ഉസ്‍മാൻ ദാൻ ഫോദിയോ: സൊകോതോ സാമ്രാജ്യത്തിന്റെ അതുല്യ ശിൽപ്പി
ആധുനിക കാലത്തെ വിപ്ലവ ചരിതങ്ങളില്‍ പേരു കേട്ട പ്രശസ്‌ത ഇസ്‌ലാമിക പ്രബോധകനും പണ്ഡിതനുമാണ് ശൈഖ് ഉസ്‍മാൻ ദാന്‍ ഫോദിയോ. 1754 ഡിസംബര്‍ 15- നാണ് ഇന്നത്തെ വടക്കന്‍ നൈജീരിയയിലെ ഗോബിറിനടുത്തുള്ള മറാട്ട ഗ്രാമത്തില്‍ അദ്ദേഹം ജനിക്കുന്നത്.
വെസ്റ്റ് ആഫ്രിക്കയിലെ പ്രമുഖ ഗോത്രവര്‍ഗമായ ഫുലാനി ഗോത്രത്തിലാണ് അദ്ദേഹം പിറന്നു വീഴുന്നത്. മത വിദ്യാഭ്യാസത്തിനായി കൗമാരം ഉഴിഞ്ഞു വെച്ച അദ്ദേഹം പ്രബോധനം, അധ്യാപനം, എഴുത്ത് എന്നിവക്കായി തന്റെ യൗവ്വനത്തെ ഉപയോഗപ്പെടുത്തി. ചെറുപ്പത്തില്‍ മാതാപിതാക്കളില്‍ നിന്നു തന്നെ ഖുര്‍ആന്‍ മനനം ചെയ്‌തിരുന്നു.
ജിബ്രീല്‍ ബിന്‍ ഉമര്‍ എന്ന പണ്ഡിതനില്‍ നിന്ന് അഗാഡിസില്‍ വെച്ചാണ് നിയമം, ദൈവശാസ്ത്രം, ഫിലോസഫി എന്നിവ കരസ്ഥമാക്കിയത്. മതവിജ്ഞാനീയങ്ങളിലെ നൈപുണ്യം അദ്ദേഹത്തെ ശൈഖ് ഉസ്‍മാൻ (ശെഹു ഉസ്‍മാൻ) എന്ന പദവിയില്‍ എത്തിച്ചു.
മാലികി മദ്ഹബിലെ നിയമജ്ഞനായിരുന്നുവെങ്കിലും മറ്റു മദ്ഹബുകളിലും ശൈഖ് ഉസ്‍മാന് അഗാധപണ്ഡിത്യം ഉണ്ടായിരുന്നു. നൂറിലേറെ രചനകളില്‍ ഏറെയും അറബിയിലാണെങ്കിലും തന്റെ ഗോത്ര ഭാഷയായ ഫുലാനിയിലും അദ്ദേഹത്തിന് രചനകളുണ്ട്. ഖാദിരിയ്യ, തീജാനിയ്യ, സനൂസിയ്യ തുടങ്ങിയ സൂഫി പരമ്പരകളിലെ അംഗമായിരുന്നു ശൈഖ് ഉസ്‍മാൻ.
തനിക്ക് വയസ്സ് ഇരുപത് ആയപ്പോഴേക്കും ഗ്രാമങ്ങളിലൂടെ അലഞ്ഞുതിരിഞ്ഞ് സമൂഹത്തിന് അറിവ് പകര്‍ന്നു നല്‍കുന്ന ഒരു പണ്ഡിതനായി അദ്ദേഹം മാറിക്കഴിഞ്ഞിരുന്നു. ആത്മീയതയിലും മറ്റു പ്രധാന വിഷയങ്ങളിലും രചിച്ച കവിതകള്‍ അദ്ദേഹത്തെ കൂടുതല്‍ ജനകീയനാക്കി.
