യഖീനിയ്യാത്തുല്‍ കൗനിയ്യ; ആധുനികതയോട് സംവദിക്കുന്ന ബൂത്വിയന്‍ നരേഷന്‍

 

എന്റെ നിഗമനമല്ല എന്റെ വിശ്വാസം. ദൃഢമായ ജ്ഞാന സമീപനങ്ങളിലൂടെ ഞാന്‍ എത്തിച്ചേര്‍ന്ന പരമമായ ബോധ്യമാണ് എന്റെ വിശ്വാസം.- എന്ന തുറന്നു പറച്ചലിന്റെ അക്ഷര കൂട്ടുകളാണ് ശൈഖ് സഈദ് റമളാന്‍ ബൂത്വിയുടെ കുബ്‌റാ യഖീനിയ്യാത്തുല്‍ കൗനിയ്യ. പൗരോഹിത്യം, അശാസ്ത്രീയം, യാഥാസ്ഥികം, തുടങ്ങിയ സംജ്ഞകളിലൂടെ ഇസ്‌ലാമിനു നേരെ യുക്തി രാഹിത്യത്തെ ചാര്‍ത്തിയവര്‍ക്കു നേരെ, തൂലികയില്‍ തീര്‍ത്ത വജ്രായുധമെന്ന് ഈ കൃതിയെ വിശേഷിപ്പിക്കാം.


ദൃഢമായ വിജ്ഞാനമാണ് സത്യവിശ്വാസം. ഇതാണ് ഇസ്‌ലാം വിഭാവന ചെയ്യുന്ന വിശ്വാസ സമീപനം. കര്‍ശനമായ ഈ സമീപന രീതിയില്‍ ബോധ്യപ്പെടുന്നതും, സംശയാതീതമായി സ്ഥിതീകരിച്ചതുമായ കാര്യങ്ങളും, അതിലേക്ക് നയിച്ച ജ്ഞാനനിര്‍ദ്ധാരണ രീതിയും കൃത്യമായി വിസ്തരിക്കുന്ന ഈ കൃതി വിശ്വാസ ജ്ഞാനങ്ങളെ നാലായി ക്രമീകരിച്ചു.

അല്‍ ഇലാഹീയ്യാത്ത്(ദൈവീകം), അന്നുബുവ്വാത്ത്(പ്രവാചകീയം), അല്‍ കൗനിയ്യാത്ത്( മനുഷ്യ ജിന്ന് മലക്കുകളുടെ ലോകം), അല്‍ ഗൈബിയ്യാത്ത്(അദൃശ്യജ്ഞാനം) എന്നിങ്ങനെയത്രെ ആ ചതുര്‍ ഖാണ്ഡങ്ങള്‍. അതിനു മുമ്പായി വിശ്വാസ ശാസ്ത്രത്തില്‍ സ്വീകരിക്കേണ്ട ജ്ഞാന നിര്‍ദ്ധാരണ സമീപനത്തെ ചിട്ടപ്പെടുത്തിയുളള മുഖവുരയിലൂടെ അടിത്തറ പാകിയാണ് ചര്‍ച്ചകള്‍ക്ക് ബൂത്വി തുടക്കം കുറിക്കുന്നത്.

യുക്തിവാദമെന്ന പേരില്‍ യുക്തിരഹിതമായ സങ്കല്‍പ്പങ്ങള്‍ വെച്ചു പുലര്‍ത്തുന്ന പാശ്ച്യത്യന്‍ ജ്ഞാന സമീപനത്തെ ബുദ്ധിപരമായ വിചാരണക്ക് വിധേയമാക്കുന്നുണ്ട്, ശേഷം ഇസ്ലാമിന്റെയും, പാശ്ചത്യരുടെയും ജ്ഞാന സമീപനങ്ങളെ താരതമ്യപ്പെടുത്തിയുളള ബൂത്വിയുടെ അവതരണം, വിശ്വാസ വിമര്‍ശകരുടെ കഴുത്തറക്കുന്നുവെന്ന് കൃതി വായിക്കുന്നവര്‍ക്ക് വ്യക്തമാകും. നവകാലത്ത് ഇസ്‌ലാമിനെതിരെ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്കുളള പ്രതികരണവും, കലോചിതമായ വിരങ്ങള്‍ ഉള്‍പ്പെടുത്തിയുളള ഗ്രന്ഥത്തിന്റെ ക്രമീകരണവും ബൂത്വിയുടെ വൈജ്ഞാനിക മികവിനെയും, ചിന്തയിലെ നവത്വത്തെയും അടയാളപ്പെടുത്തുന്നുണ്ട്.


