നീതി നിഷേധത്തെ കുറിച്ച് മാത്രം സംസാരിക്കുന്ന സമുദായം

സമകാലിക ലോകത്തെ മുസ്‌ലിംകള്‍ അവരുടെ സര്‍വ്വ കാര്യങ്ങള്‍ക്കും മീതെ നീതി എന്ന ആശയത്തെ പ്രതിഷ്ഠിക്കുന്ന ഒരു വിഭാഗമായി മാറിയിരിക്കുകയാണ്. വളരെ സങ്കടകരമായ പ്രവണതയാണിത്. ‘നീതിയില്ല- സമാധാനമില്ല’ എന്ന സങ്കല്‍പമാണ് നമ്മുടെ പ്രവര്‍ത്തിയെയും ചിന്തയെയും എപ്പോഴും ഭരിച്ചു കൊണ്ടിരിക്കുന്നത്. ഈ മാനസികാവസ്ഥയുടെ സ്വാധീനം വളരെ വലുതും വിദൂര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമാണ്. ഇതുവഴി, നമ്മുടെ അവകാശങ്ങള്‍ക്ക് വേണ്ടി മാത്രം പൊരുതുന്ന ഒരു വിഭാഗമായാണ് നാം ലോകത്തിന് മുമ്പില്‍ ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. അതായത്, നമ്മെ അടിച്ചമര്‍ത്തുകയും നമ്മുടെ ജീവിത വഴിയെ വെല്ലുവിളിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നിരന്തരം നീതിക്ക് വേണ്ടി ശബ്ദിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗമായാണ് നാം പൊതുമണ്ഡലത്തില്‍ ദൃശ്യമാവുന്നത്.

നമ്മെ ഉപദ്രവിച്ചുകൊണ്ടിരിക്കുന്നവര്‍ക്കു മുന്നില്‍ നാം അറിയപ്പെടേണ്ടതും നമ്മെ അവര്‍ അറിയേണ്ടതും ഇങ്ങനെയാണോ? ഇതാണോ മാനവ സമൂഹത്തിന് മുസ്‌ലിംകള്‍ സംഭാവന ചെയ്യേണ്ടത്? നമ്മുടെ നീതി മുദ്രാവാക്യങ്ങള്‍ പോലും സര്‍വ്വര്‍ക്കുമുള്ള നീതി എന്നതിനേക്കാള്‍, നമ്മുടെ മാത്രം നീതി എന്നതിലേക്ക് ചുരുങ്ങുക കൂടി ചെയ്യുമ്പോള്‍ സംഭവിക്കുന്നതെന്താണ്? തുടങ്ങിയ ചോദ്യങ്ങളിലേക്ക് നാം തിരിച്ചുവരേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്.

ജീവിത വിശുദ്ധി, ആത്മസംസ്‌കരണം, കരുണ, വ്യക്തി ജീവിതത്തിലെ പെരുമാറ്റം, സാമൂഹ്യ ഇടപെടലുകളിലെ ആകര്‍ഷണീയത എന്നിവയില്‍ കേന്ദ്രീകരിച്ചിരുന്ന നമ്മുടെ സമുദായമിപ്പോള്‍ ഈ നീതി സങ്കല്‍പത്തിന്റെ വക്താക്കളായി മാറുകയും നമ്മുടെ കുട്ടികളില്‍ പോലും ഈ ആശയത്തെ കുത്തിവെക്കുകയും ചെയ്തു തുടങ്ങിയിരിക്കുന്നു. ഒരു അന്തര്‍ദേശീയ സര്‍വെ പറയുന്നത്, മുസ്‌ലിം കുട്ടികളില്‍ മറ്റു സമൂഹങ്ങളേക്കാള്‍ കരുണ കുറവായും, എന്നാല്‍ നീതിബോധം കൂടുതലായും കാണപ്പെടുന്നു എന്നാണ്. അതായത് മറ്റുള്ളവന്റെ കര്‍മങ്ങളെ മോശമെന്ന് വിധി എഴുതാനും തിന്മകളുടെ പേരില്‍ അവന്‍ ശിക്ഷിക്കപ്പെടണമെന്നുമുള്ള ആവശ്യം ഉന്നയിക്കാനും നാം മുന്‍പന്തിയില്‍ ആണെന്ന്.