ഉറച്ച ആദര്‍ശം പ്രകടമാക്കുന്ന അദ്ദേഹത്തിന്റെ വാക്കുകളും എഴുത്തുകളുമെല്ലാം അദ്ദേഹത്തിന് ‘നേരിന്റെ വാള്‍’ (Sword of truth) എന്ന പേര് നേടിക്കൊടുത്തു. ഹൗസയിലെ ഗ്രാമങ്ങളിലൂടെയും ഫുലാനി ഗോത്രത്തിലെ സാധാരണക്കാര്‍ക്കിടയിലും മതത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ പരിചയപ്പെടുത്താന്‍ ഒരുപാട് സമയം വിനിയോഗിച്ച ശൈഖ് ഉസ്‍മാനെ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വായിക്കുന്ന
പണ്ഡിതരും അദ്ദേഹത്തെ കേള്‍ക്കുന്ന ഇത്തരം സാധാരണക്കാരും ഒരുപോലെ ആദരിച്ചു പോന്നിരുന്നു. ഇസ്‌ലാമിനെ ഒരു വിശാലതയുടെ മതമായാണ് അദ്ദേഹം പരിഗണിച്ചതും അവതരിപ്പിച്ചതും. എന്നാല്‍ ഇസ്‌ലാമിനെ ഒരു സങ്കുചിത ചട്ടക്കൂടായി കാണുകയും ദൈവ ശാസ്ത്രത്തിലോ മതത്തിലെ മറ്റു ഉന്നത വിജ്ഞാനീയങ്ങളിലോ അവഗാഹമില്ലാത്ത സാധാരണക്കാരെ മുസ്‌ലിംകളായി പരിഗണിക്കുക പോലും ചെയ്യാത്ത ചില പണ്ഡിതരെ ഇക്കാര്യം വല്ലാതെ ചൊടിപ്പിച്ചിരുന്നു.
സമൂഹത്തിലെ വരേണ്യരുടെ കൊള്ളരുതായ്മകള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും വടക്കന്‍ നൈജീരിയയില്‍ ഒരു നവ രാഷ്ട്രീയക്രമം (New Political Order) രൂപപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട് അദ്ദേഹം.
അക്കാലത്തെ ഭരണാധികാരികളായിരുന്ന ഹൗസ രാജാക്കന്മാര്‍ യഥാര്‍ത്ഥ ഇസ്‌ലാമിക മൂല്യങ്ങളില്‍ നിന്ന് അകലുകയും പാഗന്‍ (Paganism) സംസ്‌കാരത്തെ മതത്തിലേക്ക് കൂട്ടിക്കുഴക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ വന്നപ്പോള്‍ അവരെ വിമര്‍ശിച്ചു കൊണ്ട് ദാന്‍ ഫോദിയോ രംഗത്തു വന്നു.
ഇതേ തുടര്‍ന്ന് അദ്ദേഹത്തിന് നേരെ ഭരണാധികാരികളില്‍ നിന്ന് വധ ശ്രമങ്ങള്‍ ഉണ്ടാവുകയും പ്രവാചകന്റെ മദീനാ പലായനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തന്റെ നൂറോളം അനുയായികളോടൊപ്പം രാജ്യത്തിന്റെ മറുഭാഗത്തേക്ക് പലായനം ചെയ്യേണ്ടിയും വന്നു. ഇവിടെ വെച്ചാണ് അദ്ദേഹം തന്റെ നവോത്ഥാന ശ്രമങ്ങള്‍ക്ക് ഊടും പാവും നല്‍കിയത്.
തന്റെ കീഴില്‍ അഭ്യസ്തവിദ്യരായ ഒരു സംഘത്തെ മത സംരക്ഷണത്തിനായുള്ള വിശുദ്ധ യുദ്ധത്തിനായി സജ്ജരാക്കിയെടുത്തതും ഇക്കാലഘട്ടത്തില്‍ തന്നെയായിരുന്നു. 1802- ല്‍ ആയിരുന്നു ഈ പലായനം. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഗോബിറിലെ സൈനിക കമാന്‍ഡര്‍ ആയ യുന്‍ഫ ഡാന്‍ നഫാറ്റ ഉസ്‍മാന്റെ സംഘത്തെ നേരിടാന്‍ പട്ടാളത്തെ അയച്ചു.
അതിനകം കന്നുകാലി നികുതിയുമായി ബന്ധപ്പെട്ട് ഹൗസ ഭരണകൂടത്തിനെതിരെ തിരിഞ്ഞ ഫുലാനി ഇടയസമൂഹവും ദാന്‍ ഫോദിയോക്കൊപ്പം ചേര്‍ന്നിരുന്നു. ഗോബിര്‍ രാജാക്കന്മാര്‍ക്കെതിരെ യുദ്ധാഹ്വാനം നടത്താന്‍ ഈ സംഭവം അദ്ദേഹത്തെ നിര്‍ബന്ധിതനാക്കി. ഇതേ തുടര്‍ന്ന് 1808- ല്‍ ദാന്‍ ഫോദിയോയും സംഘവും ഗോബിര്‍, കാനോ, ഹൗസ എന്നിവിടങ്ങളും മറ്റ് സമീപ നഗര രാഷ്ട്രങ്ങളും കീഴടക്കി.
