ഹദീസ് നിരൂപണശാസ്ത്രവും ഹറാൾഡ് മോട്സ്കിയുടെ രീതികളും
ഹദീസ് വിജ്ഞാനീയത്തിൽ വിമർശനാത്മകം എങ്കിലും ആഴത്തിലുള്ള അനേകം സംഭാവനകൾ നൽകിയവരാണ് ഓറിയന്റലിസ്റ്റുകൾ. അത്തരം പഠനങ്ങളുടെ സ്വഭാവം പരിശോധിക്കുമ്പോൾ ആദ്യ കാല ചരിത്രന്വേഷണ പ്രക്രിയകൾ മൂല്യവാക്യങ്ങളെ (matn/text) കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു നിലനിന്നിരുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം. ഇസ്‌ലാമിന്‍റെ ആദ്യ രണ്ടു നൂറ്റാണ്ടുകളിലുണ്ടായിരുന്ന രാഷ്ട്രീയ-വിഭാഗീയ ശ്രമങ്ങളെ പ്രശ്നവൽക്കരിച്ചുകൊണ്ടുള്ള ഇഗ്നാസ് ഗോൾസിയറുടെ (Ignaz Goldziher) കൃതികൾ ഇത്തരം സ്വഭാവമുള്ളതാണ്. എന്നാൽ മുസ്‌ലിം പാരമ്പര്യത്തെ(സനദ്)ചരിത്ര ഗവേഷണത്തിനുള്ള സ്രോതസ്സുകളായി ഓറിയന്റല്‍ ലോകത്ത് ആദ്യമായി പരിചയപ്പെടുത്തുന്നത് ജോസഫ് ശാഖ്തിന്റെ (Joseph Scchat) The origins of Muhammadan Jurisprudence എന്ന കൃതിയാണ്. ശാഖ്ത് തന്റെ അന്വേഷണങ്ങൾക്കുള്ള പ്രാഥമിക സ്രോതസ്സായി നിവേദക ശൃംഖലയുടെ വിശകലനത്തെ (isnad analysis) ഉപയോഗിക്കുന്നില്ലെങ്കിലും ഇസ്‌ലാമിക നിയമ ചരിത്രത്തിലേക്കുള്ള പ്രവേശികയായി ശാഖ്തിന്റെ ഗവേഷണം അടുത്ത കാലം വരെ അവലംബിക്കപ്പെട്ടിരുന്നു. അങ്ങനെ മുസ്‌ലിം പാരമ്പര്യം ചരിത്രാവരണത്തിന്‍റെ ഭാഗമായി, പക്ഷേ അവയുടെ പ്രായോഗിക തലങ്ങൾ മധ്യകാല മുസ്‌ലിം നിരൂപകരിൽ നിന്ന് തികച്ചും വിഭിന്നമായ രീതിയിലായിരുന്നു. ഇമാം മാലികിന്‍റെ വിഖ്യാത ഗ്രന്ഥമായ മുവത്വയിലുള്ള ഇമാം സുഹരിയുമായി ബന്ധപ്പെട്ട ഭൂരിഭാഗ പരമ്പരകളും കൃത്രിമമാണെന്നും ഇമാം മാലിക്കിന് സുഹരിയുമായുള്ള ബന്ധം ചരിത്രപരമായി അസാധുവാണെന്നും തുടങ്ങി തികച്ചും അപക്വമായ അനുമാനങ്ങളിലേക്കാണ് ശാഖ്ത് എത്തിച്ചേർന്നത്.
