നോര്‍മേറ്റീവ് ബഹുസ്വരതയും നീര ചാന്ദോക്കിന്റെ സെക്കുലര്‍ സങ്കല്‍പങ്ങളും

വൈവിധ്യമാർന്ന വിശ്വാസങ്ങളും വിഭിന്നമായ സംസ്കാരങ്ങളും നിലനിൽക്കുന്ന ഒരു ബഹുസ്വര സമൂഹത്തിൽ ആളുകൾക്കെങ്ങനെ പരസ്പര ബഹുമാനത്തോടെയും അന്തസ്സോടെയും ജീവിക്കാൻ കഴിയും.ലോകത്തിന്റെ പല ഭാഗങ്ങളിലെയും സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങൾ കണക്കിലെടുക്കുമ്പോൾ, സങ്കീർണമായ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുക അത്ര എളുപ്പമല്ല .കാരണം വംശീയ, ലൈംഗിക ,മത ന്യൂനപക്ഷങ്ങളോടും അഭയാർത്ഥികളോടുമുള്ള അസഹിഷ്ണുതയും വിവേചനവുമാണ് ഇന്ന് ലോകമൊട്ടാകെ അടയാളപ്പെടുന്നത്. വിശിഷ്യാ, ഇന്ത്യൻ ജനാധിപത്യത്തിന്റെ കാര്യത്തിലാണെങ്കിൽ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ  അതിവ്യാപനത്തോടെ ഇന്ത്യയിൽ വന്നുചേർന്ന പ്രധാന ദുരിതങ്ങളിലൊന്ന് ബഹുസ്വര വിശ്വാസ സംസ്കൃതിയെ പരിക്കേൽപ്പിച്ചതാണ്.പരസ്പര ഭിന്നങ്ങളായ വിശ്വാസ അടിത്തറകളുളള മതങ്ങൾ പോലും സഹജമായ ചില സഹവാസ – സഹകരണ ശീലങ്ങളുടെ അടിസ്ഥാനത്തിൽ ദീർഘ നൂറ്റാണ്ടുകളായി ഒരു ഇടത്തിൽ നിലനിൽക്കുന്നു എന്നതാണ് ഇന്ത്യൻ ബഹുസ്വരതയുടെ സവിശേഷത. ആ അർത്ഥത്തിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പുതന്നെ രാഷ്ട്രീയത്തിനപ്പുറം ബഹുസ്വരത, മതേതരത്വം സഹിഷ്ണുത തുടങ്ങിയ നിരവധി സാമൂഹികാവസ്ഥ കളുടെ മേലാണ് പടുത്തുയർത്തപ്പെട്ടിട്ടുള്ളതെന്ന് കാണാം.

എന്നാൽ സമകാലിക ഇന്ത്യനവസ്ഥയിൽ ഒരാൾ ബഹുസ്വരതയ്ക്കു വേണ്ടി നിലകൊള്ളുമ്പോൾ അയാൾക്ക് മറ്റെന്തൊക്കെയോ ഗൂഢ ലക്ഷ്യമുണ്ടെന്ന വ്യാഖ്യാനങ്ങളിലേക്ക് ഇന്ത്യയുടെ ബഹുസ്വരതയും സഹിഷ്ണുതയും എടുത്തെറിയപ്പെട്ടു.

എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സാർവ്വലൗകികത്വം (Universal Principle ) എന്ന നാനാത്വത്തിൽ ഏകത്വത്തിന്റെ (Unity in diversity)  വായനകൾ വികലമാക്കപ്പെട്ടു. ഒറ്റ രാജ്യം,ഒരൊറ്റ ജനത, അഖണ്ഡത എന്നീ അർത്ഥതലങ്ങളെല്ലാം അതുൾഹിക്കുന്നുണ്ടെന്ന സാമാന്യ ധാരണയെ തകിടംമറിക്കുന്ന അത്തരം തീർപ്പുകൾ സ്വന്തം മതത്തിൽ ദൃഢമായി തന്നെ വിശ്വസിക്കുകയും ആ വിശ്വാസത്തോട് നൂറു ശതമാനം കൂറ് പുലർത്തുകയും ചെയ്തു കൊണ്ട് ജീവിക്കുന്ന ഇന്ത്യൻ ജനതയിൽ അപകർഷതയും അസഹിഷ്ണുതയും വളർത്തി.

