സംശയ നിവാരണത്തിന്റെ ഇസ്‌ലാമിക രീതിശാസ്ത്രം

അന്വേഷണങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമാണ് ഇസ്‌ലാമിക ജ്ഞാനപാരമ്പര്യത്തിന്റെ കാതൽ. വിശ്വാസികളും അവിശ്വാസികളും പ്രവാചകരെ സമീപിച്ചത് ഒരുപാട് സംശയങ്ങളുമായാണ്. ഖുർആനിന്റെയും ഹദീസുകളുടെയും മുഖ്യഭാഗങ്ങൾ അവരുന്നയിച്ച സംശയങ്ങൾക്കുള്ള മറുപടികളായിരുന്നു. പ്രവാചകരുടെ കാലശേഷം അന്ന് കൈമാറിയ വിജ്ഞാനങ്ങളിൽ നിപുണരായവരോടും ഒരുപാട് സംശയങ്ങൾ ചോദിക്കപ്പെട്ടിട്ടുണ്ട്. ഇന്നും പണ്ഡിത സമൂഹം ചോദ്യങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്നു.

മുസ്‌ലിം സമൂഹത്തിന്റെ സംശയങ്ങളും അഭിപ്രായ വ്യത്യാസങ്ങളും മതത്തിന്റെ അടിസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നത്‌ സംബന്ധിച്ച്‌ ചില കാര്യങ്ങൾ വല്ലാതെ സംശയിപ്പിച്ചിട്ടുണ്ട്.
1. സാധുവായ മാർഗം ഒന്ന് മാത്രം ഉണ്ടായിരിക്കേണ്ട ഖുർആനിക പാഠങ്ങൾ, മതനിയമസംഹിതകൾ, ഹദീസുകൾ പോലോത്ത വിഷയങ്ങളിൽ എന്ത് കൊണ്ടാണ് വൈവിധ്യങ്ങളെ (diversity) അംഗീകരിക്കപ്പെട്ടത്?
2. അൽപം ചില പണ്ഡിതന്മാർക്ക് മാത്രം കൈകാര്യം ചെയ്യാൻ സാധിക്കുന്ന, ഉള്ളടക്കങ്ങളെക്കാൾ രീതിശാസ്ത്രങ്ങൾക്ക് (form over content) പ്രാധാന്യം നൽകുന്ന പാഠ്യരീതി പണ്ഡിത പരിശീലനത്തിന് അംഗീകരിച്ചതെന്തു കൊണ്ട്?

3. മതത്തെയും സമൂഹത്തെയും ഏകോപിപ്പിക്കുന്നതിൽ മധ്യകാലഘട്ടങ്ങളിൽ വിജയിച്ച പോലെ ആധുനിക കാലഘട്ടത്തിൽ വിജയിക്കാത്തതെന്ത് കൊണ്ട് ?

വൈവിധ്യങ്ങളെ അംഗീകരിക്കൽ

ഹിജ്‌റ 35 ൽ ഖലീഫ ഉസ്‌മാന്റെ കൊലപാതകത്തെ തുടർന്ന് ഇസ്‌ലാമിൽ രൂക്ഷ പ്രതിസന്ധികൾ രൂപപ്പെട്ടിരുന്നു. മുസ്‌ലിം സമൂഹം പരസ്പരം പോരടിക്കാൻ തുടങ്ങിയത് പ്രവാചകരുടെ കാല ശേഷത്തെ നേതൃസ്ഥാനത്തെ പറ്റിയുള്ള തർക്കങ്ങളെ തുടർന്നാണ്. സംഘട്ടനങ്ങളിൽ കൂടുതലും നേതൃസ്ഥാനങ്ങളെ സംബന്ധിച്ചായിരുന്നു. അൽപം സംഘട്ടനങ്ങൾ ഭരണാധികാരികളുടെ ദുർനടപടികൾക്കെതിരിലും അൽപം ചിലത് ധൈഷണികവുമായിരുന്നു.

ആദ്യകാല മുസ്‌ലിം പണ്ഡിതർക്കിടയിൽ ഇസ്‌ലാമിക നിയമസംഹിത, വിശ്വാസ ശാസ്ത്രം, ഖുർആനിക പാഠങ്ങൾ, ഹദീസുകളുടെ ആധികാരികത എന്നിവ സംബന്ധിച്ചുള്ള ചർച്ചകൾ ഉണ്ടായിരുന്നു. ഹിജ്‌റ 505ൽ ഇമാം ഗസാലിയുടെ കാലശേഷം ആയപ്പോഴേക്കും ഈ അഭിപ്രായ വ്യത്യാസങ്ങൾക്ക് തീർപ്പ് കല്പിക്കപ്പെടുകയും മുസ്‌ലിം ലോകത്ത് അഭിപ്രായൈക്യം നിലവിൽ വരികയും ചെയ്തു.

അടിസ്ഥാന വിഷയങ്ങളിൽ യാഥാർഥ്യങ്ങളോട് സമാനമായ മാർഗങ്ങൾ സ്വീകരിക്കുന്നതിൽ മധ്യകാല മുസ്‌ലിംകൾ സംതൃപ്തരായിരുന്നു. ഈ പ്രവണത ഭരണാധികാരികളെ തെരഞ്ഞെടുക്കുന്നതിലും നില നിന്നിരുന്നു. യൂറോപ്പിലെ പോലെ എല്ലാ സ്ഥാനങ്ങൾക്കും അർഹരായ സ്ഥാനവാഹകരെ മുമ്പേ നിശ്ചയിക്കുന്ന രീതി ശിയാക്കളെ മാറ്റി നിർത്തിയാൽ മുസ്‌ലിം സമൂഹത്തിലില്ലായിരുന്നു. വ്യത്യസ്ത അഭിപ്രായങ്ങൾക്ക് തുല്യപരിഗണന നൽകുന്ന ഈ രീതി എടുത്ത് പറയേണ്ട സവിശേഷതയാണ്.

