അടിമത്ത സമ്പ്രദായവും മുസ്‌ലിം നാടുകളിലെ വൈവിധ്യവും

പ്ലേറ്റോ, അരിസ്റ്റോട്ടില്‍, ജോണ്‍ ലോക്ക്, ഗോബിനോ, തുടങ്ങിയ രാഷ്ട്രീയ, തത്വചിന്ത നിരീക്ഷകര്‍ക്കിടയില്‍ അരങ്ങേറിയ ഒരു പുരാതന സംവാദമാണ്, പാശ്ചാത്യര്‍ മറ്റു വംശങ്ങളോട് വച്ചു പുലര്‍ത്തുന്ന തരം താഴ്ന്ന ചിന്താഗതിയും അവരുടെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്ന പ്രവണതയും. എന്നാല്‍, ശാസ്ത്ര പുരോഗതിയുടെ ലോകത്ത്, യൂറോപ്പ് ലോകവ്യാപകമായി അധിനിവേശം നടത്തുകയും അതിനെ ന്യായീകരിക്കാനും നിരാകരിക്കാനുമായി ശാസ്ത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്യുകയും ചെയ്യുമ്പോള്‍ യൂറോപ്യന്‍ മേധാവിത്വ സിദ്ധാന്തങ്ങള്‍ക്ക് പ്രചാരം ലഭിക്കുകയും അതുവഴി ഇതര വംശങ്ങളുടെ അപചയം യാഥാര്‍ഥ്യമാവുകയും ചെയ്യുകയാണ്.

കേവല ഗവേഷണത്തിന്‍റെ ഫലമായുണ്ടാകുന്ന അഭിപ്രായങ്ങളും ശുദ്ധ ശാസ്ത്ര സിദ്ധാന്തങ്ങളും ഇവിടെ ജനങ്ങളുടെ താല്പര്യങ്ങളെ പരിവര്‍ത്തനം ചെയ്യാന്‍ ഹേതുവാകുന്നില്ല. മറിച്ച്, സഹജാവബോധവും വികാരത്തള്ളിച്ചയും രാഷ്ട്രീയ സാമ്പത്തിക താല്പര്യങ്ങളുമാണ് മനുഷ്യനില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതും അവന്‍റെ ചിന്തകളെ വികലമാക്കുന്നതും കാഴ്ചപ്പാടുകളില്‍ സ്വാധീനിക്കുന്നതും. ഇവിടെയാണ് ഖുര്‍ആനിക വചനങ്ങള്‍ക്ക് പ്രസക്തിയേറുന്നത്. ഉച്ചനീചത്വങ്ങളെ നിരുത്സാഹപ്പെടുത്തിക്കൊണ്ട് ഖുര്‍ആന്‍ പറയുന്നു :അല്ലാഹുവിങ്കല്‍ നിങ്ങളിലെ അത്യാദരണീയന്‍ ഏറ്റം ധര്‍മ്മനിഷ്ഠനത്രേ(അല്‍ ഹുജറാത്ത് :13). പ്രവാചകന്‍(സ) പറയുന്നു :ഭയഭക്തി കൊണ്ടും സല്‍കര്‍മങ്ങള്‍ കൊണ്ടും മാത്രമാണ് ഒരു മനുഷ്യന്‍ മറ്റുള്ളവരേക്കാള്‍ ഉല്‍കൃഷ്ടനാകുന്നത്. ഖുറൈശിയായ ഉമര്‍ ബ്നുൽ ഖത്താബ് കറുത്ത വര്‍ഗക്കാരനായ ബിലാലിനെ ‘നേതാവ്’ എന്ന് വിളിക്കാൻ പ്രേരിപ്പിക്കുന്നതിലൂടെ തിരുദൂദര്‍ ഇത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു.
അത്കൊണ്ടാണ് മുസ്‌ലിംകളുടെ നിലപാടുകളും കാഴ്ചപ്പാടുകളും മറ്റു ജനതയുടെ മാനവികതക്ക് ക്ഷതമേല്പിക്കാത്ത രൂപത്തിലാകുന്നത്. അബ്ബാസി ഭരണകൂടത്തിന്‍റെ രണ്ടാം യുഗം മുതല്‍ തന്നെ, ബന്ദികളായ അടിമകളെ രാഷ്ട്രീയ സൈനിക പദവികളിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്ന ചരിത്രമാണ് ഇസ്‌ലാമിനുള്ളത്.

