വാണിജ്യ ശൃംഖലയിലെ മുസ്‌ലിം വൈജ്ഞാനിക കൈമാറ്റങ്ങൾ
പോർച്ചുഗീസ് അധിനിവേശത്തിന് മുമ്പും ശേഷവും ഇന്ത്യൻ മഹാസമുദ്രത്തിലുടനീളം വ്യാപാരം, വിജ്ഞാനം തുടങ്ങുയ വ്യത്യസ്ത തരത്തിലുള്ള ബന്ധങ്ങൾക്ക് കാരണമായി വർത്തിച്ച ഒന്നായിരുന്നു മുസ്‌ലിം കുരുമുളക് ശൃംഖല(Muslim Pepper Network)കൾ. മതപരമായ കൈമാറ്റങ്ങൾ (പ്രത്യേകിച്ചും വൈജ്ഞാനികവും സാംസ്കാരികവും) പ്രധാനമായും വാണിജ്യത്തിലൂടെയാണ് കടന്നുവന്നത്. മറ്റു രാഷ്ട്രങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് ഇസ്‌ലാമിന്റെ സന്ദേശവുമായി എത്തിയ പണ്ഡിതന്മാരും സൂഫിവര്യരും സഞ്ചരിച്ചിരുന്നത് വാണിജ്യ കപ്പലുകളിൽ ആയിരുന്നു എന്നതിനാൽ ഇവർക്ക് വാണിജ്യവുമായും നല്ല ബന്ധം ഉണ്ടായിരുന്നു. അവരിൽ പലരും വ്യാപാരത്തിൽ പങ്കാളികളാവുകയും ചെയ്തിരുന്നു. അതുവഴി വാണിജ്യം ഇസ്‌ലാമിന്റെ അധ്യാപനത്തെ സഹായിക്കുകയും വാണിജ്യം സംഘടിപ്പിക്കുന്നതിൽ ഇസ്‌ലാം പങ്കുവഹിക്കുകയും ചെയ്തു. മുസ്‌ലിം നേതൃത്വം മുസ്‌ലിം വ്യാപാര സമൂഹങ്ങൾക്ക് അവശ്യ സേവനങ്ങളും നിർദ്ദേശങ്ങളും നൽകുകയും മത പ്രവർത്തനങ്ങളെയും അതിന്റെ ശൃംഖലകളെയും ദീർഘകാലം സഹായിക്കുകയും ചെയ്തു. ഈയൊരു ബന്ധത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് മതപണ്ഡിതന്മാരുടെയും
അവരുടെ ഗ്രന്ഥങ്ങളുടെയും സഞ്ചാരവും വ്യാപനവുമാണ്.
മധ്യകാല ഇസ്‌ലാമിക ലോകത്തുടനീളം അറിവിന്റെ പ്രസരണം തീർത്തും ഒരു വ്യക്തിഗതമായ സമ്പ്രദായമായിരുന്നു. പണ്ഡിതന്മാരുടെ യോഗ്യതയും അന്തസ്സും അവർ എവിടെ പഠിച്ചു എന്നതിലുപരി ആരുടെ സാന്നിധ്യത്തിലായിരുന്നു പഠിച്ചത് എന്നതിൻറെ അടിസ്ഥാനത്തിലായിരുന്നു ഗണിക്കപ്പെട്ടിരുന്നത്. അക്കാലത്ത് ലിഖിത ഗ്രന്ഥങ്ങളെക്കാൾ വാമൊഴിയിലൂടെയായിരുന്നു വൈജ്ഞാനിക കൈമാറ്റങ്ങൾ നടന്നിരുന്നത്. ഗ്രന്ഥങ്ങൾ പകർത്തിയ എഴുതപ്പെട്ടിരുന്നുവെങ്കിലും വാമൊഴിക്ക് തന്നെയായിരുന്നു പ്രാധാന്യം. പുസ്തകങ്ങളെ മാത്രം ആധാരമാക്കിയുള്ള സ്വകാര്യ പഠനത്തെക്കാളേറെ ഗുരുവും ശിഷ്യരും അടങ്ങുന്ന ഒരു വൃത്തമായിരുന്നു ഇസ്‌ലാമിക ജ്ഞാന കൈമാറ്റത്തിനെ പ്രധാന മുഖം.
ഇങ്ങനെ നേരിട്ടുള്ള വ്യക്തിഗതമായ അറിവിൻറെ പ്രസരണ രീതിയുടെ ഫലമായി പണ്ഡിതർക്ക് പല യാത്രകളും ചെയ്യേണ്ടി വന്നിട്ടുണ്ട്. അതേസമയം വ്യത്യസ്ത പണ്ഡിതന്മാരുമായിട്ടുള്ള
സംഗമങ്ങൾ കൊണ്ട് വിദ്യാർഥികൾക്ക് വൈവിധ്യമായ അനുഭവങ്ങളുടെയും അഭിപ്രായങ്ങളുടെയും വ്യാഖ്യാനങ്ങളുടെയും സഞ്ചരിക്കുന്ന (Peripatetic) സ്രോതസ്സായി മാറാൻ ഇത്തരം യാത്രകൾ സഹായിക്കുകയും ചെയ്തു.
“വിദ്യ തേടി പുറപ്പെടുന്നവൻ തിരികെ വരുന്നത് വരെ അല്ലാഹുവിന്റെ കാവലിലാണ്” എന്ന തിരുവചനം യാത്രകളെ വിശിഷ്ടമാക്കുകയും ചെയ്തു. ഇന്ത്യൻ മഹാ സമുദ്രത്തിലൂടെയുള്ള പണ്ഡിതന്മാരുടെ സഞ്ചാരങ്ങളിലൂടെയായിരുന്നു മൺസൂൺ ഇസ്‌ലാമിന്റെ നൈയാമികവും സ്ഥാപനപരവുമായ വികാസം ഉണ്ടാകുന്നത്.
വേദപ്രമാണങ്ങൾക്ക് അനുസൃതമായിട്ടുള്ള മറ്റേത് മതങ്ങളെയും പോലെ, ഇസ്‌ലാമിനെ സ്ഥാപിക്കാനും പരിപാലിക്കാനും നിലനിർത്താനും പ്രചരിപ്പിക്കാനും കൈമാറ്റം ചെയ്യുവാനും ദൃഢമായ കേന്ദ്രങ്ങൾ ആവശ്യമാണെന്ന് ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരപ്രദേശങ്ങളിലെ ഇസ്‌ലാമൈസേഷനെ കുറിച്ചുള്ള സർവെയിൽ ജാൻ ഹീസ്റ്റർമാൻ പ്രതിപാദിക്കുന്നത് കാണാം.
നേരേമറിച്ച്, ഇസ്‌ലാമിക പഠനത്തിന്റെ പാരമ്പര്യ പഠന കേന്ദ്രങ്ങളായ മക്ക, കയ്‌റോ, ഡെൽഹി, സമർഖന്ദ് തുടങ്ങിയ നാടുകളിലേക്ക് ശ്രദ്ധ തിരിച്ചാൽ ഇന്ത്യൻ മഹാസമുദ്രത്തിലൂടെ സഞ്ചരിച്ച മുസ്‌ലിം പണ്ഡിതരുടെയും സൂഫി വര്യരുടെയും ചരിത്രങ്ങൾ അധികമൊന്നും രേഖപ്പെടുത്താതെ അജ്ഞമായി കിടക്കുന്നത് കാണാനാകും. ഒരുപാട് സന്ദർഭങ്ങളിൽ ഈ പണ്ഡിതരുടെ സഞ്ചാരപഥങ്ങൾ അറിവുകളുടെയും ആധികാരികതയുടെയും പാരമ്പര്യ തലങ്ങളുമായി കണ്ടുമുട്ടാറുണ്ട്. എന്നാൽ അവരുടെ പഠനങ്ങളും അധ്യാപനങ്ങളും ഗുരുശിഷ്യരും കൂറും കൂട്ടുമെല്ലാം നിർവചിച്ചത് വിശാലമായ ഈ ലോകവും അതിന്റെ അവസരങ്ങളും വെല്ലുവിളികളുമാണ്. ഇക്കാരണത്താൽ അവരുടെ യാത്രാ വിവരണങ്ങളിലും മറ്റ് ശൃംഖലകളിലും ഊന്നൽ നൽകുന്നതിലൂടെ മൺസൂൺ ഏഷ്യയിൽ ഇസ്‌ലാമിന്റെ നിലനിൽപ്പ്, വികാസം, കൈമാറ്റം, പ്രബോധനം എന്നിവയെ കുറിച്ചുള്ള ബദൽ ചരിത്രം വെളിപ്പെടുത്താൻ കഴിയും.
