ലിബറൽ ലൈംഗിക വാദങ്ങളിലെ മതവും മാതൃത്വവും: ബെഗോവിച്ചിനെ ഓർക്കുമ്പോൾ
ലിബറൽ ചിന്തകളുടെയും വ്യവഹാരങ്ങളുടെയും ഭാഗമായി പടിഞ്ഞാറൻ നാഗരികത മനുഷ്യന് വകവച്ചുനൽകിയതാണ് അമിത വ്യക്തി സ്വാതന്ത്ര്യവും, തീവ്രമായ വ്യക്തിചിന്തയും. അതുകാരണമായി സദാചാരവും, പാരമ്പര്യവും അതിലുപരി മതപരവുമായ ധാർമികതയുടെയും, കർതൃ നിർവ്വഹണത്തിന്റെയും തിരസ്കരണമാണ് ചരിത്രത്തിലുടനീളം കാണാൻ കഴിഞ്ഞത്. ആ മണ്ണിൽ ഉയർന്നു പൊങ്ങിയ നവീന വാദങ്ങളുടെ കൂട്ടത്തിൽ അടിസ്ഥാനപരമായി ‘മാതൃത്വ’മെന്ന സ്ത്രീയുടെ മൂല പദവികൂടി ഉൾപ്പെടാൻ ഭാവിയിൽ സാധ്യതയുണ്ടെന്ന് വളരെ മുമ്പ് തന്നെ മനസ്സിലാക്കിയ പ്രമുഖ മുസ്‌ലിം ചിന്തകനാണ് അലിജാ ഇസ്സത്ത് ബെഗോവിച്ച് (Alija Izet Begovic).
സമത്വവും, സ്വാതന്ത്രവും അടിസ്ഥാന രഹിതമായി നിർവചിച്ചു പുതിയ കണ്ടെത്തലുകളിലേക്കും ജീവിത വ്യവസ്ഥകളിലേക്കും മനുഷ്യസമൂഹത്തെ പറിച്ചുനടപ്പെട്ടതാണ് നവോത്ഥാന ചിന്തയുടെ ആകെത്തുകയായി കാണാൻ കഴിയുന്നത്. ജ്ഞാനോദയ കാലത്തെ നിർമ്മിതികൾ അതിന് ആക്കം കൂട്ടുകയും, അവ കാരണമായി ബാഹ്യവും, അതീന്ദ്രിയവുമായ സ്ഥാനങ്ങളുടെയും പദവികളുടെയും കീഴ്മേൽ മറിച്ചിലുകൾ ലോകത്ത് വിവിധ മേഖലകളിൽ അരങ്ങേറുകയും ചെയ്തു. അത്തരം പദവികളുടെയും, സ്ഥാനങ്ങളുടെയും മഹത്വമോ ആവശ്യകതയോ, മനുഷ്യ സൃഷ്ടിപ്പിന്റെ ചരിത്രത്തോട് ചേർന്ന് നിൽക്കുന്ന അവകളുടെ പാരമ്പര്യത്തെയോ കണക്കിലെടുക്കാതെ സാമാന്യ ജനഹൃദയങ്ങളിൽ നിന്നും മായ്ച്ചു കളഞ്ഞ സുപ്രധാന ഘടകങ്ങൾ പലതാണ്. അവയിൽ വളരെയധികം പ്രധാനപ്പെട്ടതാണ് സ്ത്രീകളുടെ ‘മാതൃത്വം’ എന്ന പദവി. മാതൃത്വമെന്ന കുലീനവും, ഉദാത്തവും, മൗലികവുമായ ധർമ്മത്തെ സ്ത്രീകളുടെ അസ്തിത്വവുമായി ചേർത്ത് വെച്ചത് എങ്ങനെ/ ആര് എന്നീ ചോദ്യങ്ങൾക്കൊന്നും ഇന്ന് പ്രസക്തി പോലുമില്ല. നേരത്തെ കുറിച്ചത് പോലെ അടിസ്ഥാന രഹിതമായി കേവലം ഉപരിപ്ലവ വാർപ്പ് മാതൃകകളെ കൊണ്ട് നടക്കുന്ന സമത്വം, സ്വാതന്ത്രം തുടങ്ങിയ മനുഷ്യ നിർമ്മിത നിയമങ്ങൾക്കെല്ലാം ഉപരിയായി പ്രകൃതി തന്നെ ചേർത്ത് വെച്ച ഒരു വസ്തുതയാണ് സ്ത്രീകളുടെ മാതൃത്വം. അതിൻ്റെ ആഴങ്ങളിലേക്കുള്ള സഞ്ചാരമാണ് ബെഗോവിച്ച് നടത്തുന്നത്.
