മോറിസ്‌കോകൾ: ആധുനിക സ്‌പെയിൻ മറന്നു പോയ വംശഹത്യ
ലോക ഇസ്‌ലാമിക ചരിത്രത്തിൽ നടന്ന ദുരിതപൂർണമായ സംഭവങ്ങളിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് മുസ്‌ലിം സ്‌പെയിനിന്റെ തകർച്ച. നൂറ്റാണ്ടുകളോളം മുസ്‌ലിം ഭരണാധികാരികളുടെ അധീനതയിലായിരുന്ന ഐബീരിയൻ ഉപദ്വീപിൽ മുസ്‌ലിംകൾ തന്നെയായിരുന്നു ഭൂരിപക്ഷം. ഏകദേശം അഞ്ചു മില്യണിലധികം മുസ്‌ലിംകൾ അവിടെ അധിവസിച്ചിരുന്നു. മാത്രമല്ല, മുസ്‌ലിം ഭരണാധികാരികൾ വിശ്വാസവും വിജ്ഞാനവും അടിസ്ഥാനമാക്കി ഒരു നൂതന നാഗരികത കെട്ടിപ്പെടുത്തു. 900ങ്ങളിൽ മുസ്ലിം സ്‌പെയിനിന്റെ തലസ്ഥാനനഗരിയായ കോർഡോവയിൽ റോഡുകൾ, ആശുപത്രികൾ, തെരുവ് വിളക്കുകൾ തുടങ്ങി വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കി.
മുസ്ലിംകളുടെ അധീനതയിൽ ആണെങ്കിലും മുസ്ലിംകൾക്ക് പുറമേ ജൂതൻമാരും ക്രിസ്തീയരും ഉൾകൊള്ളുന്ന ബഹുസ്വര സമൂഹം ആയിരുന്നു അവിടെ ജീവിച്ചിരുന്നത്. യൂറോപ്പ്യൻ, ആഫ്രിക്കൻ സംസ്കാരങ്ങളുടെ കേന്ദ്രം കൂടിയായിരുന്നു മുസ്‌ലിം സ്‌പെയിൻ.
എങ്കിലും ഈ ഉട്ടോപ്യൻ സമൂഹത്തിന് അവിടെ ദീർഘകാലം പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. 11 മുതൽ 15 വരെയുള്ള നൂറ്റാണ്ടുകളിൽ കത്തോലിക്കാ രാജാക്കന്മാർ സ്പെയിനിൽ ‘റീകൺക്വസ്റ്റ്’ എന്ന പേരിൽ കടന്നുകയറ്റം നടത്തി. അതോടെ സ്പെയിനിലെ മുസ്‌ലിംകൾ പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹമായി മാറി.
1492 ൽ, ഐബീരിയൻ ഉപദ്വീപിലെ അവസാന മുസ്‌ലിം സ്റ്റേറ്റ് ആയ ഗ്രാനഡയും തകർന്നതോടെ മുസ്‌ലിംകൾക്ക് വംശഹത്യ എന്ന യാഥാർഥ്യത്തെ നേരിടേണ്ടി വന്നു.
സൈനിക വ്യവഹാരം
1492 ൽ, ഗ്രാനഡ തകർന്നുവെങ്കിലും ഇത് ചെറിയൊരു പിന്നോട്ടടി മാത്രമാണെന്ന് മുസ്‌ലിംകൾ കരുതി. കാരണം, ആഫ്രിക്കയിൽ നിന്നും മുസ്‌ലിം സൈന്യം വന്നുകൊണ്ട് ഗ്രാനഡ തിരിച്ചുപിടിക്കുമെന്നും മുസ്‌ലിം സ്റ്റേറ്റ് പുന:സ്ഥാപിക്കുമെന്നും മുസ്ലിം സമൂഹം പ്രതീക്ഷിച്ചു. എങ്കിലും പുതിയ സ്പാനിഷ് ഏകാധിപതികളായ ഫെർഡിനൻഡും ഇസബെല്ലയും മുസ്‌ലിംകളെ നിഷ്കാസനം ചെയ്യാൻ തീരുമാനിച്ചു. അവർ തങ്ങളുടെ മതപരമായ ഉദ്ദേശ്യങ്ങൾ നേരത്തെ തന്നെ വ്യക്തമാക്കുകയും പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. 1492 മാർച്ചിൽ, ഏകാധിപതികൾ ജൂതൻമാരോട് രാജ്യത്തിൽ നിന്ന് പുറത്തു പോകാനുള്ള രാജശാസനത്തിൽ ഒപ്പ് വെച്ചു.