പതിനാറാം നൂറ്റാണ്ട് വരെ മലബാരി പണ്ഡിതർ പ്രത്യേകം അറബ് സ്വത്വം നിലനിർത്തിയിരുന്നുവെന്ന് ഇതിനകം മനസിലാക്കാം. അവരുടെ സമുദ്രാന്തരീയ ബന്ധങ്ങൾ വംശാവലിക്ക് അതീതമായി വളരുകയും തലമുറകളായി പരിപാലിക്കപെടുകയും ചെയ്തു. മക്കയിലേക്കു ഹജ്ജിനായുള്ള തീർത്ഥാടന യാത്രകൾ ഇത്തരം പണ്ഡിതരുടെ ബന്ധങ്ങളെ നിലനിർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. ചേരമാൻ പെരുമാൾ ഇസ്‌ലാമിനെ കുറിച്ച് പഠിച്ചത് ഒരു കൂട്ടം ഹജ്ജ് തീർത്ഥാടകരിൽ നിന്നാണെന്നും തുടർന്ന് മദീനയിലേക്ക് നബി ﷺ യെ കാണാനായി സ്വന്തമായി ഒരു സംഘത്തെ ഒരുക്കിയതായും ചരിത്രത്തിൽ കാണാം.
കഴിവുള്ള മുസ്‌ലിമിന്റെ മേൽ നിർബന്ധമായ ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നായ ആരാധനാ കർമമാണ് ഹജ്ജ്. ഇസ്‌ലാമിന്റെ ആരംഭം മുതലേ (വാസ്തവത്തിൽ അതിന് മുന്നെ) വാണിജ്യങ്ങളും വ്യാപാരങ്ങളുമായി ഹജ്ജ് ബന്ധപ്പെട്ട് കിടക്കുന്നു. ഹജ്ജ് വ ഹാജ (ഹജ്ജും കച്ചവടവും) എന്ന അറബി പഴമൊഴി ഇതിനുള്ള തെളിവാണ്. എല്ലാ വർഷവും ഹജ്ജിൻറ്റെ സമയത്ത് മക്ക ഒരു അന്താരാഷ്ട്ര വാണിജ്യ കേന്ദമായി മാറുന്നു. കാര്യമായി ചുങ്കം അടച്ചു കൊണ്ട് തന്നെ വലിയ ചരക്കുകൾ വഹിച്ച് കൊണ്ട് കപ്പലുകളുമായി ദക്ഷിണ ഏഷ്യയിൽ നിന്ന് സമുദ്രം വഴി വരുന്ന തീർത്ഥാടകരായിരുന്നു അതിൽ പ്രധാനം. ഒരു ആത്മീയ ഉൾവിളി പോലെ തന്നെ ഒരു വ്യാപാര അവസരം കൂടി ആയിരുന്നു പലർക്കും ഹജ്ജ്.