പഠനരീതികളെ പറ്റിയുള്ള പഠനം

പതിനെട്ടാം നൂറ്റാണ്ടിൽ നിസാമുദ്ധീൻ സിഹാൽവി എന്ന പണ്ഡിതൻ സ്ഥാപിച്ച നിസാമി പാഠ്യരീതി ദക്ഷിണേഷ്യയിൽ ഏറെ സുപരിചിതമാണ്. പുതുതായി ഒന്ന് നിർമിക്കുന്നതിന് പകരം നിസാമുദ്ധീൻ സിഹാൽവി ചെയ്തത് പതിമൂന്നാം നൂറ്റാണ്ടിലെ രീതികളെ അടിസ്ഥാനപ്പെടുത്തിത്തന്നെ ഒരു രീതി കൊണ്ടു വരികയായിരുന്നു. സംവാദങ്ങൾക്കായിരുന്നു ഈ രീതി ഊന്നൽ നൽകിയിരുന്നത്.

ഈ പാഠ്യരീതി അനുസരിച്ചു വിദ്യാർഥികൾ കൂടുതൽ സമയം ചിലവഴിക്കുക തർക്കശാസ്ത്രം (മൻതിഖ്), ഭാഷാലങ്കാര ശാസ്ത്രം(ഇൽമുൽ മആനി), വ്യാകരണ ശാസ്ത്രം (നഹ്‌വ്)എന്നിവ പഠിക്കുന്നതിനായിരിക്കും

ഗ്രന്ഥങ്ങളുടെ സംക്ഷിപ്‌തങ്ങൾ മനഃപാഠമാക്കിയും അതിന്റെ വ്യാഖ്യാനങ്ങളും (ശർഹുകൾ) അതി വ്യാഖ്യാനങ്ങളും (ഹാശിയകൾ) ഇഴ കീറി ചർച്ച ചെയ്‌തുമുള്ള കടുപ്പമേറിയ രീതികൾ മധ്യകാല യൂറോപ്പ്യൻ യൂണിവേഴ്സിറ്റികളിലെ ജ്ഞാനസപര്യക്ക് സമാനമായിരുന്നു. ഈ രീതിയിൽ ഖുർആനിക പഠനങ്ങൾ കുറവായിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിലേയും ഇരുപതാം നൂറ്റാണ്ടിലേയും വിദ്യാഭ്യാസ വിചക്ഷണർ ഈ രീതിയെയെ ശക്തമായി വിമർശിച്ചിരുന്നു.  തദ്‌ഫലമായി മതാധ്യാപനങ്ങൾക്ക് മുൻഗണന നൽകുന്ന ദയൂബന്ദി പാഠ്യരീതി പകരം വന്നു.

ഒരുപാട് കാലം മുസ്‌ലിം സമൂഹം കൊണ്ട് നടന്നിരുന്ന, ഇപ്പോഴും ഇറാനിലെ ഖുമ്മ് പോലോത്ത പ്രദേശങ്ങളിൽ നില നിൽക്കുന്ന നിസാമി പാഠ്യരീതി സ്വീകരിക്കാനുണ്ടായ കാരണം ഭാഷാപാഠങ്ങളുടെയും തർക്കശാസ്ത്ര പഠനങ്ങളുടെയും വെളിച്ചത്തിൽ മതാധ്യാപനങ്ങളെ മനസ്സിലാക്കുന്നതിനായിരുന്നു.നേരിട്ട് പ്രമാണാർത്ഥങ്ങൾ വിശദീകരിക്കുന്ന രീതിയെ നിസാമി പാഠ്യരീതിയിൽ പ്രോത്സാഹിപ്പിക്കപ്പെട്ടില്ലായിരുന്നു.

മാത്രമല്ല, നിസാമി പാഠ്യരീതി ഒരു പാൻ ഇസ്‌ലാമിക രീതിയായിരുന്നു. എല്ലാ മദ്ഹബുകളെയും ഒരു പോലെ പഠിക്കുന്ന രീതി. അക്കാരണത്താൽ ശിയാക്കളുടെ അഖീദ, മൻതിഖ് ഗ്രന്ഥങ്ങൾ സുന്നി മദ്രസകളിലും പഠിപ്പിച്ചിരുന്നു.

അഭിപ്രായൈക്യങ്ങളുടെ പരാജയം

മധ്യകാലസമൂഹത്തിൽ മതാധ്യാപനങ്ങളുടെ ഘടനകളിലും നിർവഹണരീതികളിലും നിരവധി അഭിപ്രായങ്ങൾ ഉണ്ടായിരുന്നെങ്കിലും അവകൾ ഒരു പരിധി വരെ പരിഹരിക്കപ്പെട്ടിരുന്നു. ആധുനിക കാലഘട്ടത്തിൽ പരസ്പരം യോജിപ്പിക്കാൻ സാധിക്കാത്ത വിധം ഭിന്നിപ്പുകൾ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. പാകിസ്ഥാനിലെ മുസ്‌ലിംകൾക്കിടയിൽ മറ്റു മദ്ഹബുകളെയും ശീഇസത്തെയും അംഗീകരിക്കാനുള്ള സംയമന ചർച്ചകൾക്കെതിരെ ഒരുപാട് വിമർശനങ്ങൾ ഉയർന്നത് ഇതിന്റെ ഉദാഹരണമാണ്.

ഇസ്‌ലാമിക നിയമങ്ങളെ ഭരണ നിയമങ്ങളാക്കുന്നതിനുള്ള ശ്രമങ്ങൾ പഴയകാല സമൂഹങ്ങളെ വീണ്ടെടുക്കലല്ല. ഖുലഫാഉ റാശിദുകളെ പോലെ ഇസ്‌ലാമിക നിയമങ്ങളെ പൂർണ്ണ രീതിയിൽ ആവാഹിച്ചിട്ടുള്ള സമൂഹങ്ങൾ ഒമ്പതാം നൂറ്റാണ്ട് വരെ മാത്രമേ നില നിന്നിട്ടുള്ളൂ. പിൽക്കാലത് അൽപം ഭരണാധികാരികൾക്ക് മാത്രമേ അവരുടെ നിയമനടപടികൾ പണ്ഡിതന്മാരുടെ കൈകളിലേക്ക് സമർപ്പിക്കാൻ കഴിഞ്ഞിട്ടുള്ളൂ. അസ്ഥിര ഭക്തി വാഹകരായ പണ്ഡിതർക്ക് നിയമസഹായം നൽകുന്നതിന് പണ്ഡിതരും തയാറായിരുന്നില്ല.

