വഖ്ഫും പരസ്നേഹവും: ഇസ്‌ലാമിക ദാനശീലങ്ങളുടെ ആവിർഭാവം

ഇസ്ലാമിക ദേശങ്ങളിൽ ധർമസ്ഥാപനങ്ങളുടെയും ദാനങ്ങളുടെയും (അവ്ഖാഫ്/വഖ്ഫ്) വ്യാപകമായ പ്രസരണം നടക്കുന്നത് ഒമ്പതാം നൂറ്റാണ്ടിലാണെന്നു പറയാം,കൃത്യമായി പറഞ്ഞാൽ പ്രവാചകരുടെ കാലത്തിനും രണ്ടു നൂറ്റാണ്ടിനു ശേഷം.എന്നാൽ ഒരു സഹസ്രാബ്ദം കൂടി സഞ്ചരിക്കുമ്പോൾ മുസ്ലിം സമൂഹം ജീവിച്ചു പോന്ന ഭൂപ്രകൃതികളുടെ വികാസത്തെ നിരീക്ഷിക്കുന്ന പഠനങ്ങളിൽ ‘വഖ്ഫ്’ എന്നതിനെ ഒരു അവിഭാജ്യ സംജ്ഞയായി കാണാം.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രഥമ ഘട്ടത്തിലെ കൃഷിയോഗ്യമായ ഇടങ്ങളുടെ കണക്കുകൾ സൂചിപ്പിക്കുന്നത് ആധുനിക തുർക്കിയുടെ നാലിൽ മൂന്നും ഈജിപ്തിന്റെ അഞ്ചിൽ ഒന്നും ഇറാന്റെ ഏഴിൽ ഒന്നും അൾജീരിയയുടെ പകുതിയും ടുണീഷ്യ,ഗ്രീസ് എന്നിവിടങ്ങളിലെ മൂന്നിൽ ഒന്നും ഭാഗം ഭൂമികളും ധർമദാനഇടങ്ങൾ(വഖ്ഫ് ) ആയിരുന്നു എന്നുള്ളതാണ്.

പ്രസ്തുത നൂറ്റാണ്ടിലെ ഓട്ടോമൻ സാമ്രാജ്യത്തിന്റെ വാർഷികവരുമാനത്തിലെ മൂന്നിൽ ഒരു ഭാഗവും ഉണ്ടായിരുന്നത് ഇരുപതിനായിരത്തോളം വരുന്ന വഖ്ഫ് ഇടങ്ങളുടെ വാർഷികവരുമാനങ്ങളാണ്.ഇസ്ലാമിലെ ഇത്തരം ധർമദാനങ്ങളുടെ സ്ഥാപനവത്കരണം നഗരാസൂത്രണം, അവയുടെ വികാസം, സാമൂഹ്യക്ഷേമം,മതപരമായ ആചാരങ്ങൾ, അവയുടെ പ്രയോഗം, കലാനിർമ്മിതികൾ,സൗന്ദ്രര്യശാസ്‌ത്രപരമായ പുരോഗതി,മാർക്കറ്റുകളുടെയും സാമ്പത്തിക ശക്തികളുടെയും ഘടനയും ദൃഢതയും,രാഷ്ട്രീയ സ്ഥിരത തുടങ്ങിയ മേഖലകളിൽ വൻ സ്വാധീനമുണ്ടാക്കി.