അങ്ങനെ ആയിരക്കണക്കിന് ജൂതൻമാർ രാജ്യം വിട്ട് പോകാൻ നിർബന്ധിതരായി. പലരെയും ഓട്ടോമൻ സാമ്രാജ്യം സ്വീകരിച്ചു. സുൽത്താൻ ബയാസീദ് രണ്ടാമൻ, സ്പയിനിൽ ജൂതൻമാർക്ക് കാത്തിരിക്കുന്ന തകർച്ച ഒഴിവാക്കാൻ അദ്ദേഹത്തിന്റെ മുഴുവൻ സൈന്യത്തെയും സ്പെയിനിലേക്ക് അയച്ചു.
മുസ്ലിംകൾക്ക് എതിരെയുള്ള ക്രിസ്തീയ നയവും വ്യത്യസ്തമായിരുന്നില്ല. 1492 ൽ സ്‌പെയിനിൽ അഞ്ചുലക്ഷത്തോളം മുസ്‌ലിംകൾ ജീവിച്ചിരുന്നു. അവരെയെല്ലാം ക്രൈസ്തവ മതത്തിലേക്ക് നിർബന്ധിത മത പരിവർത്തനം നടത്താൻ മിഷനറി സംഘങ്ങൾ തീരുമാനിച്ചു.
ആദ്യമാദ്യം പണവും സ്ഥലവും മറ്റും കൊടുത്തു കൊണ്ട് പലരെയും പരിവർത്തനം ചെയ്യിപ്പിച്ചു.എന്നാൽ ഇത് ദീർഘകാലം നീണ്ടുനിന്നില്ല. മതം മാറിയവർക്കെല്ലാം പണവും മറ്റു സമ്പത്തുകൾ കൊടുത്തു കൊണ്ട് തന്നെ ഇസ്‌ലാമിലേക്ക് തിരിച്ചു കൊണ്ട് വന്നു.
കലാപം
1400 കളുടെ അവസാന വർഷങ്ങളിൽ സ്പെയിനിലെ മുസ്‌ലിംങ്ങൾ സമ്പത്തിനേക്കാൾ അവരുടെ വിശ്വാസങ്ങളുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമായപ്പോൾ, സ്പെയിനിന്റെ ഭരണാധികാരികൾ ഒരു പുതിയ സമീപനം സ്വീകരിച്ചു.
1499 ൽ, കത്തോലിക്കാ ചർച്ചിലെ കർദിനാൾ ‘ഫ്രാൻസിസ്കോ ജിമെൻസി ഡി സീസർനോസ്’ (Francisco Jimenez de Cisernos ) എന്നയാളെ മതപരിവർത്തന പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കാനായി ദക്ഷിണ സ്പെയിനിലേക്ക് അയച്ചു. മുസ്‌ലിംകൾ മതം മാറുന്നത് വരെ അദ്ദേഹം അവരെ പല രീതിയിലുള്ള പീഡനനങ്ങൾക്കിരകളാക്കി. മുസ്‌ലിം പണ്ഡിതൻമാരാൽ വിരചിതമായ വൈദ്യ ശാസ്ത്ര ഗ്രന്ഥങ്ങൾ ഒഴികെയുള്ള അറബിക് കിതാബുകളെല്ലാം കത്തിക്കപ്പെട്ടു.