സ്രഷ്ടാവ് മനുഷ്യനെയും, പ്രകൃതിയെയും ഇത്തരം മാതൃകകളുമായി ചേർത്ത് സൃഷ്ടിച്ചപ്പോൾ പഠിപ്പിച്ച ഒരു പാഠം കൂടിയാണിത്. എന്നാൽ സ്വാർത്ഥവും, വഴിവിട്ടതുമായ ചിന്തകൾ കൊണ്ട് മാത്രം മൂടപ്പെട്ട ഈ കാലത്ത് പ്രകൃതിയും മനുഷ്യനും വേർതിരിക്കപ്പെട്ടതു പോലെ അല്ലെങ്കിൽ, അതിന്റെ ബഹിസ്ഫുരണമായി ദൈവം എഴുതി വെച്ച പാഠങ്ങൾ വായിച്ചെടുക്കാനോ, കനിഞ്ഞു നൽകിയ പദവികൾ മനസ്സിലാക്കാനോ കഴിയാതെ നട്ടം തിരിയുന്നവരായി മാറിയിട്ടുണ്ട് ലോക ജനത എന്ന് അദ്ദേഹം തൻ്റെ എഴുത്തിലൂടെ പറയുന്നു. സ്ത്രീകൾക്ക് വേണ്ടി പ്രസ്ഥാനങ്ങൾ രൂപീകരിക്കുകയും, വിപ്ലവങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നവർ തന്നെ സ്വന്തം മാതാവിനെ തരം താഴ്ത്തുന്ന ദുരവസ്ഥയെ ആണ് ബെഗോവിച്ച് ചോദ്യം ചെയ്യുന്നത്. യാഥാർത്ഥ്യത്തിൻ മേൽ ചാടിക്കയറി മൂല്യ രഹിതമായ ഇത്തരം നവീന വാദങ്ങൾ ഉന്നയിച്ചപ്പോഴുണ്ടായ ചോഷണമാണ് യഥാർത്ഥത്തിൽ മാതാവെന്ന വ്യക്തിക്കും, മാതൃത്വം എന്ന പദവിക്കും സംഭവിച്ചത് എന്ന തിരിച്ചറിവിലേക്കുള്ള വഴികളെ മുസ്‌ലിം ജനതക്ക് ബൗദ്ധികതയിലൂടെ കാണിക്കാൻ ശ്രമിക്കുകയായിരുന്നു ബെഗോവിച്ചിൻ്റെ ചില എഴുത്തുകൾ.
