളിൽ ഇസ്ലാമിക മനശാസ്ത്രത്തിനും ജ്ഞാനശാസ്ത്രത്തിനും യുക്തിഭദ്രമായൊരു ഘടനയെ വികസിപ്പിക്കാൻ വേണ്ടി ഇമാം ഗസാലിയുടെ മആരിജുൽ ഖുദ്സിനെയും ഇബ്നു അറബിയുടെ ഫുസൂസുൽ ഹികമിനെയും ആശ്രയിക്കുന്നുണ്ട്. ക്ലാസിക്കൽ മുസ്ലിം ചിന്തകരായ അൽ ജുനൈദ്, ഇബ്നുസീന, അബ്ദുൽ കരീം അൽ ജീലി, ഇബ്നു അറബി എന്നിവരുടെ ആശയങ്ങളെ ഉപയോഗപ്പെടുത്തി ഇരുപതാം നൂറ്റാണ്ടിലെ തത്ത്വചിന്തയുടെയും ധൈഷണികവും അതിഭൗതികതയുടെയും അടിസ്ഥാനത്തിൽ രൂപപ്പെട്ട ഇസ്‌ലാമിക വിശ്വദർശനത്തിനും ഇടയിലുള്ള അന്തരം വിശദീകരിക്കാൻ തന്റെ ഇൻട്യൂഷൻ ഓഫ് എക്സിസ്റ്റൻസ് എന്ന ഗ്രന്ഥത്തിലും സമാനമായ ശ്രമം നടത്തുന്നുണ്ട് അദ്ധേഹം. On Quiddity and Essence എന്ന കൃതിയിൽ ആധുനിക തത്വമീമാംസയിലെ സാങ്കേതികത്വങ്ങൾ ഉപയോഗിച്ചുകൊണ്ട് ഇസ്‌ലാമിക വിശ്വദർശനം അവതരിപ്പിക്കാൻ ഇമാം തഫ്താസാനിയെ പോലുള്ള തത്വമീമാംസകരെ അവലംഭിക്കുന്നുണ്ട് അദ്ധേഹം.

പ്രതീക്ഷകളും പരിമിതികളും

അക്കാദമിക സ്വാതന്ത്ര്യവും ഗവേഷണങ്ങളും നിയന്ത്രിതമായ ഈയൊരു സാഹചര്യത്തിൽ ഇത്തരം വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന ഏതൊരു ശ്രമവും ഘടനാപരമായി പ്രയാസമേറിയതാണ്. നിലവിലുള്ള അത്തരം ചുറ്റുപാടുകളുടെ അസ്തിത്വത്തെ നിഷേധിക്കുന്നത് ആധുനികതയുടെ പരീക്ഷണങ്ങളുമായി ഇടപഴകാൻ ഒന്നും കാരണമാകുന്നില്ല . വാസ്തവത്തിൽ, ഇത്തരം വിഷയങ്ങളിൽ ഇടപെടുന്നതിലുള്ള മുസ്ലിങ്ങളുടെ നിർമാണാത്മകതയെ കൂടുതൽ പ്രയാസപ്പെടുത്തുന്ന സാഹചര്യത്തിലേക്കും ഭാവിതലമുറകൾ ഇസ്‌ലാമിക പാരമ്പര്യത്തിൽ നിന്ന് വിദൂരത്താകുന്നതിലേക്കുമാണ് അത് നയിക്കുന്നത്. എന്നാൽ ഞാൻ ഹസനി ഹുസൈനി മാതൃകകൾ എന്ന് വിശേഷിപ്പിച്ച ദീർഘവീക്ഷണത്തോടെയും വിവേകത്തോടെയുമുള്ള അധികാര ഘടനകളോടുള്ള അഭിസംബോധന വിശാലമായ പാരമ്പര്യവുമായുള്ള മുസ്ലിം ഇടപെടലുകളെ കൂടുതൽ പ്രചോദിപ്പിക്കാതിരിക്കില്ല.

പാരമ്പര്യത്തിലെ പഴക്കംചെന്ന ആയുധങ്ങളെ കൃത്യമായി നാം ഉപയോഗിക്കേണ്ടതുണ്ട്. കാലങ്ങളായി തുടരുന്ന ഇസ്‌ലാമിക ജ്ഞാനങ്ങളെ കൃത്യമായ സ്ഥാനത്ത് പ്രതിഷ്ഠിക്കാതെയുള്ള ചൂഷണം അവസാനിപ്പിക്കേണ്ടതുണ്ട്. മാറ്റങ്ങൾക്കനുസൃതമായുള്ള ഇടപെടലുകളെ കുറിച്ചുള്ള ചോദ്യം കേവലം ആർഭാടമല്ല മറിച്ച് വളരെയേറെ അനിവാര്യമായതാണ്. ‘എന്തുണ്ടാകും’ ‘എന്ത് കൊണ്ട്’ എന്ന് ചോദിക്കുന്നതിനു പകരം ‘എങ്ങനെ’ എന്നാണ് ചോദിച്ച് കൊണ്ടിരിക്കേണ്ടത്. ആധുനിക ലോകത്തെ ഗസ്സാലി, മുഹാസിബി എന്നൊകെ അൽ അത്താസിനെ വിശേഷിപ്പിക്കാവുന്നതാണ്. ഭാവി തലമുറയിലും അത്തരം വഴികാട്ടികളെ ആവശ്യമുണ്ട്. അത്തരം വഴികാട്ടികളെ സൃഷ്ടിക്കുന്നതിനു വേണ്ടി ഇസ്ലാമിക വിശ്വദർശനത്തിന്റെ അടിസ്ഥാനത്തിൽ ആധുനികതയെ കുറിച്ചുള്ള ചർച്ചകളെ ശക്തിപ്പെടുത്തേണ്ടതുണ്ട്.

ഇത്തരമൊരു സമീപനത്തിലൂടെ ആധുനികതയുടെ വ്യത്യസ്ത വശങ്ങൾ ഉയർത്തുന്ന വെല്ലുവിളികളെ ചെറുക്കുന്നതോടൊപ്പം അവരുടെ ചുറ്റുപാടുകളിൽ കാണുന്ന ആഗോളവൽക്കരണത്തിൻ്റെ സാധ്യതകളെ ഉപയോഗപ്പെടുത്താനും സാധിക്കും. മുൻകാലങ്ങളിലെ പണ്ഡിതന്മാർ അവരുടെ കാലത്തെ തത്വചിന്തകരായിരുന്നുവെങ്കിൽ ഇന്ന് വളരെ വിരളമായേ അത്തരം പ്രതിഭകളെ കാണാൻ സാധിക്കൂ. എന്നാൽ സമകാലിക ലോകത്ത് പണ്ഡിതർക്കും തത്വചിന്തകർക്കും സംവദിക്കാനുള്ള സാഹചര്യങ്ങൾ ഏറെയാണ്. അതിനുള്ള താൽപര്യവും നിലനിൽക്കുന്നു എന്നത് സന്തോഷ പ്രദമാണ്. ഈ ദൗത്യം സമൂഹം ഇച്ഛാനുസരണം നിർവഹിക്കേണ്ട ഒന്നല്ല, മറിച്ച്, ഇതൊരു സാമൂഹിക ബാധ്യതയാണെ(ഫർള് കിഫാ)ന്ന് തന്നെ വേണം പറയാൻ.

വിവർത്തനം: ശാമിൽ ശുകൂർ