ദേശീയ മുസ്‌ലിം; അതിജീവനത്തിന്റെ പുതിയ ശബ്ദങ്ങൾ

 

ദേശീയത എന്നാൽ എന്താണ്? ദേശക്കൂറും ദേശീയതയും പരസ്പര പൂരകമാണോ? അതോ ഒന്ന് മറ്റൊന്നിന്റെ വകഭേദമോ?

ദേശീയതയെ വരിക്കാത്തവരെല്ലാം ദേശത്തിന് പുറത്താവുകയും രാജ്യദ്രോഹികളാവുകയും ചെയ്യുന്നത് നൈതികമായി അംഗീകരിക്കാൻ കഴിയുന്നതാണോ?

ആണെങ്കിലും /അല്ലെങ്കിലും രാഷ്ടീയമായൊരു സർക്കിളിന് ചുറ്റുമല്ലെ ദേശീയത കറങ്ങുന്നത്! അത് ദേശീയത പോലും നടപ്പു രാഷ്ട്രീയത്തിന്റെ അകത്ത് ചുറ്റപ്പെട്ട ഒന്നാണെന്ന് വ്യംഗ്യമായി സൂചിപ്പിക്കുന്നില്ലേ.

എങ്ങനെയായാലും ദേശത്തിന്റെ ആത്മമായ (Heart of Nation) ദേശീയഗാനം രചിച്ച ടാഗോർ പോലും ദേശീയതയെ അപരാഷ്ട്ര നിർമാണമായും ( De-nationalisation) പ്രഭു ജനാധിപത്യ നടപടിയായും വീക്ഷിച്ചത് ചെറിയ കാര്യമാകുമോ?

ദേശീയതയെ ഐക്യത്തിന്റെ നിമിത്തമായി ഗണിക്കാറുണ്ട്. എന്നാൽ മറ്റൊരു ആശയത്തിനും സാധിക്കാത്തവണ്ണമുള്ള വയലൻസിനത് വഴിവെക്കുന്നുവെന്നത് വിരോധാഭാസം മാത്രം.

ആഗോള പൗരത്വം (Global Citizenship) പോലുള്ള ആശയങ്ങൾക്ക് നിലമൊരുക്കാൻ ദേശീയത സംക്രമിക്കുന്ന ഒരു രാഷ്ട്രത്തിനെങ്ങനെ കഴിയും? കഴിയില്ലെന്നായാൽ ആഗോളീകരണം പ്രതീതി കമ്പോള വൽക്കരണം മാത്രമായി ഒതുക്കപ്പെടില്ലേ? അത്തരമൊരു പശ്ചാത്തലത്തിൽ രാഷ്ട്രങ്ങളുടെ സഹകരണാത്മക ബന്ധം സാധ്യമാവുമോ?

തീർച്ചയായും ഇല്ല.എന്നിരിക്കുമ്പോൾ ചില രാഷ്ട്രങ്ങളുടെയെങ്കിലും സങ്കുചിത കമ്പോള താൽപര്യമായി ദേശീയത രൂപം പ്രാപിക്കുന്നു.

അതു കൊണ്ട് തന്നെ ലോക മഹായുദ്ധങ്ങളിൽ ആരും തിരിച്ചറിയാതെ പോയ ‘ദേശീയത’യെന്ന മാരകായുധത്തിന്റെ പ്രഹര ശേഷി ഇന്ന് ബോധ്യപ്പെടാവുന്നതേയുള്ളൂ. അതിന് പുരാതന പിരീഡിലെ സാമൂഹ്യ-രാഷ്ട്രീയ വിചക്ഷണരുടെയൊന്നും സ്ഥീകരണം പോലും ആവശ്യമില്ലെന്നത് എത്രമാത്രം ഗൗരവതരമാണ്.


ഇതൊക്കെ വെച്ച് നോക്കുമ്പോൾ ലോകം ഇന്നും രണ്ട് ചേരിയിലാണെന്ന് നിരീക്ഷിക്കുന്നത് തെറ്റാവില്ല.

ദേശീയതയെ പ്രമോട്ട് ചെയ്യുന്ന പാട്രിയോടിസ്റ്റുകളും പ്രതിസ്ഥാനത്തുള്ള ആന്റി- പാട്രിയോടിസ്റ്റുകളും ( Patriotism, Nationalism – ഇഴപിരിച്ചുള്ള വിശകലനത്തിന് ഈ കുറിപ്പിൽ പരിമിതിയുണ്ട്).

