ജയിംസ് ബാൾഡ്‌വിൻ, ബർട്രാൻഡ് റസൽ,ആൽഫ്രഡ് ഹിച്കോക്ക്, വിൻസ്റ്റൻ ചർച്ചിൽ, സാൽവദോർ ദാലി,പാബ്ലോ പിക്കാസോ തുടങ്ങിയ അനേകം സെലിബ്രിറ്റികളുമായും രാഷ്ട്രീയ നേതാക്കന്മാരുമായും നടത്തിയ അഭിമുഖങ്ങളും ലോകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിൽ നിന്നുള്ള ഫോട്ടോഗ്രാഫുകളും ഛായാചിത്രങ്ങളും ഉൾക്കൊള്ളുന്നതാണ് 1928ൽ ഇസ്താംബൂളിൽ ജനിച്ച് ഒക്ടോബർ പതിനേഴിന് വിടപറഞ്ഞ ഗുലറിന്റെ ശ്രദ്ധേയ ജീവിതം. കലാകാരന്മാരുടെ ദേശാന്തര ശൃംഖലകളിലേക്ക് ആഴ്ന്നിറങ്ങിയ ഒരു സാർവ്വലൗകിക കലാകാരൻ എന്നതിന് ഉദാഹരണമായിട്ടും ഗുലർ കടന്നുവരാറുണ്ട്. ഇസ്‌താബൂളിലെ വിശ്വജില്ലയായ ബെയോഗിലുവിൽ അദ്ദേഹത്തിന് ഒരു പ്രത്യേക സാന്നിധ്യം തന്നെയുണ്ട്. നൂറ്റാണ്ടുകളായി ഗുലറിനെ പോലുള്ള ആർമീനിയക്കാരടക്കം ഓട്ടോമൻ സാമ്രാജ്യത്തിന്റെ നാനാദിക്കുകളിൽ നിന്നും വന്നു ചേർന്ന വിവിധ ജനപഥങ്ങളുടെ വന്യമായ ഇണചേരലുകൾക്ക് സാക്ഷിയാണ് ഈ നഗരം
പത്തൊൻപതാം നൂറ്റാണ്ടിലെ ബയോഗിലുവിൽ വേരൂന്നിയിരുന്ന സാർവ്വലൗകികതയെ ചരിത്രകാരനായ എദേം എൽദേം നിർവചിക്കുന്നത് വെറും വൈവിധ്യമാർന്ന പ്രേരണകളുടെ വിന്യാസത്തിനപ്പുറം സ്വമേധയാ പരിണമിച്ച ഒരു സാർവ്വലൗകിക സംസ്കാരമണ്ഡലം കൂടി ഉൾകൊള്ളുന്നതായാണ്. ഗുലറും ബെയോഗിലുവിന്റെ ദൃശ്യാവതരണം എന്നതിനപ്പുറം അതിന്റെ ഹൃദയ ഭാഗത്തുള്ള തന്റെ സ്റ്റുഡിയോവിലൂടെയും ആർക്കൈവിലൂടെയും അതിന്റെ അഭിവാജ്യഘടകമായി മാറുകയാണ് ചെയ്യുന്നത്. അതിനരികെത്തന്നെ വിദ്യാർത്ഥികളുടെയും കലാകാരന്മാരുടെയും ബുദ്ധിജീവികളുടെയും പ്രവാസികളുടെയും വിഹാരകേന്ദ്രമായിരുന്ന ഒരു കഫേയുമുണ്ട്. മരിക്കുന്നതിന് മുമ്പ് ആരാ ഗുലർ ഏറെ സമയം ചെലവിട്ട ഇതിന്റെ പേരും ആരാ കഫെ എന്നാണ്.