ശാഖ്തിന്റെ രീതികളിലെ അശാസ്ത്രീയത പ്രഥമ ദൃഷ്ടിയില്‍ ഗ്രാഹ്യമല്ലാത്തതിനാല്‍ തന്നെ പലരും ശാഖ്തിനെ വിമര്‍ശനവിധേയമാക്കിയിട്ടില്ല. എന്നാല്‍ ഇത്തരം ഓറിയന്റലിസ്റ്റ്,റിവിഷനിസ്റ്റ് സമീപനങ്ങളെ മൗലികമായി ചോദ്യം ചെയ്യുകയും ഹദീസ് നെറ്റ്-വര്‍ക്കിനെ നിഷ്പക്ഷമായി വിലയിരുത്തുകയും ചെയ്യുന്നതില്‍ ശ്രദ്ധ നേടിയ ജര്‍മന്‍ ഹദീസ് പണ്ഡിതനാണ് ഹറാള്‍ഡ് മോഡ്സ്കി [Harald Motzki 1948-2019]. ഇമാം മാലിക്കിന്‍റെ മുവത്വയും, ഇമാം ശാഫിഈയുടെ ഉമ്മും തുടങ്ങി മറ്റ് ഏതാനും സ്വഹീഹ് ഗ്രന്ഥങ്ങളെയും മാത്രം ആധാരമാക്കി പൊതുസങ്കല്‍പ്പ രൂപീകരണത്തിന് [partial generalisation] മുതിരുന്ന ശാഖ്തിലെ അസാംഗത്യത്തെ മോഡ്സ്കി തുറന്നുകാട്ടുന്നുണ്ട്. ഇമാം ഇബ്നു ശിഹാബു സ്സുഹ്‌രിയുടെ നിയമ പ്രമാണങ്ങളെ അടുത്തറിയാൻ മുൻകാല സ്രോതസ്സുകളിൽ പെട്ട കൃതികളെ കൂടി അവലംബമാക്കേണ്ടതുണ്ടെന്ന് മോഡ്സ്കി നിരീക്ഷിക്കുന്നു. മഅ്മർ ബ്നു റാഷിദ്, ഇബ്നു ജുറൈജ് തുടങ്ങിയവരിലെ സുഹ്‌രിയൻ പാരമ്പര്യത്തെ പ്രതിപാദിക്കുന്ന മുൻകാല കൃതിയായ മുസന്നഫ് അബ്ദു റസ്സാഖിനെ ആധാരമാക്കി ഹദീസ് നെറ്റ് വർക്കിനെ ഒരു വിശദ വിശകലനത്തിന് (large scale analysis) വിധേയമാക്കുകയാണ് മോഡ്സ്കി. വ്യക്തിപരമായ അഭിപ്രായങ്ങളുടെ പാരമ്പര്യവും (ra’y tradition) നിവേദന പാരമ്പര്യവും (transmission tradition) തമ്മിലുള്ള അനുപാതം, നിവേദകരുമായി ബന്ധപ്പെട്ട ഡാറ്റകൾ, വ്യത്യസ്ത നിവേദനങ്ങളിലെ സാമ്യതകൾ തുടങ്ങിയവയെ വിശകലനം ചെയ്ത് കൊണ്ടാണ് മുവത്വയുടെ ആധികാരികതയെ മോഡ്സ്കി വിശദീകരിക്കുന്നത്. മാത്രമല്ല ഇമാം മാലിക്കിന്റെ ജീവചരിത്ര സംബന്ധിയായ ശാഖ്തിന്റെ സ്രോതസ്സുകളിലെ വിടവുകൾ നികത്തുകയും യഥാർത്ഥ ത്വബഖാത്തുകളെ (biographical text) ആശ്രയിക്കേണ്ടതിന്‍റെ ആവശ്യകതയെ ഉണര്‍ത്തുകയും ചെയ്യുന്നുണ്ട് മോഡ്സ്കി. നിവേദക ശൃംഖലയെയോ (chain of transmission) അല്ലെങ്കിൽ മൂല്യ വാക്യങ്ങളെയോ (matn/text) മാത്രം വിശകലനം ചെയ്യുമ്പോൾ ഉണ്ടായേക്കാവുന്ന ഇത്തരം അപാകതകൾ തുറന്നുകാട്ടുന്ന മോഡ്സ്കി മുസന്നഫ് അബ്ദുറസ്സാഖിലൂടെ നിവേദക ശൃംഖലയെയും മൂല്യവാക്യങ്ങളെയും ഒരേ സമയം വിശകലനോപാധിയാക്കി (isnad cum matn analysis) അവകളെ ആധികാരികതയുടെ സ്വരൂപങ്ങളായി അടയാളപ്പെടുത്തുകയാണ്. ഹദീസ് നിവേദക പരമ്പരകളുടെ എല്ലാ ഫിനോമിനകളെയും സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തുന്നതിനെ ഇസ്നാദ് കം മത്ന് അനാലിസിസ് മുഖേന പ്രതിരോധിക്കുകയാണ് മോഡ്സ്കി. ലഭ്യമായ മിക്ക നിവേദനങ്ങളെയും വിശകലനം ചെയ്യുന്നു എന്നതാണ് മോഡ്സ്കിയുടെ Isnad Cum