ലൈംഗികത വെറും സുഖഭ്രമങ്ങളിലും, വ്യക്തി താൽപ്പര്യങ്ങളിലും ഒതുങ്ങിക്കൂടുമ്പോൾ കുടുംബമെന്ന പവിത്രമായ സാമൂഹ്യ സ്ഥാപനത്തിന്റെ മൂലക്കല്ലിളകുന്നത് ആരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല. സ്ത്രീകളുടെ ലൈംഗികാവകാശത്തിനു കുടുംബം എന്ന സാമൂഹ്യ വ്യവസ്ഥ ഒരു തടസ്സമാകരുത്. അതിന് ഭർത്താവ് ഒരു കാരണവുമാകരുത്. അഥവാ സ്ത്രീകളുടെ ലൈംഗിക ആവശ്യങ്ങൾ നടപ്പിലാക്കാൻ അവർക്ക് ആരെയും ഇപ്പോഴും വേണമെങ്കിലും സമീപിക്കാം എന്നർത്ഥം. ചുരുക്കിപ്പറഞ്ഞാൽ, ഇന്നത്തെ ലിബറൽ ലൈംഗികതയുടെ ആശയതലം ഇതാണ്. പാശ്ചാത്യ ലൈംഗിക വേഴ്ചകളുടെ രൂപത്തെ ഇന്ത്യൻ ഭരണഘടനയുടെ മൂശയിലിട്ടു രൂപപ്പെടുത്തിയ ഒരു ഇന്ത്യൻ ലൈംഗിക സമത്വ നിയമം ഈയടുത്ത് നടപ്പിലാക്കിയപ്പോഴും പറഞ്ഞത് ഇതു തന്നെയായിരുന്നു. ഇവിടെയാണ് ഉപരിസൂചിത വിഷയമായ ‘മാതൃത്വം’ എന്ന പദവി ഇനി ആർക്ക്/ എന്തിന്? തുടങ്ങിയ ചോദ്യങ്ങൾക്ക് ബെഗോവിച്ചിലൂടെ പ്രസക്തിയാർജിക്കുന്നത്. സ്ത്രീയുടെ മാതൃത്വത്തെ നിരാകരിച്ചു അവളുടെ ഏതു അവകാശത്തെയും, മഹത്വത്തെയും ഉയർത്തിപ്പിടിക്കുന്ന ഈ ചിന്തയുടെ യുക്തിയെ ചോദ്യം ചെയ്യുക നിർബന്ധം എന്ന തലത്തിലേക്കാണ് അദ്ദേഹം സഞ്ചരിക്കുന്നത്. ഇസ്‌ലാമിനെ യുക്തിരഹിതമായി വിമർശിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് അദ്ദേഹത്തിൻ്റെ ഈ ആശയം.
ബെഗോവിച്ച് ആദ്യം തന്നെ പ്രശസ്ത ഫ്രഞ്ച് ചിന്തകനും, എഴുത്തുകാരനുമായ ജീൻ ജാക്വസ് റൂസ്സോയുടെ (Jean-Jacques Rousseau) വാക്കുകളെ ഉദ്ധരിക്കുന്നുണ്ട്, അത് ഇങ്ങനെയാണ് “എല്ലാവരെയും, അവരുടെ യഥാർത്ഥ ജോലികളിലേക്ക് തിരിച്ചയക്കാൻ നിങ്ങളുദ്ദേശിക്കുന്നുവോ? എങ്കിൽ അത് മാതാവിൽ നിന്ന് തുടങ്ങുക. അതുണ്ടാക്കുന്ന മാറ്റം നിങ്ങളെ ആശ്ചര്യഭരിതരാക്കും. ഈ പ്രമുഖ വ്യതിചലനത്തിൽ നിന്നാണ് സകല നാശത്തിന്റെയും തുടക്കം” (Emile, or On Education, 1762 ). ഇസ്‌ലാമിലെ മുസ്‌ലിം സ്ത്രീ അവകാശവാദങ്ങൾ ഉന്നയിക്കുന്ന ലിബറലുകൾ വിമർശിക്കുന്ന ഒരു തലമാണ് ലൈംഗികത. അടുത്തിടെ വായിച്ച ഒരു എഴുത്തിൽ കാണാൻ കഴിഞ്ഞതാണ് സെമിറ്റിക് മതങ്ങളെല്ലാം അസെറ്റിക് (നിയത്രിതം) കൂടിയാണെന്ന്. മുസ്‌ലിം മത