ഇസ്താംബൂളിന്റെ കണ്ണായ അദ്ദേഹത്തിന്റെ മിക്ക ഫോട്ടോഗ്രാഫിക് വർക്കുകളും ഇസ്താംബൂളുമായി ബന്ധപ്പെട്ടതാണ്. പരിണാമങ്ങളുടെ ഈ സൈകതഭൂവിനെ അതിസൂക്ഷ്മമായി അവതരിപ്പിച്ച് നഗരത്തിന്റ ദൃശ്യയോർമകളുടെ ഒരു പൈതൃകം തന്നെ ബാക്കിവെച്ചിട്ടുള്ള ആരാ ഗുലരിന്റെ ഫോട്ടോഗ്രാഫിക് വർക്കുകളെ ഇരുപതാം നൂറ്റാണ്ടിലെ ഇസ്‌താബൂളിന്റെ ആധുനികവത്കരണത്തെയും നഗരവത്കരണത്തെയും മനസ്സിലാക്കാനുള്ള ഒരു ദൃശ്യസഹായിയായി നോക്കിക്കാണുകയാണ് ഈ ലേഖനം.
തലസ്ഥാന നഗരത്തിന്റെ പകിട്ടിലേക്ക് പ്രയാണം ചെയ്തുകൊണ്ടിരുന്ന ഇസ്താംബൂളിനെ വരച്ചിടുന്ന ഗുലരിന്റെ 1950 കളിലെയും 60 കളിലെയും ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലേക്ക് വെളിച്ചം വീശുകയാണിവിടെ. സാമൂഹ്യശാസ്ത്രജ്ഞയായ നിലൂഫർ ഗോളെയൊക്കെ പറയുന്നത് പോലെ പൗരസ്ത്യനാട്ടിലെ ആധുനിക വത്കരണം സാംസ്കാരിക ഗതിമാറ്റങ്ങളും പൊതുഇടങ്ങളിലെ ജീവിതക്രമങ്ങളുടെയും സൗന്ദര്യമാതൃകകളുടെയും പരിണാമങ്ങളുമൊക്കെ ഉൾക്കൊണ്ടതാണ്. 1950 കളിലും 60 കളിലും തുർക്കിയുടെ പ്രാന്തപ്രദേശങ്ങളെ നഗരങ്ങളുമായി ബന്ധപ്പെടുത്തിയത് ഹൈവേകളുടെയും റെയിൽവേകളുടെയും നിർമ്മാണമായിരുന്നു. തീർത്തും ആസൂത്രിതമല്ലാതിരുന്ന ഈ നഗരവത്കരണ കാലത്താണ് ഇസ്താംബൂൾ കുടിയേറ്റങ്ങളെ അഭംഗുരം ആശ്ലേഷിക്കുകയും ചേരികളായി വളർന്നുപന്തലിക്കുകയും ചെയ്യുന്നത്. നഗരവും പ്രാന്തപ്രദേശങ്ങളും പൈതൃകവും ആധുനികജീവിതരീതികളും ഇടകലരുകയും കലഹിക്കുകയും പരിണാമംപ്രാപിക്കുകയും അന്യോന്യം സഹവസിക്കാനുള്ള പുതിയ മാർഗങ്ങളും തേടിയിരുന്ന ഈ നഗരത്തിൽ ദാരിദ്ര്യം ഒരു തീരാസമസ്യയായിരുന്നു.