മുഖവുര


മൂന്ന് ഉപാധ്യായങ്ങളിലൂടെയാണ് മുഖവുര ചിട്ടപ്പെടുത്തിയിരിക്കുന്നത്. മുസ്‌ലിം പണ്ഡിതന്മാര്‍, മറ്റു ജ്ഞാനന്വേഷകരുടെ ജ്ഞാനനിര്‍ദ്ധാരണത്തെ പറ്റിയുളള വിശകലനമാണ് ഒന്നാം ഭാഗം. സര്‍വ്വ സമ്മതിയായ ഒരു പൊതുതത്വം ഉയര്‍ത്തി, അതിനെ ആധാരമാക്കിയാണ് വിസ്താരത്തിലേക്ക് കടക്കുന്നത്. അത് ഇങ്ങനെ വായിക്കാം. ”വസ്തുതാപരമായി ഒരു വസ്തുവാണെന്ന് അറിവെന്ന നിലക്ക് ബോധ്യമാകണമെങ്കില്‍, അന്വേഷണ ഫലം സംശയാതീതമായി ബോധ്യപ്പെടേണ്ടതുണ്ട്. അതിനാല്‍ സ്വീകരിക്കുന്ന അന്വേഷണ രൂപം പിഴവില്‍ നിന്ന് മുക്തമായിരിക്കണം.

സംശയത്തിലൂന്നിയ ഗവേഷണത്തിന്റെ ഫലം ഒരു വിധത്തിലും ദൃഢമായ ജ്ഞാനമായിരിക്കില്ല. അത് സംശയം മാത്രമായിരിക്കും.

അഥവാ അന്വേഷണത്തിന് അടിസ്ഥാനപ്പെടുത്തിയ അറിവുകള്‍ക്ക് സമാനമായ ജ്ഞാനങ്ങള്‍ മാത്രമെ അന്വേഷണ ഫലമായി പിറവിയെടുക്കുകയുളളു. അതു കൊണ്ട് എല്ലാ ജ്ഞാനാന്വേഷകനും വൈജ്ഞാനികമായ നിര്‍ദ്ധാരണ രീതിയാണ് സ്വീകരിക്കേത്.

സംശയമോ, തോന്നലുകളോ, ജ്ഞാനന്വേഷണത്തിന്റെ മാര്‍ഗ്ഗമായി സ്വീകരിക്കരുത്. അങ്ങനെ സ്വീകരിച്ചാല്‍ ജ്ഞാന ഫലം വസ്തുത വിരുദ്ധമായിരിക്കും. ഈ പറഞ്ഞത് വസ്തുത പരവും, ഒരാള്‍ക്കും സംശയത്തിന് വകുപ്പില്ലാത്ത വിധം പ്രസിദ്ധമായ യാഥാര്‍ത്ഥ്യമാണ്.” ഈ മൗലിക തത്വത്തെ മുന്‍നിര്‍ത്തി ഇസ്‌ലാമിലെ ജ്ഞാന സമീപനത്തെയും, പാശ്ചാത്യ സമീപനത്തെയും താരതമ്യപ്പെടുത്തി, പാശ്ചാത്യന്‍ എപ്പിസ്റ്റ്‌മോളജിയെ വിചാരണ ചെയ്യുന്നു. ഈ തത്വത്തിലാണ് ഇസ്‌ലാമിലെ എപ്പിസ്‌റ്റോമോളജി എന്നു കൃത്യമായി അടയാളപ്പെടുത്തുകയാണ ആദ്യ ഭാഗത്തെ വിസ്താരങ്ങള്‍.


സത്യത്തില്‍ നിന്നു മാത്രം ജനിക്കുന്ന ഒന്നല്ല ശാസ്ത്രം. ആശയരൂപീകരണത്തിലും, പ്രയോഗങ്ങളിലും വസ്തു നിഷ്ഠ ജ്ഞാനത്തോടൊപ്പം ഭാവനകളും, മിഥ്യകളും, അസത്യങ്ങളും കൂടിക്കലര്‍ന്ന പ്രയോഗങ്ങളും, തത്വനിര്‍മ്മിതികളും ശാസ്ത്രത്തിനുണ്ട്. അതിനാല്‍ അതിന്റെ ഉത്പന്നങ്ങളിലും, ഉരുത്തിതിരിഞ്ഞു വരുന്ന ആശയങ്ങളിലും അസത്യങ്ങളും, മിഥ്യകളും സ്വഭാവികമാണ്. മിഥ്യകള്‍ രൂപപ്പെടുത്താനും, അസത്യങ്ങളെ സത്യവത്കരണം നടത്താനും ശാസ്ത്രം വലിയ തോതില്‍ വിനിയോഗിക്കപ്പെടുന്നുണ്ട്. അതാണ് ശാസ്ത്രത്തെ അടിത്തറയാക്കി വളര്‍ന്നു വരുന്ന ആശയ സങ്കല്‍പ്പങ്ങളില്‍ വൈരുധ്യങ്ങളും, ആശയശൈഥില്യങ്ങളും ഉണ്ടാകുന്നതെന്ന് കാണിക്കുന്നു. ശാസ്ത്രത്തിന്റെ മാപിനികകത്ത് ഒതുങ്ങാത്തതിനെ നീരിക്ഷണ പരീക്ഷണത്തില്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത് ബുദ്ധിശൂന്യതയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ബൗദ്ധികമാനങ്ങളും താത്വികമാനങ്ങളുമാണെന്ന് അവലംബിക്കേണ്ടതെന്ന വസ്തുതയെ കൃത്യമായി അവതരിപ്പിക്കുന്നു. അതിനാല്‍ നീരിക്ഷണ പരിക്ഷണത്തില്‍ ഒതുങ്ങുന്ന കാര്യങ്ങള്‍ മാത്രമെ ശാസ്ത്രത്തെ തെളിവായി അവലംബിക്കാവൂ എന്ന്് മുഖുവുരയില്‍ കുറിച്ചിടുന്നു. ഈ മുഖവുരയെ ആധാരമാക്കിയാണ് പിന്നിടുളള ചര്‍ച്ചകള്‍ വികസിക്കുന്നത്.