കടൽ മുഖേന ഉള്ള പ്രയാണങ്ങൾ അധികവും മുസ്‌ലിങ്ങളുടെ ഉടമസ്ഥതയിലുള്ള കപ്പലുകളിൽ പ്രത്യേകമായി തയ്യാറാക്കിയ കച്ചവട റൂട്ടുകളിലൂടെയായിരുന്നു. സമുദ്ര വ്യാപാര ശൃംഖലയിൽ മലബാർ ഒരു കേന്ദ്ര ബിന്ദു ആയതിനാൽ ബംഗാൾ ഉൾക്കടൽ, തെക്കു കിഴക്കൻ ഏഷ്യ, ചൈന, തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള മുസ്‌ലിങ്ങൾ അടക്കമുള്ളവരുടെ തീർത്ഥാടന ഗതാഗതങ്ങൾക്ക് മലബാർ ഒരു മുഖ്യ ഘടകം കൂടി ആയിരുന്നു. അതു കൊണ്ട് തന്നെ സമുദ്രം വഴി ഹജ്ജിനു പോയിരുന്ന ഗുരുക്കന്മാരോടും സമകാലികരായ മറ്റു പണ്ഡിതന്മാരോടും മലബാർ തീരത്തെ മുസ്‌ലിം പണ്ഡിതർ ബന്ധം നിലനിർത്തിയിരുന്നു. നേരിട്ടുള്ള ഇടപെടലിലൂടെയോ സഹായികൾ മുഖേനയോ അറിവുകൾ കൈമാറ്റം ചെയ്യപ്പെടുകയും ഗ്രന്ഥങ്ങൾ പ്രചരിപ്പിക്കപ്പെടുകയും ചെയ്തു.
പണ്ഡിതന്മാരെ സംബന്ധിച്ചിടത്തോളം ഹജ്ജ് എന്ന കർമ്മം ആത്മീയ സംഗമത്തോടൊപ്പം ഹിജാസ്, ഈജിപ്ത് എന്നീ ഇസ്‌ലാമിക വൈജ്ഞാനിക കേന്ദ്രങ്ങളിൽ വിദ്യ അഭ്യസിക്കാനുള്ള ഒരു അവസരം കൂടിയായിരുന്നു. ശൈഖ് സൈനുദ്ദീന്റെ പിതാമഹൻ ആയ സൈനുൽ ആബിദീൻ അലി അറേബ്യയിലും ഈജിപ്തിലും ഇസ്‌ലാമിക പഠനത്തിനായി പോയതായി കാണാം. അതുപോലെ പൗത്രൻ മക്കയിൽ പ്രസിദ്ധ ശാഫീ പണ്ഡിതനായ ഇബ്നു ഹജറുൽ ഹൈതമിയുടെ കീഴിൽ പഠിച്ചതായും കാണാം. ശാഫീ മദ്ഹബിലെ അഗ്രഗണ്യനും ഫിഖ്ഹിലെ തന്നെ പ്രമുഖ ഗ്രന്ഥമായ തുഹ്ഫയുടെ രചയിതാവുമായ ഇബ്നു ഹജർ 1567 ൽ മരണപ്പെടുന്നത് വരെ മക്കയിലായിരുന്നു ജീവിച്ചിരുന്നത്. ശൈഖ് സൈനുദ്ദീൻ തന്റെ ഹജ്ജ് വേളയിൽ ശൈഖ് ഇബ്നു ഹജറിനെ സന്ദർശിക്കുകയും അവരുടെ ദർസിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് മുസ്‌ലിം പണ്ഡിത വൃത്തങ്ങൾ രേഖപ്പെടുത്തുന്നുണ്ട്.
വളരെ ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ ഇബ്നു ഹജറിൻറ്റെ അസംഖ്യം ഗ്രന്ഥങ്ങളുടെ പകർപ്പുകൾ എഴുതപ്പെടുകയും വിദൂര ദേശങ്ങളിലേക്ക് വ്യാപിക്കപ്പെടുകയുമുണ്ടായി. ഇന്ത്യയിലെ അദ്ദേഹത്തിൻറ്റെ സ്വാധീനം മനസ്സിലാകാൻ 1604 ൽ ഗുജറാത്തിൽ രചിക്കപെട്ട അറബി ഗ്രന്ഥം തന്നെ ധാരാളമാണ്. അതിൽ ലോകത്തിൻറ്റെ പല കോണുകളിൽ നിന്നുള്ള പണ്ഡിതർ അദ്ദേഹത്തോടൊപ്പം മക്കയിലേക്കു പഠനാവശ്യത്തിനായി പോയതായി പരാമർശിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ രചനകൾ മലബാറിലേക്ക് എത്തുന്നത് യമനിലൂടെയുള്ള സമുദ്ര വ്യപാരം വഴിയാണ്. യമനിൽ വളരെ ജനകീയവും കർമശാസ്ത്ര പരമായി വളരെ പ്രസിദ്ധിയാർജിച്ചതുമായ ഗ്രന്ഥമാണ് ഇബ്നു ഹജറിന്റെ തുഹ്ഫ. ശൈഖ് സൈനുദ്ദീൻ രചിച്ച ഫത്തഹുൽ മുഈനിന്റെ രചനയിലും തുഹ്ഫയുടെ ആഴത്തിലുള്ള സ്വാധീനമുണ്ട്.
