പ്രണയ ആഖ്യാനങ്ങളുടെ പൗരസ്ത്യ-പാശ്ചാത്യ മാതൃകകൾ

ആധുനികവൽക്കരണത്തിലൂടെയും, പ്രത്യേകിച്ച്, ഡിജിറ്റലൈസേഷൻ കാരണമായും നമ്മുടെ സാമൂഹിക ബന്ധങ്ങളിലും അവയെ നിർവചിക്കുന്ന വ്യവഹാരങ്ങളിലും വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. നമ്മുടെ വികാര പ്രകടന രീതിയെയും ഇത് സാരമായി ബാധിച്ചിരിക്കുന്നു. ഇത്തരം വികാരങ്ങളെ നിയന്ത്രിക്കുന്നത് പ്രണയമാണ്. എന്നാൽ, പ്രണയത്തിന്റെ അർത്ഥങ്ങളും അത് എങ്ങനെ പ്രകടിപ്പിക്കപ്പെടുന്നുവെന്നതും അതാതു കാലഘട്ടത്തിലെ വിശ്വാസങ്ങൾ, സാമൂഹിക അവസ്ഥകൾ എന്നിവയെ അടിസ്ഥാനമാക്കി വ്യത്യാസപ്പെട്ടിരിക്കും. ലോക സാഹിത്യത്തിലെ രണ്ട് ഇതിഹാസ പ്രണയകഥകളാണ് ‘റോമിയോ ആൻഡ് ജൂലിയറ്റ് ‘, ‘ലൈല മജ്നൂൻ’ എന്നിവ. വ്യത്യാസങ്ങളുള്ളതോടൊപ്പം തന്നെ അവക്കിടയിൽ സമാനതകളുള്ളതായി നമുക്ക് കാണാം.

കിഴക്കു പടിഞ്ഞാറൻ പ്രദേശങ്ങളിലെ പ്രണയത്തിന്റെ കഥ പറയുന്ന ഈ രണ്ട് കൃതികൾ, ഒരു ഉറവിടത്തിൽ നിന്ന് ഉത്ഭവിച്ച് വ്യത്യസ്ത ദിശയിലേക്ക് ഒഴുകുന്ന രണ്ട് നദികളെ പോലെ പ്രവിശാലമാണ്. വ്യത്യസ്ത സംസ്കാരങ്ങളും ഭൂപ്രകൃതിയുമുള്ള രണ്ട് പ്രദേശങ്ങളിലേക്കാണ് ഇവ ഒഴുകുന്നത്. എങ്കിലും, ഇവ രണ്ടും തമ്മിലുള്ള സാമ്യതകൾ ഏറെ ശ്രദ്ധേയമാണ്.

ഈ രണ്ട് കഥകളിലൂടെയും എഴുത്തുകാർ പങ്കുവെക്കുന്നത് മാനുഷിക സത്യത്തിന്റെ കഥകളാണ്. ഈ കഥകൾ തമ്മിലുള്ള സാമ്യതകൾ/ പരസ്പര ബന്ധങ്ങൾ കണ്ടെത്തുന്നതിൽ ഗവേഷകരിൽ ഇക്കാര്യം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സാഹിത്യ ചരിത്രകാരനായ ആഗ സോർ ലെവെൻഡ് ( Agah Sırrı Levend ) ‘ലൈലയും മജ്നൂനും’ എന്ന തന്റെ ഗവേഷണത്തിൽ ഈ കിഴക്കൻ പ്രണയകഥകൾ കുരിശുയുദ്ധകാലത്ത് പാശ്ചാത്യ സാഹിത്യത്തിൽ പ്രവേശിച്ചതാണെന്ന് പറയപ്പെടുന്നു.

ലൈലയുടെയും മജ്നൂന്റെയും കഥയാണ് അനശ്വര സാഹിത്യകൃതികളായ ഓക്കാസിൻ എറ്റ് നിക്കോലെറ്റ് ( Aucassin and Nicolette ), ഫ്രഞ്ച് സാഹിത്യത്തിലെ ട്രിസ്റ്റൻ എറ്റ് യെസോൾട്ട് (Tristan and Iseult) ഹംഗേറിയൻ സാഹിത്യത്തിലെ ഫ്ലോയർ എറ്റ് ബ്ലാഞ്ചെഫ്‌ളോർ ( Floris and Blancheflour ) എന്നിവയുടെ ഉറവിടമെന്ന് ലെവൻഡ് വാദിക്കുന്നു. അതുപോലെ, ഇംഗ്ലീഷ് സാഹിത്യത്തിലെ റോമിയോ ആൻഡ് ജൂലിയറ്റും ( Romeo and Juliet ) ഈ കൂട്ടത്തിൽ പെടുന്നു.