മുസ്‌ലിം പണ്ഡിതന്മാരുടെ പക്കല്‍ വിജ്ഞാനത്തിന്റെ സ്വീകാര്യതയ്ക്ക് അവലംബിക്കുന്ന ഒരു പൊതു തത്വമാണ്, ഉദ്ധരണിയാണെങ്കില്‍ സ്വീകര്യതയും, വാദമാണെങ്കില്‍ തെളിവും വ്യക്തമാകണം എന്നുളളത്. വിശ്വാസ ശാസ്ത്രത്തില്‍ ഉദ്ധരണിയുടെ സ്വീകര്യത പരിഗണിക്കുന്നത് മുത്വവാത്വിറിനെയാണ്. കളവില്‍ യോജിക്കല്‍ അസംഭവ്യമായ അത്രയും സംഘം, ഓരോ കാലത്തിലും കൈമാറ്റം ചെയ്യപ്പെട്ടതായ പ്രമാണങ്ങള്‍ക്കാണ് മുത്വവാത്വിര്‍ എന്നു വിശേഷിപ്പിക്കുന്നത്. ഖുര്‍ആന്‍, മുത്വവാത്വിറായി കൈമാറ്റം ചെയ്യപ്പെട്ട ഹദീസ് എന്നിവയാണ് സംശയാതീതമായ ഉദ്ധരണി. വാദത്തിന്റെ തെളിവായി കൊണ്ട് വരുന്ന കാര്യം ഒരു പക്ഷേ നീരിക്ഷണ പരീക്ഷണത്തിലൂടെ വ്യക്തമാക്കാന്‍ സാധിക്കുമെങ്കില്‍ സയന്റിഫിക്കായ തെളിവാണ് പരിഗണിക്കുക. സയന്റിഫിക്കായ തെളിവിലൂടെ തെളിയിക്കാന്‍ സാധിക്കാത്ത വാദങ്ങളില്‍ അവലംബിക്കുന്നത് ഇല്‍ത്തിസാമുകളെയാണ്. ഒരിക്കലും ഇല്‍ത്തിസാമ് () ഖത്വഈ പ്രമാണമായി നില കൊളളുന്നതല്ലെന്ന് ബുദ്ധിയുളളവര്‍ക്ക് ബോധ്യമാണ്. വഴിയിലൂടെ ആടി നടക്കുന്നത് കാണുമ്പോള്‍ ഇല്‍ത്തിസാമായ തെളിവവലംബിച്ച് മദ്യപാനിയെന്ന് വിധിക്കാറുണ്ട്. ചില രോഗം കാരണമായി പലരും ആടി ഉലഞ്ഞ് നടക്കാറുണ്ട്. ആടി നടക്കുന്നവനെല്ലാം കുടിയനെന്ന് വിധിക്കുന്നത് വസ്തുത വിരുദ്ധമാണ്. അറിവിന്റെ വിഷയത്തില്‍ വസ്തുതകള്‍ മാത്രമെ ആശ്രയിക്കാവൂ, അതിനാല്‍ ഇല്‍ത്തിസാമിനെ വദാത്തിന്റെ പ്രബലമായ പ്രമാണമായി അവലംബിക്കുകയില്ല. മനുഷ്യന്റെ ബാഹ്യ ജ്ഞാനേന്ദ്രിയങ്ങള്‍ കൊണ്ട് കണ്ടത്താന്‍ കഴിയാത്താതും, കൃത്യവും സീകാര്യവുമായ പ്രമാണങ്ങളില്ലാത്ത വാദങ്ങളാണ് ഈ ഗണത്തില്‍ ഉള്‍പെടുക. നീരിക്ഷണത്തിലുടെയോ, പരീക്ഷണത്തിലൂടെയോ കണ്ടെത്താന്‍ സാധിക്കാത്ത ഒരു സിദ്ധാന്തമാണ് പരിണാമം. പഴയ കാലത്ത് മനുഷ്യ കുരങ്ങനായിരുന്നു. പിന്നീട് അവന്‍ ഘട്ടം ഘട്ടമായി മനുഷ്യനായി പരിണമിച്ചു. ഇതിന് ഇല്‍ത്തിസാമാണ് പ്രമാണം. അത് കേവലം ഭാവനയോ, തോന്നലുകളോ മാത്രമാണ്. അതിനാല്‍ ഈ തെളിവുകള്‍ ആധാരമാക്കി ഇത്തരം വാദങ്ങളെ അറിവെന്ന് കൃത്യതപ്പെടുത്താന്‍ സാധ്യമല്ല.ഇതാണ് മുഖവുരയിലെ പ്രാഥമിക ചര്‍ച്ച. ഇതിന്റെ വെളിച്ചത്തില്‍ വിശ്വാസ ശാസ്ത്രത്തില്‍ വ്യക്തിയുടെ അടിസ്ഥാന സമീപനത്തെ കൃത്യതപ്പെടുത്തിയ വാക്കുകള്‍ ഇങ്ങനെ വായിക്കാം. വിശ്വാസ കാര്യത്തില്‍ അവലംബിക്കേത് ദൃഢമായ ജ്ഞാനത്തെയാണ്. വിശ്വാസിയുടെ ഈമാന്‍ സ്വീകരിക്കപ്പെടാന്‍ സ്വന്തമായുളള ദൃഢ ജ്ഞാനത്തെ അവലംബിക്കാനാണ് കല്‍പ്പിക്കുന്നത്. അനുകരണം, മറ്റൊരാളെ പിന്തുടരല്‍ എന്നിവ വിശ്വാസ കാര്യത്തില്‍ പാടില്ലാത്തതാണെന്ന് മുസ്‌ലിം പണ്ഡിതന്മാര്‍ വളരെ വ്യക്തമായി പറഞ്ഞതാണ്. ഈ അടിസ്ഥാനത്തിലൂന്നിയാണ് ബൂത്വി ഒന്നാം ഭാഗത്തിലെ ചര്‍ച്ചയക്ക് സമാപ്തി കുറിക്കുന്നത്.


