സൂഫിസവും കൊളോണിയൽ വിരുദ്ധ ഹിംസാത്മക പ്രതിരോധവും: ചില ആലോചനകൾ

സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളിൽ സജീവമായ, എന്നാൽ വളരെ സമാധാന ദാഹികളായ സൂഫി നേതാക്കളെ കുറിച്ചും അവരുടെ സമ്പ്രദായങ്ങളെകുറിച്ചുമാണ് ഈ കുറിപ്പിൽ ഞാൻ പരാമർശിക്കാൻ ഉദ്ദേശിക്കുന്നത്. ഇത് ഒരുതരത്തിലും സൂഫിസത്തെ ഒരു പോരാട്ട പ്രസ്ഥാനമായി ചിത്രീകരിക്കുകയല്ല. എങ്കിലും 1800 കളിലും 1980 ന്റെ തുടക്കത്തിലും ഫ്രാൻസ്, ബ്രിട്ടൻ, ഇറ്റലി തുടങ്ങിയ സാമ്രാജ്യത്വ ശക്തികളുടെ സമ്മർദ്ദങ്ങളാൽ അനുഭവിച്ച കൊളോണിയലിസത്തിന്റെയും പീഡനത്തിന്റെയും ഫലമായി സൂഫി നായകൻമാരും സംഘടനകളും സ്വയം പ്രതിരോധിക്കുന്നതിനു വേണ്ടി ഈ അധിനിവേശ ശക്തികൾക്കെതിരെ സൈനിക മാർഗ്ഗങ്ങൾ ഉപയോഗിച്ചിരുന്നതായി കാണാം.

ഈ ലേഖനത്തിൽ സൂഫി പ്രകൃതത്തെ കുറിച്ചും കൊളോണിയലിസം പോലോത്ത ശക്തികൾക്കെതിരെ സ്വയം പ്രതിരോധം എന്ന നിലയിൽ ഹിംസാത്മക പ്രവർത്തികൾക്ക് തയ്യാറായ സൂഫി സംഘടനകളുടെ ചരിത്ര ഉദാഹരണങ്ങളും സംക്ഷിപ്തമായി ചർച്ച ചെയ്യാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. അതിൽ പ്രാഥമികമായി ശ്രദ്ധ ചെലുത്തുന്നത് 1800 കളിലും 1900 ത്തിന്റെ തുടക്കത്തിലും ലിബിയയിലും അൾജീരിയയും നടന്ന സൂഫി സൈനിക നീക്കങ്ങളെ സംബന്ധിച്ചാണ്. ജനപ്രിയമായ അഹിംസാത്മക സൂഫിസത്തിന് വ്യത്യസ്ത കൊളോണിയൽ വിരുദ്ധ നീക്കങ്ങളിൽ അവരുടെ ആത്മീയ, രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ഘടകങ്ങൾ വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു. ഇക്കാരണത്താൽ, അൾജീരിയയിലും ലിബിയയിലും കൊളോണിയൽ വിരുദ്ധ നേതാക്കളെ സൂഫിസത്താൽ രൂപപ്പെടുത്തുകയും അവരുടെ സ്വാധീനം ഫ്രഞ്ച്, ഇറ്റാലിയൻ ശക്തികൾക്കെതിരെ സൈനിക ജിഹാദ് സംഘടിപ്പിക്കുന്നതിനു സഹായിക്കുകയും ചെയ്തു.

എന്താണ് സൂഫിസം ?