മനുഷ്യര്‍ തുല്യരാണെന്ന് സ്ഥാപിക്കാന്‍ തത്വചിന്തകരും നിരീക്ഷകരും ആവതു ശ്രമിച്ചിട്ടുണ്ടെങ്കിലും, പ്രസ്തുത സങ്കല്പം യാഥാര്‍ഥ്യമാക്കിയത് ഖുര്‍ആനിന്‍റെയും ഹദീസിന്‍റെയും സാനിധ്യം മാത്രമാണ്. കാരണം, അവരുടേത് കേവലം പ്രസ്താവനകളും അഭിപ്രായങ്ങളുമാണ്. ഈ അര്‍ത്ഥത്തില്‍ അലി ഇസ്സത്ത് ബെഗോവിച്ച് പറയുന്നു: മനുഷ്യര്‍ ദൈവ സൃഷ്ടിയാണെങ്കില്‍ മാത്രമേ സമത്വവും അന്യോന്യ സ്നേഹവും സാധ്യമാകൂ. കാരണം മനുഷ്യ സമത്വം ഒരു ഭൗതിക യാഥാര്‍ഥ്യമല്ല, മറിച്ച് അതൊരു സ്വഭാവപരമായ കാഴ്ചപ്പാടാണ്. അതിനാല്‍, മാനവിക സമത്വമെന്ന സങ്കല്പം ഭൗതിക വീക്ഷണ കോണിലൂടെ രൂപപ്പെടുകയെന്നത് അസാധ്യമാണ്.

മതകീയ പ്രഭാവത്തിന്‍റെ സാനിദ്ധ്യത്താലാണ് സമത്വത്തിന്‍റെ ധാര്‍മ്മിക ചിന്തകളുടെ അതിപ്രസരം ഉണ്ടാകുന്നത്. മാനവ ഉയര്‍ച്ച സാധ്യമാക്കാന്‍ ഭൗതിക ഘടകങ്ങളായ സസ്യശാസ്ത്രം, മന:ശാസ്ത്രം തുടങ്ങിയവക്ക് ഒരിക്കലും കഴിയില്ല. അതുകൊണ്ടാണ് പ്രശസ്ത ഫ്രഞ്ച് ഓറിയന്‍റലിസ്റ്റ് ഗുസ്താവ് ലെ ബോണ്‍ അഭിപ്രായപ്പെട്ടത് : അറബികള്‍ അവരുടെ രാഷ്ട്രീയ വ്യവസ്ഥകള്‍ക്കനുസരിച്ചാണ് സമ്പൂര്‍ണ സമത്വം ആവിഷ്കരിക്കുന്നത്. എന്നാല്‍, താത്വികമായി യൂറോപ്പില്‍ രൂപം കൊണ്ട സമത്വ സങ്കല്‍പ്പത്തിന്‍റെ അടിവേരുള്ളത് ഇസ്‌ലാമിക നിയമത്തിലധിഷ്ഠിതമായിട്ടുമാണ്.