Matn Analysis ന്‍റെ പ്രത്യേകത. പടിഞ്ഞാറന്‍ വായനകളില്‍ ഇസ്നാദ് കം മത്ന് അനാലിസിസിനെ കൂടുതല്‍ വ്യാപകമായി വിശകലനോപാധിയാക്കിയത് ഗ്രെഗർ ഷോളറും [Gregor Scholer] ഹറാള്‍ഡ് മോഡ്സ്കിയുമാണ്. മോഡ്സ്കി വിവിധങ്ങളായ ഹദീസ് പാരമ്പര്യങ്ങള്‍ക്ക് [legal,exegetical,magazi traditions] ഇസ്നാദ് കം മത്ന് അനാലിസിസിന്‍റെ അടിസ്ഥാനമാക്കി വിശകലനം നല്‍കുന്നുണ്ട്. The Prophet and the Cat,Jurispedence of Ibn Shihab az Zuhri,Prophet and Debtors തുടങ്ങിയ പഠനങ്ങള്‍ അതിന്‍റെ ഉദാഹരണങ്ങളാണ്. മറ്റ് പടിഞ്ഞാറന്‍ പഠനങ്ങളില്‍ നിന്ന്‍ വ്യത്യസ്തമായി മോഡ്സ്കിയന്‍ സമീപനം ക്ലാസിക്കല്‍ മുസ്‌ലിം ഹദീസ് പണ്ഡിതരുടേതിന് സമാനമായ ചില രീതികളെ സ്വീകരിക്കുന്നുണ്ട്. ഇസ്നാദ് കം മത്ന് അനാലിസിസിന് മൂല്യവാക്യങ്ങള്‍,ഇസ്നാദ്,ജീവചരിത്ര ഗ്രന്ഥങ്ങള്‍ തുടങ്ങിയവ ആധാരമാക്കുന്നത് ഇതില്‍ പ്രധാനമാണ്. മിക്ക പടിഞ്ഞാറന്‍ വായനകളും ഹദീസുകളുടെ ചരിത്രാത്മക അന്വേഷണത്തിന് ജീവചരിത്ര ഗ്രന്ഥങ്ങള്‍ ഉപയോഗിക്കാറില്ല. അവകള്‍ മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മുസ്‌ലിം പണ്ഡിതര്‍ തങ്ങളുടെ ആശയങ്ങൾക്ക് ആധികാരകത ചാർത്തുന്നതിനായി നിര്‍മ്മിച്ചെടുത്തതാണ് എന്ന കല്പ്പനകളായിരുന്നു ഇതിന് പ്രേരകം. വിശകലന ഉപകരണങ്ങളില്‍ സാമ്യത കാണാമെങ്കിലും ചില വിഷയങ്ങളില്‍ രീതിശാസ്ത്രപരമായി ക്ലാസിക്കല്‍ രീതികളില്‍ നിന്നും മോഡ്സ്കി വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്. ഇസ്നാദ്,ജീവചരിത്ര ഗ്രന്ഥങ്ങള്‍ തുടങ്ങിയവയെ മോഡ്സ്കി അവലംബിക്കുന്നുണ്ടെങ്കിലും പ്രാഥമികമായും text നെയാണ് മോഡ്സ്കി വിശകലനവിധേയമാക്കുന്നത്.സനദുകളുടെ നിലവാരം ഒരു ഹദീസിന്‍റെ തന്നെ വ്യത്യസ്ത പതിപ്പുകളിലൂടെ മനസ്സിലാക്കാനാകും എന്നാണ് മോഡ്സ്കിയുടെ പക്ഷം. അതേ സമയം ഖുര്‍ആനിനെ പോലെ പൂര്‍ണമായും ലിഖിത രൂപത്തില്‍ ഹദീസുകള്‍ നിലകൊണ്ടിട്ടില്ല എന്ന്‍ മനസ്സിലാക്കി ക്ലാസിക്കല്‍ മുസ്‌ലിം ഹദീസ് പണ്ഡിതര്‍ സനദുകളെയാണ് പ്രാഥമികമായും അവലംബിച്ചിരുന്നത്. ഇത്തരം വ്യത്യാസങ്ങള്‍ കാണാവുന്നത് കൊണ്ട് തന്നെ ഹദീസ് നിരൂപണത്തിലെ പടിഞ്ഞാറന്‍ വായനകളില്‍ മധ്യമ നിലപാട് സ്വീകരിച്ചവരുടെ കൂട്ടത്തിലാണ് മോഡ്സ്കിയെ വാഇല്‍ ബി ഹല്ലാഖ് തന്‍റെ The Authenticity of Prophetic Hadith: A Pseudo Problem എന്ന പഠനത്തില്‍ എണ്ണുന്നത്. എങ്കിലും നിരൂപണരംഗത്തെ മോഡ്സ്കിയൻ രീതികൾ സന്ദേഹാത്മക സമീപനം പുലർത്തുന്ന ഓറിയന്റൽ പഠനങ്ങൾക്ക് മുന്നില്‍ ഇതിനകം വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്.