BOOK COVER

മതേതരത്വത്തെ പലപ്പോഴായി ന്യൂനപക്ഷ സാമൂഹികതയ്ക്കു മേൽ അധികാരം ഉറപ്പാക്കാനുള്ള മർദ്ദക ഉപകരണമായി തീവ്ര- ഭൂരിപക്ഷ ഗ്രൂപ്പുകൾ ഉപയോഗിക്കുന്നതും  ഉത്കണ്ഠകൾ ജനിപ്പിച്ചു.  മാത്രവുമല്ല, പടിഞ്ഞാറൻ ലോകത്ത് വികസിച്ചുവന്ന ബഹുസ്വര കാഴ്ചപ്പാടുകളെ പകർത്താനുള്ള ശ്രമങ്ങളും നടക്കുന്നു.   

  മതേതരത്വത്തിന്റെ ആവിർഭാവത്തിന് യൂറോപ്പിന്റെ മതവിശ്വാസവുമായി ബന്ധമുള്ളതുപോലെ മത- ബഹുസ്വരതയെ കുറിച്ചുള്ള അന്വേഷണങ്ങളും യൂറോപ്പിലെ ക്രൈസ്തവ സമീപനങ്ങളുമായി  അഗാധമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട് .പക്ഷേ അതിൽ ബഹുസ്വരതയെ കുറിച്ച് സംസാരിച്ച എല്ലാവരും ഒരു തത്വചിന്താ പശ്ചാത്തലത്തിൽ (Philosophical base) നിന്നുകൊണ്ടല്ല, ബഹുസ്വരതയെ വിശകലനം ചെയ്യുന്നതും; എൻഗേജ്മെന്റുകൾ സാധ്യമാക്കിയതും.

ബഹുസ്വരതയെക്കുറിച്ചുള്ള പശ്ചാത്യ ക്രൈസ്തവ ചിന്തകൾ പ്രധാനമായും രൂപംകൊണ്ടത് പ്രൊട്ടസ്റ്റന്റ് – കാത്തലിക് ക്രിസ്ത്യൻ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ യുദ്ധങ്ങളായി പരിണമിക്കുകയും യൂറോപ്പിനെ തന്നെ കടപുഴക്കിയെറിയും വിധംഅതിഭീകരമായി  അത് വികസിക്കുകയും ചെയ്ത നാളുകളിലാണ്.

ഒരേ മതത്തിനുള്ളിലെ വിവിധ ചിന്താസരണികളെയും ആശയ വൈവിധ്യങ്ങളെയും ഉൾക്കൊള്ളുന്നതിന് ഏറ്റവും വലിയ തടസ്സം സത്യത്തെക്കുറിച്ചുള്ള അല്ലെങ്കിൽ ദൈവിക യാഥാർത്ഥ്യത്തെ കുറിച്ചുള്ള ഓരോ വിഭാഗവും വെച്ചുപുലർത്തുന്ന ‘എകസ്ക്ലൂസിവ് ക്ലെയിം ‘ആണെന്നും അത് കൈയൊഴിച്ചു കൊണ്ട് മാത്രമേ സംഘർഷങ്ങൾ ഇല്ലാതാക്കാനാവൂവെന്നും ക്രൈസ്തവ മത ചിന്തകന്മാരിൽ തന്നെ ഒരു വിഭാഗം വാദിച്ചു .ഈ വാദത്തിനു ശക്തി പകരാൻ അവർ മുന്നോട്ടുവെച്ച ആശയമാണ്  പ്ലൂറലിസം അഥവാ ബഹുസ്വരത .