ടോഫാനെയിലെ ഒരു ബാറിൽ മദ്യപിച്ചുനിൽകുന്നയാൾ 1959
ഒമർ ലുത്ഫി അക്കാഡ് സംവിധാനം ചെയ്ത മൈ പ്രോസ്റ്റിറ്റിയൂട്ട് ലവ് ( Vesikali Yarim 1968)എന്ന കൾട്ട് ഫിലിം ഒരു ഗ്രോസറിക്കാരനും എസ്കോർട്ടും തമ്മിൽ രൂപപ്പെടുന്ന അനിതരസാധാരണവും കാവ്യാത്മകവുമായ സ്നേഹബന്ധത്തിന്റെ ഇതിവൃത്തപരതയിലൂടെ അറുപതുകളിലെ ഇസ്‌താബൂളിന്റെ ഇത്തരം സാമൂഹ്യസമസ്യകളെ തുറന്നുകാട്ടുന്നുണ്ട്. ഫ്രഞ്ച് ഇറ്റാലിയൻ നവമാതൃകകളാൽ സ്വാധീനിക്കപ്പെട്ടിരുന്ന ഈ ഫിലിമിൽ ഇസ്താംബൂൾ ഒരു പശ്ചാത്തലം മാത്രമല്ല. മറിച്ച് ഹാലിലിന്റെയും സബീഹായുടെയും വിനിമയങ്ങളെ സാധ്യമാക്കുന്ന ഒരു നഗരപ്രദേശവും ചിത്രത്തിലെ ഒരു മുഖ്യകഥാപാത്രവും കൂടിയാണ്. പ്രാദേശികമായ ഹിജാബ് ധരിച്ച ഒരു ഗ്രാമീണ സ്ത്രീയെ വിവാഹം കഴിച്ച ഒരു സാധാരണ പുരുഷനാണ് ഹാലിൽ. എന്നാൽ, തന്റെ അയല്പക്കത്തുനിന്നും തന്റെ കൂട്ടുകാരോടൊപ്പം ബെയഗിലുവിലെ ചൂതാട്ടകേന്ദ്രങ്ങളിലേക്ക് പറിച്ച്‌നടപ്പെടുന്ന അദ്ദേഹം പതുക്കെ സ്ത്രീകൾ പുരുഷന്മാരോടൊപ്പം കുടിച്ചുകൂത്താടിയിരുന്ന അയൽപക്കത്തെ നിശാദൃശ്യങ്ങളെയും പുതിയൊരു സാമൂഹികരൂപീകരണത്തേയും കണ്ടെത്തുന്നു. അവിടെയാണദ്ദേഹം പുകവലിക്കുകയും കുടിക്കുകയും ചെയ്തിരുന്ന ഭാരിച്ച മേക് അപ്പോടുകൂടിയ ആ സ്വർണ്ണമുടിക്കാരിയെ കാണുന്നത്. അവളുടെ പേര് സബീഹ. തന്റെ ലോകത്തിനപവാദമായ സ്ത്രീത്വം തുളുമ്പിനിൽക്കുന്ന ഈ മോഡേൺ പെൺതരിയുമായി അവൻ പെട്ടെന്നുതന്നെ അടുപ്പത്തിലായി.തന്റെ കുടുംബവുമായുള്ള ബന്ധം അറുത്തുമാറ്റി ബെയഗിലുവിലെ നിശാ ദൃശ്യങ്ങളിൽ അഭിരമിച്ച അവൻ അങ്ങനെ കുടിക്കാനും തുടങ്ങി. ഈ സ്നേഹബന്ധത്തിന്റെ അസാധ്യത കടന്നുവരുന്നത് അവരുടെ വ്യത്യസ്ത ധാർമികമൂല്യവിചാരങ്ങളിൽ നിന്നു മാത്രമല്ല,മറിച്ച് ഒരേ നഗരത്തിലെ വിഭിന്നമായ സ്ഥലകാലനിർമ്മിതികളിലാണ് അവർ ജീവിക്കുന്നത് എന്നതുകൊണ്ടുമാണ്.തന്റെ ക്യാമറക്കണ്ണുകളിലൂടെ ഗുള്ളർ ഒപ്പിയെടുത്തത് ഈ വിഭിന്നമായ ലൗകികാധ്യായങ്ങളെയാണ്
ജോലിയെടുക്കുകയും പുകവലിക്കുകയും കോഫി കുടിക്കുകയും മദ്യം നുണയുകയും ചെയ്യുന്ന മനുഷ്യന്റെ ചെറിയ ചെറിയ നൈരന്തര്യങ്ങളെ പകർത്തിക്കൊണ്ട് വളരെ സൂക്ഷ്മമായ തലത്തിൽ നിന്നാണ് ഗുള്ളർ തുടങ്ങുന്നത്. ആധുനിക വികസന മാതൃകകളോടും ദ്രുതഗതിയിലുള്ള നഗരവത്കരണത്തോടും പുറംതിരിഞ്ഞുനിൽക്കുന്ന ഇത്തരം ജീവിതങ്ങളെ നമുക്ക് _നഗരദരിദ്രർ_ എന്നു വിളിക്കാം.
