പിങ്ക് മോസ്‌ക്, ടർക്കിഷ് മുറികൾ : യൂറോപ്യൻ വാസ്തുവിദ്യയിലെ ഒട്ടോമൻ സ്വാധീനം

പതിനെട്ടാം നൂറ്റാണ്ട് കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വലിയ കൊടുക്കൽ വാങ്ങലുകളുടെ കാലഘട്ടമായിരുന്നു. യൂറോപ്പിൽ കിഴക്കിനെ കുറിച്ച് പരാമർശിക്കുമ്പോൾ ആദ്യം ഓർമയിൽ വരിക ഒട്ടോമൻ സാമ്രാജ്യമായിരിക്കും. സുൽത്താൻ സുലൈമാൻ ഒന്നാമന്റെ ഭരണകാലത്തെ ഫ്രാങ്കോ- ഒട്ടോമൻ വ്യാപാര ബന്ധത്തിന്റെ ഉയർച്ച ഒരു വലിയ സംഭവ വികാസമാണ്. കാരണം അക്കാലം വരെയും ഒട്ടോമൻ സാമ്രാജ്യം പാശ്ചാത്യ മനസ്സിൽ ഭയം ഉളവാക്കിയ ഒന്നു മാത്രമായിരുന്നു.

വിയന്ന ഉപരോധത്തിന്റെ (siege of Vienna) പരാജയം ഒട്ടോമൻ പ്രദേശങ്ങൾ അതിന്റെ സ്വാഭാവിക അതിർത്തിയിൽ ഒതുങ്ങാൻ കാരണമായി. അതിനെ തുടർന്ന് പുതിയ അക്രമങ്ങൾ നിലക്കുകയും നിലവിലുള്ള ഭൂപ്രദേശങ്ങളുടെ സംരക്ഷണ കാലഘട്ടം ആരംഭിക്കുകയുമായിരുന്നു. ഇത് സാമ്രാജ്യത്തെ കുറിച്ചുള്ള ഭയം മറ്റൊരു ജിജ്ഞാസയിലേക്ക് വഴിതുറക്കുകയായിരുന്നു. 1700 – ലെ ഫ്രാൻസിലേക്കുള്ള ഒട്ടോമൻ അംബാസഡർമാരുടെ സന്ദർശനങ്ങൾ യൂറോപ്യൻ സംസ്കാരത്തിൽ ഒട്ടോമൻമാരുടെ ശക്തമായ സ്വാധീനം ഉണ്ടാക്കുന്നതിന് നിദാനമായി.

1721ൽ യിർമിസേകിസ് (Yirmisekiz) എന്ന പേരിൽ പ്രസിദ്ധനായിരുന്ന അംബാസഡർ മെഹമ്മദ് ചെലബിയുടെ ഫ്രാൻസിലേക്കുള്ള ആക്രമണമായിരുന്നു ‘ടർകറി’യുടെ അല്ലെങ്കിൽ തുർക്കിഷ് ഫാഷന്റെ ഉയർച്ചക്ക് പ്രേരിതമായ പ്രധാന ഘടകം. ചരിത്രകാരന്മാർ ‘തുലിപ് കാലഘട്ടം’എന്ന് വിശേഷിപ്പിച്ചിരുന്ന കാലം ഒട്ടോമൻ സാമ്രാജ്യത്തിലെ സംസ്കാരത്തിന്റെയും കലയുടെയും ഉത്തുംഗതയിൽ എത്തിയ കാലഘട്ടമായിരുന്നു. തുലിപ്പ് കാലഘട്ടത്തിൽ രൂപപ്പെട്ട സംസ്കാരങ്ങളും പ്രത്യേകതകളും പടിഞ്ഞാറൻ രാജ്യങ്ങളിൽ വലിയ തോതിൽ സ്വാധീനം സൃഷ്ടിച്ചു.