ഇസ്ലാമിക സംസ്കാരങ്ങളുടെ വൈവിദ്ധ്യമായ പ്രകാശനങ്ങളുടെ നിർമാണങ്ങളിലൊരു അടിക്കല്ലായി വഖ്ഫ് എന്ന സ്ഥാപനം പ്രവർത്തിച്ചു എന്ന് തന്നെ പറയാം. വഖ്ഫ്ദാനങ്ങളിലൂടെ അധികാരകേന്ദ്രങ്ങളുടെ ഇടപെടലുകൾ കൂടാതെ തന്നെ പൗരൻമാരുടെ ആവശ്യങ്ങൾ നിവർത്തിക്കപ്പെടുന്ന സാഹചര്യമൊരുങ്ങിയിരുന്നു.                  എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഇസ്ലാമിക നാഗരികതയുടെ ഈ ‘അടിക്കല്ലുകൾ’ പുതുതായി രൂപമെടുത്ത ദേശ രാഷ്ട്രങ്ങൾ (Nation States) പിടിച്ചടക്കുകയും ദുരുദ്ദേശപരമായി അവയെ തുടച്ചുനീക്കുകയും ചെയ്തു.
ഒരു അദ്വിതീയ ഇസ്ലാമിക സ്ഥാപനമായി നിലനിന്നിരുന്ന വഖ്ഫിന്റെ തകർച്ചയുടെ പരിണിതഫലമാണ് പാശ്ചാത്യവൽക്കരണത്തിന്റെയും പരിഷ്കരണ പദ്ധതികളുടെയും പുരോഗതി എന്നത് ചരിത്രസത്യമാണ്.

വഖ്ഫിന്റെ ആവിർഭാവത്തിനു കാരണമായ സാഹചര്യങ്ങൾ ഇസ്‌ലാമിലെ പരക്ഷേമപ്രവൃത്തികൾ ഒരു സാമൂഹ്യ പ്രസ്ഥാനമായി(വഖഫ് പോലെയുള്ളവ) ഉരുത്തിരിഞ്ഞത് മുസ്ലിം സമുദായത്തിലെ വ്യതിരിക്തവും സർവ്വസാധാരണവുമായ രണ്ടു സമ്പ്രദായങ്ങളുടെ പശ്ചാത്തലത്തിലാണ്.
ഒന്ന് പരസ്നേഹത്തെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവായി കരുതുന്ന, ദാനം ചെയ്യലിനു ഊന്നൽ കൊടുക്കുന്ന, ഇസ്‌ലാമിന്റെ ദൈവശാസ്ത്രപരവും പ്രബോധനപരവുമായ പശ്ചാത്തലം.
മറ്റൊന്ന് മരണം എന്ന യാഥാർത്ഥ്യത്തിന്റെ നിയമപരവും സാമൂഹ്യശാസ്ത്രപരവുമായ പ്രത്യാഘാതങ്ങളെ നേരിടുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായ വസ്വിയ്യത്ത്, പിന്തുടർച്ചാവകാശം എന്നീ വിഷയങ്ങളാണ്.

പരസ്നേഹത്തെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവായി കരുതുന്നു എന്ന നിലയിൽ
ജനനം മുതൽ മുസ്‌ലിമിന്റെ ജീവിതത്തിലെ ഓരോ നിമിഷത്തെയും സംശുദ്ധമാക്കുന്നതിൽ ധർമദാനങ്ങൾക്ക് കൃത്യമായ സ്ഥാനമുണ്ട്. അവന്റെ ശരീരത്തിലെ ഓരോ സന്ധികളെയും ധർമദാനങ്ങളുടെ ഇടമായി കരുതപ്പെടുന്നു.

പ്രവാചകൻ അരുളുന്നു : “അനുദിനം മനുഷ്യന്റെ ഓരോ സന്ധികളും അതിന്റെ ധർമ്മം നിർവഹിക്കേണ്ടിയിരിക്കുന്നു. രണ്ട് മനുഷ്യർക്കിടയിൽ നീതിയോടെ വർത്തിക്കുക, ഒരുവനെ അവന്റെ വാഹനത്തെ തെളിക്കുന്നതിലും ഭാരം എടുത്തു നൽകുന്നതിലും സഹായിക്കുക,നന്മയുള്ളൊരു വാക്ക്, പള്ളിയിലേക്കുള്ള ചവിട്ടടികൾ, വഴിയിൽ കാണുന്ന പ്രയാസങ്ങൾ നീക്കുക, എല്ലാം നീ ചെയ്യുന്ന ധർമ്മങ്ങളാണ്”.