അതുകൊണ്ടുതന്നെ സ്വസ്ഥമായ സ്വകാര്യ ഇടങ്ങൾക്കുപകരം പൊതുഇടങ്ങളിൽ നിന്നാണ് അത്തരക്കാരെ പകർത്തിയിട്ടുള്ളത്. അവരുടെ കണ്ണുകളും മുഖഭാവങ്ങളും നിൽപ്പും ദാരിദ്ര്യത്തെയും പശ്ചാത്യവത്കരിക്കപ്പെട്ട പൊതുഇടങ്ങളോട് അവർ എങ്ങനെയൊക്കെ കലഹിക്കുന്നു എന്നതിനെയും കമ്പനം ചെയ്യുന്നുണ്ട്. ചുറ്റുവട്ടത്തെ മനുഷ്യനിലും മനുഷ്യശരീരത്തെ പൊതുവിടങ്ങളിലും ചിത്രീകരിക്കുമ്പോൾ മനുഷ്യനും അവന്റെ ചുറ്റുപാടുമായിട്ട് വൈകാരികമായ ഒരു ബന്ധം ഉരുവം കൊള്ളുന്നു. നഗരത്തെതന്നെ മനുഷ്യവത്കരിക്കുകയും മനുഷ്യനെതന്നെ പശ്ചാത്തലമാക്കുകയും ചെയ്യുന്നത് കാണാം. തിയേറ്ററിലെ സമരങ്ങളെക്കുറിച്ചുള്ള തന്റെ ശാസ്ത്രീയമാതൃകകളിൽ ജാക്‌സ് ലെക്കോക്(Jacques Lecoq) അടിവരയിടുന്നത് പോലെ കർമ്മവ്യാപൃതനായ ഒരു ശരീരത്തിന് മാത്രമേ ചുറ്റുവട്ടത്തെ തൊട്ടറിയാനും അതിനെ ബാഹ്യമായി പ്രകടവൽകരിക്കാനും സാധിക്കുകയുള്ളു .ഗുലരിന്റെ കർമ്മനിരതനായ നഗരദരിദ്രനും സാമൂഹിക സത്യത്തെ അവതരിപ്പിക്കുന്നത് സ്വശരീരത്തിലൂടെയാണ് .