മത പരിവർത്തനം നിരസിച്ച മുസ്‌ലിംകളെ കൂട്ടത്തോടെ തടവറയിൽ പാർപ്പിച്ചു. അവർ ക്രൂര പീഡനങ്ങൾക്കിരയാവുകയും അവരുടെ ഭൂസ്വത്തുകൾ കണ്ടുകെട്ടുകയും ചെയ്തു. ഇതെല്ലാം സിസെർനോസിന്റെ കുടില തന്ത്രങ്ങൾ ആയിരുന്നു. ‘അക്രൈസ്തവരെ ഒരു നിലക്കും രാജ്യത്ത് താമസിപ്പിക്കാൻ പാടില്ല ‘ എന്നതായിരുന്നു അദ്ദേഹത്തിന്റെ നയം.
സിസെർനോസിന്റെ ക്രൂരമായ പരിവർത്തന ശ്രമങ്ങൾ അപ്രതീക്ഷിമായി സ്പെയിനിലെ ക്രൈസ്തവ രാജാക്കന്മാർക്ക് മോശമായ അനന്തരഫലങ്ങൾ സൃഷ്ടിച്ചു. കാരണം ക്രിസ്ത്യൻ മിഷനറി സംഘങ്ങളുടെ ദുഷ്ചെയ്തികളെ പ്രതിരോധിച്ചു നിർത്താൻ മുസ്‌ലിംകൾ ഒരു തുറന്ന കലാപം അഴിച്ചുവിട്ടു . ഗ്രാനഡയിലെ മുസ്‌ലിംകൾ ആയിരുന്നു അതിനു നേതൃത്വം നൽകിയത്. തെരുവുകളിൽ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി. അവരുടെ മുഖ്യലക്ഷ്യം ക്രിസ്ത്യൻ രാജാക്കന്മാരെ അധികാരഭ്രഷ്ടരാക്കുകയും മുസ്‌ലിം സ്റ്റേറ്റിന്റെ പുന:സ്ഥാപനവും ആയിരുന്നു.
തകർച്ച ഭയപ്പെട്ട രാജാക്കന്മാർ സിസെർനോസിനെ സഹായിക്കാൻ തീരുമാനിച്ചു. അങ്ങനെ രാജ്യത്തിന്റെ മുഴുവൻ സൈന്യവും മുസ്‌ലിം കലാപകാരികൾക്കെതിരെ പൊരുതാൻ തീരുമാനിച്ചു. മുസ്‌ലിംകളോട് മതം മാറുകയോ രാജ്യം വിട്ടു പോവുകയോ അല്ലെങ്കിൽ മരിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ ഒട്ടുമിക്ക മുസ്‌ലിംകളും പ്രത്യക്ഷത്തിൽ മതം പരിവർത്തനം ചെയ്തുവെങ്കിലും പരോക്ഷമായി അവർ അല്ലാഹുവിനെ ആരാധിച്ചു പോന്നു. ഗ്രാനഡയിലെ തെരുവോരങ്ങളിലും മുസ്‌ലിം നഗരങ്ങളിലും പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടു.
ക്രിസ്ത്യൻ അധികാരികൾക്ക് വേരോടെ പിഴുതെറിയാൻ പ്രയാസമാകും വിധം, ധാരാളം മുസ്‌ലിംകൾ തെക്കൻ സ്‌പെയിനിലെ പാറക്കെട്ടായ അൽപുജാറാസ് (Alpujarras) പർവതനിരകളിൽ അഭയം തേടി. ക്രിസ്ത്യൻ പ്രതിരോധം കടുത്തതോടെ മുസ്‌ലിം വിപ്ലവകാരികൾക്ക് ഒരു കൃത്യമായ ലക്ഷ്യമോ നേതൃത്വമോ ഇല്ലാതായി. എങ്കിലും ഇസ്‌ലാമിലുള്ള വിശ്വാസത്തിലും ക്രിസ്ത്യൻ ഭരണത്തിനെതിരായ ചെറുത്തുനിൽപ്പിലും അവർ ഐക്യപ്പെട്ടു.