അരിസ്റ്റോട്ടില്‍

പ്ലേറ്റോ

വംശീയത എന്ന സങ്കല്പം ഒരുപാട് സംവാദങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്. അതിനാല്‍, ബഹുസ്വര സമൂഹത്തോടുള്ള മുസ്‌ലിം കാഴ്ചപ്പാട്, ആഫ്രിക്കയിലെ പാശ്ചാത്യ അധിനിവേശം തുടങ്ങിയ വിഷയങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു. പക്ഷെ അധികം ഗവേഷണ പഠനങ്ങള്‍ക്ക് വിധേയമാകാത്തതും ഓറിയന്‍റലിസ്റ്റുകള്‍, ചരിത്രകാരന്മാര്‍, യാത്രികര്‍, തുടങ്ങി നിരവധി അമുസ്ലിംകളാല്‍ ഒരുപാട് കൃതികള്‍ വിരചിതമാവുകയും ചെയ്ത ‘അടിമ വ്യവഹാരത്തോടുള്ള മുസ്‌ലിം സമീപനം’ ചര്‍ച്ച ചെയ്യപ്പെടേണ്ടതു തന്നെ.
കഴിഞ്ഞ മൂന്നു നൂറ്റാണ്ടുകളായി അവര്‍, അധിനിവേശത്തിന് വഴിയൊരുക്കാന്‍ ഉതകുന്ന രീതിയില്‍ നിരവധി ഗ്രന്ഥങ്ങളും റിപ്പോര്‍ട്ടുകളും തയ്യാറാക്കുകയും അവയില്‍ അറബ്, മുസ്‌ലിം രാഷ്ട്രീയ സാമ്പത്തിക സാമൂഹിക ചുറ്റുപാടുകള്‍ വിശകലനം ചെയ്യുകയും ചെയ്യുന്നു. ഒഴിച്ചുകൂടാനാകാത്ത ചരിത്ര സ്രോതസ്സുകളാണെങ്കിലും അവയില്‍ ചിലത് ചരിത്രത്തോട് നീതിപുലര്‍ത്താത്തതും ഭാവനാ പ്രാധാന്യമുള്ളതുമാണ്. പക്ഷെ, സമ്മോഹനമായ ഇസ്‌ലാമിക ചരിത്രം യാഥാര്‍ഥ്യമാണെന്ന് ഇസ്‌ലാം വിരോധികള്‍ക്കെതിരെ സമര്‍ത്ഥിക്കാന്‍ അവരില്‍ നിന്നുള്ളവരുടെ ഈ സാക്ഷിപത്രം ധാരാളമാണ്. അള്ളാഹു പറയുന്നു :നിങ്ങള്‍ മാനവര്‍ക്കു വേണ്ടി ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെട്ട ഉത്തമ ജനവിഭാഗമത്രേ (ആലു ഇമ്രാന്‍ :110).
അടിമത്ത സമ്പ്രദായത്താല്‍, വ്യത്യസ്ത ഭൂപ്രദേശങ്ങളില്‍ സംഭവിക്കുന്ന അവസ്ഥാ വിശേഷങ്ങള്‍ നമുക്ക് വിശകലനം ചെയ്യാം.

തുര്‍ക്കി

പ്രശസ്ത ബ്രിട്ടീഷ് ഓറിയന്‍റലിസ്റ്റ് തോമസ് ആര്‍നോള്‍ഡ് തന്‍റെ പ്രസിദ്ധ പഠനമായ ‘ദ കാള്‍ ഓഫ് ഇസ്‌ലാമി’ല്‍ (The call of Islam) ഓട്ടോമന്‍ കാലഘട്ടത്തില്‍ ക്രിസ്ത്യാനികള്‍ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്തതിനെ കുറിച്ച് ഒരു അധ്യായം രചിക്കുന്നുണ്ട്.
അതില്‍ അവരുടെ ഇസ്‌ലാമാശ്ലേഷണത്തിന്‍റെ അടിസ്ഥാന കാരണങ്ങള്‍ തെളിവുകള്‍ സഹിതം അദ്ദേഹം വ്യക്തമാക്കുന്നു. ഇസ്‌ലാമിന്‍റെ അടിമത്ത വീക്ഷണത്തില്‍ ആകൃഷ്ടരായി ഇസ്‌ലാം സ്വീകരിച്ച അടിമകള്‍, ക്രിസ്ത്യാനികളായി തുടരുന്നവരേക്കാള്‍ കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.
അടിമകള്‍ക്ക് ലഭിച്ച അര്‍ഹമായ പരിഗണനയും അവകാശങ്ങളുമാണ് ഈ മതപരിവര്‍ത്തനത്തിന്‍റെ അടിസ്ഥാന രഹസ്യമെന്ന് ചില ക്രിസ്ത്യന്‍ ചിരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കാരണം സ്വതന്ത്രര്‍ക്ക് ലഭിക്കുന്ന സ്വീകാര്യത അവര്‍ക്കും ലഭിച്ചിരുന്നു. അതുപോലെ യജമാനന്‍ അധര്‍മ്മം ചെയ്താല്‍ അതിനെ ചോദ്യം ചെയ്യാനുള്ള അവകാശവും അഭിപ്രായ ഭിന്നരായാല്‍ യജമാനനോട്, തന്നെ ഒഴിവാക്കാന്‍ നിര്‍ബന്ധിക്കാനുമുള്ള അവകാശവും അടിമക്കുണ്ടായിരുന്നു.

