മുസ്‌ലിം ജ്ഞാനപാരമ്പര്യത്തിലെ തർക്കശാസ്ത്രത്തിന്റെ ഇടം

ഇസ്‌ലാമിക ധൈഷണികത ഉന്നതി പ്രാപിച്ച കാലം മുതൽ പാരമ്പര്യ ഇസ്‌ലാമിക വിദ്യാഭ്യാസത്തിൽ കേന്ദ്ര പ്രാധാന്യമുണ്ടായിരുന്ന ഒരു വിഷയമാണ് മൻത്വിഖ് (തർക്കശാസ്ത്രം). ഇസ്‌ലാമിക നിയമങ്ങളുടെ പ്രാഥമിക ശാസ്ത്രങ്ങളായ ഫിഖ്ഹ്, തഫ്സീർ, ഇൽമുൽ കലാം എന്നിവ ആഴത്തിൽ പഠിക്കാൻ നിദാന ശാസ്ത്രം (ഉസൂലുൽ ഫിഖ്ഹ്), സംവാദ മര്യാദകളെ കുറിച്ചുള്ള ശാസ്ത്രമായ (ആദാബുൽ ബഹ്സ് ), എന്നിവയിൽ പ്രാവീണ്യം നേടുന്നത് പോലെ തന്നെ പ്രാധാനമാണ് മൻത്വിഖ് പഠിക്കുന്നതും. സംവാദ മര്യാദകളെ കുറിച്ചുള്ള ശാസ്ത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് തർക്കശാസ്ത്രം. കാരണം നിയമ സിദ്ധാന്തങ്ങളും തർക്കശാസ്ത്ര രീതികളും ലോജികിന്റെ അടിസ്ഥാനത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.

ദാർശനിക അധ്യാപനങ്ങളും ഖുർആനിക വ്യാഖ്യാനങ്ങളും ഉൾക്കൊള്ളാൻ ഇസ്‌ലാമിക നിയമ സിദ്ധാന്തങ്ങളും വൈരുദ്ധ്യാത്മക ഗവേഷണവുമടക്കമുള്ള സംവാദ മര്യാദകളെ കുറിച്ചുള്ള ശാസ്ത്രം അനിവാര്യമാണ്. ഇസ്‌ലാമിക ജ്ഞാന ചരിത്രത്തിൽ ഇത്തരം സംവാദ മര്യാദകളെ കുറിച്ചുള്ള ശാസ്ത്രങ്ങളുടെ കേന്ദ്രബിന്ദുവായി നിലകൊണ്ടത് തർക്കശാസ്ത്രം(മൻത്വിഖ്) ആയിരുന്നു. നിയമ സംഹിതകളും വൈരുദ്ധ്യാത്മക അന്വേഷണവും യുക്തിശാസ്ത്രം വഴി പഠിക്കപെടാൻ തുടങ്ങിയ കാലത്തു തന്നെ ഈ പ്രാധാന്യം ബോധ്യപ്പെട്ടതുമാണ്.പ്രാചീന ഗ്രീക്ക് ഫിലോസഫിയും അറബിക് തത്ത്വശാസ്ത്രതിന്റെ വേരുകളും തമ്മിലുള്ള അന്തർധാര കൃത്യമായി മനസ്സിലാക്കുമ്പോൾ മാത്രമേ അറബിക് തത്ത്വശാസ്ത്രതിന് ഇസ്‌ലാമിക വിജ്ഞാന പാരമ്പര്യത്തിലുള്ള പ്രാധാന്യം ബോധ്യപ്പെടുകയുള്ളൂ.

വിവർത്തന വിപ്ലവത്തിന്റെ കാലത്താണ് മറ്റനേകം വൈജ്ഞാനിക ശാഖകളോടെ ഒപ്പം അറബിക് തത്ത്വശാസ്ത്രവും രൂപപ്പെടുന്നത്. ഉമവിയ്യ ഭരണത്തിനു കീഴിലെ ദമസ്കസ് എന്ന വൈജ്ഞാനിക നഗരത്തെ അബ്ബാസിയ ഖലീഫയായ മൻസൂർ ബഗ്ദാദിലെ ബൈത്തുൽ ഹിക്മ നിർമിക്കുക വഴി അപ്രസക്തമാക്കുകയും വൈജ്ഞാനികമായ ഒരു തലസ്ഥാന മാറ്റം സാധ്യമാക്കുകയും ചെയ്തു. ഇതോടെ അനേകം പണ്ഡിതരുടെ അറിവിന്റെ പണിപ്പുരയായി പിന്നീട് ബാഗ്ദാദ് മാറി.

