യൂറോപ്പിൽ കോഫിയുടെ വ്യാപനവും ഓട്ടോമൻ സ്വാധീനവും

കാപ്പി ; അതിന്റെ ഗന്ധമാണ് എന്നെ പിടിച്ചു നിർത്തുന്നത്. മാതാപിതാക്കൾ കൂടെയുണ്ടായിരുന്ന വാരാന്ത്യങ്ങളുടെ ഗന്ധം. കളി തമാശകളുടെയും സൊറ പറച്ചിലുകളുടെയും ഗന്ധം. പക്ഷേ ഒരേ സമയം സാന്ത്വനിപ്പിക്കാനും ആവേശഭരിതനാക്കാനും കഴിഞ്ഞിരുന്നെങ്കിലും എനിക്ക് അതൊരിക്കലും ഒരു അനിവാര്യതയായിരുന്നില്ല. മറിച്ച്,  പങ്കുവെച്ച അനുഭവങ്ങളും അതിൻറെ സാമൂഹിക സ്വഭാവുമൊക്കെയായിരുന്നു എന്നെ അതിൻറെ കൈപിടിയിൽ നിർത്തിയത്. കാപ്പിയെന്ന പാനീയത്തിന്റെ സ്ഥാനം പ്രധാനമാണെങ്കിലും അതിൻറെ ഉത്ഭവം സംഭവിക്കുന്നത് വീടിന് വെളിയിൽ വെച്ചാണ് എന്നതിലേക്കാണ് പഠനങ്ങൾ വെളിച്ചം വീശുന്നത്. കോഫി ഷോപ്പുകൾ യൂറോപ്യൻ സംസ്കാരത്തിൻറെ പ്രമുഖ ഭാഗമാണ് ( വിയന്നീസ് കോഫീ ഹൗസറിനെ യുനെസ്കോ ഒരു സാംസ്കാരിക പൈതൃക ഘടകമായി കണക്കാക്കുന്നു). ഇറ്റലിക്കാരും ഗ്രീക്കുകാരും അടങ്ങുന്ന യൂറോപ്യർ അവരുടെ സമ്പന്നമായ കാപ്പി സംസ്കാരത്തിന് അറേബ്യയേയും ആഫ്രിക്കയേയും അവരുമായി പങ്കുവെക്കുന്ന മധ്യധരണ്യാഴിയോട് കടപ്പെട്ടിരിക്കുന്നു എന്നതാണ് വസ്തുത

ഒരുകാലത്ത് കാപ്പിയെ വൈദേശികവും ഭയപ്പെടേണ്ട ‘ഒരു കിഴക്കൻ വസ്തു’വും ഒക്കെയായിട്ടാണ് ഓറിയൻറലിസ്റ്റുകൾ ഗണിച്ചിരുന്നത്. കാപ്പിക്കുണ്ടായിരുന്ന അപകടകരമായ വ്യംഗ്യാർത്ഥങ്ങളെ മായ്ച്ചുകളയാൻ പോപ് ക്ളമൻറ് എട്ടാമൻറെ ഔദ്യോഗികമായ അനുമതി 1600 ൽ പോലും അനിവാര്യമായിരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്.

അദ്ദേഹത്തിൻറെ ഉപദേശകർ കാപ്പി നിരോധിക്കുവാൻ വേണ്ടി അദ്ദേഹത്തിനുമേൽ സമ്മർദ്ദം ചെലുത്തി. ” സാത്താന്റെ കൈയ്പേറിയ കണ്ടുപിടിത്തം” എന്നാണ് അവർ കാപ്പിയെക്കുറിച്ച് സൂചിപ്പിച്ചിരുന്നത്. പക്ഷേ സ്വയം രുചിച്ച് നോക്കിയതിനുശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞുവത്രേ, “ഈ സാത്താന്റെ ദ്രാവകം അങ്ങേയറ്റം സ്വാദിഷ്ഠമാണ്; നമ്മൾ ഇതിനെ ജ്ഞാനസ്നാനം ചെയ്ത് സാത്താനെ വഞ്ചിക്കണം!”. അതുപോലെത്തന്നെ, ഉണക്കി വറുത്ത് കാപ്പി ഉണ്ടാക്കാൻ യോഗ്യമായ കാപ്പിക്കുരുവിന്റെ ഉൽഭവം ഏകദേശം 850 AD യിൽ എത്യോപ്യയിൽ വെച്ചാണെന്ന് വിവരിച്ചുകൊണ്ട് 1889ൽ എത്യോപ്യൻ രാജാവ് മെനിലേക്ക് രണ്ടാമൻ കാപ്പി ഒരു എത്യോപ്യൻ പാനീയം ആണെന്നും അതുകൊണ്ട് തന്നെ ഒരു ക്രിസ്ത്യൻ പാനീയം ആണെന്നും സമർത്ഥിക്കുന്നുണ്ട്. എന്നാൽ എത്യോപ്യൻ ഓർത്തഡോക്സ് ചർച്ച് പന്ത്രണ്ടാം നൂറ്റാണ്ടിൽ കാപ്പി നിരോധിക്കുക പോലും ചെയ്തിരുന്നു എന്ന കാര്യം അവർ വിസ്മരിക്കുന്നു.