ഇവ രണ്ടും ലോക രാഷ്ട്രങ്ങളുടെ നയനിലപാടുകളിൽ അമൂർത്തമായി പ്രവർത്തിക്കുന്നുവെന്നതാണ് വാസ്തവം. അതു കൊണ്ട് തന്നെ രാഷ്ട്രീയത്തിന്റെ തട്ടകത്തിൽ നിന്ന് ദേശീയതയെ മോചിപ്പിച്ച് അരാഷ്ട്രീമായ ആലോചനയിലേക്ക് കൊണ്ടെത്തിക്കേണ്ടി വരുന്നുണ്ട്. ജനാധിപത്യത്തിന്റെ മൂർത്തീമദ് ഭാവമായ ഇന്ത്യ പോലൊരു രാജ്യത്ത് പ്രത്യേകിച്ചും.


ഇന്ത്യൻ ജനാധിപത്യത്തിന്റെ സവിശേഷതയായി പലപ്പോഴും ചൂണ്ടിക്കാട്ടാറുള്ളത് ‘ നാനാത്വത്തിൽ ഏകത്വം’ (unity in diversity) എന്നാശയമാണ്. ഒരേയൊരു ഇന്ത്യ, ഒരൊറ്റ ജനത , അഖണ്ഡത എന്നീ അർത്ഥ തലങ്ങളെല്ലാം അതുൾ വഹിക്കുന്നുണ്ടെന്നാണ് വെപ്പ്.


എന്നാൽ അത് അതിന്റെ മൗലികമായ ആശയ താല്പര്യത്തിൽ നിന്നുമാറി ആക്രമണോത്സുകത ദേശീയതക്കും ഏകാധിപത്യ പ്രവണതയ്ക്കും വഴിവെക്കുന്നുണ്ടെന്ന് മറു വായനകൾ തര്യപ്പെടുത്തുന്നു. അതിന്റെ മികച്ച ഉദാഹരണമാണ് ഏക സിവിൽ കോഡും ഈ അടുത്തുണ്ടായ മുത്തലാഖ് സംബന്ധിയായ നിയമങ്ങളും.

എത്രതന്നെ വൈവിധ്യം ഉൾക്കൊള്ളുന്ന സമൂഹം ആയാലും വിഭാഗം ആയാലും അതിനെയെല്ലാം ഒരു ചരടിൽ വലിച്ചു കെട്ടേണ്ടത് ഏകത്വസംസ്ഥാപനത്തിന് നിമിത്തമാണെന്ന് തന്നെ ഹേതു. അതു വഴി ഏകശിലാത്മകമായ ദേശീയത നിർണയം സാധ്യമാകുന്നുവെന്ന് ചുരുക്കം.


ഐക്യത്തിനു വേണ്ടി തന്നെയാണ് ഹിറ്റ്ലറും മുസ്സോളിനിയും മറ്റു ഏകാധിപതികളായ ഭരണാധികാരികളും ശബ്ദിച്ചതെന്ന് ചേർത്തുവായിക്കുമ്പോൾ അധികം വിദൂരമല്ലാത്ത ഭാവിയിൽ ഏകാധിപത്യത്തിന്റെ വൈറസിങ്ങിനെയത് ദൃഢീകരിക്കുന്നു.


അതിനുള്ള ചുവടുവെപ്പുകളാണ് ദേശത്തിന്റെ പരമാധികാരത്തിന് മുന്നിൽ എല്ലാവരും വിധേയരാണെന്ന ആഹ്വാനങ്ങൾ . ഗവേഷണം നടക്കേണ്ട വിഷയങ്ങൾ പോലും അങ്ങനെയാകണമെന്ന തീർപ്പുകൾ ഭാവിയുടെ തലച്ചോറുകളെ കൃത്യമായൊരു ഫ്രേയിംവർക്കിൽ ഫോർമുലേറ്റ് ചെയ്യാനുള്ള തന്ത്രപ്പാടുകളാണ്.

ചരിത്രപരമായി കാലഹരണപ്പെട്ട ദേശ രാഷ്ട്രം, ദേശസുരക്ഷ, യുദ്ധ പരത തുടങ്ങിയവയെല്ലാം പുതിയ കാർഡുകളാണെന്ന് തെറ്റിദ്ധരിപ്പിക്കുക കൂടി അതിന്റെ അജണ്ടയാണ്.


“ന്യൂനതയുള്ള ന്യൂനപക്ഷം “/”ന്യൂനപക്ഷ ന്യൂനത “എന്നീ പ്രയോഗങ്ങൾ കേവല ഭാഷാ സങ്കേതത്തിൽ നിന്ന് മാറി ഭരണഘടന നൽകുന്ന പരിരക്ഷയെ തന്നെയാണ് നിയമം മുഖേന വെല്ലുവിളിക്കുന്നത്. ന്യൂനപക്ഷമായി തട്ടിച്ച് വിമതരെയും തീവ്രവാദികളെയും അവതരിപ്പിക്കുന്നതിന്റെ ലക്ഷ്യവും മറ്റൊന്നല്ല.