തുടർന്ന് ഖലീഫ ഹാറൂൻ റഷീദിന്റെ നേതൃകാലത്ത് ഈ വൈജ്ഞാനിക നഗരം കൂടുതൽ ശോഭിച്ചു. അറിവിനോടും പണ്ഡിതരോടുമുള്ള അദ്ദേഹത്തിന്റെ അതിരറ്റ സ്നേഹം ദാറുൽ ഹികം എന്ന വൈജ്ഞാനിക ശീർഷകത്തിലേക്ക് ബാഗ്ദാദിനെ വളർത്തി. ഗണിതശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും ഗോളശാസ്ത്രത്തിലും മാത്രമായി ഒതുങ്ങിനിന്നിരുന്ന വിവർത്തന വിപ്ലവം ദ്രുതഗതിയിലാണ് തത്ത്വശാസ്ത്രമടക്കമുള്ള വൈജ്ഞാനിക മേഖലകളിലേക്ക് വികസിച്ചത്. ഗ്രീക്ക്, സിറിയ തുടങ്ങിയ അനേകം ഭാഷകളിൽ നിന്ന് അറബി ഭാഷയിലേക്കുള്ള വിവർത്തനങ്ങളാണ് ആ കാലത്ത് നടന്നത്.ഖലീഫ മഅ്മൂനിന്റെ കാലത്തോടെ ദാറുൽ ഹികം വളർച്ചയുടെ പാരമ്യത്തിലെത്തി. വൈജ്ഞാനിക വ്യവഹാരങ്ങൾക്ക് സാമൂഹികമായ മൂല്യവർദ്ധനവും ആ കാലഘട്ടം സാധ്യമാക്കി.

ഈ കാലഘട്ടങ്ങളിൽ രൂപപ്പെട്ടുവന്ന വിവർത്തന ഇടപെടലുകളാണ് ഇസ്‌ലാമിക ജ്ഞാന ചരിത്രത്തിലെ സുവർണ്ണ കാലഘട്ടമായി വിശേഷിപ്പിക്കപ്പെട്ടത്. അനേകം ഇസ്‌ലാമിക വൈജ്ഞാനിക ചിന്തകരെ ആ കാലം രൂപപ്പെടുത്തിയെടുത്തു. അരിസ്റ്റോട്ടിലിയൻ തത്ത്വശാസ്ത്രത്തെ ഇസ്‌ലാമിക ലോകത്തേക്ക് ആദ്യമായി അവതരിപ്പിച്ച യാക്കൂബ് ബിന് ഇസ്ഹാഖ് അൽ കിന്ദി (al.kindus എന്നാണ് പടിഞ്ഞാറ് വിശേഷിപ്പിച്ചത്) അവരിൽ പ്രമുഖനാണ്.

ഒരു ഇസ്‌ലാമിക തത്ത്വചിന്തകനായിരിക്കെ തന്നെ കിന്ദി അനേകം കലകളിൽ വൈഭവമുള്ള ഒരു ബഹുമുഖ പ്രതിഭ കൂടിയായിരുന്നു. ഗോളശാസ്ത്രം, ജ്യാമിതി, വൈദ്യശാസ്ത്രം തുടങ്ങി അദ്ദേഹത്തിന്റെ മേഖലകൾ വിശാലമാണ്. Plotinus and Proclus ന്റെ ഭാഗങ്ങളും അരിസ്റ്റോട്ടിലിന്റെ തത്ത്വമീമാംസകളുമടക്കമുള്ള അനേകം ഫിലോസഫിക്കൽ രചനകളുടെ വിവർത്തനവും അദ്ദേഹത്തിന്റെ സംഭാവനയാണ്. തത്ത്വശാസ്ത്ര വീക്ഷണത്തിലൂടെ മുസ്‌ലിംകൾക്ക് ഇസ്‌ലാമിനെ പഠിക്കാനുള്ള ഒരു വാതിലാണ് അദ്ദേഹത്തിന്റെ ‘ഫിൽ ഫൽസഫതിൽ ഊലാ'(On First Philosophy) എന്ന രചന.