ഇസ്ലാമിന്റെ ” യോഗാത്മകദര്‍ശന ശാഖ (mystical branch)”യായിട്ടാണ് സൂഫിസത്തെ മനസ്സിലാക്കപ്പെടുന്നത്. സൂഫിസത്തിന് നീണ്ട പാരമ്പര്യം തന്നെയുണ്ട്, കൂടാതെ നൂറ്റാണ്ടുകളിലുടനീളം വിവിധ സൂഫി സമുദായങ്ങൾ ഇസ്‌ലാമിക ചിന്താധാരക്ക് വിപുലമായ സംഭാവനകൾ നൽകിയിട്ടുമുണ്ട്. അതിനാൽ തന്നെ വ്യത്യസ്ത സമുദായങ്ങൾ വിനിയോഗിച്ചിട്ടുള്ള ‘സൂഫിസം’ എന്ന പദത്തെ നിർവചിക്കൽ വിഷമകരമാണ്. എലിയാസ് പറയുന്നതനുസരിച്ച് “ഇസ്‌ലാമിന്റെ മത-സാംസ്കാരിക ആഖ്യാന രംഗത്തെ ഏറ്റവും പ്രതിപത്തിയുള്ളതും ചലനാത്മകവുമായ രീതിയാണ് സൂഫിസം. ഇസ്‌ലാമിക ലോകത്ത് നിലകൊള്ളുന്ന വിവിധതരം ദാർശനിക-സാമൂഹിക- സാഹിത്യ പ്രതിഭാസങ്ങളുടെ ഒരു സമന്വയ പദമാണിത്”.

ആദ്യകാല സൂഫി സന്യാസിമാർ സമൂഹ വ്യവഹാരങ്ങളിൽ നിന്നും സ്വയം മാറിനിന്ന് തങ്ങളുടെ ശിഷ്ടജീവിതം സമ്പൂർണ്ണമായും ദൈവത്തിലേക്ക് സമർപ്പിച്ചിരുന്നവരായിരുന്നു. എങ്കിലും, സൂഫികൾ( സൂഫി ശൈഖൻ മാരാകട്ടെ അനുയായികളാകട്ടെ) ഭൂമിയിൽ ദൈവസന്നിധി പ്രാപിക്കുവാൻ തങ്ങളുടെ ജീവിതം മാറ്റിവെച്ചിരുന്നുവെങ്കിലും അവനവന്റെ സമൂഹത്തിനോട് പലരീതിയിലും ഇടപഴകിയിരുന്നതിന്, ചരിത്രത്തിൽ വിവിധങ്ങളായ ഉദാഹരണങ്ങളുണ്ട്.

പോൾ ഹെക്ക് വിശദീകരിക്കുന്നതു പോലെ, ദൈവ പ്രതിനിധി എന്ന നിലയിൽ സൂഫിസത്തിന്റെ ഇടപെടൽ കണക്കിലെടുക്കുമ്പോൾ, ഇസ്‌ലാമിലെ പുണ്യവാളപദവിയെ ധാർമ്മികജാഡ്യ(moral apathy )ത്താൽ വിശേഷിപ്പിക്കാൻ കഴിയില്ല. മറ്റൊരർഥത്തിൽ പറഞ്ഞാൽ, ഇസ്‌ലാം പരിപാലനം ചെയ്യുന്ന യോഗാത്മക പരിചയം, ലോകം ഒരു മിഥ്യയാണെന്നും അതിലെ വ്യവഹാരങ്ങൾ വിവേക ശൂന്യമാണെന്ന നിഗമനത്തിലേക്ക്, നയിച്ചിട്ടില്ല. സൂഫിസത്തിലെ ആദ്യകാല ശിൽപ്പിയായ ജുനൈദ് അൽ ബഗ്ദാദി( മരണം 910) ഖുർആനിലൂടെ പ്രാമാണീകരിക്കപ്പെട്ട ദൈവത്തിന്റെ ഏകത്വത്തെ കുറിച്ച് വികസ്വരമായൊരു വ്യാഖ്യാനം നൽകുന്നുണ്ട്. അല്ലാഹുവല്ലാതെ ഒരു ദൈവവുമില്ല എന്നതിനപ്പുറം ദൈവമല്ലാതെ മറ്റൊന്നുമില്ല എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. അതുകൊണ്ടുതന്നെ സൂഫിസത്തിലൂടെ ഇസ്‌ലാമിന് ലോകത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണ ലഭിക്കുകയായിരുന്നു. എന്നാൽ യഥാർത്ഥത്തിൽ ഈ ലോകത്തെ പ്രലോഭനങ്ങളുടെ ഒരു ഉറവിടമായി കാണുന്നതിനും അവയെ നിരാകരിക്കാനും അപ്രകാരം തന്നെ മരണം വരെ സഹിക്കേണ്ട നൈമിഷിക ജീവിതരീതിയായ കരുതുന്ന ഒരു വിഭാഗം സൂഫി ധാരണയും ഉണ്ട്.