നിരൂപണത്തിൻ്റെ ഓറിയൻറൽ രീതികളും മോഡ്സ്കിയും
പടിഞ്ഞാറൻ നിരൂപണങ്ങളിലെ പ്രധാനപ്പെട്ട സംഭാവനയാണ് പൊതുവായ നിവേദക ശൃംഖലയെ അടിസ്ഥാനമാക്കിയുള്ള ജോസഫ് ശാഖ്തിന്റെ കോമൺ ലിങ്ക് അപവാദം. നിവേദക ശൃംഖലയിൽ ഒരു നിശ്ചിത നിവേദകനിൽ (common link) എത്തുമ്പോൾ മാത്രം അവയുടെ നിവേദകരിലെ എണ്ണം വ്യാപിക്കുന്നു,അതിനാൽ അവകൾ ഈ കോമൺ ലിങ്കായി വരുന്ന നിവേദകൻ നിർമ്മിച്ചെടുത്തതായിരിക്കുമെന്ന വാദത്തെയാണ് കോമൺ ലിങ്ക് (Common link) എന്ന മെത്തേഡ് കൊണ്ട് ഉദ്ദേശിക്കുന്നത്. ജോസഫ് ശാഖ്താണ് കോമൺ ലിങ്ക് മെത്തേഡ് രൂപകൽപന ചെയ്തതെങ്കിലും നിവേദക ശൃംഖലകളെ പ്രത്യേകം ക്ലസ്റ്ററുകളിലായി വിശകലനം ചെയ്ത് ജെയ്ൻബോളാണ് (G.H.A Juynboll) കോമൺ ലിങ്കിനെ മികച്ച രീതിയിൽ പ്രായോഗിക തലത്തിലേക്ക് വികസിപ്പിച്ചെടുത്തത്. മാത്രമല്ല ഹദീസ് പഠനത്തിലേക്ക് സ്‌പൈഡർ (spider), ഡൈവ് (dive) തുടങ്ങി തന്റേതായ പുതിയ പദാവലികളും ജെയ്ൻബോൾ സംഭാവന ചെയ്യുന്നുണ്ട്. കോമൺ ലിങ്കിന് മുമ്പുള്ള ഒറ്റപ്പെട്ട നിവേദക ശൃംഖല പിൽക്കാലത്ത് നിയമ വിചക്ഷണർ തങ്ങളുടെ ആശയങ്ങൾക്ക് ആധികാരികത ചാർത്തുന്നതിനായി സൃഷ്ടിച്ചെടുത്തതാണെന്നാണ് ജെയ്ൻബോൾ വാദിക്കുന്നത്. ഇസ്നാദ് (chain of transmission) പിൽക്കാലത്ത് ഉടലെടുത്ത ആശയമായതിനാല്‍ തന്നെ അവകൾ പിൽക്കാല പാരമ്പര്യത്തിന്റെ (diachronic tradition) ഭാഗമാണെന്നാണ് ജെയ്ൻബോൾ പറഞ്ഞുവെക്കുന്നത്. ഇതിനെ ജെയ്ൻബോൾ ജോസഫ് ശാഖ്തിനെ അനുകരിച്ചുകൊണ്ട് നിശ്ശബ്ദതയിൽ നിന്നുള്ള വാദങ്ങളായി (argument e silentio)ഗണിക്കുന്നു. ശാഖ്തും ജെയ്ൻബോളും മുന്നോട്ടുവെക്കുന്ന കോമൺ ലിങ്ക് അപവാദങ്ങൾക്ക് സൈദ്ധാന്തികമായും പ്രായോഗികമായും പല ബലഹീനതകളുണ്ടെന്ന് മോഡ്സ്കി ചൂണ്ടിക്കാട്ടുന്നുണ്ട്. സൈദ്ധാന്തികമായി കോമൺ ലിങ്കിനു മുമ്പുള്ള ഏക നിവേദകർ (single strand) മറ്റ് പരമ്പരകൾക്ക് ജന്മം കൊടുത്തിട്ടില്ലെന്നത് ചരിത്രപരമായ അവയുടെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്നുവെന്നത് അനേകം സാധ്യതകളിൽ നിന്നുള്ള കേവലം ഒരു സാധ്യത മാത്രമാണ്. പ്രശ്നത്തിലിരിക്കുന്ന ഹദീസുകൾ മറ്റ് പരമ്പരകളിലൂടെ കൈമാറാതിരിക്കാൻ ഏക നിവേദകർക്ക് പല കാരണങ്ങളുമുണ്ടാകാം. പ്രായോഗിക തലത്തിൽ പറയുകയാണെങ്കിൽ, മിക്ക ഹദീസുകളുടെയും സ്രോതസ്സുകൾ നിയമപരമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നല്ലെന്നതാണ് സത്യം. സ്വിഹാഹുസിത്തയിലെയും (six canonical compilation) മറ്റൽപ്പം ഗ്രന്ഥങ്ങളിലെയും നിവേദക ശൃംഖലകളെ മാത്രം വിശകലനം ചെയ്യുന്ന ജമാലുദ്ധീൻ അൽ മീസിയുടെ തുഹ്ഫത്തുൽ അശ്റാഫ് എന്ന ഗ്രന്ഥത്തെയാണ് ജെയ്ൻബോൾ കോമൺ ലിങ്കിനെ സ്ഥാപിക്കാൻ വേണ്ടി അവലംബമാക്കുന്നത്.