ദാന്‍ ഫോദിയോ നയിച്ച യുദ്ധത്തിനു പിന്നില്‍ മതപരവും സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. അനിവാര്യമാകുമ്പോള്‍ മാത്രമേ ജിഹാദ് ആവശ്യമുള്ളൂ എന്ന മതത്തിന്റെ നിലപാടില്‍ തന്നെയായിരുന്നു ദാന്‍ ഫോദിയോയും.
ഇസ്‌ലാമിന് പുതുജീവന്‍ നല്‍കാനും മതത്തിന്റെ പരമ്പരാഗത രൂപത്തിലേക്കുള്ള മടക്കത്തിനും വേണ്ടിയായിരുന്നു ഈ ജിഹാദ്. ഈ ജിഹാദ് വെസ്റ്റ് ആഫ്രിക്കക്ക് എല്ലാ തരത്തിലും ഒരു നവോന്മേഷം പകര്‍ന്നിരുന്നു.
പൊതുവെ സമാധാനകാംക്ഷികള്‍ ആയിരുന്നു വെസ്റ്റാഫ്രിക്കയിലെ പണ്ഡിതര്‍. മതനുഷ്ഠാനങ്ങള്‍ നടത്തിയും ജനങ്ങള്‍ക്ക് ഉപദേശങ്ങള്‍ നല്‍കിയും ഖുര്‍ആന്‍ എഴുതിയ ഏലസ്സുകള്‍ തയ്യാറാക്കി കൊടുത്തും മറ്റും ജീവിച്ചു പോന്നിരുന്ന അവരില്‍ നിന്ന് ഇത്തരമൊരു നീക്കം ഭരണ കൂടം പ്രതീക്ഷിച്ചിരുന്നില്ല.
തുടക്കത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് പോലും അവര്‍ക്ക് മനസ്സിലായില്ല. കേവലം മുസ്‌ലിംകള്‍ ഭരണകൂടത്തിനെതിരെ നയിച്ച ജിഹാദ് എന്നതിലപ്പുറം ഇത് സ്വത്വപരമായി തന്നെ മുസ്‌ലിം ആയവര്‍ അഥവാ കൃത്യമായി പാരമ്പര്യ ഇസ്‌ലാം അനുഷ്ഠിക്കുന്നവര്‍ അല്ലാത്തവര്‍ക്ക് നേരെ നയിച്ച യുദ്ധം കൂടിയാണ്.
സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതും പോരാടുന്നതുമെല്ലാം സ്രഷ്ടാവിലേക്കുള്ള പാത തന്നെയാണെന്ന് വിശ്വസിക്കുന്നവരാണ് ഖാദിരിയ്യാ സൂഫി പരമ്പരയിലുള്ളവര്‍.
ഖാദിരിയ്യയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ രചനകളും മറ്റും അനുയായികളെ സൂഫിസത്തിലേക്ക് നയിക്കുകയും ഇസ്‌ലാമിന് വേണ്ടി പോരാടാന്‍ മാനസികമായി സജ്ജരാക്കുകയും ചെയ്തു. ഇതും ജിഹാദിന്റെ കാരണങ്ങളില്‍ മുഖ്യ പങ്ക് വഹിച്ചിരുന്നു.
മതപരമായുള്ള സമരങ്ങളാണെങ്കില്‍ പോലും വംശബോധം കൂടിയുണ്ടാവുമ്പോഴാണ് അവ വിജയത്തിലേക്കെത്താറുള്ളത് എന്ന് ഇബ്‌നു ഖല്‍ദൂന്‍ മുഖദ്ദിമയില്‍ പറയുന്നുണ്ട്.
അത്തരത്തിലൊരു വംശപരമായ ഘടകം (Ethnic Factor) ഫുലാനികളുടെ ജിഹാദിനെ ഉദ്ദീപിപ്പിക്കുന്നതിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
നേരത്തെ സൂചിപ്പിച്ചതു പോലെ, കന്നുകാലി വളര്‍ത്തല്‍ മുഖ്യ ജീവനോപാധിയായി സ്വീകരിച്ചവരായതിനാല്‍ പ്രത്യേക നികുതിയടക്കമുള്ള പ്രശ്നങ്ങള്‍ ഭരണകൂടത്തില്‍ നിന്നും അവര്‍ നേരിട്ടിരുന്നു. ഒറ്റക്കെട്ടായി രാജാക്കന്മാര്‍ക്കെതിരെ പോരാട്ടത്തിനിറങ്ങാന്‍ ഇതും പ്രേരകമായി.