അല്‍പം മുമ്പ് ഒരു മുസ്‌ലിം പ്രൈമറി സ്‌കൂള്‍ സന്ദര്‍ശന സമയത്ത്, കുറച്ചു വിദ്യാര്‍ഥികളുമായി സംവദിച്ചിരുന്നു. ജീവിതം കൊണ്ട് എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുള്ളവര്‍ അവരില്‍ വളരെ കുറവാണ് എന്നാണ് അവരുമായുള്ള ഇടപെടലില്‍ എനിക്ക് അനുഭവപ്പെട്ടത്. അവരില്‍ തന്നെ മതവുമായി ബന്ധിതമായ ലക്ഷ്യമുള്ളവര്‍ വളരെ ന്യൂനപക്ഷമായിരുന്നു. മതവുമായി ബന്ധിതമായ ലക്ഷ്യമുള്ളവര്‍ പക്ഷേ, ഇസ്‌ലാമിന്റെ ഇമേജിനെ സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരായിരുന്നു. ഇതാണ് നാം നിലവില്‍ നമ്മുടെ മക്കള്‍ക്ക് പകര്‍ന്ന് നല്‍കിക്കൊണ്ടിരിക്കുന്നത്. അഥവാ, ‘തങ്ങളുടെ അവകാശം’ എന്ന ചിന്ത, എല്ലാ മുസ്‌ലിംകളുടെയും അവകാശങ്ങള്‍ ഹനിക്കപ്പെടുകയാണെന്നും നാം വലിയ പ്രതിസന്ധിയിലാണെന്നുമുള്ള ചിന്ത. അതുകൊണ്ട് തന്നെ കുട്ടികളുടെ കൂട്ടത്തില്‍ അല്‍പം ബോധമുള്ളവര്‍, ഇസ്‌ലാം എങ്ങനെയാണ് അക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും എങ്ങനെയാണ് നാം അതിനെ പ്രതിരോധിക്കേണ്ടതെന്നുമുള്ള ചിന്തയിലേക്കാണ് കേന്ദ്രീകരിക്കപ്പെടുക. അല്ലാതെ ഇസ്‌ലാം നാം ജീവിക്കേണ്ട (ജീവിക്കുന്ന) യാഥാര്‍ത്ഥ്യമാണ് എന്ന ബോധത്തിലേക്കല്ല.

ഇസ്‌ലാമിലായി ജീവിക്കുകയാണ് വേണ്ടത്. അതിന്റെ ഫലങ്ങളാവണം നമ്മില്‍ പ്രകടമാകേണ്ടത്. സത്യത്തിന്റെ, സൗന്ദര്യത്തിന്റെ, വിശ്വസ്തതയുടെ, സമത്വത്തിന്റെ, കരുണയുടെ, ഒപ്പം നീതിയുടെയും മനോഹരമായ പഴങ്ങഴും ഫലങ്ങളും ലോകത്തിന് അനുഭവിക്കാനാവുന്നതിലൂടെയാവണം ഇസ്‌ലാമിന്റെ ദൃശ്യത നിലനില്‍ക്കേണ്ടത്. യഥാര്‍ത്ഥ മര്‍ദ്ദിതന്‍ താന്‍ മര്‍ദ്ദിതനാണ്, അടിച്ചമര്‍ത്തപ്പെട്ടവനാണ് എന്ന് സ്വന്ത(നഫ്സ്)ത്തെ വിശ്വസിക്കാന്‍ അനുവദിക്കുന്നവനാണ്. അവന്റെ ചുറ്റുപാടുകള്‍ക്കു മുകളില്‍ മറ്റു മനുഷ്യര്‍ക്കാണ് സര്‍വ്വാധികാരം എന്നും അവനു നല്‍കപ്പെടേണ്ട നീതിയുള്ളത് അവരുടെ കൈയിലാണ് എന്നും വിശ്വസിക്കുകയാണവന്‍. അത്തരം മനുഷ്യര്‍ ചുമരിലെറിയപ്പെട്ട പന്തുപോലെയാണ്. അത് പ്രതികരിച്ചു കൊണ്ടിരിക്കും. ചുമരില്‍ നിന്ന് അത് തിരിച്ചുതെറിക്കും. ഇത്തരം പ്രതികരണങ്ങള്‍ കേവലം തൊലിപ്പുറത്തു നിന്നുള്ളവയാണ്. നിരന്തരം എറിയപ്പെടുകയും, ഏറിനോട് അതേ നാണയത്തില്‍ പ്രതികരിക്കാന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ട് പതിയെ പതിയെ അതു പൊട്ടിപ്പോകും. പ്രതികരിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരല്ല. അവനെ അക്രമിക്കുന്നവന്റെ തന്നെ പ്രവൃത്തിയുടെ ഭാഗമാണ് അപ്പോള്‍ അവന്റെ പ്രതികരണം. അതായത്, ഒരര്‍ത്ഥത്തില്‍ അവന്‍ അക്രമിയുടെ തടവില്‍, അക്രമി ആഗ്രഹിക്കുന്ന വിധം പ്രതികരിക്കുകയും ചെയ്യുന്ന ചുമരിലെറിയപ്പെടുന്ന പന്ത് പോലെയാണ്.