ഗ്രാനഡയിലെ ഭൂരിപക്ഷ ജനങ്ങളും മുസ്‌ലിംകളായതിനാൽ, കലാപം പ്രതിരോധാത്മക രൂപം സ്വീകരിച്ചു. ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനം സാധ്യമാക്കാനായി മുസ്‌ലിം നഗരങ്ങളിൽ അധിവസിക്കുന്നവരുടെ വീടുകൾ ക്രൈസ്തവ സൈന്യം ആക്രമിച്ചു. അത്തരം സൈനിക ആക്രമണങ്ങൾക്കെതിരെ ചെറുത്തുനിൽക്കാൻ മാത്രം സജ്ജരോ പരിശീലനം ലഭിച്ചവരോ ആയിരുന്നില്ല മുസ്‌ലിം വിപ്ലവകാരികൾ . കൂട്ടക്കൊലകളും നിർബന്ധിത മതപരിവർത്തനങ്ങളും ഗ്രാമങ്ങളിലെ സ്ഥിരം കാഴ്ചയായി മാറി.
1502 ആയപ്പോഴേക്കും കലാപം രൂക്ഷമായി. ഇസബെല്ലാ രാജ്ഞി ഔദ്യോഗികമായി സ്പെയിനിലെ എല്ലാ മുസ്‌ലിംകളോടും സഹിഷ്ണുത അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചു. അങ്ങനെ, സ്പെയിനിലെ മുസ്‌ലിംകൾക്ക് മതം മാറുകയോ മരിക്കുകയോ രാജ്യം വിട്ടു പോവുകയോ ചെയ്യേണ്ടിവന്നു. പലരും നോർത്ത് ആഫ്രിക്കയിലേക്ക് കുടിയേറുകയോ മരണത്തെ അഭിമുഖീകരിക്കുകയോ ചെയ്തു. എന്നിരുന്നാലും, മിക്കവരും യഥാർത്ഥ വിശ്വാസങ്ങൾ മറച്ചുവെച്ചുകൊണ്ട്, ഔദ്യോഗികമായി ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തു.
1502 ആയപ്പോഴേക്കും സ്‌പെയിനിലെ മുസ്‌ലിം ജനസംഖ്യ പ്രത്യക്ഷത്തിൽ വിരളമായി. കൊലപാതകത്തിന് ഇരയാകുന്നത് ഒഴിവാക്കാൻ വേണ്ടി അവർക്ക് അവരുടെ വിശ്വാസവും ആരാധനാ കർമ്മങ്ങളും ക്രൈസ്തവ അധികാരികളിൽ നിന്നും മറച്ചു വെക്കേണ്ടി വന്നു. അത്തരം മുസ്ലീങ്ങൾ ‘മോറിസ്കോസ്'(Moriscose) എന്ന പേരിലാണ് അറിയപ്പെട്ടത്. അവർ മുഴു സമയവും പട്ടാള നിരീക്ഷണത്തിലായിരുന്നു.
സ്പാനിഷ് ഗവൺമെന്റ്, മോറിസ്കോസുകൾ രഹസ്യമായി ഇസ്ലാമിക ആചാരാനുഷ്ഠാനങ്ങൾ നിർവഹിക്കുന്നില്ല എന്ന് ഉറപ്പ് വരുത്താനായി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
അവർക്ക് എല്ലാ വെള്ളിയാഴ്ച രാവും പകലും തങ്ങളുടെ വീടിന്റെ വാതിലുകളും ജനലുകളും തുറന്നുവെക്കേണ്ടി വന്നു. മുസ്‌ലിംകൾ നിർവഹിക്കുന്ന വെള്ളിയാഴ്ചകളിലെ കൂട്ടപ്രാർത്ഥനകൾ ഈ ‘മതപരിവർത്തനം’ ചെയ്തവരുടെ വീടുകളിൽ നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കാനായി സ്പാനിഷ് സൈന്യം റോന്തുചുറ്റുമായിരുന്നു.
വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നതോ വുളൂ ചെയ്യുന്നതോ സൈന്യം കാണാനിടയായാൽ വിശ്വാസികൾ തൽസമയം കൊല്ലപ്പെടുമായിരുന്നു. ഇക്കാരണത്താൽ, രഹസ്യമായി തങ്ങളുടെ മതം ആചരിക്കാനുള്ള വഴികൾ കണ്ടെത്താൻ അവർ നിർബന്ധിതരായി.
അത്തരം പ്രയാസകരമായ സാഹചര്യങ്ങളിൽ പോലും മോറിസ്കോസ് പതിറ്റാണ്ടുകളായി അവരുടെ വിശ്വാസങ്ങൾ നിലനിർത്തി. ഇസ്‌ലാമിന്റ ആചാരാനുഷ്ഠാനങ്ങളായ കൂട്ട പ്രാർത്ഥനകൾ, ദാനധർമ്മം, ഹജ്ജ്-ഉംറ തീർത്ഥാടനങ്ങൾ എന്നിവകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നുവെങ്കിലും രഹസ്യമായി അത്തരം അനുഷ്ഠാനങ്ങൾ തുടരാൻ അവർക്ക് കഴിഞ്ഞു.
അന്തിമ നടപടി
ഇസ്‌ലാമിക ആചാരങ്ങൾ മറച്ചുവെക്കാൻ മോറിസ്‌കോസുകൾ കിണഞ്ഞു പരിശ്രമിച്ചിട്ടുകൂടി, ക്രിസ്ത്യൻ രാജാക്കന്മാർ അവരെ സംശയിച്ചു തുടങ്ങി. 1609-ൽ, സ്പെയിനിലെ രാജാവ് ഫിലിപ്പ് എല്ലാ മോറിസ്കോസുകളെയും സ്പെയിനിൽ നിന്ന് പുറത്താക്കണമെന്ന രാജ ശാസനയിൽ ഒപ്പ് വെച്ചു. വടക്കേ ആഫ്രിക്കയിലേക്കോ ഓട്ടോമൻ സാമ്രാജ്യത്തിലേക്കോ കുടിയേറാൻ കല്പ്പിച്ചു. കല്പന പുറപ്പെടുവിച്ചതിനു ശേഷം കപ്പലുകൾ കയറാൻ അവർക്ക് 3 ദിവസം സമയം മാത്രമേ നൽകിയിട്ടുള്ളൂ.
ഈ ചുരുങ്ങിയ കാലാവധിക്കിടയിൽ ധാരാളം മുസ്ലിംകൾ മൃഗീയ പീഡനനങ്ങൾക്കിരയാവുകയും മുസ്‌ലിം കുട്ടികളെ ക്രിസ്ത്യനികളായി വളർത്താൻ വേണ്ടി തട്ടിക്കൊണ്ടുപോവുകയും ചെയ്തു. ചില മോറിസ്കോസുകൾ കപ്പൽ കയറാൻ പോകും വഴി കൊല്ലപ്പെടുകയുണ്ടായി. മാത്രമല്ല, കപ്പലിൽ എത്തിയിട്ടും പലരും ലൈംഗികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടു.
നാടുകടത്തപ്പെടുമ്പോഴും ഭാരിച്ച യാത്ര ചെലവ് മോറിസ്കോസ് വഹിക്കേണ്ടി വന്നു. കപ്പലിലെ നാവികന്മാർ മുസ്‌ലിംകളെ കൊള്ള അടിക്കുകയും ചിലപ്പോൾ കടലിലേക്ക് വലിച്ചെറിയുകയും ചെയ്തു. എങ്കിലും, അവർ നൂറു വർഷങ്ങൾക്ക് ശേഷം പരസ്യമായി പ്രാർത്ഥനകൾ നടത്തുകയും ബാങ്ക് വിളിക്കുകയും ചെയ്തു.