വിശ്വാസികൾക്ക് ഇത് അംഗീകരിക്കാൻ പ്രയാസമുണ്ടെങ്കിലും പുറത്തു നിന്നുള്ള വായനകളും എഴുത്തുകളും അങ്ങനെയെ അവതരിപ്പിച്ചിട്ടുള്ളു. അത് അവരുടെ വിശകലനത്തിന്റെ പരിമിതിയാണെങ്കിൽ പോലും. സ്വാതന്ത്ര്യവും, സമത്വവും എന്തെന്ന് അവർ വായിച്ചെടുത്തതും, ഇപ്പോൾ ലൈംഗികാവകാശ വാദം ഉന്നയിക്കുന്നതായ ബൗദ്ധിക തലങ്ങളുടെയും രീതി ശാസ്ത്രങ്ങളുടെയും അകൽച്ചയുമാണ് ഈ വ്യത്യസ്ത ചിന്തകൾ രൂപപ്പെടാനുള്ള പ്രധാന കാരണം. പക്ഷെ അതവർ ഉന്നയിക്കുന്ന ആശയങ്ങളെ അംഗീകരിക്കലോ, പ്രോത്സാഹിപ്പിക്കലോ അല്ല. ഡാനിഷ് തത്വ ചിന്തകനായ സോറൻ കീർക്കഗാർഡിന്റെ (Søren Kierkegaard) ഒരു വാചകം കൂടി ഉദ്ധരിച്ചുകൊണ്ട് ഇതിനെ സമർത്ഥിക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. “ലൈംഗിക ജീവിതത്തോടുള്ള ക്രൈസ്തവതയുടെ നിഷേധാത്മക നിലപാട് ലൈംഗിക അരാജകത്വമാണ് സൃഷ്ടിച്ചത്
“. അതായത്, ഇന്നിവിടെ കാണുന്ന അനിയന്ത്രിതവും, പ്രകൃതി വിരുദ്ധവുമായ വേഴ്ചകളുടെ അടിസ്ഥാനം എന്നർത്ഥം. ഇനി ബെഗോവിച്ചിൻ്റെ ഈ ആശയ മണ്ഡലത്തിൽ നിന്നും നേരത്തെ സൂചിപ്പിച്ച നിയന്ത്രിതം എന്ന വാക്കിനെ ഒന്ന് പരിശോധിക്കാം. ഈ വാക്ക് യഥാർത്ഥത്തിൽ മധ്യമത്തിൽ നിലകൊള്ളുന്ന ഒന്നാണ്(ലൈംഗികതയെ കുറിച്ച് അന്വേഷിക്കുമ്പോൾ). അനിയന്ത്രിതം എന്നത് ഇപ്പോഴുള്ള യൂറോപ്പിന്റെ അവസ്ഥയും, നിയന്ത്രിക്കാനൊന്നും നിൽക്കാതെ തീരെ അവഗണനയെന്ന വാക്ക് സഭയുടെ രീതികളെയും പ്രധിനിതീകരിക്കുന്നു. സഭയുടെ ഈ നിലപാടിൽ നിന്നാണ് ഭൗതികമായി വ്യവഹരിച്ചു കൊണ്ട് അനിയന്ത്രിതം എന്ന സമസ്യയിലേക്കു യൂറോപ്പ്യർ കൂപ്പു കുത്തിയത്. ഇതിന്റെ രണ്ടിന്റെയും മധ്യത്തിലാണ് നിയന്ത്രിതം നിലകൊള്ളുന്നത്. ചുരുക്കിപ്പറഞ്ഞാൽ, നിത്യ സമ്മർദത്തിന് കീഴിൽ വളർന്ന യൂറോപ്യൻ സമൂഹം കൂപ്പുകുത്തിയ ആ ഇടത്തെ തേച്ചുമിനുക്കി പരിപോഷിപ്പിച്ച്, അതിനു പുതിയ രൂപവും ഭാവവും നൽകി നവോത്ഥാനമെന്ന ഓമനപ്പേരും ജ്ഞാനോദയമെന്ന ചെല്ലപ്പേരും നൽകിയ ഇടതു നിന്ന് രൂപപ്പെട്ട സമത്വവും, സ്വാതന്ത്രവുമാണ് ഈ പുതിയ വാദങ്ങളുടെ ഉറവിടം എന്നർത്ഥം. മതങ്ങളെ നിരാകരിച്ചു വന്ന ചിന്താഗതികളായതു കൊണ്ട് തന്നെയാണ് ഇവ പ്രവർത്തനങ്ങളിൽ ആ വേർതിരിവ് പ്രകടിപ്പിക്കുന്നതും.