കടുത്ത പീഡനത്തിലും തടവിലുമായിരുന്ന മക്കയിലെ മുസ്‌ലിംകളെ സ്വതന്ത്രമാക്കിയതെന്താണ്? അവരെ തടവിലാക്കിയ മനുഷ്യര്‍ക്ക് യഥാര്‍ത്ഥ അധികാരവും ശക്തിയും എന്തെന്ന് തിരിച്ചറിയുമായിരുന്നില്ല. ഒരു അടിമയായിരിക്കുമ്പോഴും ബിലാല്‍ (റ) സ്വതന്ത്രനായിരുന്നു. കാരണം, അല്ലാഹുവിന് മാത്രമാണ് തന്റെ മേല്‍ യഥാര്‍ത്ഥ അധികാരമെന്നും അവനാണ് തന്റെ ജീവിതത്തെ നിയന്ത്രിക്കുന്നത് എന്നുമുള്ള തിരിച്ചറിവ്. ഒരു വര്‍ഗമായി നിന്ന് നമ്മോടു മറ്റുള്ളവര്‍ ചെയ്യുന്ന തിന്മ എന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു ആ ബാധയെ തലയിലേറ്റി നടന്നാല്‍ നാം എങ്ങും എത്താന്‍ പോകുന്നില്ല. മാത്രമല്ല, അത് നമ്മുടെ എല്ലാ ഊര്‍ജ്ജവും ചോര്‍ത്തിക്കളയുകയുമാണ്. ഇന്ന് പോലും എനിക്ക് ഒരു സഹോദരി എഴുതി; ചുറ്റും നടക്കുന്ന ഭയാനകമായ കാര്യങ്ങള്‍ നമ്മെ ദുര്‍ബലമാക്കി മാറ്റുകയാണ്. ഇത് തീര്‍ത്തും സത്യമാണ്. നമ്മള്‍ ചുറ്റുപാടുകളിലെ ഈ ഭയപ്പെടുത്തുന്ന തരം വാര്‍ത്തകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. അതില്‍ ഒട്ടിപ്പിടിച്ചു തുടങ്ങുമ്പോള്‍ നാം നമ്മെ തന്നെ ബലഹീനരാക്കി മാറ്റുകയാണ്. നമ്മിലെ നല്ല കഴിവും പ്രാപ്തിയുമുള്ളവര്‍ ഇതിലേക്ക് തിരിയുന്നതോടെ നമ്മള്‍ ശത്രുവിന് മുന്നില്‍ തല വെച്ചു കൊടുക്കുന്നത് പോലെയാണ്. ശേഷം അല്ലാഹുവിനെ അന്വേഷിക്കാനോ, നമ്മുടെ തന്നെ വ്യക്തി വിശുദ്ധിയുടെയും റബ്ബുമായുള്ള ബന്ധത്തിന്റെയും ഒരു ആത്മപരിശോധനക്കോ നമുക്ക് സമയമില്ലാതായി മാറുന്നു. മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഇന്ന് കൂടുതല്‍ വിശുദ്ധി കൈവരിച്ചോ, അതോ വിശുദ്ധി നഷ്ടപ്പെടുത്തിയോ എന്ന ചോദ്യത്തില്‍ നിന്ന് നാം അകന്നുപോകുന്നു. ലോകത്ത് നടക്കുന്ന കാര്യങ്ങളില്‍ ഒട്ടിപ്പിടിക്കുന്നതിലൂടെ നമ്മുടെ മുമ്പിലുള്ള ഏറ്റവും പ്രധാനവും യഥാര്‍ത്ഥവുമായ ജിഹാദി (സ്വശരീരത്തോടുള്ള/ആത്മത്തോടുള്ള ജിഹാദ്) നെ അഭിമുഖീകരിക്കാന്‍ നാം മറന്നുപോകുന്നു. അതായത്, അല്ലാഹുവിനോട് വ്യക്തി വിശുദ്ധിയിലൂടെ, ആത്മീയ ഉന്നതിയിലൂടെ വഴിതെളിച്ചു തരാന്‍ ആവശ്യപ്പെടാനും ഭൂമിയിലെ ജീവിതം നന്മകള്‍ക്കുള്ള അവസരമാക്കാനും. അതിനാണ് അവന്‍ നമ്മെ ഭൂമിയിലേക്കയച്ചത്. യുദ്ധമുഖത്തുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും ഇത് തന്നെയാണ് യഥാര്‍ത്ഥവും പ്രധാനവുമായ യുദ്ധം. ഹൃദയത്തിനു വേണ്ടിയുള്ള യുദ്ധം. നീതിക്കു വേണ്ടിയുള്ള യുദ്ധത്തിനു മുമ്പ് ഹൃദയത്തിനു വേണ്ടിയുള്ള യുദ്ധം ആരംഭിച്ചവന് നാല് സ്വദഖ ശരങ്ങളുണ്ടാവും.