അറബികൾ പറഞ്ഞ അജ്ഞാത നാടോടി കഥയാണ് ‘ലൈലയും മജ്നൂനും’. കഥയുടെ ഏറ്റവും പഴക്കമേറിയതും സമഗ്രവുമായ പതിപ്പ് പേർഷ്യൻ ഭാഷയിൽ സ്വതന്ത്രവും ആന്തരിക താളാത്മകവുമായ മത്‌നവി രൂപത്തിൽ അസർബൈജാനി കവി നിസാമിയാണ് ഗഞ്ചാവി രചിച്ചത്. കിഴക്കൻ ജനതയെ സംബന്ധിച്ചിടത്തോളം, മത്‌നവി സാഹിത്യ കൃതികൾ അവർക്ക് സ്നേഹത്തെ കുറിച്ചുള്ള ചിന്തകളും വികാരങ്ങളും വ്യാഖ്യാനിക്കാനുള്ള മാർഗ്ഗമായിരുന്നു.

അക്കാലത്തെ കിഴക്കൻ കവികളുടെ കൃതികളിൽ നിന്ന് കഥകൾ വിഷയത്തിലും സന്ദർഭത്തിലും വേറിട്ടു നിന്നു. പ്രണയത്തെ കുറിച്ച എണ്ണമറ്റ കവിതകൾ രചിച്ച ഇവർ കഥയുടെ സാരാംശം വിജയകരമായി പകർത്താനും പ്രസിദ്ധീകരിക്കാനും പരസ്പരം മത്സരിച്ചു. കിഴക്കൻ ഭാഗങ്ങളിൽ പ്രത്യേകിച്ച് അറേബ്യൻ, പേർഷ്യൻ, ടർക്കിഷ് കവികൾ ധാരാളം ലൈല മജ്നൂൻ കഥകൾ എഴുതിയിട്ടുണ്ട്.

ഈ കഥകളിൽ ഏറ്റവും വിജയകരമായത് അസർബൈജാനി – തുർക്കി കവി ഫുസൂലിയുടെതാണ്. നിസാമി ഗഞ്ചവിയുടെ കഥയെ ഒരു അവലംബമായി ഫുസൂലി ഉപയോഗിക്കുന്നുണ്ടെങ്കിലും അദ്ദേഹം അത് തനതായ ശൈലിയിൽ വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്. അതിനാലാണ് തുർക്കി സാഹിത്യത്തിൽ ലൈലയും മജ്നൂനും പരാമർശിക്കുമ്പോൾ ഫുസൂലിയെ പരിചയപ്പെടുത്തുന്നത്. അതേസമയം വില്യം ഷേക്സ്പിയറുടെ റോമിയോ ആൻഡ് ജൂലിയറ്റിന് മുമ്പുള്ള മറ്റ് കൃതികളും ഇക്കൂട്ടത്തിൽ ഉണ്ട്. ആർതർ ബ്രൂക്കിന്റെ 1562 – ൽ പ്രസിദ്ധീകരിച്ച ദി ട്രാജിക് സ്റ്റോറി ഓഫ് റോമിയസ് ആൻഡ് ജൂലിയറ്റ് ( The Tragic Story of Romeus and Juliet ) എന്ന കവിതയിൽ നിന്നാണ് ഈ നാടകം വിഷയം കൈകൊണ്ടത്.

ഇറ്റാലിയൻ നവോത്ഥാന കാലഘട്ടത്തിൽ കുലീന കുടുംബങ്ങളിൽ നിന്നുള്ള യുവ പ്രണയിനികളുടെ ദാരുണമായ കഥ വളരെയധികം പഠിക്കപ്പെട്ടിരുന്നു.15,16 നൂറ്റാണ്ടുകളിൽ ഇവ്വിഷയകമായി ഇറ്റലിയിൽ നിരവധി കവിതകളും കഥകളും നാടകങ്ങളും എഴുതുകയും അവയിൽ ചിലത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെടുകയുമുണ്ടായി.