ആരാധന കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാതെ, അല്ലാഹുവിനെ അംഗീകരിക്കാതെ, സ്വതന്ത്രമായുളള ജീവിതം നയിക്കാന്‍ എന്തു കൊണ്ട് അനുവാദം നല്‍കിയില്ല എന്ന ചോദ്യം ഉന്നയിക്കുകയും, അതിന്റെ അര്‍ത്ഥത്തെ മതപക്ഷത്ത് നിന്നുളള വായനയാണ് മുഖവുരയിലെ രണ്ടാം ഭാഗം . മനുഷ്യന്റെ ഉത്തരവാദിത്വത്തെ പറ്റിയും, ബഹുമതിയെ പറ്റിയുമുളള ഈ ഭാഗത്തുളള വിവരണം ഹൃദ്യമാണ്. സത്യമതത്തിലൂന്നിയ ജീവിതം, ഭൂമിയിലെ പലതിനെയും കീഴ്‌പ്പെടുത്തിക്കൊടുത്ത മനുഷ്യനില്‍ എല്‍പ്പിക്കപ്പെട്ട ഖിലാഫത്തിന്റെ നിവര്‍ത്തിയത്രെ. ആദം മുതല്‍ക്കേ പ്രാരംഭം കുറിച്ച ഇസ്‌ലാമിക ജീവിത്തിനു മുന്ന് മാനങ്ങളുണ്ട്. വിശ്വാസപരം, കര്‍മ്മം, ആദ്ധ്യാത്മികം എന്നിവയാണിവ. എല്ലാ പ്രവാചകന്മാരും പ്രബോധനം നടത്തിയത് ഏകദൈവത്വമാണ്. എന്നാല്‍ കര്‍മ്മ കാര്യങ്ങള്‍ വ്യത്യസ്തമാണ്. മൂസാ പ്രവാചകന്റെ കര്‍മ്മ നിയമങ്ങളായിരുന്നില്ല ഈസാ പ്രവാചകന്റെത്. ഇരുവരുടെയും ശരീഅത്ത് നിയമം വ്യത്യസ്തമാണ്. ഇങ്ങനെ കാലാടിസ്ഥാനത്തില്‍ കര്‍മ്മ കാര്യത്തില്‍ വ്യത്യാസം കാണാവുന്നതാണെന്ന പ്രാമാണിക വെളിച്ചത്തില്‍ വിവരിക്കുന്നതാണ് മൂന്നാം ഭാഗം.