കരുണയുള്ള വചനങ്ങൾ, പാതമുറിച്ചു കടക്കാൻ കൈപിടിക്കുക, വഴികളിലെ ചവറുകൾ എടുത്ത് കളയുക, ഇണയോട് സ്നേഹം കാണിക്കുക,നിർധനരെ ഭക്ഷിപ്പിക്കുക, അനീതിക്കെതിരെ ശബ്ദിക്കുക, തുടങ്ങിയ നമ്മുടെ പ്രവർത്തനങ്ങളെല്ലാം അല്ലാഹുവിന്റെ സ്മരണയിലായിരിക്കുക എന്നത് ധർമ്മത്തിന്റെ വിവിധ രൂപങ്ങളാണെന്ന് ഇസ്ലാം പറയുന്നു.
മുസ്ലിമിന്റെ ദൈനംദിന ജീവിതം ഇങ്ങനെ ചെറുതും വലുതുമായ പരോപകാരപ്രവർത്തനങ്ങളാൽ സുകൃതമാകണമെന്ന് ഇസ്ലാം നിഷ്കർഷിക്കുന്നു.

ധർമം ചെയ്യുന്നതിന് പ്രാധാന്യം കല്പിക്കുന്ന പ്രത്യേക നിമിഷങ്ങളും ദിനങ്ങളും മാസങ്ങളും ഇസ്ലാമിക കലണ്ടറിൽ തന്നെ ക്രമീകരിച്ചു വെച്ചിരിക്കുന്നതായി കാണാം.
മുസ്ലിംകൾ ആഴ്ചകളിൽ പ്രാർത്ഥനക്കായി സമ്മേളിക്കുന്ന ജുമുഅ ദിവസം (വെള്ളി) ധർമ്മ ദാനങ്ങളുടെ പുണ്യവേളയായി കണക്കാക്കപ്പെടുന്നു. ജുമുഅ നിസ്കാര ശേഷം ദരിദ്രർക്കും അതിഥികൾക്കും ഭക്ഷണം നൽകുന്ന സമ്പ്രദായം മുസ്ലിം വീടുകളിൽ കാണാം. ഹിജ്‌റ വർഷാരംഭത്തിലെ മുഹറം പത്ത് വരെയുള്ള നാളുകൾ, റബീഉൽ അവ്വലിലെ പ്രവാചകരുടെ മീലാദ് ആഘോഷവേളകളിലെ മധുരവിതരണ നിമിഷങ്ങൾ,പവിത്രമായ റജബ് മാസം, ബറാഅത്ത് രാവ്, റമളാൻ നോമ്പ് കാലം, രണ്ട് പെരുന്നാൾ വേളകൾ എന്നിങ്ങനെയുള്ള കൃത്യമായ ക്രമീകരണങ്ങൾ ഈവിഷയത്തിൽ ഉണ്ട്. ഇത്തരം പുണ്യവേളകളിൽ പ്രാർത്ഥനയോടൊപ്പം സ്വന്തം തെറ്റുകൾ പൊറുത്തു കിട്ടുവാനുള്ള മുഖ്യഉപാധിയായി ഇത്തരം ധർമദാനങ്ങളെ വിശ്വാസികൾ പരിഗണിക്കുന്നു.

ഒരു കുഞ്ഞ് ജനിച്ച് ഏഴു ദിവസം പിന്നിടുമ്പോൾ സ്രഷ്ടാവിന് നന്ദി പ്രകടിപ്പിച്ച് കൊണ്ട് ‘അഖീഖത്ത് ‘ എന്ന പേരിൽ മാംസം വിതരണം ചെയ്യപ്പെടുന്നു. ഇസ്ലാമിൽ ചെറുപ്രായത്തിൽ തന്നെ പരോപകാരപ്രവർത്തനങ്ങൾ ചെയ്യുന്നതിനെ ശീലിപ്പിക്കപ്പെടുന്നുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങൾ ജീവിതത്തിന്റെ ആദ്യനിമിഷങ്ങളിൽ പോലും കേന്ദ്രഘടകമായി ഇസ്ലാമിൽ കണക്കാക്കപ്പെട്ടിരിക്കുന്നുവെന്നാണ് ഇവിടെ പറഞ്ഞു വെച്ചതിന്റെ രത്ന ചുരുക്കം.