മെഹമദ് ചെലബിയും തന്റെ പരിചാരകരും ഒട്ടോമൻ കലാത്മകതയുടെ പുത്തൻ പരിഷ്കാരങ്ങൾ വികസിപ്പിച്ചു. അദ്ദേഹത്തിന്റെ സന്ദർശനത്തോടെ ടർക്കിഷ് ഫാഷൻ പാരീസിൽ ഒരു വലിയ വഴിത്തിരിവായി. പാരീസിൽ നിന്ന് നാന്ദികുറിച്ച് ഈ പ്രവണത വൈകാതെതന്നെ യൂറോപ്പിന്റെ സർവമേഖലകളിലും വ്യാപിക്കാൻ തുടങ്ങി. പതിനെട്ടാം നൂറ്റാണ്ടിൽ ഒട്ടോമൻ സാമ്രാജ്യം സന്ദർശിച്ചിരുന്ന മാന്യന്മാർക്ക് അംഗത്വമുള്ള ഒരു ഹ്രസ്വകാല ഡൈനിംഗ് ക്ലബ്ബായ ‘ദിവാൻ ക്ലബ്’ സ്ഥാപിതമായതോടെ ലണ്ടനിൽ ഒട്ടോമൻമാരോടുള്ള ആദരവ് വർധിച്ചു.
പെയിന്റിംഗ്, സംഗീതം, വാസ്തുവിദ്യ, അലങ്കാരം തുടങ്ങി സർവ്വ കലാസൃഷ്ടികളും ടർക്കറിയുടെ അടയാളങ്ങളും ഇന്നും യൂറോപ്പിൽ ധാരാളമായി കാണാവുന്നതാണ്

ടർക്കിഷ് റൂമുകൾ

പതിനെട്ടാം നൂറ്റാണ്ടുവരെ ശിഥിലമായി കിടന്നിരുന്ന ജർമൻ നഗര രാജ്യങ്ങളും ഓസ്ട്രിയൻ സാമ്രാജ്യവും സ്ഥിതിചെയ്യുന്ന മധ്യ യൂറോപ്പിലെ ഒട്ടോമൻമാരുടെ സ്വാധീനവും വളരെ വലുതായിരുന്നു. കാരണം സാമ്രാജ്യത്തിന്റെ ഭൂരിഭാഗം വിജയങ്ങളും ഈ പ്രദേശങ്ങളിലാണ് കൈവരിച്ചത്. അതുകൊണ്ടുതന്നെ ഒട്ടോമൻമാരുമായുള്ള മധ്യ യൂറോപ്യൻ ഭരണാധികാരികളുടെ പരിചയം എല്ലാ അർത്ഥത്തിലും സുദൃഢമായിരുന്നു. വിയന്ന ഉപരോധാനന്തരം തുർക്കി സൈന്യം അവരുടെ ടെന്റുകളും ആയുധങ്ങളും തുടങ്ങി വിലപിടിപ്പുള്ള നിരവധി വസ്തുക്കളും ഉപേക്ഷിച്ചിരുന്നു. ഈ വസ്തുക്കൾ യൂറോപ്യൻ പ്രഭുക്കന്മാർ അത്യുത്സാഹത്തോടെ ശേഖരിക്കുകയും പിന്നീട് ഇവയുടെ ശേഖരണം പ്രദർശിപ്പിക്കാൻ തുടങ്ങുകയും ചെയ്തു.

ആദ്യഘട്ടത്തിൽ സാക്സണിയിലെ പ്രിൻസ് ഇലക്ടർ ആയിരുന്ന ഫ്രെഡറിക് ക്രിസ്ത്യൻ തന്റെ കുടുംബത്തിന് കീഴിലുള്ള പൗരസ്ത്യ നിർമ്മിതമായ ആയുധശേഖരം ജർമനിയിലെ റെസിഡൻസ്ക്ളോസ് ഡ്രെസ്ഡൻറെ ഡ്രെസ്ഡൽ കൊട്ടാരത്തിൽ (റോയൽ പാലസ്) പ്രത്യേകം രൂപകൽപന ചെയ്ത ഭാഗത്ത് പ്രദർശിപ്പിച്ചു. ഈ വസ്തുക്കളുടെ പ്രദർശനം കിഴക്കൻ പ്രദേശങ്ങളിലെ വൈവിധ്യങ്ങളെ പറ്റിയുള്ള യൂറോപ്പിന്റെ കൗതുകത്തിന് കാരണമാവുകയും മറ്റു ഭരണാധികാരികൾ ഇദ്ദേഹത്തിന്റെ പാത പിന്തുടരാൻ തുടങ്ങുകയും ചെയ്തു. അങ്ങനെ തുർക്കിഷ് ശൈലിയിലുള്ള ഇന്റീരിയർ വർക്കുകളും മറ്റും നിർമ്മിക്കൽ യൂറോപ്പിൽ ഒരു ഫാഷനായി തീരുകയും ചെയ്തു.