ഇബ്നു ഹജറിന്റെ ഫത്‌വാ (കർമ്മ ശാസ്ത്ര പരമായ ചോദ്യങ്ങൾക്ക് മറുപടിയായി പറയുകയോ എഴുതപ്പെടുകയോ ചെയ്യുന്നത്) സമാഹരത്തിൽ മലബാറിൽ നിന്ന് അയച്ച ചോദ്യമാണ് ഇതെന്ന് വ്യക്തമായി പരാമർശിക്കുന്നുണ്ട്. അറബി ഭാഷയുടെ അപര്യാപ്തത കാരണം ത്വലാഖിൻറ്റെ വാക്യം അവ്യക്തമായി ഉച്ചരിച്ചാൽ വിവാഹ മോചനം സ്വീകാര്യമാകുമോ എന്നതാണ് ശ്രദ്ധേയമായ ആ ചോദ്യം.അറേബ്യേതര സന്ദർഭങ്ങളിൽ പ്രത്യേകമാക്കപ്പെട്ട നിയമ ഗ്രന്ഥങ്ങളിലൊന്നും ഇത്തരത്തിലുള്ള അഭിസംബോധനം ഇല്ലാത്തതിനാൽ ഒരു മലബാരി ഖാളിയെ ഇത് ആശയ കുഴപ്പത്തിലേക്ക് എത്തിച്ചുവെന്ന് വ്യക്തമാണ്.
തൻറ്റെ മുൻ ഗുരുവിൽ നിന്ന് ഈ വിഷയത്തിൽ ആധികാരികമായ ഒരു വിധി ലഭിക്കാനായി ശൈഖ് സൈനുദ്ധീൻ ആണ് ഈ ചോദ്യം അവിടേക്ക് അയച്ചത് എന്നാണ് ഊഹിക്കപ്പെടുന്നത്. പക്ഷേ സങ്കടകരമെന്ന് പറയട്ടെ, ഈ അനുമാനത്തിന് ചരിത്രപരമായ തെളിവുകൾ നമുക്ക് ലഭിച്ചിട്ടില്ല.
ഇസ്‌ലാമിക വൈജ്ഞാനിക കേന്ദ്രങ്ങളെക്കുറിച്ചുള്ള പഠനങ്ങളിൽ, ഹജ്ജിനപ്പുറം മക്കയെ ചുറ്റിപ്പറ്റിയുളള വൈജ്ഞാനിക കൈമാറ്റങ്ങളെയും മുസ്‌ലിം പണ്ഡിതന്മാരുടെ യാത്രകൾക്കും ആശയ വിനിമയങ്ങൾക്കും ഊന്നൽ നൽകിയിരുന്നില്ല.
ദാറുൽ ഇസ്‌ലാമിന്റെ പുറത്തുള്ള മുസ്‌ലിം സമൂഹത്തിന് ശരീഅത്തിനെ മനസ്സിലാക്കിക്കൊടുക്കാനും പ്രാദേശികവൽകരിക്കാനും ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ ഫത്ഹുൽ മുഈന് സാധിച്ചിരുന്നു. സമാനമായ നിയമ പ്രശ്നങ്ങളോ സമൂഹിക അവ്യക്തതയോ നേരിടുമ്പോൾ ഇന്ത്യൻ മഹാസമുദ്രത്തിന്റെ വ്യാപാര മേഖലയിലെ മറ്റ് ദേശങ്ങളിലുള്ള മുസ്‌ലിങ്ങളും പരിഹാരം കാണാനായി ഫത്ഹുൽ മുഈൻ അവലംബിക്കാൻ തുടങ്ങി. തെക്കു കിഴക്കൻ ഏഷ്യയിലെ മുസ്‌ലിം സമൂഹങ്ങൾക്കിടയിൽ ഈ ഗ്രന്ഥം വളരെ അധികം സ്വാധീനം ചെലുത്തിയത് മലബാറും ആ പ്രദേശവും തമ്മിലുള്ള മതപരവും സാംസ്കാരികപരവുമായ സമാന സാഹചര്യങ്ങൾക്കും വ്യാപാര ബന്ധങ്ങൾക്കുമുള്ള തെളിവാണ് എന്നതിലുപരി മഖ്ദൂമിനെ ഒരു ആധികാരിക പണ്ഡിതനായി ഗണിക്കപ്പെടാൻ കാരണമാവുകയും ചെയ്തു.