ഒരു നാടകത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെട്ട റോമിയോ ആൻഡ് ജൂലിയറ്റ് എന്ന കഥ പ്രേക്ഷകരുടെ ഭാവനയെ ഉൾക്കൊള്ളുന്നതിനൊപ്പം അക്കാലത്തെ വൈകാരിക സത്യങ്ങളും പാശ്ചാത്യ താല്പര്യങ്ങളും തുറന്നുകാട്ടാൻ സഹായിക്കുന്നതാണ്. ട്രാജഡികളാണ് ഷേക്സ്പിയറിന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതികൾ. ഇതിൽ അയാമ്പിക് പെന്റമീറ്റർ ( Iambic pentameter ) പോലെ ബലമായ കാവ്യ ശൈലികളാണ് അദ്ദേഹം കഥപറച്ചിൽ രൂപത്തിൽ പ്രയോഗിക്കുന്നത്.

ഷേക്സ്പിയർ ആദ്യം കൂടുതൽ അക്രമാസക്തമായ നാടകങ്ങൾ എഴുതി തന്റെ നൈപുണ്യം തിരിച്ചറിയുന്നത് തനിക്ക് മുമ്പ് പ്രാഗൽഭ്യം തെളിയിച്ച കലാകാരന്മാരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു. രക്തരൂക്ഷിതമായ രംഗങ്ങൾ ഉൾക്കൊള്ളുന്ന “ടൈറ്റസ് ആൻഡ്രോണിക്കസിനെ” പിന്തുടർന്നാണ് അക്കാലത്ത് അപ്രതീക്ഷിതമായി വിജയിച്ച റോമിയോ ആൻഡ് ജൂലിയറ്റിന് ഷേക്സ്പിയർ ജന്മം നൽകിയത്.