ഈ രണ്ടു കാരണങ്ങൾ കൊണ്ടാണ് സമ്പൂർണ്ണ ഇസ്‌ലാമിക സമൂഹത്തിന്റെ തിരിച്ചുവരവ് സംഭവിക്കാതിരുന്നത്. ഇസ്‌ലാമിക നിയമങ്ങളിൽ കൂടുതലും ആരാധനകാര്യങ്ങളെ കുറിച്ചാണ് പരാമർശിച്ചിട്ടുള്ളത്.ബാക്കി ഭാഗങ്ങൾ വിവാഹം, കച്ചവടം പോലോത്ത വൈയക്തിക ഇടപാടുകളെ സംബന്ധിച്ചതാണ്.

അല്പം ഭരണകാര്യങ്ങൾ മാത്രമേ പരാമർശിച്ചിട്ടുള്ളൂ. ഇസ്‌ലാമിക സമൂഹങ്ങളിലൊക്കെയും നിലവിലുണ്ടായിരുന്നത് പ്രാദേശിക ആചാര നിയമങ്ങളായിരുന്നു. അതിൽ പലതിനും ഇസ്‌ലാമിനെക്കാൾ പഴക്കം കാണും.നികുതിപിരിവും ജന്മി-കുടിയാൻ ബന്ധങ്ങളുമെല്ലാം പ്രാദേശിക നിയമങ്ങൾക്കനുസൃതമായിട്ടായിരുന്നു നടപ്പിലാക്കിയിരുന്നത്. മദ്ഹബിന്റെ നിയമങ്ങൾക്കനുസരിച്ചു ഭരണം സംവിധാനിക്കുമ്പോൾ മറ്റു മദ്ഹബിലെ പണ്ഡിതർക്കിടയിലും പൊതുജനങ്ങൾക്കിടയിലുമുള്ള അക്രമങ്ങൾക്ക് അത് വഴി വെക്കും.

പണ്ഡിതർ മതാധ്യാപനങ്ങൾക്ക് വഴിപ്പെടും പോലെ ഭരണാധിപന്മാർക്ക് സാധിക്കുകയില്ല. അങ്ങനെയിരിക്കെ മതനിയമങ്ങൾ ഭരണതലത്തിലേക്ക് വരുന്നത് വിജയകരവും സ്ഥായിയുമാവുകയില്ല.പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ പാകിസ്‌ഥാനിലും ബംഗാളിലും ഹനഫി മദ്ഹബ് അനുസരിച്ചുള്ള ഭരണവ്യവസ്ഥകൾ കൊണ്ട് വന്നിരുന്നു.

ഭരണകാര്യങ്ങൾ സുഗമമാക്കുന്നതിന് പകരം ഒട്ടേറെ തർക്കങ്ങൾക്ക് ഇത് കാരണമായി മാറി. ആധുനിക സമൂഹത്തിൽ ഇസ്‌ലാമിക നിയമങ്ങൾ ഭരണതലത്തിലേക്ക് കൊണ്ടുവരുന്നതിൽ വിജയിച്ച ഉത്തമ മാതൃകകളായ ഓട്ടോമന്‍ തുർക്കിയിലും ഇത് പോലെ ഒരുപാട് തർക്കങ്ങളും വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്.

മുസ്‌ലിം ലോകത്ത് കൂടുതൽ അഭിപ്രായഭിന്നതകൾക്ക് വഴി വെച്ചത് പ്രമാണബന്ധിതമല്ലാതെ രൂപപ്പെട്ട സംസ്കാരങ്ങളിലാണ്. ഇറാനിൽ പന്ത്രണ്ട് നൂറ്റാണ്ടുകളായി രണ്ടു സംസ്കാരങ്ങളാണ്. ഒന്ന് ആഗോള ഇസ്‌ലാമിക സംസ്കാരവും മറ്റൊന്ന് പ്രാദേശിക ഇറാനി രാജവാഴ്ചയുടെ മുല്യങ്ങളിലധിഷ്ഠിതമായ പേർഷ്യൻ സംസ്കാരവും.

ഇവ രണ്ടും തമ്മിൽ അടിസ്ഥാനപരമായി തന്നെ ഒരുപാട് വ്യത്യാസങ്ങൾ നില നിൽക്കുന്നെങ്കിലും പരസ്പരം മുന്നോട്ടു പോകുന്നുണ്ട്. ഇതുപോലെ എല്ലാ പ്രദേശങ്ങളിലും കാണാം.പാകിസ്താനിലെ ലാഹോരി കൈറ്റ് ഫ്ലയിങ് ഹോളിഡേ ഹിന്ദു മത സംസ്‌കാരത്തിന്റെ ഭാഗമാണെങ്കിൽ കൂടി എല്ലാവരും അംഗീകരിക്കുന്നു.അത് പോലെ ചില പ്രാദേശിക സംസ്‌കാരങ്ങൾ മതകീയമാകുന്നുമുണ്ട്.

പഞ്ചാബിലെ സൂഫി കുടീരങ്ങളും അഫ്ഗാനിസ്ഥാനിൽ സ്ത്രീകളെ തനിച്ചാക്കുന്ന സംസ്‌കാരവും അതിന്റെ ഉദാഹരണങ്ങളാണ്.ഇസ്‌ലാമികസമൂഹങ്ങളെ പുനർജനിപ്പിക്കുന്നതിനായുള്ള ആയുധമായി ഇസ്‌ലാം മതത്തെ മുൻ നിർത്തുന്നതാണ് ഇക്കാലത്ത് കൂടുതൽ വിവാദങ്ങൾക്ക് വഴി വെക്കുന്നത്.