അബ്സല്യൂട്ട് റിയാലിറ്റിയുടെ വിവിധ വ്യാഖ്യാനങ്ങളായി (Interpretations) മതത്തിലെ അവാന്തരവിഭാഗങ്ങൾ അംഗീകരിക്കപ്പെടണമെന്ന ആധുനികോത്തര യുക്തിയുടെ കഴിഞ്ഞ നൂറ്റാണ്ടിലെ മൂർത്തമായ ഉദാഹരണമായി ഇതിനെ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.ഇവയിൽ വലിയ വിഭാഗം വായനകളും യൂറോ-കേന്ദ്രീകൃത (Euro -centric)  ലിബറൽ മൂല്യങ്ങളിൽ നിന്നുകൊണ്ട് സാർവലൗകിക മതേതരവൽക്കരണത്തിനു വേണ്ടി വാദിക്കുന്നത് തന്നെയാണ്.     ഇത്തരം പരിണാമങ്ങൾ സമകാലിക സാഹചര്യത്തിൽ മതസഹിഷ്ണുത, ബഹുസ്വരത തുടങ്ങിയ ആശയാദർശങ്ങളുടെ അർത്ഥതലങ്ങളെയും പ്രായോഗിക സീമകളെയും  പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.അൾട്രാ സെക്യുലർ മതിഭ്രമം ബാധിച്ചവരുടെ സന്ദേഹാത്മകമായ നീക്കുപോക്കുകൾ മതേതര-ബഹുസ്വര കാഴ്ചപ്പാടിനെ മത-വിരുദ്ധമായ, മതാതീതമായി തന്നെ വ്യവഹരിക്കേണ്ട രാഷ്ട്രീയ സമീക്ഷയായി എസ്റ്റാബ്ലിഷ് ചെയ്യുന്നു.       

       ഇത്തരമൊരു പശ്ചാത്തലത്തിൽ രാഷ്ട്രീയ സൈദ്ധാന്തികയായ നീര ചന്ദോക്കിന്റെ ‘Re-thinking Pluralism, secularism and toIerance: Anxieties of coexistence  ‘ എന്ന പുതിയ ഗ്രന്ഥം ശ്രദ്ധയർഹിക്കന്നുണ്ട്.വർഷങ്ങളായി ന്യൂനപക്ഷ അവകാശങ്ങളുടെയും മതേതരത്വത്തിന്റെയും വിഷയത്തിൽ ഇടപെടുന്ന വ്യക്തിയെന്ന നിലയിൽ അവരുടെ ഈ പുസ്തകം പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളുടെ ഒഴുക്കിൽ അവരുടെ തന്നെ മുൻ വാദങ്ങളുടെ ചില പുനരാലോചനകൾ കൂടി ഉൾക്കൊള്ളുന്നു എന്ന നിലയിലാണ് സ്ഥാനപ്പെടുത്തേണ്ടത്.

നീര അടുത്തിടെ നടത്തിയ രണ്ട് പ്രധാന ഫീൽഡ് വർക്കുകളിലെ കണ്ടെത്തലുകളുടെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് ഈ വിവരണം. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസിൽ ജെയിംസ് പുറ്റ് സെൽ സംവിധാനം ചെയ്ത ” conflict and Institutional change ”   എന്ന കമ്പാരിസൺ പൊളിറ്റിക്കൽ പ്രോഗ്രാമിന്റെ ഭാഗമായി അഹമ്മദാബാദിലായിരുന്നു ആദ്യ പദ്ധതി.

നിരാജ ഗോപാൽ ജയൽ സംവിധാനം ചെയ്ത “Dialouge on democracy and Pluralism in south asia” എന്ന പദ്ധതിയുടെ ഭാഗമായിരുന്നു മലർക്കോട്ടയിലെ രണ്ടാമത്തെ പദ്ധതി.         മതേതരത്വത്തെ കുറിച്ചുള്ള അവരുടെ വാദത്തിന്റെ  പല തലങ്ങളും വിശദീകരിക്കാൻ രചയിതാവ് എടുത്തുകാണിക്കുന്ന ആറ് പോയിന്റുകളെ ചുറ്റിപ്പറ്റിയാണ്  അധ്യായങ്ങൾ മുന്നോട്ടുപോകുന്നത്.

ഒന്നാമതായി മതവിഭാഗങ്ങളിലെ അന്തർ സംഘർഷങ്ങളെ (Inter-religious Conflicts) മതേതരത്വത്തിന്റെ അടിസ്ഥാനത്തിൽ വിശദീകരിക്കാൻ ആകില്ലെന്നും മതേതരത്വത്തിന്റെ വിശകലനരീതി മതങ്ങൾക്ക് പുറത്താണ് ആരംഭിക്കുന്നതെന്നുമാണ്.

