പരിമിത വീക്ഷണങ്ങളും അപരിമിത ഒഴുക്കുകളും
ശരിതെറ്റുകളുടെ കള്ളികൾക്കകത്തു ചരിത്രത്തെ രേഖപ്പെടുത്തൽ സാധ്യമാണോ?ഒരു സമൂഹത്തിന്റെ വാഴ്ത്തപെട്ട ശരികൾ മറ്റൊന്നിനു മേൽ പൊറുക്കപ്പെടാത്ത തെറ്റുകളാകുന്ന കാലമത്രയും ചരിത്രത്തിനു ഏകപക്ഷീയ ശരിതെറ്റുകൾ കൽപ്പിക്കുന്നത് നീതിയല്ല. ചരിത്രം അനിവാര്യതകളുടെ (inevitability) സജലമായ ഒഴുക്കാണ്. ഏതു ഭൂപ്രകൃതിയെ അടിസ്ഥാനമാക്കിയാണോ നാം ചരിത്രത്തെ കാണുന്നത് അതിലേക്ക് സാദൃശ്യപ്പെടുന്ന കാഴ്ചകളാണ് നമ്മളാൽ കൺസീവ് ചെയ്യപ്പെടുന്നത്.
യുവാൽ നോവ ഹരാരിയുടെ SAPIENS: A Brief History Of Humankind എന്ന പുസ്തകം ഈ ഒഴുക്കിന്റെ പല കരകളിൽ നിന്നുള്ള അപഗ്രഥനമാണ്. രാഷ്ട്രങ്ങളുടെ ഇടുങ്ങിയ ക്യാൻവാസിന് പുറത്തേക്ക്, അവയുടെ നിക്ഷിപ്പ്ത ശരിതെറ്റുകൾക്കപ്പുറത്തേക്ക്, ആഗോളവല്കൃത കാലത്ത് ലോകത്തിന്റെ ചരിത്രം പറയാനാണ് ഹരാരി ഈ പുസ്തകത്തിലൂടെശ്രമിക്കുന്നത്.

SAPIENS: A Brief History Of Humankind
ഡാർവിനിസ്റ്റിക് പരിണാമ വാദത്തിന്റെ ചുക്കു ചുളിവുകൾ ആദ്യാന്ത്യം മുഴച്ചു നിൽക്കുന്നത് ഒഴിവാക്കിയാൽ നിലവാരം പുലർത്തുന്ന ചരിത്ര ഗ്രന്ഥം തന്നെയാണ് സാപിയൻസ്. കൃതി അതിനുള്ളിൽ തന്നെ സംവാദാത്മകമാണ് എന്നതാണ് ഏറെ ശ്രദ്ധേയം.
മനുഷ്യന്റെ സംസ്കാര നിർമിതിയുടെ അടിസ്ഥാന തത്വം അവന്റെ കോഗ്നിറ്റീവ് എബിലിറ്റിയാണെന്ന് ഉദാഹരണ സഹിതം ചരിത്രകാരൻ പറഞ്ഞു വെക്കുന്നുണ്ട്. അവന്റെ ചിന്തകൾ, സാങ്കൽപ്പിക ക്രമങ്ങൾ, ഒരു കൂട്ടം മനുഷ്യരുടെ മനസ്സുകളിൽ മാത്രം നിലനിൽക്കുന്ന എന്നാൽ ഭൗതിക സാഹചര്യങ്ങളെ പോലും ചൂഷണം ചെയ്യാൻ പോന്ന ‘ഷെയേഡ്’ അസ്തിത്വങ്ങൾ, ഇത്തരം സകൽപ്പങ്ങളിൽ അധിഷ്ഠിതമായി നിലനിൽക്കുന്ന ആധുനികമെന്ന് ലേബൽ ചെയ്യപ്പെട്ട യൂറോപ്പ്യൻ മോഡൽ സാമ്പത്തിക- രാഷ്ട്രീയ, സാമൂഹിക ശൃംഖലകൾ എന്നിവ പറയുന്നിടങ്ങളിൽ ഈ പുസ്തകത്തിൽ സംവാദാത്മകത പ്രകടമാണ്.
നമ്മുടെ ചരിത്രത്തിൽ ശരിതെറ്റുകളുണ്ടായേക്കും എന്നാൽ ചരിത്രത്തിന് ശരിതെറ്റുകളില്ല, അനിവാര്യതകൾ മാത്രമാണുള്ളത്
പരസ്പരം കണ്ണി ചേർക്കപ്പെട്ട ലോക വ്യവസ്ഥയുടെ നിർമ്മിതിയിൽ, നാണ്യങ്ങൾ, സാമ്രാജ്യങ്ങൾ, മതങ്ങൾ എന്നിവ എങ്ങനെ ഉൾച്ചേർന്നിരിക്കുന്നു എന്നതിനെ ഇവയോരോന്നിന്റേയും വിശദ വിശകലനത്തിലൂടെ വരച്ചിടുന്നുണ്ട് ഹരാരി. ലോക ചരിത്രത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ച, നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന മത-രാഷ്ട്രീയ ആശയധാരകളെക്കുറിച്ച് സാമാന്യ ധാരണ നൽകാൻ പുസ്തകത്തിന് സാധിക്കുന്നുണ്ട്.