നൂറ്റാണ്ടുകളായി സൂഫികൾ ഇസ്‌ലാമിനെയും ദൈവവുമായുള്ള സമ്പർക്കത്തെയും വ്യത്യസ്തമായി വീക്ഷിക്കപ്പെടുന്നുണ്ട്. സൂഫിസം താപസവൃത്തി(asceticism), ഭൗതികവാദം, ശരീഅത്ത് എന്നിവയോട് മാത്രമല്ല സംവദിക്കുന്നത്, ഞാൻ വാദിക്കുന്നത് പോലെ ദൈവവുമായി അടുക്കുന്നതോടൊപ്പം തന്നെ രാഷ്ട്രീയ( കൊളോണിയൽ വിരുദ്ധ) പ്രവർത്തനങ്ങളിലും കൂടാതെ ഇസ്‌ലാമിക നീതി സങ്കൽപ്പത്തെ ഊന്നി പറയുന്നതിനും പലരുമായും പങ്കുചേർന്നിരുന്നു. അതിനാൽ, സൂഫിസത്തിന്റെ ഈ സങ്കീർണ്ണതയെ കണക്കിലെടുക്കുമ്പോൾ ഹെക്കിനെ പോലുള്ള പണ്ഡിതന്മാർ പറയുന്നത് സൂഫിസത്തിൽ കൈകാര്യം ചെയ്യാൻ പ്രയാസകരമായ നിരവധി വശങ്ങളുണ്ട് എന്നതാണ്. പ്രാപഞ്ചിക മോചനത്തിൽ സൂഫിസം കേന്ദ്രീകരിക്കുന്നുണ്ടെങ്കിലും പ്രധാനപ്പെട്ട ചില രാഷ്ട്രീയ-സാമൂഹിക മാനങ്ങളും അതിനുണ്ട്. സുൽത്താന്മാരുടെ ഉപദേശകന്മാരായും പോർ വിളിക്കാരായും ഉണ്ടായിരുന്ന വിശുദ്ധന്മാർ ചില സമയങ്ങളിൽ നിയമാനുസൃത നടപടിയെ ആശീർവദിക്കുകയും മറ്റു ചിലപ്പോൾ അക്കാലത്തെ താൽക്കാലിക ഭരണങ്ങളുടെ മേൽ തങ്ങളുടെ ആത്മീയ ഔന്നിത്യം ശക്തിയുക്തം സ്ഥാപിക്കുകയും ചെയ്തിരുന്നു.