ക്രൈസ്തവതയുടെ തീവ്ര ചിന്താസരണിയിൽ നിന്നും മിതത്വം പാലിച്ച ഇസ്‌ലാമിനെയും അതിനോട് ചേർത്ത് വായിച്ചവരും കുറവല്ലാത്തതു കൊണ്ടാണ് മുസ്‌ലിംകളും ഇരകളായിത്തീരുന്നതും, പ്രതിസ്ഥാനത്തു നിർത്തപ്പെടുന്നതും. മതം അൽപ്പം പോലുമില്ലാതായപ്പോൾ ഭൗതികത, കേവല ചിന്തയും, യുക്തിയുമായി അഭിരമിച്ചു. അതിനെ ജീവിത രീതിയായി പരിവർത്തിപ്പിച്ചു. ആ രീതിയിൽ നിന്നും പാഠം ഉൾക്കൊണ്ട് കൊണ്ടാണ് പിന്നീടുള്ള നിയമങ്ങൾ (ലൈംഗിക) പോലും ഉണ്ടായിത്തീർന്നത്. മതങ്ങളെ നിരാകരിക്കലാണ് ഇവിടെയും കണ്ടത്. പക്ഷെ യൂറോപ്പിനെ പോലെ അതിനൊരു കാരണം കണ്ടെത്താൻ എല്ലായിടത്തും സാധിച്ചിട്ടില്ല എന്ന് ചിന്തിക്കേണ്ടതുണ്ട്. ഇന്ത്യൻ സാഹചര്യം എടുത്താൽ ഈയടുത്ത് വന്ന കോടതിവിധിയിൽ പറയുന്നതിങ്ങനെയാണ്. “വ്യക്തികൾ തങ്ങളുടെ ജീവിതത്തിനു അർഥം നിർവചിക്കുന്ന പ്രാഥമിക അനുഭവമായി വേണം ലൈംഗികതയെ മനസ്സിലാക്കാൻ. അടുത്ത വിഭാഗങ്ങളിൽ ലൈംഗികതയെ ഒതുക്കുന്നതു ഭരണഘടനാവകാശം എന്ന നിലയിലുള്ള മനുഷ്യ ‘സ്വാതന്ത്രത്തിന്റെ’ പൂർണ്ണതയെ വെട്ടിച്ചുരുക്കുന്നു “. ഇന്ത്യൻ ഭരണഘടനയുടെ പരിമിതിയും, ഈ വിധി പുറപ്പെടുവിക്കാനിടയായ സാമൂഹ്യ സാഹചര്യവും, തത്വത്തിൽ പാശ്ചാത്യ മതേതരത്വമല്ല ഇന്ത്യൻ മതേതരത്വം എന്നു പറയപ്പെടുമ്പോഴും ഇത്തരം വിധികൾ മനസ്സിലാക്കിത്തരുന്നത് പാശ്ചാത്യ ചുവയുമാണ് ഒരു തലത്തിൽ ഈ വിധിയുടെ പിന്നിലുള്ള മൂല കാരണം എന്നാണ്. ഭരണഘടനയുടെ പരിമിതി എന്നത് കൊണ്ടുദ്ദേശ്യം. The Indian constitution എന്ന ഗ്രന്ഥത്തിൽ ഭരണഘടനാ ചരിത്രകാരനായ ഗ്രാൻവിലെ ഓസ്റ്റിനെ ഉദ്ധരിക്കുകയാണെങ്കിൽ ‘ഇന്ത്യൻ ഭരണഘടനയുടെ യാഥാർത്ഥ നിർമ്മാണത്തിൽ ഇന്ത്യൻ ജനങ്ങൾ ഒരു പങ്കും വഹിച്ചിട്ടില്ലെങ്കിലും