ദൈവികം


ദൈവീകാസ്ഥിത്വത്തെ അംഗീകരിക്കാന്‍ മനുഷ്യന്‍ ആശ്രയിക്കേണ്ട പ്രമാണം ബുദ്ധിയാണ്. വിശ്വാസത്തില്‍ അനുകരണമോ, പിന്തുടര്‍ച്ചയോ, കുടുംബാഗമോ പരിഗണനീയമല്ല. ദൈവികമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ ബുത്വി മുന്ന് ഉപാധ്യായങ്ങളിലൂടെ വിശദീകരിക്കുന്നു. ഒന്നാമത്തെത് ദൈവികാസ്തിത്വത്തിന്റെ ഉണ്മയെ പറ്റിയാണ്. പിഴവുകളില്ലാത്ത ബൗദ്ധികമാനം ദൈവാസ്തിക്യത്തിന്റെ അനിവാര്യത അംഗീകരിക്കുന്നതാണ്. ബുദ്ധി രാഹിത്യമാണ് ദൈവ നിഷേധത്തിനടിസ്ഥാനമെന്ന് കൃത്യമായ ബൗദ്ധിക തെളിവുകളുടെ ബലത്തില്‍ സമര്‍ത്ഥിക്കുന്നുണ്ട്.
പിഴവുകളില്ലാത്ത ബൗദ്ധികമാനത്തില്‍ എങ്ങനെ ദൈവികാസ്തിത്വത്തിന്റെ ഉണ്മയെ കണ്ടെത്തണമെന്നതിന് ശക്തവും, സര്‍വ്വ സമ്മിതിയുയുമായ മൂന്ന് തെളിവുകളിലൂടെയാണ് ഒന്നാം ഭാഗത്തിന്റെ മുഖ്യ ഭാഗം. ദൈവികാസ്തിത്വത്തിന് അനിവാര്യമായ വിശേഷണങ്ങളെ പറ്റി രണ്ടാം ഭാഗത്തില്‍ സംസാരിക്കുന്നു. ബൗദ്ധിക മാനത്തില്‍ മനുഷ്യന്‍ എത്തിച്ചേര്‍ന്ന ദൈവികാസ്തിത്വത്തിന് അനിവാര്യമായി ഉണ്ടാകേണ്ട വിശേഷണങ്ങള്‍, പാടില്ലാത്ത വിശേഷണങ്ങള്‍, ഉണ്ടാകല്‍ അനുവദനീയമായ വിശേഷണങ്ങള്‍ എന്നിങ്ങനെ മൂന്ന് തരത്തിലുളള വിശേഷണങ്ങളെയും വിശദമായി വിസ്തരിക്കുന്നു. ബുദ്ധി ശരിവെക്കുന്ന ദൈവികാസ്തിത്വത്തെയാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നതെന്ന് സ്ഥിതീകരിക്കാന്‍ വിശുദ്ധ വചനങ്ങള്‍ ഉദ്ധരിക്കുന്നു. ഏകദൈവത്വമാണ് ബുദ്ധിയും ഇസ്‌ലാമും അംഗീകരിക്കുന്നത്. ബഹുദൈവത്വം പ്രപഞ്ചത്തിന്റെ ഉണ്മയെ തന്നെ സാധ്യമാക്കാത്തതാണ്. ചിന്തയെ മരവിപ്പിക്കുന്നതോ, മനുഷ്യനെ മയക്കുന്നതോ ആയ ലഹരിയല്ല മതം. ഉയര്‍ച്ചയുടെയും, പരമബോധ്യത്തിന്റെയും പരമാന്ദത്തിലേക്ക് എത്തിപ്പിടിക്കാനുളള പിടി വളളിയെന്ന് കൃത്യതപ്പെടുത്തുന്നു.


തുടക്കമില്ലാത്തവന്‍, അവസാനമില്ലാത്തവന്‍ തുടങ്ങിയ ദൈവിക വിശേഷണങ്ങള്‍ മനുഷ്യ ഭാവനയക്ക് ഉള്‍കൊളളാന്‍ പ്രാപ്തമല്ലെങ്കിലും, ഇത്തരം വിശേഷണങ്ങള്‍ ബുദ്ധി അംഗീകരിക്കുന്നതും, ശരിപ്പെടുത്തുന്നതുമാണെന്ന് ഉദാഹരണ സഹിതം വ്യക്തമാക്കുന്നു. മനുഷ്യന്റെ അനുഭവ ജ്ഞാനത്തില്‍ നിന്നോ, പരിചയ സമ്പത്തില്‍ നിന്നോ ഗ്രഹിച്ചെടുക്കാന്‍ സാധിക്കുന്നതല്ല ഖദീം, ബഖാഅ് തുടങ്ങിയ വിശേഷണങ്ങള്‍, ജന്മനാ കുരുടനായ വ്യക്തിക്ക് തന്റെ ജ്ഞാന പരിസരത്ത് നിന്ന് നിറങ്ങളെയോ, പ്രകാശത്തെയോ തന്റെ ഭാവനചൈതന്യത്തിലൂടെ ഗ്രഹിച്ചെടുക്കാല്‍ സാധ്യമല്ലത്തതുപോലെ ഈ വിശേഷണങ്ങളും. എന്നാല്‍ കുരുടന്റെ ബുദ്ധി ചൈതന്യം നിറത്തിന്റെയും, പ്രകാശത്തിന്റെയും ഉണ്മയെ സ്ഥിരപ്പെടുത്തുന്നു. അത് ഗ്രഹിക്കാന്‍ ബുദ്ധിക്ക് സാധ്യമാകുന്നു. അതിനാല്‍ ബുദ്ധിക്ക് ഗ്രഹിക്കാന്‍ സാധിക്കാത്ത വിശേഷണങ്ങള്‍ എന്നു പറയരുത്. ബുദ്ധി അസംഭവ്യമായി കാണുന്ന കാര്യങ്ങളുടെ ഉണ്മ വിശ്വസിക്കാന്‍ ഇസ്‌ലാം ആവശ്യപ്പടുന്നില്ല. വസ്തു നിഷ്ഠവും, സത്യസന്ധവുമാണ് ഇസ്‌ലാം.