അബൂ നസ്വ്ർ അൽ ഫാറാബിയാണ് പിന്നീട് കിന്ദിയുടെ പൈതൃകം ഏറ്റുപിടിച്ചത്. അദ്ദേഹം കിന്ദിയുടെ രചനകൾക്ക് കാര്യമായ സേവനങ്ങൾ ചെയ്തു. കിന്ദി ഫിലോസഫിയെ തന്റെ മതകീയമായ വിശ്വാസത്തിന് സഹായകമാകുന്ന ഒരു ഉപാധിയായിട്ടാണ് നിരീക്ഷിച്ചതെങ്കിൽ ഫാറാബിയുടെ വീക്ഷണം മറിച്ചായിരുന്നു. തികച്ചും തത്ത്വശാസ്ത്രത്തിൽ നിന്ന് രൂപംകൊണ്ട ദിവ്യ വെളിപാടുകളെ മനസിലാക്കുന്നതിനായിരുന്നു അദ്ദേഹത്തിന്റെ മുൻഗണന. എന്നാൽ ഒരു കാര്യം ഉറപ്പിച്ചു പറയാം, ഫാറാബിയും കിന്ദിയും രൂപപ്പെടുത്തിയ ജ്ഞാന പൈതൃകം തന്നെയാണ് അറബിക് യുക്തിശാസ്ത്രത്തിന് അടിത്തറ പാകിയത്. ഭാഷയും യുക്തിയും തമ്മിലുള്ള ബന്ധത്തെയും സമീപനത്തെയും പറ്റി സജീവമായിരുന്ന അക്കാലത്തെ സംവാദങ്ങളിലെ ഫാറാബിയുടെ സംഭാവനകൾ ഇതിനുദാഹരണമാണ്. അതുവഴിയാണ് അറബിക് യുക്തിശാസ്ത്രത്തെ പറ്റിയുള്ള മുഴുവൻ പഠനങ്ങളും പ്രാരംഭമായി യുക്തി ഭാഷയെ എങ്ങനെ സമീപിക്കുന്നു എന്ന് നിരീക്ഷിക്കുന്നത്.

അറബിക് യുക്തിശാസ്ത്രം ഒരു സ്വതന്ത്ര പൈതൃകമായി രൂപപ്പെട്ടതോടെ അരിസ്റ്റോട്ടിലിയൻ പാരമ്പര്യത്തിലൂന്നി അനേകം പ്രബലമായ വ്യാഖ്യാനങ്ങൾ വന്നുതുടങ്ങി. അക്കൂട്ടത്തിൽ അടയാളപ്പെടുത്തപ്പെട്ട വികസനം സാധ്യമാക്കിയത് പതിനൊന്നാം നൂറ്റാണ്ടിലെ ഇബ്നുസീനയുടെ വരവോടെയാണ്. അവിസെന്ന എന്ന് പടിഞ്ഞാറ് വിളിച്ചിരുന്ന അദ്ദേഹത്തിന്റെ പ്രവർത്തന മണ്ഡലം മധ്യേഷ്യയും പേർഷ്യയും ആയിരുന്നു. പൂർവ്വ ഇസ്‌ലാമിക അരിസ്റ്റോട്ടിലിയൻ പാരമ്പര്യത്തെ അവതരിപ്പിക്കുന്ന ബഗ്ദാദി-അരിസ്റ്റോട്ടിലിയനിസത്തെ ഇബ്നു സീന കാര്യമായി വെല്ലുവിളിക്കുന്നു.