മനുഷ്യശരീരവും നഗരചുറ്റുപാടുകളും തമ്മിലുള്ള ബന്ധം പ്രധാനമായും അവതരിപ്പിക്കപ്പെടുന്നത് വിശ്രമകേന്ദ്രങ്ങളിലും പണിസ്ഥലങ്ങളിലും ആയിരിക്കും. ഗുലർ ചിത്രീകരിക്കുന്ന മത്സ്യത്തൊഴിലാളികളും കടത്തുകാരും വഞ്ചിക്കാരും വ്യാപാരികളുമൊക്കെ ആധുനികതയുടെയും നഗരവത്കരണത്തിന്റെയും ഫലമായി പരസ്പരം വഴിമാറുന്നതിനു മുമ്പ് കൈയ്യും മനുഷ്യബുദ്ധിയും
നങ്കൂരത്തിന് ഛായം പൂശുന്ന ഒരു മനുഷ്യൻ 1954
പകൽവെളിച്ചത്തിൽ പോർട്ടിലേക്കു മടങ്ങുന്ന ഒരു കുംകാപി മുക്കുവൻ 1950
പരിശീലനത്തിലൂടെയും പരിശ്രമങ്ങളിലൂടെയും നിരന്തരം പരിപോഷിപ്പിക്കുകയും ഒരു തൊഴിൽ അതിന്റെ പൂർണ്ണതയോടുകൂടി ചെയ്തുചെയ്തുതീർക്കലുമാണല്ലോ കൈത്തൊഴിൽ വൈദഗ്ദ്യം. ശാരീരികമായ ആവർത്തനങ്ങളിലൂടെയും പരിശീലനങ്ങളിലൂടെയും ഒരു കഴിവ് വളർത്തിയെടുക്കുകയും പതുക്കെയുള്ള രൂപാന്തരപ്പെടുത്തലോടുകൂടി ലോകത്തെതന്നെയും മാറ്റിവരക്കുകയാണത്. അത്തരം ജോലിസ്ഥലങ്ങൾ യാദൃശ്ചികമായി രൂപപെട്ടതോ ബുദ്ധിശൂന്യമായകേന്ദ്രങ്ങളോ ആയിരുന്നില്ല.
<റിച്ചാർഡ്ഷെനെറ്റ് തലമുറകളിൽ നിന്നും തലമുറകളിലേക്ക് കൈവഴിയായി അറിവ് കൈമാറ്റം ചെയ്യപ്പെടുന്ന ഇത്തരം കേന്ദ്രങ്ങളുടെ വ്യതിരിക്തതയെ അടയാളപ്പെടുത്തുന്നുണ്ട്. ഒരനുഷ്ഠാനമെന്നോണം തുടർത്തികൊണ്ടുപോരുന്ന അവിടങ്ങളിലെ വ്യക്തിപരമായ കൈമാറ്റം പൊതുജനത്തിന് ഇമ്പമുള്ള ഒരുമിച്ചുകൂടലുകളാണ് സമ്മാനിക്കുന്നത്. എന്നാൽ, അത്തരം കൈത്തൊഴിലുകൾ മിക്കവയും അന്യം നിന്നുപോവുകയോ യന്ത്രങ്ങൾക്ക് വഴിമാറിക്കൊടുക്കാറുകയോ ചെയ്തിട്ടുള്ള ഇക്കാലത്ത് തൊഴിലുകൾക്ക് ദൈനംദിന ജീവിതത്തെയും പൊതുസമ്മതത്തെയും നിർണയിക്കുന്നതിലുള്ള കേന്ദ്രാഭിമുഖ്യത നഷ്ടപ്പെട്ടിട്ടുണ്ട്. ഇതുകൊണ്ടൊക്കെത്തന്നെയാണ് ആധുനികവത്കരണത്തിന്റെ ദൃശ്യാവിഷ്കാരങ്ങളിൽ ഗുലർ ഒരു വഴിത്തിരിവാകുന്നത്.