ഇപ്പറഞ്ഞതിനർത്ഥം, മതേതരത്വത്തെക്കുറിച്ചുള്ള ചർച്ചകൾ മതത്തെ നിരാകരിച്ചു മാത്രമേ മുന്നോട്ട് പോവുകയുള്ളൂ എന്നതല്ലെന്നും കൂട്ടിച്ചേർക്കുന്നുണ്ട്.
രണ്ടാമതായി, മതേതരത്വത്തെ ഇനിയും പുലരാത്ത കേവലമായ ഒരു പരികൽപ്പനയായി ( hypothesis) കാണരുത് എന്ന് നിർദ്ദേശിക്കുന്നു. മതേതരത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ ആളുകൾ സഹിഷ്ണുതയുടെയും പ്രസക്തി മനസ്സിലാക്കേണ്ടതുണ്ടെന്ന നിലപാടാണ് മൂന്നാമത്തേത്.


മതേതരത്വവും സഹിഷ്ണുതയും തമ്മിലുള്ള പരസ്പരബന്ധം കാണിക്കുന്നതിനായി ഒരു അധ്യായം മുഴുവൻ നീക്കിവെച്ചു കൊണ്ട് അവർ ‘മലർക്കോട്ടകേസ് ‘ പഠനത്തെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു.അതോടൊപ്പം മതത്തിന്റെ എതിർപക്ഷത്ത് പ്രതിഷ്ഠിക്കപ്പെടേണ്ട വൈരുധ്യാത്മക ആശയമായി (Controversial concept) മതേതരത്വത്തെ വീക്ഷിക്കാതിരിക്കുകയെന്ന നീരയുടെ നയം സവിശേഷമായി ചൂണ്ടിക്കാണിക്കപ്പെടേണ്ടതുണ്ട്. അതിന് കാരണമായി അവർ പറയുന്നത് മതേതരത്വത്തോടുള്ള വെല്ലുവിളി അധികാരത്തിൽ പട്ടിണികിടക്കുന്ന മതവിഭാഗങ്ങളിൽ നിന്നെ ഉണ്ടാകൂവെന്നാണ്.
ഒടുവിൽ ,മതേതരത്വം നേരിടുന്ന വെല്ലുവിളികൾ ജനാധിപത്യത്തിന് കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കുകയാണെന്നും അതുവഴി പൗരത്വ അവകാശങ്ങളെ സംബന്ധിച്ച പുതിയ പ്രശ്നങ്ങൾ ഉടലെടുക്കുന്നുവെന്നുമാണ് നീര നിരീക്ഷിക്കുന്നത്.ഈ പോയിന്റുകൾ  ആഖ്യാനത്തിന്റെ രൂപരേഖയെ രൂപപ്പെടുത്തുന്ന മുറക്ക് രചയിതാവ് അവരുടെ വാദങ്ങൾ പ്രത്യേക അധ്യായങ്ങളിൽ സ്ഥാപിക്കുന്നുമുണ്ട്.


    പാശ്ചാത്യരാജ്യങ്ങളിലെ ചരിത്ര സഞ്ചാരങ്ങളുടെ പുനരാവർത്തനമായിട്ടോ, കടംകൊണ്ട ആശയമെന്ന കടപ്പാടിനെ  അടിസ്ഥാനപ്പെടുത്തിയോ അല്ല ഇന്ത്യൻ മതേതരത്വത്തെ കുറിച്ച ആലോചനകൾ ആരംഭിക്കേണ്ടത് എന്ന് ആമുഖത്തിൽ തന്നെ പറഞ്ഞു വെക്കുന്നുണ്ട്. അവരുടെ മുൻ കൃതികളിലും ഇത്തരം ഒരു ആശയത്തെ അരക്കിട്ടുറപ്പിക്കുന്നതായി മനസ്സിലാക്കാൻ കഴിയും. 

        2002 ലെ അഹമ്മദാബാദ് കലാപത്തെ കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെ  കുറിച്ചുമുള്ള  ചരിത്ര സംഭവങ്ങളിലൂന്നി  അതിന്റെ രാഷ്ട്രീയ പശ്ചാത്തലത്തെ വിശദീകരിക്കാൻ തുനിയുന്നതാണ് രണ്ടാമത്തെ അദ്ധ്യായം. മതേതരത്വത്തെയും കൊളോണിയലിസത്തെയും കുറിച്ചുള്ള ചർച്ചയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ ന്യൂനപക്ഷ അവകാശങ്ങളുടെ പരിണാമത്തെ, തുടർന്നുള്ള മൂന്ന് അധ്യായങ്ങളിൽ പ്രതിഫലിപ്പിക്കുന്നു.    