അരിസ്റ്റോട്ടിലിയൻ തത്ത്വശാസ്ത്രത്തിന് വ്യാഖ്യാനത്തിലൂടെ
ഇല്മു തഹഖീഖ്നെയാണ് ഇബ്നു സീന പ്രതിഷ്ഠിച്ചത്. ഇസ്‌ലാമിക മത പഠന വ്യവസ്ഥകളിൽ അറബിക് യുക്തിശാസ്ത്രം ഭാഗവാക്ക് ആയതോടെ പാരമ്പര്യ ഇസ്‌ലാമിക വിജ്ഞാന വ്യവസ്ഥകളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായി അത് മാറി. പ്രാഥമിക ശാസ്ത്രമടക്കമുള്ള വൈവിധ്യങ്ങളായ ഇൻസ്ട്രുമെന്റൽ സയൻസ്കളിൽ പ്രാചീനമായ രചനകളെ നിരൂപണാത്മകമായി സമീപിക്കാൻ വിദ്യാർത്ഥികളെ അടിസ്ഥാനപരമായി സഹായിച്ചത് ഈ പരിശ്രമങ്ങളാണ്. അധ്യാത്മിക സംവാദങ്ങളിലെ ഇടപെടലുകളും നിയമവ്യവസ്ഥയുടെ യുക്തിവാദ രീതിശാസ്ത്രങ്ങളും വളർത്തിയത് ഇതിനുദാഹരണമാണ്. യുക്തി ശാസ്ത്രത്തിന്റെ സഹായമില്ലാതെ ഇത്തരം ശാസ്ത്രശാഖകളെ അഭിമുഖീകരിക്കുന്നത് അങ്ങേയറ്റം പ്രയാസകരമായ ദൗത്യമായിരുന്നു.നസിറുദ്ധീൻ തൂസി, നജ്മുദ്ധീൻ അൽകാതിബി, അസീറുദ്ധീൻ അൽഅബ്ഹരി തുടങ്ങിയവരുടെ രചനകളും വ്യാഖ്യാനങ്ങളുമാണ് കാര്യമായി വായിക്കപ്പെടുന്ന യുക്തി ശാസ്ത്ര പാഠപുസ്തകങ്ങൾ.

The Basis of Aquisition എന്ന പേരിൽ പേർഷ്യൻ തത്ത്വചിന്തകൾക്ക് ഒരാമുഖമടക്കം യുക്തിശാസ്ത്രത്തിൽ അനേകം രചനകൾ നടത്തിയ ആളാണ് തൂസി. കാതിബിയും ഇതെ വിഷയത്തിൽ Al Risala al Shamsiyah എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്. Isaghuji എന്ന രചനയാൽ പ്രസിദ്ധനാണ് ആസീറുദ്ധീൻ അൽഅബ്ഹരി. പ്രകടമായ വൈരുധ്യങ്ങളുണ്ടെങ്കിലും Prophary യുടെ ഇതേ പേരിൽ അറിയപ്പെടാതെ പോയ രചനയുടെ വിശദീകരണമാണ് ഈ കൃതി. തൂസിയുടെ സമകാലികരാണ് ഇവർ രണ്ടുപേരും. ഇന്നും അറബ് തത്ത്വശാസ്ത്ര സെമിനാറുകളിൽ നിറസാന്നിധ്യമാണ് അവരുടെ രചനകൾ.

അറബിക് തത്ത്വശാസ്ത്രത്തിന് പാരമ്പര്യത്തിന്റെ പ്രാധാന്യം ചെറുതല്ല. പാരമ്പര്യ ഇസ്‌ലാമിക വിജ്ഞാനവും ഇസ്‌ലാമിക ധിഷണാ ചരിത്രവും അതിൽ കേന്ദ്രികൃതമാണ്. അറബിക് തത്ത്വശാസ്ത്ര പാരമ്പര്യത്തിന്റെ പിതാക്കളായ കിന്ദി, ഫാറാബി, സീന, തൂസി, അബ്ഹരി, തുടങ്ങിയവർ സംഭാവന ചെയ്ത താത്വിക് പൈതൃകം ഇസ്‌ലാമിക യുക്തിശാസ്ത്രത്തിന്റെ തന്നെയും മൂല സ്രോതസ്സുകളായി നിലകൊണ്ടു. 