കുവൈത്ത്

അറേബ്യന്‍ ഉപദ്വീപിന്‍റെ വടക്ക് കിഴക്കു പ്രവിശ്യയില്‍ കാല്‍നൂറ്റാണ്ടോളം, ബ്രിട്ടീഷ് സ്വാധീനം ഊര്‍ജിതപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിച്ച പൊളിറ്റിക്കല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനാണ് എച്ച്.ആര്‍.പി. ഡിക്സണ്‍. അദ്ദേഹം ആ പ്രദേശങ്ങളിലെ നിവാസികളുടെ ജീവിതത്തെ പഠന വിധേയമാക്കുകയും ‘മരുഭൂമിയിലെ അറബികള്‍’ (The Arab of Desert) എന്ന ഗ്രന്ഥം രചിക്കുകയും ചെയ്തു. അറബികള്‍ അടിമകളോട് പുലര്‍ത്തുന്ന സ്വഭാവരീതിയെ കുറിച്ച് അദ്ദേഹം പറയുന്നു: ‘അധിക അറബികളും തങ്ങളുടെ അടിമകളോട് ഉദാത്തമായ സ്വഭാവത്തോടെ പെരുമാറുകയും സ്വസന്താനങ്ങളെ പോലെ അനുവര്‍ത്തിക്കുകയും വിവാഹ സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്നു’.

ഹിജാസ്

ഏറ്റവും പ്രസിദ്ധവും സമഗ്രവുമായ ഓറിയന്‍റലിസ്റ്റ് യാത്രകളിലൊന്നാണ്, രണ്ട് വര്‍ഷം (ഏ.ഡി 1876-1878) പൂര്‍ണമായി അറേബ്യന്‍ ഉപദ്വീപില്‍ താമസിച്ചു കൊണ്ട് ചാള്‍സ് ഡൗട്ടി രചിച്ച അറേബ്യന്‍ യാത്രാവിവരണം. തങ്ങളെ അടിമകളാക്കിയതിന്‍റെ പേരില്‍ അല്ലാഹുവിനെ സ്തുതിക്കുന്ന ഒരു പറ്റം ജനതയെ ഗ്രന്ഥകാരന്‍ അവിടെ ദര്‍ശിച്ചു. കാരണം അടിമത്തമാണ് ഇസ്‌ലാമിലേക്കുള്ള വാതായനം അവര്‍ക്കു തുറന്നു കൊടുത്തത്.
ഡൗട്ടി തന്നെ പറയുന്നു: ‘പൊതുവെ, അറേബ്യന്‍ ജനതക്ക് സ്വീകാര്യമായതും സന്തോഷദായകവുമായ അനുഭവങ്ങളാണ് അടിമകള്‍ക്കും ഉണ്ടാകാറുള്ളത്. അവിടെ അവര്‍ ദരിദ്രരായ സഹോദരങ്ങളായും കുടുംബാംഗങ്ങളായും പരിഗണിക്കപ്പെട്ടുവന്നു. അല്ലാഹുവിനെ ഭയപ്പെടുന്ന ഗൃഹനാഥന്‍, കുറച്ചു കാലത്തിനുള്ളില്‍ തന്നെ അടിമകളെ മോചിപ്പിക്കുന്നു. തന്‍റെ അടിമകളെ സമ്പന്നര്‍ക്ക് വിവാഹം ചെയ്തു കൊടുക്കുകയും ആവശ്യമായ സ്വത്തും സ്വര്‍ണവും സമ്മാനിക്കുകയും ചെയ്യുന്നു. അടിമകളായതു കൊണ്ടു മാത്രം സുഖജീവിതം ആസ്വദിക്കാന്‍ കഴിഞ്ഞവരുണ്ട് അറേബ്യയില്‍’.
അവരെ ദത്തെടുക്കുന്നവര്‍ സ്വന്തം കുടുംബത്തിലേക്ക് ചേര്‍ക്കുകയും ധാര്‍മ്മിക ബോധം ഉളവാക്കാന്‍ ചേലാ കര്‍മ്മം നിര്‍വഹിക്കുകയും ചെയ്തിരുന്നു. അറേബ്യ മുഹമ്മദ് നബിയുടെ നാടായതിനാല്‍ മികച്ച ആവാസസ്ഥലമാണെന്നും ശക്തമായ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ അടിമത്തം അല്ലാഹുവിന്‍റെ കൃപയാണെന്നും അവര്‍ വിശ്വസിച്ചുപോന്നു. അതുകൊണ്ടാണ് തങ്ങളെ അടിമകളാക്കിയ അല്ലാഹുവിന് അവര്‍ സ്ത്രോത്രങ്ങളര്‍പ്പിച്ചത്.