1- ഹൃദയങ്ങളില്‍ ദേഷ്യം നട്ടുവളര്‍ത്തുന്നതിന് മുമ്പ് കരുണ നട്ടുവളര്‍ത്തപ്പെടും. ഹൃദയത്തിലെ കരുണ, വെറുപ്പിനെ നിയന്ത്രിക്കുകയും ഇവക്കിടയില്‍ കൃത്യമായ അതിര്‍വരമ്പുകള്‍ നിശ്ചയിക്കപ്പെടുകയും ചെയ്യും.

2- അല്ലാഹുവിനു വേണ്ടിയുള്ള വെറുപ്പിനെ വളര്‍ത്തിയെടുക്കുന്നതിന് മുമ്പ് അല്ലാഹുവിനു വേണ്ടിയുള്ള സ്നേഹത്തെ നട്ടുവളര്‍ത്തുകയും, അല്ലാഹുവിന് വേണ്ടിയുള്ള സ്നേഹം – നിയന്ത്രിക്കുകയും ചെയ്യും. മാത്രമല്ല, ഈ രണ്ട് ഗണങ്ങള്‍ക്കുമിടയില്‍ കൃത്യമായ അതിര്‍വരമ്പുകള്‍ നിശ്ചയിക്കപ്പെടുയും ചെയ്യും.

3- നന്മയോടും എല്ലാവരോടുമുള്ള അനുകൂല മനോഭാവം, തിന്മയോടുള്ള കടുത്ത മനസ്സിന് മുന്നേ രൂപപ്പെടുത്തപ്പെടും.

4- അല്ലാഹുവിനോടുള്ള കൂറും ഭക്തിയും ഉണ്ടാവുകയും അവന് അതൃപ്തികരമായതിനോട് നിഷേധ മനസ്സ് രൂപപ്പെടുകയും അവനോടുള്ള കൂറ് ഭക്തിയെ നിലനിര്‍ത്തുകയും ചെയ്യും. ഒപ്പം അവക്കിടയില്‍ കൃത്യമായ അതിരുകള്‍ നിശ്ചയിക്കപ്പെടുകയും ചെയ്യും.