സൂഫിസവും കൊളോണിയൽ വിരുദ്ധ പ്രസ്ഥാനങ്ങളും

കൊളോണിൽ അധിനിവേശ ശക്തികളെ ബലപ്രയോഗത്തിലൂടെ തന്നെ നേരിടാൻ ചില സൂഫി പ്രസ്ഥാനങ്ങൾ മുൻകൈ എടുത്തിരുന്നു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ കൊളോണിയൽ ഇടപെടലുകളുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കേന്ദ്രങ്ങളായി സൂഫിസവും സൂഫിവ്യവസ്ഥകളും പ്രവർത്തിച്ചതിന് ഒന്നിലധികം ഉദാഹരണങ്ങൾ കണ്ടെത്താൻ കഴിയുന്നതാണ്. 19-നൂറ്റാണ്ടിലെ യൂറോപ്പ്യൻ കൊളോണിയലിസത്തെ ചെറുക്കുന്നതിനായി സൂഫി ത്വരീഖത്തുകൾ മുൻകൈടുത്തിരുന്നതായി അനേകം ചരിത്രങ്ങൾ ഹെക്ക് എടുത്തുദ്ധരിക്കുന്നുണ്ട്. ഫ്രാൻസിനെതിരെ വടക്കേ ആഫ്രിക്കയിലും റഷ്യക്കെതിരെ വടക്ക് കോക്കസസിലും നടന്ന മുന്നേറ്റങ്ങൾ ഇതിനുദാഹരണങ്ങളാണ്. ടർക്കിഷ് റിപ്പബ്ലിക്കിന്റെ ആദ്യ വർഷങ്ങളിലും 1982 ന് മുമ്പുള്ള സിറിയയിലും സംഭവിച്ചതു പോലെ കോളോണിയലിസത്തിനു പിറകെ പ്രാദേശിക സമൂഹത്തെ അക്രമണത്തിലൂടെ മതേതരവൽക്കരിക്കാൻ ശ്രമിച്ച രാജ്യങ്ങൾ ചില സൂഫി ശൃംഖലകളെ എതിർത്തിരുന്നു.
അൾജീരിയയിൽ ഖാദിരിയ്യ സൂഫി ത്വരീഖത്തിന്റെ നേതാവായിരുന്ന അബ്ദുൽഖാദർ ജസാഇരി സ്ഥാനഭ്രഷ്ടനാകുന്നതിനു മുമ്പ് തന്റെ രാജ്യത്തിന്റെ പ്രധാനയിടങ്ങളെ ബാഹ്യ അതിക്രമണങ്ങളിൽ നിന്നും തടയിടാൻ കഴിഞ്ഞിരുന്ന കാലത്ത്, ഫ്രഞ്ച് കൊളോണിയലിസത്തിനെതിരെ അദ്ദേഹം ഒരു വിപ്ലവത്തിന് തുടക്കമിട്ടിരുന്നു. സുഡാനിൽ ഉമർ ബിൻ സൈദ് അൽ ഫൂതിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്നതും, തീജാനിയ്യയുമടക്കം ഇത്തരത്തിലുള്ള മറ്റു സൂഫി ത്വരീഖത്തുക്കളാണ്. കൂടാതെ, വടക്കേ അമേരിക്കയിലെ കൊളോണിയൽ ശക്തികളോടുള്ള പോരാട്ടങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്ന നിരവധി സൂഫി സംഘടനകളുമുണ്ട്. പലപ്പോഴും സൂഫി പ്രസ്ഥാനങ്ങളെ നയിക്കുന്നത് ശൈഖുമാരാണ്. അവർക്കു കീഴിൽ സംഘടനയിൽ നിരവധി അനുയായികളുമുണ്ടാകും. സംഘടനകളുടെ സ്ഥാപകർ വ്യത്യസ്തമാകുന്നത് പോലെ അതിന്റെ നേതൃനിരയിലുള്ളവരും വ്യത്യസ്തരായിരിക്കും. വ്യത്യസ്തങ്ങളായ സൂഫി സംഘടനകൾക്ക് ദിക്റുകളിലും ആചാരങ്ങളിലും പലവിധത്തിലുള്ള സമ്പ്രദായങ്ങളുമുണ്ടായിരിക്കും. ഇത്തരം വൈവിധ്യങ്ങൾ രൂപപ്പെടുന്നത് അബ്ദുൽ ഖാദർ ജീലാനി( ഖാദിരിയ്യ) ബഹാവുദ്ദീൻ അൽ നഖ്‌ശബന്ധി(നഖ്‌ശബന്ദിയ്യ), അഹ്മദ് അൽ തിജാനി(തിജാനിയ്യ) തുടങ്ങി വൈജാത്യരായ സ്ഥാപകരിൽ നിന്നാണ്.

