തുര്‍ക്കിഷ് ചരിത്രത്തിലെ സവിശേഷമായ തുലിപ് കാലഘട്ടം
തുര്‍ക്കിയുടെ ചരിത്രത്തില്‍ ദേശീയ പുഷ്പമായ തുലിപിന്റെ പേരില്‍ അറിയപ്പെടുന്ന ഒരു കാലഘട്ടം തന്നെയുണ്ട്. ഈ കാലത്ത് ജനങ്ങള്‍ തുലിപ് പുഷ്പത്തില്‍ ആകൃഷ്ടരായി തുലിപ്പ് ഗാര്‍ഡനുകള്‍, തുലിപ് ലേലം, തുലിപിനെ കുറിച്ചുള്ള കവിതകള്‍ തുടങ്ങിയവയിലെല്ലാം സജീവമായിരുന്നു. 1718നും 1730നും ഇടയില്‍ സമാധാനപരവും സമൃദ്ധവുമായ ഒരു കാലഘട്ടം അടയാളപ്പെടുത്തിയ തുലിപ് കാലം ഒരു തരത്തിലുള്ള ബുദ്ധിശൂന്യമായ സന്തോഷത്തെയും ആനന്ദത്തെയും വിവരിക്കുന്നതിനുള്ള ഒരു പദമായി മാറുകയായിരുന്നു.
തുലിപ് കാലഘട്ടത്തിലെ ഓട്ടോമന്‍ സുല്‍ത്താനായിരുന്ന അഹ്‌മദ് മൂന്നാമന്‍ സൗന്ദര്യബോധവും സംസ്‌കാര സമ്പന്നതയും കാത്തുസൂക്ഷിച്ച ഭരണാധികാരി ആയിരുന്നു. ആത്മവിശ്വാസമുള്ള സൈനികന്‍, ശ്രേഷ്ഠനായ ഭരണാധിപന്‍ എന്നതിലുപരി ഒരു കാലിഗ്രാഫിസ്റ്റും കവിയുമായിരുന്നു അദ്ദേഹം. ആധുനിക യൂറോപ്യന്‍ ഭരണാധികാരികളെ പോലെ ജനാധിപത്യ ഭരണക്രമമായിരുന്നു അദ്ദേഹത്തിന്റേതും.
ദുര്‍ബലമായി കിടന്നിരുന്ന നിയമ വ്യവസ്ഥിതികളെ പുനഃസൃഷ്ടിക്കാന്‍ അദ്ദേഹം സ്വയം സമര്‍പ്പിതനായി. ഭരണ അട്ടിമറിയിലൂടെ തന്റെ സഹോദരനെ സ്ഥാനഭ്രഷ്ടനാക്കിയ സ്വേച്ഛാധിപതികളെ പിഴുതെറിഞ്ഞാണ് അദ്ദേഹം ഭരണത്തിലേറുന്നത്. ഓട്ടോമന്‍ സൈന്യം പ്രൈറ്റ് (prut) യുദ്ധത്തില്‍ റഷ്യന്‍ സാര്‍ പീറ്റര്‍ ദി ഗ്രേറ്റ് സൈന്യത്തെ പരാജയപ്പെടുത്തിയെങ്കിലും സൈന്യത്തിന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. യൂറോപ്പിലെ എക്കാലത്തെയും പ്രസിദ്ധരായ സൈനികരില്‍ ഒരാളായ സായിയിലെ യൂജിന്‍ രാജകുമാരന്‍ പെട്രോറാഡിനില്‍ വച്ച് അവരെ പരാജയപ്പെടുത്തുകയാണുണ്ടായത്. മാത്രമല്ല സുല്‍ത്താന്റെ മരുമകന്‍ ഗ്രാന്‍ഡ് വസീര്‍ ആയിരുന്ന അലി പാഷയടക്കം യുദ്ധത്തില്‍ കൊല്ലപ്പെട്ടു. 1718ല്‍ പസാരോവിറ്റ്‌സ് ഉടമ്പടിയില്‍ ഒപ്പു വച്ചതോടെ ഓട്ടോമന്‍ സാമ്രാജ്യം യൂറോപ്പുമായുള്ള സമാധാനത്തിന്റെ ഒരു യുഗത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.