  “The principle of Tolerance ”എന്ന അധ്യായത്തിൽ സഹിഷ്ണുതയെ കുറിച്ചുള്ള വിപുലമായ വിവരണം അത് നൽകുന്ന അർത്ഥ സാധ്യതകളെ പൂർണ്ണാർത്ഥത്തിൽ പ്രകാശിപ്പിക്കുന്നതാണ് . ഈ അധ്യായത്തിൽ മതേതരത്വത്തെ സഹിഷ്ണുതയുടെ അവിഭാജ്യഘടകമായി എങ്ങനെ കാണാം എന്ന് നീര വിശദീകരിക്കുന്നു. ഒപ്പം ആശയവ്യക്തതയ്ക്കായി സഹിഷ്ണുതയുടെ ആവശ്യകതയെ കേന്ദ്രീകരിച്ച് പാശ്ചാത്യ രാഷ്ട്രീയ സൈദ്ധാന്തികനായ ജോൺ ലോക്ക് ,പീറ്റർ ബർഗർ എന്നിവരുടെയും ഇന്ത്യൻ നേതാക്കളായ ഗാന്ധിജിയുടെയും ബാലഗംഗാധര തിലകിനെയും കൂട്ടുപിടിച്ച് ചില ഉദാഹരങ്ങൾ നിരത്തുന്നു.         

  നരേന്ദ്രമോദി ഭരണകൂടത്തെ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്താൻ സഹായിച്ച 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലങ്ങൾ ഹിന്ദു -വലത് പ്രത്യയശാസ്ത്രത്തിന്റെ വ്യാപനത്തിനും വോട്ടർമാർക്കിടയിൽ വർധിച്ചുവരുന്ന സ്വീകാര്യതയ്ക്കും കരുത്തേകിയിട്ടുണ്ട്.

ബിജെപിക്ക് വോട്ട് ചെയ്യാൻ അതിന്റെ പ്രത്യയശാസ്ത്രം സ്വീകരിക്കണമെന്നില്ലെന്നിരിക്കെ അതിന്റെ നേതാക്കൾ പലപ്പോഴും അങ്ങനെ ആകണം എന്ന് ശഠിക്കുന്നു, ഇത് ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ അഴിച്ചുവിടാൻ ബിജെപിയുടെ സഹോദര സംഘടനകളെയും പ്രവർത്തകരെയും ധൈര്യപ്പെടുത്തുന്നതായി സമകാലിക അനുഭവങ്ങൾ തെളിയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ മതേതരത്വം, ബഹുസ്വരത, സഹിഷ്ണുത തുടങ്ങിയവയുടെ പ്രസക്തിയും പ്രായോഗികതയെയും ക്കുറിച്ച ചർച്ചകൾ വളരെയധികം വിലമതിക്കുന്നുണ്ടെങ്കിലും അതിന്റെ ഭാഗവാക്കാകുകയും പുനരാഖ്യാനം ചെയ്യുകയും ചെയ്യുന്നതിലൂടെ പ്രയാസകരമായൊരു ദൗത്യമാണ് നീര ഏറ്റെടുക്കുന്നതെന്ന് പുസ്തകം വായിച്ചു തീരുമ്പോൾ ബോധ്യപ്പെടുന്നു.


     ന്യൂനപക്ഷങ്ങളുടെ സാമൂഹിക ജീവിതത്തെ നിരന്തരം നിയമനിർമാണം നടത്തുന്നതിലൂടെ അവരുടെ വിമോചനമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന, പലപ്പോഴും ഹിംസാത്മകമായി പ്രവർത്തിക്കുന്ന ഹിന്ദുത്വയുടെ അവകാശവാദങ്ങൾ മതേതരത്വത്തിന് പുറത്തുനിർത്തി വിശകലനം ചെയ്യാൻ കൂടിയാണ് നീര മുതിരുന്നത്.

അതുകൊണ്ട് തന്നെ        ഈയടുത്തുണ്ടായ മുത്തലാഖ് നിരോധന സംബന്ധിയായ നിയമങ്ങളെ മനസ്സിലാക്കുന്നതിനും അവരുടെ നിലപാടുകളെ ഉപയുക്തമാക്കാവുന്നതാണ്.