കഥാ പശ്ചാത്തലം

ലൈ‌ല മജ്‌നൂനും റോമിയോ ആൻഡ് ജൂലിയറ്റും പുരുഷ കഥാപാത്രങ്ങളുടെ ജീവിത രംഗങ്ങളിലൂടെയാണ് ആരംഭിക്കുന്നത്. മജ്‌നൂന്റെ സ്വഭാവത്തെക്കുറിച്ച് ജനനസമയം മുതൽ നമുക്ക് പരിചയമുണ്ട്. അപ്രകാരം, റോമിയോയെ ജീവിതത്തിന്റെ ആദ്യഘട്ടത്തിൽ കണ്ടുമുട്ടുമ്പോൾ തന്നെ അദ്ദേഹത്തിന്റെ മാനസിക നിലയും അനുഭവങ്ങളും വിവരിക്കുന്നുണ്ട്. ഏതൊരു പ്രണയകഥയിലെയും പ്രധാന വഴിത്തിരിവ് പ്രണയിനികൾ ആദ്യമായി കണ്ടുമുട്ടുന്ന നിമിഷമാണ്. രണ്ട് എഴുത്തുകാരും ഈ ഏറ്റുമുട്ടൽ ശ്രദ്ധേയമായി അവതരിപ്പിക്കുന്നുണ്ട്. വായനക്കാരൻ പ്രണയിനികളെ പ്രശംസിക്കുന്നത് ആദ്യ കണ്ടുമുട്ടലിനു മുമ്പ് തന്നെ ഇവർ നിങ്ങൾക്കൊരു സാധാരണ കമിതാക്കളല്ലെന്ന ഫുസൂലിയുടെ വെളിപ്പെടുത്തലിലൂടെയാണ്. പിതാവിന്റെ ഏകമകനായ മജ്നൂൻ ലൈലയെ ആദ്യമായി കണ്ടുമുട്ടുന്നത് വിദ്യാർത്ഥി ജീവിതത്തിന്റെ തുടക്കത്തിലാണ്. റോമിയോയും ജൂലിയറ്റും ആദ്യമായി പാർട്ടിയിൽ കണ്ടുമുട്ടുകയും ആദ്യ കാഴ്ചയിൽ തന്നെ പ്രണയത്തിലാകുകയും ചെയ്യുന്നു. രണ്ട് കഥകളെയും പരസ്പരം താരതമ്യപ്പെടുത്തുമ്പോൾ, പ്രണയത്തിന്റെ ശുദ്ധവും നിഷ്കളങ്കവുമായ വികാരങ്ങളെയും സമൂഹികവും കുടുംബ പരവുമായ തടസ്സങ്ങളെയുമാണ് ഈ പ്രണയിനികൾ മറികടക്കുന്നതെന്ന് കാണാം.
ലൈലക്ക് മജ്‌നൂനുമായുള്ള പ്രണയവും അവരുടെ കൂടിക്കാഴ്ച്ചകളും പലവിധ കിംവദന്തികൾക്കും കാരണമായി. ഒടുവിൽ പരദൂഷണ പ്രവാഹം അമ്മയുടെ അടുത്തെത്തിയതോടെ അവളെ ഗുരുകുലത്തിൽ നിന്ന് പിൻവലിച്ചു.
അതുപോലെ, റോമിയോയും ജൂലിയറ്റും രണ്ട് വൈരുദ്ധ്യമുള്ള കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നതിനാൽ ഇവരുടെ പ്രണയത്തെ രണ്ട് സമുദായവും അംഗീകരിച്ചിരുന്നില്ല. അതിനാൽ, കുടുംബത്തിനെതിരെ പൊരുതി നിൽക്കാൻ ഇവർ നിർബന്ധിതരാവുകയായിരുന്നു. ലൈലയോട് ഒരുമിക്കാൻ കഴിയാതെ വന്നതോടെ മജ്നൂൻ അബോധവാനാകുന്നു. കമിതാക്കൾക്ക് വീണ്ടും ഒന്നിക്കാൻ കഴിയുമോ എന്ന് അന്വേഷിച്ച് പിതാവ് ലൈലയുടെ കുടുംബത്തെ സമീപിച്ചെങ്കിലും, മജ്‌നൂൻ സ്വബോധവാനായാൽ പുനസംഗമിക്കാം എന്ന വ്യവസ്ഥയിൽ ലൈലയുടെ പിതാവ് സമ്മതിക്കുകയായിരുന്നു. ഒടുക്കം, മജ്നൂന് ഈ അവസ്ഥയിൽ നിന്ന് മോചിതനാവാൻ കഴിയാത്തതിനാൽ പ്രണയിനികൾക്ക് ഒരിക്കലും ഒന്നിക്കാൻ കഴിയുന്നില്ല.
റോമിയോയും ജൂലിയറ്റും ഒരു പള്ളിയിൽ വെച്ച് രഹസ്യമായി കണ്ടുമുട്ടുകയും വിവാഹിതരാവുകയും ചെയ്യുന്നു. എന്നാൽ , അവർക്ക് ഒരു രാത്രി മാത്രമേ ഒന്നിച്ചു നിൽക്കാൻ കഴിഞ്ഞുള്ളൂ. രണ്ട് കുടുംബങ്ങളും തമ്മിലുള്ള വിദ്വേഷ കനൽ വീണ്ടും ശത്രുത വർധിപ്പിക്കുകയും ജൂലിയറ്റിന്റെ ബന്ധു ടൈബാൾട്ടിനെ ( Tybalt ) അബദ്ധത്തിൽ വധിച്ച കുറ്റത്തിന് റോമിയോ കുറ്റക്കാരനാവുകയും ചെയ്യുന്നു.

മരണത്തോടെ ഒന്നിക്കുന്ന പ്രണയം

തീവ്ര വികാരത്തെയും കഥാപാത്രങ്ങളുടെ ആവേശഭരിതമായ പ്രണയത്തെയുമാണ് ഈ കഥകളിലെ വിയോഗവും നാടുകടത്തലും സൂചിപ്പിക്കുന്നത്. ഈ തീവ്രത വേർപിരിയലിൽ തന്നെ അവസാനിക്കൽ അനിവാര്യവുമാണ്. ലൈലയോട് ഒരിക്കലും പുനസംഗമിക്കാൻ കഴിയാതെ നാട്കടത്തപ്പെട്ട മജ്നൂന്റെ ജീവിതം പ്രണയ നൈരാശ്യം പേറി മരുഭൂമിയിൽ ഒടുങ്ങുന്നു. അവന്റെ സ്നേഹം അനുദിനം ആഴമേറി വന്നു. എല്ലാത്തിലും അവളെ കാണുകയും മൃഗങ്ങളോടും പർവതങ്ങളോടും താഴ്‌വരകളോടും തന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞ് നടക്കുകയും ചെയ്യുന്നു.