ബേസ്റ്റണിലെ ഒരു പഴയ കച്ചവടക്കാരൻ 1959
പതിനാറാം നൂറ്റാണ്ടോടെ പൊതുമണ്ഡലങ്ങളായിരുന്ന പള്ളികൾക്ക് ബദലായി വളർന്നുവന്ന കോഫി ഷോപ്പുകൾ ഇസ്താംബൂൾ നഗര സംസ്‌കൃതിയുടെ അഭിവാജ്യഘടകങ്ങളാണ്. പൊതുസമ്പർക്ക കേന്ദ്രങ്ങളായിരുന്ന ഇത്തരം കോഫി ഷോപ്പുകളിലെയും പഴയകാല ബാറുകളിലെയും ജീവിതങ്ങളെ ഗുലർ പകർത്തിയിട്ടുണ്ട്. ചരിത്രകാരൻ കെമാൽ കഫാദർ
ചൂണ്ടിക്കാട്ടുന്നത് പോലെ ഓട്ടോമൻ സാമ്രാജ്യത്തിൽ രാഷ്ട്രീയ ചർച്ചകൾക്കും ആഘോഷങ്ങൾക്കും വേദിയായിരുന്ന കോഫി ഷോപ്പുകൾ അതിന്റെതായ പൊതുസംസ്കൃതി രൂപപ്പെടുത്തിയിട്ടുണ്ട്. ലിംഗഭേദമന്യേ പൊതുജനം വ്യവഹരിച്ചിരുന്ന ആധുനിക കോഫി ഷോപ്പുകൾ പ്രസിദ്ധിയാർജിച്ചതോടുകൂടി പൗരാണിക കഹ്വഖാനകൾ സമയം കൊല്ലികളായി കണക്കാക്കപ്പെട്ടുതുടങ്ങി. എന്നാൽ ആധുനിക ചുറ്റുപാടുകളിൽ നിന്നും ജീവിത രീതികളിൽ നിന്നും അരികുവത്കരിക്കപ്പെട്ട മനുഷ്യന് ഇത്തരം ഇടങ്ങൾ ഇന്നും ഒരഭയസ്ഥാനമാണ്.
കോഫി ഹൗസുകളിൽ ഗുലർ പകർത്തിയത് ആധുനിക നഗരത്തിന്റെ ദ്രുതഗതിയിലുള്ള ജീവിതത്തിന്റെ ഭാഗമായ, ഉത്പാദനത്തിലേർപ്പട്ടുകൊണ്ടിരിക്കുന്ന, സഞ്ചരിക്കുന്ന മനുഷ്യന് നേർവിപരീതമായി കാത്തുകിടക്കുന്ന മനുഷ്യനെയാണ്.
വർത്തമാനകാലത്തിനോ നീട്ടിക്കൊണ്ടുപോകുന്ന ഭാവിക്കുവേണ്ടിയോ വ്യക്തമായ ആസൂത്രണങ്ങളില്ലാതെ വരുമ്പോൾ കാലികമായ ഈ മന്ദത പലതും സ്വയം വിഭാവനം ചെയ്യുന്നുണ്ട്. ഒരുതരം നിശ്ചലമായ, അദൃശ്യമായ, ചുറ്റുപാടുകളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും വിഛേദിക്കപ്പെട്ട, സാമൂഹിക ബന്ധങ്ങൾ അറുത്തുമാറ്റപ്പെട്ട ഒരവസ്ഥയിലേക്കാണത് വിരൽചൂണ്ടുന്നത്. ഈ സവിശേഷതകൾ ഗുലറിന്റെ ചിത്രങ്ങളിലും പ്രതിധ്വനിക്കുന്നുണ്ട്. നഗരവിളക്കുകളാൽ അലങ്കരിക്കപ്പെടാത്ത ഉപയോഗശൂന്യമായ നഗരമുക്കുകളിൽ അന്തർലീനമായിരിക്കുന്ന ഭൂതകാലത്തെ കുറിച്ചുള്ള ഓർമകളിൽ നമ്മെ തളച്ചിടുന്ന ഓട്ടോമൻ കാലത്തെ പൗരാണികശേഷിപ്പുകളിൽ ഗുലരിനുള്ള ഈ താത്പര്യം ഇതേ ബന്ധവിച്ഛേദനത്തെയാണ് എടുത്തുകാണിക്കുന്നത്.
പഴയ ചായക്കടയിൽ നിന്നും ചായകുടിച്ചുകൊണ്ടിരിക്കുന്ന ലോക്കൽ സ്റ്റീൽ ഫാക്ടറിയിലെ പണിക്കാർ.അലാറം ക്ലോക്ക് അവർ പണിസ്ഥലത്തേക്കു മടങ്ങേണ്ട സമയമാണ് കാണിക്കുന്നത്.