     മഹാഭാരതത്തിലെ  ശാന്തി പർവ്വയുടെ പാഠത്തിൽ നിന്നും നീര ചില ആശയങ്ങൾ തുടക്കത്തിൽ പുറത്തിടുന്നുണ്ട്. അതിൽ മഹായുദ്ധത്തിനു ശേഷം മരിക്കുന്ന ഗോത്ര പിതാവ് ഭീമൻ ഒരു ഭരണാധികാരിയുടെ ഉത്തരവാദിത്തങ്ങളെ കുറിച്ച് പുതിയ രാജാവായ യുധിഷ്ഠിരനെ പഠിപ്പിക്കുന്ന രംഗമാണ് അവതരിപ്പിക്കുന്നത്. ജനങ്ങളെ സംരക്ഷിക്കുകയെന്നത് രാജകീയ ധർമ്മമാണെന്ന് ഭീഷ്മ പറയുന്നു.നീതിമാനും ഉത്തരവാദിത്തബോധമുള്ളവനുമായ ഒരു രാജാവ് തന്റെ ജനങ്ങളെ പരിപോഷിപ്പിക്കുകയും ഏകീകരിക്കുകയും അക്രമങ്ങളിൽ നിന്നും കലാപങ്ങളിൽ നിന്നും സംരക്ഷിക്കുകയും പക്ഷപാതം ഇല്ലാതെ ഭരിക്കുകയും വേണം. നീതിയുടെ ഈ സങ്കല്പത്തിൽ മതേതരത്വം എന്ന ആശയം ചന്ദോക് ഉൾക്കൊള്ളിക്കുന്നു.എല്ലാ ആധുനിക ഭരണ സമിതികളുടെയും നട്ടെല്ലായ സെക്യുലറിസത്തിന് ഇന്ത്യയിൽ മാത്രം നിഷേധാത്മകമായ മാനം കൈവരുന്നതിനെ ശക്തമായി വിമർശിക്കുന്നുണ്ട് നീരയുടെ ഓരോ വാദഗതികളും.


    ഇന്ത്യൻ സമൂഹം ബഹുസ്വരമാണ്. വിശ്വാസങ്ങളിലും ആചാരങ്ങളിലും ആഴത്തിലുള്ള വ്യത്യാസവും ഭക്ഷണരീതികളും ജീവിതരീതികളും മുതൽ മത രീതികളും വരെ പലവകകളാണെങ്കിലും  ഈ വ്യത്യാസങ്ങൾക്കിടയിൽ എല്ലാവരോടും നീതിപൂർവ്വം പെരുമാറുന്നതിന്, എല്ലാവരോടും തുല്യമായി പെരുമാറുക,എല്ലാവർക്കും തുല്യ സംരക്ഷണം നൽകുക, എല്ലാ പൗരന്മാർക്കും വിവേചനത്തിൽ നിന്ന് സ്വാതന്ത്ര്യം ഉറപ്പാക്കുക, എന്നീ തത്വങ്ങൾ ഭരണകൂടം സ്വീകരിക്കണമെന്നാണ്നീരയുടെ പഠനം പ്രധാനമായും ആവശ്യപ്പെടുന്നത്. ഈ പ്രതിബദ്ധതയ്ക്ക് സാഹോദര്യത്തെ സൂചിപ്പിക്കുന്ന നാഗരികതയുടെ അന്തരീക്ഷം അനുപേക്ഷണീയമാണെന്നും അതിന് മാത്രമേ ബഹുസ്വരതയെ തന്നെ നിർമിക്കാനാവുവെന്നും നീര വിലയിരുത്തുന്നു.     എംപിരിക്കൽ പ്ലൂറലിസത്തിൽ നിന്ന് നോർമേറ്റീവ് പ്ലൂറലിസത്തിലേക്കുള്ള മാറ്റം കാലോചിതമാണെന്ന ആശയത്തിലേക്ക് പാലം പണിയുന്നുണ്ട് ഈ പഠനം. 