ഒട്ടോമൻസ് യുദ്ധങ്ങളിൽ ഉപേക്ഷിച്ചു പോയ പ്രത്യേക ബൂട്ടുകളും മറ്റു സാമഗ്രികളും സൂക്ഷിച്ചുവെക്കാൻ യൂറോപ്പിൽ പ്രത്യേക മുറികൾ സജ്ജീകരിച്ചിരുന്നു. പിന്നീട്, യൂറോപ്യന്മാർ തങ്ങളുടെ ഒട്ടോമൻ ശേഖര പ്രദർശനം എന്നതിലുപരി പൗരസ്ത്യ ദേശനിർമ്മിതമായ ആലങ്കാരിക ശൈലിയും മറ്റു സാമഗ്രികളും തങ്ങളുടെ രാജ്യങ്ങളിൽ ഉപയോഗിക്കുവാൻ തുടങ്ങി.

ഒട്ടോമൻ നാഗരികതയുടെ പ്രധാന ശ്രദ്ധാ കേന്ദ്രങ്ങളിലൊന്ന് പരമ്പരാഗതരീതിയിലുള്ള വീടുകളായിരുന്നു. വൈവിധ്യങ്ങളായ വാസ്തുവിദ്യകളും ഇന്റീരിയർ വർക്കുകളും ഉള്ള മുറികൾ അടങ്ങിയ ഇത്തരം വീടുകൾ പതിനേഴാം നൂറ്റാണ്ടിനു ശേഷം ഒട്ടോമൻ സാമ്രാജ്യത്തിലെ പ്രധാന നഗരങ്ങളിലെല്ലാം പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഈ പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തിയ യൂറോപ്യന്മാർ ഈ വൈവിധ്യ നിർമ്മിതികളിൽ അത്യതികം ആകൃഷ്ടരായിരുന്നു.

ഒട്ടോമൻ പ്രദേശങ്ങളിലെ റൂമുകളുടെ രീതി തങ്ങളുടെ നാടോടി കാലത്ത് നിലവിലുണ്ടായിരുന്ന വിശാലമായ പ്രത്യേക കുടിലുകളുടെ (yurts) രൂപത്തിലായിരുന്നു. ഇരിപ്പിടങ്ങൾ, വിശ്രമസ്ഥലം, പാചകം, ഭക്ഷണം കഴിക്കൽ തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും കൃത്യമായി ഭൂമിശാത്രപരമായ രീതികളും മറ്റും ഉൾകൊള്ളിച്ച പ്രത്യേക ഭാഗങ്ങൾ അവരുടെ കുടിലുകളിൽ ഉണ്ടായിരുന്നു.

മതപരമായ അവബോധം അടിസ്ഥാനമാക്കിയാണ് ഇത്തരം മുറികൾ ക്രമീകരിച്ചിരുന്നത് എന്നത് ശ്രദ്ധേയമാണ്. അതനുസരിച്ച് പുരുഷന്മാർക്ക് ഇരിക്കാനുള്ള പ്രവേശന കവാടത്തിൽ ഒരു സെലാംസിക് (selamsik) ഭാഗം ഉണ്ടായിരുന്നു. ഈ എക്സ്ക്ലൂസീവ് മുറികളിലായിരുന്നു പുരുഷ അതിഥികളെ സൽക്കരിരിച്ചിരുന്നത്. അതേസമയം തന്നെ പിൻഭാഗത്ത് സ്ത്രീകൾക്ക് മാത്രം സൗകര്യമൊരുക്കിയ ഹരേംലിക് (haremlik) ഭാഗവും ഉണ്ടായിരുന്നു. ഈ ഭാഗങ്ങൾ വീടിന്റെ പൂന്തോട്ടങ്ങളോട് ചേർത്തായിരുന്നു നിർമ്മിച്ചിരുന്നത്. ഇത്തരം പരമ്പരാഗത വീടുകളിൽ ഉയരത്തിലുള്ള പൂന്തോട്ട മതിലുകൾ ഉണ്ടായിരുന്നതിനാൽ സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതമായ സഞ്ചാരസ്വാതന്ത്ര്യം ഉണ്ടായിരുന്നു.