എന്നാല്‍ സ്വിഹാഹുകളെ സംബന്ധിച്ചിടത്തോളം മുൻകാല സ്രോതസ്സായ (pre-canonical source) മുസന്നഫ് അബ്ദുറസ്സാഖിനെയും പിൽക്കാല സ്രോതസ്സായ (post canonical source) ഇമാം ബൈഹഖിയുടെ ദലാഇലുന്നുബുവ്വയെയും മുൻനിർത്തിയാണ് മോഡ്സ്കി ഇതിനുള്ള പ്രതിവചനങ്ങൾ കണ്ടെത്തുന്നത്. ആദ്യകാല നിയമപരമ്പരകളോട് ജെയ്ന്‍ബോള്‍ പുലര്‍ത്തുന്ന സന്ദേഹാത്മകമായ സമീപനമാണെന്ന്‍ മുസന്നഫ് അബ്ദു റസ്സാഖിനെ മുന്‍നിര്‍ത്തി മോഡ്സ്കി വിശദീകരിക്കുന്നുണ്ട്. ഹദീസ് ശൃംഖലയെ വലിയ തോതിലുള്ള വിശകലനത്തിനു [large scale analysis] വിധേയമാക്കുന്ന മോഡ്സ്കി കോമൺ ലിങ്കുകൾ ആദ്യ നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതല്‍ തന്നെ നിലവിലുണ്ടെന്നും അവകൾ മുൻകാല പാരമ്പര്യത്തിന്റെ ഭാഗമാണെന്നും തെളിയിക്കുന്നുണ്ട്. കോമണ്‍ ലിങ്കുകള്‍ ചരിത്ര നിര്‍മ്മാതാക്കള്‍ അല്ലെന്നും ഹദീസ് ചരിത്രത്തെ പ്രഫഷണല്‍ തലത്തില്‍ വിതരണം ചെയ്ത സ്രോതസ്സുകളായിട്ടാണ് അവരെ കാണേണ്ടതെന്നും മോഡ്സ്കി വിലയിരുത്തുന്നു. സിങ്കിള്‍ സ്ട്രാന്‍റുകളില്‍ ഉള്ളവരെല്ലാം അധ്യാപക വൃത്തി അനുഷ്ടിച്ചവരായതിനാല്‍ എല്ലാ വിദ്യാര്‍ഥികളും അധ്യാപകരായി മാറാനുള്ള സാധ്യതകള്‍ ഏറെ വിദൂരമായതിനാലും അവ എകീയ രേഖയായി നിലനില്‍ക്കുന്നതില്‍ അല്‍ഭുതപ്പെടാനൊന്നുമില്ല.കോമൺ ലിങ്കുകളിലുള്ളതിന് സമാനമായുള്ള മൂല്യവാക്യങ്ങൾ ഇതര പരമ്പരകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതിനെ കോമൺ ലിങ്കിൽ നിന്ന് മോഷ്ടിച്ചതാകാം (plagiarism) എന്നാണ് ജെയ്ൻബോൾ കല്പിക്കുന്നത്. എന്നാല്‍ ഇവകള്‍ മുന്‍കാല സ്രോതസ്സുകളില്‍ നിന്ന്‍ തന്നെ ലഭ്യമായതിനാല്‍ അവകള്‍ കോമണ്‍ ലിങ്കുകള്‍ക്ക് ശക്തി പകരുന്നുണ്ടെന്ന്‍ മോഡ്സ്കി നിരീക്ഷിക്കുന്നു. കോമണ്‍ ലിങ്കുകളെ ചരിത്രപരം,ചരിത്രവിരുദ്ധം എന്നിങ്ങനെ വിഭജിക്കുന്നതിന് ജെയ്ന്‍ബോള്‍ മുന്നോട്ട് വെക്കുന്ന ചില രീതികള്‍ [methodology] സ്വീകാര്യമാണെങ്കിലും അവകളെ പ്രതിനിധീകരിക്കുന്ന ഉദാഹരണങ്ങള്‍ കൊണ്ടുവരുന്നതില്‍ ജെയ്ന്‍ബോള്‍ പരാജയപ്പെടുന്നുവെന്ന്‍ മോഡ്സ്കി അഭിപ്രായപ്പെടുന്നുണ്ട്. എങ്കിലും പടിഞ്ഞാറൻ പഠനങ്ങളിൽ നിവേദക ശൃംഖലകളെ വിശകലനം ചെയ്തതിന്റെ മികച്ച ഉദാഹരണമാണ് ജെയ്ൻബോൾ. ജെയ്ൻബോൾ എഴുതിയ ‘Nafi:The Mau’la of Ibn Umar’ എന്ന കൃതി ഇതിനകം പല ചർച്ചകൾക്കും മാധ്യമമായി മാറിയിട്ടുണ്ട്. ഇമാം നാഫിയെ നിവേദക ശൃംഖലയിലെ കണ്ണിയായി അംഗീകരിക്കാന്‍ കഴിയില്ലെന്ന്‍ കുറിക്കുന്ന ഈ പഠനത്തിന്‍റെ മൗലികമായ പ്രശ്നങ്ങളെ മോഡ്സ്കി ചൂണ്ടിക്കാട്ടുന്നുണ്ട്. ത്വബഖാത്തു ഇബ്നു സഅദില്‍ ഇമാം നാഫിയെ പരാമര്‍ശിക്കാതെ പോയതാണ് ഈ വാദത്തിന്‍റെ അടിസ്ഥാനമായി ജെയ്ൻബോൾ മുന്നോട്ട് വെക്കുന്നത്. മുന്‍കാല അനറബി സ്രോതസ്സുകളില്‍ ഇത്തരം അസാന്നിധ്യങ്ങൾ സാധ്യമാണെന്നും മറ്റ് മൂല്യ സ്രോതസ്സുകളെക്കൂടി ജെയ്ൻബോൾ അവലംബിക്കേണ്ടതായിരുന്നുവെന്നും മോഡ്സ്കി ഉപദേശിക്കുന്നു. ഹദീസ് പാരമ്പര്യത്തിന്‍റെ സമയ,സ്ഥാന സംബന്ധിയായ വിശകലനത്തിന് [dating] ചില മുന്‍ധാരണകളോട് രാജിയാകാന്‍ ആവശ്യപ്പെടുകയാണ് മോഡ്സ്കിയന്‍ രീതികള്‍. ഉസൂലുൽ ഹദീസ് ഗ്രന്ഥങ്ങൾ, മുഹദ്ദിസുകളുടെ ജീവചരിത്ര സംബന്ധിയായ ഗ്രന്ഥങ്ങൾ (ത്വബഖാത്) തുടങ്ങിയവയാല്‍ മധ്യകാല മുസ്‌ലിം പണ്ഡിതര്‍ സമ്പന്നമാക്കിയ നിരൂപണസാഹിത്യത്തെ അവലോകനം ചെയ്യാന്‍ ഓറിയന്റല്‍ പഠനങ്ങള്‍ മുന്നോട്ട് വരണമെന്ന്‍ അവകള്‍ പറഞ്ഞു വെക്കുന്നു.
അല്‍ റദ്ദ് അല-റദ്ദ്:
മോഡ്സ്കി-ഷ്നൈഡര്‍ സംവാദങ്ങള്‍
നിരൂപണത്തിന്‍റെ മോഡ്സ്കിയന്‍ സമീപനം പടിഞ്ഞാറന്‍ വ്യവഹാരങ്ങളില്‍ വലിയ തോതിലുള്ള വീണ്ടുവിചാരങ്ങള്‍ക്ക് നിതാനമായിട്ടുണ്ട്. എന്നാല്‍ അവകള്‍ക്ക് വിമര്‍ശനാത്മകമായുള്ള സമീപനങ്ങളും അടുത്ത കാലങ്ങളിലായി കാണപ്പെട്ടിട്ടുണ്ട്. ഹെര്‍ബെര്‍ട്ട് ബെര്‍ഗ് [Herbert Berg],യു റൂബിന്‍ [U.Rubin], ഇറേന ഷ്നൈഡര്‍ [Irene Schneider] തുടങ്ങിയവരുടെ പഠനങ്ങള്‍ ഇതിന് ഉദാഹരണമാണ്. മോഡ്സ്കിയന്‍ രീതികളെ വിമര്‍ശന വിധേയമാക്കിയവരില്‍ പ്രധാനിയാണ് ജര്‍മ്മന്‍ പ്രൊഫസറായ ഇറേന ഷ്നൈഡര്‍ [Irene Schneider]. മോഡ്സ്കിയുടെ വിശകലനങ്ങള്‍ മൂല്യവാക്യപരമായ വിശകലനത്തിന് [textual analysis] വിധേയമാക്കുന്നില്ലെന്നും അവകള്‍ക്ക് ചാക്രികമായ സ്വഭാവമാണ് ഉള്ളതെന്നുമാണ് ഷ്നൈഡര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. യുക്തിപരവും വാക്യപരവുമായ ഘടനയിലുള്ള അനൈക്യം [structural breaks] ചൂണ്ടിക്കാട്ടി മൂല്യവാക്യത്തെ [text] വികസിപ്പിച്ചെടുക്കുന്നതിലെ ചരിത്രാത്മകതയെ ചോദ്യം ചെയ്യുന്ന ഷ്നൈഡറുടെ Narrativity and Authentization എന്ന കൃതിയില്‍ മോഡ്സ്കിയെ നിരന്തരം കടന്നാക്രമിക്കുന്നതായി