കർത്താലിലെ ഒരു കോഫി ഷോപ്പ് 1956
ഇതുകൊണ്ടൊക്കെയാണ് ഗുലരിന്റെ ചിത്രങ്ങൾ നോബൽ ജേതാവായ ടർക്കിഷ് നോവലിസ്റ്റ് ഓർഹാൻ പാമുക്കിന്റെ ദുഃഖ (ഹുസൂൻ) സാന്ദ്രമായ, മങ്ങിയ ഇസ്താംബൂൾ വിവരണങ്ങളുടെ ദൃശ്യാവിഷ്കാരമാകുന്നത്. പാരീസ് സ്പ്ലീനെ(Paris Spleen) കുറിച്ചുള്ള ബൗഡലായിരിന്റെ(Baudelaire ) വിവരണങ്ങളോട് തട്ടിച്ചുനോക്കുമ്പോൾ വ്യത്യസ്ഥ ചുറ്റുപാടുകളും ലൗകികതയും ഉൾച്ചേർന്ന ഈ ബഹുമുഖനഗരത്തിൽ നഷ്ടത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും സ്ഥായിയായ ദുഃഖത്തിന്റെയും ഓർമകളാണ് ഹുസൂൻ. രാജകീയ-റിപ്പബ്ലിക്കൻ ചരിത്രമുഹൂർത്തങ്ങൾ ഇന്നും ചോദ്യം ചെയ്യപ്പെടാതെ നിൽക്കുന്നതിനാലും പുതിയതായി കടന്നുവന്ന ആധുനികസംസ്കാരം ഒരിക്കലും പൈതൃകവത്കരിക്കപ്പെടാത്തതിനാലും ഇസ്താംബൂൾ നഗരത്തെ അവ ഇന്നും ഒരു പ്രഹേളികയായി പിന്തുടരുകയാണ്.
ടോഫാനെയിലെ ഒരു കള്ളുഷാപ്പിൽ ചിന്താനിമഗ്നനായി നിൽക്കുന്നയാൾ 1959
ഇസ്‌താംബൂളിലെ യൂറോപ്യൻ തുറമുഖത്തുനിന്നും ഏഷ്യൻ തീരങ്ങളിലേക്കു പോകുന്ന ഒരു ബോസ്‌ഫോറസ് പാസഞ്ചർ ബോട്ട് 1965
പാമുക്കിന്റെ A Strangeness in My Mind എന്ന നോവലിലും സമാനമായ ഒരനുഭൂതി നമുക്ക് കണ്ടെത്താനാകും. ഇസ്താംബൂൾ നഗരത്തിൽ കറങ്ങിനടന്ന് ബോസാ(boza) വിൽക്കുന്ന ഗുലരിന്റെ കൈത്തൊഴിലാളികളുടെ നേർപതിപ്പാണ് നോവലിലെ മുഖ്യകഥാപാത്രമായ മൗലത് (Mevlüt). നഗരത്തിൽ അലസമായി ചുറ്റിനടക്കുമ്പോൾ മാറിക്കൊണ്ടേയിരിക്കുന്ന വർത്തമാനകാലവും ചരിത്രത്തിന്റെ ഏടുകളും മൗലത്തിനുമുന്നിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇസ്താംബൂളിലേക്ക് കുടിയേറുകയും ഒരു ചേരിനിവാസിയായി കാലക്രമേണ അന്യവത്കരിക്കപ്പെടുകയും പഴഞ്ചനാക്കപ്പെടുകയും ചെയ്യുന്ന മൗലത്തിന്റെ കണ്ണുകളിലൂടെ 1950കൾ മുതലുള്ള ഇസ്താംബൂളിന്റെ വളർച്ച നമുക്ക് കാണാം. നർമാൻലി ഹാനെ കുറിച്ചുള്ള ഡോക്യുമെന്ററിയിലെ ലോട്ടറിവില്പനക്കാരനിലും സമാനമായ വിധിക്കടിമപ്പെടുന്ന ഒരാളുണ്ട്. സത്യത്തിൽ ഒരു ചതിയായിരുന്ന പുനരുത്ഥാനത്തിനു മുമ്പ് ഇസ്തിക്ലാൽ സ്ട്രീറ്റിന്റെ പ്രധാനകെട്ടിടങ്ങളിലൊന്നിന്റെ മുറ്റത്തിരുന്ന് അദ്ദേഹം പറയുന്നുണ്ട്
“നാമിവിടത്തെന്നെയിരിക്കും. ഇവിടെ ചുറ്റിനടക്കുകയും ഇവിടേതന്നെയിരിക്കാൻ വീണ്ടും വരുകയും ചെയ്യും”.