നൂറ്റാണ്ടുകളായി തങ്ങളുടെ പിതാമഹന്മാർ ജീവിച്ചു പോന്ന സ്‌പെയിനിലേക്ക് എങ്ങനെയെങ്കിലും തിരിച്ചു പോകണമെന്ന് എന്ന് പലരും കരുതി. കാരണം സ്‌പെയിൻ അല്ലാത്ത ഒരു സ്ഥലത്ത് ജീവിക്കുക എന്നത് അവർക്ക് അപ്രാപ്യമായിരുന്നു. അങ്ങനെ ചിലർ സ്‌പെയിനിലേക്ക് നുഴഞ്ഞു കയറ്റം ആരംഭിച്ചു. പക്ഷേ അത്തരം ശ്രമങ്ങൾ വിഫലമായിരുന്നു.
1614 ആയപ്പോഴേക്കും എല്ലാ മുസ്‌ലിംകളും നാടുകടത്തപ്പെടുകയും ഇസ്‌ലാം സ്‌പെയിനിൽ നിന്നും അപ്രത്യക്ഷമാവുകയും ചെയ്തു. വംശഹത്യ എന്ന് വിശേഷിപ്പിക്കാൻ കഴിയും വിധത്തിലുള്ള ഒരു നാടുകടത്തൽ ആയിരുന്നു അത്. ‘സ്വീകാര്യമായ വംശഹത്യ ‘(An agreeable genocide )എന്നാണ് ഈ പുറത്താക്കലിനെ കുറിച്ച് ഒരു പോർചുഗീസ് ഡൊമിനിക്കൻ സന്യാസി ആയ ‘ഡാമിയാൻ ഫോൻസെസ്ക ‘(Damian Fonseca)പറഞ്ഞത്. മോറിസ്കോസിന്റെ അഭാവം സ്പെയിനിന് പ്രതികൂലമായാണ് ബാധിച്ചത്. തൊഴിലാളി വർഗ്ഗത്തിലെ വലിയൊരു ഭാഗം ഇല്ലാതാകുകയും നികുതി വരുമാനം കുറയുകയും ചെയ്തതിനാൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വളരെയധികം തകർന്നു. വടക്കേ ആഫ്രിക്കയിൽ, മുസ്‌ലിം ഭരണാധികാരികൾ ലക്ഷക്കണക്കിന് അഭയാർഥികളെ സഹായിക്കാൻ ശ്രമിച്ചെങ്കിലും പല കാര്യങ്ങളിലും അവർക്ക് വേണ്ടി കൂടുതൽ ചെയ്യാനായില്ല. വടക്കേ ആഫ്രിക്കയിൽ സ്ഥിര താമാസമാക്കിയ മോറിസ്കോസ് നൂറ്റാണ്ടുകളായി സമൂഹത്തിനിടയിൽ ഇറങ്ങിചെന്ന് പ്രവർത്തിച്ചെങ്കിലും അവരുടെ അതുല്യമായ ആൻഡലൂസിയൻ സ്വത്വം നിലനിർത്തി പോന്നു.
ഇന്നും വടക്കേ ആഫ്രിക്കയിലെ പ്രധാന നഗരങ്ങളിലും സമീപസ്ഥലങ്ങളിലും ജീവിക്കുന്നവർ അവരുടെ മോറിസ്കോ ഐഡന്റിറ്റിയെക്കുറിച്ച് പ്രശംസിക്കുകയും മുസ്‌ലിം സ്‌പെയിനിന്റെ മഹത്തായ ഭൂതകാല ഓർമ്മകൾ നിലനിർത്തുകയും ചെയ്യുന്നു. ഐബീരിയൻ ഉപദ്വീപിലെ വിശിഷ്ട ചരിത്രത്തെക്കുറിച്ചും യൂറോപ്പ് കണ്ട ഏറ്റവും വലിയ വംശഹത്യകളിലൊന്നിൽ വീടുകളിൽ നിന്ന് പുറത്താക്കപ്പെട്ടത്തിന്റെ ദാരുണമായ കഥയെക്കുറിച്ചും അവർ നമ്മെ ഓർമ്മിപ്പിക്കുന്നു.

വിവർത്തനം : മുഹമ്മദ് സിനാൻ കോളയാട്