വടക്കേ ആഫ്രിക്കയിൽ തന്നെ വിവിധ ഉദാഹരണങ്ങളുണ്ടെങ്കിലും, കൊളോണിയലിസത്തിനെതിരെ മധ്യപൗരസ്ത്യ പ്രദേശങ്ങളിലും മഗ്രിബിലും നടന്ന സൂഫി പോരാട്ടങ്ങൾക്ക് അതിരുകളില്ല. കൂടാതെ തെക്കുകിഴക്ക് ഏഷ്യയിൽ കൊളോണിയലിസത്തിനെതിരെ പോരാടിയ സൂഫി പ്രസ്ഥാനങ്ങൾ അത്യന്തം പ്രചാരത്തിലുണ്ടായിരുന്നു. ഇതിനുദാഹരണമായി ഈ പ്രദേശത്തെ സൂഫി പ്രസ്ഥാനങ്ങൾ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയതായി കാണാം. ബ്രിട്ടീഷുകാർക്കെതിരെ ഹിംസാത്മക നീക്കം നടത്തിയ തിത്മീറിന്റെ (1831) കൊളോണിയൽ വിരുദ്ധ പ്രസ്ഥാനം പോലൊത്തവയുണ്ടെങ്കിലും, ശരീഅത്തുള്ള(1840) മകൻ ദൂദു മിയാൻ (1862) തുടങ്ങിയവരുടെ സൈനികേതര രാഷ്ട്രീയ സംഘടനകളും നിലനിന്നിരുന്നു. കൂടാതെ, ഇവയെല്ലാം രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്. ഈ കാലഘട്ടത്തിൽ സമരോത്സുക ജിഹാദിന്റെ രണ്ടാം കേന്ദ്രം, മുസ്‌ലിങ്ങളുടെ പീഡകരായി വിശ്വസിച്ചിരുന്ന സിഖ് യോദ്ധാക്കളെ എതിരിടുന്നതിന് വേണ്ടി ഉപയോഗിച്ച വടക്കുപടിഞ്ഞാറൻ അതിർത്തി മേഖലയായിരുന്നു. പ്രമുഖ ഹദീസ് പണ്ഡിതനും ധാരാളം ശിഷ്യരുടെ ഊർജ്ജസ്വലനായ ഗുരുവും ഷാ വലിയുല്ലാഹിയുടെ വിശിഷ്ട പുത്രനുമായ ഷാ അബ്ദുൽ അസീസിന്റെ (1746-1823) സ്വദേശി സയ്യിദ് അഹ്മദ് ബറേൽവി (1786-1831)യായിരുന്നു ഈ കേന്ദ്രത്തിലെ തലവൻ. ഷാ അബ്ദുൽ അസീസിന്റെ ഫതാവയെ ഇന്ത്യയെ ഒരു ദാറുൽ ഹർബായി( യുദ്ധഭൂമി) നിർവചിച്ചു കൊണ്ടാണ് പിൽകാലത്ത് കൊളോണിയൽ വിരുദ്ധ ദേശസ്നേഹികൾ ബ്രിട്ടീഷുകാർക്കെതിരെ ജിഹാദിനു പുറപ്പെട്ടത്. യഥാർത്ഥത്തിൽ, ഡൽഹിയിൽ നിയമിതരായിട്ടുള്ള ഈസ്റ്റിന്ത്യാ കമ്പനി ഉദ്യോഗസ്ഥരോട് മൃദുസമീപനം പുലർത്തിയിരുന്ന ഷാ അബ്ദുൽ അസീസ്, ദാറുൽ ഹർബിന്റെ പശ്ചാത്തലത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ പലിശ പോലോത്ത പ്രായോഗിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മാർഗ്ഗദർശനം നൽകലായിരുന്നു തന്റെ ഫത്‌വ കൊണ്ട് അദ്ദേഹം താൽപര്യപ്പെട്ടിരുന്നത്. ബ്രിട്ടീഷ് ഭൂപ്രദേശങ്ങളിൽ മുസ്‌ലിംകൾക്ക് നിയമാനുസൃതമായി മത ആചാര, അനുഷ്ഠാനങ്ങൾ നിർവഹിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നതിനാൽ ബ്രിട്ടീഷ് അധികാരത്തിനെതിരെയുള്ള സൈനിക മുന്നേറ്റങ്ങൾക്ക് വില കൽപ്പിച്ചിരുന്നില്ല.