നാം ഇരിക്കും (otururduk) )എന്ന ആ പ്രയോഗം ഇന്ന് കാലഹരണപ്പെട്ട സാമൂഹികതയുടെ ആവർത്തനതാളത്തെ കാണിക്കത്തക്കവണ്ണം ഡോക്യുമെന്ററിയിൽ പലവുരുആവർത്തിക്കുന്നുണ്ട്.
മറഞ്ഞുപോയ കാലത്തെ തേടിയിറങ്ങിയ ഒരു പ്രൗഷ്യൻ (Proustian) എന്നു നമുക്ക് ഗുലരെ വിശേഷിപ്പിക്കാം. ഇസ്താംബൂൾ തെരുവുകളിലെ നഗരദരിദ്രരായിരുന്ന വ്യക്തികളായിരുന്നു അദ്ദേഹത്തിന്റെ മാഡലൈൻ( Madeleine) എന്നതുമാത്രമാണ് വ്യത്യാസം. നഷ്ടപെട്ടത് തിരികെകൊണ്ടുവരാനുള്ള അദ്ദേഹത്തിന്റെ ഈ അന്വേഷണത്വര വെറും ആന്തരികമായ കാൽപനികവത്കരണമല്ല, മറിച്ച് ബാഹ്യലോകത്തുനിന്നുണ്ടാകുന്നതാണ്. അദ്ദേഹമെപ്പോഴും പറയാറുള്ളത് തന്റേതായ വാഖ്യാനങ്ങൾ നൽകുന്ന ഒരു കലാകാരനല്ല താനെന്നും മറിച്ച് ജീവിതത്തെ അതിന്റെ തന്മയത്വത്തോടുകൂടി അടയാളപ്പെടുത്തുന്ന ദൃശ്യസൂക്ഷിപ്പുകാരനാണ് താനെന്നുമാണ്.അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫുകളിൽ ഇരുന്നുകൊണ്ടും കാത്തുകിടന്നുകൊണ്ടും നഗരത്തെ പലതരത്തിൽ വിനിയോഗിച്ചുകൊണ്ടുമുള്ള മനുഷ്യരാണ് ഇസ്‌താംബൂളിന്റെ പൊതുമണ്ഡലത്തെ വരയ്ക്കുന്നത്. പാർശ്വങ്ങളിൽ നിന്നും നഗരമധ്യത്തിലേക്കുവന്നുകൊണ്ടാണ് ഗുലർ ഇസ്താംബൂളിന്റെ നഗരചിത്രം ക്രമീകരിക്കുന്നത്.ഈ ക്രമീകരണമാണ് ഭാവപ്രകടനകളിലൂടെയും അനുഭവങ്ങളിലൂടെയും ഒരുപിടി വാതായനങ്ങൾ തുറന്നുതരുന്ന, വൈകാരികമായ അസ്തിവാരം നഷ്ടപ്പെടുന്ന ഹുസൂൻ എന്ന വ്യതിരിക്തമായ അവസ്ഥയെ അടയാളപ്പെടുത്തുന്നതും.