ഇന്ത്യൻ ഭരണഘടനാ സ്വീകരിച്ചിരിക്കുന്നത് ജനങ്ങൾ തന്നെയാണ്’. ഭരണഘടനയുടെ യഥാർത്ഥ പരിമിതി ഇതാണ്. ഭാരതത്തിലെ മതവിശ്വാസികൾക്ക് അവരുടെ മതസ്വത്വം മുറുകെ പിടിക്കാൻ കഴിയുന്നില്ല. അതിന്റെ മേൽ വ്യക്തിസ്വാതന്ത്രത്തെ പ്രതിഷ്ഠിച്ച് അവകാശം ഉന്നയിക്കുന്നത് ആർക്കു വേണ്ടി എന്ന ചോദ്യമാണ് ലിബറൽ വ്യവഹാരത്തിലേക്കു നമ്മെ കൊണ്ടെത്തിക്കുന്നത്. ഇന്നത്തെ മുസ്‌ലിംകളുടെ ലൈംഗികതയെ കുറിച്ചുള്ള സമീപനങ്ങൾ ചരിത്രവത്കരിക്കേണ്ടതിന്റെ ആവശ്യകതയെ അടിസ്ഥാന രഹിതമായ ചില പഠനങ്ങളുടെ പിൻബലത്തിൽ എഴുതപ്പെട്ട ഒരു കുറിപ്പ് ഈയടുത്ത് വായിക്കുകയുണ്ടായി. കേവലാർത്ഥത്തിൽ പാശ്ചാത്യ അനുകൂല /പ്രതികൂല സ്വഭാവമുള്ളത്, അടഞ്ഞത്/ തുറന്നത്, അയഞ്ഞത്/ മുറുകിയത് എന്നീ ദ്വന്ദങ്ങളിൽ മാത്രം മുസ്‌ലിം സംസ്കാരങ്ങളിലെ ലൈംഗിക ജീവിതത്തെ ചുരുക്കാൻ കഴിയില്ലെന്നതാണ് അതിലെ ഒന്നാമത്തെ വാദം. രണ്ടാമത്തെ വാദം, പാശ്ചാത്യ വ്യവഹാരങ്ങൾ കൊളോണിയൽ ഭരണകാലത്ത് മുസ്‌ലിംകളെ ലൈംഗികമായി തുറന്ന സമൂഹങ്ങളായാണ് കണ്ടത്. പക്ഷെ, പോസ്റ്റ് കൊളോണിയൽ രാഷ്ട്രീയ കാലാവസ്ഥയിൽ അതെ വ്യവഹാരങ്ങൾ തന്നെ മുസ്‌ലിംകളെ ലൈംഗികമായി അടഞ്ഞ സമൂഹമായാണ് കാണുന്നത് എന്നും പ്രസ്താവിക്കുന്നു. സെക്ഷൻ 377 ന്റെ അടിസ്ഥാനത്തിലാണ് ആ എഴുത് നിർമ്മിക്കപ്പെട്ടതെങ്കിലും ലൈംഗികത എന്നതിനെ ഞാൻ തിരഞ്ഞെടുക്കുകയാണ്. സെക്ഷൻ 497 ന്റെ അടിസ്ഥാനത്തിലും ഈയൊരു ചരിത്രവൽക്കരണം ആവശ്യമാണെന്ന തരത്തിലുള്ള വായന കൊണ്ടാണ് ഇവിടെ ഈ വാദം കുറിച്ചത്. കുടുംബമെന്ന സാമൂഹ്യ സ്ഥാപനം സമൂഹത്തിൽ തീർക്കുന്ന ലൈംഗിക ‘പരിമിതി’ ഇസ്‌ലാമിന്റെ മാത്രം പരിമിതിയല്ല, മറിച്ച്, അത് ഒരു പാരമ്പര്യ രീതിയാണ്. എല്ലാ മതങ്ങളും ഒപ്പം അത് അംഗീകരിക്കുന്നു. ഇതിനെ മറി കടക്കാനുള്ള ഒരു ശ്രമമാണ് തത്വത്തിൽ സെക്ഷൻ 497. കുടുംബം ഒരു പരിമിതിയായി (വ്യക്തി സ്വാതന്ത്രത്തിനിടയിൽ) വർത്തിക്കുന്ന സ്വഭാവം രൂപപ്പെടുത്തിയെടുത്തതും ലിബറൽ വ്യവഹാരങ്ങളാണ്. മതം അപ്രത്യക്ഷമാകുന്ന ഈ ചിന്ത നേരത്തെ പറഞ്ഞ മതനിരാകരണമാണ്. മാതാവിന്റെ പദവിയെ പിച്ചിച്ചീന്താൻ അനുവദിക്കുന്ന ഒരു തരം വികൃത ചിന്ത. അല്ലെങ്കിൽ, അമിത ചിന്ത. അഥവാ, വ്യക്തികളെ സ്വയം രൂപപ്പെടുത്തുന്നതിൽ വന്ന ഒരു മാറ്റം. ഇതാണ് ബെഗോവിച്ച് ആദ്യം മാതൃത്വം എന്ന പദവിയെ സ്ത്രീകൾക്ക് കേന്ദ്രസ്ഥാനമായി തിരെഞ്ഞെടുക്കാനുള്ള കാരണം.
ഇവിടെയാണ് ഇസ്‌ലാമിന്റെ ദർശനങ്ങൾ അദ്ദേഹം സമൂഹത്തെ അറിയിക്കുന്നത്. വിപരീത ധ്രുവങ്ങളിൽ നിലനിന്നിരുന്ന യൂറോപ്പിലെ ജീവിത രീതിയിൽ മതത്തിന്റെ സ്ഥാനം പ്രതിനിധീകരിച്ചത് ക്രിസ്ത്യൻ മതം മാത്രമാണ്. അവരുടെ ചിന്താ രീതിയുടെ പരിമിതിയും, ഇനിയൊരവസരം ഉണ്ടാകില്ലെന്ന സാധ്യതയിലൂടെ ആസ്വാദനത്തിന്റെ ഭൗതിക ചിന്താരീതിയിലേക്കു യൂറോപ്പ് അധഃപതിച്ചതും നേരത്തെ സൂചിപ്പിച്ചു. ഇസ്‌ലാം പക്ഷെ, സന്തുലിതമാണ്. മറ്റു എല്ലാ ജീവിതമേഖലയിലും എന്നത് പോലെ ലൈംഗിക ജീവിതത്തിലും ഇസ്‌ലാം സന്തുലിതമാണ്. പുരുഷനും, സ്ത്രീയും രണ്ടും രണ്ടു സ്വത്വമാണെന്നു കൂടി ഇസ്‌ലാം വിഷയീഭവിക്കുന്നു. സ്ത്രീയും, പുരുഷനും തമ്മിലുള്ള ബന്ധം ‘മാതാവും’ തന്റെ കുട്ടികളുടെ പിതാവും തമ്മിലുള്ള ബന്ധമായി ഇസ്‌ലാം ദർശിക്കുന്നു. കേവലം ലൈംഗികാസ്വാദനത്തിന്റെ പാതയിൽ ഒതുങ്ങാതെ, പാരമ്പര്യ സ്ഥാപനത്തിന്റെയും, കർതൃ നിർവ്വഹണത്തിന്റെയും ഒരു സമസ്യയായി ലൈംഗികതയെ ഇസ്‌ലാം പഠിപ്പിക്കുന്നു. ഇവിടെയാണ് സ്ത്രീ എന്ന