ജീവിതത്തിന്റെ നിഖില മേഖലകളേയും ചര്‍ച്ചയാക്കുന്ന മതമാണ് ഇസ്‌ലാം എന്നതു കൊണ്ട് തന്നെ സമുദായത്തിന്റെ സാമൂഹിക, സാമ്പത്തിക മേഖലയിലും ഉസ്‍മാൻ ദാന്‍ ഫോദിയോ പ്രത്യേക ശ്രദ്ധ പുലര്‍ത്തിപ്പോന്നിരുന്നു.
അദ്ദേഹത്തിന്റെ ആദ്യത്തെതും വളരെ പ്രാധാന്യമര്‍ഹിക്കുന്ന കൃതിയുമായ ഇഹ്യാഉസ്സുന്നയില്‍ (1793) തന്നെ സാമൂഹിക പുരോഗതിക്കും മറ്റുമുള്ള ആശയങ്ങളായിരുന്നു പ്രധാന പ്രതിപാദ്യം. യാത്രകളില്‍ നിന്ന് കിട്ടിയ അവബോധങ്ങളും തന്റെ മതബോധ്യങ്ങളും ചേര്‍ത്ത് സമൂഹത്തെ മനസ്സിലാക്കാനുള്ള ഒരു ശ്രമമാണ് അദ്ദേഹം അതില്‍ നടത്തുന്നത്.
രാജ്യം ഈ മേഖലകളില്‍ എങ്ങനെയായിരിക്കണമെന്ന അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കുകയും അവ യുദ്ധത്തിന്റെ കാരണമായി പ്രവര്‍ത്തിക്കുകയും ചെയ്‌തു.1811- ഓടെ യുദ്ധം മതിയാക്കി ഉസ്‍മാൻ ദാന്‍ ഫോദിയോ അധ്യാപനത്തിലേക്കും എഴുത്തിലേക്കും മടങ്ങിയെങ്കിലും 1815 വരെ അദ്ദേഹത്തിന്റെ സൈനിക മുന്നേറ്റം തുടര്‍ന്നു കൊണ്ടിരുന്നു.
ഇതിനോടകം ഇന്നത്തെ നൈജര്‍, വടക്കന്‍ കാമറൂണ്‍, നൈജീരിയ തുടങ്ങിയ മേഖലകള്‍ ദാന്‍ഫോദിയോയുടെ സാമ്രാജ്യത്തിന് കീഴില്‍ ആയിക്കഴിഞ്ഞിരുന്നു.
ചരിത്രത്തില്‍ ആദ്യമായാണ് ഈ മേഖലയെല്ലാം ഒരൊറ്റ ഭരണാധികാരിക്ക് കീഴില്‍ വരുന്നത്. സൊകോതോയില്‍ തന്റെ സാമ്രാജ്യത്തിന് ഒരു തലസ്ഥാന നഗരിയും അദ്ദേഹം സ്ഥാപിച്ചു.
പില്‍ക്കാലത്ത് ഇത് സൊകോതോ ഖിലാഫത്ത് എന്നറിയപ്പെട്ടു. നൈജീരിയയുടെ ഇസ്‌ലാമിക ചരിത്രത്തിലെ നാഴികക്കല്ലാണ് ഈ സംഭവം.
സ്ത്രീകളെ വിദ്യ അഭ്യസിപ്പിക്കുന്നതില്‍ ദാന്‍ ഫോദിയോയുടെ ഭരണകൂടം പ്രത്യേക ശ്രദ്ധ വെച്ചു പുലര്‍ത്തിയിരുന്നു.
അദ്ദേഹത്തിന്റെ 12 മക്കളിലെ രണ്ട് പെണ്മക്കളടക്കം മുഴുവന്‍ പേരും ഇസ്‌ലാമിക ജ്ഞാനങ്ങളില്‍ പാണ്ഡിത്യം നേടിയിരുന്നു.