സിഫാത്തു ദാത്തിയ്യ, സല്‍ബിയ്യ, മആനിയ്യ, മഅനവിയ്യ എന്നിങ്ങനെ വര്‍ഗ്ഗീകരിച്ച് ദൈവിക വിശേഷണങ്ങളെ വിസ്തരിക്കുന്നു. മുഅ്തസിലിയ്യ, ജബ്‌രിയ്യ, എന്നീ അവാന്തര വിഭാഗത്തോടുളള ഇന്റര്‍ ഡിബേറ്റും(Inter Debate), ക്രിസ്തീയ സംങ്കല്‍പ്പത്തിനെതിരെയുളള ഇന്റ്രാ ഡിബേറ്റും(Intra Debate) ഉള്‍പ്പെടുത്തിയത് ഗ്രന്ഥത്തിന് മാറ്റു കൂട്ടുന്നു. ഈ വിശേഷണങ്ങളെ തുടര്‍ന്നു വരുന്ന ചര്‍ച്ചകളാണ് മൂന്നാം ഭാഗത്തില്‍ നന്മ തിന്മ, ഖദ്‌റ് ഖളാഅ്, മുഹഖമായ ആയത്തുകള്‍, മുതശാബിഹായ ആയത്തുകള്‍ എന്നിവയിലെ ചര്‍ച്ചകളാണ് പിന്‍ പുറങ്ങളില്‍ ഉള്‍കൊളളിച്ചത്. മുതശാബിഹായ ആയത്തുകള്‍ വ്യഖ്യാനിക്കേണ്ടതിന്റെ അനിവാര്യതക്കെതിരെ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് സര്‍വ്വ സമ്മതിയായ ബൂത്വിയുടെ മറുപടി ശ്രദ്ധേയമാണ്. അല്ലാഹു അര്‍ശില്‍ ഇരിക്കുന്നവനാണ് എന്ന സൂക്തം, അല്ലാഹു ഖണ്ഡനാളിയെക്കാള്‍ അടുത്തവനാണ് എന്നതിനോട് വൈരുധ്യമാണ്. അതെ പ്രകാരം സൂറത്ത് ത്വാഹ 39-ല്‍ എന്റെ ഒരു കണ്ണും, ത്വൂറിലെ 48-ാം സൂക്തത്തില്‍ എന്റെ രണ്ട് കണ്ണുകള്‍ എന്ന് പറഞ്ഞതും കാണാം. ഇവയെല്ലാം വ്യാഖ്യാനം ചെയ്യാതെ ബാഹ്യാര്‍ത്ഥത്തില്‍ തന്നെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ ഖുര്‍ആനില്‍ വൈരുധ്യമുണ്ടെന്ന് സമ്മതിക്കേണ്ടി വരും. വിശുദ്ധ ഖുര്‍ആനില്‍ വൈരുധ്യമില്ലെന്നതില്‍ ആര്‍ക്കാണ് തര്‍ക്കമുളളത്? അതിനാല്‍ സ്വലഫുകളുടെയോ, ഖലഫുകളുടെയോ ധാര സ്വീകരിച്ച് വ്യാഖ്യാനിക്കല്‍ നിര്‍ബന്ധമാണ്.


നാലാം ഭാഗത്തില്‍ അല്ലാഹുവിനെ കാണാന്‍ പറ്റുമോ? എന്ന വിഷയത്തിലുളള വിസ്താരമാണ്. ബൗദ്ധികവും, മതകീയവുമായ പ്രമാണങ്ങളിലൂടെ ചര്‍ച്ചക്ക് പര്യവസാനം കുറിച്ചതിനു ശേഷം മൂന്നാം ഖണ്ഡത്തിലേക്ക് പ്രവേശിക്കുന്നു.