ലിബിയ

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ പാതിയില്‍ പശ്ചിമ ട്രിപ്പോളി (ലിബിയ) യില്‍ നടന്ന അടിമക്കച്ചവടവും, ഈ കച്ചവടത്തോട് പോരാടുന്നതിനും അടിമകളെ മോചിപ്പിക്കുന്നതിനുമായി യൂറോപ്പ്, വിശിഷ്യാ ബ്രിട്ടന്‍ കൈക്കൊണ്ട നടപടികളും വളരെയധികം ആശ്ചര്യത്തോടെയാണ് ഇറ്റാലിയന്‍ ചരിത്രകാരന്‍ എറ്റോര്‍ റോസി നോക്കിക്കാണുന്നത്. അദ്ദേഹം പറയുന്നു: ‘അടിമത്ത മോചനം അവര്‍ക്ക് തന്നെയാണ് കൂടുതല്‍ പ്രയാസകരമാകുന്നത്. കാരണം, ഇതിനു മുന്‍പ് മോചിതരായ അധിക അടിമകളും തങ്ങള്‍ക്കു വേണ്ടി ഒരു സ്വത്വം സ്ഥാപിക്കാതെ, എല്ലു മുറിയെ പണിയെടുക്കാന്‍ വേണ്ടി യജമാനന്മാരുടെ അടുത്തേക്ക് മടങ്ങി വരികയാണ്. വാസ്തവത്തില്‍, ഈ അടിമകളുടെ അവസ്ഥ ഒട്ടും ക്ലേശപൂര്ണമായിരുന്നില്ല. മാനവിക മൂല്യം അനുവര്‍ത്തിച്ചാണ് ഉടമകള്‍ അവരോട് പെരുമാറിയിരുന്നത്’.