എത്യോപ്യയിൽ നിന്നും കാപ്പിക്കുരു യമനി കച്ചവടക്കാരുടെ സഹായത്താൽ മക്ക, മദീന, കെയ്റോ, ഡമസ്കസ്, ബാഗ്ദാദ് എന്നിവിടങ്ങളിലൂടെ ഇസ്തംബൂൾ വരെ വ്യാപിച്ചു. അലപ്പോയിലെയും ഡമസ്കസിലെയും രണ്ട് യാത്രക്കാരാണ് ഇസ്തംബൂളിലെ ആദ്യത്തെ കോഫി ഹൗസ് തുറന്നത് എന്ന് പറയപ്പെടുന്നു. ആ കോഫീഷോപ്പ് വലിയ പ്രശസ്തി നേടുകയും ഈസ്റ്റ് ഇൻഡീസ്,  ഇന്തോനേഷ്യ, അമേരിക്ക എന്നിവിടങ്ങളിൽ പരക്കെ വ്യാപിച്ചു. കാപ്പിയുടെ ആദ്യഘട്ടങ്ങളിൽ മുസ്‌ലിം ലോകം പോലും അതിനെ വിമുഖതയോടെയാണ് സമീപിച്ചത്. 

ഇമാമുമാർ കാപ്പിയെ ലഹരിയായി കണക്കാക്കുകയും 1511 ൽ മക്കയിലെ ഇസ്‌ലാമിക കോടതിയിൽ വച്ച് നിരോധിക്കുകയും ചെയ്തു. പക്ഷേ, അവരുടെ മുഖ്യ ആകുലത കോഫി ഹൗസുകളിൽ വ്യവഹരിക്കപ്പെട്ടിരുന്ന രാഷ്ട്രീയ ചിന്തകളും ചർച്ചകളും  നിലനിന്നിരുന്ന അധികാര വ്യവസ്ഥയെ വെല്ലുവിളിക്കുന്നു എന്ന ഭീഷണിയായിരുന്നു. വെറും 13 വർഷങ്ങൾ കൊണ്ട് തന്നെ ടർക്കിഷ് സുൽത്താൻ മഹാനായ സുലൈമാൻ ഒന്നാമൻ നിരോധനം പിൻവലിക്കുന്നതായി കാണാം. ആ ചൂടു പാനീയത്തിന്റെ ജനപ്രീതിക്കു  മുന്നിൽ സുൽത്താന് മറ്റു വഴികൾ ഇല്ലായിരുന്നു. 

പ്രശസ്തമായ ഒരു പഴമൊഴിയുണ്ട്; “ടർക്കിഷ് കാപ്പി നരകത്തെ പോലെ കറുത്തതും മരണത്തെപോലെ കരുത്തുറ്റതും പ്രണയത്തെ പോലെ മധുരവും ആയിരിക്കും “. 

  ചൂടു കാപ്പി കുടിച്ച് ചതുരംഗവും ചെസ്സുമൊക്കെ കളിച്ചു വാർത്തയും രാഷ്ട്രീയവും ചിന്തകളും പ്രകടിപ്പിക്കാനുള്ള ഇടമായി പിന്നീട് കോഫീ ഷോപ്പുകൾ മാറി. പഴയ ഒട്ടോമൻ നഗരങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ പള്ളിയും ചർച്ചും രാഷ്ട്രീയ കേന്ദ്രങ്ങളും ചന്തയും പോലെയുള്ള പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ ഒക്കെ മേൽനോട്ടം വഹിച്ചുകൊണ്ടുള്ള പ്രധാനപ്പെട്ട ഒരു കോഫി ഷോപ്പ് പതിവായി ശ്രദ്ധിക്കാവുന്നതാണ്. ജനങ്ങൾ അവരുടെ ദൈനം ദിന ജോലികൾ ചെയ്യുന്നത് വീക്ഷിച്ചുകൊണ്ട്, നഗരത്തിലെ രാഷ്ട്രീയമൊക്കെ ചർച്ച ചെയ്ത് കൊണ്ട് പുരുഷൻമാർ (അന്നത്തെ സ്ഥാപനങ്ങൾ പുരുഷന്മാർക്ക് സംവരണം ചെയ്യപ്പെട്ടതായിരുന്നു ) ചിലവഴിച്ച ഇടമായിരുന്നു അവ.