നബവിയ്യാത്ത്


ഏക ദൈവത്വം അംഗീകരിച്ചവന്‍, തന്റെ ഉത്തരവാദിത്വത്തെ പറ്റി അറിയിക്കാനും, ബുദ്ധിയുടെ പരിമിതിയില്‍ താന്‍ കാണാതെ പോയ/ കാണാന്‍ കഴിയാത്ത ദൈവീക യാഥാര്‍ത്ഥ്യങ്ങളെ ബോധ്യപ്പെടുത്താനും പ്രവാചകന്മാര്‍ അനിവാര്യമാണ്. പ്രവാചകത്വം, പ്രബോധന ദൗത്യം, എന്നിവയുടെ ആഴമേറിയ ചര്‍ച്ചയാണ് അഞ്ച് ഉപാധ്യായങ്ങളിലായി ബൂത്വി പ്രതിപാദിക്കുന്നത്. സ്വമനസ്സാലെ ഉണ്ടായ ഒരു ബോധോദയം/ മാനസിക വൈകല്യം എന്നിങ്ങനെയുളള ഓറിയന്റലിസ്റ്റ് നിലപാടിനെ ശക്തമായ ബൂത്വിയന്‍ പ്രതികരണത്തിന്റെ ഇവിടെ വായിക്കേണ്ടതുണ്ട്. വഹ്‌യിന്റെ പ്രഭവ കേന്ദ്രം സ്വമനസ്സല്ല, തീര്‍ച്ചയായും അത് പുറത്ത് നിന്നുണ്ടായതാണ്. പുറത്തുളള ഒരു സൃഷ്ടിയെ കണ്ടുമുട്ടുകയായിരുന്നു. മലക്ക് ജിബ്‌രീല്‍ തിരുമേനിയെ മൂന്ന് തവണ കെട്ടി പിടിച്ചുവെന്നതും, ഇഖ്‌റഅ് എന്ന് പറഞ്ഞതും, വഹയ്യ് പുറമെ നിന്നും ഉത്ഭവിച്ചതിന്റെ മതിയായ തെളിവാണ്. ശ്രദ്ധയോടെ വായിക്കേണ്ട മറ്റൊന്നുണ്ട്. ഇതെല്ലാം കണ്ട് നബി പേടിച്ചിരുന്നുവെന്ന്. മാനസിക ധാരണകളോ, തോന്നലുകളോ, ജ്ഞാനോദയമോ ഓരാളെ പനി ബാധിക്കുമാറ് പരിഭ്രന്തിപ്പെടുത്തുമായിരുന്നില്ല. അതു കൊണ്ട് ഹിറയില്‍ വെച്ച് ആരംഭിച്ച വഹ്‌യിന്റെ കാര്യത്തില്‍, അതെ പറ്റി ചിന്തയോ, മനനമോ, തോന്നലുകളായോ ചിത്രീകരിക്കുന്നത് അസംബന്ധമാണ്.
വിശുദ്ധ ജീവിതമാണ് പ്രവാചകന്മാരുടേത്, കുറ്റങ്ങളുടെയോ, ന്യൂനതയുടെയോ ആയ ഒരു കറുത്ത അടയാളം പ്രവാചക ജീവിതത്തില്‍ നിഴലിച്ചിട്ടില്ല. തന്റെ ദൗത്യനിര്‍വഹണത്തില്‍ ഒരു വിട്ടുവീഴ്ച്ച ചെയ്യാത്ത വിശ്വപ്രവാചകന്റെ ജീവതത്തെ തരംതാഴ്ത്തിയുളള/ നബിക്കെതിരെയുളള അരോപണങ്ങള്‍ ഉന്നയിക്കുന്നത് നബി വിവാഹത്തെ പറ്റിയാണ്. വിമര്‍ശകരുടെ അജ്ഞതയെയും, വൈകല്യമുളള വീക്ഷണത്തെയും ശക്തമായ ഭാഷയില്‍ ബൂത്വി പ്രതികരിക്കുന്നു.
എങ്ങനെയാണ് പ്രവാചകരില്‍ വിശ്വസിക്കേണ്ടത്. പ്രവാചകന്മാരുടെ വിശേഷണങ്ങള്‍, പ്രവാചകത്വത്തിന്റെ അടയാളമായ അമാനുഷിക കഴിവുകള്‍, പ്രവാചകത്വം മനുഷ്യ പ്രവര്‍ത്തനത്തിന്റെ ഫലമല്ല എന്നീ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന നാല് ഉപാധ്യായങ്ങളാണ് പിന്നീടുള്ളത്.


കൗനിയ്യാത്ത്


മലക്കുകള്‍, മനുഷ്യര്‍, ജിന്നുകള്‍ എന്നി വിഭാഗങ്ങളെയാണ് കൗന്‍ എന്ന വാക്കില്‍ വിവക്ഷിക്കുന്നത്. ഇവ ഓരോന്നിനെ പറ്റിയും വെച്ചു പുലര്‍ത്തേണ്ട ദൃഢ വിശ്വാസങ്ങളെ പറ്റിയാണ് ഈ ഖണ്ഡത്തിലെ പ്രതിപാദ്യ വിഷയം. നാലു ഭാഗങ്ങളാണ് ഇതിലുളളത്. ഒന്നാമത്തെത് മനുഷ്യരെ പറ്റിയാണ്. ദൈവിക പ്രതിനിധിയായി നിയോഗിക്കപ്പെട്ട മനുഷ്യന്റെ തുടക്കം മണ്ണില്‍ നിന്നാണ്. അതിനു ശേഷം ആദ്യ മനുഷ്യ അതെ രൂപത്തില്‍ തന്നെയാണ് മനുഷ്യ ആകാരവും, ആകൃതിയും. അവന്‍ വിശിഷ്ടനാണ്. ഉത്കൃഷ്ടനായ മനുഷ്യ വര്‍ഗ്ഗത്തെത്തന്നെ മുന്‍നിര്‍ത്തി മലക്കാണോ, മനഷ്യനാണോ കൂടുതല്‍ പവിത്രതയുളളവര്‍? എന്ന പ്രമാണിക അന്വേഷണവും ഉള്‍കൊളളുന്ന ഒന്നാ ഭാഗത്തിന്റെ അവസാനത്തില്‍ നവകാല ജീവോല്‍പത്തി സിദ്ധാന്തങ്ങളെ വിവരിക്കുകയും, തൊട്ട് മുമ്പില്‍ പ്രമാണികമായി സ്ഥിരപ്പെടുത്തി മനുഷ്യ സംബന്ധിയായ വിശ്വാസത്തെ ബൗദ്ധികമായി സമര്‍ത്ഥിക്കാന്‍ ഡാര്‍വിന്‍, ലാ മാര്‍ക്ക് തുടങ്ങിയവര്‍ മുന്നോട്ട് വെച്ച സിദ്ധാന്തങ്ങളെ ചര്‍ച്ചയില്‍ കൊണ്ടുവരുന്നു. ഈ സിദ്ധാന്തങ്ങള്‍ നീരിക്ഷണ പരീക്ഷണത്തിലൂടെ സമര്‍ത്ഥിക്കാന്‍ സാധിക്കാത്തതും, വ്യക്തമായ പ്രമാണമില്ലാത്തതിനാല്‍ ഇവ അംഗീകാരമല്ലെന്നും, ഇവരുടെ സിദ്ധാന്തങ്ങളില്‍ നിന്ന് ഉള്‍തിരിഞ്ഞ പ്രകൃതി നിര്‍ദ്ധാരണം, പരിണാമ സിദ്ധാന്തം, നവ ഡാര്‍വിനിസം എന്നിവ അബദ്ധമെന്ന് ജീവ ശാസ്ത്രത്തെയും, തത്വശാസ്ത്രത്തെയും മുന്‍നിര്‍ത്തി സംസാരിക്കുന്നു. അതോടൊപ്പം വിശ്വാസികള്‍ അനുവര്‍ത്തിച്ചു പോരുന്ന വിശ്വാസ സംഹിതയില്‍ മനുഷ്യനെ മഹുമതിയുളളവനും, വിശിഷ്ടനുമെന്നും ബൗദ്ധിക, മതകീയ പ്രമാണങ്ങളിലൂടെ വ്യക്തമാക്കുന്നു. ഇതെല്ലാം അദ്ദേഹത്തിന്റെ ജ്ഞാനാന്വഷണത്തെയും, ചിന്തയെയും കുറിക്കുന്നുണ്ട്.
മനുഷ്യരെ പോലെ മതവിധി ബാധിക്കുന്ന വിഭാഗങ്ങളാണ് ജിന്നുകള്‍, അവരെ സൃഷ്ടിക്കപ്പെട്ടത് തീയില്‍ നിന്നാണ്. മലക്കുകള്‍ തിന്നുക, കുടിക്കുക, ഭോഗിക്കുക എന്നീ വിശേഷണങ്ങളില്ലാത്ത വിശിഷ്ട സൃഷ്ടികളാണ്. തുടങ്ങിയ പ്രധാന കാര്യങ്ങളാണ് ഈ അധ്യായങ്ങളിലെ മറ്റു ചര്‍ച്ചകള്‍.