അഭിപ്രായവ്യത്യാസങ്ങളുടെ ഇസ്‌ലാമിക വീക്ഷണം

ഇസ്‌ലാം ഐക്യത്തിന്റെയും ഒരുപാടു നിയമങ്ങളുടെയും മതമാണ്. പ്രവാചകർ മുഹമ്മദിന്റെ(സ) കാലം മുതൽ തന്നെ ഒരുപാട് അഭിപ്രായഭിന്നതകളുണ്ടായിരുന്നു. എന്നാൽ ബൗദ്ധികസംഘട്ടനങ്ങൾക്ക് പകരം പ്രവാചകർ തന്നെ തീർപ്പു കല്പിക്കലായിരുന്നു അന്ന്. രണ്ടു നൂറ്റാണ്ടുകൾക്ക് ശേഷം വ്യത്യസ്‌ത മദ്ഹബുകളുടെ പിറവിയോടെയാണ് ബൗദ്ധിക സംഘട്ടനങ്ങൾ രംഗത്തുവരുന്നത്.

അത് പണ്ഡിതന്മാർക്കിടയിൽ തന്നെ പരിഹരിക്കപ്പെടുമായിരുന്നു. പിന്നീട് ചെറിയ വിഷയങ്ങളിൽ പോലും രൂപപ്പെടുന്ന തർക്കങ്ങൾ കൂടുതൽ ഭിന്നിപ്പുണ്ടാക്കി. ക്രമേണ അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും ഇസ്‌ലാമിന്റെ പൊതു സ്വഭാവമായി മനസ്സിലാക്കപ്പെട്ടു.

ഈ തർക്കങ്ങൾക്കുള്ള പരിഹാരം ഹദീസിൽ തന്നെ വന്നിട്ടുണ്ട്. നാം ഖുർആനിൽ നിങ്ങൾക്ക് കൊണ്ട് വന്നതിനെ നിങ്ങൾ പിൻപറ്റുക, അതിലില്ലെങ്കിൽ എന്റെ ചര്യ പിൻപറ്റുക, അതിലില്ലെങ്കിൽ എന്റെ അനുചരരുടെ ചര്യകൾ പിൻപറ്റുക.

തീർച്ചയായും അവർ നക്ഷത്രതുല്യരും നിങ്ങൾക്ക് സന്മാർഗവുമാണെന്ന് പ്രവാചകർ പറഞ്ഞിട്ടുണ്ട്. ശുദ്ധകല്പിതമല്ലാത്ത ഹദീസുകൾക്ക് നിയമപരമായ സാധുത കൽപ്പിക്കുന്നില്ല. പകരം പണ്ഡിതന്മാരുടെ ഏകീകൃ താഭിപ്രായങ്ങൾക്കാണ് നിയമസാധുത.അക്കാരണത്താൽ തന്നെ നാല് മദ്ഹബുകളും ശരിയായി കണക്കാക്കപ്പെട്ടു. ശിയാക്കളുടെ പന്ത്രണ്ട് ഇമാമുമാരെയും അംഗീകരിക്കപ്പെട്ടിരുന്നു.

ഒരു മദ്ഹബിലെ പണ്ഡിതന്മാർ മറ്റു മദ്ഹബുകളെ കുറിച്ച്‌ പഠിക്കാനും നിരൂപിക്കാനും അപൂർവമായി ചോദ്യം ചെയ്യാനും ശ്രമിച്ചിട്ടുണ്ട്. ഈ വ്യത്യാസങ്ങൾ പിന്നീട് പാണ്ഡിത്യത്തിന്റെ വിവിധ തലങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്.

എന്നാൽ വ്യത്യസ്‌ത അഭിപ്രായങ്ങളെ സമരസപ്പെടുത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ച രണ്ടു കാര്യങ്ങളുണ്ട്. മുസ്‌ലിം സമൂഹം ഒരൊറ്റ സമൂഹം (ഉമ്മത്ത്) എന്ന ബോധ്യമാണ് ഒന്ന്. ഒരു മുസ്‌ലിമും ഉമ്മത്ത് എന്ന സംജ്ഞയിൽ നിന്ന് മാറ്റിനിർത്തപ്പെടാവുന്നതല്ല. എന്നാൽ രാഷ്ട്രീയപരമായി ഒരുമിക്കുക എന്നത് കേവലാഭിലാഷം മാത്രമാണ്. ക്രിസ്‌തീയ ബുദ്ധ സമൂഹങ്ങൾക്കിടയിലുള്ള പോലെ ഒരു ഐക്യസംഘടന ഇസ്‌ലാമിൽ നില നിന്നിട്ടില്ല. അഭിപ്രായ ഭിന്നതകളെ കൊണ്ട് സാമൂഹ്യപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ പണ്ഡിതർ അതൃപ്‌തരാണ്.

ഒരുപാട് നിയമങ്ങൾ കൊണ്ട് നിർമിക്കപ്പെട്ട മതമാണ് ഇസ്‌ലാം എന്നതാണ് മറ്റൊരു കാര്യം. എല്ലാ മനുഷ്യ പ്രവർത്തനങ്ങളും അഞ്ചാലൊരു കർമശാസ്ത്ര വിധിയുടെ പരിധിയിൽ നിക്ഷിപ്‌തമാണ്. ഈ നിയമങ്ങൾ പ്രവാചക വിയോഗത്തോടെ പൂർണമായി.

പിന്നീട് ഖുർആനിക പാഠങ്ങളിൽ നിന്നും ഹദീസുകളിൽ നിന്നും സ്വഹാബികളുടെ ജീവിതക്രമങ്ങളിൽ നിന്നും മനസ്സിലാക്കുകയായിരുന്നു ചെയ്‌തത്. പ്രവാചകർ (സ) യുടെ കാലത്ത് അഭിമുഖീകരിക്കപ്പെട്ടിട്ടില്ലാത്ത പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതായിരുന്നു പണ്ഡിതന്മാർക്ക് ഏറെ വെല്ലുവിളികൾ സൃഷ്ടിച്ചത്.