അതുപോലെ കുറ്റത്തിന് ശിക്ഷയായി റോമിയോയെ നാട്കടത്തുകയും പ്രണയത്തെ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ ഈ സമ്മർദ്ദം അവളോടുള്ള സ്നേഹത്തെ അധികരിപ്പിക്കുകയായിരുന്നു. എങ്കിലും ജൂലിയറ്റിനെ ഉപേക്ഷിക്കാൻ അയാൾ നിർബന്ധിതനായി. രണ്ടു കഥകളിലും, പ്രണയിനികൾ പ്രിയപ്പെട്ടവരിൽ നിന്ന് വേർപ്പെടുകയും അവർ മറ്റൊരാളുടേതാകുമെന്ന ചിന്തയിൽ പരവശനാവുകയും ചെയ്യുന്നതോടെ എതിരാളി ഉടലെടുക്കുന്നു. യഥാക്രമം ഇബ്നു സലാമും പാരിസും മജ്നൂന്റെയും റോമിയോയുടെയും എതിരാളികളായി വന്നു. ഈ കഥകളിൽ സ്ത്രീ കഥാപാത്രങ്ങൾ പ്രണയത്തോട് വിശ്വസ്തത പുലർത്തുന്നവരാണ്. മറ്റുള്ളവർ സ്ത്രീത്വത്തെ പിന്തുടരുമ്പോഴും ഇവർ എല്ലായ്പ്പോഴും പങ്കാളികളോട് സത്യസന്ധത പുലർത്തുകയാണ്. എങ്കിലും കഥയ്ക്ക് സന്തോഷകരമായ അന്ത്യമില്ലെന്നതായിരുന്നു ഫലം. പങ്കാളികളുടെ മരണവാർത്ത രംഗങ്ങളിൽ പ്രണയിനികൾക്ക് ജീവിതത്തിൽ ഒന്നിക്കാൻ കഴിഞ്ഞില്ലെങ്കിൽ മരണത്തിൽ ഒന്നിക്കാമെന്ന് പ്രത്യാശിക്കുന്നു.

സത്യവും ഉപമയും

ഇരു കഥകൾക്കും പൊതുവായതും സമാന്തരവുമായ വശങ്ങളുണ്ടെങ്കിലും ഇവ തമ്മിൽ വ്യക്തമായ വ്യത്യാസങ്ങളുണ്ട്. ഫുസൂലിയെ പോലുള്ള കിഴക്കൻ കവികൾ മനുഷ്യസ്നേഹത്തെ ദൈവിക പ്രണയത്തിലേക്ക് പരിവർത്തനം ചെയ്യുമ്പോൾ ഷേക്സ്പിയർ പാശ്ചാത്യ സുഭാഗധേയ വീക്ഷണത്തിൽ നിന്ന് ദാരുണമായ പ്രണയത്തിന്റെ കഥ പറയുന്നു. ലൈലയുടെയും മജ്നൂനിന്റെയും കഥയിൽ ധാരാളം സൂഫി ഉപമകളും ചിഹ്നങ്ങളും കാണാം. ഉദാഹരണത്തിന് എതിരാളിയുടെ സ്വഭാവം ഒരു വ്യക്തിയെ ദൈവവുമായുള്ള ബന്ധത്തിൽ നിന്ന് വ്യതിചലിപ്പിക്കാൻ കഴിയുന്ന നിരവധി തടസ്സങ്ങളെ പ്രതിനിധീകരിക്കുന്നു. അതൊരുപക്ഷേ പിശാചോ ലൗകിക തിന്മകളെയും തെറ്റുകളെയും പ്രോത്സാഹിപ്പിക്കുന്ന സുഹൃത്തോ ആയിരിക്കാം. പ്രണയത്തിലൂടെ ലൈലയും മജ്നൂനും സ്വയം ത്യജിച്ച് ഒന്നായിത്തീരുന്നു. എല്ലാ കാര്യങ്ങളിലും മജ്‌നൂൻ ലൈലയെ കാണുന്നു എന്നതിന്റെ അർത്ഥം സൗന്ദര്യത്തിന്റെ ഉറവിടം അവനിലാണെന്നും മനോഹരമായതെല്ലാം ഒരു യഥാർത്ഥ സൗന്ദര്യത്തിന്റെ പ്രതിഫലനമാണെന്നും സൂചിപ്പിക്കുന്നു. അത് ദൈവമാകുന്നു.

വിവർത്തനം : അലിഷാൻ ചെറൂപ്പ