ഇസ്ലാമികജീവകാരുണ്യ പ്രസ്ഥാനങ്ങളുടെ (വഖഫ് ) ആവിർഭാവത്തിനു കാരണമായ രണ്ടാമാതൊരു സാഹചര്യമെന്നുള്ളത് മരണം, പരലോകമോക്ഷം എന്ന യാഥാർഥ്യവുമായി ബന്ധപ്പെട്ടുള്ളതാണ്, ഇസ്‌ലാമിക നിയമപ്രകാരമുള്ള വസ്വിയ്യത്ത്, പിന്തുടർച്ച (മീറാസ്)എന്നിവയുടെ പ്രയോഗം വളരെ സങ്കീർണമാണ്. എന്നാലും ഒരാളുടെ മരണത്തോടെ ആ നാട്ടിലെ പണ്ഡിതരിലൂടെയും മരിച്ച വ്യക്തിയുടെ കുടുംബത്തിലെ പ്രധാനികളിലൂടെയും അത്തരം ആചാരങ്ങൾ കൃത്യമായി നിർവഹിക്കപ്പെടുന്നു.
ഒരാളുടെ വസ്വിയ്യത്ത് അവന്റെ ആസ്തിയുടെ മൂന്നിൽ ഒരു ഭാഗത്തേക്കൾ കൂടരുത്.
ഈ നിയന്ത്രണം മരണക്കിടക്കയിൽ നിന്ന് അവരുടെ സ്വത്തിന്റെ വലിയൊരു ഓഹരിയെ അവകാശികൾക്ക് പകരം ശാശ്വതമായി അപരന് നൽകുന്നതിൽ നിന്നും തടയുന്നു. എന്നാൽ സാധാരണ നിലക്കുള്ള ദാനങ്ങളിൽ നിന്നും വ്യക്തിയുടെ മരണാനന്തര ജീവിതത്തിന് ഉപകാരപ്പെടുന്നതിനായി വസിയ്യത്തുകളിൽ മാറ്റിവെക്കുന്ന ചാരിറ്റിയെ വ്യത്യസ്തമാക്കുന്നതിൽ നേരിട്ട വെല്ലുവിളികളാണ് ‘വഖ്ഫ് ‘എന്ന ഒരു പ്രത്യേക സംവിധാനം നിലവിൽ വരുന്നതിലേക്ക് നയിച്ചത്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി നിരുപാധിക ദാനങ്ങളെയും (സ്വദഖ) പ്രത്യേകലക്ഷ്യം മുൻനിർത്തിയുള്ള ദാനങ്ങളെയും(വഖ്ഫ്) കൂടുതൽ വേർതിരിച്ചു പ്രയോഗിച്ചു തുടങ്ങിയത് ശേഷകാലത്താണ്.
പുതിയ കാലത്ത് വഖ്ഫ് എന്ന ജീവകാരുണ്യസ്ഥാപനം കൊളോണിയൽ ആക്രമണങ്ങളിലൂടെയും യൂറോപ്യൻ ജ്ഞാനോദയ ചിന്തകൾ സ്വന്തം മണ്ണിൽ നടപ്പാക്കാൻ ആഗ്രഹിക്കുന്ന മുസ്‌ലിം പരിഷ്കാരികളിലൂടെയും പിളരുന്ന സാഹചര്യമുണ്ട് എന്നത് ദുഃഖകരമാണ്.

(തുടരും)

Credit : Yaqeen Institute for Islamic Research

വിവർത്തനം : റാഷിദ് ഒ കെ