തന്റെ മകളായ ഐഷാ സുല്‍ത്താനെ വിവാഹം കഴിച്ച ഇബ്രാഹിം പാഷയെ സുല്‍ത്താന്‍ പുതിയ ഗ്രാന്‍ഡ് വസീറായി നിയമിച്ചു. പുതിയ സ്ഥാനമേറ്റ പാഷ തന്റെ ജന്മനാടായ മുഷ്‌കര എന്ന ഗ്രാമത്തെ നെവ്ഷെഹീര്‍ (പുതിയ പട്ടണം) നഗരമാക്കി മാറ്റിയാണ് തന്റെ ചുമതല ആരംഭിച്ചത്. പസാരോവിറ്റ്‌സ് ഉടമ്പടിക്ക് ശേഷം രാജ്യത്ത് സമാധാനത്തിന്റെയും സമൃദ്ധിയുടെയും കാലമായിരുന്നു. യൂറോപ്പിലെ വ്യവസായ വിപ്ലവകാലത്തിന്റെ വളരെ മുമ്പ് തന്നെ യൂറോപ്യന്‍ സാമ്രാജ്യത്തില്‍ പേപ്പര്‍, കാര്‍പെറ്റ് ഫാക്ടറികള്‍ ആരംഭിച്ചിരുന്നു. സാമ്രാജ്യത്തിലെ അമുസ്‌ലിംകള്‍ വളരെക്കാലമായി അച്ചടിശാലകള്‍ ഉപയോഗിച്ചിരുന്നുവെങ്കിലും ഇക്കാലയളവിലാണ് ആദ്യത്തെ ഇസ്‌ലാമിക പ്രിന്റിംഗ് പ്രസ്സ് നിലവില്‍ വന്നത് എന്നത് ശ്രദ്ധേയമാണ്. സാമ്രാജ്യത്തിലെ പ്രധാന മുഫ്തിയായിരുന്ന ശൈഖുല്‍ ഇസ്‌ലാം അബ്ദുല്ല എഫന്ദി അച്ചടിശാലകള്‍ വളരെ ഉപകാരപ്രദമായ കണ്ടുപിടുത്തം ആണെന്നു ചൂണ്ടിക്കാട്ടി ഫത്വ പുറപ്പെടുവിച്ചിരുന്നു.
തുലിപ് കാലഘട്ടത്തില്‍ സാമ്രാജ്യത്തില്‍ ഒരു ബൃഹത്തായ എന്‍ജിനീയറിങ് സ്‌കൂള്‍ ആരംഭിക്കുകയും അന്താരാഷ്ട്ര അടിസ്ഥാനത്തിലുള്ള വ്യാപാര മേഖലകള്‍ വര്‍ദ്ധിക്കുകയും ചെയ്തു. കവിതയും മറ്റു സാഹിത്യ വിഷയങ്ങളും അതിന്റെ ഉത്തുംഗത പ്രാപിച്ച സുവര്‍ണ്ണഘട്ടമായിരുന്നു ഇത്. നബി, നദീം തുടങ്ങിയ കവികള്‍, ലെവനിയെ പോലുള്ള ചിത്രകാരന്മാര്‍, സംഗീതജ്ഞരായ അബൂബക്ര്‍ ആഗ, തംബുരി മുസ്തഫ ചാവുഷ്, നെയീമയടക്കമുള്ള പ്രശസ്ത ചരിത്രകാരന്മാരെല്ലാം ഇക്കാലത്തു പരിശീലനം ലഭിച്ചവരാണ്.