നാന അസ്‌മാഅ് എന്ന അദ്ദേഹത്തിന്റെ മകള്‍ ഇസ്‌ലാമിക നിയമങ്ങളില്‍ നിപുണയായിരുന്നു. ഇവരുടെ ഇടപെടലുകളാണ് സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് ഇസ്‌ലാമിക പ്രബോധനം വ്യാപിപ്പിച്ചത്.
വെള്ളിയാഴ്ചകളില്‍ നടന്നിരുന്ന പ്രഭാഷണ സദസ്സുകളില്‍ ഏറെ സ്ത്രീ പ്രാതിനിധ്യം ഉണ്ടായിരുന്നതായി കാണാം. തന്റെ ക്ലാസ്സുകളില്‍ സ്ത്രീകള്‍ക്ക് പങ്കെടുക്കാനും സംശയം ചോദിക്കാനും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.
മറ്റു സമൂഹങ്ങളില്‍ നിന്ന് വിഭിന്നമായി ഫുലാനി സ്ത്രീകള്‍ വൈജ്ഞാനിക മേഖലയിലും മറ്റു ബൗദ്ധിക വ്യവഹാരങ്ങളിലും ഏറെ ഇടപെടലുകള്‍ നടത്തിയിരുന്നുവെന്ന് ചരിത്രം വിവരിക്കുന്നുണ്ട്.
ആഫ്രിക്കന്‍ നാടുകളുടെ ശാപമായിരുന്നു അനധികൃതവും അനീതി നിറഞ്ഞതുമായ അടിമക്കച്ചവടങ്ങള്‍. ഉസ്‍മാൻ ദാന്‍ ഫോദിയോയും സൊകോതോ സാമ്രാജ്യവും ഇതിനൊരു അറുതി വരുത്താന്‍ നന്നേ പരിശ്രമിച്ചിരുന്നുവെങ്കിലും പൂര്‍ണ വിജയത്തില്‍ എത്തിയില്ല.
സാമ്പത്തികമായി രാഷ്ട്രത്തെ പര്യാപ്തമാക്കാന്‍ കൃഷി, കച്ചവടം എന്നിവയേയും ദാന്‍ഫോദിയോ പ്രധാന പരിഗണനകളില്‍ ഉള്‍പ്പെടുത്തി.
സൊകോതോ കാലത്തെ കൃഷിവളര്‍ച്ച ആഫ്രിക്കയുടെ എക്കാലത്തെയും ചരിത്രത്തിലെ സുപ്രധാന കാര്‍ഷിക വിപ്ലവങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു.
സാമ്പത്തിക മേഖലയില്‍ ദാന്‍ ഫോദിയോയുടെ നിലപാടുകള്‍ നീതി, ആത്മാര്‍ഥത, സത്യസന്ധത തുടങ്ങിയ മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തി ഉള്ളതായിരുന്നു.
തനിക്കവകാശപ്പെടാത്തത് ഭക്ഷിക്കാന്‍ പാടില്ല എന്ന മതനിയമം രാഷ്ട്രനയമായി സ്വീകരിക്കുക കൂടി ചെയ്‌തതോടെ മേഖലയിലെ കളവിനും കൊള്ളക്കും ഏറെക്കുറെ അറുതി വരുത്താന്‍ അദ്ദേഹത്തിന് സാധിച്ചു. ‘അല്‍ അംറു ബില്‍ മഅ്റൂഫ് വന്നഹ്യു അനില്‍ മുന്‍കര്‍’ (നന്മ കാംക്ഷിക്കലും തിന്മ നിരോധിക്കലും) എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം ഇത്തരം കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്.
ഇസ്‌ലാമിക നിയമവ്യവസ്ഥ അനുശാസിക്കുന്ന സാമ്പത്തിക മാര്‍ഗങ്ങളായ സകാത് (നിര്‍ബന്ധ ദാനം), സ്വദഖ (ഐച്ഛിക ദാനം), ഗനീമത് (യുദ്ധമുതല്‍, ഖറാജ് (നികുതി) എന്നിവയെ സൊകോതോ ഭരണകൂടം കൃത്യമായി ഉപയോഗപ്പെടുത്തുകയും അതുവഴി രാജ്യത്ത് ക്ഷേമം നിലനിര്‍ത്തുകയും ചെയ്‌തു. ന്യായമായ വിപണി സംസ്‌കാരം (Fair marketing culture) രൂപപ്പെടുത്തുന്നതിനായി വ്യാപാര മേഖലയില്‍ നൈപുണ്യമില്ലാത്തവര്‍ കച്ചവടം ചെയ്യരുത് എന്നദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു.