മറ്റുള്ളവരുടെ വിശ്വാസങ്ങളുടെ സാധുത ചോദ്യം ചെയ്യണമെന്ന്‌ ചിലർ വാദിച്ചു. അത് ദൈവഹിതത്തെയും സ്വതന്ത്ര ഇച്ഛകളെയും ചോദ്യം ചെയ്യലാണെന്നും അതിന്റെ ആവശ്യമില്ലെന്നുമുള്ള ധാരണകൾ വ്യാപകമായപ്പോൾ ഇസ്‌ലാമികനിയമങ്ങൾ ഒരുപാട് അഭിപ്രായങ്ങളുടെ കലവറയായി മാറി.

അങ്ങനെ സ്വതന്ത്രമായ തീരുമാനങ്ങൾക്ക് സ്വീകാര്യത നൽകി ഒരു ഒത്തുതീർപ്പ് രൂപപ്പെട്ടു വന്നു.അങ്ങനെ ഓരോ വിശ്വാസിയും ഒരു ചിന്താധാരയെ നിജപ്പെടുത്തി അതിനെ അനുധാവനം ചെയ്‌ത ജീവിക്കാൻ ബാധ്യസ്ഥനായി.

അത് തെറ്റാണെങ്കിൽ കൂടി അവന്റെ സുനിശ്ചയം(നിയ്യത്ത്) കാരണം പ്രതിഫലം നൽകപ്പെടും. പന്ത്രണ്ടാം നൂറ്റാണ്ടോടെ ഇസ്‌ലാമിക വിജ്ഞാന ശാഖകൾക്ക് വ്യവസ്ഥാപിത രൂപം നിലവിൽ വന്നു.

ഇസ്‌ലാമിക വിജ്ഞാന രീതികൾക്ക് മാറ്റം സംഭവിച്ചതോടെ ഒരുപാട് പുതിയ ആശയങ്ങൾ രൂപപ്പെട്ടു. അവയിൽ പെട്ടതാണ് യുക്തിയും ഇബ്‌നു അറബിയുടെ വഹ്ദത്തുൽ വുജൂദും. നിസാമി പാഠ്യരീതി മുഖേന രൂപപ്പെട്ടതാണ് ഈ ആശയങ്ങൾ. ഗ്രീക്ക് തർക്കശാസ്ത്രം ഇസ്‌ലാമിക വിജ്ഞാനരീതികളിലേക്ക് കടന്നുവന്നത് ഒട്ടേറെ തർക്കങ്ങൾ സൃഷ്ടിച്ചിരുന്നു.

ഇമാം ഗസാലിയാണ് വ്യവസ്ഥാപിതമായി ഗ്രീക്ക് ലോജിക്കിനെ ഇസ്‌ലാമിക വിജ്ഞാനങ്ങളുമായി സംയോജിപ്പിച്ചത്. അദ്ദേഹം ഗ്രീക്ക് ലോജിക്കിന്റെ സംഗ്രഹം തന്റെ നിദാനശാസ്ത്ര ഗ്രന്ഥത്തിന്റെ മുഖവുരയിൽ ഉൾപ്പെടുത്തി.വിദ്യാർത്ഥികൾക്കിടയിൽ ആഴത്തിലുള്ള മൻഥ്വിഖ് (logic) പഠനം വ്യാപിച്ചതോടെ ആ മുഖവുരകളെ അനാവശ്യമായി കണ്ടു.

ഇസ്‌ലാമിക പാഠ്യരീതികളിലേക്കുള്ള മൻഥ്വിഖിന്റെ കടന്നുവരവിനെ വിശ്വാസ ശാസ്ത്രങ്ങളെ പരിശോധിക്കുന്നതിനായിരുന്നു വിനിയോഗിച്ചിരുന്നത്. അങ്ങനെയാണ് ഇൽമുൽ കലാം ആവിർഭാവമുണ്ടാകുന്നത്. കലാം എന്ന പദത്തിന്റെ അർത്ഥം സംസാരം, സംവാദം, അഭിപ്രായപ്രകടനം എന്നൊക്കെയാണ്.

പഴയ കാല ഗ്രന്ഥങ്ങളിൽ തർക്കസംബന്ധിയായ വിഷയങ്ങളെ ഖുർആനും ഹദീസും സാമാന്യബുദ്ധിയുപ്രയോഗിച്ച്‌ ഗ്രന്ഥകാരന്റെ വാദത്തെ സമർത്ഥിക്കുന്ന രീതിയായിരുന്നു. മൻഥ്വിഖ് പഠനം കൂടുതൽ വ്യവസ്ഥാപിതമായതോടെ ഇതിൽ നിന്നും മാറി പുതിയ സമർത്ഥനരീതികൾ നിലവിൽ വന്നു.

വിശ്വാസപ്രമാണങ്ങളെ തെളിവുകൾ സഹിതം സമർത്ഥിക്കുന്ന വിജ്ഞാനശാഖയായി ഇൽമുൽ കലാം മാറി.അതിന്റെ മുമ്പ് സൃഷ്ടാവിന്റെ സവിശേഷതകൾ മാത്രം പ്രതിപാദിക്കുന്ന ശാഖയായിരുന്നു ഇത്. എന്നാൽ ധിഷണാശാലികളും തത്വചിന്തകരും ഇൽമുൽ കലാമിനെ മതവിശ്വാസങ്ങൾക്ക് യുക്തിപരമായ പിന്തുണ മാത്രം നൽകുന്ന, ശാസ്ത്രീയ പിൻബലം നൽകാത്ത ഒന്നായി വിശദീരിച്ചു.