ജനങ്ങള്‍ വായിക്കാനും പുതിയ ആശയങ്ങള്‍ സൃഷ്ടിക്കാനും യൂറോപ്പിനെ കുറിച്ച് ജിജ്ഞാസരാവാനും തുടങ്ങി. തുലിപ്പ് കാലഘട്ടത്തില്‍ ഓട്ടോമന്‍ ശൈലികള്‍ ഒരു പരിഷ്‌കൃത രൂപത്തിലേക്ക് മാറി. ഇന്നും ഓട്ടോമന്‍ ശൈലിയിലുള്ള അലങ്കാരങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഈ സുവര്‍ണ്ണ കാലഘട്ടത്തിലെ ശൈലികളാണ് പ്രിയം വെക്കുന്നത്. ഓള്‍ഡ് ചിരാഗ് കൊട്ടാരം, യുഷ്‌കുദാഷിലെ യെനി മോസ്‌ക്, സുല്‍ത്താന്‍ അഹ്‌മദ് ജലധാര (fountain) തുടങ്ങിയവയെല്ലാം ഈ കാലത്തെ ഏറ്റവും മനോഹരമായ നിര്‍മ്മിതികളില്‍ ചിലതാണ്. ഈ ഘടനകളും സറാബാദില്‍ നിര്‍മ്മിച്ച മാളികകളും നിര്‍മാണമേഖലയെ ജ്വലിപ്പിച്ചു നിര്‍ത്താൻ ഉപകരിച്ചു. ഉപഭോഗം ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കും എന്ന ധാരണ വ്യാപിക്കുകയും ചെയ്തു.
സമാധാനപരമായി നീങ്ങിയിരുന്ന ഇക്കാലഘട്ടത്തില്‍ ഒരു യുദ്ധം പുറപ്പെടുന്നത് റഷ്യ ഇറാനില്‍ ഇടപെടല്‍ നടത്തിയതിന് ശേഷം മാത്രമാണ്. ഇറാനിലെ ആഭ്യന്തര കലഹങ്ങള്‍ മുതലെടുത്ത് റഷ്യ കോക്കസിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന്റെ അനന്തരഫലങ്ങള്‍ ഗ്രാന്‍ഡ് വസീറിന് അറിയാമായിരുന്നു. സമാധാനപരമായ രാഷ്ട്രീയം ഉണ്ടായിരുന്നിട്ടും ഇറാനെതിരെ അദ്ദേഹം യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു.
നഖച്ചിയാന്‍, യെറേവാന്‍, അസര്‍ബൈജാന്‍, ഹമദാന്‍ തുടങ്ങിയ പ്രദേശങ്ങള്‍ കീഴടക്കി. ഏഷ്യയിലെ ഏറ്റവും ശ്രദ്ധേയനായ സൈനികരില്‍ ഒരാളായിരുന്ന നാദിര്‍ഷ അഫ്‌സല്‍ അധികാരത്തിലേറുകയും ഓട്ടോമന്‍ സൈന്യത്തിനെതിരെ നില്‍ക്കുകയും ചെയ്തു. എന്നിരുന്നാലും, രാജ്യത്തിന്റെ സാഹചര്യങ്ങളില്‍ മിക്കവരും സന്തുഷ്ടരായിരുന്നില്ല. മികച്ച ഗവണ്‍മെന്റുകള്‍ക്ക് പോലും ജനങ്ങള്‍ക്കെതിരെ നില്‍ക്കുമ്പോള്‍ ജനങ്ങളുടെ അസംതൃപ്തിയുടെ ആഘാതം വഹിക്കേണ്ടിവന്നിരുന്നു. കൂടാതെ, ചില സര്‍ക്കിളുകളില്‍ നിന്ന് ഇബ്രാഹിം പാഷക്കെതിരെ അസൂയ ജനിച്ചിരുന്നു. സത്യസന്ധനും ദയാലുവുമായതിനാല്‍ ഭൂരിഭാഗം ജനങ്ങളും അദ്ദേഹത്തെ സ്‌നേഹിച്ചിരുന്നെങ്കിലും താഴ്ന്ന വിഭാഗങ്ങള്‍ക്കിടയില്‍ ഒരു തരത്തിലുള്ള നിഷേധാത്മകത നിലനിന്നിരുന്നു.