ഇസ്ലാമും ക്രൈസ്തവതയും ജൂദായിസവും, ഹൈന്ദവ, ബുദ്ധ പാരമ്പര്യങ്ങളും പ്രതിപാദിക്കപ്പെട്ടതു പോലെ സാമ്രാജ്യത്വം,മുതലാളിത്തം, കൊളോണിയലിസം, ലിബറലിസം, കമ്മ്യൂണിസം, സോഷ്യലിസം, ഫെമിനിസം എന്നീ ചിന്താധാരകളും ഇതിൽ ഉൾകൊള്ളിക്കുന്നുണ്ട്.
ഒരു സാമൂഹ ശാസ്ത്ര പഠനവും പഠിതാവിന്റെ സബ്ജെക്റ്റീവ് വീക്ഷണത്തിൽ നിന്നും പൂർണ്ണമായും മുക്തമല്ല. എഴുത്തുകാരൻ തന്റെ ആശയങ്ങളെ, ചുറ്റുപാടുകളെ മനപ്പൂർവ്വമോ, അല്ലാതെയോ തന്റെ പുസ്തകങ്ങളിൽ പ്രതിഫലിപ്പിക്കും.
സാപിയൻസ് പൂർണ്ണമായും മേൽപ്പറഞ്ഞ സബ്ജെക്ടിവിറ്റിയിൽ നിന്നും മുക്തമായിട്ടില്ല എങ്കിലും ഒരു വലിയ അളവ് വരെ ഒബ്ജക്റ്റീവ് ആകാൻ സാധിച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്. മുതലാളിത്ത വ്യവസ്ഥിതിയേയും അതിന്റെ കറുപ്പിനേയും വെളുപ്പിനേയും വരച്ചിടുന്നതിൽ പുസ്തകം വിജയിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനമായി എനിക്ക് തോന്നിയത് അവസാന ഭാഗങ്ങളിൽ ഉയർന്നു വരുന്ന ലോകം ഇനിയെങ്ങോട്ട് എന്ന ചോദ്യമാണ്. നമ്മുടെ സങ്കൽപ്പത്തിന്റെ അതിരുകളോ ധർമ്മികതയുടെയും ലൈംഗീകതയുടെയും മാനങ്ങളോ ബാധകമല്ലാത്ത ഒരു സമൂഹം മനുഷ്യന്റെ സർവനാശം സംഭവിച്ചില്ലെങ്കിൽ ഉയർന്നു വരുമെന്ന് പുസ്തകം പ്രവചിക്കുന്നു.

Yuval Noah Harari
ചരിത്രം പോലെ തന്നെ ഈ പുസ്തകവും തുടക്കാവസാനം ഒഴുകുകയാണ്. ഇരുപത് ഭാഗങ്ങളും ഉപഭാഗങ്ങളുമായി തിരിച്ചിട്ടും ഒന്ന് മറ്റൊന്നിലേക്ക് എന്ന പോലെ ഓരോ ഭാഗവും വിവിധ ബിന്ദുക്കളിലേക്ക് കൂടി ചേർന്ന് കിടക്കുന്നു. കാൾ സാഗൻ ശാസ്ത്രത്തിന്റെ ജനകീയവത്കരണത്തിനു ഹേതുവായിരുന്നെങ്കിൽ യുവാൽ നോഹ ഹരാരി ചരിത്രത്തിന്റെ ജനകീയവൽക്കരണത്തിനും, ജനാധിപത്യവൽക്കരണത്തിനും ഹേതുവായേക്കും. സാപിയൻസ് എന്ന ഈ പുസ്തകത്തോട് പൂർണ്ണമായും യോജിക്കുവാനോ പൂർണ്ണമായി വിയോജിക്കുവാനോ കഴിയുന്നവർ കുറവായിരിക്കും, മേൽ പ്രതിപാദിച്ച പ്രകാരം ചരിത്രം നമ്മൾ കാണുന്നത് നമ്മുടെ ഭൂപ്രകൃതിയിൽ നിന്നു കൊണ്ടാണ്, നമ്മുടെ ചരിത്രത്തിൽ ശരിതെറ്റുകളുണ്ടായേക്കും എന്നാൽ ചരിത്രത്തിന് ശരിതെറ്റുകളില്ല, അനിവാര്യതകൾ മാത്രമാണുള്ളത്.