1300കളോടെ ഇൽമുൽ കലാമിൽ നിന്നും പ്രമാണബന്ധിതമായ ചർച്ചകൾക്ക് മാറ്റം സംഭവിച്ചു. ഗ്രന്ഥങ്ങളിൽ യുക്തിപരമായ വിശകലനങ്ങളും, ജ്ഞാനശാസ്ത്രവും അഭൗതികതയും കടന്നു വന്നു. മുൻഗാമികളിൽ നിന്നും കേട്ടു കൈമാറിപ്പോന്ന (സംഇയ്യാത്ത്‌) മൗലിക കാര്യങ്ങളെ അല്പം മാത്രം പ്രതിപാദിക്കുകയും ചെയ്‌തു.വിശ്വാസശാസ്ത്രങ്ങളിലെ പ്രതിപാദ്യ വിഷയം വിശ്വാസങ്ങളിൽ നിന്നും മാറി അത് മനസ്സിലാക്കാനുള്ള രീതിശാസ്ത്രങ്ങളായി മാറി. സമാനമായ മാറ്റങ്ങൾ മറ്റു വിജ്ഞാനങ്ങളിലേക്കും വ്യാപിച്ചു. അറബി വ്യാകരണവും ഭാഷാലങ്കാരശാസ്ത്രവും നിദാനശാസ്ത്രവുമായി പാഠ്യരീതിയിലെ മുഖ്യവിഷയങ്ങൾ.

മുസ്‌ലിം പണ്ഡിതർ ഈ മാറ്റത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ലായിരുന്നു. സമാനമായ മാറ്റങ്ങൾ യൂറോപ്പിലും സംഭവിച്ചിരുന്നു. ഗ്രീക്ക് ഫിലോസഫിയുടെ ആഗമനത്തോടെയുള്ള ധൈഷണിക വികാസം കാരണം ക്രിസ്‌തീയ മതവിശ്വാസത്തിലും മാറ്റങ്ങൾ സംഭവിച്ചു.

മധ്യകാല യൂറോപ്പിലെ മുഖ്യ പാഠ്യവിഷയമായിരുന്ന ക്രിസ്ത്യൻ വിശ്വാസശാസ്ത്രങ്ങൾ പഠിക്കുന്നതിനെ യൂണിവേഴ്സിറ്റികൾ നിരുത്സാഹപ്പെടുത്തുകയും ചെയ്‌തു. സമാനശക്തികൾ ഇസ്‌ലാമികരീതികളെ മാറ്റുന്നതിനും കാരണമായിട്ടുണ്ടാകും.

അങ്ങനെ ഖുർആൻ വ്യാഖ്യാനം, ഹദീസ്, മറ്റു നിയമപാഠങ്ങൾ എന്നിവകളുടെ അടിസ്ഥാനങ്ങൾ പരിശോധിക്കുന്നതിന് തത്വശാസ്ത്രവും തർക്കശാസ്ത്രവും മറ്റും പ്രയോഗിക്കുന്നത് ഗവേഷണങ്ങളുടെ പുതിയ രീതികളായി മാറി.പക്ഷെ അത് നിസാമി പാഠ്യരീതികളെ പോലെയുള്ളവയുടെ ദീർഘ കാല പ്രചാരത്തെ വ്യക്തമാക്കിയിട്ടില്ലായിരുന്നു.

രീതിശാസ്ത്രങ്ങൾക്ക് ഊന്നൽ നൽകുന്ന ശൈലി ഇസ്‌ലാമിക അടിസ്ഥാനങ്ങളെ മനസ്സിലാക്കുന്നതിനു ഏറെ ഉപകാരപ്രദമായിരുന്നു. അല്ലാഹുവിൽ നിന്ന് പ്രവാചകരിലേക്ക് ഇറക്കപ്പെട്ട യഥാർത്ഥ ശരീഅത്തിനെ കുറിച്ചു സംശയിക്കപ്പെടുന്നത് നമ്മുടെ അറിവിന്റെ വൈകല്യം കൊണ്ട് മാത്രമാണ്.

കർമശാസ്ത്രനിയമങ്ങൾ (ഫിഖ്ഹ്) രൂപപ്പെട്ടത് ഈ രീതിശാസ്ത്രങ്ങളുപയോഗിച്ചുള്ള വ്യവഹാരങ്ങളിലൂടെയായിരുന്നു. നൂറ്റാണ്ടുകളോളം പണ്ഡിതന്മാർ അവർക്ക് ലഭിച്ചിരുന്ന ഉറവിടങ്ങളൊക്കെ ശേഖരിച്ചാണ് അവ ക്രോഡീകരിച്ചത്.

ഈ ശ്രമങ്ങൾ വിദ്യാർത്ഥികളുടെ ധിഷണയെ മൂർച്ച കൂട്ടുന്നതിന് സഹായകമായി. അപ്പോൾ രൂപപ്പെടുന്ന സംശയങ്ങൾ അവരുടെ കുറവുകൾ ബോധ്യപ്പെടുത്തി സൃഷ്ടാവിന്റെ സേവകർ മാത്രമാണെന്ന ബോധവും എളിമയും വളർത്തുകയും ചെയ്‌തു.

ഇബ്‌നു അറബിയുടെ വഹ്ദത്തുൽ വുജൂദെന്ന ആശയം ഒരുപാട് തർക്കങ്ങൾക്ക് വഴി വെച്ചിട്ടുണ്ട്. എല്ലാ സൃഷ്ടികളും ദൈവത്തിന്റെ വ്യത്യസ്‌ത ഭാവങ്ങളുടെ പ്രകടനങ്ങളാണ്. പ്രവാചകരെയും അല്പം മഹത്തുക്കളെയും മാറ്റി നിർത്തിയാൽ ബാക്കിയുള്ളവരെല്ലാം ദൈവത്തെ കാണുന്നത് വ്യക്തിസവിശേഷതകളി(idiosyncratic perspective)ലൂടെയാണ്.

ന്യൂനതകളുടെയും പൂർണതകളുടെയും ഏറ്റകുറച്ചിലുകൾക്കനുസരിച്ച് വ്യക്തത ലഭിക്കും. മനുഷ്യമനസ്സുകളുടെ ശുദ്ധതക്കനുസരിച്ച്‌ ആത്മജ്ഞാനങ്ങൾ വർധിക്കും. സൂഫികൾ ആത്മീയ വഴികൾ സ്വീകരിക്കുന്നത് ഇക്കാരണം കൊണ്ടാണ്.