പ്രവാചകാനന്തരം മുസ്‌ലിം ലോകത്തെ നയിച്ച ഖുലഫാഉ റാഷിദ:യുടെ ഭരണമാതൃകകള്‍ പിന്‍പറ്റുകയും
ഇമാം ഗസ്സാലി, ഇബ്‌നു ജുസഇയ്യ് എന്നിവരുടെ ഗ്രന്ഥങ്ങളില്‍ നിന്ന് ആശയങ്ങള്‍ സ്വീകരിക്കുകയും ചെയ്‌ത് ഭരണമികവ് കാഴ്ച്ച വെക്കാന്‍ ഉസ്‍മാൻ ദാന്‍ഫോദിയോ അങ്ങേയറ്റം പരിശ്രമിച്ചിരുന്നു. സാക്ഷരത, സാഹിത്യം എന്നീ മേഖലകളില്‍ കൂടി ഈ ഇടങ്ങള്‍ ദാന്‍ ഫോദിയോയുടെ പ്രവര്‍ത്തനഫലമായി മുന്‍പന്തിയിലെത്തി. അസംഖ്യം അറബി രചനകള്‍ ഇവിടെനിന്നും അക്കാലത്ത് ഉണ്ടായി. ഇന്നും ഈ മേഖലയില്‍ അറബി ഭാഷ പരക്കെ ഉപയോഗിക്കപ്പെടുന്നു.
ഉസ്‍മാൻ ദാന്‍ ഫോദിയോയുടെ മുന്നേറ്റങ്ങള്‍ പടിഞ്ഞാറന്‍ സുഡാന്‍, സെനഗല്‍, ചാഡ് എന്നിവിടങ്ങളില്‍ യുദ്ധങ്ങള്‍ക്ക് തീ കൊളുത്തി. ഈയിടങ്ങളിലെല്ലാം ദാന്‍ഫോദിയന്‍ നവോത്ഥാനത്തിന്റെ തുടര്‍ച്ചകളുമുണ്ടായി.കീഴടക്കിയ സ്ഥലങ്ങളിലെ ഭരണ നിയന്ത്രണം ശൈഖ് ഉസ്‍മാൻ തന്റെ സഹോദരനും മകനും ഏല്‍പ്പിച്ചു കൊടുത്തു. സഹോദരന്‍ അബ്‌ദുല്ല രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയും മകന്‍ മുഹമ്മദ് ബെല്ലോ കിഴക്കന്‍ മേഖലയും നിയന്ത്രിച്ചു.
1837ല്‍ മുഹമ്മദ് ബെല്ലോയുടെ ഭരണം അവസാനിക്കുമ്പോഴേക്കും 20 ദശലക്ഷത്തോളം ജനങ്ങള്‍ സൊകോതോ സാമ്രാജ്യത്തില്‍ ജീവിച്ചിരുന്നു. ഒരു ഭരണാധികാരിക്ക് ഏറ്റവും കൂടുതല്‍ വേണ്ടത് അറിവാണ് എന്ന് വിശ്വസിച്ച ആളായിരുന്നു ദാന്‍ഫോദിയോ.ഒരു പണ്ഡിതനായി ജീവിതം ആരംഭിച്ച ഉസ്‍മാൻ ദാന്‍ ഫോദിയോ വാളെടുക്കാന്‍ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് വലിയ സൈനിക നായകനായി മാറുകയായിരുന്നു. 1817 ഏപ്രില്‍ 20- ന് സൊകോതോയില്‍ വെച്ചാണ് അദ്ദേഹം മരണപ്പെട്ടത്.
63 വര്‍ഷത്തെ ജീവിതം കൊണ്ട് ആഫ്രിക്കയുടെ മത രാഷ്ട്രീയ സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളില്‍ വലിയ വിപ്ലവങ്ങള്‍ കൊണ്ടുവരാന്‍ ശൈഖ് ഉസ്‍മാന് സാധിച്ചിട്ടുണ്ട്.
പ്രത്യേകിച്ചും സ്ത്രീ ശാക്തീകരണം, അടിമത്തം, കാര്‍ഷിക വളര്‍ച്ച, സാക്ഷരത തുടങ്ങിയ മേഖലകളിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണ്.
Studies Islamic Theology and Philosophy at Isha’thussunna moral academy. Doing Bachelor in Arabic literature at University of Calicut.