ഗൈബിയ്യാത്ത്


അദൃശ്യജ്ഞാനങ്ങളെ പറ്റിയാണ് നാലാം ഭാഗത്തില്‍ വിവരിക്കുന്നത്. മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങള്‍ക്കോ, ബുദ്ധിക്കേ കണ്ടെത്താന്‍ സാധിക്കാത്ത കാര്യങ്ങളെ പറ്റിയാണ് ഗൈബിയ്യാത്ത് എന്നു പറയുക. മരണാന്തര ജീവിതം, പരലോക ജീവിതം, ലോകവസാനത്തിന്റെ അടയാളങ്ങള്‍ എന്നിവയാണ് ഇവയിലെ ചര്‍ച്ച വിഷയം. അല്ലാഹുവിലും, പ്രവാചകരിലും വിശ്വസിച്ച വ്യക്തി ഇത്തരം വിഷയങ്ങളില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ അവന്‍ മൂഢനും അവിശ്വാസിയുമാണ്. ഖുര്‍ആനും, തിരുവാക്യങ്ങളും അധ്യാപന നടത്തിയ അദൃശ്യ കാര്യങ്ങളില്‍ വിശ്വസിക്കുക എന്നത് സത്യവിശ്വാസിയുടെ സവിശേഷതയാണ്. അതു തന്നെയാണ് അവന്റെ മഹത്വത്തെ കുറിക്കുന്ന ഘടകം. യഅ്ജൂജ്, മഅ്ജൂജിന്റെ പുറപ്പാട്, ദജ്ജാലിന്റെ വരവ്, സുര്യന്റെ പടിഞ്ഞാറുളള ഉദയം, ദാബ്ബത്തുല്‍ അര്‍ള് എന്ന പ്രത്യേക ജീവിയുടെ വരവ് തുടങ്ങി, വരാനിരിക്കുന്ന ലോകവസാനത്തിന്റെ അടയാള പ്രവചനങ്ങളില്‍ വിശ്വസിക്കേണ്ട രൂപങ്ങള്‍ എന്നിവയെല്ലാം വളരെ കൃത്യമായി പ്രാമാണികമായി വിസ്തരിക്കുന്നു. അവസാനം വിശ്വാസ കാര്യങ്ങളില്‍ മുഖ്യമായ ഒന്നാണല്ലോ, ഇമാമിന്റെ നിയോഗം, ലോകത്തിലെ സകല മുസ്ലിങ്ങളുടെയും നേതാവായി ഒരു ഇമാമിനെ നിയോഗിക്കുന്നതില്‍ പല വിമര്‍ശനങ്ങളും, തെറ്റായ വ്യഖ്യാനങ്ങളുമുണ്ട്. ഇതില്‍ അഹ്‌ലുസ്സുന്നയുടെ നിലപാടാണ് പ്രാമാണിക ബദ്ധമെന്ന് തെളിയിച്ചു കൊണ്ടാണ് ഈ ബൃഹത് ഗ്രന്ഥത്തിന് പരിസമാപ്തി കുറിക്കുന്നത്.