എന്നാൽ ഇത്തരം നീക്കുപോക്കുകളെല്ലാം മുസ് ലിം സമുദായത്തെ ലോക്കാക്കിയാണ് മുന്നോട്ട് പോവുന്നതെന്നത് സ്വാഭാവികമായി മാത്രമേ കാണേണ്ടതുള്ളൂ.

കാരണം ഹിന്ദുസ്ഥാനിൽ ഹിന്ദു സംസ്കാരത്തിന് ബദൽ / എതിർ പക്ഷത്ത് മുസ്ലിം സമൂഹമേ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളൂ എന്നതാണ്. യു.എ.പി.എ (UAPA ) ചുമത്തി അകാരണമായി മുസ്‌ലിംകളെ തുറുങ്കിലടക്കുന്നതും ഭീകര പരിവേഷം നൽകുന്നതും അത്തരം ചില ചരിത്രപരമായ കാരണങ്ങളുടെ ബാക്കിപത്രമാണ് .

ഹിന്ദു-മുസ്ലിം എന്നീ രണ്ട് ദ്വന്ദങ്ങൾക്കിടയിൽ കുടുങ്ങിപ്പോകുന്ന ഇന്ത്യൻ ദേശീയതയ്ക്ക് ഇതരവിഭാഗങ്ങളെ പരിഗണിക്കുന്നതിൽ പരിമിതിയുണ്ട്. അത് കൊണ്ട് തന്നെയാണ് ദേശീയതയെ പ്രശ്നവൽക്കരിക്കേണ്ടി വരുന്നതും.


”ജയ് ശ്രീറാം ” വിളിക്കാത്തതിന്റെ പേരിൽ നടക്കുന്ന മോറൽ വൈലസിനെ പോലും നീതീകരിക്കാൻ ഫാസിസ്റ്റുകളുടെ കയ്യിലുള്ള ടൂൾ ആയി മാറുന്നത് ദേശസുരക്ഷയും ദേശീയതയും ആണ്.

അതുകൊണ്ടുതന്നെ അതിനെതിരെയുള്ള ഏത് പ്രതിഷേധങ്ങളെയും രാജ്യദ്രോഹ പട്ടികയിൽ പേസ്റ്റ് ചെയ്യാൻ (Paste) ഗവൺമെന്റിന് കഴിയും. രാജ്യത്തിന്റെ ഭാഗമാവാൻ ദേശക്കുറ് തെളിയിക്കണമെന്ന വാദം മുസ്ലിം ന്യൂനപക്ഷങ്ങളെ കരിപ്പട്ടികയിൽ നിർത്തി ഹൈന്ദവ ദേശീയത പ്രചരിപ്പിക്കാനുള്ള അടവുകളാണ്.

മുസ്‌ലിംകളുടെ രാഷ്ട്രീയ കർതൃത്വവും പ്രതിനിധാനവും ചർച്ചകൾക്ക് വിധേയമാക്കിയാണത് സാക്ഷാത്ക്കരിക്കുന്നത്.
എന്നാൽ അപകടകരമായ തീർപ്പു കളിലേക്കാണ് അതിനെച്ചൊല്ലി ഉള്ള ചർച്ചകൾ എത്തിപ്പെടുന്നതെന്നത് കാണാതിരുന്നു കൂടാ. ആധുനിക ദേശരാഷ്ട്രങ്ങൾക്കുള്ളിലെ രാഷ്ട്രീയം, ഭരണകൂടം തുടങ്ങിയ വ്യവസ്ഥകളി ലൂടെയാണ് മുസ്‌ലിംകളുടെ രാഷ്ട്രീയ കർതൃത്വം നിർണയിക്കുന്നത്.

അതിന്റെ വഴക്കമില്ലായ്മ മൂലമാണ് ദേശീയ വിരുദ്ധതയുടെയും രാജ്യദ്രോഹത്തിന്റെ പട്ടികയിൽ മുസ്ലിം രാഷ്ട്രീയ കർതൃത്വത്തെ കാറ്റഗറൈസ് ചെയ്യപ്പെട്ടത്. അത് നിമിത്തം “ദേശീയ മുസ് ലിം’ കേവല ഭാഷാ സൂചകത്തിൽ നിന്ന് മാറി സഞ്ചരിക്കുന്നുണ്ട്.

ഹൈന്ദവനിൽ ആരോപിതമായ രാഷ്ട്രീയ കർതൃത്വത്തെ മുസ്ലീങ്ങൾക്ക് ആർജ്ജിതമാണ് എന്ന് (achieved)വരുത്തുമ്പോൾ അത് മുസ് ലിം രാഷ്ട്രീയത്തിന്റെ അപരവൽക്കരണമാണ് പ്രമോട്ട് ചെയ്യുന്നത്.
അതുകൊണ്ടുതന്നെ അതിനെ അതിജീവിക്കേണ്ടത് സാമൂഹിക ബാധ്യത എന്നതിലുപരി വ്യക്തിഗത ബാധ്യതയായി മാറുന്നുണ്ട്.