കാണാം. ഒട്ടകവില്‍പ്പന സംബന്ധിയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസിന്‍റെ വ്യത്യസ്ത പതിപ്പുകളിലെ ഘടനാപരമായ അനൈക്യത്തെ ആധാരമാക്കിയാണ് ഷ്നൈഡര്‍ തന്‍റെ വിമര്‍ശനം ഉന്നയിക്കുന്നത്. എന്നാല്‍ മൂല്യ-വാക്യങ്ങളുടെ ഫിഗറേറ്റീവ് മെത്തേഡിനെക്കുറിച്ചുള്ള അജ്ഞതയാണ് ഈ വിമര്‍ശനങ്ങള്‍ക്ക് നിതാനമെന്ന്‍ മോഡ്സ്കി അടിവരയിടുന്നു. ഷ്നൈഡറുടെ യുക്തിപരമായ അനൈക്യം മൂല്യ-വാക്യത്തെ വളരെയധികം ലിറ്ററലായി സമീപിച്ചതിന്‍റെയും കാലഘണനാസ്ഖലിതയെ [anarchronism] മുന്‍നിര്‍ത്തി മൂല്യവാക്യങ്ങളെ വായിച്ചതിന്‍റെയും അനന്തരഫലമായിട്ടാണ് മോഡ്സ്കി വീക്ഷിക്കുന്നത്. ഇത്തരം ലോജിക്കൽ ബ്രേക്ക് ഹദീസ് പരമ്പരയിലെ നിവേദകര്‍ കണ്ടിട്ടുണ്ടാകില്ലേ എന്ന്‍ മറുചോദ്യം ഉന്നയിക്കുന്ന മോഡ്സ്കി മൂല്യവാക്യപരമായ വിശകലനത്തിന് ഫിലോളജിയുടെ ആഴങ്ങൾ താണ്ടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വാചാലനാവുന്നുണ്ട്. നിവേദക ശൃംഖലകളില്‍ കാണുന്ന വ്യത്യാസങ്ങള്‍ [textual variants] ഗ്രന്ഥകര്‍ത്താവിന്‍റെയും നിവേദകന്‍റെയും സംയോജന രീതി [composition],പില്‍ക്കാല നിവേദകരുടെ സംഗ്രഹ രീതി [Summarisation] എഴുത്ത് പ്രതികളില്‍ നിന്നും പകര്‍ത്തിയെടുക്കുമ്പോള്‍ വന്നേക്കാവുന്ന മാറ്റങ്ങള്‍ തുടങ്ങിയ കാരണങ്ങളെ ആശ്രയിച്ചു കൊണ്ടായിരിക്കും. അല്ലാതെ അവകള്‍ ബോധപൂര്‍വമായ ഇടപെടലുകളായി വ്യാഖ്യാനിക്കേണ്ട ആവശ്യമില്ലെന്ന്‍ മോഡ്സ്കി പറഞ്ഞു വെക്കുന്നു. ഷ്നൈഡറുടെ മൂല്യവാക്യപരമായ ഇത്തരം അനുമാനങ്ങള്‍ ഖുര്‍ആനിന്‍റെ മൂല്യവാക്യപരമായ വിശകലനം വഴി ഖുര്‍ആന്‍ പ്രവാചകരുടെ പ്രബോധന മാധ്യമമായിരുന്നില്ലെന്നും അവകള്‍ മൂന്നാം നൂറ്റാണ്ടില്‍ ഉടലെടുത്തതാണെന്നും വാദിക്കുന്ന ജോണ്‍ വാന്‍സ്ബ്രൌഗിന്‍റെ [John Wansbrough] ആശയങ്ങള്‍ക്ക് സമാനമാണ് എന്നും മോഡ്സ്കി നിരീക്ഷിക്കുന്നു. ഷ്നൈഡര്‍ ഉയര്‍ത്തിയ മറ്റൊരു ആരോപണമാണ് മോഡ്സ്കിയുടെ വിധിതീര്‍പ്പുകള്‍ [conclusion] പലതും ഹൈപ്പൊ തറ്റിക്കൽ ആണെന്നത്. തന്‍റെ പല കൃതികളിലും ഇതിനുള്ള മറുപടി മോഡ്സ്കി രേഖപ്പെടുത്തുന്നുണ്ട്.