‘ഒരു ഹൈന്ദവ സ്ത്രീയോട് ഒരു മുസ്‌ലിം സലാം മടക്കേണ്ടതുണ്ടോ? ത്വലാഖിന്റെ വചനം അവ്യക്തമായി ഉച്ചരിച്ചാൽ വിവാഹ മോചനം സ്വീകാര്യമാകുമോ’ തുടങ്ങി ആശയ കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന ചോദ്യങ്ങൾ മാത്രമായിരുന്നില്ല, മതപരമായ അധികാരാശയങ്ങളും കടൽ കടന്ന് സഞ്ചരിച്ചിരുന്നു. മലബാർ തീരങ്ങളിൽ സജീവമായിരുന്ന മത വിദഗ്ദരെ നോക്കിയാൽ അവരുടെ ഭൂശാസ്ത്രപരമായ ഉറവിടം എത്ര വൈവിധ്യം ആയിരുന്നുവെന്നത് ശ്രദ്ധേയമാണ്. (ഏറ്റവും കുറഞ്ഞത് അവരുടെ സംസർഗങ്ങളും). അത്തരം വിശദാംശങ്ങൾ രേഖപ്പെടുത്തുന്നതിൽ തികച്ചും അർപ്പിതനും തല്പരനും ആയിരുന്ന ഇബ്നു ബത്തൂത്ത അദ്ദേഹത്തിൻറ്റെ രചനകളിൽ മലബാരി ഉലമാക്കളുടെ പാശ്ചാത്തലം വ്യാപകമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്; മാടായിൽ വെച്ച് തന്റെ യാത്രകളിൽ മുന്നേ സന്ദർശിച്ചിരുന്ന പ്രദേശമായ മൊഗാദിഷുവിൽ നിന്നുള്ള ഒരു മത പണ്ഡിതനെ കണ്ടുമുട്ടി. ഈസ്റ്റ് ആഫ്രിക്കൻ തീരത്തെ ഒരു പ്രമുഖ സുൽത്താനേറ്റിന്റെ തലസ്ഥാനവും ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു സമ്പന്ന വ്യാപാര തുറമുഖവും ആയിരുന്നു മൊഗാദിഷു. ജന്മനാട്ടിൽ നിന്ന് പോയതിന് ശേഷം ഈ ഭക്തനായ കർമ്മശാസ്ത്ര പണ്ഡിതൻ ഏകദേശം മൂന്ന് പതിറ്റാണ്ട് മക്കയിലും മദീനയിലും പഠനത്തിനായി ചെലവഴിച്ചതായും മലബാറിൽ സ്ഥിര താമസമാക്കുന്നതിന് മുമ്പ് ചൈന വരെ സഞ്ചരിച്ചതായും പറയപ്പെടുന്നു. മലബാർ തീരത്ത് താമസമാക്കിയ മറ്റൊരു മുസ്‌ലിം പണ്ഡിതനാണ് മൺസൂൺ ഇസ്‌ലാമിന്റെ മറുവശത്തെ പ്രതിനിധീകരിക്കുന്നത്.