ഈജിപ്ത്

പതിനേഴാം നൂറ്റാണ്ടില്‍ സ്പാനിഷ് തീരത്ത് വെച്ച്, അള്‍ജീരിയന്‍ സേന ജോസഫ് ബേറ്റ്സ് എന്ന ഇംഗ്ലീഷ് നാവികനെ തടവിലാക്കി. തുടര്‍ന്ന്, നേതാവിന്‍റെ കൂടെ മക്കയിലേക്ക് പോകുന്നതിനിടയില്‍ അദ്ദേഹം ഈജിപ്തിലെത്തുകയും അവിടെയുള്ള അടിമത്ത സമ്പ്രദായം കാണുകയും ചെയ്തു. അദ്ദേഹം പറയുന്നു: ‘അള്‍ജീരിയയില്‍ അടിമകളെ ഇസ്‌ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുന്നത് വിരളമാണ് എന്നെനിക്കറിയാം. പക്ഷെ, ഈജിപ്തിലും തുര്‍ക്കിയിലും അവസ്ഥ വിഭിന്നമാണ്. അവിടെ, യുവാക്കളായ അടിമകള്‍ക്ക്, ഇസ്‌ലാം സ്വീകരിച്ചതിനാല്‍ വിദ്യ നുകരാനും വിദ്യാ സമ്പന്നരാകാനുമുള്ള അവസരം ലഭിക്കുന്നു. കൂടാതെ, അവര്‍ കൂടുതല്‍ കഴിവു തെളിയിച്ചാല്‍ യജമാനന്മാരുടെ മക്കളായി വാഴ്ത്തപ്പെടുകയും ചെയ്യുന്നു’.നാല്പത്തിമൂന്നു വാള്യങ്ങളിലായി യാത്രാവിവരണം രചിക്കുകയും ഇരുപത്തിമൂന്നു ഭാഷകളില്‍ അവഗാഹം നേടുകയും ചെയ്ത പ്രശസ്ത ഇംഗ്ലീഷ് യാത്രികനാണ് റിച്ചാര്‍ഡ് ബര്‍ട്ടന്‍. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ അദ്ദേഹം കെയ്റോയില്‍ എത്തുകയും മൂന്നു വാള്യങ്ങളുള്ള തന്‍റെ ഹജ്ജ് യാത്രയിലെ ആദ്യ ഭാഗമായ ‘ഈജിപ്തിലെ വിശേഷങ്ങള്‍’ രചിക്കുകയും ചെയ്തു. അദ്ദേഹം പറയുന്നു: ‘അടിമകള്‍ തങ്ങളേക്കാള്‍ താഴ്ന്നവരല്ലെന്ന് ഇംഗ്ലീഷുകാര്‍ക്ക് തന്നെ ഉറച്ച ബോധ്യമുണ്ടായിരുന്നു. മാത്രമല്ല, കിഴക്കന്‍ രാജ്യങ്ങളിലെ അടിമകള്‍, ഉടമകളേക്കാളും താഴ്ന്ന വിഭാഗക്കാരെക്കാളും വിഭവ സമൃദ്ധമായ ഭക്ഷണമാണ് കഴിച്ചിരുന്നത്’.
മുസ്‌ലിംകള്‍ അടിമകളോട് തികഞ്ഞ സ്നേഹത്തോടെ പെരുമാറാനാണ് ഇസ്‌ലാമിക ശരീഅത്ത് നിശ്കര്‍ഷിക്കുന്നത്. അടിമ ഒരു കുടുംബാംഗമായി പരിഗണിക്കപ്പെടുകയും അവന്‍റെ ജീവിതം തൃപ്തികരമല്ലെങ്കില്‍ നിയമപരമായി, തന്നെ വില്‍ക്കാന്‍ ഉടമയോട് ആവശ്യപ്പെടാന്‍ അവസരം നല്കപ്പെടുകയും ചെയ്യുന്നു. നികുതി അടക്കുക, സൈനിക സേവനം തുടങ്ങിയ കാര്യങ്ങളില്‍ കിഴക്കന്‍ രാജ്യങ്ങളില്‍ അടിമക്ക് പ്രത്യേക ഇളവുമുണ്ട്.
ഇസ്‌ലാമിക ചരിത്രത്തിലുടനീളമുള്ള അടിമ വ്യവഹാരത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍, പാശ്ചാത്യ, സമകാലിക ജയിലുകളിലെ തടവുകാരേക്കാള്‍ മികച്ച സൗകര്യമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. നീതിയും ന്യായവും നടപ്പാക്കാൻ എന്നപേരിൽ മുസ്‌ലിം നാടുകളിലേക്ക് അധിനിവേശം നടത്തി ധൈഷണിക ആധിപത്യം സ്ഥാപിക്കുകയും മുസ്‌ലിം ചരിത്രത്തെയും സമൂഹത്തെയും ചളി വാരി തേക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പശ്ചാത്യ ലോകത്തിന്റെ നുണക്കഥകൾ കേട്ടു വിശ്വസിച്ച ലോകജനത ഇസ്‌ലാമിന്റെ അടിമ സങ്കല്പത്തെ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.