സാമ്രാജ്യത്തിന്റെ സംസ്ഥാപനാനന്തരം അഞ്ചു നൂറ്റാണ്ടു വരെ ഒട്ടോമൻ ഡിസൈനർമാർ ഈ പരമ്പരാഗത രീതികൾ ചേർത്തു പിടിക്കുകയും ആവശ്യമാംവിധം പരിഷ്കരിക്കുകയും ചെയ്തു. പതിനെട്ടാം നൂറ്റാണ്ടിലെ പ്രശസ്ത ഫർണിച്ചർ ഡിസൈനറും ഡെക്കറേറ്ററുമായിരുന്ന തോമസ് ഷെറാട്ടൺ തന്റെ ‘The cabinet maker and Unholsterer’s drawing book’ എന്ന ഗ്രന്ഥത്തിൽ തുർക്കിഷ് ഇരിപ്പിടങ്ങളിലെയും ഇന്റീരിയർ ഡെക്കറേഷനുകളിലെയും കൗതുകകരമായ കൊത്തുപണികളെ കുറിച്ച് പരാമർശിക്കുന്നുണ്ട്.

1789 ലെ ഫ്രഞ്ച് വിപ്ലവ ദുരന്തത്തിന് ശേഷം കൊല്ലപ്പെട്ട പ്രശസ്ത ഫ്രഞ്ച് രാഞ്ജിയായിരുന്ന മാരി ആന്റോനെറ്റ് സ്വന്തമായി ഒരു തുർക്കിഷ് രീതിയിലുള്ള മുറി നിർമ്മിച്ചിരുന്നു. ഇതിൽ യൂറോപ്യൻ ശൈലികളും കലകളും ഉപയോഗിച്ചിരുന്നു. എങ്കിലും ഒട്ടോമൻ രീതിയിലുള്ള കൊത്തുപണികളും രൂപകങ്ങളും വളരെയധികം ഉണ്ടായിരുന്നുവെന്ന് വ്യക്തമാണ്.
സ്വർണ്ണം പൂശിയ ഭാഗങ്ങളടങ്ങിയ മാർബിൾ ഫലകങ്ങളും പ്രത്യേകരീതിയിൽ രൂപകൽപന ചെയ്ത ഇലകളുടെയും പൂക്കളുടെയും പ്രദർശന ചാരുതയും ഒട്ടോമൻ-ടർക്കിഷ് നിർമ്മാണ കലയുടെ സവിശേഷതകളിലൊന്നായിരുന്നു.

ഒട്ടോമൻ റൂമുകളിലെ പ്രധാന ചിഹ്നങ്ങളിലൊന്നായി തുർക്കിഷ് തലപ്പാവുകളെ കാണാനാവും. അതിനുപുറമേ ഭിത്തിമാടങ്ങളിലും മറ്റും ഉണ്ടായിരുന്ന പ്രത്യേകതരം വള്ളിപ്പടർപ്പ് പതിനെട്ടാം നൂറ്റാണ്ടിലെ ഒട്ടോമൻ ആർക്കിടെക്ചറിന്റെ പ്രധാന സവിശേഷതയായിരുന്നു. ഇത്തരത്തിൽ ഒരുപാട് വ്യത്യസ്തമായ നിർമ്മാണ, അലങ്കാര രീതികൾ നമുക്ക് ഒട്ടോമൻ മുറികളിൽ കാണാനാവുമായിരുന്നു. ഫ്രഞ്ച് വിപ്ലവത്തോടെ ഫ്രാൻസിലെ ടർകറി അവസാനിച്ചു. ഫ്രാൻസിലെ ടർകറിയുടെ അവസാന സാക്ഷ്യമായിരുന്നു ഈ മുറി. നിരവധി വർഷങ്ങളിലെ പുനസൃഷ്ടി പ്രവർത്തനങ്ങൾക്ക് ശേഷം ഇത് ഇപ്പോൾ സന്ദർശകർക്കായി തുറന്നു കൊടുത്തിട്ടുണ്ട്.