യൂറോപ്പിൽ കുറച്ചുകാലം കഴിഞ്ഞാണ് ആണ് കാപ്പി സംസ്കാരം പ്രചാരത്തിലാകുന്നത്. ഓട്ടോമൻമാർ വഴി പാരീസും വിയന്നയും ആണ് പാനീയത്തിലേക്ക് ആദ്യം വന്നന്ന നഗരങ്ങൾ. പാരീസിൽ , ഫ്രഞ്ച് രാജാവ് ലൂയിസ് പതിനാലാമന്റെ ഒട്ടോമൻ അംബാസഡർ സുലൈമാൻ ആഖ, ഔദ്യോഗിക കച്ചവട സമയങ്ങളിൽ ആഡംബര പാർട്ടികൾ നടത്തുകയും പാരിസിയൻ സമൂഹത്തെ തുർക്കിഷ് സംസ്കാരത്തിലേക്കും കാപ്പിയിലേക്കും കൈപിടിച്ച് നടത്തുകയും ചെയ്തു. അങ്ങനെ 1689 ലാണ് ആദ്യത്തെ ഫ്രഞ്ച് കോഫി ഷോപ്പ്, “ദ കഫേ പ്രൊകോപ്പ് ” തുറക്കുന്നത്.

വിയന്നയുടെ പ്രഥമ രുചി അൽപ്പം വ്യത്യസ്തമായിരുന്നു ; 1683 ലെ ബാറ്റിൽ ഓഫ് വിയന്നയിൽ വെച്ച് ഒട്ടോമൻസ് പരാജയപ്പെട്ടപ്പോൾ ചാക്കുകണക്കിന് പയറുമണികൾ പോലെ എന്തോ കുരുക്കൾ നിഗൂഢമായി ഉപേക്ഷിച്ചു പോകുന്നത് മുതലാണ് കഥ ആരംഭിക്കുന്നത്. അവ എന്തിനാണെന്ന് ആർക്കും മനസ്സിലായില്ല. ഒട്ടകങ്ങൾക്കുള്ള ഭക്ഷണം ആയിരിക്കാമെന്ന് അവർ ഊഹിച്ചു. ആ വിലപ്പെട്ട പയറുമണികൾ എന്താണെന്ന് ആദ്യം മനസ്സിലാക്കുന്നത് റുഥീനിയൻ വംശജൻ ആയിരുന്ന തുർക്കിഷ് അടക്കം വിവിധ ഭാഷകൾ സംസാരിച്ചിരുന്ന ഒരു പോളിഷ് ചാരൻ ആയിരുന്നു. ചിലർ വാദിക്കുന്നത് ഈ കുപ്രസിദ്ധ ചാരൻ യഥാർത്ഥത്തിൽ ബെൽഗ്രേഡിലും ഇസ്തംബൂളിലും ജീവിച്ച് ദീർഘകാലം തുർക്കി സൈന്യത്തിനെതിരെ ചാരവൃത്തി നടത്തിക്കൊണ്ടിരുന്ന ഒരു സെർബ്കാരൻ ആയിരുന്നുവെന്നാണ്. മറ്റുള്ളവർ വാദിക്കുന്നത് അയാൾ ഒരു അർമീനിയൻ ചാരനായിരുന്നുവെന്നാണ്. ഇയാളാണ് യഥാർത്ഥത്തിൽ വിയന്നയിലെ ആദ്യ കോഫിഹൗസ് തുറക്കുന്നത്. ആരൊക്കെയായാലും അവർ കടുപ്പത്തിൽ ഉള്ള കാപ്പിയെ മയപ്പെടുത്താൻ വേണ്ടി മധുരവും ക്രീമും ചേർത്തവരാണ്.

മറ്റു പല കാര്യങ്ങൾ പോലെത്തന്നെ, ഇന്ന് യൂറോപ്യൻ നാഗരികതയുടെ തന്നെ കേന്ദ്രമായ കാപ്പിയും കാപ്പി സംസ്കാരവും വൻകരയിൽ ഉത്ഭവിച്ചതല്ല. യൂറോപ്പ് ആശ്ലേഷിക്കുന്നതിന് മുമ്പ് തന്നെ കിഴക്കൻ ആഫ്രിക്കയിൽ വേരുകളുണ്ടായിരുന്ന, ‘കവികളുടെ പൂന്തേൻ’ എന്നറിയപ്പെട്ടിരുന്ന കാപ്പി ഉത്തരാഫ്രിക്കയിലും മിഡിൽ ഈസ്റ്റിലും വ്യാപിച്ചു കഴിഞ്ഞിരുന്നു.

 യൂറോപ്പിന് , അതിൻറെ മഹത്തായ പ്രേമബന്ധത്തെ പരിചയപ്പെടുത്തിക്കൊടുത്തത് അവരുടെ ചരിത്ര പ്രസിദ്ധ ശത്രുവായ ഓട്ടോമൻസ് ആയിരുന്നു എന്നത് വിസ്മരിക്കാൻ പറ്റാത്ത വിരോധാഭാസമാണ്.

വിവർത്തനം: ഹാഫിസ് ഹിശാം ശാന്തപുരം