ഗ്രാന്‍ഡ് വസീറിനെതിരെ പകയുണ്ടായിരുന്ന ചില മതഭ്രാന്തന്മാര്‍ പൊതുജനങ്ങളെ പ്രകോപിപ്പിച്ചു. ജര്‍മ്മനുമായുള്ള അവസാന യുദ്ധത്തില്‍ സൈന്യത്തിന്റെ ദയനീയമായ അവസ്ഥയ്ക്ക് സാക്ഷ്യം വഹിച്ചതിനാല്‍ ജാനിസറികളെ പുനരധിവസിപ്പിക്കാന്‍ ഇബ്രാഹിം പാഷ തീരുമാനിച്ചു. അദ്ദേഹം യുസ്‌കുദാഷില്‍ ബാരക്കുകള്‍ സ്ഥാപിക്കുകയും ഫ്രാന്‍സില്‍ നിന്ന് കൊണ്ടുവന്ന സൈനിക ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ഒരു മിലിറ്ററി യൂണിറ്റിനെ സജ്ജമാക്കുകയും ചെയ്തു.
ജാനിസറുകള്‍ തന്റെ ശത്രുവായി മാറാന്‍ ഈ നീക്കം മതിയായിരുന്നു. അദ്ദേഹത്തിന്റെ അമിതമായ ദയാവായ്പും സൗമ്യസ്വഭാവവും തന്റെ തന്നെ പതനത്തിന് വഴിയൊരുക്കുകയായിരുന്നു.
വെള്ളിയുടെ വില കുറച്ച് കറന്‍സിയുടെ മൂല്യം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമം ഉദ്ദേശിച്ച ഫലം നേടാനായില്ല. ഔദ്യോഗിക നാണയശാല വെള്ളി വില്‍പ്പന നിര്‍ത്തിയപ്പോള്‍ വാണിജ്യം വലിയ തകര്‍ച്ചയിലേക്ക് വീണു. ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ഇറക്കുമതിയുടെ ഒഴുക്ക് തടയുന്നതിനായി വ്യാപാരികള്‍ക്കും വാണിജ്യ നികുതി ചുമത്തി. അതേസമയം തന്നെ തബ്രീസില്‍ ജനങ്ങളെ തലയറുത്തു എന്ന വാര്‍ത്ത ഇസ്താംബൂളിനെ ആകമാനം പിടിച്ചുകുലുക്കി.
അല്‍ബേനിയന്‍ സംഘത്തലവനായിരുന്ന പട്രോണ ഹലീല്‍ മുമ്പ് വെനീഷ്യന്മാര്‍ ഇളക്കിവിട്ട ഒരു പ്രക്ഷോഭത്തില്‍ അകപ്പെട്ടിരുന്നെങ്കിലും വധശിക്ഷയില്‍ നിന്ന് രക്ഷിച്ചത് അബ്ദി പാഷ എന്ന ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് അദ്ദേഹം റുമേലിയയിലേക്ക് പോവുകയും ഒരു ജാനിസറിയായി വിദിനില്‍ (vidin) മറ്റൊരു പ്രക്ഷോഭത്തില്‍ പങ്കെടുക്കുകയും ചെയ്തു. അദ്ദേഹം നേതൃത്വത്തിലുള്ള മറ്റൊരു പ്രക്ഷോഭം ഈജിപ്തില്‍ റദ്ദാക്കപ്പെട്ടപ്പോള്‍ അവിടെനിന്ന് ഇസ്താംബൂളിലേക്ക് നീങ്ങുകയും ഒരു വിപ്ലവ തൊഴിലാളി എന്ന നിലയില്‍ കുപ്രസിദ്ധനാവുകയും ചെയ്തു.