ഒട്ടോമൻ വേരുകളെ പ്രതിഫലിപ്പിക്കുന്ന പെയിന്റിംഗുകൾ വീടുകളുടെ ഇന്റീരിയറിനു വ്യത്യസ്തമായ അന്തരീക്ഷം സമ്മാനിച്ചിരുന്നു. നയതന്ത്ര ആവശ്യങ്ങൾക്കായി ഒട്ടോമൻ സാമ്രാജ്യത്തിലേക്ക് പോയിരുന്ന പ്രതിനിധികളോടും യാത്രക്കാരോടും പൗരസ്ത്യ ദേശ നിർമ്മിതമായ പെയിന്റിംഗുകളം മറ്റും കൊണ്ടുവരാൻ യൂറോപ്യന്മാർ ആവശ്യപ്പെട്ടിരുന്നു. ഒരു കാലത്ത് അലങ്കാരത്തിനായി ശേഖരിച്ചിരുന്ന ഈ പെയിന്റിങ്ങുകൾ ഇന്ന് ചരിത്രം രേഖപ്പെടുത്തിയ കരകൗശല വിസ്മയങ്ങൾ ആയി മാറിയിരിക്കുകയാണ്.

ഫ്രഞ്ച് ചിത്രകാരനായിരുന്ന ചാൾസ് ആൻഡ്രെ വാൻലൂയുടെ ഈ രീതിയിലുള്ള ചിത്രങ്ങൾക്ക് യൂറോപ്യൻ അലങ്കാര മേഖലകളിൽ ശക്തമായ സ്വാധീനമുണ്ടായിരുന്നു. ഇദ്ദേഹം തന്റെ മിക്ക കലാവിരുതുകളിലും ഒട്ടോമൻ സംസ്കാരത്തിലൂന്നിയ ശൈലികൾ ധാരാളമായി അനുകരിച്ചിരുന്നതായി കാണാനാവും. പോംപഡോറിലെ മാർക്കോസ് ആയിരുന്ന ജീൻ ആന്റെനാക് പോയിസനിന്റെ പ്രശസ്തമായ കോട്ടയിൽ ഇദ്ദേഹം ചെയ്ത ഓവർഡോർ അലങ്കാരങ്ങൾ ഇതിനുദാഹരണമാണ്. ഒട്ടോമൻ സാമ്രാജ്യത്തിലെ ദൈനംദിന ജീവിതത്തെയും സംസ്കാരത്തെയും ചിത്രീകരിച്ച അദ്ദേഹം തന്റെ കലാസൃഷ്ടികളിൽ പുതു മാനം സൃഷ്ടിക്കുകയുണ്ടായി. ചുവരുകളിൽ തൂക്കിയിട്ടിരുന്ന പെയിന്റിംഗുകളിൽ മാത്രമല്ല, മറിച്ച് ചിത്രാലംകൃതമായ കാർപറ്റുകളിലും ഈ ഓറിയന്റൽ തീമുകൾ ധാരാളമായി ഉപയോഗിച്ചിരുന്നു.

പിങ്ക് മോസ്‌ക്

പതിനെട്ടാം നൂറ്റാണ്ടിലെ ജർമ്മനി പല സ്വതന്ത്ര നഗരപ്രദേശങ്ങൾ ചേർന്നതായിരുന്നു. ഏറ്റവും ശ്രദ്ധേയമായത് ചാൾസ് തിയോഡോർ ഭരിച്ചിരുന്ന പ്രദേശമായിരുന്നു. ജ്ഞാനോദയ ചിന്തകളിൽ അധിഷ്ഠിതമായ നിരവധി പരിഷ്കാരങ്ങൾ അദ്ദേഹം നടപ്പിലാക്കിയിരുന്നു. ഒട്ടനവധി വാസ്തുവിദ്യ നിർമ്മിതികൾക്ക് തിയോഡർ പിന്തുണ നൽകി. പാലറ്റിനെറ്റ് രാജകുമാരന്മാർ വേനൽക്കാല വസതിയായി ഉപയോഗിച്ചിരുന്ന ഷ്വെട്സിംഗർ കൊട്ടാരം ഇതിനൊരു മികച്ച ഉദാഹരണമാണ്. ഈ കൊട്ടാരത്തിലെ പൂന്തോട്ടത്തിൽ ഫ്രഞ്ച് ആർക്കിടെക്ട് ഡിപിഗെജ് നിർമ്മിച്ച ഒരു പള്ളി അദ്ദേഹത്തിനുണ്ടായിരുന്നു. വ്യത്യസ്ത സംസ്കാരങ്ങളോടുള്ള തീയോഡറിന്റെ താൽപര്യങ്ങളെയും പ്രോത്സാഹനത്തെയുമാണ് ഇത് സൂചിപ്പിക്കുന്നത്.