വ്യത്യസ്‌ത മദ്ഹബുകളെ അംഗീകരിക്കുക വഴി ഒരു പരിധി വരെ അഭിപ്രായതർക്കങ്ങൾ മധ്യകാലസമൂഹങ്ങളിൽ പരിഹരിക്കപ്പെട്ടിരുന്നു.അത് കൊണ്ട് തന്നെ ഇസ്‌ലാമികവിജ്ഞാനങ്ങളുടെ അടിസ്ഥാനം തന്നെ അഭിപ്രായഭിന്നതകളാണെന്ന് പറയാം. ഇസ്‌ലാമിക നിയമങ്ങൾ പല ഭരണകൂടങ്ങളെയും നന്നേ സ്വാധീനിച്ചെങ്കിലും അക്രമങ്ങളെയും മതനിന്ദകളെയും ഭയന്ന് കൊണ്ട് നടപ്പിലാക്കാതിരിക്കുകയായിരുന്നു.

ആധുനിക സമൂഹത്തിലെ അഭിപ്രായ ഭിന്നതകൾ

ആധുനികസമൂഹത്തിൽ മധ്യകാലഘട്ടത്തിലെ അഭിപ്രായഭിന്നതകൾ കൂടുതൽ ശക്തിയോടെ പുനർജനിച്ചുകൊണ്ടിരിക്കുകയാണ്. കോളനിവത്ക്കരണം, ആധുനികവത്കരണം, മതേതരത്വം തുടങ്ങിയ പുതിയ പ്രത്യയശാസ്ത്രങ്ങൾ മതവിദ്യാഭ്യാസത്തെ ക്ഷയിപ്പിച്ചു.

അതിനുള്ള പ്രോത്സാഹനങ്ങൾ നിന്ന് പോവുകയും മതവിദ്യാർഥികൾ തന്നെ അതിലാഭം മോഹിച്ചു ഭൗതികകലാലയങ്ങളിൽ ചേർന്നുകൊണ്ടിരിക്കുകയും ചെയ്‌തു. ഇൻഡോനേഷ്യ പോലെയുള്ള രാജ്യങ്ങളിൽ മതവിദ്യാലയങ്ങൾ സർക്കാർ മതവിഭാഗം ഉദ്യോഗസ്ഥരുടെ പരിശീലനത്തിനുള്ള ഇടങ്ങളാക്കി. ഇന്ത്യ, ഇറാൻ, ഇറാക്ക്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ മാത്രമേ അതിനെ സംരക്ഷിക്കാനും പാരമ്പര്യം നില നിർത്താനും ശ്രമിച്ചുള്ളൂ.

പണ്ടത്തേക്കാൾ കൂടുതൽ സാക്ഷരത ഇന്നത്തെ മുസ്‌ലിം സമൂഹം കൈവരിച്ചിട്ടുണ്ട്. ഇസ്‌ലാമിക പാഠപുസ്തകങ്ങൾ ഏകദേശം എല്ലാ ഭാഷകളിലും സുലഭമാണ്.പക്ഷെ പാരമ്പരാഗത വിജ്ഞാനങ്ങളും മധ്യകാല യുക്തിചിന്തകളും ഒത്തുചേർന്ന ആധുനിക മുസ്‌ലിം സമൂഹത്തിന് ഡോക്ടർമാരും എൻജിനീയർമാരും ഉയർത്തുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ചിലപ്പോഴെങ്കിലും സാധിക്കുന്നില്ല. അങ്ങനെ ഭൗതികവിദ്യാഭ്യാസം നേടിയ ആധുനിക പണ്ഡിതവ്യൂഹം പ്രമാണങ്ങളിൽ നിന്ന് പുതിയകാല ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്താൻ തുടങ്ങി.

ഇന്ന് ലോക മുസ്‌ലിമീങ്ങൾ ഒരൊറ്റ സമുദായമായാണ് കഴിയുന്നത്.ഇരുന്നൂറ് വർഷങ്ങൾക്ക് മുമ്പ് ടെഹ്‌റാനും മുൾട്ടാനും തമ്മിൽ നില നിന്ന ബന്ധങ്ങൾ പോലെ മലേഷ്യയും നൈജീരിയയും ഇന്ന് വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നു.സ്വന്തം വിശ്വാസം മാത്രമാണ് മാനദണ്ഡങ്ങൾക്കനുസരിച്ചുള്ളതെന്ന് ധരിക്കുന്നവർക്ക് മുന്നിൽ വ്യത്യസ്‌ത ആചാരങ്ങളോടെ പ്രത്യക്ഷപ്പെടുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ സാധാരണയാണ്. തദ്‌ഫലം ഉണ്ടാകുന്ന തർക്കങ്ങൾ വ്യത്യസ്‌ത രീതിയിൽ ജീവിക്കുന്നിടങ്ങളിലൊക്കെ നില നിൽക്കുന്നു.

നിയോ ഹൻബലിസം

ഇസ്‌ലാമിക ലോകത്തെ ഏറെ സ്വാധീനം ചെലുത്തിയ ചിന്താധാരകളിൽ പെട്ടതാണ് ഹൻബലി മദ്ഹബും അതിൽ നിന്നും രൂപപ്പെട്ട വഹാബിസവും. ഹൻബലി മദ്ഹബിൽ മതപ്രമാണങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത് . യുക്തിയേക്കാൾ പ്രമാണങ്ങളുടെ പ്രത്യക്ഷാർത്ഥങ്ങളെയായിരുന്നു അവർ പരിഗണിച്ചിരുന്നത്. ഖുർആനിന്റെയും ഹദീസിന്റെയും കല്പനകളും നിരോധനകളും ലളിത രീതിയിൽ ആവിഷ്കരിച്ചത് കൊണ്ടാണ് ഹൻബലി മദ്ഹബിനു കുറച്ച്‌ വിശ്വാസികളുള്ളുവെങ്കിലും വലിയ സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഖുർആനും ഹദീസും മാത്രമാണ് ആധികാരികം എന്നാണവരുടെ പക്ഷം. അവകളെ മനസ്സിലാക്കണമെങ്കിൽ വൈയക്തികവും ധൈഷണികവും സാമൂഹികവുമായ പാശ്ചാത്തലങ്ങളെ കൂടി പരിഗണിക്കണമെന്ന് പറഞ്ഞുകൊണ്ട് ഒരുപാട് പണ്ഡിതന്മാർ ഇതിനെ എതിർത്തിട്ടുണ്ട്.