മുകളില്‍ വിവരിച്ച ഈ നാല് നന്മകള്‍ അവന്‍ പാലിക്കപ്പെടുന്നതോടെ മനോഹരമായ ഗുണങ്ങള്‍ അവനില്‍ രൂപപ്പെട്ടുവരും. ഇവയാണ് ഖല്‍ബിന്റെ ആയുധം. യഥാര്‍ത്ഥ ആയുധം. ഇസ്ലാമിക പുനരുദ്ധാനത്തിന്റെ യഥാര്‍ത്ഥ ഇന്ധനം.

1- തന്നോട് തിന്മ ചെയ്യുന്നവന് മാപ്പുകൊടുക്കാനുള്ള മനസ്സ്.

2- തനിക്ക് നീതി നിഷേധിച്ചവനോട് കരുണയും ഔദാര്യവും കാണിക്കാനുള്ള മനസ്സ്.

3- തന്നില്‍ നിന്ന് അകന്നുപോയവനിലേക്ക് അടുക്കാനുള്ള നിരന്തരമായ ശ്രമം.

4- തന്നെ അപമാനിച്ചവനോട് പോലും ആകര്‍ഷണീയമായും സാന്മാര്‍ഗികമായും പെരുമാറല്‍.

ഈ നാല് ഗുണങ്ങളോടെ ഒരു വ്യക്തി ലോകത്തിന് ഒരു മാര്‍ഗദര്‍ശിയായി തിളങ്ങുന്ന മാതൃകാവ്യക്തിത്വമായി മാറും. അല്ലാതെ അധികാരഭാവമുള്ള ഒരു വിധികര്‍ത്താവിനെ പോലെയാകില്ല അവന്‍.

തന്റെ പ്രതീക്ഷകള്‍ക്കനുസരിച്ച്, താന്‍ അവര്‍ക്ക് വേണ്ടി ആഗ്രഹിക്കുന്നത് പോലെയാവണം ജനങ്ങളുടെ സാന്മാര്‍ഗിക ജീവിതം എന്ന വിധികര്‍ത്താവിന്റെ ഭാവം അവന്‍ മാറ്റിവെക്കും. തന്റെ ആഗ്രഹങ്ങള്‍ക്കല്ല, അല്ലാഹുവിന്റെ താല്‍പര്യങ്ങള്‍ക്കാണ് അവന്‍ അവനെ സമര്‍പ്പിക്കുന്നത്. അതിനാല്‍ അല്ലാഹു സന്മാര്‍ഗം നല്‍കാന്‍ വിധിച്ചവര്‍ക്ക് വഴികാണിക്കാന്‍ അവനെ ഒരു ഉപകരണമായി ഉപയോഗപ്പെടുത്തും. അതുവഴി ഈ വ്യക്തി അല്ലാഹുവിന് വേണ്ടി, അല്ലാഹുവിനാല്‍ ജീവിക്കുന്നു.

എന്നാല്‍ ഹൃദയത്തിന് വേണ്ടിയുള്ള യുദ്ധത്തിനു മുന്നേ നീതിക്കു വേണ്ടിയുള്ള യുദ്ധം ആരംഭിച്ചവന്, മേല്‍ വിവരിച്ചതില്‍നിന്ന് വ്യത്യസ്തമായ നാല് ഗുണങ്ങളാണ് വന്നുചേരുക.