 ഭരണഘടനാ സമൂഹത്തിന് സുരക്ഷിതമായ ആക്സസ് പരിരക്ഷിക്കുന്നതിനും ഒപ്പം വ്യക്തികൾക്ക് അവരുടെ അഭിലാഷങ്ങളും പൂർണ ശേഷിയും നേടിയെടുക്കുന്നതിന്നും അതവരെ പ്രാപ്തരാക്കുമെന്നാണ് നീര വാദിക്കുന്നത്. വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ഒരു നിലക്കും സ്റ്റേറ്റിന് ‘നിരപേക്ഷത ‘സ്വീകരിച്ചു കൊണ് ഉറപ്പു വരുത്താനാവില്ല,കാരണം എല്ലായ്പ്പോഴും ഏതെങ്കിലുമൊരു നിലപാടിനെ പിന്തുണക്കാൻ സ്റ്റേറ്റ് നിർബന്ധിതമാകുമല്ലോ. അതു കൊണ്ട് തന്നെ ഒരു പൊതു ഒത്തു തീർപ്പ് എന്ന നിലയിൽ മേധാവിത്വമുള്ള വിഭാഗങ്ങളുടെ താൽപര്യമാണ് നടപ്പിലാക്കുകയെന്ന റാഡിക്കലായ വാദഗതികളെ ഒരു പരിധിവരെ നീര അതിജീവിക്കുന്നുണ്ട്.   ഏറ്റവും പരമപ്രധാനമായി  ബഹുസ്വരതയെ മാനിക്കുന്നത് മനുഷ്യനായിരിക്കുക ( human being) എന്നതിൻറെ സങ്കല്പത്തെ നീതീകരിക്കുന്നതാണെന്നും വിശകലനം ചെയ്യുന്നു.

‘സിവിൽ സമൂഹത്തെ ശക്തിപ്പെടുത്തുക ‘ എന്നത് വർഗത്തിന്റെയും വംശീയതയുടെയും അതിരുകൾ മറികടന്ന് ആകണമെന്ന് അവർ പറയുന്നു. ഒരു വശത്ത് ഇന്ത്യയിലെ രാഷ്ട്രീയ സമത്വത്തിന്റെ സാക്ഷാത്കാരവും ഊർജ്ജസ്വലരായ ഒരു സിവിൽ സമൂഹത്തിന്റെ നിലനിൽപ്പും പ്രശംസനീയമായ വിജയങ്ങളായി വീക്ഷിക്കുന്ന നീര മറുവശത്ത് സാമ്പത്തികവും സാമൂഹികവുമായ മേഖലകളിൽ ആഴമേറിയതും അസ്വസ്ഥവുമായ അസമത്വങ്ങൾ നിൽക്കുന്നതിനെ കുറിച്ചും പരിതപിക്കുന്നു. നീതിപൂർവ്വകമായ ഒരു സമൂഹത്തിന്റെ രൂപീകരണത്തിൽ മതങ്ങളെ മാനിക്കുന്ന  മതേതരത്വത്തിന് പലതും ചെയ്യാനാകുമെന്ന് വിശ്വസിക്കുന്നു.

മാനദണ്ഡങ്ങൾ മതവിരുദ്ധ അനുഭവമായ് മാറിക്കൊണ്ടിരിക്കുന്ന ബഹുസ്വര സമൂഹത്തിൽ നിന്ന് ബഹുസ്വരതയെ തന്നെ മൂല്യവത്തായി അംഗീകരിക്കുന്ന ഒരു സമൂഹത്തിലേക്ക് മാറാൻ ഇതൊക്കെയും രാഷ്ട്രത്തെ സ്വാധീനിക്കുമെന്ന് വാചാലമാകുന്നു.മതേതരത്വത്തിന്റെ അടിസ്ഥാനങ്ങൾ ലംഘിക്കുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാനങ്ങളെ ലംഘിക്കുകയാണെന്നവർ രേഖപ്പെടുത്തുന്നു.


മതേതരത്വമെന്ന ആശയം, മതപരമായ സൗഹൃദത്തിൽ നിന്ന് നാം അഭിമുഖീകരിക്കുന്ന ഉൽക്കണ്ഠകൾ , സഹിഷ്ണുതയുടെ പാഠഭേദങ്ങൾ, ഇന്ത്യയുടെ സാമൂഹിക ഘടനയ്ക്കും രാജ്യത്തിന്റെ രാഷ്ട്രീയ ഘടനയ്ക്കും ഹിന്ദു വലതുപക്ഷം ഉയർത്തുന്ന ഭീഷണി എന്നിവയെ വിശദീകരിക്കുന്നു. അതിനുള്ള സൈദ്ധാന്തിക സമീപനങ്ങളും അനുഭവമായ തെളിവുകളും മാനിഫെസ്റ്റ് ചെയ്യാനുള്ള ഏറ്റവും മികച്ച ശ്രമങ്ങളിൽ ഒന്നാണ് ഈ പുസ്തകം.