കോമണ്‍ ലിങ്കിന് മുമ്പുള്ള മൂല്യ-വാക്യങ്ങളുടെ ചരിത്രപരമായ പുനര്‍നിര്‍മ്മാണത്തിനുള്ള തന്‍റെ വാദങ്ങള്‍ hypothetical ആണെന്ന് വ്യക്തമാക്കുന്ന മോഡ്സ്കി അവകള്‍ തെളിവുകളുടെ പിന്‍ബലത്തില്‍ ആവിഷ്കരിച്ചതാണെന്നും കൂട്ടിച്ചേര്‍ക്കുന്നു. Prophet and Debtors എന്ന കൃതിയില്‍ തന്‍റെ സ്കോളർഷിപ്പിലെ വിധിതീര്‍പ്പുകള്‍ പലതും hypothetical ആണെന്നത് പരമ സത്യമാണെന്നും [truism] അവകളുടെ സ്വഭാവത്തെക്കുറിച്ച് നിയതമായ വിശദീകരണവും മോഡ്സ്കി നല്‍കുന്നുണ്ട്. Arguement e silentio യെ മുന്‍നിര്‍ത്തി ഷ്നൈഡര്‍ ആരോപിക്കുന്ന മറ്റൊരു വിമര്‍ശനമാണ് നിവേദക പരമ്പരകളില്‍ മുന്‍നിരയിലുള്ള അല്‍ ഖയാനിയെ സ്രോതസ്സുകളുടെ പിന്‍ബലമില്ലാതെ മോഡ്സ്കി ചരിത്രത്തില്‍ അവരോധിക്കുന്നു എന്നത്. മുന്‍നിരയിലുള്ള നിവേദകനെ ആഖ്യാതാവാക്കുക വഴി ആധികാരികത നേടാനാണ് ഇതിലൂടെ മോഡ്സ്കി ശ്രമിക്കുന്നതെന്നാണ് ഷ്നൈഡറുടെ വാദം. എന്നാല്‍ അല്‍ ഖയാനിയുടെ ചരിത്ര സാധ്യത മികച്ച സ്രോതസ്സുകളിലൂടെ വ്യക്തമാക്കുന്ന മോഡ്സ്കി പിന്‍നിരയിലുള്ളതിനെക്കാള്‍ മുന്‍നിരയിലുള്ള നിവേദകനെ ആഖ്യാതാവാക്കിയാല്‍ ആധികാരികത കൈവരിക്കാനാകുമെന്ന വാദത്തെ തള്ളിക്കളയുന്നുണ്ട്. യഥാര്‍ത്ഥ സ്രോതസ്സിനെ കണ്ടെത്തുക മാത്രമാണ് പ്രാഥമികമായും നമ്മുടെ ലക്ഷ്യമെന്നും ആധികാരികത തെളിയിക്കല്‍ അതിന്‍റെ ഭാഗമല്ലെന്നും മോഡ്സ്കി കൂട്ടിച്ചേര്‍ക്കുന്നു. ആധികാരികതക്ക് മോഡ്സ്കി നല്‍കുന്ന നിര്‍വചനങ്ങള്‍ പലരും തെറ്റായി വ്യാഖ്യാനിക്കാന്‍ ഇടയായിട്ടുണ്ട്. ഹദീസുകളെ പ്രവാചകനിലേക്ക് ചേര്‍ത്തി പ്രാമാണികത കൊണ്ടുവരാനല്ല മോഡ്സ്കി ശ്രമിക്കുന്നത്, മറിച്ച് അവകള്‍ മുന്‍കാല സ്രോതസ്സുകളില്‍ നിന്ന്‍ പരിചയപ്പെടുത്താനാണ് ആധികാരികത കൊണ്ട് മോഡ്സ്കി ഉദ്ദേശിക്കുന്നത്.
സ്ഥാനം,സമയം എന്നീ പ്രധാന ചരിത്രനിര്‍ണയ രേഖകളുടെ അടിസ്ഥാനത്തില്‍ ഹദീസുകളെ കൃത്യമായി date ചെയ്യുകയാണ് മോഡ്സ്കി ചെയ്തത്. പാട്രീഷ്യ ക്രോണിനെയും [Patricia Crone] മൈക്കല്‍ കുക്കിനെയും [Michael Cook] പോലെ ഏതൊരു കാര്യത്തിലും ചരിത്ര വിരുദ്ധത [a-historicity] ആരോപിക്കുന്നതിനോടും സന്ദേഹാത്മകമായ സമീപനം പുലര്‍ത്തുന്നതിനോടും മോഡ്സ്കി ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്. ഹദീസ് നിരൂപണത്തില്‍ ഇത്തരം സന്ദേഹാത്മകമായ മുന്‍ധാരണകള്‍ പുലര്‍ത്തുന്നവര്‍ക്ക് കാള്‍ കോപ്പറുടെ [Karl Popper] അര്‍ത്ഥവത്തായ വാക്കുകളെ മോഡ്സ്കി പരിചയപ്പെടുത്തുന്നുണ്ട്: ചാക്രികമായി വാദിക്കാന്‍ നമ്മള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ നമ്മുടെ സിദ്ധാന്തങ്ങളെ നാം തന്നെ കണിശമായ നിരൂപണത്തിന് വിധേയമാക്കേണ്ടിയിരിക്കുന്നു.
Second Year Student at Madeenathunnoor College of Islamic Science