കരുണക്കു മുന്‍പ് ദേഷ്യവും, അല്ലാഹുവിനു വേണ്ടിയുള്ള പ്രണയത്തിനു മുന്നേ അല്ലാഹുവിന്റെ പേരിലുള്ള വെറുപ്പും, നന്മയുടെ വ്യക്തികളോടും നന്മയോടുമുള്ള പ്രണയത്തേക്കാള്‍ അനീതി ചെയ്യുന്നവരോടുള്ള കടുത്ത മനസ്സുമാണ് അവനില്‍ രൂപപ്പെടുക. ഇതില്‍ മുഴച്ച് നില്‍ക്കുന്ന വെറുപ്പും, കടുപ്പവും അവനിലെ കരുണയെ തടഞ്ഞുനിര്‍ത്തും. അനീതിയോടും അക്രമത്തോടുമുള്ള പ്രതിരോധം വികാരമായിരിക്കും അവനില്‍ മുഴച്ചുനിര്‍ത്തുക. അവന്റെ ആന്തരിക ഘടകം രൂപപ്പെടുന്നത് ഈ നാല് സ്വഭാവങ്ങളില്‍ നിന്നായതിനാല്‍ അവനില്‍ നാല് സവിശേഷ സ്വഭാവങ്ങള്‍ രൂപപ്പെട്ടു വരും. അവ ഇസ്ലാമിക പുനരുദ്ധാരണത്തിന്റെ അന്ധകനായും വര്‍ത്തിക്കും.

1- മറ്റുള്ളവന്റെ തിന്മകളിലേക്ക് കേന്ദ്രീകരിക്കുകയും വിധികര്‍ത്താ(judgmental) വായി മാറുകയും ചെയ്യും.
2- മതനവീകരണ വാദങ്ങള്‍ ഉന്നയിക്കും.
3- മുസ്‌ലിംകളോട് തന്നെയുള്ള ബന്ധം വിഛേദിക്കും.
4- ഹിംസാത്മകമായും നശീകരണ ലക്ഷ്യത്തോടെയും അവന്‍ പൊട്ടിത്തെറിക്കും. വൈകാരികമായി മാറും.

അതോടെ അവന്‍ ജനങ്ങള്‍ക്കിടയില്‍ ഒരു അധികാര സ്വഭാവമുള്ള വിധികര്‍ത്താവിനെപ്പോലെയായി മാറും. അവന്‍ ഒരിക്കലും പ്രകാശിക്കുന്ന മാര്‍ഗദര്‍ശിയായല്ല അനുഭവപ്പെടുക. പിശാച് അവനെ മാത്രമല്ല, അവനിലൂടെ മറ്റനവധി പേരെയും വഴിപിഴപ്പിക്കും. അവന്റെ മിഥ്യാധാരണകളില്‍ നിന്നു രൂപപ്പെടുത്തിയ സമുദായ സംരക്ഷകവേഷം തന്നെയാണ് അവനെ വഴിപിഴപ്പിക്കാന്‍ ഉപയോഗിക്കപ്പെടുക. പുനരുദ്ധരിക്കാനും സംരക്ഷിക്കാനുമുള്ള അവന്റെ ശ്രമങ്ങള്‍ മേല്‍വിവരിച്ച വികാരങ്ങളില്‍ നിന്നാവുമ്പോള്‍ സംഭവിക്കുന്നത് ഇതാണ്. ജനം എങ്ങനെയാണ് മതപരമായി പുരോഗതി പ്രാപിക്കേണ്ടത് എന്ന അവന്റെ തന്നെ വീക്ഷണത്തിലേക്കാണ് അവന്‍ ചുരുങ്ങുന്നത്. മറ്റുള്ളവരെ നശിപ്പിച്ചു കളഞ്ഞാല്‍ പോലും അത് അവരില്‍ അടിച്ചേല്‍പിക്കാന്‍ അവന്‍ പരിശ്രമിക്കും. അല്ലാഹുവിന്റെ താല്‍പര്യങ്ങള്‍ക്കല്ല, അവന്റെ താല്‍പര്യങ്ങള്‍ക്കാണ് അവന്‍ അവനെ തന്നെ സമര്‍പ്പിച്ചത്. അതുകൊണ്ട് തന്നെ അവന്‍ അല്ലാഹുവിനാല്‍, അല്ലാഹുവിനു വേണ്ടി ഉപയോഗിക്കപ്പെടുന്നില്ല. പകരം ജനങ്ങളെ വഴിപിഴപ്പിക്കാന്‍ ഒരു ഉപകരണമായി പിശാചാണ് അവനെ ഉപയോഗിക്കുന്നത്.

വിവര്‍ത്തനം: മുഹമ്മദ് ജൗഹര്‍ കാവനൂര്‍