ധാർമികത, വിദ്യാഭ്യാസം, കലകളിലുള്ള താല്പര്യം, ഭൗതിക ജിജ്ഞാസ എന്നിവയിലെല്ലാം തിയോഡർ പ്രശസ്തനായിരുന്നു. എല്ലാറ്റിലുമുപരി അദ്ദേഹം കലയെ വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു. യൂറോപ്പിൽ അങ്ങോളമിങ്ങോളമുള്ള മിക്ക വാദ്യോപകരണ വിദഗ്ദരെയും അദ്ദേഹം തന്റെ മാൻഹൈം സ്കൂളിൻറെ (‘Mannheim School’) മുറ്റത്ത് അണിനിരത്തിയിട്ടുണ്ട്. റോണ്ടാഅല്ല തുർക്ക് (തുർക്കിഷ് മാർച്ച്‌) എന്ന പേരിൽ പ്രശസ്തനായിരുന്ന വോൾഫ്ഗാങ് അമേഡിയസ് മൊസാർട്ട് അടക്കമുള്ള പ്രശസ്തർ ഇക്കൂട്ടത്തിലുണ്ടായിരുന്നു. മൊസാർട്ട് ഇവിടെ നിരവധി സംഗീത കച്ചേരികൾ നടത്തിയിട്ടുണ്ട്. മേൽപ്പറഞ്ഞ ഷ്വേറ്റ്സിംഗർ കൊട്ടാരത്തിലെ പള്ളി പിങ്ക് മോസ്‌ക് എന്നായിരുന്നു അറിയപ്പെട്ടത്. എന്നാൽ ഇത് ആലങ്കാരിക ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു എന്നും ആരാധനാകർമങ്ങൾക്കായി ഉപയോഗിച്ചിട്ടില്ല എന്നും കാണാം. 1795ൽ പൗരസ്ത്യ ദേശരീതിയിൽ നിർമ്മിതമായ ഈ പള്ളി കൊട്ടാരത്തിലെ ഏറ്റവും ആകർഷകമായ ഒന്നായിരുന്നു.

1961 മെയ് 20ന് തുർക്കി തൊഴിലാളികൾ ബൈറാം (ഈദ്) പ്രാർത്ഥന നടത്തിയത് മാത്രമാണ് ഇവിടെയുണ്ടായ ഏക ആരാധനാ കർമ്മം. അറബിയിലും ജർമ്മനിലും ആയി ധാരാളം ആപ്തവാക്യങ്ങൾ ഈ പള്ളിയുടെ ചുമരുകളിൽ എഴുതപ്പെട്ടിട്ടുണ്ട്. “സമ്പത്തും ലോകവും താൽക്കാലികവും സൽകർമ്മങ്ങൾ ശാശ്വതവുമാണ്”, “വിഡ്ഢി മുന്നറിയിപ്പുകളെ ശത്രുവായികണക്കാക്കുന്നു”, “മുള്ളുകൾ നനക്കുമ്പോഴാണ് ഭംഗിയാർന്ന റോസാപ്പൂക്കൾ ഉണ്ടാവുന്നത്”, ” അപകടകാരികളായ സുഹൃത്തുക്കളെക്കാൾ അഭികാമ്യം ഏകാന്തതയാണ്” എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്.

ഇത്തരത്തിലുള്ള നിർമ്മാണ കൗതുകങ്ങളും വൈവിധ്യമാർന്ന ഘടനയും ചേർന്നിരിക്കുന്ന ഇത് സന്ദർശകരെ ആകർഷിക്കുന്ന പ്രധാന മ്യൂസിയങ്ങളിലൊന്നാണ്

വിവർത്തനം: മുജ്തബ സി ടി കുമരംപുത്തൂർ

Credit: Dailysabah