തനതായ ഇസ്‌ലാമിക പാരമ്പര്യം എന്നത് കൊണ്ട് തന്നെ പല പൊതുസംവാദങ്ങളിലും ഹമ്പലി മദ്ഹബ് മികച്ചു നിൽക്കുന്നുണ്ട്.സഊദി അറേബ്യയിൽ സുശക്തമായി നില കൊള്ളുന്നതാണ് സ്വീകാര്യതക്കുള്ള മറ്റൊരു കാരണം.

പരിഹാരങ്ങൾ

മുസ്‌ലിം സമൂഹത്തിനിടയിൽ നില നിൽക്കുന്ന അനൈക്യത്തിന് പ്രധാനമായും രണ്ട് പരിഹാരങ്ങളാണുള്ളത്. ഒന്ന്: പാരമ്പര്യ രീതികൾ പുതിയകാല പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്നത് മന്ദഗതിയിലാണെങ്കിൽ കൂടി പരമ്പരാഗത ഇസ്‌ലാമിക വിജ്ഞാനങ്ങളെ അവഗണിക്കാതിരിക്കുക. ആധുനികവാദികൾക്കും മതമൗലികവാദികൾക്കും പിഴച്ചത് ഇസ്‌ലാമിക ജ്ഞാന പാരമ്പര്യത്തെ നിരാകരിച്ചത് കാരണമാണ്.

ഈജിപ്തിലെ മതേതരവാദികളും തീവ്രവാദികളും അസ്‌ഹറിലെ പണ്ഡിതന്മാരെ എതിർക്കുന്നു.മധ്യകാല സമൂഹത്തിൽ ലഭ്യമായ ഉറവിടങ്ങളുപയോഗിച്ചു നന്നായി മനസ്സിലാക്കിയത് കൊണ്ട് തന്നെ അവഗണിക്കുന്ന അവസ്ഥ ഉണ്ടായിരുന്നില്ല. അവർ പാരമ്പര്യ ജ്ഞാനങ്ങൾക്ക് വലിയ ബഹുമാനവും കല്പിച്ചിരുന്നു. ഇന്ന് പൊതുവെ കാണപ്പെടുന്നത് മതമൗലികവാദികളും ആധുനികവാദികളും പാരമ്പര്യ പണ്ഡിതർക്കെതിരിൽ സഖ്യം ചേരുന്നതാണ്.

അവർ സ്വന്തം വീക്ഷണകോണുകളിലൂടെ മതസംഹിതകളെ വായിക്കുകയാണ്. ഇന്തോനേഷ്യയിലെ വിദ്യാർത്ഥികളെ ഇജ്‌തിഹാദിന് പ്രോത്സാഹിപ്പിച്ചതു പോലെ അപകടകാരിയായ കാര്യമാണ് ഇത്. പ്രമാണരഹിതമായ നിരൂപണങ്ങൾ എന്നും അപൂർണമാണ്. അവ കേവലം വ്യക്തി വീക്ഷണങ്ങളും പ്രവചനങ്ങളും മാത്രമായിരിക്കും.

പാശ്ചാത്യ രാജ്യങ്ങളിൽ മുസ്‌ലിംകൾ ന്യൂനപക്ഷങ്ങളാണ്. ഇസ്‌ലാമിനെ കുറിച്ചുള്ള പൊതുബോധത്തെ നവീകരിക്കുന്നതിൽ പാശ്ചാത്യരാജ്യങ്ങളിൽ ജീവിക്കുന്ന മുസ്‌ലിംകൾ വലിയ ശ്രമങ്ങൾ നടത്തി കൊണ്ടിരിക്കുന്നു.

അത്തരത്തിൽ വലിയ സമൂഹത്തിൽ പുതിയ സംസ്കാരങ്ങൾ കൊണ്ടു വരുന്ന ന്യൂനപക്ഷ സമൂഹങ്ങൾ ഇസ്‌ലാമിന്റെ സ്വഭാവത്തെ കുറിച്ച്‌ മനസ്സിലാക്കേണ്ടതുണ്ട്. അവർക്കിടയിൽ തന്നെ വൈവിധ്യങ്ങൾ മേളിക്കുന്നുണ്ട്. പള്ളികളിലും മറ്റും ഒരുപാട് സംസ്കാരങ്ങളുള്ളവർ സംഗമിക്കുന്നു.

ഐക്യം, ആധുനികത, സ്ത്രീ പ്രാധിനിത്യം, എന്നിവ സംബന്ധിച്ച് ഒരുപാട് പുതിയകാലപ്രശ്നങ്ങൾ അവർക്കിടയിലുണ്ട്. അവ പരിഹരിക്കുന്നതിന്റെ ആവശ്യകത വളരെ വലുതാണ്. അത് മൂലം മാത്രമേ മുസ്‌ലിമേതര സമൂഹങ്ങൾക്കിടയിൽ സ്വീകാര്യത ലഭിക്കുകയുള്ളൂ. അമേരിക്കയിലെയും യൂറോപ്പിലെയും നഗരങ്ങൾ ആഗോള ഇസ്‌ലാമിന്റെ സൂക്ഷമജഗങ്ങൾ (microsms ) മാത്രമാണ്. അത്തരം പുതിയകാലപ്രശ്നങ്ങൾക്ക് ഒത്തുതീർപ്പുണ്ടാക്കുന്നതാണ് മറ്റൊരു പരിഹാരം.

credits : www.renovatio.zaytuna.edu

മൊഴിമാറ്റം :റഹീം ബഷീർ