കാരണ കേന്ദ്രീകൃതവും ചിന്താപരവുമായ അന്വേഷണാത്മക സ്വഭാവമാണ് യുക്തി ശാസ്ത്രത്തിന് ഇത്ര പ്രാധാന്യം നൽകിയത്. എതിരാളികളെ വെല്ലുവിളിക്കുന്നിടത്തുപോലും ഖുർആൻ പര്യാപ്തമായ തെളിവുകൾ ഹാജരാക്കാൻ ആവശ്യപ്പെടുന്നുണ്ട്. “നിങ്ങൾ പറയുന്നത് സത്യം എങ്കിൽ മതിയായ തെളിവുകൾ നിങ്ങൾ ഹാജരാക്കുക” എന്ന നബിവചനം ഇതിനുദാഹരണമാണ്. യുക്തി ചിന്തകളോട് അന്ധരും ബധിരരും ആയിരിക്കുന്ന വരെ പാപികൾ ആയിട്ടാണ് ദൈവം കണക്കാക്കുന്നത്. ചിന്തകളെ ഉപയോഗിക്കാത്ത വരെ മനുഷ്യരായി പോലും കണക്കാക്കാൻ ഖുർആനിക തത്ത്വങ്ങൾ അനുവദിക്കുന്നില്ല.

യുക്തിയും ഇസ്‌ലാമിക വിശ്വാസവും തമ്മിലുള്ള ബന്ധം പരിശോധിക്കുമ്പോൾ ഇസ്‌ലാമിക ജ്ഞാന ലോകത്ത് യുക്തി ശാസ്ത്രം എന്നും ഉന്നത സ്ഥാനത്ത് തന്നെയാണ് നിലകൊണ്ടത്. കിന്ദി മുതൽ ഗസ്സാലി വരെ അത് വ്യക്തമാക്കിയതാണ്. എന്നാൽ പുതിയ കാലത്ത് പാരമ്പര്യ ഇസ്‌ലാമിക വിജ്ഞാനം എന്ന പേരിൽ പഠിപ്പിക്കപ്പെടുന്നത് തികച്ചും പാരമ്പര്യത്തിന് എതിരാണ്. ഖുർആനിനെയും ഹദീസിനെയും സാഹിത്യപരമായ വായനയിലാണ് പുതിയകാലത്ത് താല്പര്യം. സംവാദ മര്യാദകളെ കുറിച്ചുള്ള ശാസ്ത്രമായക യുക്തിശാസ്ത്രവും നിയമശാസ്ത്രവും തർക്കശാസ്ത്ര അന്വേഷണാത്മക പഠനവും ആർക്കും താല്പര്യമില്ല. അത്തരം ശാസ്ത്രങ്ങളോട് തികച്ചും അവഗണനയാണ് കൽപ്പിക്കപ്പെടുന്നത്. ആധുനിക പഠന രീതികൾ അല്പംപോലും യുക്തിശാസ്ത്രത്തിന് പ്രാധാന്യം നൽകുന്നില്ല.

എന്നാൽ യാഥാർത്ഥ്യം മറിച്ചാണ്. പ്രാചീനകാലം തൊട്ടേ ഇസ്‌ലാമിക അധ്യാപനങ്ങളും ഖുർആനിക നിയമ സംഹിതകളും ഉൾക്കൊള്ളുന്നതിന് യുക്തി പ്രാഥമികമായ പങ്കുവഹിച്ചിട്ടുണ്ട്. ഇസ്‌ലാമിക ജ്ഞാന ചരിത്രവും പൊതു ചരിത്രവും അതിന് സാക്ഷിയാണ്. തത്ത്വശാസ്ത്രവും കരണാന്വേഷണ പഠനവും ഇസ്‌ലാമിക ധിഷണാ പാരമ്പര്യത്തിന്റെ ഹൃദയമാണെന്നിരിക്കെ ആധുനികകാലം തർക്കശാസ്ത്രത്തിന് വലിയ പ്രാധാന്യം കൽപ്പിക്കേണ്ടിയിരിക്കുന്നു.

വിവർത്തനം: ഷഫീഖ് പാലോട്