വ്യക്തി സമൂഹത്തിൽ വഹിക്കുന്ന മാതൃത്വം എന്ന പദവിയുടെ മഹത്വം മനസ്സിലാക്കേണ്ടതെന്ന് ബെഗോവിച്ച് മനസ്സിലാക്കുന്നു. മാതൃത്വം താഴ്ന്ന ജോലിയായി പുരുഷനും, സ്ത്രീയും ഒരു പോലെ മനസ്സിലാക്കുന്നിടത്താണ് ആശയ പരിമിതിയുള്ളത്. “റോമൻ പ്രഭുക്കന്മാർ ഗർഭിണിയായ സ്ത്രീകളുടെ അടുക്കളയുടെ ചാരത്ത് പോകുമ്പോൾ ആദര സൂചകമായി തല കുനിക്കാറുണ്ടായിരുന്നു. തുന്നൽ, ഉദ്യാനപാലനം, നൃത്തം, ഫാഷൻ പരേഡ് എന്നിവക്കൊക്കെ പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കപ്പെടുന്നു. പക്ഷെ, ഒരു മാതൃ പരിശീലന കേന്ദ്രത്തെ പറ്റി നാം കേൾക്കുന്നില്ല. ആധുനിക കാലഘട്ടത്തിൽ മാതൃത്വം അംഗീകൃത പണിയല്ല. അത് ബന്ധപ്പെട്ടവരുടെ വ്യക്തിപരമായ കാര്യമാണ്. നാമൊക്കെ അത് കാണുകയും, അനുഭവിക്കുകയും ചെയ്യുന്നു. പക്ഷെ, ആരും കാണാത്തതു പോലെ മുന്നോട്ടു പോകുന്നു”… ബെഗോവിച്ച് നിരീക്ഷിക്കുന്നു.
തുടർന്ന്, സ്വന്തം കുട്ടിയെ വളർത്തൽ തരം താണ പണിയായി സമൂഹത്തിൽ പരിണമിച്ചത് എങ്ങനെയാണ് അദ്ദേഹം പറഞ്ഞു വെക്കുന്നുണ്ട്. വ്യവസായ സമൂഹത്തിലെ ചൂഷണോപാതിയാണ് തങ്ങളെന്ന് മനസ്സിലാക്കിയില്ലെങ്കിലും ‘മാതൃത്വം’ അവഗണിക്കപ്പെടുന്നുണ്ടെന്ന തിരിച്ചറിവ് സ്ത്രീകൾ നേടണം. മാതാവിൽ നിന്ന് കുഞ്ഞിന് ലഭിക്കുന്ന പരിപാലനം മറ്റെവിടെയും ലഭിക്കില്ല. സമൂഹത്തിലെ ലളിതമായ ജൈവിക പരിഷ്കരണം തടസ്സം കൂടാതെ തുടരണമെങ്കിൽ സ്ത്രീ ചുരുങ്ങിയത് 3 കുട്ടികൾക്ക് ജന്മം നൽകണമെന്ന് ശാസ്ത്രലോകം ഇന്ന് അവകാശപ്പെടുന്നുണ്ട്. മാതൃത്വത്തെ മഹത്വ വത്കരിച്ച ചിന്ത മാത്രമേ ഇസ്‌ലാം മതത്തിന്റെ ചരിത്രത്തിനുള്ളൂ.
Studying Madeenathunnoor College Of Islamic Science, Islamic Studies And Culture