ഓരോരുത്തരും തങ്ങളുടെ രാഷ്ട്രീയ കർതൃത്വത്തിന്റെ ജൈവികത (orginality) വെളിപ്പെടുത്തണമെന്ന് തന്നെ. ആത്യന്തികമായി അത്തരമൊരു പ്രതിസന്ധിയെ മറികടക്കാൻ ഇസ്ലാമിൻറെ രാഷ്ട്രീയ ദർശനങ്ങളുടെ ആത്മം തിരിച്ചറിയേണ്ടതുണ്ട്. അതിന് ആത്മനിഷ്ഠമായി നമ്മൾ അനുഭവിക്കുന്ന രണ്ട് പ്രതിസന്ധികളുണ്ട്. ഒന്ന് ഇസ്‌ലാമിക ദർശനം എന്ന വ്യാജേന സലഫികളും ഇതര ഭീകരവാദികളും നടത്തുന്ന അക്രമണങ്ങളാണ്.


രണ്ട് ,അതുമൂലം മുസ്ലീങ്ങളുടെ മേൽ ഉണ്ടായി തീരുന്ന രാഷ്ട്ര സുരക്ഷാ നിമിത്തമുള്ള സന്ദേഹാത്മകമായ നിരീക്ഷണമാണ്. ഇതുരണ്ടും ആദ്യത്തേതിനെ ക്രിയാത്മകമായി തടയിടുന്നത് വഴി സാധിപ്പിക്കാവുന്നതാണ്.

ഇസ്ലാമിലെ സാമൂഹിക- രാഷ്ട്രീയ- പ്രതിരോധ വിനിമയങ്ങളടെ സങ്കൽപ്പനങ്ങൾക്ക് ഉള്ളിൽ നിന്നാണെന്ന് ധരിപ്പിച്ചിട്ടുള്ള ഇവരുടെ ഇടപെടലുകൾ ആഗോള സമൂഹം “war on Terror “എന്ന നിലയിൽ മുസ്ലിം ശത്രു എന്ന വൃത്തത്തിന് പുറത്ത് നിർത്തി കൈകാര്യം ചെയ്യേണ്ടതുണ്ട്.


അതിന് രാഷ്ട്രീയത്തിന് പുറത്തുനിന്ന് അരാഷ്ട്രീയമായ (രാഷ്ട്രീയ വിരുദ്ധമല്ല ,എന്നാൽ രാഷ്ട്രീയമല്ല) പ്രതിവ്യവഹരിക്കേണ്ടതുണ്ട്. രാഷ്ട്രീയമായ വ്യവഹാരങ്ങൾ മുസ്ലിം അതിജീവനത്തെ സങ്കീർണമായ ചില മാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് റെസിസ്റ്റ് ചെയ്യാനത് പ്രേരകമാകും.

മാത്രവുമല്ല ന്യൂനപക്ഷം എന്ന നിലക്ക് നേരിടേണ്ടി വരുന്ന ഇത്തരം ജനാധിപത്യവിരുദ്ധ ഇടപെടലുകളെ പ്രഥമദൃഷ്ട്യാ ഉൾക്കൊള്ളാൻ (affirm)മുസ്ലിം സമൂഹം ശ്രമിക്കേണ്ടതുണ്ട്.
എന്നാൽ നിലവിൽ കാണുന്ന പ്രതിസന്ധി സന്ദേഹ വിഷയിയായി നിർണയം ചെയ്ത മുസ്ലിം രാഷ്ട്രീയ കർതൃത്വം പ്രാഥമികമായി തന്നെ പ്രതിരോധങ്ങൾ തീർക്കുന്നുവെന്നതാണ് .

എന്നാൽ അത് ന്യൂനപക്ഷമെന്ന അവകാശ ആധികാരികതയിൽ നിന്ന് തന്നെ പുറത്തിട്ട് മറ്റൊരു അപര – ന്യൂനപക്ഷം സൃഷ്ടിക്കുന്നതിനാണ് വഴിവെക്കുക. അതുകൊണ്ടുതന്നെ ഇത്തരം ഒരു എക്സ്റ്റൻഷ്യലായ പ്രതിസന്ധിയെ ( ഒട്ടും അന്യ താബോധമില്ലാതെ) തരണം ചെയ്യേണ്ടതാണ്.

(തുടരും)

ഭാഗം 2: ദേശീയ മുസ്‌ലിമിലേക്കുള്ള പ്രയാണം