ഇസ്താംബൂളിലെ ഒരു ചെറിയ പ്രദേശത്ത് അദ്ദേഹം സൂചിയും നൂലും വില്‍പ്പന തുടങ്ങി. നഗരത്തിലെ അശാന്തി മുതലെടുത്ത ഹലീല്‍ സ്വന്തം താല്‍പര്യങ്ങള്‍ക്കായി ഗ്രാന്‍ഡ് വസീറിനെതിരെ ബാങ്കര്‍മാര്‍, വ്യാപാരികള്‍, രാഷ്ട്രതന്ത്രജ്ഞന്‍ എന്നിവരുടെ സഹായത്തോടെ ഒരു കലാപം സംഘടിപ്പിച്ചു. പേര്‍ഷ്യന്‍ ക്യാമ്പ് വൈകിയപ്പോള്‍ സുല്‍ത്താന്‍ ജാന്‍സറികളെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായി അദ്ദേഹം വാര്‍ത്ത പ്രചരിപ്പിച്ചു. സഞ്ചാരികളുടെ ജനപ്രിയ വിനോദകേന്ദ്രമായ പെട്രോണ പബ്ലിക് ബാത്ത് എന്നറിയപ്പെട്ടിരുന്ന സുല്‍ത്താന്‍ ബയെസെദ് ll പബ്ലിക് ബാത്തില്‍ അദ്ദേഹം മറ്റു നേതാക്കളുമായി ഒത്തുകൂടി.
പ്രധാനമായും കച്ചവടക്കാരും ജാന്‍സറികളുമടങ്ങുന്ന ഈ വിമതര്‍ വിജയികളായി. ഗ്രാന്‍ഡ് വസീറിനെയും ഓട്ടോമന്‍ നാവികസേനയുടെ ചീഫ് കമാന്‍ഡര്‍ ആയിരുന്ന അദ്ദേഹത്തിന്റെ മരുമകനെയും അവര്‍ കൊലപ്പെടുത്തുകയും സുല്‍ത്താനെ സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്തു.
അട്ടിമറിക്കപ്പെട്ട സുല്‍ത്താന്‍ തന്റെ പിന്‍ഗാമിയായ ശഹസാദേ മുഹമ്മദിനെ സിംഹാസനത്തിലേക്ക് ആനയിക്കുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ നെറ്റിയിലും കൈയിലും ചുംബിച്ചു. ചാരുത മേളിച്ചിരുന്ന പവലിയനുകളും ബംഗ്ലാവുകളും പൂന്തോട്ടങ്ങളുമെല്ലാം പിന്നീട് നശിപ്പിക്കപ്പെട്ടു. ഓട്ടോമന്‍ സാമ്രാജ്യത്തില്‍ വ്യവസായവത്കരണത്തിലേക്കുള്ള വഴി നഷ്ടപ്പെടുകയായിരുന്നു.
തുലിപ്പ് കാലഘട്ടം തന്‍സിമെത് (tanzimet) കാലത്തിലേക്കുള്ള ഒരു റിഹേഴ്‌സല്‍ ആയിരുന്നു. വ്യാപാരികളുടെ ഏജന്റായ പെട്രോള്‍ ഹലീലിനെ ഒരു പൊതു നായകനാക്കിയുള്ള ചിത്രീകരണം വിഡ്ഢിത്തമായിരുന്നു. കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ സുല്‍ത്താന്‍ മഹ്‌മൂദ് ഒന്നാമന്‍ കൊട്ടാരത്തില്‍ നിന്ന് വിമതരെ പുറന്തള്ളുകയും അമ്മാവന്‍ രൂപപ്പെടുത്തിയ നവീകരണപാത പിന്തുടരുകയും ചെയ്തു.
വിവര്‍ത്തനം: മുജ്തബ സിടി കുമരംപുത്തൂര്‍
professor of history of Turkish Law and Islamic Law. He is currently the member of the Faculty of Law at Marmara University.