കോഴിക്കോടിന്റെ തെക്ക് ഭാഗത്ത് ചാലിയത്ത് സ്ഥിതി ചെയ്യുന്ന ഒരു പള്ളിയുടെ വഖ്ഫ് രേഖയിൽ പ്രാദേശിക പള്ളിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ അതിരുകളെ നിർവ്വചിക്കുന്നത് ഇപ്രകാരമാണ്: ‘ഫഖീഹ് അഹ്‌മദ് ബ്നനു ഉമർ അൽ സൈത്തൂനിയുടെ വീട് വരെ’. ഇസ്‌ലാമിക കർമ്മശാസ്ത്രത്തിൽ ആഴത്തിലുള്ള അവഗാഹം നേടിയ പണ്ഡിതനെയാണ് ഫഖീഹ് എന്ന് പറയുന്നത്.
അതേസമയം, ഈ വീട്ടുടമസ്ഥന്റെ നിസ്ബ (പേരിന്റെ അവസാനമുള്ളത്/ വ്യക്തിയുടെ പേരിനോടു കൂടി ചേർത്തി പറയുന്നത്) ആയ ‘സൈതൂനി’ എന്ന പേര് സൂചിപ്പിക്കുന്നത് ചൈനീസ് തുറമുഖ പട്ടണമായ ഗ്യാങ്ഷൂ (അറബിയിൽ സൈത്തൂൻ എന്നാണ് ഈ നാട് അറിയപ്പെടുന്നത്) എന്ന നാടുമായുള്ള അദ്ദേഹത്തിന്റെ ജന്മപരമായോ മറ്റോ ഉള്ള അദ്ദേഹത്തിന്റെ ബന്ധമാണ്. അക്കാലത്തെ മുസ്‌ലിം കുരുമുളക് വ്യാപാര ശൃംഖലയുടെ കിഴക്കേ അറ്റം കൂടി ആയിരുന്നു ഗ്യാങ്ഷൂ പട്ടണം. പള്ളിയോട് ചേർന് സ്ഥിതി ചെയ്തിരുന്ന ഈ വീട് അക്ഷരാർത്ഥത്തിൽ മലബാർ ഇസ്‌ലാമിന്റെ ഒരു അതിരടയാളം തന്നെയാവുകയും അവിടെ വസിച്ചിരുന്ന ഈ ഫഖീഹ് ചാലിയത്തെ മുസ്‌ലിം സമുദായത്തിന്റെ ഒരു നിയമ വിദഗ്ധനായി സേവനം അനുഷ്ഠിക്കുകയും ചെയ്തു.
നേരത്തെ സൂചിപ്പിച്ചത് പോലെ നിസ്ബകളെ ജാഗ്രതയോടെ തെളിവുകളായി ഉപയോഗിക്കേണ്ടതുണ്ട്. മലബാർ മുസ്‌ലിം പണ്ഡിതരുടെ സാർവ്വലൗകിക സംവിധാനത്തെയും സമുദ്രാന്തരീയ ബന്ധങ്ങളെയും മനസ്സിലാക്കാനുതകുന്ന സൂചനകളായി അവ ഉപകാരപ്പെട്ടേക്കും. മതപരമായ ആധികാരികത അറേബ്യൻ സ്വത്വത്തിൽ മാത്രമല്ല ഉണ്ടായിരുന്നത് മറിച്ച് യോഗ്യതകളിലും അംഗീകാരങ്ങളിലും യാത്രകളിലൂടെയും മറ്റും നേടിയെടുത്ത അനുഭവങ്ങളിലും അത് രൂഢമൂലമായിരുന്നു.
*സെബാസ്റ്റ്യൻ ആർ. പ്രാംഗ് എഴുതിയ Monsoon Islam: Trade and Faith on the Medieval Malabar Coast (Cambridge University press- 2018) എന്ന പുസ്തകത്തിൽ നിന്നുള്ള ഒരു അദ്ധ്യായത്തിന്റെ സ്വതന്ത്ര വിവർത്തനം.
വിവർത്തനം: സാറാ. എം. എൽ. വർക്കല
historian and academic, known for his studies on the medieval Indian Ocean world. He is best known as the author of Monsoon Islam: Trade and Faith on the Medieval Malabar Coast. Prange studied at Goldsmiths and London School of Economics, University of London.