ഇസ്‌ലാമിക അധ്യാപനത്തിലും സൂഫിസത്തിലും ബറേൽവികൾ ശ്രദ്ധ കേന്ദ്രീകരിച്ചുവെങ്കിലും, ശരിയായതും തടസ്സമില്ലാത്തതുമായ മുസ്‌ലിം ഭരണവും ആചാരങ്ങളും സ്ഥാപിക്കണമെന്ന പ്രതീക്ഷയോടെ അക്കാലത്തെ ഭരണകൂടനിർമ്മാണ പ്രസരിപ്പിൽ സൈനിക പ്രവർത്തനങ്ങളുടെ മേൽനോട്ടവും വഹിച്ചിരുന്നു. ഡാഗിസ്താനിലെ സൂഫി പോരാളി ഇമാം ശാമിൽ(1871) റഷ്യൻ സേനക്കെതിരെ വലിയ രൂപത്തിൽ പോരാടിയിരുന്നുവെങ്കിലും നഖ്‌ശബന്ദിയ്യ ത്വരീഖത്തുമായി അഗാധ ബന്ധം പുലർത്തിയിരുന്ന ശാമിലിന്റെ ബഹുമതികളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രമാണികത്വത്തിൽ സൂഫിസം ആഴത്തിലുള്ള പങ്കുവഹിച്ചിരുന്നു.

സൂഫിസത്തെയും അവരുടെ പോരാട്ടങ്ങളെയും സംബന്ധിച്ച് കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് 1830 കളുടെ തുടക്കത്തിൽ അൽജീരിയയിൽ ഫ്രഞ്ച് സേനക്കെതിരെയുള്ള അമീർ അബ്ദുൽ ഖാദറിന്റെ ചെറുത്തുനിൽപ്പിലും 1900 ത്തിന്റെ തുടക്കത്തിൽ ലിബിയയിൽ നടന്ന ഇറ്റലിയുടെ കോളനിവൽക്കരണത്തിലും അവരുടെ ആക്രമണങ്ങളോടുള്ള സനൂസ്സി സൂഫികളുടെ പ്രതികരണത്തെ പറ്റിയും ആണ് അടുത്തതായി ഞാൻ സംസാരിക്കാൻ ആഗ്രഹിക്കുന്നത്. അബ്ദുൽ ഖാദറിന്റെ അധികാരത്തിന് കീഴിലുള്ള അൾജീരിയയിലും സനൂസ്സി സൂഫി ത്വരീഖത്തിന് കീഴിലുള്ള ലിബിയയിലും വൈദേശിക ശക്തികൾക്കെതിരെ ഫലപ്രദവും സുസ്ഥിരവുമായ സൈനിക മുന്നേറ്റങ്ങൾ നടത്തിയിരുന്നത്, തങ്ങളുടെ രാഷ്ട്രീയ-സാമൂഹിക ഇടപെടലുകളിൽനിന്ന് യഥാക്രമം ഫ്രാൻസിനെയും ഇറ്റലിയെയും തടയിടുകയും ഞങ്ങളുടെ നാട് സ്വതന്ത്രമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആയിരുന്നു

വിവർത്തനം: ഉവൈസ് അബ്ദുസ്സലാം